തര്‍ജ്ജനി

ചൂരല്‍വടി ചാത്തം

വിഖ്യാത മരണങ്ങളെ ഓര്‍ക്കേണ്ടതിന്‌ ചില ചിട്ടവട്ടങ്ങളെല്ലാം ഉണ്ടെന്ന് സാംസ്ക്കാരികമായ ചില ഡംഭ്‌ പറച്ചിലെല്ലാമുണ്ട്‌. നല്ലതെ പറയാവൂ എന്നു പറഞ്ഞാല്‍, മരിച്ചയാള്‍ നല്ലതു മാത്രമെ ചെയ്തിട്ടുള്ളു എന്നാവില്ല; വായിക്കുന്നവര്‍ ഏവരും നന്നായേ പറ്റൂ എന്നാണ്‌. നന്നാവുക എന്നാല്‍, അങ്ങിനെ, അനിഷേധ്യമായ ഒരു ചൂരല്‍ വടിയുടെ ഓര്‍മ്മയുമാകും.

ആ ചൂരല്‍വടിയെ മറുത്തുകൊണ്ട്‌ സക്കറിയ, ഒ.വി.വിജയന്‍ മരിച്ചതിന്റെ 'തലേന്നേ' ചിലതെല്ലാം എഴുതിക്കൂട്ടി. രാമചന്ദ്രന്‍ എന്നൊരു ജേര്‍ണലിസ്റ്റ്‌ അതിനെ അസാമാന്യമായ വിധത്തില്‍ ആക്രമിച്ചും എഴുതി, 'തല്‍ത്തലേന്നേ'. അവരുടെ പയ്യാരം എന്തായാലും, നമുക്കിടയിലെ അലിഖിത നിയമം പണ്ടേപ്പോലെ ഫലിച്ചുകൊണ്ടേയിരിക്കുന്നു എന്നു കാണിച്ചു തരുന്നു:
മരിച്ചുപോയവരെ കുറിച്ച്‌ നല്ലതെ പറയാവൂ. ശ്ശെടാ, 'മാര്‍ക്‌ ആന്തണി' മലയാളിയായിപ്പോയി!

ആകയാല്‍, ആ ചൂരല്‍വടി ഇപ്പോഴും ചുമരില്‍ വിശ്രമിക്കുന്നതു കണ്ട്‌ വിവശപ്പെട്ടു കൊണ്ടുതന്നെ ഞാനും ഒന്നു മറുത്തുപറഞ്ഞു നോക്കിയാലോ?

നായനാരുടെ ഒന്നാം ചരമ വാര്‍ഷികമാണ്‌ സന്ദര്‍ഭം.

നായനാര്‍ ഒരു കമ്യൂണിസ്റ്റായിരുന്നു എന്നു പറയുന്നതിലെ പ്രത്യയശാസ്ത്ര-ച്ചിരി ചില്ലറയല്ല. നായനാരുടെ പെഴ്സോണയും (persona) തമാശിക്കലും കൊച്ചാക്കലും സ്പാര്‍ട്ടന്‍ (spartan) ആര്‍ഭാടവും അതിനെ ആദ്യമെ വൃത്തിയായി കാണിച്ചു തന്നിട്ടുണ്ട്‌.

ഒരിക്കല്‍ കുവെയ്ത്തില്‍ വന്നപ്പോള്‍ കക്ഷി സുഭിക്ഷമായി മലയാളി നേഴ്സുമാരെ ക്ഷീണിപ്പിക്കുകയുണ്ടായി. മലയാളിയുടെ സ്ഥിരം പുലയാട്ട്‌ തമാശ -- പക്ഷെ നിഷ്ക്കളങ്കമായി. പ്രധാനമായും അവരെപ്പോലുള്ളവരുടെ കാശ്‌ വരുത്തിച്ചതായിരുന്നു അദ്ദേഹത്തെ. ആദ്യമായി, ഒരു നായനാര്‍ പുലയാട്ടിനെ തമാശിക്കാന്‍ സാധിക്കാത്ത മലയാളി-ഇനത്തെ കണ്ട്‌ കോരിത്തരിച്ചു, ഞാനന്ന്. ദ ഗയ്‌ വാസ്‌ അണ്‍കണ്‍ട്രോളബ്‌ള്‍. അദ്ദേഹം ഇടിച്ചു-കയറി തമാശിച്ചു കൊണ്ടേയിരുന്നു. പുരപ്പുറം കയറി തൂക്കുവോളം തമാശിപ്പ്‌. കണ്ണൂര്‍ ഫാസ്റ്റിലായിരിക്കണം കക്ഷി. വോട്ട്‌ ഇവിടെ നിന്ന് സ്വരൂപിക്കുന്നു എന്ന ഔദ്ധത്യത്തില്‍ നിന്നൊരു മെഷീന്‍-ഗണ്‍ മുറ. ഇത്രയും ഫസ്റ്റ്‌ ക്ലാസ്സ്‌ വിടുവായ ഞാന്‍ കണ്ടിട്ടേയില്ല. മദ്ധ്യതിരുവിതാംകൂര്‍ സദസ്യരെല്ലാം അമ്പേ വിവശരായി. കണ്ണൂരന്മാരില്‍ പലരും ഹോട്ടല്‍ - ബേക്കറി തുടങ്ങിയതോതിലുള്ള പണിക്കാര്‍. അവര്‍ക്ക്‌ ധ്വജകീര്‍ത്തി വരുത്തുവാനോ ഈ വസ്കോ-ഡി-ഗാമയുടെ എഴുന്നെള്ളത്ത്‌? ഞാനമ്പരന്നു. കാരണം, അദ്ദേഹത്തെ പൊക്കിയെഴുന്നള്ളിക്കുവാന്‍ കാരണമായിത്തീര്‍ന്ന ഫണ്ടിങ്ങിലേക്ക്‌ മോശമല്ലാത്തൊരു കോണ്‍ട്രിബ്യൂഷന്‍ ഈ അപമാനിതരായ നേഴ്സ്‌ കമ്യൂണിറ്റിയും നിറവേറ്റിയിട്ടുണ്ട്‌. പക്ഷെ ഫലം നോക്കുക: ഔച്ച്‌! ഹോളി ഫ്യൂഡല്‍ പൊളിറ്റിക്കല്‍ ഷിറ്റ്‌.

ചെവി ചുകന്നു നിന്ന ഒരു സുഹൃത്തിനോട്‌, ഒരു സംഘാടകനോട്‌, സ്റ്റേജില്‍ കയറി ചാക്യാരുടെ ചെകിടത്തടിക്കാന്‍ ഡാഷ്‌-ഡാഷ്‌ കാണുമോ എന്ന് ഞാന്‍ കാതരമായി തിരക്കി. ഒറീസ്സയില്‍ ക്ഷണിച്ചു നടത്തിച്ച ഉദാഹരണമുണ്ടെന്ന് ഞാന്‍ അയാളെ ഓര്‍മിപ്പിക്കാതെയല്ല. എന്നിട്ടും, അവനെന്നെ ചരിത്രപരമായ മൌഢ്യത്തോടെയും മലയാളിയുവതയുടെ ലിംഗഹത്യയോടെയും നിറന്ന നിറവോടെ നേരിട്ടു. പുച്ഛിച്ചൊരു ചിരി. നിനക്ക്‌ വയ്യെങ്കില്‍ എന്നോട്‌?

നാട്ടുകാരെ പേടിച്ച്‌ പുഴയില്‍ ചാടിയ 'ബ്രിട്ടീഷ്‌ ചാരനായ' ഒരു പോലീസുകാരനെ മുങ്ങിച്ചാവാന്‍ വിട്ട 'മര്‍ദ്ദിത'രുടെ രാഷ്ട്രീയ-മിച്ച മൂല്യത്താല്‍ നേതാവായിപ്പോയ ഒരാളായിരുന്നു നായനാര്‍ എന്നാണെനിക്ക്‌ എന്നും തോന്നുക. ക്രാന്തദര്‍ശനത്തോടെയൊരു മുതലാളിത്ത നിക്ഷേപം.

കാരണം എകെജിയുടെയോ ഈയെമ്മെസ്സിന്റേയോ ജെനുസ്സില്‍ പെടുത്താവുന്നതല്ല നായനാരുടെ നിക്ഷേപം. വെള്ളംകുടിച്ച്‌, കൈകാലിട്ടുതല്ലി, ചത്തുകൊണ്ടിരുന്ന ഒരുത്തനെ--ദുഷ്ടതയുടെ ഏജന്റുതന്നെയാവട്ടെ-ജയ്‌ വിളിച്ച്‌ മരണത്തിലേക്ക്‌ ആര്‍ഭാടത്തോടെനയിച്ച പ്രാകൃത മനുഷ്യതയുടെ ഫ്യൂഡല്‍ ബാക്കി. പരിതപിച്ചിട്ടില്ല ഇഷ്ടാ, കക്ഷിയൊരിക്കലും.

അതൊന്നും അറിയാതെപോയതല്ല മലയാളി സാധാരണര്‍, സാധാരണ കമ്യൂണിസ്റ്റുകള്‍, വോട്ടു ബാങ്കികള്‍. അറിഞ്ഞുപോയത്‌, ഫാദര്‍-ഫിക്സേഷനെ സംബന്ധിക്കുന്ന രാഗവായ്പാണ്‌.
അച്ഛനുണ്ടാവുന്നെങ്കില്‍ നായനാരെ പോലെയാവണം എന്നാണതിന്റെ പാഠം. തമാശ പറയണം, ഗൌരവം വേണം, പോര ഫിഗറും കൂടി യോജിച്ചു വരണം. കരിസ്മ എന്ന് നാം രാഷ്ട്രീയത്തിലും സിനിമയിലും വിളിപ്പേരിട്ടു കൊഞ്ചിക്കുന്ന അത്യന്താപേക്ഷിതമായ ആ ഫാക്ടര്‍.

നമുക്ക്‌ അത്രയും പെരുമയുള്ള ഫാദര്‍ ഫിഗര്‍ അധികമൊന്നും ഉണ്ടായിട്ടില്ല. സാമുദായിക ക്ഷീണമൂര്‍ഖതയില്‍ മന്നത്ത്‌ പത്മനാഭന്‍ അങ്ങിനെയൊന്നായി അടയാളപ്പെടും. സാഹിത്യത്തില്‍, സി.വി രാമന്‍ പിള്ളയും വൈക്കം മുഹമ്മദു ബഷീറും അങ്ങിനെയായിട്ടുണ്ട്‌. കലാഭവന്‍ അച്ചനെയും ആ റോള്‍ വിനയാന്വിതമായി ഏല്‍പ്പിച്ചിട്ടുണ്ട്‌. ചങ്ങമ്പുഴയും വയലാറും നമ്മുടെ ആണാനകളുടെ അനുസ്യൂതമായി ഉരലിടിയില്‍ സര്‍വ്വമോഹനം. ഈയെമ്മെസ്‌ ഈയുള്ളതൊന്നുമാവാന്‍ നിന്നുകൊടുത്തില്ല. (സല്യൂട്ട്‌ യൂ സര്‍) ശങ്കരവഴിയിലെ പ്രതിരൂപത്തിലേ അദ്ദേഹം കമ്പിച്ചുള്ളൂ. അച്യുതമേനോന്‍ സത്യസന്ധതയുടെ നിതാന്ത ശ്മശാനം കാവല്‍ക്കാരനെ ഓര്‍മ്മിപ്പിച്ചു കടന്നുപോയി. വൈക്കം അബ്ദുള്‍ ഖാദര്‍ ചെഗുവേരക്കും മുന്നില്‍ നടക്കാന്‍ കെണിഞ്ഞതായി ഓര്‍ക്കാന്‍ തോന്നും. കെ.കരുണാകരന്‍ ഈ ഹേഗിയൊഗ്രാഫുകളിലൊന്നും മതിവരാതെ യുവ ചേതനയെ വിഭ്രമിപ്പിച്ച്‌ അതിദ്രുത തായമ്പകയിലാണ്‌. പിണറായി കിണഞ്ഞിട്ടുപോലും സ്വയം പണിയാതെ പോവുന്നു. അച്യുതാനന്ദന്‌ വൃത്തിയുള്ള ഒരു ഷെയ്പ്പുണ്ടായിട്ടും, (തലപോലും ചെമ്പിപ്പിച്ച്‌) നാവും വിവരക്കേടും കാരണം രാഷ്ട്രീയ വഷളത്തത്തിന്റെ തുറുങ്കില്‍. കേസരിയും ഒ.വി.വിജയനും ടാഗോറിയന്‍ മട്ടില്‍ മലയാള-ചരിത്ര നാള്‍വഴിയിലേക്ക്‌. അടുത്തത്‌, കാവാലം പണിക്കന്മാരെ എങ്ങിനെ കൂട്ടില്‍ കയറ്റണമെന്നാവും.

സിസിലിയന്‍ മാഫിയയിലെ ഒരു ചെറുപ്പക്കാരനോട്‌, എന്തിനിങ്ങനെ എന്നു ചോദിച്ചപ്പോള്‍, 'എന്നെ ജനം ബഹുമാനിക്കാന്‍' എന്നയാള്‍ തിരിഞ്ഞുനിന്ന് ട്രൌസറിന്റെ സിപ്പു തുറന്ന് മൂത്രം തെറമ്പിച്ച്‌ മൊഴിഞ്ഞു. അല്ലങ്കില്‍ അങ്ങിനെ വായിച്ചു ഞെട്ടി.

ആ കണക്കില്‍, ബഹുമാനിതമാവുക എന്നാല്‍, ദൈവത്തിന്റെ റോളിലേക്കുള്ള ഒരു കുടിയേറലാണെന്ന് ഞാന്‍ കരുതുന്നു. നന്മയിലുള്ള ഈ അതിവിശ്വാസവും അതിന്റെ അമരപ്പിടിയും മനുഷ്യന്‌ ഗുഹാവാസ കാലം തൊട്ടേ പ്രലോഭനീയം. പറഞ്ഞത്‌ കേട്ടുകൊണ്ടിരിപ്പിക്കുവാനും അനുമോദിപ്പിക്കുവാനും രണ്ടു വഴികളുണ്ട്‌. രണ്ടും ചൂരലിന്റെതാകാന്‍ വഴിയുമുണ്ട്‌. ഒന്ന് ഹാര്‍ഡ്‌ കോപ്പിയാണങ്കില്‍ മറ്റേത്‌ സോഫ്റ്റ്‌. ഹാര്‍ഡ്‌ കോപ്പിയുടെ പ്രസിദ്ധരായ (സോറി, കുപ്രസിദ്ധം എന്ന വാക്ക്‌ അര്‍ത്ഥവത്തല്ല) അവതാരകര്‍ ഇഷ്ടം പോലെയുണ്ട്‌. ഹിറ്റ്‌ലര്‍ സ്റ്റാലിന്‍.... തൊട്ട്‌ നരേന്ദ്ര മോദി വരെ. സോഫ്റ്റ്‌ കോപ്പികളുടെ ഉസ്താദുകളാണ്‌ മേല്‍കാണിച്ചവരില്‍ പലരും.

ആകയാല്‍, നമുക്കും ഒന്നൊരുങ്ങിക്കൂടെ? ആണുങ്ങളോട്‌ പറയുവാനുള്ള വെടിമരുന്നേയുള്ളൂ. സ്ത്രീകള്‍, ഹ, മലയാളിസ്ത്രീകള്‍! 35-40 കഴിഞ്ഞാല്‍ കഷ്ടിപിഷ്ടി.

മക്കള്‍, പത്രം-പാല്‍ വിതരണക്കാര്‍, യാചകര്‍, ഒാട്ടോക്കാര്‍ --- എങ്കിലും ഒന്നു ബഹുമാനിക്കട്ടെ എന്നു കരുതിയാണ്‌.

ഞാനൊരു ചെത്ത്‌ പോംവഴി പറയാം: വയസ്സ്‌, അമ്പതുകളിലേക്ക്‌ ഇരിക്കുമ്പോഴേക്കും, വന്നു കയറുന്ന നരയെ ജെറ്റ്‌ ബ്ലാക്കിലേക്ക്‌ കുടിയിരുത്തരുത്‌. (പ്രകാശ്‌ കാരാട്ടിനെ പഠിക്കുക) ഒരുകാര്യം; മുനയൊടിഞ്ഞ്‌ പെരുമാറരുത്‌. ഊര്‍ജ്ജസ്വലനായി നടിക്കുകയെങ്കിലും വേണം. വയറ്‌ തീരെ പെരുപ്പിക്കരുത്‌. തരപ്പെടുന്നയിടത്തെല്ലാം പോളോ ഷേട്ടും കോട്ടണ്‍ ട്രൌസേര്‍സും ധരിക്കുക. തമാശയെല്ലാം തട്ടുമെങ്കിലും തരം കിട്ടിയാല്‍ മൂക്കിനു താഴയുള്ള ഏരിയ നന്നേ ചെറുതായി 'റ' വളച്ച്‌ ചിന്തനീയമായി ധരിപ്പിക്കുക. മേല്‍മീശയെ തുടച്ചുകളയുക. അല്ലെങ്കില്‍ ഉമിക്കരി-ചെത്തെങ്കിലും. സാധനം, നാം കരുതിയപോലെയൊന്നും എക്സ്പ്രസ്സീവല്ല. (ഷെയ്പ്പില്ലാത്തവര്‍ ഇതിനൊരുമ്പെടരുത്‌, മലയാളി ആണ്‌മയുടെ നല്ലൊരു ശതമാനത്തിന്‌ വംശവര്‍ദ്ധനയ്ക്ക്‌ ഇടം കൊടുത്തത്‌ മേല്‍മീശയാണന്നത്‌ മറക്കുന്നതില്‍ ചരിത്രപരമായ മണ്ടത്തമുണ്ടായേക്കും.) ഒരു ഏലിയനേഷന്‍ (alienation)ഭാവം ചെറുതായി സംഘടിപ്പിച്ചാല്‍ വളരെ നന്ന്. എന്നാല്‍ ചെടുങ്ങനെ സംസ്കൃതിയിലേക്ക്‌ തിരിച്ചുവരാന്‍ പാകത്തിലാവട്ടെ അത്‌. ദിവസവും ഡംബെല്‍സ്‌ എടുത്ത്‌ ബൈസെപ്സുകളെ സുദൃഢമാക്കാനുള്ള നാട്യത്തേക്കെങ്കിലും വിശാലഹൃദയരാവണം. നിങ്ങളുടെ തോല്‍-ചുളുക്കം കാരണം ആരും മോഹിതരായി ഭോഗേച്ഛയോടെ അണയുവാനല്ല ഇത്‌. ഭോഗിച്ചു കളയും എന്നു വിരട്ടുവാനാണിത്‌. പല്ലു നന്നായി തേക്കുകയും നന്നായി ചിരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുക. വായ നന്നായി തുറന്നു ചിരിക്കണം; അതായത്‌ നാവു നന്നായി വടിച്ച്‌ പോപ്‌ ഗായകരെ പോലെ ക്ഷണസൂചകമാവണം. വീണുകിടക്കുന്ന സാധനസാമഗ്രികളെ മുട്ടുവളക്കാതെ എടുക്കുവാന്‍ ശീലിക്കുന്നത്‌ നന്ന്. ശ്വാസം പിടിച്ചുള്ള വയര്‍ ചുരുക്കലല്ല എന്ന സെക്സികമാക്കുവാനാണിത്‌. കൈമുട്ടുകള്‍ രാകി സ്നിഗ്ദമയമാക്കണം. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവയെ കുറിച്ച്‌ സൂചിപ്പിക്കേണ്ടല്ലോ. എന്നാല്‍ പുരികം വളര്‍ന്നാല്‍ മുറിക്കരുത്‌. അതിനൊരു പ്രസിഡന്‍ഷ്യല്‍ സ്റ്റൈലുണ്ട്‌. കാരണവത്തം. ചെവിക്കുറ്റി രോമവളര്‍ച്ചയെ നിരുത്സാഹിപ്പിക്കണം. ഒരു ജാതി വിഡ്ഢിത്തം ജന്മികമാണതിന്‌.

ഇങ്ങിനെയിരിക്കുമ്പോള്‍, ഇങ്ങിനെ നന്നായി തേജോവധം ചെയ്തിരിക്കുമ്പോള്‍, പൊടുന്നനെ വടിയായി പൊലിയുക. അല്ല, പോയല്ലേ പറ്റൂ.

നിങ്ങളുടെ ഒാബിറ്റ്‌(orbituary) എങ്ങനെയാവുമെന്നാണ്‌ നിങ്ങള്‍ കരുതുക?

അമ്മാമ എന്നുമെന്ന പോലെ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞെത്തി. ഉമ്മറത്തെ പടിയിലിരുന്നപ്പോഴേയ്ക്കും 'ഏട്ടാ, ഊണൊരുക്കട്ടെ' എന്നൊരു ആച്ഛാദിത ശബ്ദം വാതില്‍ മറവില്‍ കേള്‍ക്കായി. അതിന്‌, 'ആവൂ, ദേവൂ, വയ്യാലോ' എന്നായി പ്രതിവചനം. 'ഇരിക്കാനും കെടക്കാനും വയ്യാലോ' എന്നു തുടര്‍ന്നും. അമ്മാമ വിയര്‍ത്തു കുളിച്ചിരിക്കുന്നു. മൂന്നാം ദിവസം മരിച്ചു. ഒടിച്ചുകൊന്നതാണ്‌.

നിങ്ങളുടെ ഒാബിറ്റ്‌ ഇങ്ങിനെയാവാന്‍ കുറച്ചു പുളിക്കും. അതിനാല്‍ വേട്ടേക്കരന്‍ പോസില്‍ സ്നിഗ്ദമായി കാലിയാവണം:

അദ്ദേഹം എല്ലാ ഞായറാഴ്ചകളിലുമെന്ന പോലെ തോക്കെടുത്തു പോയതാണ്‌. കൂടെക്കൂടിയ കിളരന്മാരായ ചെറുപ്പങ്ങളോട്‌, ലുക്ക്‌ ഹിയര്‍, അതാ ഒരു റെഡ്‌ പാണ്‍ഡ' എന്ന് ചൂണ്ടിയത്‌ കണ്ടുരേഖപ്പെടുത്തിയവരുണ്ട്‌. ഹൌ ലൌലി എന്നു ജന്തുപ്രിയമായതും പിന്നെ ഒരു മരം ചാരിയിരുന്നതായും പറയുന്നുണ്ട്‌. തുടര്‍ന്നു പറഞ്ഞതിനും തെളിവ്‌ കാണുന്നു. "ദ്‌ ഗണ്‍ വില്‍ ഹാവ്‌ റ്റു റിമേയ്ന്‍ വിത്ത്‌ മി. ഇത്‌ വയലന്‍സിലേക്കുള്ള ഒരു ഒബ്സെഷന്‍. അടുത്ത തലമുറക്ക്‌ കൈമാറാന്‍ വയ്യാത്തത്‌. ക്ഷീണം തോന്നുണൂ.

"കുട്ടാ, നെന്റെ ഐ.ഐ. റ്റി - ജീ.... എന്‍ട്രന്‍സ്‌..എക്സാ..." കിളരന്മാര്‍ ചുറ്റും സ്റ്റോണ്‍ ഹെന്‍ജ്‌ കെട്ടുന്നു.

"ആവൂ, വയ്യാലോ...." കിളരന്മാര്‍ 'ദ്‌ വൈസ്‌ ഓള്‍ഡ്‌ മാന്‍'-നെ കൈമഞ്ചലില്‍ ഏറ്റുകയായി.

താങ്കള്‍ വടിയാവുകയാണ്‌, സര്‍ (അനുമാനം). അനശ്വരവടി. ചൂരല്‍വടിയെ തഴയുന്ന വടി.
സോ, നിങ്ങള്‍ക്കും ശോഭനീയമായ ഒരു ചാത്തടിയന്തിരം ഉറപ്പ്‌. ഐ പ്രോമിസ്‌ യു....

വാണാ ടെസ്റ്റ്‌?

ഒ.കെ.സുദേഷ്‌

Submitted by Sunil (not verified) on Wed, 2005-07-13 15:13.

ഈ പ്രേതത്തിനെ ഒഴിപ്പിക്കാന്‍ നല്ല ചൂരല്‍ വടി കഷായമാണ്‌ വേണ്ടത്‌. ഒരു മന്ത്രവാദിയും ഇവിറ്റെ ഇല്ലേ?
-സു-