തര്‍ജ്ജനി

വാര്‍ത്തകള്‍

ഗള്ഫ് ലൈഫ് മാഗസിന്‍ സാഹിത്യ അവാര്‍ഡുകള്‍

ഗള്‍ഫ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍ മാഗസില്‍ പ്രവാസി എഴുത്തുകാരുടെ കൃതികള്‍ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന്‌ പി.ജെ.ജെ.ആന്റണിയും (കഥ) കെ.പി.സലാമും (കവിത) തെരഞ്ഞെടുക്കപ്പെട്ടു. ആന്റണിയുടെ കഥാ സമാഹാരമായ ജീവിതത്തെക്കുറിച്ച്‌ ഒരുപന്യാസവും സലാമിന്റെ കവിതാസമാഹാരം ഉടുമ്പിന്റെ വീടുമാണ്‌ ബഹുമതിക്കര്‍ഹമായത്‌. ടി.എന്‍. പ്രകാശ്‌, പി.കെ.പാറക്കടവ്‌, പ്രൊഫ.ബി.മുഹമ്മദ്‌ അഹമ്മദ്‌ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്‌ ജേതാക്കളെ നിര്‍ണ്ണയിച്ചത്‌.

തെരഞ്ഞെടുക്കപ്പെട്ട കൃതികള്‍ ഗള്‍ഫ്‌ ലൈഫിന്റെ ചിലവില്‍ പ്രസിദ്ധീകരിച്ച്‌ കേരളത്തിലെ പ്രമുഖ പുസ്തകശാലകളിലൂടെ വിതരണം ചെയ്യുമെന്നും പകര്‍പ്പവകാശവും വില്‍പനയില്‍ നിന്നുള്ള വരുമാനവും എഴുത്തുകാരനു നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചെരാത് - സ്റ്റാര്‍ ചെറുകഥാ മത്സരം

റിയാദ്‌: ഗള്‍ഫിലെ പ്രമുഖ സാഹിത്യ സംഘടനയായ ചെരാത്‌ സാഹിത്യ സുഹൃദ്‌ വേദിയും, സ്‌റ്റാര്‍ പ്രിന്റിംഗ്‌ പ്രസ്സും സംയുക്തമായി നടത്തിയ ചെറുകഥാമത്സരത്തില്‍, ശ്രീകണ്‌ഠന്‍ കരിക്കകം വിജയിയായി. ശ്രീകണ്‌ഠന്റെ "ആരക്കാലുകളില്‍ തൂങ്ങിയാടി ചില കണ്ണാടിക്കാഴ്‌ചകള്‍" എന്ന കഥയ്‌ക്കാണ്‌ പതിനായിരത്തിയൊന്നു രൂപയും, ശില്‍പ്പവും, പ്രശംസപത്രവുമടങ്ങിയ ചെരാത്‌ സ്‌റ്റാര്‍ കഥാപുരസ്‌കാരം 2004.

പ്രശസ്ത പത്രപ്രവര്‍ത്തനും സാഹിത്യനിരൂപകനും കോളമിസ്‌റ്റുമായ എം.കെ. ഹരികുമാര്‍ ചെയര്‍മാനും ചിത്രകാരനും കഥാകൃത്തുമായ പൊന്ന്യം ചന്ദ്രന്‍, സിനിമ നിരൂപകനും കഥാകൃത്തുമായ എം.സി.രാജനാരായണന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ വിധിനിര്‍ണ്ണയം നടത്തിയത്‌. ലോകത്തിന്റെ പലഭാഗത്ത്‌ നിന്നായി മുന്നൂറോളം കഥകള്‍ മത്സരത്തിലേക്ക്‌ അയച്ചു കിട്ടിയിരുന്നു.

2003 മുതലാണ്‌ ചെരാത്‌ ലോക ചെറുകഥാമത്സരം നടത്തിത്തുടങ്ങിയത്‌. മാധ്യമം ദിനപത്രത്തില്‍ ആര്‍ട്ടിസ്‌റ്റായ എം.കുഞ്ഞാപ്പയ്‌ക്കായിരുന്നു ആദ്യമത്സരത്തില്‍ ഒന്നാം സമ്മാനം.

പുരസ്‌കാരത്തിന്‌ അര്‍ഹനായ ശ്രീകണ്‌ഠന്‍ കരിക്കകം തിരുവനന്തപുരം ബീച്ച്‌ സ്വദേശിയാണ്‌. സര്‍ക്കാര്‍ ജീവനക്കാരനാണ്‌. പ്രമുഖ സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുളള ശ്രീകണ്‌ഠന്‌ ബഷീര്‍ സ്‌മാരക കഥാപുരസ്‌കാരം, തകഴി സ്മാരക കഥാപുരസ്‌കാരം, കേരള സെക്രട്ടറിയേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സുരേന്ദ്രന്‍ സ്മാരക ചെറുകഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വേതാളം വല നെയ്യുന്നു, കടല്‍ ഹൃദയം എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രവാസ ലോകത്തെ സര്‍ഗ്ഗതത്‌പരരുടെയും വായനക്കാരുടെയും കൂട്ടായ്‌മയായ ചെരാത്‌ 'ഇല' എന്ന പേരില്‍ ഒരു ഇന്‍ലന്റ്‌ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ജേതാവിനുളള പുരസ്‌കാരദാനം ആഗസ്‌റ്റ്‌ മാസത്തില്‍ നടത്തും.
(മാധ്യമ വിഭാഗം കണ്‍വീനര്‍, ചെരാത്‌ സാഹിത്യ സുഹൃത്‌ വേദി)