തര്‍ജ്ജനി

പി. മാധവന്‍

THE ENGLISH AND FOREIGN LANGUAGES UNIVERSITY
Hyderabad - 500007
Andhra Pradesh , India

Visit Home Page ...

ഓര്‍മ്മ

അമ്മന്നൂര്‍ മാധവച്ചാക്യാര്‍

ഫോട്ടോ: കെ. ആര്‍. വിനയന്‍

അത്യന്തം ശൈലീകൃതമായ അഭിനയം, സംസ്കൃതഭാഷാനഭിജ്ഞര്‍ക്ക്‌ അപ്രാപ്യമായ രംഗപാഠം, ഒച്ചിഴയുന്നതിനെ നാണിപ്പിക്കുന്ന മന്ദഗതിയിലുള്ള കഥഗതി- സാധാരണ പ്രേക്ഷകനെ മുഷിപ്പിക്കാന്‍ വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ കൂടിയാട്ടം ഒരു മ്യൂസിയം പീസ്സായി ഒതുങ്ങേണ്ടതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അതു സംഭവിക്കാതിരുന്നുവെങ്കില്‍, പരിമിതമായ മട്ടിലെങ്കിലും കേരളത്തിന്റെ തനതായ ഈ സംസ്കൃതനാടകാവതരണശൈലി ജനമധ്യത്തില്‍ നിലനിന്നുവെങ്കില്‍, അതിനു നാം കടപ്പെട്ടിരിക്കുന്നത്‌ അമ്മന്നൂര്‍ ഗുരുകുലത്തോടാണ്‌. അതിന്റെ ആചാര്യനായ, യശശ്ശരീരനായ മാധവച്ചാക്യാരോടാണ്‌. പാരമ്പര്യനിഷ്ഠമായ ആട്ടത്തെ കടുകിട മാറ്റമില്ലാതെ, ജനപ്രിയതയെ കുറിച്ചുള്ള വിചാരങ്ങളേ ഒഴിവാക്കി, അതിന്റെ പൂര്‍ണ്ണകര്‍ക്കശതയില്‍ പാലിച്ചു പോന്ന ഈ മഹാനടനെ കാലം വിലയിരുത്തുന്നത്‌ അത്ഭുതാദരങ്ങളോടെ ആയിരിക്കും. ആദ്യമൊന്നും കൂടിയാട്ടത്തെ അമ്പലമതിലിനു പുറത്തേക്കു കൊണ്ടു വരാന്‍ അദ്ദേഹത്തിനു സമ്മതമായിരുന്നി‍ല്ല- ഗുരുകാരണവന്മാര്‍ പറഞ്ഞുറപ്പിച്ചതിനപ്പുറം പോവാന്‍ കഴിയാതെ, കാലം കൊണ്ടു വന്ന മാറ്റങ്ങളോട്‌ രാജിയാവാന്‍ കഴിയാതെ നിന്നു അന്നൊക്കെ. പിന്നെ വഴങ്ങി. അങ്ങനെ പാര്‍വ്വതീവിരഹത്തിലെ പകര്‍ന്നാട്ടവും, 'ശിഖിനിശലഭ'ത്തിലെ അതുല്യമായ നേത്രാഭിനയവും പുറം ലോകം കണ്ടു, വിസ്മയം പൂണ്ടു. (ശലഭത്തിന്‌ ശിഖിയില്‍ പതിക്കാതെ കഴിയില്ല എന്ന അനിവാര്യത തന്നെയല്ലേ ഇവിടെയും പ്രവര്‍ത്തിച്ചത്‌?)

തന്റെ സമകാലീനരില്‍ പൈങ്കുളം രാമച്ചാക്യാര്‍ 'വാക്കില്‍' ഏറെ മുന്നിലായിരുന്നു, അഭിനയത്തിന്റെ സാക്ഷാല്‍ 'നാട്യകല്‍പദ്രുമ'മായിരുന്നു മാണി മാധവച്ചാക്യാര്‍- ഇരുവരും കിടയറ്റവരായിരുന്നുവെന്ന്‌ അന്നത്തെ സഹൃദയലോകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അമ്മന്നൂരില്ലായിരുന്നുവെങ്കില്‍ കൂടിയാട്ടം ഇന്നത്തെ നിലയില്‍ ഉണ്ടാവുമായിരുന്നില്ല. അന്യാദൃശമായ ഈ അഭിനയസമ്പത്തിനെ സംരക്ഷിച്ചു നിര്‍ത്തിയ ഗുരുവര്യന്‌ സാംസ്കാരിക കേരളത്തിന്റെ തിലോദകം.

Subscribe Tharjani |