തര്‍ജ്ജനി

പി.ഐ.രാധ

Visit Home Page ...

ലേഖനം

സ്നേഹഗീതങ്ങള്‍

പ്രണയം ആറിത്തണുക്കാത്ത കനലായി ഓരോ കവിതയിലും തിളങ്ങുന്നു. ഓ.വി.ഉഷയുടെ സ്നേഹഗീതങ്ങള്‍ എന്ന സമാഹാരത്തെക്കറിച്ച് ഒറ്റവാക്കില്‍ പറയാവുന്നതിതാണു്. സമാഗമം, നിരാസം, വിരഹം - സാഫല്യം അന്യമായ ഈ ജീവിതഗതിയില്‍ പ്രണയം മഴവില്ലുപോലെ ക്ഷണികവും മനോഹരവുമാകുന്നതു കാണാം. അപൂര്‍ണ്ണത അതിന്റെ ആകര്‍ഷകതയുടെ മാറ്റിരട്ടിപ്പിക്കുന്നു. ചക്രവാളച്ചുവപ്പ്, നിഴലുകള്‍, നിലാവ്, ഗാനം, കാലത്തെ നിശ്ചലമാക്കിയ ഏതാനും നിമിഷസ്ഥിതികള്‍ - ഇതെല്ലാം പ്രണയത്തിന്റെ മുദ്ര പതിഞ്ഞവയായി അടര്‍ത്തി സൂക്ഷിച്ച് നിധിപോലെ കരുതിവെക്കുകയാണ് ജീവിതം. ഉയിരിന്റെ പെയ്ത്താവുകയാണ് കവിതകള്‍; ഉയിരാകട്ടെ രാഗമാത്രമായിത്തീരുന്നു.

ക്ഷണികം സമാഗമം

നീലവാനിന്നു കീഴിലായ് നിന്നെ
പ്പോലെയാരുമില്ലാരുമേയില്ല ( അസംഗം)

നിലനില്പിന്റെ നിരാലംബതയിലേക്ക് ഒരു വിസ്മയമായും ഹൃദയത്തിന്റെ പ്രതീക്ഷ മുറുകിയ കമ്പിയില്‍ ചൈതന്യം കുടികൊള്ളിക്കുന്ന ഗാനമായും പ്രണയമെത്തുന്നു (ഗീതസന്ധ്യ). ​ജീവനില്‍ അത് തൊടുത്തുവിടുന്ന അനുരണനങ്ങള്‍ക്ക് അവസാനമില്ല. ഹൃദയത്തിന്റെ വാതില്‍ തുറക്കുന്ന പഞ്ചമിരാവ് അതീവസൌമ്യമായി വിരല്‍ത്തുമ്പുകൊണ്ട് തൊട്ടുണര്‍ത്തി നിലാവും നിഴലും നറും മഞ്ഞുതുള്ളിയും രാക്കിളിച്ചിന്തും കലര്‍ത്തിച്ചൊരിയുന്നു. നേര്‍ത്ത നിലാവു പോലൊരാള്‍ പിന്നില്‍ തെളിയാതൊളിക്കുന്നു ( പഞ്ചമി).

ഇല്ല പരിചയമല്പവും കണ്ടത-
ല്ലിന്നേവരെ,യിന്നുകണ്ടതാണാദ്യമായ്
എങ്കിലും നന്നെച്ചുവക്കുന്നു വാനിടം
എങ്കിലും വെട്ടം നിറയുന്നു ചുറ്റിലും (സൌഹൃദം)

എന്ന് ജീവിതാകാശാത്തെ ചൂഴുന്ന ഈ ചുവപ്പ് കവിതകളില്‍ പലപാടു് ആവര്‍ത്തിച്ചു കാണാം. ജന്മത്തിന് വിചിത്രമായ അര്‍ത്ഥങ്ങളേകുകയാണു് ഓരോ തിരിച്ചറിവും കൂടിക്കാഴ്ചയും.


ജീവനേ,
നിന്റെ വിദൂരച്ഛവി വന്നു
കൊച്ചുമനസ്സിന്റെ
വക്കില്‍‌ തൊടുകയാണൊന്നലിയുന്നു ഞാന്‍
.........
എങ്ങനെ
യെന്നെ ഞാനായ് നിലനിറുത്തുവാന്‍ ? (അല)

എന്നു് അടിപതറിക്കുന്ന ഈ അനുഭവം പകര്‍ത്തിവെക്കപ്പെടുന്നു. അലയില്ലാതെ നിലച്ച ജലത്തില്‍ കളിയായ് വീണ കല്ല് ഹൃദയത്തെ ശിഥിലമാക്കുന്നു; ഒപ്പം ഏതോ പാപം പേറിയ താനെന്ന ശിലാഖണ്ഡം നൊന്തു കിടക്കവേ, ജീവിതഗംഗയുടെ രാഗസംഗീതം ആ കല്ലില്‍ കൊടുങ്കാറ്റിളക്കിവിട്ടതായി മോചനം എന്ന കവിത ചിത്രീകരിക്കുന്നു. സ്വപ്നങ്ങള്‍ ഇലകളായി വന്നു പതിച്ചു. മഞ്ഞ് വെളുക്കെച്ചിരിച്ചു തഴുകി. ശിലയിലും രാഗമുണര്‍ന്നു.

പ്രണയത്തെ വിദൂരപ്രകാശവും നിലാവും നിഴലും കടലിന്റെ പ്രക്ഷുബ്ധതയുമായി പല കവിതകളും ആവിഷ്ക്കരിക്കുന്നു. ക്ഷണികത ഓരോ ചിത്രത്തേയും അകമ്പടി സേവിക്കുന്നു.

ജീവിതമിതുതാ-
നസ്ഥിരമധുരമി-
തത്ഭുതമല്ലോ!
എത്ര മനോഹര-
മെത്ര ഭയാനാക-
മെന്റെ സുഹൃത്തേ
നിന്‍ പ്രേമത്തിന്‍ താമരയിതളില്‍ (നളിനീദളഗതസലിലം).

ഒന്നു തിളങ്ങി ജീവിച്ച് കെട്ടുപോകുന്ന ഹിമബിന്ദുവിനെപ്പോലെ, ചിറകു കരിഞ്ഞമരുമ്പോഴും വിളക്കിലേക്ക് ദാഹത്തോടെ അണയുന്ന ഇയ്യാംപാറ്റെയെപ്പോലെ ക്ഷണികത പുല്കുമ്പോഴും എത്ര മനോഹരമെന്ന് ആത്മഗതം ചെയ്തുപോകുന്നുണ്ടു് (ഈയാംപാറ്റ). മനസ്സ് സമുദ്രം പോലെ പ്രക്ഷുബ്ധമാകുന്നു. ഓരോ തിരയും ബോധത്തില്‍ കുതിച്ചെത്തി ചിതറിവിരിഞ്ഞ് ഇതള്‍കൊഴിയുന്നു. ഓരോ തിരയിലും പ്രണയിയുടെ വെയില്‍ച്ചിരിയും തിളങ്ങുന്ന ദൃഷ്ടിയും കൊടുംമിന്നല്‍കണക്ക് ഉള്ളം മുറിക്കുന്നു (തിര).

പ്രലോഭനത്തിനു് നോക്കിയിരുന്നാല്‍ ബോധംകെടുത്തുന്ന ലഹരിയുള്ള ചന്ദ്രമുഖമുണ്ടെന്നു് ' അറിവ് ' എന്ന കവിതയില്‍ കാണാം. ജീവന്റെ ചിത്രനിധിശേഖരം നിറയുന്നു. കണ്ണിന്റെ ചക്രവാളത്തുടുപ്പിലൂടെ അലയുന്ന സ്വപ്നമേഘങ്ങളുള്ള ചുവന്ന കണ്ണുകള്‍, സ്മിതവജ്രപാതങ്ങള്‍ നിഴലുകളായി നെറ്റിമേല്‍ ചിന്നുന്ന മുടിയുടെ ധൂര്‍ത്തും മിനുസവും ചുറ്റിപ്പൊതിഞ്ഞ മൌനം, തിരിച്ചറിവിന്റെ ശാന്തി- ജന്മാന്തരങ്ങളിലും ഇനിയും കണ്ടുമുട്ടുമെന്നതിനു് സാക്ഷ്യങ്ങളാകുന്നു ഇതത്രയും.

ചുവരുകളും അതിരുകളും ഉരുകിയലിഞ്ഞു മായുന്നു.
എവിടെച്ചെന്നെത്തുമെന്നറിയില്ലെങ്കിലും
ഇനിയൊന്നും ഞാനോര്‍ക്കുന്നീലാ
പോരുന്നൂ നിന്റെ കൂടെ (യാത്ര)

എന്നു് ദൃഢനിശ്ചയം പേറുന്നു. പ്രസന്നതയും മാധുര്യവും നന്മയും കൊണ്ടു് ജീവിതം ധന്യമാക്കുന്ന സാമീപ്യത്തെച്ചൊല്ലി ജഗദീശ്വരനു് നന്ദി പറഞ്ഞു പോകുന്നു.

നിന്നെച്ചമച്ച ജഗദീശ്വരനൊന്നു
പിന്നെ നിനക്കുമെന്‍ നന്ദി ചൊല്ലട്ടെ ഞാന്‍ (സന്ദര്‍ശനം)

ഏകാകിയായ പ്രണയി, ആവര്‍ത്തനവിരസമായ ജീവിതചര്യകളില്‍ പൊടുന്നനെ കടന്നുവന്ന പണ്ടെങ്ങുമില്ലാത്ത ഏകാന്തസൌഭഗത്തിന്റെ വേരന്വേഷിക്കുന്നു.

എന്തു പൊരുളതിഎന്നമ്പരന്നു ഞാ-
നുള്ളിന്റെ ഉച്ചക്കൊടും വെയിലിലൂടവേ
ഒട്ടൊന്നലഞ്ഞു തിരിഞ്ഞേന്‍
കണ്ടുപിടിച്ചേന്‍ നിരാലംബമായൊരി-
ച്ചൂടിന്റെ നെഞ്ചില്‍ത്തണുത്ത ജലമുഖം (ഏകാകി)

ആദികവിയ്ക്കാദ്യകാവ്യം പിറന്നപോലെ പ്രണയം കാവ്യാനുഭവമായിത്തീരുന്നു.

നിരാസം

നമ്മള്‍ക്കിടയ്ക്കെന്തു ദൂരം പൊടുന്നനേ
നമ്മെ നയിപ്പതു ചന്ദ്രതാരങ്ങളോ? (വൃശ്ചികസന്ധ്യ)

സമാഗമങ്ങള്‍ ഹ്രസ്വമാകുന്നു. വിരഹമാകട്ടെ ദീര്‍ഘവും.


മെല്ലെക്കുനിഞ്ഞ ശിരസ്സോടു നിന്റെയാ
മുള്ളുവാക്കേറ്റെന്റെ നെഞ്ചിലേ വാങ്ങി ഞാന്‍ (വൃശ്ചികസന്ധ്യ)

വാക്കുകള്‍- തെറ്റുന്നവര്‍;
മറന്നു, ചുവടമ്പേ
പിഴച്ചു പോകുന്നവര്‍ ‍;
തീവ്രമാം ഖേദങ്ങള്‍ക്കു
ഹേതുവായ് പൊലിപ്പവര്‍ (കണ്ണും വഴിയും)

എന്നു് ജീവിതത്തിന്റെ കാര്‍ക്കശ്യം അനുഭൂതികളിലേക്കും വാക്കുകളിലൂടെ ചേക്കേറുന്നു. അര്‍ഹിക്കാത്ത വിശുദ്ധിയെ ആവാഹിക്കാന്‍ ഭയപ്പെട്ടോ പരിഭവങ്ങളിലും ദു:ഖങ്ങളിലും പൊതിഞ്ഞോ ആരാദ്യം എന്ന വ്യഥയിലകപ്പെട്ടോ പ്രണയികളുടെ ജന്മം വ്യര്‍ത്ഥമാകുന്ന ചിത്രം വിധി, വാഗ്ദാനം എന്നീ കവിതകളില്‍ ആവിഷ്കരിക്കുന്നു. കാറ്റില്‍ ഈണവും ഓര്‍ത്തതിലൊക്കെ തുടുപ്പര്‍ന്ന ദു:ഖവും തങ്ങിനില്ക്കേ ഇല്ലാപ്പണിയും ഗൌരവവും നടിച്ച് കൂടിക്കാഴ്ചകള്‍ കലങ്ങി. കാണാത്തതിന്റെ പിണക്കവും സങ്കടവും പറഞ്ഞു തീരും മുമ്പേ ഒരാളെ നിര്‍ബ്ബന്ധമായും കൊണ്ടുപോകുന്ന വിധിയെത്തുന്നു (വിധി) . വാക്കിലേയും അതിലേറെ ശക്തമായ മിഴിയിലേയും വാഗ്ദാനങ്ങള്‍ ഓര്‍ത്തുനില്ക്കേ, പ്രണയിനിയുടെ ആയുസ്സ് കാത്തിരിപ്പില്‍ പാഴാവുന്നു. പ്രണയസ്മൃതികളുടെ ആന്തരാഗ്നിയില്‍ വെന്തെരിഞ്ഞൊടുങ്ങിയ തീവ്രമായ ഒരായുസ്സിന്റെ ചിത്രം വാഗ്ദാനത്തില്‍' കാണാം.

വിരഹം, ദു:ഖാഭിരതി

നിന്റെ പുഷ്പകം നിന്നെയും പേറി
ക്കൊണ്ടുപോയെനിക്കില്ലൊരു യാനം (അസംഗം)

സാന്ധ്യരാഗം മാഞ്ഞുപോയി കറുപ്പ് മാത്രമവശേഷിച്ച നിരാസസന്ധ്യ പ്രണയത്തിന്റെ അകാലവിരാമത്തിന്റെ ചിത്രമാകുന്നു. വിടചൊല്ലാതെ, കാരണമറിയാതെ ഇടഞ്ഞുപോയ പ്രണയിയുടെ മുമ്പില്‍ മനസ്സ്, തൊടുന്നതിനു മുമ്പേ വാടുന്ന പൂവായി തളരുന്നു. ഓരോ അണുവിലും തിരിച്ചു വരില്ലേ എന്ന ഹൃദയധ്വനി മുഴങ്ങുന്നു. ശ്യാമമേഘം വന്ന് ചെറുതായി മിന്നവേ, തന്റെ പാര്‍പ്പ് വിരഹത്തിന്റെ രാമഗിരിയിലാണെന്നോര്‍ക്കുന്നു.

ആ ഹൃദയത്തിന്നോര്‍മ്മയായി ഞാന്‍ ജീവിക്കുകി-
ലീ രാമഗിരിയുമെന്‍ പുണ്യമാമനുഭവം (രാമഗിരി)

കുറവന്റെ കുഴല്‍കേള്‍ക്കാത്ത പാമ്പുപോലെ ഉള്ളില്‍ ചിരുളുന്ന ഇരുട്ട്, വാനത്തെ നോക്കുന്ന വരണ്ടനിലം, പോയജന്മത്തിന്റെ ബന്ധമിണങ്ങാത്ത വേരറ്റുപോയപോലെ- ഇങ്ങനെ ജന്മം പൊരുത്തക്കേടുകളുടേതായിത്തീരുന്നു (പൊരുത്തക്കേട്). കണ്ണീരിലൂടെ നാളുകള്‍ വിണുകൊഴിഞ്ഞ് പേമാരിയടങ്ങിയ മനസ്സ് ചവിട്ടേറ്റു തകര്‍ന്ന സ്നേഹഗര്‍വ്വത്തെ തിരിച്ചറിയുന്നു (പ്രതികരണം).

കൃഷ്ണപക്ഷവിരഹോഗ്രപക്ഷ
ചലനം
ഹൃദംബരമെന്റെ
ദീപരഹിതം (കറുത്തപക്ഷി)

നക്ഷത്രം പോലുമെറിഞ്ഞു കളഞ്ഞു കരഞ്ഞ വര്‍ഷരാത്രി (ഇരുട്ട്) എന്നിങ്ങനെ വേര്‍പാടിന്റെ ജാഗ്രതയുറ്റ മനസ്സ് ഇരുട്ടിന്റെ അനേകം ചിത്രങ്ങളെ ആരചിക്കുന്നു. അഗാധമായ നിശയിലും അശരീരിയായി പ്രണയി ചുഴന്നു നില്ക്കുന്നു; പഴയകാലത്തിന്റെ മറഞ്ഞരംഗത്തില്‍ തീര്‍ന്നുപോയ ഒരനുഭൂതിയായി, മൃത്യുഹിമസ്പര്‍ശിയായ ഈ ദര്‍ശനത്തില്‍ പ്രണയം ശുദ്ധസ്മൃതിയാകുന്നു. ഭാവന അതിനെപ്പുല്കി തരിച്ചുനില്ക്കുന്നു (വിഷാദപൌര്‍ണ്ണമി). സ്മൃതിയും നിനവും മഴയായി പെയ്യുന്നു. ഓര്‍മ്മകളില്ലാതെ കടന്നുപോയ ഏറെ മഴക്കാലങ്ങള്‍ക്കു ശേഷം തീരെ കരിഞ്ഞ് മറന്നു മണ്ണുള്‍ക്കൊണ്ട വിത്ത് മുളയ്ക്കാനുള്ളില്‍ തരിക്കുന്നു; കവിതകളായി അലകളായി പൂര്‍വ്വജന്മസ്മൃതികള്‍ തിരിച്ചു വരും പോലെ.

പതലിന്റെ പൊലിയുന്ന മുഖം, ചുവപ്പ് പ്രണയസ്മൃതികള്‍ക്ക് എപ്പോഴും പശ്ചാത്തലമാകുന്നു. ചിരിയും കരച്ചിലും പങ്കിട്ട ആ നിഴല്‍ വെറുമൊരു സ്വപ്നമായിരുന്നോ എന്നു് കവിത ശങ്കിക്കുന്നു.

നിഴലെങ്കിലുരുവത്തെ വെടിയുമോ യാത്രയും
മൊഴിയാതെയൊഎഇ നോക്കാതെ?
പ്രാണന്റെയൊരുതുള്ളി കണ്ണില്‍ത്തുളുമ്പാതെ? (തെളിവ്)

ഒരു കാലത്തും തോരുകയില്ലന്നു കരുതിയ അഴലിന്റെ മഴ പതുക്കെ തുവരുന്നു. എല്ലാം ഓര്‍മ്മയില്‍ നിശ്ചലങ്ങളാകുന്നു. പ്രണയസ്മൃതികളുടെ നെഞ്ചെരിക്കുന്ന കനലുകളാറിത്തണുക്കവേ, നിലാവും അകം നിറയുന്ന പ്രപഞ്ചരാഗവും ഒരു പാല്‍ച്ചെമ്പകമുകുളം പോലെ മനസ്സില്‍ പൂത്ത രഹസ്യവും കൂടി കവയിത്രി സമ്മാനമായി സമര്‍പ്പിക്കുന്നു. തീവ്രമായ പ്രണയസ്മൃതികള്‍ക്കു് സമര്‍പ്പിക്കപ്പെട്ട കവിതകളാണു് സ്നേഹഗീതങ്ങള്‍.

Subscribe Tharjani |
Submitted by Rehna Khalid (not verified) on Mon, 2008-07-07 11:42.

പരിചയപ്പെടുത്തലിനു വളരെ നന്ദി