തര്‍ജ്ജനി

മുഖമൊഴി

മഴയും ചൂതാട്ടവും ഊര്‍ജ്ജപ്രതിസന്ധിയും

ആറുമാസം മഴയും ആറുമാസം വെയിലുമായിരുന്ന കേരളത്തില്‍ പഴയ കാലാവസ്ഥ പഴഞ്ചൊല്ലില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. ഇതു് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. ലോകമാസകലം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് കടുത്ത ഉത്കണ്ഠ വ്യാപകമാവുകയാണു്. സ്വയംകൃതാനര്‍ത്ഥത്തിന്റെ അനന്തരഫലം. അന്തരീക്ഷത്തെ ആവരണം ചെയ്തു് നമ്മെ അപകടകരമായ കിരണങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്ന ഓസോണ്‍പാളികള്‍ക്കു് ക്ഷതം സംഭവിച്ചിരിക്കുന്നുവെന്നു് കണ്ടെത്തുന്നതോടെ ആരംഭിച്ച ഉത്കണ്ഠകള്‍ ഇന്നു് നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥപ്രശ്‌നമായി പടികടന്നെത്തിയിരിക്കയാണു്. വേനല്‍ അനിശ്ചിതമായി നീണ്ടുപോകുന്നു. മഴക്കാലം വേനല്‍ക്കാലം തന്നെയായി തുടരുന്നു. കൃഷി അവതാളത്തിലാകുന്നു. ഇതിനിടയില്‍ മഴ പെയ്യാനോ പെയ്യാതിരിക്കാനോ സാദ്ധ്യതയുണ്ടു് എന്നു പറഞ്ഞു് അപഹാസ്യരാകുന്ന കാലാവസ്ഥാപ്രവചനവിഭാഗം.

ഇന്ത്യയുടെ സമ്പദ്ഘടന കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമാണെന്നും കൃഷിയാവട്ടെ കാലാവസ്ഥയെ ആശ്രയിച്ചു നടത്തുന്ന ചൂതാട്ടമാണെന്നും സ്വതന്ത്രഭാരതത്തിലെ ആസൂത്രണപ്രക്രിയയുടെ ആരംഭത്തില്‍ തന്നെ കണ്ടെത്തിയ വസ്തുതയാണു്. പഞ്ചവത്സരപദ്ധതികളിലൂടെ ക്രമപ്പെടുത്തിയ പുരോഗതിയുടെ പടവുകളായി ജലവൈദ്യുതപദ്ധതികള്‍ ആസൂത്രണം ചെയ്തു് നടപ്പിലാക്കിയതു് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു്. മഴ ചതിച്ചാലും വെള്ളത്തിന്റെ സ്രോതസ്സായി അണക്കെട്ടുകള്‍; അതോടൊപ്പം വ്യവസായത്തിനും ഗാര്‍ഹികാവശ്യത്തിനും വേണ്ട വൈദ്യുതിയും നല്കുന്ന അണക്കെട്ടുകള്‍ ആധുനികഭാരതത്തിന്റെ പുരോഗതിയുടെ ആണിക്കല്ലുകല്ലുകളായി കണക്കാക്കപ്പെട്ടു. ഭക്രാ-നങ്കല്‍ അണക്കെട്ടു് രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ടു് സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി പറഞ്ഞു ഇതു് ആധുനികഭാരതത്തിന്റെ ആരാധനാലയമാണു്. അണക്കെട്ടുകള്‍ പലതും വീണ്ടും നിര്‍മ്മിക്കപ്പെട്ടു. ഒടുവില്‍ നര്‍മ്മദയില്‍ അണപണിയുമ്പോള്‍ അവിടുത്തെ ജനങ്ങളും ഇന്ത്യയിലുടനീളമുള്ള വിവിധ ജനവിഭാഗങ്ങളും അണക്കെട്ടിനെതിരെ സമരവുമായി രംഗത്തെത്തി. ഓരോ ജലവൈദ്യുതപദ്ധതിക്കു വേണ്ടിയുള്ള നിര്‍ദ്ദേശവും ഇന്നു് കടുത്ത എതിര്‍പ്പുകളില്‍ കുടുങ്ങുന്നു. ആധുനികഭാരതത്തിന്റെ ആരാധനാലയങ്ങള്‍ എന്താണ് ഇന്നു് ജനങ്ങള്‍ക്കു് വേണ്ടാത്തതായിത്തീര്‍ന്നതു്.

താരാപ്പുരിലും കല്പാക്കത്തുമുള്ള ആണവ റിയാക്ടറുകള്‍ രാഷ്ട്രത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കുവാനായുള്ള മാര്‍ഗ്ഗങ്ങളായി ദേശാഭിമാനത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നു വന്നതും സ്വാതന്ത്ര്യാന്തരകാലത്തെ പുരോഗതിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു. ഇന്നു് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രശ്‌നം ആണവകരാറാണു്. രാഷ്ട്രത്തിന്റെ പരമാധികാരത്തെ പണയംവെക്കുന്ന കരാറാണിതു് എന്ന വിമര്‍ശനത്തോടെ നടന്ന രാഷ്ട്രീയസംഭവവികാസങ്ങള്‍ ലോസഭയില്‍ വിശ്വാസവോട്ടിലേക്കും പിന്നീട് വോട്ടിനു് നോട്ട് എന്ന കോഴപ്രശ്‌നത്തിലേക്കും വഴിമാറിപ്പോയി.

കാര്‍ഷികാവശ്യത്തിനും ജീവിതത്തിനും ആവശ്യമായ ജലവും വ്യവസായങ്ങള്‍ക്കും ഗാര്‍ഹികാവശ്യത്തിനും വേണ്ടിയുള്ള വൈദ്യുതിയും ലഭ്യമാക്കാന്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ? ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അസംഘടിതരും ദുര്‍ബ്ബലരുമായ ജനവിഭാഗങ്ങളുടെ ജീവിതങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണോ നടപ്പിലാക്കപ്പെടുന്നതു്? ഇത്തരം കാര്യങ്ങളിലുള്ള പ്രവര്‍ത്തനത്തില്‍ രാജ്യതാല്പര്യത്തെക്കാള്‍ മറ്റു താല്പര്യങ്ങളോണോ മുഖ്യപരിഗണനയായി വരുന്നതു്?

ഈ ചോദ്യങ്ങള്‍ക്കു് ഉത്തരം എന്തായിരുന്നാലും സ്വാതന്ത്ര്യാനന്തരകാലത്തു് നമ്മുടെ വികസനസങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ നടന്ന പരിശ്രമങ്ങളില്‍ പ്രകടമായിരുന്ന പ്രതിജ്ഞാബദ്ധത കൈമോശം വന്നിരിക്കുന്നുവെന്നു പറയാതിരിക്കാനാവില്ല. ആണവകരാര്‍ ഇസ്ലാമികവിരുദ്ധമാണു് എന്ന വാദം ഉന്നയിച്ചു് പിന്തുണച്ചു് നടന്നതു് ഇസ്ലാമികവാദികള്‍ മാത്രമല്ല എന്നു് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണു്. അധികാരത്തിനു വേണ്ടിയുള്ള അന്ധമായ പരക്കം പാച്ചിലില്‍ ചവിട്ടിമെതിക്കപ്പെടുന്നത് പൗരാവകാശങ്ങള്‍ മാത്രമല്ല നൈതികതയുടെ അവസാനത്തെ കണിക കൂടിയാണു്. കൃഷി , മഴയെ ആശ്രയിച്ചുള്ള ചൂതാട്ടമായി ഇപ്പോഴും തുടരുന്നു. കാലവസ്ഥാവ്യതിയാനത്തെക്കുറിച്ച് ആഗോളതലത്തില്‍ ഉത്കണ്ഠകള്‍ പെരുകുമ്പോള്‍ പഴയ ആസൂത്രണസങ്കല്പങ്ങള്‍ വിസ്മരിച്ചും ഉപജാപങ്ങളുടെ ഇടനാഴികളെ ജനനിബിഡമാക്കിയും നമ്മുടെ രാഷ്ട്രീയനേതൃത്വം ഉത്സവം ആഘോഷിക്കുകയാണോ?

Subscribe Tharjani |