തര്‍ജ്ജനി

ലേഖനം

പാഠപുസ്തകവിവാദം : ചില നിരീക്ഷണങ്ങള്‍

ഏഴാം ക്ലാസ് പാഠപുസ്തകം മതവിരുദ്ധതയും കമ്മ്യൂണിസ്റ്റ്വത്കരണവും കൊണ്ടു നിറഞ്ഞതാണെന്നും പറഞ്ഞുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് കേരളം (മൂക) സാക്ഷിയായിത്തീര്‍ന്നിരിക്കുകയാണല്ലോ. പുസ്തകം കത്തിച്ചും അദ്ധ്യാപകനെ കൊലപ്പെടുത്തിയും സാക്ഷരകേരളസന്താനങ്ങള്‍ മുന്നേറുകയാണ്. എന്തൊക്കെ കുറവുകളുണ്ടായാലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങള്‍ക്ക് ഉടമയായിത്തീര്‍ന്ന കേരളത്തിന്, അവ കൈവരിക്കാന്‍ സഹായിച്ച വിദ്യാഭ്യാസൌപാധികളെ - പുസ്തകവും അദ്ധ്യാപകനും - അഗ്നിയ്ക്കും മരണത്തിനും എറിഞ്ഞു കൊടുക്കുന്നത് ലജ്ജാവഹം തന്നെ. ‘വിശക്കുന്ന മനുഷയാ, പുസ്തകം കൈയിലെടുക്കൂ, അതു നിന്റെ വിശപ്പകറ്റും’ എന്നും ‘വിദ്യാലയങ്ങളാണ് ആരാധനാലയങ്ങള്‍’ എന്നും “ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നും കേട്ടും പഠിച്ചും വളര്‍ന്ന കേരളം ഇപ്പോള്‍ കുറെപ്പേരുടെ പതിത ചിന്തകള്‍ക്കിരയാവേണ്ടി വരുന്നത് കഷ്ടം തന്നെ.

ഏഴാംക്ലാസ് പാഠപുസ്തകത്തിലെ മതവിരുദ്ധതയെന്താണ്? ‘ജീവന്’ എന്തുമതമാണുള്ളത്? ജനനത്തിനും മരണത്തിനുമിടയ്ക്കല്ലേ ജാതിയും മതവും ചാര്‍ത്തപ്പെടുന്നത്? അതു തന്നെയാണിവിടെ പ്രശ്നവും. ജാതിയും മതവും ചൊല്ലി അണികളെ നിലനിര്‍ത്തുക എന്ന സ്ഥാപിതതാത്പര്യമെതുമില്ലാതെ, മാനവമുന്നേറ്റങ്ങളെ അധരവ്യായാമത്തിലൊതുക്കുന്നവര്‍ക്ക് ചെയ്യാനാവില്ല. മതരഹിതമായ പേരു നല്‍കി, ഭാവിയില്‍ ഇഷ്ടമതം സ്വീകരിക്കാനുള്ള സാധ്യത തുറന്നിട്ട രക്ഷാകര്‍ത്താക്കളെ അഭിനന്ദിക്കുന്ന നിലപാടാണ്, മതങ്ങളുടെയും യാഥാസ്ഥിതികതയുടെയും കാപട്യങ്ങളറിയാവുന്നവര്‍ ചെയ്തിട്ടുള്ളത്. ജീവിതത്തെ അന്വേഷണാത്മകമായി കാണുന്നവര്‍ക്ക് വരാനുള്ളവരെ സങ്കുചിതത്വങ്ങളില്‍ വരഞ്ഞിടാനാവുകയില്ലല്ലോ!

മനുഷ്യജീവിതവും സംസ്കാരവും ‘മിശ്ര’മാവാതിരിക്കാന്‍ നിവൃത്തിയില്ല. ഭാഷ, ഭക്ഷണം, വേഷം, മതം, എന്നിങ്ങനെ എല്ലാം കൊള്ളല്‍-കൊടുക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന കാലം ഈ മിശ്രണത്തെ അടിവരയിട്ട് മനസ്സിലാക്കിയതു കൊണ്ടാണ് മിശ്രവിവാഹം പോലുള്ളവ പ്രോത്സാഹിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ സമുന്നതരായ നേതാക്കന്മാരും ഇതിനെ സ്വജീവിതം കൊണ്ട് സാധൂകരിച്ചിട്ടുണ്ട്. ജീവിക്കാന്‍ ജാതിയും മതവും ആവശ്യമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും ശാസ്ത്രീയവും സാമൂഹികവുമായ വികസനപ്രക്രിയകളാണ് വികസനത്തിനാവശ്യമെന്നും അവര്‍ പ്രചരിപ്പിക്കാനും മറന്നില്ല. അങ്ങനെയുള്ള ശാസ്ത്രീയയുക്തിബോധം മതങ്ങളെ കാലാനുസൃതമായ നിരവധിമാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. മതാധിഷ്ഠിത ആത്മീയത, മതാതീതമായ ആത്മീയതയ്ക്കു വഴിമാറുന്നത് ഇതിനു നല്ലൊരു തെളിവാണ്. മതയുക്തി അസ്ഥിരപ്പെടുകയും ശാസ്ത്രയുക്തി മേല്‍ക്കൈ നേടുകയും ചെയ്യുന്ന ജനവിഭാഗങ്ങളിലാണല്ലോ മതാതീത ആത്മീയത ശക്തി പ്രാപിക്കുന്നത്. അപ്പോള്‍ ഏതു നിലയ്ക്കും ‘മിശ്ര’മെന്നു പറയാവുന്ന കേരളീയ സാഹചര്യത്തില്‍ ‘മതനിരപേക്ഷ‘ജീവിതത്തെക്കുറിച്ചു പഠിക്കുന്നത് അപകടകരമാണെന്നു പറയുന്നത് അറിവില്ലായ്മ മാത്രമല്ല. ഭരണഘടനാപരമായി തന്നെ ന്യായീകരിക്കാവുന്ന ‘മതനിരപേക്ഷത’ കേരളത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടത് മലയാളി ജീവിതത്തിന്റെ കാപട്യമാണ് പുറത്തു കൊണ്ടു വരുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പെരുകുന്ന സാഹചര്യത്തില്‍ അന്യമതക്കാരനെ ശത്രുവായി കണ്ട് സാമുദായിക രാഷ്ട്രീയം നിര്‍വചിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മിശ്രവിവാഹം, മതനിരപേക്ഷത തുടങ്ങിയവ സംബോധനചെയ്യാന്‍ മതത്തിനോ മതാധിഷ്ഠിത രാഷ്ട്രീയത്തിനോ സാമുദായികതയ്ക്കോ സാദ്ധ്യമല്ല. എല്ലാ മതത്തിനകത്തും ജാതീയമായ വേര്‍തിരിവുകള്‍ ശക്തമായി നിലനില്‍ക്കുന്നു. മതത്തിനുള്ളിലെ ജാതികളുമായി പോലും വിവാഹബന്ധം സങ്കല്‍പ്പിക്കാവാത്ത വിധത്തില്‍. അകത്തു സാദ്ധ്യമല്ലാത്ത ഒന്ന് പുറത്ത് മതങ്ങളും ജാതികളും തമ്മിലുണ്ടാവണമെന്നു പറഞ്ഞാല്‍ അവര്‍ക്ക് സ്വ്വീകരിക്കാനാവില്ലല്ലോ. അതു പഠിപ്പിക്കണമെന്നു പറഞ്ഞാല്‍, സാമുദായികസ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കും ജോലി നല്‍കിയവര്‍ക്കും കഴിയുമോ?പൊയ്മുഖം പൊളിഞ്ഞു വീഴില്ലേ?അതെ. കൊള്ളക്കൊടുക്കകള്‍ സാദ്ധ്യമല്ലാത്ത സങ്കുചിതത്വമായി കേരളം വിഭജിക്കപ്പെട്ടു കിടന്നാലേ കലക്കാനും മീന്‍ പിടിക്കാനും സാധിക്കൂ. അതായത് ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന മട്ടില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭവുമായി മുന്നോട്ടു വന്നതിന്റെ രഹസ്യമിതാണ്. തങ്ങളുടെ അണികളെ ആരും പിടിച്ചെടുക്കരുത് എന്ന് സമരക്കാര്‍ തമ്മില്‍ സമരമാണ്. ഓരോരുത്തരും അവരുടേതായ സമര നേതൃത്വം ഉണ്ടാക്കിയെടുത്തതും ചെറു നേതൃത്വങ്ങള്‍ക്കെല്ലാം കൂടി ഒരു വലിയ നേതൃത്വമുണ്ടായി വന്നതും മുതലെടുപ്പിന്റെ ഭാഗമായിട്ടാണ്, സംവാദത്തിന്റെ ഭാഗമായിട്ടല്ല. ഈയൊരു രാഷ്ട്രീയലാക്കിന് കരുവായത് പാഠപുസ്തകമാണെന്നത് ആശയദാരിദ്ര്യത്തെയാണ് വെളിവാക്കിയത്. അങ്ങനെ ‘മിശ്രജീവിത’സന്ദേശത്തിനെതിരെ ഒരു മിശ്രസമരമാണിവിടെ കാണുന്നത്. അതിനുള്ളില്‍ മുഴങ്ങിയത് ‘സ്വന്തം മതത്തിലെ കുട്ടികള്‍ സ്വന്തം സ്ഥാപനങ്ങളില്‍ പഠിക്കണം’ എന്ന വില കെട്ട ആശയങ്ങളാണ്. ഭിന്നിക്കപ്പെടാന്‍ ഒന്നിച്ചു നില്‍ക്കുന്ന വൈരുദ്ധ്യം. ഇവര്‍ മറന്നത് മതസ്വാതന്ത്ര്യവും മതപരിവര്‍ത്തനവും അതിന്റെ അടിസ്ഥാനത്തിലും അല്ലാതെയുമുള്ള വിവാഹസ്വാതന്ത്ര്യവും ഇവിടെ അനുവദിക്കപ്പെട്ടിരുന്നതിനാലാണ് ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ അവര്‍ക്കാവുന്നത് എന്നതാണ്.

എന്തു വന്നാലും ‘നിരീശ്വരചിന്ത’ അനുവദിക്കുകയില്ല എന്നാണ് ചില മതകേന്ദ്രങ്ങള്‍ പറയുന്നത്. മതലേബലുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ എന്താവും നടക്കുക. മതവേഷങ്ങള്‍ റോന്തുചുറ്റുന്ന സ്ഥാപനങ്ങളില്‍ ഭയം കുടിച്ച അദ്ധ്യാപകര്‍ വിമര്‍ശനാത്മക പഠനപദ്ധതി ഉത്പാദിപ്പിക്കുന്ന ചോദ്യങ്ങളെ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക. ‘പരിണാമസിദ്ധാന്തം’ ഇവരൊക്കെ പഠിപ്പിക്കുന്നത് അതിന്റെ ശരിയായ അര്‍ത്ഥത്തിലാവാന്‍ സാദ്ധ്യതയില്ല. നിലവില്‍ തന്നെ ഈ പ്രശ്നമുണ്ട്. പരീക്ഷയ്ക്ക് ഒരുത്തരവും വിശ്വസിക്കാന്‍ മറ്റൊരുത്തരവും ആണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് വിശ്വാസവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതെ വരുന്നത്. ഉള്ളിലൊന്ന് പുറത്ത് മറ്റൊന്ന്. വീട്ടിലൊന്ന് നാട്ടില്‍ മറ്റൊന്ന്. അറിവും പരിഷ്കാരവും പുരോഗമനചിന്തയും പുറത്ത്, അകത്തോ അന്ധവിശ്വാസവും അനാചാരവും ജാതകവും മന്ത്രവാദവും വാസ്തുവും. അശാസ്ത്രീയമായ സമൂഹത്തില്‍ ശാസ്ത്രീയത പരാജയപ്പെടുന്നത് അങ്ങനെയാണ്. യുക്തിബോധത്തിന്റെ അപഹാരം നടുക്കുന്ന യാഥാര്‍ത്ഥ്യമാവുകയാണ്. അതാണ് പാഠപുസ്തകം തെരുവിലും ആരാധനാലയത്തിലും വച്ച് സമുദായക്കാരും പുരോഹിതന്മാരും കുട്ടിക്കോമാളികളും ചേര്‍ന്നു നിര്‍മ്മിക്കുന്നിടത്ത് കാര്യങ്ങള്‍ വന്നു ചേരുന്നത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നിരീശ്വരത്വം കൊണ്ട് ലോകത്തിനു സംഭവിച്ച വിപത്ത് ചൂണ്ടിക്കാണിക്കാനായിട്ടില്ല.

മനുഷ്യന്റെ യുക്തിബോധമാണ് മനുഷ്യസംസ്കാരം നിര്‍മ്മിച്ചത്. മാനവികത, സാഹോദര്യം, മതനിരപേക്ഷത, തുല്യത തുടങ്ങിയവയെല്ലാം യുക്തിബോധത്തിന്റെ സംഭാവനയാണ്. മതയുക്തിയ്ക്കു പുറത്തൊരു മാനവികയുക്തി. മനുഷ്യന്‍‍ മതത്തെ നിര്‍മ്മിച്ചെങ്കിലും മതം മനുഷ്യനെ നിര്‍മ്മിച്ചിട്ടില്ലെന്നു പറയുന്നത് അതുകൊണ്ടാണ്. മതത്തിനാവട്ടെ, മനുഷ്യനെ തമ്മിലകറ്റിയ തമ്മില്‍ കൊലവിളിച്ച ഭൂതകാലവും വര്‍ത്തമാനവുമാണ്ണുള്ളത്. ദൈവത്തിന്റെ പേരില്‍ എന്തെല്ലാമിവിടെ നടന്നിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യമുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച യുക്തിചിന്ത, കമ്മ്യൂണിസം തുടങ്ങിയവയെ പഠനവിധേയമാക്കുന്നത് ഒരശ്ലീലവൃത്തി പോലെ കാണുന്നത് ആശാസ്യമല്ല. ഇവ മാത്രമേ പഠിക്കേണ്ടതുള്ളൂ എന്ന് ഇവിടെ വിവക്ഷിക്കുന്നില്ല. മതഗ്രന്ഥങ്ങള്‍ മതത്തിന്റെയല്ല, ലോകത്തിന്റെ സമ്പത്താകയാല്‍ മതത്തിനു പുറത്തും അവ പഠനവിധേയമാക്കേണ്ടതുണ്ട്. അതുപോലെ, നമ്മുടെ സമൂഹം ജാതിമതാദി സങ്കുചിതത്വങ്ങളാല്‍ വ്യാപൃതമാണെന്നും ഉച്ചനീചത്വങ്ങള്‍ മനുഷ്യജീവിതം ദുര്‍ഘടമാക്കുന്നുവെന്നും കുട്ടികള്‍ തന്നെയാണ് പഠിക്കേണ്ടത്. ഭാവിലോകം എങ്ങനെയായിരിക്കണമെന്ന് ഭാവിവാഗ്ദാനങ്ങള്‍ ഭാവന ചെയ്യേണ്ടതുണ്ട്. നിലവിലുള്ള ബദല്‍ ജീവിതമാതൃകകളെക്കുറിച്ചും അറിയേണ്ടതു തന്നെ. പഠന വിധേയമല്ലാത്തതായി ഒന്നുമില്ലല്ലോ. ഭാവി വിധാതാക്കള്‍ എല്ലാം പഠിക്കട്ടെ. പഠിക്കണം എന്നു മാത്രം.

ഒരു കാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഇതെല്ലാം കണ്ടുംകേട്ടും ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു എന്നതാണ് അത്. അവര്‍ അവരുടെ നേതാക്കന്മാരെയും മതപുരോഹിതന്മാരെയും സമുദായക്കാരെയും നന്നായി അറിയുന്നുണ്ട്. ‘ഇത്തിരിവട്ടം മാത്രം കാണുകയും ഇത്തിരിമാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖവാമനന്മാരോട് - മൂവടിമണ്ണിന് ഇരന്നു കവര്‍ന്നു നശിപ്പോരോട്’ ചോദ്യങ്ങളും ഉത്തരങ്ങളുമായി അവര്‍ വരുന്നുണ്ട്. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ’ എന്നു നാം ഓര്‍മ്മിക്കുക.

ഡി. യേശുദാസ്
http://dyesudas.wordpress.com
Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2008-08-05 00:03.

varnnu varunna kurunnukal ee shudha asambandangalkk prathikaaram chodhikkunna kaalam vidhooramallennariyuka...pakshe avrude reethi enthenn namukkoohikkan kazhiyillennu maathram

Submitted by pp.rajesh (not verified) on Tue, 2008-08-05 21:06.

പുസ്തകം കത്തിച്ചും അദ്ധ്യാപകനെ കൊലപ്പെടുത്തിയും എന്നതില്‍ ആദ്യത്തേതു് ശരി. ബാക്കി അത്യുക്തിദേഷമുള്ള പ്രസ്താവമാണു്. പാഠം പഠിപ്പിച്ചതിനാല്‍ ആ അദ്ധ്യാപകനെ കൊന്നതല്ലല്ലോ. സമരത്തിനിടയില്‍ മര്‍ദ്ദനമേറ്റ അദ്ധ്യാപകന്‍ മരണപ്പെട്ടുവെന്നതു് വാസ്തവം.

‘വിശക്കുന്ന മനുഷയാ, പുസ്തകം കൈയിലെടുക്കൂ, അതു നിന്റെ വിശപ്പകറ്റും’ എന്നതിലെ അവസാനഭാഗം തെറ്റു്. അതു് ഒരു ആയുധമാണു് എന്ന ബെര്‍ട്ടോള്‍ഡ് ബ്രെഹ്തിന്റെ വരികളാണു് മലയാളികള്‍ കേട്ടിട്ടുള്ളതു്. ഇത് ഏതോ ചിതലിന്റെ ഗീതമാണു്.

ഭാവിയില്‍ ഇഷ്ടമതം സ്വീകരിക്കാനുള്ള സാധ്യത തുറന്നിട്ട രക്ഷാകര്‍ത്താക്കളെ അഭിനന്ദിക്കുന്ന നിലപാടാണ്, എന്നതു് ഫലിതമാണു്. ആദ്യം മതേതരനായിരിക്കുകയും പിന്നീട് മതവിശ്വാസിയാവുകയും ചെയ്യുതു് മനുഷ്യനില്‍ നിന്നു് കുരങ്ങിലേക്കുള്ള പരിണാമമാണു്. ഇതില്‍ അഭിനന്ദിക്കുകയല്ല വേണ്ടതു് സഹതപിക്കുകയാണു്.

ഈ മിശ്രണത്തെ അടിവരയിട്ട് മനസ്സിലാക്കിയതു കൊണ്ടാണ് മിശ്രവിവാഹം പോലുള്ളവ പ്രോത്സാഹിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ സമുന്നതരായ നേതാക്കന്മാരും ഇതിനെ സ്വജീവിതം കൊണ്ട് സാധൂകരിച്ചിട്ടുണ്ട്. ശരി തന്നെ. എങ്കിലും പൊതുസമൂഹം എതാണു് ജാതി ഉപേക്ഷിക്കാതെ ജീവിക്കുന്നതു്? ഒരു പക്ഷെ ഈ പുസ്തകത്തോടെ കേരളത്തില്‍, ജാതി, ഭൂതകാലചരിത്രത്തിന്റെ ഭാഗമായി മാറിയേക്കാം.

ഭരണഘടനാപരമായി തന്നെ ന്യായീകരിക്കാവുന്ന ‘മതനിരപേക്ഷത’ കേരളത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടത് മലയാളി ജീവിതത്തിന്റെ കാപട്യമാണ് പുറത്തു കൊണ്ടു വരുന്നത്. ശരി തന്നെ. ഭരണഘടന ഉറപ്പുനല്കുന്ന പൌരാവകാശങ്ങള്‍ മൊത്തമായി ധ്വംസിച്ച് ഹര്‍ത്താല്‍ മഹാമഹങ്ങള്‍ ആഘോഷിക്കുന്ന കേരളീയരെപ്പോലെ നീചന്മാര്‍ ആരുണ്ടു്? അവര്‍ എല്ലാവരും ഈ പുസ്തകത്തെ എതിര്‍ക്കുന്നില്ല എന്നതാണു് ഏക ആശ്വാസം.

അതു പഠിപ്പിക്കണമെന്നു പറഞ്ഞാല്‍, സാമുദായികസ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കും ജോലി നല്‍കിയവര്‍ക്കും കഴിയുമോ? ഇതു് ശരിയല്ല. അദ്ധ്യാപകര്‍ പല യൂനിയനില്‍ പെട്ടവരാണു്. പിന്തിരിപ്പന്മാര്‍ക്കു് സാധിക്കില്ല. പുരോഗനമവാദികള്‍ക്കു് സാധിക്കാതിരിക്കില്ല.

ചെറു നേതൃത്വങ്ങള്‍ക്കെല്ലാം കൂടി ഒരു വലിയ നേതൃത്വമുണ്ടായി വന്നതും മുതലെടുപ്പിന്റെ ഭാഗമായിട്ടാണ്, സംവാദത്തിന്റെ ഭാഗമായിട്ടല്ല. ഈയൊരു രാഷ്ട്രീയലാക്കിന് കരുവായത് പാഠപുസ്തകമാണെന്നത് ആശയദാരിദ്ര്യത്തെയാണ് വെളിവാക്കിയത്. ശരി തന്നെ. ഇതു് നിരന്തരം ഇടതു-വലതുപക്ഷങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്ന പതിവു് കാര്യമായതുകൊണ്ടാണു് ആരും ശ്രദ്ധിക്കാത്തതു്.

മതത്തിനാവട്ടെ, മനുഷ്യനെ തമ്മിലകറ്റിയ തമ്മില്‍ കൊലവിളിച്ച ഭൂതകാലവും വര്‍ത്തമാനവുമാണ്ണുള്ളത്. മതത്തിനു മാത്രമല്ലല്ലോ. കരിങ്കാലികളെ ഒറ്റപ്പെടുത്തുക എന്നു് എതിരാളി തോല്പിക്കാന്‍ മുദ്രാവാക്യം വിളിക്കുകയും അവരെ തല്ലിയൊതുക്കിയും കുറേപ്പേരെ വെട്ടിക്കൊന്നും വിജയപതാക പറപ്പിക്കുന്നതു് മതമല്ല സഹോദരാ, രാഷ്ട്രീയമാണു്. വിപ്ലവരാഷ്ട്രീയം എന്ന പേരില്‍ അവസരവാദം.

Submitted by Anonymous (not verified) on Mon, 2008-08-11 06:31.

എന്തായാലും സമരം ചീറ്റിപ്പോയി. പൊതുജനങ്ങളില്‍ നിന്നും വലിയ സഹകരണം കിട്ടാതെ വന്നപ്പോള്‍, ഇതിന്നു നിര്‍ത്താന്‍ പാടു പെടുന്നു വലതന്‍മാര്‍. ലീഗിനും പാതിരിപ്രമാണികള്‍ക്കും മാത്രമാണ്‌ ഇപ്പോള്‍ പ്രശ്നം. രണ്ടു സമിതിക്കാരും, ചില ഭാഗങ്ങള്‍ മാറ്റാന്‍, മാത്രമേ പറയുന്നുള്ളൂ. അതങ്ങു മാറ്റി ഈ സമരത്തിനു മേല്‍ അവസാന ആണിയും അടിചു കൂടേ ബേബി സഖാവേ?

Submitted by Rajesh.P.P (not verified) on Tue, 2008-08-12 00:28.

കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ സമരങ്ങള്‍ക്കു് വന്‍ പിന്തുണയാണു് എന്നും അതു് കിട്ടാതെ പാഠപുസ്തകസമരം ചീറ്റിപ്പോയി എന്നും പറയുന്നതു് തമാശയാണു്. പൊതുമുതല്‍ നശിപ്പിച്ചും അക്രമം കാട്ടിയും ജനജീവിതം ദുസ്സഹമാക്കിയ സമരപരമ്പരകള്‍ക്കൊടുവിലാണു് വി.എസിന്റെ ഭരണം വന്നതു്. സമരം നടത്തിയവര്‍ ഭരണപക്ഷമായപ്പോള്‍ സമരം നടത്തിയ എല്ലാ വിഷയവും വിഴുങ്ങി നല്ല കുട്ടികളായിരിക്കുകയാണല്ലോ പോരാളികള്‍. ജനപിന്തുണ വല്ലാതെ കൂടിയതു കൊണ്ടായിരിക്കണം ഇടതുപക്ഷമന്ത്രിമാര്‍ വരെ ഹര്‍ത്താലിനെതിരെ സംസാരിച്ചു തുടങ്ങിയതു്. സമരത്തിന്റെ ജനപിന്തുണ എന്ന തമാശ സഹിക്കാന്‍ വയ്യ. ജനത്തെ പൊറുതിമുട്ടിക്കുന്നതിനെ പിന്തുണയ്ക്കുന്ന മന്തന്‍ ജനതയാണു് മലയാളികള്‍ എന്നാണോ?