തര്‍ജ്ജനി

കവിത

ജയന്തന്റെ പെണ്മക്കള്‍

ആലാഹയുടെ പെണ്മക്കള്‍ ഞാന്‍ വായിച്ചിട്ടില്ല
ഞാനൊരു പെണ്ണെഴുത്തുകാരിയല്ല, കാരനുമല്ല.
എനിക്കൊരു പേരുവേണം, എന്റെ കവിതയ്ക്ക്.
‘ജയന്തന്റെ പെണ്മക്കള്‍’ പിറന്നതങ്ങനെയാണ്

ഇതൊരു പീഡനകഥയൊന്നുമല്ല, പക്ഷേ
പാഠഭേദങ്ങള്‍ ആവോളമാവാം, ചാനലുകള്‍ക്ക്
ചര്‍ച്ചയാവാം, പ്രതികരണങ്ങളാകാം, സ്റ്റുഡിയോവില്‍
മുഖം മറച്ചിരുത്തി പറയിക്കാം, കാമപീഡാനുഭവങ്ങള്‍

വാര്‍ത്തയായും സബ്‌ടൈറ്റിലായും ലൈവായും ബാക്കി
രാവിലെ പത്രപാരായണത്തിനുപ്പെരിയായും
വേണമെങ്കില്‍ പീഡാനുഭവ പരമ്പരയൊന്നു തുടങ്ങാം
കണ്ണീരിന്‍ സ്പോണ്‍സറിംഗ് ‘ഉറ’ കമ്പനികള്‍ നേടട്ടെ

പടപ്പാട്ടുകള്‍ ഉജ്ജ്വലവാഗ്ധോരണികള്‍ നിറയട്ടെ വീഥികളില്‍
വായ്ക്കുരവകള്‍ അവള്‍ക്കായുയരട്ടെ, ബാറുകളില്‍
നേടിയ സുഖത്തിന്റെ ചോദ്യോത്തരങ്ങളില്‍
കണ്ണുനീരായ് പൊടിയട്ടെ ചാരിത്ര്യം കോടതിയില്‍

മകളായ് സൊദരിയായ് അമ്മയായ് വളരേണ്ടവള്‍
തന്നമ്മതന്‍ മടിയില്‍ തലചായ്ക്കുന്നു വേശ്യപ്പട്ടവുമായ്
നിറഞ്ഞ കണ്ണില്‍ നിന്നുതിരുന്നു മുലപ്പാലിന്നുപ്പുരസം
മുല ചുരത്തുന്നു കണ്ണീരിന്റെ മധുരം

പിഞ്ചുകുഞ്ഞാട്ടെ, മുത്തശ്ശിയാട്ടെ കാമകേരളം
പരതുന്നു രാവിന്റെ പാതാളവേഴ്ചകള്‍
എല്ലാമറിയുന്ന മലയാണമ കേണുവോ
ജയന്തന് പെണ്മക്കള്‍ പിറക്കാതിരിക്കട്ടെ

ജെ കെ വിജയകുമാര്‍
Subscribe Tharjani |