തര്‍ജ്ജനി

ആഘോഷിക്കപ്പെടാത്ത ലീലകള്‍

ആഘോഷിക്കപ്പെടാത്ത കഥകളാണ്‌ വി.ജി.മുരളീകൃഷ്ണന്റേത്‌. അത്‌, ആ കഥകളുടെയും പ്രകൃതമാണ്‌. കാരണം, ഈ കഥാകൃത്ത്‌ കഥയില്‍ ഒന്നിനെയും ആഘോഷിക്കുന്നില്ല. കഥ എന്ന മാധ്യമത്തെപ്പോലും. കഥയെഴുത്ത്‌ പുതിയ വിതാനങ്ങള്‍ തേടുന്ന ഇക്കാലത്ത്‌ ഇതൊരു സാര്‍ത്ഥകമായ നിലപാടാണ്‌.

ഒന്നാമത്‌, സമ്പന്നമായ ഒരാധുനികതയ്ക്കുശേഷം നമ്മുടെ കഥാലോകം പൊടുന്നനെ അവ്യവസ്ഥിതമായ ഒരു പ്രശ്നമേഖലയായി. സമീപഭൂതകാലത്തിന്റെ പോലും മാറാപ്പു ചുമക്കാന്‍ മനസ്സില്ലാത്ത പുതിയ എഴുത്തുകാര്‍, ജീവിതത്തെ തങ്ങള്‍ക്കു മാത്രം തോന്നിയ വിധത്തില്‍ നോക്കിക്കാണുന്നു. അംഗീകൃതതോന്നലുകളും ചരിത്രദശങ്ങളുമല്ലാത്തൊരു 'തോന്ന്യാസ'മാണിത്‌. അതിന്റെ നിര്‍മ്മിതിയില്‍ ഉദാസീനത തൊട്ട്‌ ഉപരിപ്ലവത വരെയുണ്ട്‌. ജീവിതത്തെ ആധുനികതയുടെ ഗൂഢാക്ഷരികളില്‍ നിന്ന്‌ ബാധയൊഴിപ്പിക്കുന്ന ഒരു പകല്‍കൂടോത്രം. ഇതൊരു ചരിത്രപരമായ അപനിര്‍മ്മിതിയാണ്‌. കാരണം, നാമിപ്പോള്‍ ജീവിക്കുന്നത്‌ ആന്തരിക ഗാഢതയുള്ളൊരു സമൂഹകാലത്തിലല്ല. സ്വതന്ത്രവ്യക്തിത്വം എന്നൊരു സങ്കല്‍പനത്തെ ചുഴറ്റിയടിച്ച്‌, അന്യവല്‍ക്കരണത്തിനു പോലും ഇടമനുവദിക്കാത്ത കൃത്രിമമായൊരു ഭീമന്‍ കൂട്ടായ്മയുടെ നിയന്ത്രണത്തിലാണു മനുഷ്യന്‍.വിപണിയും അതിന്റെ സംസ്കാരവും മനുഷ്യവിനിമയത്തെ ഒട്ടൊരു ഏകാധിപത്യത്തോടെ നിര്‍ണയിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തെക്കുറിച്ച്‌ വൈയക്തികമായ നിലപാടുകള്‍ക്ക്‌ നിരപേക്ഷമായി നിലകൊള്ളാന്‍ നിവൃത്തിയില്ല. (അങ്ങനെയുള്ളവര്‍ ഇല്ലെന്നല്ല, അവര്‍ പക്ഷേ അതിവേഗം മൌനികളാക്കപ്പെടുന്നു.) മറ്റൊന്ന്‌ ഹെര്‍ബര്‍ട്ട്‌ മാര്‍ക്കൂസ്‌ പറഞ്ഞപോലെ മനുഷ്യന്‍ വണ്‍ ഡയമെന്‍ഷനലായിപ്പോകുന്നു. ഇത്തരമൊരു കാലസന്ധി കല്‍പിക്കുന്ന നേര്‍ക്കുനേര്‍നോട്ടമാണ്‌ പുതിയ കഥയെഴുത്തിന്റെ പ്രകൃതി.

Rasikan Sodanai

ഇതൊരു പ്രതിഷേധം കൂടിയാണ്‌. അതിവിപുലമാക്കപ്പെട്ടൊരു കൂട്ടായ്മയുടെ വിചാരരീതികളാല്‍ തളയ്ക്കപ്പെട്ട മനുഷ്യവ്യക്തിത്വത്തിന്റെ അബോധപൂര്‍വ്വമായ പ്രകടനം. പുതിയ എഴുത്തിനെ അതിന്റെ വിപണിനിയന്ത്രിതദര്‍ശനത്തില്‍ മാത്രം ഒതുക്കിക്കെട്ടുകയും അത്തരമൊരു നിയന്ത്രണത്തിന്റെ സ്വാഭാവികഫലമായ ഉപരിപ്ലവതയെ പഴിക്കുകയും ചെയ്യുന്നവര്‍ വാസ്തവത്തില്‍ വീണുപോകുന്നത്‌ മറ്റൊരു ഉപരിപ്ലവതയിലാണ്‌. കാരണം, കാമ്പുള്ള പുതിയ എഴുത്തുകാര്‍ സമൂഹത്തിന്റെ മേല്‍പറഞ്ഞ വന്‍കൂട്ടായ്മയെ നിരാകരിച്ചുകൊണ്ട്‌ സ്വകീയമായ ഒരു വേറിടല്‍ നടത്തുന്ന കാര്യം വേണ്ടവിധത്തില്‍കാണാതെ പോകുന്നു. ആ നിരാകരണത്തിനും വേറിടലിനുമുള്ള ഉപാധികളിലൊന്നാണ്‌ അവരുടെ മുന്‍പില്‍ നോട്ടമില്ലാത്ത എഴുത്ത്‌. തേനിനെ തേന്‍കൊണ്ടും വിഷത്തെ വിഷം കൊണ്ടും നേരിടുന്ന അവരുടെ മുറ.

നേരാണ്‌, പുതിയവരില്‍ പലരും ഇക്കഥ പോലുമറിയാതെയാണ്‌ എഴുതുന്നത്‌. പലരുടെയും കാഴ്ച, കാഴ്ച പോലുമല്ലാതാവുകയും ചെയ്യുന്നുണ്ട്‌. അതുപക്ഷേ സാഹിത്യചരിത്രത്തിന്റെ എല്ലാ കാലയളവിലുമുണ്ടായിട്ടുള്ള ജീര്‍ണ്ണതകളിലൊന്നാണ്‌. ഏതുകാലമാണ്‌ മുക്കാലെഴുത്തും കാലെഴുത്തും കപടയെഴുത്തും ഇല്ലാത്തതായി.

മുരളീകൃഷ്ണന്റെ കഥകള്‍ ഈ പശ്ചാത്തലത്തിലാണ്‌ വ്യത്യസ്തങ്ങളാകുന്നത്‌. ആഴത്തെ ഒരു പരിഹാസച്ചിരിയോടെ നിരാകരിക്കുമ്പോഴും ഈ കഥകള്‍ തനതായ ഒരാഴം കൈവരിക്കുന്നുണ്ട്‌. അത്‌, ജീവിതത്തെയും ചുറ്റുപാടുകളെയും കുറിച്ച കഥാകാരന്റെ നോട്ടത്തിന്റെ പ്രത്യേകത മൂലമാണ്‌.

ഈ പുസ്തകത്തിലുള്ള മിക്ക കഥകളും, മരണമടക്കമുള്ള മനുഷ്യവ്യവസ്ഥകളെപ്പറ്റിയുള്ള വിചാരശീലങ്ങളുടെ ഉപരിപ്ലവത വരച്ചിടുന്നവയാണ്‌. അതേസമയം, ഈ പ്രവ്യത്തി ഉപരിപ്ലവമാകുന്നുമില്ല. ആധുനികതയില്‍ നിന്നുള്ള വഴിമാറല്‍ എല്ലാകഥകളിലുമില്ല. ആയുര്‍രേഖ, സാല്‍മനൊല്ലയുടെ സഹയാത്രിക എന്നിവ അതിന്റെ തെളിവാണ്‌ അവ പക്ഷേ ഈ കഥാകൃത്തിന്റെ ആദ്യകാല കഥാശ്രമങ്ങളാണന്നു തിരിച്ചറിയണം പിന്നീടാണ്‌ മുരളീകൃഷ്ണന്‍ തന്റെ കഥാവഴി തിരിച്ചറിഞ്ഞുതുടങ്ങിയതെന്നുതോന്നുന്നു. അത്രയ്ക്കും പ്രകടമാണ്‌ കാഴ്ചയിലും ആഖ്യാനത്തിലുമുള്ള മാറ്റം.

'ശുഷ്ട്ജനഗി'ലെ രാമകൃഷ്ണന്‍ ഈ കാലത്തിന്റെ പ്രതിനിധിയാണ്‌. കൂട്ടത്തിലൊരുവനാകാന്‍ ശ്രമിക്കുന്ന ഒരുവന്‍. പക്ഷേ ആ കൂട്ടത്തില്‍ക്കയറ്റം വിചാരിക്കുന്നപോലത്ര എളുപ്പമല്ല. കൂട്ടുകാര്‍ കേട്ടാല്‍ ചിരിക്കുന്ന തമാശകള്‍ പറയാനറിയണം. പുതിയ കലാശീലങ്ങളുടെ 'വൊക്കാബുലറി' വേണം കളിയാക്കിയാല്‍ മറുത്തുപറയാനറിയണം. കുറഞ്ഞപക്ഷം 'ക്ലിന്റി'നെപ്പോലെ പുതിയ തെറികള്‍ ഉല്‍പാദിപ്പിക്കാനെങ്കിലും അറിയണം. പക്ഷേ "മനസും മസ്തിഷ്കവും സ്ഥിരമായി ബലാല്‍സംഗത്തിനു വിധേയമാക്കുന്ന മേലുദ്യോഗസ്ഥനു മുന്നില്‍പ്പൊലും ഊമയായിപ്പോകുന്ന രാമകൃഷ്ണന്‌, രാമകൃഷ്ണനാകാന്‍ കഴിയുന്നതേയില്ല, വ്യവസ്ഥാപിത അര്‍ത്ഥശീലങ്ങളിലേക്കു വഴുതാന്‍ സാദ്ധ്യതയുള്ള രാമകൃഷ്ണന്റെ "ഭ്രാന്തി"നെ കഥാകാരന്‍ പുതിയകാലത്തിന്റെ 'സമനില'യില്‍ത്തന്നെ വരയ്ക്കുന്നു. ആ സമതലത്തില്‍ ക്ലിന്റും പസ്പിയും ബാലിയും അവിവേകിയും മാത്രമല്ല എം.ടി.വിയും ഡാബറോളും മുലയും പാവാടയും തലത്‌ മഹ്മൂദും തൊട്ട്‌ കുടിലിലെ പങ്കിത്തള്ളവരെയുണ്ട്‌. ആധുനികോത്തരമായകാഴ്ചയുടെ സത്വരപരിധി ചുരുങ്ങിപ്പോകാത്ത ഒരുള്‍പ്പെടുത്തലാണിത്‌. ഇക്കാല ജീവിതം, വ്യക്തിയെ വരിഞ്ഞുകെട്ടുന്ന കൂട്ടായ്മയുടെ ചടുലമായ ചിത്രീകരണം.

പുച്ഛവും പരിഹാസവും അലസഭാവവുമൊക്കെ ചേര്‍ന്ന ആയാരഹിതമായ ഒരുചിരിയാണ്‌ പല കഥകളിലുമെന്ന്‌ തോന്നാം. ആധുനികോത്തര കഥകള്‍ പലതും അതേ ഭാഷയില്‍ പറഞ്ഞാല്‍ ചീറ്റിപ്പോവുന്നതും ഈ ബിന്ദുവിലാണ്‌. മുരളീകൃഷ്ണന്‍ വ്യത്യസ്തനാവുന്നതും ഇവിടെത്തന്നെ. കഥകളിലെ ചിരിയില്‍ ലീനമായ ഒരു പിടച്ചിലുണ്ട്‌. അതു നമ്മുടെ നിസ്സഹായതയുടെയും നാട്യങ്ങളുണ്ടാക്കിയ നിരര്‍ത്ഥകതയുടെയും തിരിച്ചറിവില്‍നിന്നു ജനിക്കുന്ന ഒരു സ്വഭാവികതയാണ്‌. ഈ പുസ്തകത്തിലെ കഥകളില്‍ ആവര്‍ത്തിച്ചു കാണാം അതിന്റെ തിരയടി.

"ഒരു പുക, ഒരു പരസ്യം, രണ്ടു മോഡലുകള്‍" എന്ന കഥയില്‍ ചെസ്തോവലിക്കെതിരെ ഉപദേശിയാകുന്ന സുഹൃത്ത്‌ തിരക്കുന്നു.

"എടാ............. എന്തിന്‌ നീ സ്വയം നശിക്കുന്നു?"
മറുപടി: ആരാണ്‌ ഞാന്‍?
"നീ ഈ കാണുന്ന ആറടിക്കാരന്‍...... നിന്നെ നശിപ്പിക്കാന്‍ നിനക്ക്‌ അവകാശമില്ല"
- ആരാണ്‌ ഈ നീ?
"നീ തന്നെ, നിന്റെ ആത്മാവ്‌ നിന്റെ ശരീരം"
- ഇതില്‍ ആരാണ്‌ ഞാന്‍?
"അങ്ങനെ ചോദിച്ചാല്‍ തല്‍ക്കാലം ഇതുരണ്ടുമാണ്‌. ശരീരമില്ലെങ്കില്‍ എന്ത്‌ ആത്മാവ്‌?"
- എനിക്ക്‌ ഒരാളായാല്‍ മതി.

ഞാനാരാണ്‌?
"ശരീരമില്ലെങ്കിലും ആത്മാവുണ്ട്‌. മഹാത്മാക്കള്‍ പറയുന്നത്‌ ശരിയെങ്കില്‍,
നീയെന്നാല്‍ നിന്റെ ആത്മാവ്‌ എന്നര്‍ത്ഥം"
- ശരി. ഞാന്‍ അംഗീകരിക്കുന്നു. പറയൂ..........കേള്‍ക്കട്ടെ
"ആശ്വാസം.... നിന്റെ ആത്മാവ്‌ നിന്റെ ശരീരത്തിലൂടെ എല്ലാം കാണുന്നൂ. മനസ്സിലായോ?
- അല്ലെങ്കില്‍ കാണില്ലേ?
"അതറിയില്ല. തല്‍ക്കാലം ഇങ്ങനെയേ കാണൂ"
- കണ്ടതുകൊണ്ട്‌ മാത്രം എന്തു പ്രയോജനം?
"കാണാം, അത്രതന്നെ"
- കണ്ടില്ലെങ്കിലോ?
"കണ്ടില്ല അത്രതന്നെ"
- ഒരു 'ചെസ്റ്റോ' പുക തരൂ. ഞാനൊന്നാലോചിക്കട്ടെ.....
"നീ ചാകും"
- ആരാണ്‌ ഇപ്പോള്‍ പറഞ്ഞ നീ?
"നീ.... നീ..... നീ...........
- ആര്‌ എന്റെ ആത്മാവോ?
"അല്ല, നീ.......... നീ............"

യുക്തിയുടെ അയുക്തിയെ നേരിടുന്ന രീതിയാണിത്‌. അതില്‍ മൌനങ്ങളും ഗൂഢതകളുമില്ല ധൂസരപ്രയോഗങ്ങളെയും അവ ഉപയോഗിച്ചുള്ള നന്മയില്‍ ഗോപാലന്‍ ചമയലിന്റെയും മൂഖമടച്ച്‌ അടിക്കുന്ന ഈ മട്ടും നമ്മുടെ കാലത്തിന്റെ ഒരു തനതുപ്രകൃതമാണ്‌. അതുതന്നെ പുതിയ നോട്ടത്തിന്റെ മുദ്രയായിത്തീരുന്നു. താവഴിതലയിലേറ്റിവച്ച വിശുദ്ധഭാരങ്ങളുടെ നേര്‍ക്കുള്ള കാറിച്ചിരി. "ചെസ്റ്റോപുക"യില്‍ ജീവിതം അഴിഞ്ഞുപോവുകയല്ല; നിറഞ്ഞുനില്‍ക്കുകയാണ്‌- അതിന്റെ സര്‍വ്വസ്വത്തോടെ.

കഥ എന്ന മാധ്യമത്തെത്തന്നെ കൊഞ്ഞണം കുത്തുന്ന കഥയാണ്‌ "കാഥികന്റെ പണിപ്പുര"

'.............ഒളിച്ചുവലിക്കാന്‍ ഒരു
സിഗരറ്റുമായി....
ഒരിഡ്ഡലിപ്പൊതിയുമായി.....
കനമുള്ളൊരുതലയുമായി....
ഒരുതലയിണയുമായി....' കൊച്ചിക്കു തീവണ്ടി കയറുന്ന കാഥികന്‍ അയാള്‍ ആ കൊച്ചുയാത്രയില്‍ കാണുന്ന കഥകള്‍. അവയില്‍ നിന്നൊരെണ്ണം പടച്ചുണ്ടാക്കി പത്രാധിപര്‍ക്കു കൊടുത്ത്‌ കാശ്‌ തികയ്ക്കാനുള്ള ശ്രമം. അതു നമുക്കു മുന്നിലൂടെ പൊളിഞ്ഞു പോകുമ്പോള്‍ ഈ കഥയുണ്ടായി. കളിമട്ടിലൂടെ കാലത്തെയും അതിനു കല്‍പിക്കപ്പെട്ടിട്ടുള്ള ഘനഭാവങ്ങളെയും ഉടുത്തുകെട്ടുകളെയും പൊട്ടിച്ചുകളയുന്ന ലീലായാണിതില്‍. കഥാമാധ്യമത്തിന്റ വ്യവസ്ഥാപിതമട്ടുകളെ അതിനുപയോഗപ്പെടുത്തുന്നു. പലപ്പോഴും കെയര്‍ഫുള്‍ കെയര്‍ലെസ്നസിലൂടെ കഥനമെന്ന നാട്യം നിരാകരിക്കപ്പെടുന്നു.

"ട്ടക......ട്ടക.....ട്ടുകു......ട്ടുകു........എന്നിങ്ങനെ പട്ടരിയില്‍ താളമടിച്ചു നീങ്ങുന്ന പരശുരാമതീവണ്ടി" യില്‍ നമ്മള്‍ കണ്ടുമുട്ടുന്നത്‌ കഥാപാത്രങ്ങളെയല്ല;സമകാലികജീവിതത്തിന്റെ ഒട്ടുകം പിടിച്ച കെട്ടുകാഴ്ചകളെയാണ്‌.
"കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷുകദാചനഃ"

"കര്‍മ്മം ചെയ്യാന്‍ പറ്റാതെവന്നാല്‍ പെറ്റതള്ളയെ(മാ) ഓര്‍ത്തുകൊണ്ട്‌ കഥയെഴുതുക; പ്രസിദ്ധപ്പെടുത്തുക."

-കഥാകൃത്ത്‌ കഥയെഴുത്തിനെക്കൂടി ദിവ്യപശുവായി കാണുന്നില്ല. തീവണ്ടിപ്പാളംപോലെ രേഖീയമായി നീളുന്ന കാഴ്ചയില്‍ കാലത്തിനുമുന്നില്‍ കഥ സ്വയമൊരു നമ്പ്യാര്‍ ചിരിയാകുന്നു.

"വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ മഹാകാഥികനാകുമ്പോള്‍ 'ജീവിതം എന്നെ എന്തുപഠിപ്പിച്ചു' എന്ന്‌ ചില മാസികകള്‍ തിരക്കും. അന്നു പറയാന്‍ കൊള്ളാം ജീവിതത്തെ മരണമായി കണ്ടാല്‍ ജീവിക്കാനെളുപ്പം. മരണത്തെ ജീവിതമായി കണ്ടാല്‍ മരിക്കാനെളുപ്പം. ഒത്താല്‍ മൂക്കത്തു വിരല്‍ വച്ചിരിക്കുന്ന ചിത്രവും മൂവായിരം ഉലുവയും തരപ്പെടുത്താം".

പത്രാധിപത്യം, സാംസ്കാരികനായകത്വം തുടങ്ങി നമ്മുടെ ജീവിത്തിലെ സ്ഥിരം കഥയില്ലായ്മകളും ഈ "കഥാചന"ത്തിലൂടെ ഇറങ്ങിവരുകയാണ്‌. ആത്മാവില്ലാത്ത ഈ കാലത്തിന്റെ ശരീരം പുതയ്ക്കുന്ന ഉടുപ്പുകള്‍.

'ശുഷ്ട്നഗറി'ല്‍ പറയുമ്പോലെ 'തകരുന്ന മാനുഷികമൂല്യങ്ങള്‍' എന്ന വിഷയത്തെപ്പറ്റി ഒരു സെമിനാറില്‍ രാമകൃഷ്ണന്‍ എന്ന പെരുങ്കള്ളന്‍ പങ്കെടുക്കുന്നു. രസികന്‍സോദനൈ, ഓര്‍മ്മയുടെ മഞ്ഞച്ചേര, തിമിരാപഹാരം, ഓര്‍മ്മയ്ക്കായി എന്നീ കഥകള്‍ നമ്മുടെ ഇത്തരം പെരുങ്കള്ളങ്ങള്‍ക്കു നേരെപിടിച്ച കണ്ണാടിയാണ്‌. 'ഓര്‍മ്മയ്ക്കായി'ല്‍ പക്ഷേ കഥാകൃത്ത്‌ പതിവിനു വിപരീതമായി, വികാരംകൊണ്ടുപോകുന്ന സന്ദര്‍ഭങ്ങളുണ്ട്‌. കാലത്തിന്റെ കുടമാറ്റത്തിനിടയ്ക്ക്‌ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ മറച്ചുവയ്ക്കണമെങ്കില്‍ നാം പെരുങ്കള്ളന്മാരാകേണ്ടിവരുമല്ലോ.

അതെന്തായാലും, ഒരുകഥ ഇക്കൂട്ടത്തില്‍ത്തന്നെ വേറിട്ടു നില്‍ക്കുന്നുണ്ട്‌-കട്ടബൊമ്മന്‍. വിശാലമായി പരന്നുകഴിഞ്ഞ പുതിയ ജീവിതസാഹചര്യത്തിന്റെ അവസ്ഥാശകലങ്ങളെ ഒരൊറ്റ കഥയുടെ പരിധിയില്‍ ഋജുവായും മുഴപ്പില്ലാതെയും സന്നിവേശിപ്പിക്കുന്നത്‌ ഇവിടെ കാണാം. നിസ്സാരതയുടെ ശാന്തികള്‍ക്കിടയിലൂടെ, അതേ നിസ്സാരതകളില്‍ ചിലത്‌ അരക്ഷിതത്വമുണ്ടാക്കുമ്പോള്‍ മനുഷ്യനു സംഭവിക്കുന്നതെന്താവാം? എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടവന്റെ അവസ്ഥ. നമ്മുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോകുന്ന 'എലി'കളെയും അവയെനേരിടാന്‍ സ്വരുക്കൂട്ടിയ വ്യവസ്ഥാപിത ഉപായങ്ങളെയും(അതില്‍ ഗാന്ധി തൊട്ട്‌ ഗുപ്തന്‍നായര്‍ വരെയുണ്ട്‌ ) ഒട്ടൊരു നിര്‍മ്മമതയോടെ വരച്ചിടുന്ന ലീല. കട്ടബൊമ്മന്‍ എന്ന 'ആതംഗവാദി' നമ്മുടെയെല്ലാം ജീവചരിത്രത്തിന്റെ ഇതളുകളിലുണ്ട്‌.

ഇവ്വിധം മുരളീകൃഷ്ണന്റെ കഥകള്‍ ആഘോഷിക്കപ്പെടാത്ത ലീലകളുടെ ആഘോഷമാവുകയാണ്‌. ദ്വാപരത്തില്‍ ലീല, ഒരു കൃഷ്ണായുധമായിരുന്നു. കലിയിലും അതിന്‌ തേയ്മാനം സംഭവിക്കുന്നില്ല. നമ്മുടെ കാലത്തിന്റെ കലിപരതയ്ക്കു ചേര്‍ന്ന ഉപായം.

"അടിച്ചു ജനക്പുരിയായോ?" എന്നു കാലം
കാലം തലയ്ക്കടിക്കാതെതന്നെ ജനക്പുരിയാകാമെന്നു കഥ.

വിജു വി. നായര്‍

Click Here To Buy This Book From Rainbow Publishers

ചിന്ത.കോം വായനക്കാര്‍ക്ക് റെയിന്‍ബോ ബുക്ക്സ് വിലയുടെ 10% ഡിസ്കൌണ്ട് നല്‍കുന്നതാണ്‌. ഈ പുസ്തകം വാങ്ങുവാന്‍‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കേരളത്തിനുള്ളില്‍ മാത്രമേ ഡിസ്കൌണ്ട് ലഭിക്കുകയുള്ളൂ എന്ന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Click here to buy രസികന്‍ സോദനൈ from Rainbow Books Online Store