തര്‍ജ്ജനി

ബിന്ദുലക്ഷ്മി പട്ടടത്ത്‌.

Visit Home Page ...

ലേഖനം

ഗാര്‍ഹികതൊഴിലാളികളും നിയമപരി’രക്ഷ’യും

വിദേശത്ത് വീട്ടുജോലി തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഇന്ത്യാ ഗവണ്‍‌മെന്റിന്റെ ഉത്തരവ് ഇറങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷം ആകാറായി. വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രായം മുപ്പത് വയസ്സില്‍ കുറയാന്‍ പാടില്ലെന്നും ഈ നിയമം ലം‌ഘിക്കുന്ന സ്ത്രീകള്‍ക്കെതിരെയും അവരെ കയറ്റി അയയ്ക്കുന്ന ഏജന്‍സികള്‍ക്കെതിരെയും‌ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നു് പ്രവാസകാര്യമന്ത്രി അതിനോടൊപ്പം തന്നെ പ്രഖ്യാപിച്ചു. ഈ നിയമത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു്” വിദേശത്ത് ജോലിതേടുന്ന സ്ത്രീകളുടെ രക്ഷയ്ക്ക്” എന്നും മറ്റും മുഖപ്രസം‌ഗമെഴുതാനും മുഖ്യധാരാമാദ്ധ്യമങ്ങള്‍ മറന്നില്ല.

ഏകദേശം‌ ഇതേ സമയത്താണു് ഒരു ഗവേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇയിലും കേരളത്തിലുമുള്ള ഗാര്‍‌ഹിക തൊഴിലാളികളുമായി (domestic workers) അടുത്ത് ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം ഈ സ്ത്രീകളില്‍ ആരിലും തന്നെ ഏതെങ്കിലും തരത്തിലുള്ള ആശ്വാസം പകരുന്നതായി കണ്ടില്ല, മറിച്ച് അമര്‍‌ഷവും പ്രതിഷേധവുമായിരുന്നു അവിടെ പ്രതിഫലിച്ചതു്.

ഈ പശ്ചാത്തലത്തില്‍ പുതിയ പ്രായപരിധിനിയമം എന്താണെന്നും അതെങ്ങനെ സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്നു എന്നും പരിശോധിക്കാം. കഴിഞ്ഞ ഒരു വര്‍‌ഷക്കാലമായി യു.എ.ഇയിലും കേരളത്തിലുമായി നടത്തിയ പഠനങ്ങളില്‍‌ മന‍സ്സിലാക്കാന്‍‌ സാധിച്ചത് വളരെ ശക്തമായ ഒരു തൊഴില്‍വിപണി ഗാര്‍‌ഹികതൊഴിലാ‌ളികള്‍‌ ആയിട്ടുള്ള സ്ത്രീകള്‍‌ക്ക് യു.എ.ഇ പോലുള്ള രാജ്യങ്ങളില്‍ ഉണ്ടെന്നുള്ളതാണ്. വര്‍ദ്ധിച്ചുവരുന്ന‌ വിദേശതൊഴിലാളികളുടെ സാന്നിദ്ധ്യം തദ്ദേശീയര്‍‌ക്ക് (അതായത് എമിറേറ്റികള്‍‌ക്ക് ) തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു എന്നുള്ള ആശങ്കകള്‍‌ ഉയരുന്നുണ്ടെങ്കില്‍‌ തന്നെയും അതൊന്നും തന്നെ ഗാര്‍‌ഹികമേഖലയിലുള്ള തൊഴില്‍സാദ്ധ്യത കുറച്ചിട്ടില്ല. ഇതിനുള്ള പ്രധാനകാരണം ഗാര്‍‌ഹികതൊഴിലാളികളായി ജോലി ചെയ്യാന്‍‌ തദ്ദേശീയര്‍‌ക്കുള്ള വിമുഖതയും മൂന്നാം ലോകരാജ്യങ്ങളില്‍ ‌നിന്നും, പ്രത്യേകിച്ച് തെക്കു്, തെക്കു-കിഴക്കു് ഏഷ്യന്‍‌ രാജ്യങ്ങളില്‍ നിന്നും, സന്നദ്ധരായ സ്ത്രീകളും പുരുഷന്‍‌മാരും ഉണ്ടെന്നുമുള്ളതാണു്.

വിദേശരാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റം തികച്ചും പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള പ്രവണത എന്നും നിലനിന്നിരുന്നു. ഇതിന് അപവാദമായി പറയാനുള്ളത് നേഴ്സിങ് രംഗത്തും ഗാര്‍‌ഹികതൊഴിലിലും ഏര്‍‌പ്പെട്ടിരിക്കുന്ന വിദേശതൊഴിലാളികളാണു്. വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റം പുരുഷന്മാര്‍ നടത്തുന്നതോ, പുരുഷനാല്‍‌ നയിക്കപ്പെടുന്ന സ്ത്രീകള്‍ നടത്തുന്നതോ (ഉദാഹരണത്തിന് വിവാഹ ശേഷം അല്ലെങ്കില്‍ അതിനോടനുബന്ധിച്ച് വിദേശകുടിയേറ്റം നടത്തുന്ന സ്ത്രീകള്‍) ആയിരിക്കുകയും സ്ത്രീകളുടെ കര്‍‌തൃ‌ത്വത്തെ (agency)നിഷേധിക്കുന്ന തരത്തിലുള്ള പുരുഷാധിപത്യവ്യവഹാരത്തിനു് മറുപടിയായിരുന്നു ഗാര്‍‌ഹികതൊഴിലാളികളായുള്ള സ്ത്രീകളുടെ കുടിയേറ്റം. ഈ സ്ത്രീകളെ “നിസ്സഹായരായ ഇരകള്‍“ എന്ന കാഴ്ചപ്പാടിനുള്ളില്‍ ഒതുക്കി നിര്‍‌ത്താനുള്ള പ്രവണതയും അതിനോടൊപ്പം തന്നെ രൂപപ്പെട്ടുവന്നിരുന്നു. ഗാര്‍‌ഹികതൊഴിലാളികളായി ജോലിചെയ്യുന്ന സ്ത്രീകള്‍ ഈ പ്രബലചിന്താധാരയെ തകിടം മറിക്കുകയും ഒരു പരിധിവരെ ഭീഷണിയാവുകയും ചെയ്തു. തങ്ങള്‍ നിസ്സഹായരായ ഇരകള്‍ അല്ലെന്ന്‍ പ്രഖ്യാപിക്കുകയും പുരുഷകേന്ദ്രീകൃതമായ ആ കാഴ്ചപ്പാടില്‍ നിന്നും‌ പുറത്തുകടന്ന് വിദേശകുടിയേറ്റത്തിന്റെ ലിംഗവിവേചനം വ്യക്തമാക്കുകയും ചെയ്യുന്നതില്‍ ഈ സ്ത്രീകള്‍‌ വഹിച്ച പങ്കു് ഒട്ടും ചെറുതല്ല.

വിദേശത്തേക്ക് ഗാര്‍‌ഹികതൊഴിലാളികളായി പോകുന്ന സ്ത്രീകളുടെ പശ്ചത്തലം പരിശോധിച്ചാല്‍ അവര്‍‌ മിക്കവാറും സാമൂഹികവും സാമുദായികവും സാമ്പത്തികവുമായി പിന്നോട്ട് നില്ക്കുന്നവിഭാഗങ്ങളില്‍ നിന്നാണെന്നു് കാണാം. പലപ്പോഴും സ്വന്തം കുടും‌ബത്തിന്റെയും, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെയും പുരോഗതിക്ക് ഈ സ്ത്രീകള്‍‌ ഒട്ടും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടു്. ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിലെ ഒരു തീരദേശഗ്രാമത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നും ഒരോ കുടും‌ബങ്ങളില്‍‌ നിന്നും ഒരു സ്ത്രീയെങ്കിലും വിദേശത്തു് ഗാര്‍‌ഹികതൊഴിലാളിയായി ജോലിചെയ്യുന്നുണ്ടന്നു മനസ്സിലായി. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു ജോലിചെയ്തിരുന്ന പല കുടും‌ബങ്ങളും മത്സ്യബന്ധനം തകര്‍‌ച്ചയെ നേരിട്ടപ്പോള്‍ സ്വീകരിച്ച ഒരു വഴിയായിരുന്നു വിദേശത്തു് ജോലി സമ്പാദിക്കല്‍‌. താരതമ്യേന കൂടുതല്‍‌ എളുപ്പത്തില്‍‌ സ്ത്രീകള്‍ക്കു് ഗാര്‍ഹിക തൊഴിലാളികളായി ജോലി നേടാന്‍‌ കഴിയും എന്നതും കൂടുതല്‍‌ സ്ത്രീകളെ വിദേശത്തേക്കു് കുടിയേറാന്‍ സഹായിച്ചു. ഗാര്‍‌ഹിക തൊഴില്‍ ഇന്നും അവിദഗ്ദ്ധതൊഴില്‍ ആയി കരുതുന്നതും ഈ പ്രക്രിയ എളുപ്പമുള്ളതാക്കി. ഇങ്ങനെ കുടുംബത്തിനും കൂടാതെ തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനും സാമ്പത്തികസമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍‌ ഈ സ്ത്രീകള്‍‌ പ്രധാന പങ്കുവഹിച്ചു.

ഇത്രയും അനുകൂലസാഹചര്യങ്ങള്‍ സ്ത്രീകളുടെ വിദേശകുടിയേറ്റങ്ങള്‍‌ക്കു് പ്രചോദനമാവുമ്പോഴാണു് പ്രായപരിധി പോലുള്ള നിരോധനങ്ങളുമായി ഭരണകൂടം കടന്നു വരുന്നതു്‌. നേരത്തെ സൂചിപ്പിച്ചതുപോലെ സ്ത്രീകളെ, പ്രത്യേകിച്ചും ഗാര്‍‌ഹികതൊഴിലാളിസ്ത്രീകളെ നിസ്സഹായരും സ്വന്തമായി തീ‍രുമാനമെടുക്കാന്‍ കഴിയാത്തവരുമായി നോക്കിക്കാണുന്നതിന്റെ അനന്തരഫലമാണു് ഇത്തരത്തിലുള്ള നിരോധനനിയമങ്ങള്‍. അങ്ങനെ നിസ്സഹായരായ, എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന ഒരു ‘ഇര ‘(victim)അല്ലെങ്കില്‍‌ ഭരണകൂടത്തിനു് ‘ഭീഷണി’ എന്ന ദ്വന്ദങ്ങള്‍‌ക്കിടയിലാണു് ഗാര്‍ഹികതൊഴിലാളിസ്ത്രീകള്‍‌ നിലകൊള്ളുന്നത്, പ്രത്യേകിച്ചും ഇവര്‍ ചില‍ പ്രത്യേക സാമൂഹികപശ്ചത്തലത്തില്‍‌ നിന്നാവുമ്പോള്‍‌. ജാതി, സമുദായം എന്നിവയും ഇക്കാര്യത്തില്‍ പ്രധാനപങ്കു് വഹിക്കുന്നുണ്ടു്‌.

ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങള്‍‌ ഉയര്‍ന്നു വരുന്നുണ്ടു്‌. എന്താണ് ഇത്തരം നിരോധനങ്ങളുടെ ഫലം? സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍‌ തടയുക എന്നാണങ്കില്‍‌ എങ്ങനെ ഇത്തരത്തിലുള്ള നിരോധനത്തിലൂടെ അതു് സാദ്ധ്യമാകും? മനുഷ്യക്കടത്ത് അഥവാ human trafficking (ഇവിടെ women trafficking) തടയുകയാണ് ലക്ഷ്യമെങ്കില്‍‌ ഗാര്‍‌ഹികജോലിക്കു പോകുന്ന സ്ത്രീകളും മനുഷ്യക്കടത്തും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു? സ്ത്രീകളുടെ സുരക്ഷിതമായി യാത്ര ചെയ്യാനും ജോലിചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്ന ഈ നിയമം ആരെയാണ് സംരക്ഷിക്കുന്നതു്?

ഇത്തരമൊരു നിയമം ഒരു മനുഷ്യാവകാശലംഘനം ആണെന്നിരിക്കെ, ഈ നിയമത്തിനു് അനുകൂലമായി ഉയര്‍‌ത്തുന്ന വാദഗതി എന്താണെന്ന് ആദ്യം പരിശോധിക്കാം. പ്രധാനമായി ഉയര്‍‌ത്തുന്ന വാദം ഇതു് സ്ത്രീകള്‍‌ക്കെതിരായി വിദേശത്തു് നടക്കുന്ന അതിക്രമങ്ങളും ലൈംഗികചൂഷണങ്ങളും തടയുമെന്നുള്ളതാണു്. എങ്ങിനെയെന്ന എതിര്‍വാദമുന്നയിച്ചാല്‍‌ ഇതിനൊന്നും ഉത്തരം‌ ഇല്ലതന്നെ.

ഇന്ത്യയില്‍ നിന്നും യു. എ. ഇ പോലുള്ള രാജ്യങ്ങളിലേക്കു് നിയമാനുസൃതമല്ലാ‍തെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യക്കടത്തു് നടക്കുന്നുണ്ടെന്നുള്ളതു് ശരി തന്നെ. എന്നാല്‍ സമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കവസ്ഥയില്‍ നില്ക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍‌ നിലനില്പിനായുള്ള ജീവിതസമരത്തില്‍‌ വിദേശജോലി എന്ന മാര്‍‌ഗ്ഗം സ്വീകരിക്കുന്നതു് നിരോധിക്കുക വഴി നിയമാനുസൃതമല്ലാത്ത മനുഷ്യക്കടത്തു് നടക്കാതിരിക്കുമോ? നേരെ മറിച്ച് ഇത്തരം ഒരു നിയമം കൂടുതല്‍‌ നിയമലംഘനങ്ങള്‍‌ നടത്താന്‍‌ പ്രേരിപ്പിക്കുകയല്ലേ ചെയ്യുന്നതു്?

ഇവിടെയാണു് ഭരണകൂടം വിഭാവനം ചെയ്യുന്ന നിയമങ്ങളും അതിനു സമാന്തരമായി, ബദലായിട്ടല്ല, നടക്കുന്ന അര്‍ദ്ധനിയമ-നിയമേതര പ്രക്രിയകളും തമ്മിലുള്ള കൊടുക്കല്‍‌ വാങ്ങലുകള്‍‌ മനസ്സിലാക്കേണ്ടതു്.

വിദേശത്ത് ജോലി തേടി പോകുന്ന പല തൊഴിലാളികളും സൌഹാര്‍ദ്ദപരവും ലളിതവും സുരക്ഷിതവുമായ ഒരു നിയമത്തിന്റെ അഭാവത്തില്‍ സ്വീകരിക്കുന്ന നിയമവിരുദ്ധം എന്ന് വേണമെങ്കില്‍‌ പറയാവുന്ന ഒരു മാര്‍‌ഗ്ഗമാണ് പുഷിംഗ് (pushing) എന്നു വിളിക്കപ്പെടുന്ന‌ വിദേശകുടിയേറ്റം. വിദേശത്തു് വീട്ടുജോലി സ്വീകരിക്കുന്ന സ്ത്രീകള്‍‌ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് സ്വീകരിക്കേണ്ടതുണ്ട്. പുതിയ പ്രായപരിധി നിയമപ്രകാരം 30 വയസ്സില്‍ താഴയുള്ള സ്ത്രീകള്‍‌ക്ക് ഇതു് ലഭിക്കാന്‍‌ സാദ്ധ്യതയില്ല . ഇവിടെയാണു് പുഷിംഗ് പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകാര്യമായി തീരുന്നതു് . പുഷിംഗ് (pushing) എന്നു വിളിക്കപ്പെടുന്ന‌ വിദേശകുടിയേറ്റം എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെയോ അല്ലെങ്കില്‍‌ വ്യാജമായി ക്ലിയറന്‍സ് സമ്പാദിച്ചോ വിദേശത്തേക്കു് കടക്കുന്ന മാര്‍‌ഗ്ഗമാണു്. ഇന്ത്യയിലെ പല വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ഈ സമ്പ്രദായത്തില്‍‌ ഭരണകൂടത്തെ പല വിധത്തില്‍‌ പ്രതിനിധീകരിക്കുന്നവര്‍ (ഇവിടെ immigration authorites ) ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതായി കാണാം. എതാനും ഉദ്യോഗസ്ഥരുടെ (അവരെയാണു് ഞാനിവിടെ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്ന് അര്‍‌ത്ഥമാക്കിയതു്) അറിവോടും സമ്മതത്തോടും കൂടി നടക്കുന്ന ഈ ‘നിയമവിരുദ്ധ” മാര്‍ഗ്ഗം ധാരാളം സ്ത്രീകളെയും പുരുഷന്‍‌മാരെയും വിദേശത്തേക്കു് കടക്കാന്‍‌ സഹായിച്ചിട്ടുണ്ടു്‌. എന്തുകൊണ്ടാണു് ആളുകള്‍‌ ഇത്തരം ‘നിയമവിരുദ്ധ' മാര്‍‌ഗ്ഗങ്ങള്‍‌ തേടി പോകുന്നതു്?

ഇവിടെയാണു് ഞാന്‍‌ നേരത്തെ പരാമര്‍ശിച്ച നിയമങ്ങളുടെ പ്രശ്നങ്ങള്‍‌ ഗൌരവമായി മനസ്സിലാക്കേണ്ടതു്. നിയമങ്ങള്‍‌ സുരക്ഷിതവും ലളിതവുമായ യാത്രയ്ക്കു് തടസ്സമാവുമ്പോഴാണു് ഇത്തരം ‘ നിയമവിരുദ്ധമായ വഴികള്‍‌' തേടാന്‍‌ ആളുകളെ പ്രേരിപ്പിക്കുന്നതു്. വിദേശത്തേക്കു് വീട്ടുജോലിക്കു പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏതു വഴിയായാലും ജോലി കിട്ടുക എന്നതു അവരുടെ നിലനില്പിന്റെ തന്നെ പ്രശ്നമാണ്‌. അതേ സമയം തന്നെ നേരത്തെ സൂചിപ്പിച്ചതു പോലെ ശക്തമായ ഒരു തൊഴില്‍വിപണി ഗാര്‍‌ഹികതൊഴിലാളികള്‍‌ക്കായി നിലനില്ക്കു‌ന്നതു കാരണം അവരെ കൊണ്ടുപോകാനുള്ള സംവിധാനം വളരെ സജ്ജീവവുമാണു്.

നിയമത്തിന്റെയും നിയമലംഘനത്തിന്റെയും വേര്‍‌തിരിവാണ് ഇതില്‍ അപ്രത്യക്ഷമാവുന്നതു്. പ്രായപരിധിനിയമം പല സ്ത്രീകള്‍‌ക്കും അവസരങ്ങള്‍‌ നഷ്ടപ്പെടുത്തുന്നതോടൊപ്പംതന്നെ അവരുടെ നിലനില്പിനേയും, ഉപജീവനത്തേയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് 20 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍‌ അത് അവരുടെ ക്രിയാത്മകസമയമായി കണക്കാക്കുന്നുണ്ടു താനും. നിയമപരിരക്ഷയില്‍ വിദേശത്തേക്കു പോകാന്‍‌ കഴിയാതെ വരുന്ന സ്ത്രീകള്‍ക്ക് ‘നിയമവിരുദ്ധ‘ സമ്പ്രദായങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം മാര്‍‌ഗ്ഗങ്ങളിലൂടെ വിദേശത്തേക്കു `പോകേണ്ടി വരുന്ന സ്ത്രീകള്‍‌ സങ്കീര്‍‌ണ്ണമായ പ്രശ്നങ്ങളില്‍‌ കുരുങ്ങാനുള്ള സാദ്ധ്യതയും ഏറെയാണു്. ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നതു് തികച്ചും പുരുഷാധിപത്യപരമായ ഒരു ചട്ടക്കൂടില്‍‌ നിന്നുകൊണ്ട് ഉണ്ടാക്കിയ ഒരു നിയമം സ്ത്രീകളുടെ സുരക്ഷിതത്വത്തോടും സ്വാഭിമാനത്തോടും (dignity) യാത്രചെയ്യാനുള്ള അവകാശത്തെ ഹനിക്കുകയും പകരം അരക്ഷിതവും നിയമവിരുദ്ധവുമായ ഒരു വിദേശകുടിയേറ്റത്തിനു് പ്രോത്സാഹനം നല്കുകയുമാണ് ചെയ്യുന്നതു്

Subscribe Tharjani |