തര്‍ജ്ജനി

പി. ചന്ദ്രശേഖരന്‍

Visit Home Page ...

നാടകം

ആരാണു് സംതൃപ്തന്‍?

ഗ്രീക്ക്‌ നാടകസഞ്ചയത്തില്‍ നിന്നുള്ള ഈഡിപ്പസ്സിന്റെ ഒരു പുനരാവിഷ്കാരം സംതൃപ്തന്‍ എന്ന പേരില്‍ തിരുവനന്തപുരത്തെ രസിക നാടകസംഘം ഇയ്യിടെ അരങ്ങിലെത്തിക്കുകയുണ്ടായി. ഉള്ളിലടങ്ങിക്കിടക്കാത്ത അഹംബോധത്തെ, ഞാന്‍, ഞാന്‍ എന്നു വിളിച്ചുദ്ഘോഷിച്ചുകൊണ്ട്‌ മുന്നില്‍ നടത്തി, കണ്ടതിനേയെല്ലാം സ്വന്തമാക്കിയും കയ്യിലെടുത്തമ്മാനമാടിയും എല്ലാ ലോകങ്ങളിലും തനിക്കു് അനശ്വരതയുറപ്പാക്കാന്‍ കാലത്തിനേക്കാള്‍ വേഗതയില്‍ തുരഗപ്രയാണം ചെയ്യാന്‍ ശ്രമിക്കുന്ന മനുഷ്യന്‍. കൊടുമുടികളേയും മേഘമാലകളേയും കിടുകിടെ വിറപ്പിക്കുമ്പോഴും, ഇഷ്ടജനങ്ങളുടെ പരിലാളനങ്ങളില്‍ മയങ്ങിയിരിക്കുമ്പോഴും ശത്രുസഞ്ചയത്തെ മുഴുവന്‍ കാല്‍വിരല്‍കൊണ്ടു പരിഹാസപൂര്‍വം തോണ്ടിയെറിയുമ്പോഴും അവനധ്വാനിച്ചുകൊണ്ടിരിക്കുന്നതു സ്വന്തം അഹംബോധത്തെ തൃപ്തിപ്പെടുത്താനാണു്. ഇനിയും ആരോ എന്നേക്കാള്‍ കേമനായി ഇവിടെയുണ്ടു്‌. അവനെക്കൂടി ഞാന്‍ ഉന്മൂലനം ചെയ്യട്ടെ. ഇക്കാലമത്രയും ആസ്വദിച്ചതിലൊക്കെ വിശേഷമായി എന്തൊക്കേയോ ഇനിയും ഇവിടെയുണ്ടു്‌. ഞാനതൊക്കെ രുചിച്ചു തീര്‍ക്കട്ടെ. എനിക്കിനിയും സമയം വേണം. എനിക്കുചുറ്റും കറങ്ങിത്തിരിയുന്ന കാലം അതു തരാന്‍ മടി കാണിക്കുന്നുണ്ടോ? എന്റെ അതൃപ്തിയുടെ പരിണതികള്‍ എന്തിനെയെല്ലാം വെണ്ണീറാക്കാന്‍ പോന്നതാണെന്നു് അതിനറിയില്ലെന്നുണ്ടോ?

സ്വന്തം ബലകേന്ദ്രത്തിലെ പ്രശാന്തതയിലേക്കു് അവനെ പിടിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന, പ്രപഞ്ചത്തെ മുഴുവന്‍ പുണര്‍ന്നു നില്ക്കുന്ന, കാലത്തിന്റെ ചുഴലിക്കൈകള്‍ എവിടേക്കാണു് തന്നെ എടുത്തുകൊണ്ടുപോകുന്നതെന്നു് അപ്പോഴൊന്നും അവനറിയാനാകുന്നില്ല. പിന്നെ ഒടുവില്‍ പൊടുന്നനെ അതിന്റെ ശാന്തകേന്ദ്രത്തിലേക്കു വീണുകഴിയുമ്പോള്‍ തനിക്കുചുറ്റും അതേ വാതാവര്‍ത്തത്തിന്റെ ചിറകുകള്‍ അലറിയാടുന്നതു കാണുമ്പോഴാണു ലോകത്തില്‍ ജനിച്ചുവീണവരിലാരും ഒരു കാലത്തും സംതൃപ്തരായി ഇവിടെ കഴിച്ചുകൂട്ടുകയോ ഇവിടെ നിന്നിറങ്ങിപ്പോവുകയോ ഉണ്ടായിട്ടില്ലെന്നു് അവന്‍ കണ്ടെത്തുന്നതു്‌. അതോടെ ജീവിതത്തിലെ ദുരന്തങ്ങള്‍ മറ നീക്കി കണ്മുമ്പില്‍ എത്തുകയായി. ജനനം മുതല്‍ തന്നെ ദുരന്തങ്ങളാല്‍ വേട്ടയാടപ്പെടുന്നവനാണു് ഏതൊരു മനുഷ്യജീവിയുമെന്നും ഉല്‍ക്കര്‍ഷേച്ഛുക്കളും ലക്ഷ്യബോധത്തോടെ കഠിനാധ്വാനം ചെയ്തു മുന്നേറുന്നവരുമായാല്‍പ്പോലും ഏതൊരുപായം കൊണ്ടും ആ ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയാറില്ലെന്നതാണു് ഏറ്റവും കൊടിയ ദുരന്തമെന്നും നമുക്കു കാട്ടിത്തരുന്ന ലോകോത്തരകൃതികള്‍ നിരവധിയുണ്ടു്‌. അവക്കിടയില്‍ തലയുയര്‍ത്തി നില്ക്കുന്നതു് ഗ്രീക്ക്‌ നാടകങ്ങളുമാണു്. അവയിലൊന്നായ ഈഡിപ്പസ്സിന്റെ ഒരു പുനരാവിഷ്കാരം കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ നടക്കുകയുണ്ടായി.

അനുഗ്രഹീതനടനും നാടകസംവിധായകനുമായ ശ്രീ. കലാധരന്റെ നേതൃത്വത്തിലാണു് രസിക അതു് അരങ്ങേറ്റിയതു്‌. അദ്ദേഹം തന്നേയാണു് വൃദ്ധനായ ഈഡിപ്പസ്സിന്റെ റോളില്‍ രംഗത്തു വന്നതും. അരങ്ങിന്റെ പൊലിമയ്ക്കു തീര്‍ത്തും അനിവാര്യമെന്നു് അദ്ദേഹം ബോദ്ധ്യപ്പെടുത്തുന്ന ആലാപനങ്ങള്‍ക്കായി കവിതകളും പാട്ടുകളും രചിച്ചിട്ടുള്ളതും ചിട്ടപ്പെടുത്തിയിരിക്കുന്നതും അദ്ദേഹം തന്നെ. സംഭാഷണങ്ങള്‍ പോലും കാവ്യാത്മകമാകുമ്പോഴുള്ള അവയുടെ ശക്തിയും ധ്വനിബലവും നാടകത്തിലുടനീളം കാണാനുമുണ്ടായിരുന്നു.

കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ പെര്‍ഫൊര്‍മിംഗ്‌ ആര്‍ട്സിന്റെ ഡയരക്ടറായ ശ്രീ. വയലാ വസുദേവന്‍ പിള്ള ഈ നാടകത്തെ ഇങ്ങിനെ വിലയിരുത്തുകയുണ്ടായി : "സൗന്ദര്യശാസ്ത്രപരമായും സദാചാരപരമായും നാം വേട്ടയാടപ്പെടുന്ന ഒരനുഭവമാണു ഈഡിപ്പസ്സിന്റെ ഏതു രംഗാവിഷ്കാരവും നമുക്കു തരിക. സംതൃപ്തനില്‍ ഭംഗശരീരനായ ഒരു പക്ഷിയേപ്പോലെ വിശാലാകാശങ്ങളിലേക്കു പറന്നുയരുന്ന ദുരന്തനായകനെ ഹൃദ്യമായി അവതരിപ്പിച്ചുകൊണ്ട്‌ മുന്‍പറഞ്ഞ വേട്ടയാടലിന്റെ വേദനകള്‍ നമ്മെ അനുഭവിപ്പിക്കാന്‍ നാടകത്തിന്നു കഴിയുന്നുണ്ടു്‌. അഭയസാന്ത്വനങ്ങള്‍ക്കും അറിയാപ്പൊരുളുകള്‍ക്കും വേണ്ടി പാപത്തിനേക്കാല്‍ പാപിയായ നായകന്‍ നടത്തുന്ന ഒടുങ്ങാപ്പോരുകള്‍ ജീവിതത്തിന്റെ സ്വത്വകാഹളം പാടിക്കൊണ്ട്‌ ഓരോ മനുഷ്യനും നടത്തുന്ന ആത്മീയയാത്രകളായി ഈ നാടകം തോന്നിപ്പിക്കുന്നുണ്ടു്. ഇതിന്റെ അവതരണമാകട്ടെ പൂര്‍ണവും അര്‍ത്ഥഗര്‍ഭവും സമഗ്രവുമാണു്."

നാടകം രചിച്ചതു് ശ്രീ.കെ.എന്‍.എന്‍. നമ്പൂതിരിയാണു്. ഏതാണ്ടു മൂന്നു പതിറ്റാണ്ടായി തിരുവനന്തപുരത്തെ നാടകരംഗത്തു് അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടു്. നഗരത്തില്‍ വൈലോപ്പിള്ളി സംസ്കൃതിഭവനിലെ തുറന്ന അരങ്ങില്‍ അവതരിപ്പിച്ച നാടകം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അഭിനയത്തിന്റെ മികവുറ്റ വളരെയേരെ നിമിഷങ്ങള്‍ ഈ നാടകാവതരണത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയായിരുന്നു.

തീബ്സില്‍ നിന്ന്‌ അടിച്ചോടിക്കപ്പെടുന്ന ഈഡിപ്പസ്‌ ദേശാടനങ്ങളിലൂടെ അലഞ്ഞു തിരിയവേ എഥന്‍സിന്നടുത്ത്‌ കൊളോണസ്സില്‍ എത്തിപ്പെടുന്നു. അന്ധനും നിരാലംബനുമാണദ്ദേഹം. ആരുമായും പങ്കുവക്കാനാകാത്ത പശ്ചാത്താപഭാണ്ഡവും അദ്ദേഹത്തിന്റെ തോളത്തുണ്ടു്. യാത്രകള്‍ക്കിടയില്‍ ഒരു നാള്‍ പെട്ടെന്ന്‌ അദ്ദേഹം അപ്പോളോ ദേവന്റെ പ്രവചനം ഓര്‍ത്തു. തന്റെ അവസാനനാളുകളായിക്കഴിഞ്ഞിരിക്കുന്നു. അവിടെ നിന്നുകൊണ്ട്‌ അദ്ദേഹം പൊയ്പ്പോയ കാലങ്ങളിലൂടെ വീണ്ടും മനസ്സുകൊണ്ടൊരു പ്രയാണം തുടങ്ങുന്നിടത്താണു് നാടകം ആരംഭിക്കുന്നതു്‌. തൈറേഷ്യസ്സിനെ ഓര്‍മപ്പെടുത്തുന്ന സ്വന്തം നിഴല്‍ കൂടെനടന്ന്‌ എല്ലാം വെളിവാക്കിക്കൊടുക്കുന്നു. വെളിപാടുതറയില്‍ നിന്നു ഒറാക്കിള്‍ തുള്ളിപ്പറയുന്നതുപോലെ ഫ്ലാഷ്‌ബാക്കില്‍ കഥ അനാവരണം ചെയ്യപ്പെടുന്നു.

ഞാനാണു സത്യമെന്നുദ്ഘോഷിച്ചുകൊണ്ടു് ഈഡിപ്പസ്സിന്റെ നിഴല്‍ സദാ അയാളുടെ കൂടെ നടക്കുന്നുണ്ടു്. തന്റെ വ്രണിതമായ മനസ്സാക്ഷിയെ കൂടെക്കൊണ്ടുനടക്കുകയാണു് അദ്ദേഹം. ഡോ. രാജാ വാരിയര്‍ അവതരിപ്പിച്ച ഈ കഥാപാത്രം നാടകത്തിന്നു് ഏറെ ജീവന്‍ പകര്‍ന്നുകൊടുത്തു. അദ്ദേഹം തന്നേയാണു് യുവാവായ ഈഡിപ്പസ്സിന്റെ വേഷവും അവതരിപ്പിച്ചതു്‌. ജൊകസ്റ്റാ രാജ്ഞിയുടെ വേഷത്തില്‍ ആശാദേവ്‌ മികച്ചുനിന്നു. ക്രിയോണായി രംഗത്തു വന്നത്‌ ടി.ജെ. രാധാകൃഷ്ണന്‍ ആയിരുന്നു. പോളിനീസസ്സായി ശ്രീകുമാര്‍ വേഷമിട്ടു. അഭിലാഷ്‌, സുനില്‍കുമാര്‍, സന്തോഷ്‌.ജി.നായര്‍, ഫിറോസ്‌ ഷാ, രഘുവരന്‍, ശ്രീകുമാര്‍ എന്നിവര്‍ ഗായകസംഘത്തിന്നു ശക്തി പകര്‍ന്നു. വേഷവിധാനം കെ.ജെ.ജോസഫും രംഗസജ്ജീകരണം പരമേശ്വരന്‍ കുട്ടിയും കൈകാര്യം ചെയ്തു. ഗാനങ്ങളാലപിച്ചതു് പ്രമോദ്‌ കോന്നി. ശ്രീകാന്തും ഷാജിയും ചേര്‍ന്നാണു് വെളിച്ചം നിയന്ത്രിച്ചതു്‌. സംഗീതം ചന്തുവും സാങ്കേതികസഹായം എം.വി.ഗിരീശനും നല്കി.

ആരാണിവിടെ സംതൃപ്തന്‍?

നാടകം കഴിഞ്ഞു പോകുമ്പോള്‍ കാണികളുടെ മനസ്സില്‍ ആ ചോദ്യം അലയടിച്ചു നില്ക്കാന്‍ മാത്രം ശക്തമായിരുന്നു നാടകത്തിന്റെ അവതരണം.

Subscribe Tharjani |