തര്‍ജ്ജനി

മത്സ്യം

0
പനിയുടെ തളര്‍ച്ചയില്‍ ചുരുണ്ടുറങ്ങുന്ന മകളെ കെട്ടിപ്പിടിച്ചു കിടന്ന് അവള്‍ കരഞ്ഞു.

അന്നുവൈകിട്ട് ഫാക്റ്ററിയുടെ ഇരുണ്ട മൂലയില്‍ വച്ച് പൂജ ചെയ്യുന്ന പൂജാരിയുടെ സാത്വിക ചലനങ്ങളോടെ അവളുടെ ബ്ലൌസിന്റെ കൊളുത്തുകള്‍ അഴിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ ദയവോടെ പറഞ്ഞു: നീയിങ്ങനെ വിഷമിക്കരുത് കൊച്ചേ. നിനക്ക് ചിലവിനു തരാത്ത ഒരുത്തനെക്കുറിച്ച് നീ എന്തിന് വിഷമിക്കണം? അയാള്‍ അവളുടെ മുലകളെ പൂജിക്കാന്‍ തുടങ്ങി.

മകള്‍ ഉറക്കത്തില്‍ തിരിഞ്ഞ് അവളുടെ മുലകള്‍ക്കായി പരതി.

അവള്‍ക്ക് അറപ്പ് തോന്നി. എഴുന്നേറ്റ് ഒരു തലയിണ കുഞ്ഞിന്റെ ശരീരത്തോട് ചേര്‍ത്തുവച്ച് അവള്‍ നിലത്തിറങ്ങി ഭിത്തിചാരി ഇരുന്നു.

മാളൂട്ടി കൈ നീട്ടി തലയിണ കെട്ടിപ്പിടിച്ച് മുഖം പൂഴ്ത്തി ഉറങ്ങി.

1
അയ്യടാ കുറുമ്പാ എന്ന് ഉറക്കെവിളിച്ച് തലതല്ലിച്ചിരിച്ച് മാളൂട്ടിയും മൌഗ്ലിയും കെട്ടിമറിഞ്ഞ് കട്ടിലില്‍ നിന്ന് വീണു. ചെന്നായ്ക്കൂട്ടം പിന്നാലെ ചാടി മാളൂട്ടിയെ ഇക്കിളി കൂട്ടി. കുറുമ്പന്മാര്‍ക്ക് കൂറ് മൌഗ്ലിയോടാണ്. എങ്കിലും മാളൂട്ടിയെയും ഇഷ്ടാണ്.

സ്കുളില്‍ നിന്നു വന്നാല്‍ അമ്മ ജോലി കഴിഞ്ഞുവരുന്നതുവരെ ഉള്ള സമയം മാളൂട്ടി മൌഗ്ലിയുടെയും ചെന്നായ്ക്കളുടെയും കൂടെ കളിക്കുകയായിരുന്നു പതിവ്. അവളുടെ അമ്മ എവിടെനിന്നോ കൊണ്ടുവരുന്ന പഴയ ബാലരമയുടെ താളുകളില്‍ നിന്ന് അവളെപ്പോലെ മുടിയുള്ള അരമാത്രം മറച്ച സുന്ദരനായ ചെക്കനും നക്കിയും മുഖമിട്ടുരച്ചും സ്നേഹിക്കുന്ന ചെന്നായ്ക്കളും ഇറങ്ങിവരും. കെട്ടിമറിഞ്ഞ് ചാടിക്കളിച്ചു കഴിയുമ്പോഴേക്കും കട്ടിലിലെ തലയിണയും പുതപ്പും മുഷിഞ്ഞ തുണികളുമെല്ലാം അലങ്കോലമായിട്ടുണ്ടാവും. അമ്മ വരുന്നതിനു മുന്‍പ് മാളൂട്ടി അതെല്ലാം അടുക്കി വയ്ക്കും.

സ്കൂളിലും വീട്ടിലും മാളൂട്ടിക്ക് കൂട്ടുകാര്‍ ഇല്ലാത്തത് അമ്മയുടെ ദോഷം കൊണ്ടാണെന്ന് അമ്മമ്മ പറയാറുണ്ട്. അമ്മമ്മ ദുഷ്ടയാണ്. മാളൂട്ടിയെയും അമ്മയെയും ഇഷ്ടമല്ല.

അമ്മ വന്നാല്‍ തോട്ടില്‍ പോയി കുളിക്കാം. തോട്ടിലെ വെള്ളത്തിന് എപ്പോഴും ഇളം ചൂടാണ്. ഒരുപാട് മീനുണ്ട്. തോടിന്റെ മക്കളാണ്. ഉടുപ്പഴിച്ച് കരക്കുവച്ച് മാ‍ളൂട്ടിയും ഒരു മീനാകും. ഇളം ചൂടുള്ള ചുഴികള്‍ കൊണ്ട് തോട് മാളൂട്ടിയെ കെട്ടിപ്പിടിക്കും. അപ്പോള്‍ മാളൂട്ടിക്ക് അമ്മയെ ഓര്‍മവരും. കരയില്‍ തുണിതിരുമ്മി നില്‍ക്കുന്ന അമ്മയെ അവള്‍ വിളിക്കും. ഇരുട്ടുന്നതിനു മുമ്പ് കുളിച്ചുകയറെടീ അസത്തേ എന്ന് അമ്മ വഴക്കു പറയും. എന്നാലും അമ്മ പാവാ‍ണ്.
അങ്ങനെ അങ്ങനെയാണ് മാളൂട്ടിക്ക് മീനുകളോട് അസൂയ തോന്നിത്തുടങ്ങിയത്. മൌഗ്ലി പിണങ്ങുന്ന വൈകുന്നേരങ്ങളിലും അമ്മ വീട്ടിലുള്ള അവധി ദിവസങ്ങളിലും മാളൂട്ടി തോട്ടരികില്‍ വന്ന് വെള്ളത്തിലേക്ക് കൊതിയോടെ നോക്കി നില്‍ക്കും. ചുഴിയുടെ ചൂടില്‍ പ്രസന്നരായ മീനുകള്‍ മാളൂട്ടിയെനോക്കി കുസൃതിച്ചിരി ചിരിക്കും. അപ്പോള്‍ മാളൂട്ടിയുടെ സ്വപ്നത്തില്‍ അമ്മ പിന്നിലൊരു നീരൊഴുക്കായിവന്ന് മാളൂട്ടിയെ ചുറ്റിപ്പിടിക്കും. ഇക്കിളിയുള്ള സുഖത്തില്‍ ഒരുമ്മക്ക് കഴുത്തുവളച്ചുകൊടുത്ത് മാളൂട്ടി ഒറ്റക്ക് ചിരിക്കും.

2

മഴ ഇരച്ചുവീഴുന്ന ഒരു ഇരുണ്ട വൈകുന്നേരമാണ് മാളൂട്ടിയുടെ അച്ഛന്‍ കയറി വന്നത്. മുന്നില്‍ വാതില്‍ ഞരങ്ങുന്ന ശബ്ദം കേട്ടതേ മൌഗ്ലിയൂം കൂട്ടുകാരും ഇരുളില്‍ എവിടെയോ ഒളിച്ചു. അലങ്കോലമായ കട്ടിലിനു മുകളില്‍ മുട്ടുകുത്തി നിന്ന് മാളൂട്ടി നനഞ്ഞൊട്ടിയ രൂപത്തെ നോക്കി പേടിച്ചു കിതച്ചു.

അച്ഛന്‍ ചിരിച്ചു. അമ്മ വന്നില്ലേ മോളേ.

മൌഗ്ലിയുടെ ശത്രു ഷേര്‍ഖാന്‍ എന്ന് കടുവയുടെ ചിരി ആണ് മാളൂട്ടിക്ക് ഓര്‍മ്മവന്നത്. അയാള്‍ അമ്മയെ പിടിക്കാന്‍ വന്നതാണ്.

മാളൂട്ടി ഒന്നും മിണ്ടാതെ ഭയത്തോടെ ഇറങ്ങി അടുത്ത ഇരുണ്ട ചരിപ്പിലേക്ക് കയറി. തള്ളേടെ കൊണം എന്നു പിറുപിറുത്ത് അയാള്‍ ചെരിപ്പ് നിലത്തുരച്ച് ശബ്ദമുണ്ടാക്കി വാതില്‍ക്കല്‍ നിന്നും പോയി.

അച്ഛന്‍ വരുന്ന വൈകുന്നേരങ്ങളില്‍ മാളൂട്ടിക്ക് പേടിയാണ്. അമ്മയെ ചീത്തവിളിയാണ് എപ്പോഴും. പിന്നെ അടഞ്ഞ മുറിയില്‍ നിന്ന് അമ്മ കരയുന്നത് മാളൂട്ടി കേള്‍ക്കും. നേരം വെളുക്കുമ്പോള്‍ അയാ‍ള്‍ പോയിരിക്കും.

എങ്കിലും മാളൂട്ടിയോട് അച്ഛന്‍ ദേഷ്യം കാണിക്കാറില്ല. മാളൂട്ടിയെ അമ്മയുടെ അടുത്തുനിന്ന് കൊണ്ടുപോകാന്‍ വേണ്ടിയാണ് അച്ഛന്‍ ഇടയ്ക്കിടക്ക് വരുന്നതു തന്നെ. മാളൂട്ടി പോയാല്‍ അമ്മയ്ക്ക ആരും ഇല്ല. മാളൂട്ടിക്ക് അച്ഛന്റെ കൂടെ പോവണ്ട. അച്ഛനെ ഇഷ്ടവും അല്ല.

പോവണ്ട പോവണ്ട എന്ന് പിറുപിറുത്ത് മാളൂട്ടി ചരിപ്പിലെ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങി. ഇരുട്ടിന് വിയര്‍പ്പിന്റെ മണം. മാളൂട്ടിക്ക് യക്ഷി നാരായണിയെ ഓര്‍മ്മ വന്നു.

വീടിരിക്കുന്ന കുന്നിറങ്ങി തോടിറങ്ങി വയല്‍ കടന്ന് കവലയിലേക്ക് കയറുന്നിടത്താ‍ണ് നാരായണിയുടെ വീട്. കറുത്ത് തടിച്ചിട്ടാണ് നാരായണി. രണ്ടാം മുണ്ടിടാതെ വീട്ടു വരാന്തയില്‍ കാലുനീട്ടിവച്ചിരിക്കാറുള്ള നാരായണിക്ക് യക്ഷി എന്ന് പേരിട്ടത് ബാലന്‍ മാഷാണ്. സ്കൂളിലെ കുട്ടികളെയും കൊണ്ട് മലമ്പുഴ പോയിവന്ന ദിവസം.

യക്ഷി എന്നാല്‍ എന്താന്നറിയില്ലെങ്കിലും മാളൂട്ടിക്ക് നാരായണിയെ പേടിയായിരുന്നു. അതുകൊണ്ട് കവലയിലെ കടയില്‍ നിന്ന് തീപ്പെട്ടി വാങ്ങി തിരികെവരുമ്പോള്‍ പടവില്‍ വീണ് മുട്ടുപൊട്ടിയിട്ടും നാരായണിയുടെ വീട്ടിലേക്ക് തിരിയാതെ മാളൂട്ടി ചോരയൊലിപ്പിച്ച് വീട്ടിലേക്ക് പോകാന്‍ നോക്കിയത്.

യ്യൊ ന്റ സുന്നരിക്കുട്ടിക്കെന്തു പറ്റി എന്നു ചോദിച്ച് നാരായണി മാളൂട്ടിയെ വലിച്ചെടുത്ത് ഒക്കത്തുവച്ചു. കുതറി നോക്കിയിട്ടും വിടാതെ വീടിന്റെ ഇറയത്തു കൊണ്ടിരുത്തി മുറിവ് തുടച്ച് തുണിവച്ചു കെട്ടി. കരയാതെ പേടിച്ചിരിക്കുന്ന മാളൂട്ടിക്ക് ഒരുമ്മയും കൊടുത്തു. മാളൂട്ടിക്ക് അമ്മയെ ഓര്‍മ്മ വന്നു. അതിനും ഒരുപാട് മുന്‍പ് ഒറ്റക്കുറങ്ങുന്ന മാളൂട്ടിയുടെ അടുത്തുവന്ന് നോക്കിയിരുന്നിട്ട് അമ്മ നെറ്റിയില്‍ ഉമ്മ വയ്ക്കുമായിരുന്നു. ഇപ്പോള്‍ മാളൂട്ടി വലുതായില്ലേ.

നാരായണി മാളൂട്ടിക്ക് മുളകും ഇഞ്ചിയും ഇട്ട മോരിന്‍‌വെള്ളം കൊടുത്തു. അതു കുടിച്ചുകൊണ്ട് നാരായണിയുടെ കൊഴുത്ത നെഞ്ചത്തേക്ക് പാളി നോക്കുമ്പോള്‍ മാളൂട്ടിക്ക് വേറേ ഒരിഷ്ടം തോന്നി. മാളൂട്ടി പറഞ്ഞില്ല. വലിയകുട്ടികള്‍ പാലുകുടിക്കാറില്ല.

പോകാന്‍ നേരം നാരായണി മാളൂട്ടിയെ കെട്ടിപ്പിടിച്ചു. തോട്ടിലെ ചുഴിപോലെ ഇളം ചൂട്. വിയര്‍പ്പിന്റെ മണം.

മുറിയിലെ ഇരുട്ടില്‍ കുനിഞ്ഞിരിക്കുമ്പോള്‍ മാളൂട്ടിക്ക് ഒരു ചൂടുതോന്നി.നാരായണിയുടെ മണവും. ഉറക്കം വന്നു. നാരായണി പിന്നില്‍ മാളൂട്ടിയെ കെട്ടിപ്പിടിച്ചു. അരികിലിരുന്ന് ബ്ലൌസ് തുറന്ന് മുലയൂട്ടി.

എഴുനേറ്റ് തുണിമാറ് നമുക്കുപോകാം. അച്ഛന്റെ കൈ മാളൂട്ടിയെ നാരായണിയുടെ ചൂടില്‍ നിന്ന് വലിച്ചെടുത്തു. മാളൂട്ടി പകച്ചു നിന്നു. കുതറി.

ഉടുപ്പെടുത്തിട്ടു വാ. നമുക്ക് ഒരു സ്ഥലം വരെ പോകാം. അച്ഛന്‍ സൌമ്യമായി പറഞ്ഞു.

ഷേര്‍ഖാന്റെ ചിരി. മാളൂട്ടി കുതറി അടുത്ത മുറിയിലേക്ക് പോയി.

പറയുന്നത് കേള്‍ക്ക് കൊച്ചേ.. സമയമില്ല. ഷേര്‍ഖാന്‍ മുരണ്ടു.

മാളൂട്ടി കട്ടിലില്‍ നിന്ന് ഒരു പഴയ ഉടുപ്പും പാവാടയും എടുത്തു. അമ്മ വരും വരെ എങ്ങനെയെങ്കിലും ഒളിച്ചുകളിക്കണം.

മിടുക്കി. അച്ഛന്‍ ദാ പുറത്തിരിക്കാം. വേഗം ഉടുപ്പ് മാറിവാ.

പിന്‍‌വാതിലിറങ്ങി ഇടവഴിയിലൂടെ കുന്നിറങ്ങി തോട് കടന്ന് നാരായണിയുടെ വീട്ടില്‍ പോയാലോ? ഷേര്‍ഖാന്‍ വീടിനുമുന്നില്‍ കാവലാണ്. വഴിയിലിറങ്ങിയാല്‍ കാണും. പക്ഷേ മഴപെയ്തതുകൊണ്ട് മാളൂട്ടിക്ക് ഒറ്റക്ക് തോടുമുറിച്ച് കടക്കാ‍നാവില്ല

3
കാല്‍ കഴുകാന്‍ എന്ന മട്ടില്‍ പിന്‍ വാതിലിലേക്കു കാലുവച്ചതും പടിഞ്ഞാറുനിന്നൊരു മഴ പാഞ്ഞുവന്ന് വീടില്‍ തട്ടി അലച്ചുതല്ലി അടുക്കളപ്പുറത്തുവീണു. അവലക്ഷണം പിടിച്ച ചിരി. മാളൂട്ടി പിന്നിലേക്ക് കയറി.
മാളൂട്ടിക്ക് കലശലായ ശുണ്ഠി വന്നു. ഇനി എന്താണ് ചെയ്യുക? കരയാന്‍ തോന്നി.
അപ്പോള്‍ പിന്നില്‍ നിന്നൊരു ചിരി. ഇരുളില്‍ മുടി വിടര്‍ത്തിയിട്ട് കള്ളച്ചിരി. തെമ്മാടി. ഒളിച്ചുനിന്നിടത്തുനിന്ന് പുറത്തുചാടിയിരിക്കുകയാണ്.
മൌഗ്ലി മാളൂട്ടിയെനോക്കി കണ്ണിറുക്കി കാട്ടി. മാളൂട്ടി വേഗം ഉടുപ്പും പാവാടയും മാറ്റി അടുക്കളയിലേക്ക് തിരികെക്കയറി.
മൌഗ്ലിയുടെ കയ്യില്‍ കല്ലും കവിണയും ഉണ്ട്. എല്ലാം ശരിയാക്കാം മൌഗ്ലിപറഞ്ഞു. മാളൂട്ടി മുറിഞ്ഞ അമ്മിക്കല്ലിന്റെ കഷ്ണത്തിലേക്ക് ഒളിഞ്ഞുനോക്കി. മൌഗ്ലി വീണ്ടും കണ്ണിറുക്കി ചിരിച്ചു.
മാളൂട്ടി പതുങ്ങിപ്പതുങ്ങി മുന്‍‌വശത്തെ മുറിയിലേക്ക് നടന്നു. കാലുകള്‍ നീട്ടിവച്ച് ചാരിക്കിടക്കുകയാണ് ഷേര്‍ഖാന്‍. കണ്ണുകളടഞ്ഞ മുഖത്ത് വിജയിയുടെ ചിരി.
ശബ്ദമുണ്ടാക്കാതേ മാളൂട്ടി മുന്‍ വാതിലിലെത്തി. പുറത്തേക്ക് കാല്‍ വച്ചതും പിന്നില്‍ ഷേര്‍ഖാന്റെ മുരള്‍ച്ച. 'നീ എങ്ങോട്ടാ ഇറങ്ങിപ്പോ..'
കല്ലുപറന്നുപോയി. മൌഗ്ലിക്ക് ഉന്നം പിഴക്കാറേയില്ല. ഷേര്‍ഖാന്‍ ഇരുന്നിടത്തേക്ക് തന്നെ മറിഞ്ഞുപോകുന്നതു കണ്ടു.

4
ഇടവഴിയിലേക്ക് പാഞ്ഞിറങ്ങി ഓടുമ്പോള്‍ അസത്ത് മഴ മാളൂട്ടിയെ ചരലുവാരിയെറിഞ്ഞു. തിരിഞ്ഞുനോക്കാതെ മാളൂട്ടി കുന്നിറങ്ങി ഓടി. പിന്നിലെവിടെയോ ഷേര്‍ഖാന്‍ അലറിപ്പാഞ്ഞുവരുന്നുണ്ടെന്ന് മാളൂട്ടിക്ക് തോന്നി.
തോട്ടിലെ വെള്ളം ഇപ്പോള്‍ അമ്മയെപ്പോലെ മെലിഞ്ഞിട്ടല്ല. നാരായണിയെപ്പോലെ തടിച്ച് തുളുമ്പിയിട്ടാണ്.
ഒരു കാല് വച്ചു. നിറമേനിയുടെ സമൃദ്ധിയിലേക്ക് പാഞ്ഞുവന്ന ഒരു ഒഴുക്ക് മാളൂട്ടിയെ വാരിയെടുത്തു. ചുഴിയില്‍ നാരായണിയുടെ തടിച്ചമുലകള്‍ക്കിടയില്‍ മാളൂട്ടിക്ക് ശ്വാസം മുട്ടി. പിന്നെയൊരു മീനായി ചിറകുവിരിച്ച് മാളൂട്ടി ഒഴുക്കിലേക്ക് നീന്തിയിറങ്ങി.

ഗുപ്തന്‍‌
ബ്ലോഗ്: ഗുപ്തം
Subscribe Tharjani |