തര്‍ജ്ജനി

സോണി.ആര്‍.കെ

Visit Home Page ...

കവിത

തോന്നലുകള്‍

മഴ കനിഞ്ഞിറങ്ങിയ
മണ്ണില്‍ വേരുകളാഴ്ത്തിയ
വൃക്ഷത്തലപ്പുകള്‍ക്കും മീതെ
ഒരു കുഞ്ഞു കൂട്ടില്‍
നമുക്കു് ജീവിതം
ആരുടെ തോന്നലെന്ന
സമസ്യയ്ക്കു് ഉത്തരം തേടാം.

പെയ്തു തീര്‍ന്ന
കരച്ചിലുകള്‍ക്കൊടുവില്‍
സ്നേഹത്തിന്റെ കണിക
ബാക്കിയായി തോന്നുന്നുവെങ്കില്‍
അന്ന് പുതുക്കാം
നമ്മുടെ സൌഹൃദം.

എന്റെ കണ്ണുകളില്‍
നീറുന്ന പ്രണയം
പച്ചവെള്ളത്തില്‍ മുക്കിയെടുത്ത്
നിനക്കു് താലോലിക്കാന്‍ തരാം.

അപ്പോള്‍
നിന്റെ തോന്നലുകളില്‍
വേദന നീറുന്നുണ്ടോയെന്നു്
രേഖപ്പെടുത്തണം.

എല്ലാ തോന്നലുകളും
ഇല്ലായെന്നു് തോന്നിപ്പിക്കുന്നുവെങ്കില്‍
ഞാന്‍ കലങ്ങി മറിയും.

നിന്റെ കൈ പിടിച്ചു്
ജീവിതത്തിന്റെ ആഴങ്ങളിലേക്കു്.

Subscribe Tharjani |