തര്‍ജ്ജനി

മുഖമൊഴി

തവളയും മതവും പിന്നെ പാഠപുസ്തകവും

കേരളത്തില്‍ ഓരോ അദ്ധ്യയവനര്‍ഷവും വിദ്യാര്‍ത്ഥിസമരങ്ങളോടെയാണ് ആരംഭിക്കുക. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തു് ഈ സമ്പ്രദായം നടപ്പുള്ളതായി അറിവില്ല. സ്കൂള്‍ പഠനകാലത്തു് വിദ്യാര്‍ത്ഥിസംഘടനകളുടെ അവകാശപത്രികാസമര്‍പ്പണനിവേദനത്തില്‍ ഒപ്പിട്ടുകൊടുത്താണു് മുറതെറ്റാത്ത ഈ സമ്പ്രദായത്തെക്കുറിച്ചു് ഇത് എഴുതുന്നയാള്‍ മനസ്സിലാക്കിയതു്. അതോടൊപ്പം മനസ്സിലാക്കിയ മറ്റൊരു കാര്യം, പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുക എന്നതാണു്. ഭരണപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകളും അവകാശപത്രിക സമര്‍പ്പിക്കും. പക്ഷെ വിദ്യാഭ്യാസമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തൃപ്തരായി സമരത്തില്‍ നിന്നും പിന്‍വാങ്ങും. പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകള്‍ സമരവുമായി രംഗത്തെത്തും. ഒടുവില്‍ അവകാശങ്ങള്‍ നേടിയോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. അതു് അത്ര പ്രധാനകാര്യമായി ആരും കണക്കാക്കാറില്ല. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ചേരിതിരിച്ചു നിറുത്തുക എന്നതിനപ്പുറം എന്തെങ്കിലും ധര്‍മ്മം ഇത്തരം സമരങ്ങള്‍ക്കുണ്ടോ എന്നു് ആരും ചോദിക്കാറില്ല. ഇതിന്റെ അസംബന്ധതയെക്കുറിച്ചു് വലിയ വേവലാതിയൊന്നും ആരും പ്രകടിപ്പിക്കാറുമില്ല. മാത്രമല്ല വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള കോടതിവിധി പൊതുവില്‍ ജനസാമാന്യം ആശ്വാസത്തോടെ ഏറ്റുവാങ്ങിയപ്പോള്‍ അതു് എതിര്‍ക്കപ്പെടേണ്ടതാണു് എന്നു ശക്തിയുക്തം വാദിക്കാനും ഇവിടെ ചിലര്‍ ഉണ്ടായി. കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധത ഇത്തരം അസംബന്ധനാടകങ്ങളിലൂടെയാണു് രൂപപ്പെടുക എന്നു വിശ്വസിക്കുന്നവരായിരുന്നു അവര്‍.

എന്തു തന്നെയായാലും ഇക്കൊല്ലവും പതിവു പിഴച്ചില്ല. അദ്ധ്യയനവര്‍ഷാരംഭം സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍ അണിഞ്ഞ് പുരോഗമിക്കുകയാണു്. സമരം ചെയ്യാന്‍ എന്തെങ്കിലും കാരണം വേണം. ഇത്തവണ പാഠപുസ്തകത്തിന്റെ ഉള്ളടക്കമാണ് സമരത്തിന്റെ മുഖ്യവിഷയം. ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകമാണു് വിദ്യാര്‍ത്ഥിസമരത്തിനും അതിനു പിന്നാലെ സമരരംഗത്തെത്തിയ യുവജനങ്ങളുടേയും പാര്‍ട്ടിക്കാരുടേയും പുരോഹിതന്മാരുടേയും എല്ലാം പ്രശ്നം. അതിനു മുമ്പേ തന്നെ കാസറഗോഡ് ജില്ലയില്‍ പുറത്തിറക്കിയ മണ്ണെഴുത്ത് പ്രവര്‍ത്തനപുസ്കകത്തിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ ഏഴാം ക്ലാസ്സിലെ സാമൂഹികപാഠത്തിന്റെ കോലാഹലത്തില്‍ അത് നിറം കെട്ടുപോയി. കൈപ്പുസ്തകവും സാമൂഹികപാഠം പുസ്തകവും ഇക്കുറി പുതുതായി ഇറങ്ങിയതാണു്. കൈപ്പുസ്കത്തില്‍ ഗാന്ധിജിയുടെ ചിത്രം കൊടുക്കേണ്ട സ്ഥാനത്തു് തവളയുടെ ചിത്രം നല്കി എന്നതാണ് പ്രശ്നം. സാമൂഹികപാഠപുസ്തകത്തില്‍ പ്രശ്നങ്ങള്‍ പലതാണു്. ചരിത്രവികലീകരണം മുതല്‍ മതവിരുദ്ധതവരെ.

സര്‍വ്വശിക്ഷാഅഭിയാന്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മണ്ണെഴുത്ത് പ്രവര്‍ത്തനപുസ്തകത്തില്‍ ഒക്ടോബര്‍ 2 എന്ന പാഠഭാഗത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം തവളയുടെ ചിത്രം പ്രസിദ്ധീകരിച്ചു് വിസ്മയം സൃഷ്ടിച്ചു വിദ്യാഭ്യാസവകുപ്പു്. പൊതുവിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ ഒരു പാഠപുസ്കകം എത്രത്തോളം ഉത്തരവാദിത്തബോധത്തോടെയാണ് തയ്യാറാക്കുന്നതു് എന്നതിനു് മികച്ച ഉദാഹരണം തന്നെ ഇതു്. മാത്രമല്ല, പൊതുവിദ്യാഭ്യാസത്തിനായി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന വിദഗ്ദ്ധസമിതിയുടെ യോഗ്യത, കാര്യപ്രാപ്തി എന്നിവയെക്കുറിച്ചു് മനസ്സിലാക്കാനും ഇത് സഹായകമാണു്. ദേശീയപ്രസ്ഥാനം, സ്വാതന്ത്ര്യസമരം, രാഷ്ട്രപിതാവ്, ദേശീയത, ജനാധിപത്യം എന്നിവയെക്കുറിച്ചു് ആദരവില്ലാത്തവര്‍ ഇങ്ങനെ ഒരു പാഠഭാഗം തയ്യാറാക്കാന്‍ നിയുക്തരായതു് എങ്ങനെയാണു് ? എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കാം ഇവര്‍ തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ടാവുക ?

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തെക്കുറിച്ചു് ഉയര്‍ന്ന വിവാദങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ചു് ആലോചിക്കുന്നതിനു മുമ്പേ നിശ്ചയിക്കപ്പെടേണ്ടതു് മണ്ണെഴുത്ത് പുസ്തകം തയ്യാറാക്കിയവരെപ്പോലുള്ള വിദഗ്ദ്ധര്‍ തന്നെയാണോ അതും തയ്യാറാക്കിയത് എന്ന ചോദ്യത്തിന്റെ ഉത്തരമാണു്. പൊതുവിദ്യാഭ്യാസം താന്തോന്നിത്തം കാണിക്കാനും സ്വന്തം ചിത്തവൈകൃങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ഉപാധിയായി കാണുന്നവരാണു് മണ്ണെഴുത്തുകാരെപ്പോലെ അതും തയ്യാറാക്കിയതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനും അതിന്റെ നായകനായ വിദ്യാഭ്യാസമന്ത്രിക്കും തന്നെയാണു്. വിദ്യാഭ്യാസവകുപ്പു് കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തു് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പരിഷ്കാരങ്ങള്‍ ഏതു് ദിശയിലുള്ളതാണു് എന്നതില്‍ സംശയമേതുമില്ല. പാഠപുസ്തകത്തിലെ ഉള്ളടക്കം ലഘൂകരിച്ചു് പഠനം എന്നതു തന്നെ തമാശയാക്കി മാറ്റിയതോടൊപ്പം പരീക്ഷയ്ക്കു് പോയവരെല്ലാം ജയിക്കുന്ന മൂല്യനിര്‍ണ്ണയവും നടത്തി സ്വന്തം ദിശാബോധം അവര്‍ പ്രകടമാക്കിക്കഴിഞ്ഞിട്ടുണ്ടു്. ഈ പ്രവര്‍ത്തനത്തെ എന്തു പേരിട്ടു് വിളിച്ചാലും ഏത് സൈദ്ധാന്തികന്റെ പേരില്‍ ആണയിട്ടാലും കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന സാധരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തെയാണു് അതു് ബാധിക്കുക. കേരളത്തില്‍ തന്നെ ഇപ്പോള്‍ പലതരത്തിലുള്ള വിദ്യാഭ്യാസരീതികള്‍ നിലവിലുണ്ടു്. സര്‍ക്കാര്‍ സ്കൂളുകളിലെ സര്‍വ്വാണിമണ്ണെഴുത്ത്പരീക്ഷണ വിദ്യാഭ്യാസം, സി.ബി.എസ്.ഇ. പാഠ്യപദ്ധതി എന്നിവ തമ്മിലുള്ള അന്തരം പരിശോധിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസവിപ്ലവത്തിന്റെ സാമൂഹികവിരുദ്ധത വ്യക്തമാകും. പാഠ്യപദ്ധതിമാത്രമല്ല പലതരത്തിലുള്ള പഠനാന്തരീക്ഷവും രീതികളുമാണ് വിവിധതരം വിദ്യാലയങ്ങളില്‍ നിലനില്ക്കുന്നതു്. ഒരു വശത്ത് സര്‍ക്കാരിന്റെ മണ്ണെഴുത്ത് വിദ്യാഭ്യാസവിദഗ്ദ്ധരുടെ പരീക്ഷണത്തിനു് ഗിനിപ്പന്നികളാക്കി സാധാരണക്കാരുടെ കുട്ടികളെ മാറ്റുമ്പോള്‍ മറുവശത്തു് സമരകോലാഹലങ്ങളില്ലാതെ നടക്കുന്ന ആഢ്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തഴച്ചു വളരുന്നു. എന്തൊരു സമത്വസുന്ദരലോകം ! എന്തൊരു ആദര്‍ശസുരഭിലലോകം !

ഇങ്ങനെ ആദര്‍ശസുരഭിലവും സമത്വസുന്ദരവുമായ ലോകത്തു് സാധാരണക്കാരന്റെ കുട്ടികള്‍ മതവും ജാതിയും പ്രധാനമല്ലാതായിക്കഴിഞ്ഞ നമ്മുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് മനസ്സിലാക്കാതെ പോകുന്നതു് മഹാപരാധം തന്നെ ! മണ്ണെഴുത്തു വിദദ്ധന്മാര്‍ അതിനായാണു് മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം തയ്യാറാക്കിയതെന്നു മനസ്സിലാക്കാം. പണ്ടു് ചരിത്രവും സാമൂഹ്യപാഠവും ഒരുമിച്ച് ഒരു പുസ്തകമായിരുന്നു. ഇപ്പോള്‍ സാമൂഹ്യപാഠം വേറെ, ചരിത്രം വേറെ. ചരിത്രനിരപേക്ഷമായ സാമൂഹ്യപാഠം പോലും ഒരു പക്ഷെ ഈ നിലയില്‍ വരാം. ചരിത്രം ഏകശിലാരൂപമായ ഒന്നല്ല എന്നും അത് നിരവധി ഭാഷ്യങ്ങള്‍ മാത്രമാണ് എന്നുമാണ് പുതിയ സിദ്ധാന്തം. ഒക്ടോബര്‍ 2 ന് തവളയുടെ ചിത്രമാണു് വേണ്ടതു് എന്നത് ഇത്തരത്തിലുള്ള ഒരു ഭാഷ്യം തന്നെ. ചോദ്യം ഇതാണു്. ഇത്തരത്തിലുള്ള നിരവധിഭാഷ്യങ്ങളില്‍ ഏതെങ്കിലും ഒരു ഭാഷ്യമാണോ പാഠപുസ്തകത്തില്‍ വേണ്ടതു്? അങ്ങനെ ഏതെങ്കിലും ഭാഷ്യമാണെങ്കില്‍ അവിടെ മണ്ണുണ്ണിഭാഷ്യമാണോ വേണ്ടതു് എന്നതാണു് അടുത്ത ചോദ്യം.

മതവിരുദ്ധതയെക്കുറിച്ചുള്ള പുരോഹിതന്മാരുടേയും പുരോഹിതന്മാരെ കൂട്ടുപിടിച്ച് വോട്ട് ഉറപ്പിക്കാന്‍ തന്ത്രംമെനയുന്ന രാഷ്ട്രീയക്കാരെയും അവഗണിക്കാം. എന്നാലും മതം, ജാതി എന്നീ വിഷങ്ങള്‍ ഏഴാം തരം പാഠപുസ്തകത്തില്‍ കൈകാര്യം ചെയ്തുപോലെ ലഘൂകരണത്തിന് സാദ്ധ്യമാകുന്ന വിഷയങ്ങളാണോ എന്ന ചോദ്യം അവഗണിക്കാവുന്നതല്ല. പ്രായപൂര്‍ത്തിയായതിനു ശേഷം ജാതിയും മതവും വേണമെങ്കില്‍ സ്വയം തീരുമാനിക്കട്ടെ എന്ന രക്ഷാകര്‍ത്താവിന്റെ ഉത്തരത്തോട് യോജിക്കുന്ന ഹെഡ്‍മാസ്റ്ററെയാണ് പാഠഭാഗം അവതരിപ്പിക്കുന്നതു്. പ്രായപൂര്‍ത്തിയായ മഹാവിപ്ലവകാരികള്‍ പോലും ജാതിയും മതവും ജാതകവും നോക്കി സ്ത്രീധനം വിലപേശിവാങ്ങി വിവാഹം കഴിക്കുന്ന സമകാലികകേരളത്തിലാണു് ഈ ആദര്‍ശവാദം എന്നതു് രസകരം തന്നെ. സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ സൗമനസ്യം കാണിക്കാത്ത ആദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്കു് ഉപദേശിച്ചു് എങ്ങനെ ആദര്‍ശവാന്മാരാകാം എന്നതാണ് ഈ പാഠഭാഗം ആത്യന്തികമായി പഠിപ്പിക്കുന്നതു്. സുപ്രീംകോടതിയുടെ ഒരു ഉത്തരവ് അനുസരിച്ചു് മിശ്രവിവാഹിതരുടെ കുട്ടികള്‍ക്കു് അച്ഛന്റെ ജാതിയും മതവും ആണ് നല്കേണ്ടതു്. പ്രായപൂര്‍ത്തിയായാല്‍ സ്വന്തം ഇഷ്ടം അനുസരിച്ച് ജാതിയും മതവും സ്വീകരിക്കാവുന്നേത്തോളം ആദര്‍ശസുരഭിലമാണു് നമ്മുടെ സമൂഹം എന്നു കപടബുദ്ധികള്‍ മാത്രമേ പറയൂ. ഇന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ വിലക്കുകള്‍ നടപ്പിലാക്കപ്പെടുന്ന സമൂഹമാണു് കേരളത്തിലേതു്. എന്നാല്‍ അത് ഉത്തരേന്ത്യയിലേതു പോലെ വ്യാപകമല്ല എന്നു മാത്രം. അന്യമതസ്ഥരുമായി വിവാഹബന്ധമോ പ്രണയമോ ഉണ്ടായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരുടെ കഥ പറയാനില്ലാത്ത ഒരു പ്രദേശവും ഇവിടെ കാണില്ല. ജാതിയും മതവും രാഷ്ട്രീയാധികാരത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒരു സമൂഹത്തില്‍ പുരോഹിതസമൂഹത്തിന്റെയും ജാതിനേതൃത്വത്തിന്റേയും താല്പര്യങ്ങള്‍ക്കു് എതിരെ ഭരണകൂടം പോലും മൃദുസമീപനമേ സ്വീകരിക്കുകയുള്ളൂ.

പാര്‍ട്ടി മാറിയാല്‍ കൊലക്കത്തിക്കു് ഇരയാകുന്ന ഈ നാട്ടില്‍ മതം മാറ്റത്തിന്റെ പേരില്‍ അത്രയധികം ഹിംസ നമ്മുടെ നാട്ടില്‍ നടന്നിട്ടില്ല. അതിനു കാരണമുണ്ടു്. കേരളീയനവോത്ഥാനം നമ്മുക്കു് നല്കിയ സമൂഹസങ്കല്പം ഒരു ആദര്‍ശമായി ഈ കെട്ടകാലത്തും മനസ്സിന്റെ പിന്നറയില്‍ എവിടെയോ നില്പുണ്ടു് : ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരേത്വന വാഴുന്ന മാതൃതാസ്ഥാനമാണിതു് എന്നതാണ് ആ മഹനീയമായ ആദര്‍ശം. അരുവിപ്പുറത്തെ ആരാധനാലയം മാത്രമല്ല, കേരളം മുഴുവനും, എന്തിന് ഈ സന്ദേശം എത്തിച്ചേരുന്ന എല്ലാടവും അങ്ങനെയുള്ള മാതൃകാസ്ഥാനമാകണം എന്ന വിഭാവനം നമ്മുടെ ചരിത്രബോധത്തിന്റെ സമസ്തവികലീകരണങ്ങളെയും അതിജീവിച്ചു് ഇന്നും മനസ്സിന്റെ അന്തരാളങ്ങളില്‍ കെടാതെ നില്പുണ്ടു്. മഹത്വപൂര്‍ണ്ണമായ ഇത്തരം ആദര്‍ശങ്ങളെ തവളയുടെ ചിത്രം പകരം വെച്ച് പാഠമെഴുതുന്നവര്‍ എളുപ്പവഴിയില്‍ ക്രിയചെയ്തു് മിടുക്കരാവാന്‍ നോക്കുന്നവരാണു്. ജാതിയും മതവും യാഥാര്‍ത്ഥ്യമാണു് എന്നും ആ യാഥാര്‍ത്ഥ്യത്തെ എങ്ങനെ മനുഷ്യസാഹോദര്യത്തിന്റെ തലത്തിലേക്കു് ഉയര്‍ത്തണം എന്നും ആലോചിക്കുവാനുള്ള വിവേകമാണ് ആവശ്യമായിരുന്നതു്. മണ്ണെഴുത്തുമണ്ണുണ്ണികളില്‍ നിന്ന് അത് പ്രതീക്ഷിക്കുക വയ്യ.

മനുഷ്യജീവിതത്തിന്റെ തുടക്കം മുതല്‍ ഒടക്കം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ചര്യകള്‍ നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തി പ്രയോഗിച്ച് നിയന്ത്രിച്ചുവന്ന ഒരു സമഗ്രവ്യവസ്ഥയാണ് മതം. മതത്തിന്റെ ദാര്‍ശിനികതയല്ല സാധാരണക്കാരന്‍ പിന്തുടരുന്നതു്. ഇതിനു പകരം വെക്കാനുള്ള ഒരു സമഗ്രവ്യവസ്ഥയുടെ അഭാവത്തില്‍ മതവും അതിന്റെ ഭാഗമായ ചര്യകളും തുടരുക തന്നെ ചെയ്യും. ശാസ്ത്രചിന്തയ്ക്കും യുക്തിവാദത്തിനും മതത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെയാണു് ഭൗതികവാദിള്‍ എന്ന് ആണയിടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോലും മതപുരോഹിതന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു് അവരുടെ പ്രിയപുത്രന്മാരാകാന്‍ ശ്രമിക്കുന്നതു്. ഒരു രാഷ്ട്രീയദര്‍ശനത്തിനും ഇല്ലായ്മചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത മതം എന്ന സാമൂഹികപ്രതിഭാസത്തെ ലളിതവത്കരിച്ചു കാണുന്നേടത്തൊളും വിവരദോഷികളാണു് പാഠപുസ്കകം എഴുതാന്‍ നിയോഗിക്കപ്പെടുന്നതു് എന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്തെ ആസൂത്രണത്തിന്റേയും നടത്തിപ്പിന്റേയും അവസ്ഥ എന്തെന്നു വ്യക്തമാക്കുന്നു. കൈക്കൂലി കൊടുത്ത് ജോലി വാങ്ങിയ സ്കൂള്‍ മാഷുമാരും ടീച്ചര്‍മാരുമാണ് ഇനിയുള്ള കാലത്തു് നമ്മുടെ നവോത്ഥാനത്തെ നയിക്കുക. അവരുടെ ആദര്‍ശപുരുഷന്‍ തവളയോ പാമ്പോ കഴുതയോ ആയിരിക്കുകയും ചെയ്യും.

പിന്‍കുറി:
Tuesday, June 24, 2008
ഗാന്ധിജിക്കു പകരം തവളയുടെ ചിത്രം;

സര്‍വശിക്ഷാ അഭിയാനി(എസ്‌.എസ്‌.എ)ലൂടെ കാസര്‍ഗോഡ്‌ ജില്ലയില്‍ കുട്ടികള്‍ക്കു് നല്കിയ മണ്ണെഴുത്തു പ്രവര്‍ത്തന പുസ്തകത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം തവളയുടെ ചിത്രം അച്ചടിച്ചതിനു് മൂന്നു് ഉദ്യോഗസ്ഥര്‍ക്കു് സസ്‌പെന്‍ഷന്‍. എസ്‌.എസ്‌.എ. അസിസ്റ്റന്റ്‌ പ്രോജക്റ്റ് ഓഫീസര്‍ ഡോ പി. രാജന്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എ.ജെ. രാധ, യു.ഡി. ക്ലര്‍ക്ക്‌ പി. നാരായണന്‍ എന്നിവരെയാണു സസ്പെന്‍ഡു് ചെയ്തതു്‌. എസ്‌.എസ്‌.എ. ഡയറക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി.
'ഒക്‌ടോബര്‍ 2' എന്ന പാഠഭാഗത്തു് ഗാന്ധിജി ചര്‍ക്ക ഉപയോഗിച്ചു് നൂല്‍നൂല്‍ക്കുന്നതിനു് പകരം തവളയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനാണു നടപടി. ചിത്രത്തിനു താഴെയായി അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ചു ഗാന്ധിജി വിശദീകരിക്കുന്നതാണു പാഠഭാഗം

Subscribe Tharjani |
Submitted by Rajeevan pp (not verified) on Tue, 2008-07-08 00:01.

"സര്‍വ്വശിക്ഷാഅഭിയാന്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ മണ്ണെഴുത്ത് പ്രവര്‍ത്തനപുസ്തകത്തില്‍ ഒക്ടോബര്‍ 2 എന്ന പാഠഭാഗത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം തവളയുടെ ചിത്രം പ്രസിദ്ധീകരിച്ചു് വിസ്മയം സൃഷ്ടിച്ചു വിദ്യാഭ്യാസവകുപ്പു്."

പ്രശ്നങ്ങള്‍ ഒരുപാടുണ്ടെന്ന്‌ ബോധപൂര്‍വ്വം വരുത്തിത്തീര്‍ക്കാനുള്ള ഒരു ശ്രമമായി തോന്നുന്നു ഇതു വായിക്കുമ്പോള്‍. മറ്റു പതിമൂന്നു ജില്ലകളില്‍ കൃത്യമായി ഗാന്ധിജിയുടെ ചിത്രം വന്നപ്പോള്‍ കാസര്‍കോട്‌ മാത്രമാണ്‌ അത്‌ തവളയായത്‌. അതിന്‌ പുസ്തകം തയ്യാറാക്കിയവരെ പഴിപറയുന്നത്‌ പോഴത്തമല്ലേ. അച്ചടിശാലയില്‍ വരാന്‍ സാധ്യതയുള്ള ഒരു (അക്ഷന്തവ്യമായ) തെറ്റ്‌ മാത്രമാണ്‌ അതെന്നറിയാത്തവരല്ല തര്‍ജ്ജനി പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ ഈ കുറിപ്പിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച്‌ ന്യായമായും സംശയിക്കാം.

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം ഉയര്‍ത്തിയ ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ നല്ല ഗുണം ചെയ്തു എന്നു തന്നെ വിശ്വസിക്കുന്നു. മതമില്ലാതെയും ജീവിക്കാം എന്ന ഒരു ഉറച്ച ബോധ്യം മതങ്ങള്‍ വികൃതമാക്കിയ ഈ കാലത്തും അത്‌ പകര്‍ന്നു തരുന്നു. പലതരത്തില്‍ തൂക്കിനോക്കിയാണ്‌ മതത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌ ഇതുവരെ. വികാരം വ്രണപ്പെടരുതല്ലോ. എന്നാല്‍ വളരെ വിപുലമായ ഒരു ചര്‍ച്ച ഈ പാഠഭാഗം ഉയര്‍ത്തിക്കൊണ്ടുവന്നു എന്നത്‌ ശുഭോദര്‍ക്കമാണ്‌. അതിനെ വിലകുറച്ചു കാണാനും ഉപരിപ്ലവമായ കാര്യങ്ങള്‍ ജനശ്രദ്ധയിലേക്കു കൊണ്ടുവരാനുമാണ്‌ ഈ കുറിപ്പ്‌ ശ്രമിക്കുന്നതെന്ന്‌ പറയാതെ വയ്യ.

Submitted by രാജേഷ്.പി.പി (not verified) on Tue, 2008-07-08 23:20.

അതിന്‌ പുസ്തകം തയ്യാറാക്കിയവരെ പഴിപറയുന്നത്‌ പോഴത്തമല്ലേ.
കൊള്ളാം. പിന്നെ ആരെയാണാവോ പഴി പറയേണ്ടതു്?

മതമില്ലാതെയും ജീവിക്കാം എന്ന ഒരു ഉറച്ച ബോധ്യം മതങ്ങള്‍ വികൃതമാക്കിയ ഈ കാലത്തും അത്‌ പകര്‍ന്നു തരുന്നു.

നല്ലതു്. ഇങ്ങനെയും നിഷ്കളങ്കരായ ശൂഭാപ്തിവിശ്വാസികള്‍ ഉണ്ടു് എന്നത് രസകരം തന്നെ. ഇനിമേലില്‍ മലയാളികള്‍ മതമില്ലാതെ ജീവിച്ചുകൊള്ളുമല്ലോ. ഇക്കാലമത്രയുമായി സംഭവിക്കാത്തതു് ഈ പാഠപുസ്തകംകൊണ്ട് സാധിച്ചുവെങ്കില്‍ അതിനെയല്ലേ വിപ്ലവം എന്നു വിളിക്കേണ്ടതു് ! ഈങ്ക്വിലാബ് സിന്താബാദു്.

Submitted by Ajit (not verified) on Wed, 2008-07-09 09:08.

മതമില്ലാതെ ജീവിക്കരുത് എന്നാണോ പറഞ്ഞു വരുന്നത്? ഇത് വായിച്ചാല്‍ അങ്ങനെ തോന്നും. അതിന്റെ സാധ്യതകളെ അളന്നുകൊണ്ട് ഇങ്ങനെയൊരു പാഠം പഠിപ്പിയ്ക്കരുത് എന്ന് പറയുന്നത് വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്? കുട്ടികള്‍ക്ക് അങ്ങനെയൊരു ജീവിതം സാധ്യമാണെന്ന ചിന്തയെങ്കിലും പാടില്ലെന്നാണോ?

Submitted by Gopakumar (not verified) on Wed, 2008-07-09 16:39.

വളരെ മോശം

Submitted by വിനീത് (not verified) on Sun, 2008-07-13 11:22.

വിദ്യാഭ്യാസവകുപ്പു് കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തു് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പരിഷ്കാരങ്ങള്‍ ഏതു് ദിശയിലുള്ളതാണു് എന്നതില്‍ സംശയമേതുമില്ല. പാഠപുസ്തകത്തിലെ ഉള്ളടക്കം ലഘൂകരിച്ചു് പഠനം എന്നതു തന്നെ തമാശയാക്കി മാറ്റിയതോടൊപ്പം പരീക്ഷയ്ക്കു് പോയവരെല്ലാം ജയിക്കുന്ന മൂല്യനിര്‍ണ്ണയവും നടത്തി സ്വന്തം ദിശാബോധം അവര്‍ പ്രകടമാക്കിക്കഴിഞ്ഞിട്ടുണ്ടു്. ഈ പ്രവര്‍ത്തനത്തെ എന്തു പേരിട്ടു് വിളിച്ചാലും ഏത് സൈദ്ധാന്തികന്റെ പേരില്‍ ആണയിട്ടാലും കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന സാധരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തെയാണു് അതു് ബാധിക്കുക.

പൂര്‍ണ്ണമായും ശരിയായ നിരീക്ഷണം

Submitted by Latha (not verified) on Tue, 2008-07-15 16:49.

ennaalum, mathathinum athinte bheekarathaykkum ethiraaya oru chintha... ath aprasakthamennu parayunnathengane?

Submitted by Vijayakumar (not verified) on Wed, 2008-07-23 11:46.

It has been decided that the English medium text book of Social Studies for seventh standard should be withdrawn, because of its poor language. The content of this English version is the same,that of Malayalam book. Now,the content of Malayalam version is also being revised. This shows the competence of the people who were entrusted the work of preparing text books.
Congratulations,Hon.Minister for Education Mr.M.A.Baby.