തര്‍ജ്ജനി

അടൂര്‍ ഗോപാലകൃഷ്ണന്‍

Visit Home Page ...

പുസ്തകം

വംശസ്മൃതികളില്‍ മുങ്ങിനിവര്‍ന്നപ്പോള്‍

അരവിയുടെ വംശസ്മൃതികള്‍ എന്ന പുസ്തകത്തിനു് അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ ആമുഖം

ഓര്‍മ്മയ്ക്കു് ചിറകു് മുളയ്ക്കുമ്പോള്‍ അതു് ഭാവനയാകും. ഭാവനയ്ക്കു് ഇന്നലെയിലേയ്ക്കും നാളെയിലേയ്ക്കും യഥേഷ്ടം പറക്കാം. താഴ്ന്നു പറക്കാം, പൊങ്ങിപ്പറക്കാം, വട്ടമിട്ടു് പറക്കാം. എന്നാല്‍ ഇന്നലെയ്ക്കും നാളെയ്ക്കുമിടയ്ക്കു് വര്‍ത്തമാനജീവിതം ഇളകിത്തിളയ്ക്കുന്ന ഇന്നിന്റെ മുകളിലൂടെ അതിനു് സഞ്ചരിക്കാതിരിക്കുക വയ്യ. താഴ്ന്നു പറന്നാല്‍ ചിറകു് കരിയും. ഏറെ പൊങ്ങിപ്പറന്നാല്‍ കാഴ്ചകള്‍ മറയും. അപ്പോള്‍‌?

അരവിയുടെ ഏറെ പ്രത്യേകതകളുള്ള "വംശസ്മൃതികളില്‍‌" മുങ്ങിനിവരുന്ന ഒരാള്‍ക്കു് ഇങ്ങനെയൊക്കെ ചിന്തിക്കാതെ വയ്യ.

സമയം എന്ന അമേയവിസ്മയത്തെപ്പറ്റി, അനുഭവങ്ങള്‍ അമര്‍ന്നു കിടക്കുന്ന ഭൂതകാലത്തിന്റെ ആഴച്ചുഴികളെപ്പറ്റി, തലമുറകളിലൂടെ നീണ്ടുവന്നു് നമ്മെ ബന്ധനങ്ങളില്‍ ഞെരുക്കുന്ന കര്‍മ്മബന്ധങ്ങളെപ്പറ്റി, ജനിമൃതികളുടെ ആവര്‍ത്തന വൈചിത്ര്യങ്ങളെപ്പറ്റി, ഒക്കേയ്ക്കും മീതെ, ആദിമദ്ധ്യാന്തങ്ങളുടെ നിമ്നോന്നതങ്ങളില്‍ തങ്ങാതെ, തടയാതെ പായുന്ന ജീവന മഹാപ്രവാഹത്തെപ്പറ്റിയൊക്കെ അനുഭവം, ഓര്‍മ്മ, ഭാവന - ഈ ത്രിസ്രോതസ്സുകള്‍ സമൃദ്ധിയോടെ, സ്വാരസ്യത്തോടെ ഒത്തുചേരുകയാണു് അരവിയുടെ ചെറുനോവലില്‍. ബൃഹത്തായ ഒരിതിഹാസനോവലിനുള്ള കഥാവസ്തു കൈയ്യടക്കത്തോടെയാണു് ഒതുക്കിയിണക്കി വെച്ചിരിക്കുന്നതു്. ഇന്നലെയുടെയും ഇന്നിന്റെയും സമയസൂചികള്‍ ഇവിടെ ഒന്നാകുന്നു.

കഥാകാരന്‍ താന്‍ അറിഞ്ഞും അനുഭവിച്ചും ആവിഷ്കരിക്കുന്ന ദുരന്തങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ സ്വയം നിലവിട്ടു് മുങ്ങിത്താഴുന്നില്ല. അവസ്ഥകളില്‍ ഉള്‍ച്ചേര്‍ന്നു് സ്വകീയത മറന്നു് നിസഹായതയോടെ വിലപിക്കുന്നില്ല. മറിച്ചു് നീക്കുപോക്കില്ലാത്ത നിയോഗസന്ധികളില്‍ അയാള്‍ ഒട്ടൊരു സത്യാന്വേഷിയായ ചരിത്രകാരന്റെ നിസ്സംഗതയാര്‍ജ്ജിച്ചു് വസ്തുക്കളുടെ അപ്പുറമിപ്പുറം ചികഞ്ഞുതെരഞ്ഞു് കാണാവെളിച്ചങ്ങള്‍ തെളിവാക്കാന്‍ ഒരുമ്പെട്ടുകാണുന്നു.

കഥ അനാവരണം ചെയ്യാനുപയോഗിക്കുന്ന സവിശേഷമായ ഘടനയും രചനാശൈലിയുമാണു് ഇക്കാര്യത്തില്‍ സഹായകമാകുന്നതു്. കാലത്തിന്റെ കഥയും കഥാകാലവും സജീവമാകുന്ന പാത്രങ്ങള്‍, കഥയുടെ ആഴങ്ങളിലേക്കു് മുക്കുളിയിട്ടു് ചെല്ലുന്ന അവരുടെ കലാകാരിയായ പിന്മുറക്കാരി, ആദ്യം അവളുടെ മനസ്സിലും പിന്നെ കടലാസ്സിലും ആലേഖനം ചെയ്യപ്പെടുന്ന നാടകീയമുഹൂര്‍ത്തങ്ങള്‍ - ഇതൊക്കെ ചേര്‍ത്തുനോക്കുമ്പോള്‍ സര്‍ഗ്ഗപ്രക്രിയാവിധികളിലേക്കു് കഥാകാരന്‍ ഒരു പുതുതിരി നീട്ടുകകൂടി ചെയ്തിരിക്കുന്നുവെന്നതും അനുവാചകന്‍ അറിഞ്ഞിരിക്കേണ്ടതു തന്നെ.

ഒഴുക്കും ഓജസ്സുമുള്ള ഭാഷയും ഒതുക്കമുള്ളതെങ്കിലും ഉള്‍ക്കട്ടിയുള്ള ഘടനയും ഓര്‍മ്മയില്‍ തറയ്ക്കുന്ന കഥാപാത്രങ്ങളും മാമൂല്‍ മാറിയുള്ള പദപ്രയോഗങ്ങളുടെ പുതുമയും വെയിലും മഴയും കുന്നും കുളവും പുഴയും പച്ചയും നിഴലും നേര്‍മ്മയും നിറയുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളദൃശ്യങ്ങളും എല്ലാറ്റിനുമുപരിയായി ഒരിക്കലും വിവരണാസക്തമാകാത്ത സൂചനാസമര്‍ത്ഥമായ രചനാരീതിയും ഈ ചെറുനോവലിന്റെ പാരായണം അത്യന്തം ഹൃദ്യമാക്കുന്നു.

Subscribe Tharjani |