തര്‍ജ്ജനി

അഭിമന്യുവിന്റെ വഴി

അപായസ്വരങ്ങളുതിര്‍ത്ത്‌ ഒരു ഫയര്‍ എഞ്ചിന്‍ പാഞ്ഞുപോയി. നഗരത്തിലെ അച്ചടക്കംനിറഞ്ഞ ഗതാഗതസംവിധാനത്തെ അട്ടിമറിച്ചും ആശങ്കപ്പെടുത്തിയുമായിരുന്നു അതിന്റെ കുതിപ്പു്‌. വണ്‍വേ ബോര്‍ഡുകളുടെ ശാസനകളെ കൊടുംവേഗത്താല്‍ പിന്നിലാക്കിയും സീബ്രാലൈനുകളുടെ ഓര്‍മ്മപ്പെടുത്തലുകളെ ക്ഷമയോടെ അവഗണിച്ചും യാത്രികരുടെ സന്ദേഹങ്ങള്‍ക്കു് പിടികൊടുക്കാതെ അലോസരപ്പെടുത്തുന്ന സൈറണ്‍ മുഴക്കവുമായി അതു് മിന്നായം പോലെ ദൂരേക്കു് മറഞ്ഞു.

"എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു" ഫുട്‌പാത്തിലെ യാത്രക്കാരാരോ പറഞ്ഞു.

ഒന്നിനും കൃത്യതയില്ല- ഫുട്‌പാത്തിലെ മറ്റൊരു യാത്രക്കരനായ ഞാന്‍ ഓര്‍ത്തു - എവിടെ എന്താണു് സംഭവിച്ചതെന്നോ അതു് ആരാണു് പറഞ്ഞതെന്നോ ഒന്നിനും കൃത്യതയില്ല. ഫയര്‍എഞ്ചിന്റെ പാച്ചില്‍ നഗരപാതയില്‍ നിറച്ച പൊടിപടലങ്ങളെ പ്രതിരോധിക്കാന്‍ സാരിത്തലപ്പുകൊണ്ട്‌ മൂക്കുപൊത്തി ശ്രമപ്പെടുകയായിരുന്നു അനിത. ഉച്ചവെയിലേറ്റു് അവളുടെ മുഖം ഇരുണ്ടിരുന്നു.

"എന്തൊരുതിരക്കാണ്‌" അനിത പറഞ്ഞു.

അതേ വല്ലാത്ത തിരക്കുതന്നെ. കാല്‍കുത്താന്‍ എടമില്ലാത്ത വിധം ഫുട്‌പാത്തില്‍ ആളുകള്‍ ഞരങ്ങി നീങ്ങുന്നു. തിടുക്കത്തിലുള്ള നടപ്പിനിടെ മറ്റാരെയിങ്കിലും അറിയാതെയാണെങ്കിലും തള്ളിയും താഡിച്ചും നീങ്ങുന്നവര്‍ ഒരു ക്ഷമായാചനം പോലും നടത്തുന്നില്ല.

എല്ലാവരും നഗരത്തിലെ മേളയെ ലക്ഷ്യമിട്ട്‌ എത്തിയവരാകാം. മേളകാണാന്‍ ആവേശത്തോടെ പുറപ്പെട്ടവര്‍, മേള കണ്ടു് ആഹ്ലാദത്തോടെ മടങ്ങുന്നവര്‍ - എല്ലാവരും ആഹ്ലാദത്തിമിര്‍പ്പിലാണു്. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയുണ്ടു് അനവധിപേര്‍.

ഗ്രാമങ്ങള്‍ നഗരങ്ങളെ ആക്രമിക്കുന്നത്‌ ഇത്തരം മേളകള്‍ നടക്കുമ്പോഴായിരിക്കുമെന്നു് ഞാന്‍ അനിതയോട്‌ തമാശ പറഞ്ഞു.

എന്റെ തമാശകള്‍ക്കു് എല്ലായ്പോഴുമുള്ള മറുപടിപോലെ തന്നെ ഇപ്പോഴും അനിത നിശബ്ദത പാലിച്ചു.

ഗര്‍ഭാവസ്ഥയിലായശേഷം അനിത ഇത്രയും ദൂരം യാത്ര ചെയ്യുന്നത്‌ ആദ്യമായാണു്‌. ഏഴുമാസം പ്രായമുള്ള അനിതയുടെ പെരുവയറിനെ ഞാന്‍ ഇടയ്ക്കൊന്നു മിഴിച്ചു നോക്കി. സാരി പൊതിഞ്ഞു മറച്ചിരിക്കുന്ന ഗോളാകാരത്തിനുള്ളില്‍ ഞങ്ങളുടെ അഭിമന്യു ഈ നഗരദൃശ്യങ്ങള്‍ ആസ്വദിക്കുന്നതു് ഞാന്‍ കല്പിച്ചെടുത്തു - ഒച്ചയും തിരക്കും പതഞ്ഞ നഗരക്കാഴ്ചകള്‍. ആഹ്ലാദസ്വരങ്ങളൊടെ തിരക്കുകൂട്ടി പായുന്നവര്‍ക്കിടയില്‍ പൊടി പടലങ്ങളെ നേരിട്ട്‌ വാടിത്തളര്‍ന്നു നീങ്ങുന്ന അമ്മേ, ഭ്രൂണാവസ്ഥയിലുള്ള മകന്റെ രൂപം ഭാവനയില്‍ രചിക്കുന്ന അച്ഛന്‍ -അഭിമന്യു ചിരിച്ചു തിമര്‍ക്കുന്നുണ്ടാകണം.

"ഇനി ഏറെ ദൂരം ഉണ്ടാകുമോ?" നട്ടെല്ലില്‍ വലതുകൈയൂന്നി ഒട്ടൊന്നു നിന്നു് നിശ്വാസമുതിര്‍ത്തു് അനിത ചോദിച്ചു. അവള്‍ തീര്‍ത്തും അവശയായിരിക്കുന്നു. 'ദാ അടുത്തുതന്നെ'.. ഞാന്‍ അനിതയെ ആശ്വസിപ്പിച്ചു. മേളയുടെ പരസ്യബോര്‍ഡുകള്‍ നഗരത്തില്‍ നിറഞ്ഞിരുന്നു. ആസ്വദിക്കുക, ആനന്ദിക്കുക എന്ന ചുവന്ന അക്ഷരങ്ങള്‍ക്കു താഴെ മേളയെക്കുറിച്ചുള്ള വിവരണങ്ങള്‍.

ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വല്ലപ്പോഴും വന്നു പോകുന്ന വനിതാഡോക്ടറായിരുന്നു മേളയെക്കുറിച്ച്‌ ഞങ്ങളോട്‌ പറഞ്ഞത്‌. വെളുത്തു തടിച്ച്‌ ഒരു മദ്ധ്യവയസ്കയായിരുന്നു അവര്‍. അനുതാപം തോന്നുന്ന മട്ടിലുള്ള മുഖഭാവവും കാര്‍ക്കശ്യം ദ്യോതിപ്പിക്കുന്ന ഒച്ചയും അവരുടെ യഥാര്‍ത്ഥസ്വത്വത്തെ മറച്ചുപിടിക്കാന്‍ പോന്നതായിരുന്നു.

ഗര്‍ഭാവസ്ഥയിലുള്ള അനിതയെയും കൂട്ടി ഞാന്‍ ആദ്യമായാണു് അവരെ കാണാന്‍ ചെന്നതു്‌. മരുന്നിന്റെയും മാലിന്യങ്ങളുടെയും ഗന്ധം കൂടിക്കുഴഞ്ഞ വരാന്തയില്‍ ഏറെനേരം കാത്തു നിന്ന ശേഷമാണ്‌ ഞങ്ങള്‍ വിളിക്കപ്പെട്ടതു്‌. അല്പനേരത്തെ പരിശോധനയ്ക്കുശേഷം അവര്‍ പറഞ്ഞു. 'അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ മരുന്നുകള്‍ മാത്രം പോരാ. ഗര്‍ഭിണികള്‍ക്ക്‌ മാനസികോല്ലാസം നല്കുക എല്ലായ്പോഴും'.

താക്കീതുപോലെയാണവര്‍ അവസാനിപ്പിച്ചതു്‌. ഞാന്‍ വിളറിപ്പോയി. കുറ്റബോധത്തോടെ ഞാന്‍ അനിതയെ നോക്കി. അവള്‍ മുഖം കുനിച്ചിരിക്കുകയായിരുന്നു.

കഷ്ടം. ഞാന്‍ അനിതയ്ക്ക്‌ എന്താണു് നല്കിക്കൊണ്ടിരിക്കുന്നതു്. ഒരിക്കല്‍ പോലും അവളെ സന്തോഷിപ്പിക്കനാകാത്ത ജീവസ്സറ്റ വിരസമായ ദാമ്പത്യം. എനിക്ക്‌ മനസിലാകുന്നുണ്ടു്‌. ഡോക്ടറുടെ സ്വരം ഒന്നുകൂടി കര്‍ക്കശമായി. മുഖം കൂടുതല്‍ അനുതാപാര്‍ദ്രവും.
'ആഹ്ലാദം ജീവിതത്തില്‍ നിന്ന് സ്വയം പൊട്ടി മുളയ്ക്കുന്നതും കാത്തു് കഴിയുക പ്രയോജനരഹിതമാണു്‌. ആഹ്ലാദം തേടിപ്പോവുക അതുമാത്രമെ കരണീയമായുള്ളൂ. അതിരിക്കട്ടെ നിങ്ങളുടെ വീട്ടില്‍ ടീ.വിയുണ്ടോ'.

ഞാന്‍ അപകര്‍ഷതാബോധത്തില്‍ മുഖം പൂഴ്ത്തി പിറുപിറുത്തു 'ഇല്ല'

'കമ്പ്യൂട്ടര്‍ ഗയിം '

'ടേപ്പ്‌ റെക്കോഡര്‍'

'സിനിമാ വാരികകള്‍ '

എനിക്കു ഭ്രാന്തു് പിടിക്കുന്നതുപോലെ തോന്നി. ഇല്ല.. ഇല്ല.. ഞാന്‍ ഖേദത്തോടേ പറഞ്ഞുകൊണ്ടിരുന്നു. ആശുപത്രി വരാന്തയില്‍ ഊഴം കാത്തിരുന്ന രോഗികള്‍ മുറിക്കുള്ളിലേക്കു നോക്കി. ഡോക്ടര്‍ വാതില്‍ മറച്ചിരുന്ന പച്ചത്തുണികൊണ്ടുള്ള കര്‍ട്ടന്‍ ഒന്നുകൂടി നീക്കിയിട്ടു. ഒരു ടി.വി, കുറഞ്ഞപക്ഷം ഒരു സിനിമവാരികയെങ്കിലും ഇല്ലാതെ നിങ്ങളെങ്ങനെയാണു് ജീവിതം ജീവിച്ചു തീര്‍ക്കുന്നതു്. - അവര്‍ ദയനീയമായി അനിതയെ നോക്കി. അവളുടെ പെരുവയറിനെ ഉത്‌കണ്ഠയുടെ സ്റ്റെതസ്കോപ്പുകൊണ്ടു് പലതവണ സ്പര്‍ശിച്ചു. എനിക്കു മനസ്സിലാകുന്നുണ്ടു് നിങ്ങളുടെ പ്രശ്നം'.-ഡോക്ടര്‍ സമാധാനിപ്പിക്കും പോലെ എങ്കിലും കര്‍ക്കശസ്വരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു.- 'നഗരത്തില്‍ ഇപ്പോള്‍ ഒരു മേള നടക്കുന്നുണ്ടു്‌. ഞാനും കുടുംബവും അതു് രണ്ടുതവണ കണ്ടു കഴിഞ്ഞു. ആഹ്ലാദിക്കാനും ആസ്വദിക്കാനും നൂറുകണക്കിനു പവലിയനുകള്‍. അമ്യൂസ്‌മന്റ്‌ പാര്‍ക്കുകള്‍. ഡാന്‍സ്‌ ക്ലബ്ബുകള്‍. ചിന്തകള്‍ വെടിഞ്ഞ്‌ ആകുലതകളൊഴിഞ്ഞു് ഏതെങ്കിലും വൈകുന്നേരങ്ങളില്‍ അവിടെ ചെലവഴിക്കാന്‍ നിങ്ങളുടെ ഭാര്യയെ അനുവദിക്കൂ.'

ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോള്‍ അനിതയുടെ മുഖത്തേക്കു നോക്കാന്‍ കൂടി ഞാന്‍ ലജ്ജിച്ചു. വിവാഹശേഷമുള്ള നാളുകളില്‍ ഒരിക്കല്‍ പോലും അവളില്‍ ആഹ്ലാദം കണ്ടെത്താനാകാതിരുന്നിട്ടും ഞാനെന്തേ അതേക്കുറിച്ച്‌ ഇത്ര കാലവും അസ്വസ്ഥനാകാതിരുന്നതു്‌.

തന്റെ വയറ്റില്‍ ഒരു കുഞ്ഞുറുങ്ങുന്നു എന്ന കണ്ടെത്തല്‍ അവള്‍ അറിയിച്ച ദിവസം പോലും ഞാന്‍ അനിതയോടു് സ്നേഹം കാട്ടാന്‍ വിട്ടുപോയി. തൊഴിലാളികളുടെ പണിമുടക്കിനു നേതൃത്വം നല്കി എന്ന കാരണത്താല്‍ മാനേജ്‌മെന്റ്‌ എന്നെ കമ്പനിയില്‍ നിന്നു് പിരിച്ചുവിട്ട ദിവസം രാത്രിയിലായിരുന്നു അനിത എന്നോടതു് പറഞ്ഞതു്‌.

പിരിച്ചുവിടലിനു് മാനേജ്‌മെന്റിനു ചുരുങ്ങിയ വിശദീകരണമേ ഉണ്ടായിരുന്നുള്ളൂ.- 'താങ്കളുടെ സേവനം കമ്പനിക്കു് മതിയായിരിക്കുന്നു. നന്ദി.'

മാപ്പപേക്ഷയ്ക്കോ ചുവടുമാറ്റത്തിനോ ഞാന്‍ മുതിര്‍ന്നില്ല. തൊഴിലാളികള്‍ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലേക്കു് മുഖം പൂഴ്ത്തി കഴുതകളെപ്പോലെ പണിയെടുത്തുകൊണ്ടിരുന്നു. അവര്‍ക്കിടയിലൂടെ ഞാന്‍ പുറത്തേക്കു നടന്നു.
രാത്രി വൈകി വീട്ടിലെത്തിയ എന്നെ അനിത പ്രസന്നതയോടെ കാത്തിരിപ്പുണ്ടായിരുന്നു. ആദ്യരാത്രിയില്‍ ഞാന്‍ കണ്ട ലജ്ജയും വിഹ്വലതയും അവളില്‍ ആവര്‍ത്തിച്ചിരുന്നു.

പരിക്ഷീണനായി നിന്ന എന്റെ കൈപ്പത്തി, സാരിത്തലപ്പു വകഞ്ഞുമാറ്റി അവളുടെ വയറിനുമീതെ പറ്റിച്ച്‌ അനിത മെല്ലെ പറഞ്ഞു 'നമുക്ക്‌ ഒരു കുഞ്ഞ്‌ പിറക്കാന്‍ പോകുന്നു' ഞാന്‍ കെട്ടിപ്പുണരുമെന്നും അവളുടെ വയറ്റില്‍ മുഖം ചേര്‍ത്ത ഭ്രൂണത്തിന്റെ ചലനങ്ങള്‍ ശ്രദ്ധിക്കുമെന്നും ഇക്കിളിപ്പെടുത്തുമെന്നും അനിത ധരിച്ചിരിക്കണം. ഒന്നുമുണ്ടായില്ല. കിടക്കയിലേക്കു് വീണു് ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.. 'എന്നെ കമ്പനിയില്‍ നിന്നു് പിരിച്ചുവിട്ടു.'

തുടര്‍ന്നുള്ള ദിവസങ്ങള്‍ അസ്വസ്ഥതയുടെതായിരുന്നു.

ചലനരഹിതമായ ലോകത്തില്‍ ഒറ്റപ്പെട്ടവനെപ്പോലെ ഞാന്‍ കഴിഞ്ഞുകൂടി. അനിതയ്ക്ക്‌ അഞ്ചുമാസം തികഞ്ഞപ്പോള്‍ ആ വാര്‍ത്ത അറിയും വരെ. കമ്പനിയില്‍ മേലില്‍ പണിമുടക്കു് ഒഴിവാക്കാന്‍ മനേജ്മെന്റും തൊഴിലാളികളും ധാരണയായ വിവരമറിഞ്ഞു കുറെ കരഞ്ഞു, ആരെയൊക്കെയോ പ്രാകി, ചുവരിലെ ചില്ലും ചിത്രങ്ങളിലേക്കു നോക്കി എല്ലാം മതിയായിരിക്കുന്നു എന്നു തീര്‍ച്ചപ്പെടുത്തി.

എന്റെ മകനുറങ്ങുന്ന അനിതയുടെ വയറില്‍ ആദ്യമായി അന്നു രാത്രിയാണ്‌ ഞാന്‍ ഉമ്മവെച്ചതു്‌. നനുത്തരോമങ്ങളുള്ള മൃദുലമായ വയറിനു മദ്ധ്യത്തില്‍ എന്തുചെയ്യേണ്ടുവെന്നറിയാതെ വലിഞ്ഞു മുറുകിയ പൊക്കിളിന്റെ പരിഭ്രമച്ചുഴിയില്‍ ഞാന്‍ ഏറെ നേരം മുഖം ചേര്‍ത്തു.

പെട്ടന്നുള്ള എന്റെ മനം മാറ്റത്തില്‍ അനിത ശാസിച്ചു. 'എന്തായിതു്. മതിയാക്കൂ' ഒച്ചതാഴ്തി ഞാന്‍ പറഞ്ഞു'. "പതുക്കെ. കുഞ്ഞു കേള്‍ക്കും അഭിമന്യുവിന്റെ ശ്രവണ ശേഷിയാണു് അവനുള്ളതു് ‌".

മേളനഗരിയിലേക്കുള്ള പാതയില്‍ ഞങ്ങള്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. വെയില്‍ മാഞ്ഞിരുന്നു. നേരിയ കാറ്റുണ്ടു്‌. ഉച്ചഭാഷണിയിലൂടെ പാട്ടുകളും അനൗണ്‍സ്മെന്റുകളും മുഴങ്ങി. വര്‍ണ്ണവിളക്കുകള്‍ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.
അനിതയെ തിരക്കൊഴിഞ്ഞ സുരക്ഷിതസ്ഥാനത്തേക്കു് മാറ്റിനിര്‍ത്തി ടിക്കറ്റ്‌ കൗണ്ടറിനു മുന്നിലെ പുരുഷാരത്തിലേക്കു് ഞാനും പെട്ടു. ക്യൂ പാലിക്കാന്‍ സെക്യൂരിറ്റിക്കാര്‍ ഇടയ്ക്കിടെ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല.

ഏറെ പണിപ്പെട്ടുനേടിയ രണ്ടു ടിക്കറ്റുകളുമായി ഞാന്‍ അനിതയോടൊപ്പം അകത്തേക്കു കടന്നു. എല്ലാ പവലിയനു മുന്നിലും തിരക്കേറിയിരുന്നു. എല്ലാം വിശദീകരിച്ചും ഫലിതങ്ങള്‍ പറഞ്ഞും ഞാന്‍ അനിതയെ പ്രസന്നയാക്കാന്‍ ശ്രമിച്ചു.

അമ്യൂസ്മെറ്റ്‌ പാര്‍ക്കിലെ അകാശചക്രത്തിലും കളിത്തീവണ്ടിയിലും കയറാന്‍ ഞാന്‍ അവളെ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. ശബ്ദഘോഷങ്ങള്‍ക്കൊപ്പം ചെറുപ്പക്കാരുടെ സംഘം മദിക്കുന്ന ഡാന്‍സ്‌ ക്ലബ്ബിനു മുന്നില്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ മിന്നായം പോലെ കണ്ടു. തടിച്ചുരുണ്ട ശരീരവുമായി അവര്‍ ചെയ്യുന്ന നൃത്തം ഭാവനയില്‍ കണ്ടു് ഞാന്‍ രസിച്ചു. മെഡിക്കല്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പവലിയനു മുന്നില്‍ എത്തിയപ്പോഴേക്കും അനിത തളര്‍ന്നിരുന്നു.
'നമുക്കു് അല്പനേരം എവിടെയെങ്കിലും ഇരിക്കാം' അവള്‍ അപേക്ഷിച്ചു. മുളങ്കാലില്‍ കെട്ടിത്തൂക്കിയ അസ്ഥികൂടത്തെ കാഴ്ചക്കാര്‍ക്കു് പരിചയപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയോട്‌ ഞാന്‍ ചോദിച്ചു' അല്പനേരം ഒന്നിരിക്കാന്‍ ഞങ്ങള്‍ക്കു് ഇടം തരുമോ'? കാഴ്ചക്കാരോടു് കാത്തുനില്ക്കാന്‍ പറഞ്ഞു് അവന്‍ ഞങ്ങളെ അകത്തേക്കു് കൊണ്ടു പോയി. പ്രദര്‍ശനഹാളിന്റെ മൂലയിലിട്ടിരുന്ന ബഞ്ച്‌ ചൂണ്ടിക്കാട്ടി അവന്‍ മടങ്ങി. ഞാന്‍ അനിതയെ താങ്ങിയിരുത്തി. അവള്‍ വല്ലാതെ തളര്‍ന്നിരുന്നു. ആഹ്ലാദഭൂമിയില്‍ എത്തിപ്പെട്ട അപശകുനങ്ങളെപ്പോലെ ഞങ്ങള്‍ പ്രദര്‍ശനഹാളിന്റെ മൂലയില്‍ നിശ്ശബ്ദരായി ഇരുന്നു.

അട്ടഹസിച്ചും പാട്ടുകള്‍ പാടിയും ജനങ്ങള്‍ ഞങ്ങളെ കടന്നു പൊയ്ക്കൊണ്ടിരിന്നു. അനിത എന്നെ തൊട്ടു വിളിച്ചു. 'അതു കണ്ടോ'?
ഞങ്ങള്‍ക്കു് ഏറെ അകലെയല്ലാതെ മേശപ്പുറത്തു് സ്ഥാപിച്ചിരുന്ന സ്ഫടികഭരണികളില്‍ ചത്തു മലച്ചു കിടക്കുന്ന ശിശുക്കള്‍. ഫോര്‍മലിന്റെ രൂക്ഷമായ ഗന്ധം. സ്വൈരം കെടുത്തി. ഹാളിലെ ഏറ്റവും വലിയ കൗതുകവസ്തു ശൈശവശവങ്ങളാണെന്നു തോന്നി. സ്ഫടികഭരണികള്‍ക്കുമുന്നില്‍ കാഴ്ചക്കാര്‍ ഏറുമ്പോള്‍ എല്ലാവരോടുമായി വിശദീകരിക്കാന്‍ ഒരു വിദ്യാര്‍ത്ഥി നില്പുണ്ട്‌.
കൗമാരം കടന്നിട്ടില്ലാത്ത അവന്റെ കൊഴുത്തശരീരത്തിനു് ഒട്ടും ഇണങ്ങാത്ത ചെറിയ ശിരസില്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക കൂടിയ ശക്തിയുള്ള ലെന്‍സുകള്‍ കൊണ്ടു് നിര്‍മ്മിച്ച കണ്ണടയാണു്‌. കയ്യിലിരിക്കുന്ന ചൂരല്‍വടികൊണ്ട്‌ സ്ഫടികഭരണികളില്‍ ഓരോന്നിലും തൊട്ടാണു് അവന്റെ വിശദീകരണം. ഹാളില്‍ ആളുകള്‍ നിറഞ്ഞിട്ടുണ്ടു്‌. അവനു് വിശദീകരണത്തിനു് നേരമായെന്നു തോന്നുന്നു. തൊണ്ടയനക്കി ചൂരല്‍വടികൊണ്ട്‌ ഡെസ്കിലടിച്ച്‌ നിശബ്ദരാകാന്‍ കാണികള്‍ക്കു് നിര്‍ദ്ദേശം നല്കി അവന്‍ തയ്യാറായി. ഞങ്ങളും കാഴ്ചകാണാന്‍ എത്തിയവരാണെന്നു കരുതിയാകാം അവന്‍ പറഞ്ഞു.' കുറെക്കൂടി മുന്നോട്ട്‌ നീങ്ങി നില്‍ക്കൂ ....... ദിവസങ്ങളായി ഞാന്‍ ഈ തൊഴിലിലാണു്. ഒച്ച ഉയര്‍ത്താന്‍ വയ്യ. ദയവായി മുന്നോട്ടു നീങ്ങി നിന്നോളൂ'.

'ഗര്‍ഭാവസ്ഥയില്‍ തന്നെ മരിച്ച കുഞ്ഞുങ്ങളാണിവ. ലോകം കാണാന്‍ വിധിക്കപ്പെടാതെ ഗര്‍ഭപാത്രത്തിന്റെ ചതുപ്പില്‍ തന്നെ പരലോകം പൂണ്ടവര്‍. നോക്കൂ ഭ്രൂണാവസ്ഥയിലുള്ള കോശരൂപം ഒന്നു നേരെയാകും മുമ്പേ അവര്‍ മരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പറയുന്നതു് വ്യക്തമായി കേള്‍ക്കുന്നുണ്ടോ പ്രീയപ്പെട്ടവരെ...'

കാണികളിലാരോ എന്തോ തമാശ പറഞ്ഞു. ഒരു കൂട്ടപൊട്ടിച്ചിരി മുഴങ്ങി. ഫോര്‍മലിന്റെ ഗന്ധം കൂടുതല്‍ ശക്തമായി നാസാരന്ധ്രങ്ങളെ ഭീഷണിപ്പെടുത്തി. ഞാന്‍ അനിതയെ ചേര്‍ത്തുപിടിച്ചു.

വിശദീകരണം തുടര്‍ന്നു.-'ഒന്നാം ഭരണിയിലെ കുഞ്ഞിനെ കണ്ടില്ലേ. ആദ്യം ശ്രദ്ധയില്‍പ്പെടുക അവന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞിരിക്കുന്ന പൊക്കിള്‍ക്കൊടിയാണ്‌. അത്‌ ചുറ്റിവരിഞ്ഞതുമൂലമായിരുന്നു ഗര്‍ഭഗൃഹത്തില്‍ വച്ചുതന്നെയുള്ള മരണം. തൂങ്ങിമരണത്തിന്റെ മറ്റൊരു മാതൃക.

കാണികള്‍ ആര്‍ത്തുചിരിച്ചു.

അടുത്ത ഭരണിയില്‍ ചൂരല്‍ ചുഴറ്റി തൊട്ടു. -'നോക്കൂ തലച്ചോറില്ലാത്ത കുട്ടികള്‍. അനന്‍സാഫലി എന്നാണ്‌ ഇത്തരക്കാര്‍ക്ക്‌ പേര്‍. മസ്തിഷ്കം ഒഴികെ മറ്റുഭാഗങ്ങളെല്ലാം നേരാംവണ്ണം വളരുക. പക്ഷേ പറഞ്ഞിട്ടെന്ത്‌? തലച്ചോറില്ലാത്തവന്‍... ലോകത്തെന്തു കാര്യം? പ്രസവത്തിനു് പാകമാകുമ്പോഴെക്കും ഇത്തരക്കാര്‍ മരിച്ചിരിക്കും. ഫോര്‍മലിനില്‍ സൂക്ഷിച്ചിരിക്കുന്ന ഈ കുഞ്ഞുങ്ങള്‍ എത്ര കാലം വേണമെങ്കിലും ഇങ്ങനെ തുടരും. നമുക്കു് കൗതുകം പകര്‍ന്നു് ആഹ്ലാദം നല്കി..'

കാഴ്ചക്കാര്‍ സ്ഫടികഭരണിയില്‍ തൊട്ടും മണത്തും, അഭിപ്രായം പറയാന്‍ തുടങ്ങി. ഞാന്‍ അനിതയെ നോക്കി. അവള്‍ കരയുകയാണു്‌. നേരിയ വിതുമ്പലുകള്‍. വെയില്‍ കൊണ്ടു് കരുവാളിച്ച മുഖത്തു് ഊര്‍ന്നിറങ്ങുന്ന കണ്ണുനീര്‍. ഞാന്‍ അവളെ ആശ്വസിപ്പിച്ചു.- 'കരയാതെ, കരയാതെ..'

എന്റെ തോളിലേക്ക്‌ മുഖം ചേര്‍ത്തു് അനിതയുടെ തേങ്ങലുകള്‍ കുറേക്കൂടെ ശക്തമായി. അവളെ ചേര്‍ത്തണച്ചു് ചുമലില്‍ തട്ടി ശാന്തമാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പൊടുന്നനെയാണു് കാഴ്ചക്കാര്‍ക്കിടയില്‍ നിന്ന്‌ ഒരു കുട്ടിയുടെ ശബ്ദം ഉയര്‍ന്നതു്‌.-
'അതാ ഒരു പെണ്ണു് കരയുന്നു...'

ഞാന്‍ പരിഭ്രമിച്ചുഴറി. ആരാണതു് വിളിച്ചു കൂവിയതു്‌. പ്രദര്‍ശനഹാളിലെ തിരക്കില്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു് ഒടുവില്‍ ഞാനവനെ കണ്ടുപിടിച്ചു. ഒരു കൊച്ചു പയ്യന്‍. എന്റെ മാത്രമല്ല, കാഴ്ച്ചക്കാരുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു അവന്‍. മേളയുടെ സ്വാഭാവികഗതിക്ക്‌ തടസ്സം സൃഷ്ടിച്ചു് ആ ചെറുവാല്യക്കാരന്‍ വിളിച്ചുകൂവിയ കാഴ്ച്ച എവിടെ എന്നു് പരതുകായിരുന്നു എല്ലാവരും.

'അതാ, ഒരു പെണ്ണു് കരയുന്നു.'- അവന്‍ അനിതയെ വിരല്‍ ചൂണ്ടി വീണ്ടും ഒച്ച വെച്ചു. രാജാവ്‌ നഗ്നനാണെന്നു വിളിച്ചു പറഞ്ഞ പഴങ്കഥക്കുട്ടിയുടെ അതേ ചൊടിയോടെ. കാഴ്ചക്കാര്‍ ഞങ്ങളിലേക്കു് തിരിഞ്ഞു. ഡാന്‍സ്‌ ക്ലബ്ബില്‍ നിന്നു്‌, അമ്യൂസ്‌മന്റ്‌ പാര്‍ക്കില്‍ നിന്നു്, പവലിയനുകളില്‍ നിന്നു് കാഴ്ച്ചക്കാര്‍ കൂട്ടമായി എത്തിക്കൊണ്ടിരുന്നു. അനിതയുടെ തേങ്ങലുകളിലേക്കു് അവര്‍ കൗതുകത്തോടേ നോക്കി.

പ്രദര്‍ശനഹാളില്‍ തിക്കും തിരക്കും ഏറി. സ്ഫടികഭരണികളിലൊരെണ്ണം താഴെവീണുടഞ്ഞെന്നു തോന്നുന്നു. ഫോര്‍മലിന്റെ ഒഴുകിപ്പരന്ന ഗന്ധത്തില്‍ എനിക്കു ശ്വാസം മുട്ടി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഓടിയെത്തി തിരക്കു നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങി. ഞാനും അനിതയും ഇരിക്കുന്നിടത്തു നിന്ന്‌ കൃത്യമായ അകലം കണക്കാക്കി കയര്‍ കൊണ്ട്‌ ഒരു വേലി നിര്‍മ്മിക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തതു്‌. കാണികളുടെ ആരവങ്ങള്‍ക്കുമീതെ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി.-' തിരക്കു കൂട്ടാതിരിക്കൂ, തിരക്കു കൂട്ടാതിരിക്കൂ. എല്ലാവര്‍ക്കും കാണാന്‍ അവസരമുണ്ടു്‌.'

എന്താണ്‌ സംഭവിക്കുന്നതെന്നു് എനിക്കു മനസ്സിലായി തുടങ്ങിയിരിക്കുന്നു, പ്രതിരോധിക്കാന്‍ ഉപായമൊന്നുമില്ലാതെ അനിതയുടെ തളര്‍ന്നു വാടിയ ചുമലിലേക്കു് മുഖം ചേര്‍ത്തു് ഞാന്‍ ശബ്ദമില്ലാതെ കരഞ്ഞു പോയി.

'അതാ അയാളും കരഞ്ഞു തുടങ്ങിയിട്ടുണ്ടു്‌..' - തിരക്കിനടയില്‍ ശ്രമപ്പെട്ടു് നിലയുറപ്പിച്ചു് പഴങ്കഥയിലെ കുട്ടിയുടെ പ്രസരിപ്പോടേ എന്റെ സങ്കടം കണ്ടുപിടിച്ചതും ആ കൊച്ചുപയ്യന്‍ തന്നെ.

അനൗണ്‍സ്‌മന്റ്‌ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.-' തിരക്കു കൂട്ടാതിരിക്കൂ, എല്ലാവര്‍ക്കും കാണാന്‍ അവസരമുണ്ടു്.'
എനിക്കും അനിതയ്ക്കും മീതെ ഒരു പുതിയ പവലിയന്‍ ഉയര്‍ന്നിട്ടുണ്ടാകണം തീര്‍ച്ച. കണ്ണുനീര്‍ പാടകൊട്ടി എനിക്കൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലല്ലോ.

വിനോദ്‌ ഇളകൊള്ളൂര്‍
Subscribe Tharjani |
Submitted by Anonymous (not verified) on Sat, 2008-09-06 12:39.

hi Vinodh,

This is a good work .

A reader

Submitted by Anonymous (not verified) on Thu, 2009-01-22 17:20.

dear Vinoth !

Really, its a touching story...