തര്‍ജ്ജനി

സുന്ദരിയുടെ കല്യാണം

പാക്കിസ്ഥാനി കഥ

മറ്റേതൊരു ദിവസവും പോല്‍, സുന്ദരിയുടെ കല്യാണനാളും വന്നെത്തി. പരപരാ വെളിച്ചത്തുള്ള കോഴികൂവല്‍, കിളികളുടെ കലപില... പതിവുപോലെ ആദ്യമുണര്‍ന്നത്‌ അവളുടെ ഉമ്മ സേഭാഗി തന്നെ. പ്രാതലൊരുക്കാന്‍ അന്നുമവള്‍ തിരക്കിട്ടു. സുന്ദരിയുടെ ബാപ്പ മുഹമ്മദ്‌ കരീം, ഇക്കാക്ക അബ്ദുള്‍ കരീം... വാക്കുകള്‍ അനാവശ്യമാവുന്ന അതിരാവിലെ അവര്‍ പതിവു തെറ്റിച്ചില്ല.

സാധാരണ, ഉമ്മയോടൊപ്പം അവളുമെഴുന്നേല്‍ക്കാറുള്ളതാണ്‌. ഇന്ന്‌ അരമണിക്കൂര്‍ അധികമുറങ്ങാന്‍ വിട്ടതാണവളെ - മണവാട്ടിയായി വീടു വിട്ടുപോവുന്ന മകള്‍ക്ക്‌ ഉമ്മയുടെ സമ്മാനം. അവരുടെ ഒരകന്ന ബന്ധുവാണ്‌ പയ്യന്‍. സുന്ദരിക്ക്‌ ഏഴുവസ്സുള്ളപ്പോള്‍ ഉറപ്പിച്ചതാണ്‌. വലിയപെണ്ണായാല്‍ ഉടനെ കല്യാണം; അതായിരുന്നു വാക്ക്‌. കഴിഞ്ഞമാസമാണവള്‍ക്ക്‌ പന്ത്രണ്ട്‌ തികഞ്ഞത്‌. ഗുലാം ഫരീദിന്‌ പ്രായം ഇരുപത്തി മൂന്ന്‌.

"നല്ലൊരു ബന്ധമാണിത്‌ ". നിശ്ചയം കഴിഞ്ഞു വന്ന നാള്‍ ഉമ്മറത്തെ പുല്‍പ്പായയിലിരുന്ന്‌ മുഹമ്മദ്‌ ഭാര്യയോട്‌ പറഞ്ഞു. ഒരു കപ്പ്‌ ചൂടുചായ നല്കി അവള്‍ അടുത്തു ചെന്നിരുന്നു. പല ഭാര്യമാര്‍ക്കും കിട്ടാത്തൊരു സ്വാതന്ത്ര്യം. ഗ്രാമത്തില്‍ പരിചിതമല്ലാത്ത ചില സ്വാതന്ത്ര്യങ്ങള്‍ മുഹമ്മദ്‌ കരീം നല്കിയിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാം, അടുത്ത വീടുകളിലൊക്കെ പോവാം, ടി.വി കാണാം.

"ഇതൊന്നും ശരിയല്ല വാപ്പാ; കുടുംബത്തു പിറന്ന പെണ്ണുങ്ങള്‍ക്ക്‌ ചേര്‍ന്നതുമല്ല; നിങ്ങള്‌ തന്നെ പറഞ്ഞുകൊടുത്തേക്ക്‌ " അബ്ദുള്‍ കരീം പലപ്പോഴും ഓര്‍മ്മപ്പെടുത്തി. "നിന്റുമ്മ നല്ലോളാ. മറ്റുള്ളോരോട്‌ ഒന്നു മിണ്ടീ എന്നു വെച്ചിട്ടെന്താ?" എല്ലാ തര്‍ക്കവും തീര്‍ന്നു എന്ന മട്ടില്‍ അയാള്‍ മുറിബീഡി ആഞ്ഞുവലിക്കും. പക്ഷേ, അബ്ദുള്ളയുടെ കോപം അടങ്ങിയിരുന്നില്ല.

"ഉറപ്പാണോ, നിങ്ങള്‍ക്കറിയ്യ്വോ അവരെപ്പറ്റി നന്നായി?" സേഭാഗി തുടര്‍ന്നു. "നമ്മുടെ ബന്ധുക്കളല്ലേ, പിന്നെ എന്തറിയാനാ? ഗുലാം ഹാജി നല്ല ആളാ. ഫാരിദ്‌ പഠിച്ചിട്ടൂണ്ട്‌; നല്ല ചുറ്റുപാടും. നിന്റെ മോള്‍ക്ക്‌ സുഖാവും അവിടെ". സേഭാഗി ഒന്നും പറഞ്ഞില്ല. ഗ്രാമഭൂമിക പോലെ പകലന്തിയോളം മാറിമാറി വരുന്ന ഛായാചിത്രങ്ങളൊരുക്കി, മുന്നിലെ റോഡിലൂടെ ആളുകളും വാഹനങ്ങളും ഇടതടവില്ലാതെ - പരിണാമങ്ങളുടെ ഈ പരിസരത്തിരുന്ന്‌ അവളറിയുന്നുണ്ട്‌, അറിയാത്ത അടിയൊഴുക്കുകളെ, ഓരോ ദിവസത്തിനുമൊരു താളം; ഓരോ മാസത്തിനും, കാലത്തിനും, വിത, കൊയ്ത്ത്‌, മെതി.... ആവര്‍ത്തിച്ചുവരുന്ന ചടങ്ങുകള്‍ ചേര്‍ത്തുതുന്നിയ വര്‍ഷങ്ങള്‍. ഗോതമ്പു ലോറിക്കാലത്തിനുശേഷം കരിമ്പു വണ്ടികള്‍, പിന്നെ പഴവണ്ടികള്‍...

"ശരിയാ, നിങ്ങള്‍ക്കറിയാലോ" ടിവിയില്‍ പരിപാടി കാണാന്‍ തുടങ്ങിയ അയാളോട്‌ അല്പം വൈകിയാണ്‌ സേഭാഗി മറുപടി പറഞ്ഞത്‌. മറ്റൊരു പുതുമ. ഒരു മുഴുവന്‍ സമയ സിന്ധി ചാനല്‍. കണ്‍മുന്നില്‍ കാണുന്നതാണെന്നാലും ടിവി കാഴ്ചകള്‍ അവര്‍ക്ക്‌ ചിലപ്പോഴൊക്കെ അവിശ്വസനീയമായി. സംസാരിക്കുന്നത്‌ നമ്മുടെ ഭാഷ തന്നെ; ബാക്കിയൊക്കെ തീരെ പരിചയമില്ലാത്തതും. വിസ്മയത്തോടൊപ്പം അല്പം ഭയവും തോന്നി.

എല്ലാവര്‍ക്കും സമ്മതമായിരുന്നു ഈ കല്ല്യാണം. പ്രായം കുറവാണെന്നത്‌ ഒരു കാര്യമേ ആയിരുന്നില്ല. വരാനിരിക്കുന്നത്‌ എത്ര നേരത്തെയാവുന്നോ, അത്രയും നല്ലത്‌. വയസ്സറിയിച്ചാല്‍ ഉടനെ വിവാഹം - നാട്ടുനടപ്പാണ്‌. പതിനാലാം വയസിലാണ്‌ സേഭാഗി മണവാട്ടിയായത്‌, വൈകാതെ അമ്മയുമായി. ഇതേ ഭാഗ്യം മകള്‍ക്കും. സമാധാനിച്ചൂ, എല്ലാവരും.

അന്ന്‌, നിഖാഹിന്റെ കാര്യം കേട്ടപ്പോഴും സുന്ദരി ചുമ്മാ നിന്നതേ ഉണ്ടായിരുന്നുള്ളു. മുടിയുടെ ഒരറ്റം വായിലിട്ട്‌ ചപ്പി, ഒന്നു തലയാട്ടി, എന്നിട്ട്‌ കളിക്കൂട്ടുകാരുടെയടുത്തേക്ക്‌ ഒരൊറ്റ ഓട്ടം. അതിനുമാത്രം ചെറിയ കുട്ടിയാണ്‌ അന്നവള്‍. കുറച്ചു കഴിഞ്ഞാല്‍ മഫ്തയൊക്കെയിട്ട്‌ അകത്തിരിക്കണം. ഇപ്പൊ ഉള്ള ഈ സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നോ എത്ര പൊടുന്നനെ ഇല്ലാതാവുന്നതാണെന്നോ അറിയുമായിരുന്നില്ലവള്‍ക്ക്‌.

അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ന്‌ മണവാട്ടിയായി അവളെ ഒരുക്കേണ്ട ദിവസം. ഇതുപോലാരുനാള്‍ താനൊരുങ്ങിയതെങ്ങനെയായിരുന്നു എന്ന്‌ സേഭാഗി ഓര്‍ത്തു. കടും ചുവപ്പുസാരി, മാച്ചു ചെയ്യുന്ന തട്ടം, പിന്നെ ഇത്തിരി ആഭരണം - ചമയങ്ങള്‍ മുറിയുടെ ഒരു മൂലയില്‍ ഒരുക്കിവെച്ചിരുന്നു. അലസമായ കൈവെള്ളയില്‍ മെഹന്തി; ആദ്യരാത്രിയിലേക്ക്‌ ഒരുങ്ങാന്‍ മേലാകെ ചില ലേപനങ്ങള്‍. വെയിലത്ത്‌ വെള്ളമെടുത്തും പാടത്ത്‌ പുല്ലുപറിച്ചും വാടിപ്പോയ ആ ശരീരത്തിണ്റ്റെ കരുവാളിപ്പ്‌ മറയ്ക്കാന്‍ അതൊന്നും മതിയായിരുന്നില്ലെന്നുമാത്രം.

"സുന്ദരീ, എണീക്ക്‌, പുറപ്പെടാന്‍ നേരായി" സേഭാഗി തിരക്കുകൂട്ടി.

"ആയില്ല ഉമ്മാ; എന്താ ഇത്ര നേരത്തെ?"

"ചൂടുവെള്ളത്തില്‍ കുളിക്കണം. നീ വേഗം വാ"

കുറച്ചുസമയത്തിനകം അവള്‍ ഉടുത്തൊരുങ്ങി. പ്രായപൂര്‍ത്തിയാവലിന്റെ പ്രാണവേദനകള്‍ക്കിടയില്‍ ചടച്ചുപോയആ മേനിയില്‍ ചുവന്നപുടവ ഞാന്നു കിടന്നു. കഴുത്തിനും മാറിനുമിടയില്‍ തുടുത്തുനിന്ന പൂമാല, മുറിയിലെങ്ങും നറുമണം പടര്‍ത്തി. നല്ല ഭര്‍ത്താക്കന്മാരെക്കിട്ടാന്‍ അവരൊക്കെ പ്രാര്‍ത്ഥിക്കുന്ന സൂഫി ഖബറുകളെ ഓര്‍മ്മിപ്പിക്കുന്ന നനുത്ത ഗന്ധം.

എന്നിട്ടും, ഒരപരിചിതരൂപമായിരുന്നവള്‍ക്ക്‌. ഉമ്മയുടെ വേഷമെടുത്തണിഞ്ഞ ഒരു വികൃതിക്കുട്ടി. അല്ലെങ്കില്‍ അണിയിച്ചൊരുക്കിയ ഒരു കുഞ്ഞുപാവ. പുത്തന്‍ ദുപ്പട്ടയില്‍ പിന്നുകുത്തുമ്പോള്‍ അവളൊന്നു പിടഞ്ഞു. ഒഴുകാനൊരുങ്ങുന്ന മിനുത്ത തട്ടം തലയിലുറപ്പിക്കാന്‍ മിനക്കെടുന്ന അവളെ നോക്കി കുശുമ്പുചിരി ചിരിച്ചൂ മുറിയില്‍ തിക്കിക്കൂട്ടിയ അടുത്തവീട്ടിലെ പെണ്ണുങ്ങളൊക്കെ.

"നല്ല ചെക്കനാ" കെട്ടിയോന്റെ വക മുടങ്ങാതെ തല്ലു കിട്ടീട്ടും ഈ കല്ല്യാണപരിപാടിയിലുള്ള വിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ലാത്ത,സേഭാഗിയുടെ അനിയത്തി,നസീമ തുടങ്ങിവെച്ചു. "ടൌണില്‍ പെട്രോള്‍ പമ്പ്‌ വാങ്ങാന്‍ പോണുണ്ടത്രെ" ബാനോമായി കൂട്ടിച്ചേര്‍ത്തു. അഞ്ചു പെണ്‍മക്കളുള്ള ഒരു വിധവയാണവര്‍. സുന്ദരിക്ക്‌ കൈവന്ന ഭാഗ്യത്തില്‍ ഒരിത്തിരി അസൂയയുണ്ടവര്‍ക്ക്‌. സേഭാഗിക്ക്‌ അവരെപ്പറ്റി അതിലധികമൊന്നുമറിയില്ല.

"ഉമ്മാ" മുടിപ്പിന്ന്‌ കുത്തവേ അവളൊന്നു നൊടിഞ്ഞു. "അനങ്ങാതിരി ഇതുമാത്രമൊന്നുമല്ല മോളേ വരാന്‍ പോണ വേദന" നസീമയുടെ പരിഹാസത്തിന്‌ കൂട്ട്‌ മറ്റുളളവരുടെ കൂട്ടച്ചിരി. ഭയപ്പാടോടെ അവള്‍ ഉമ്മയെ നോക്കി. പെണ്‍കുട്ടിക്കാലത്തിനു വിരാമമിട്ട്‌ ആദ്യത്തെ ചോരത്തുള്ളികള്‍ വീണ നാള്‍ മുതല്‍, മാസങ്ങളായി അവളുടെ മനസിനെ മഥിച്ച സകല ഭയങ്ങളും ആധികളും ആ അമ്മ മനസ്സറിഞ്ഞു.

"അള്ളാ, എല്ലാ റഹ്മത്തും ചൊരിയണേ" അവര്‍ മറ്റൊന്നും പറഞ്ഞില്ല.

വളരെ മെല്ലെയാണ്‌, ഇത്തവണ, ദുപ്പട്ട തലയില്‍ ചേര്‍ത്തതെന്ന്‌ മാത്രം.

"ഇപ്പം ശരിയായി. നല്ല ഭംഗീണ്ട്‌. ട്ടോ"

പതിനൊന്നുമണി. വധുവിന്റെ വീട്ടുകാര്‍ക്ക്‌ മിഠായിയും പൂക്കളുമായി അവരെത്തിത്തുടങ്ങി. അഭിമാനത്തോടെ, നെഞ്ചുവിരിച്ച്‌, ഗുലാം ഹാജി; കണ്ണേറു കൊള്ളാതിരിക്കാന്‍ പൂമാലകളില്‍ മുഖം മറച്ച്‌ ഗുലാം ഫാരിദ്‌. നൈലോണിന്റെ പുത്തന്‍ കുര്‍ത്ത. സല്‍വാറിന്‌ മാച്ചു ചെയ്യുന്ന, നൂറുരൂപയുടെ പുത്തന്‍ നോട്ടുകള്‍ കെട്ടിയുണ്ടാക്കിയ മാല, കഴുത്തില്‍.

അകത്ത്‌ പെണ്ണുങ്ങള്‍ കൊട്ടിപ്പാടാന്‍ തുടങ്ങി, ഒപ്പനപ്പാട്ടിന്റെ താളം. ചിലര്‍ അറബ്‌ രീതിയില്‍ അലറിയാര്‍ത്തു. വധുവിന്റെ അമ്മയുടെ പ്രൌഢസ്ഥാനമലങ്കരിച്ച്‌, സേഭാഗി. കൈവിരല്‍ വിറയ്ക്കാന്‍ തുടങ്ങിയ സുന്ദരി, നാണിച്ചു താഴോട്ട്‌ നോക്കി നിന്നു. ഒന്നിളകിയിരിക്കാനിത്തിരി സ്ഥലമോ ഒന്നു ശ്വസിക്കാന്‍ ഒരിടയോ കിട്ടാതിരുന്ന അവള്‍ക്ക്‌ താനെന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഒരു പിടിയുമുണ്ടായിരുന്നില്ല.

വീടിന്റെ ഉമ്മറത്ത്‌, മുഹമ്മദ്‌ കരീം വരനെയും കൂട്ടരെയും ഉപചാരങ്ങളോടെ സ്വീകരിച്ചു. പിന്നെ സിന്ധ്‌ ശൈലിയില്‍ പരസ്പരാശ്ലേഷം. അകത്ത്‌ പെണ്ണുങ്ങളുടെ അടക്കിച്ചിരികളും വരന്റെ വീട്ടുകാരുടെ കോലാഹലങ്ങളും. മകളെ, പ്രാര്‍ത്ഥനാപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവാന്‍ അവരെത്തുന്ന ദിവസം - സന്തോഷത്തിന്റെ തന്നെ. പിറന്ന നാളിലെ വിലാപത്തിന്റെ, നല്ലൊരു പയ്യനെ കണ്ടെത്തുന്നതിനുള്ള കാത്തിരിപ്പിണ്റ്റെ, നിഖാഹ്‌ കഴിയുന്നതുവരെയുള്ള ആകാംക്ഷകളുടെ, വാക്കുമാറിയാലോ എന്ന അറിയാഭയത്തിന്റെ - ഒക്കെ പ്രതിഫലമാണീ ദിനം.

അമ്മാവന്മാരും കുറെ പെണ്ണുങ്ങളും മുറിയില്‍ വരുന്നത്‌ ഒരു പാതിമയക്കത്തിലെന്നവണ്ണം അവളറിഞ്ഞു. വിവാഹത്തിനു സമ്മതമാണോ എന്നു മൂന്നുവട്ടം ചോദ്യം. അവളുടെ മറുപടി, ആരും കാത്തുനില്ക്കുന്നില്ല.

നിമിഷങ്ങള്‍ക്കകം ചടങ്ങുകളും തീരുന്നു. സ്ത്രീകളും കുട്ടികളും കുരവയിട്ടു. നസീമയും ബാനുമായിയും സേഭാഗിയെ ആശ്ലേഷിച്ചു. സുന്ദരിയുടെ കവിളില്‍ നനുത്ത മുത്തങ്ങള്‍, സ്നേഹപ്പിച്ചലുകള്‍. ഇപ്പോഴും ചോരപൊടിയുന്ന മൂക്കുത്തിയില്‍ തൊട്ടപ്പോള്‍ അവള്‍ ഒന്നു നൊടിഞ്ഞു.

"ഏയ്‌, എന്തായിത്‌?" ബാനുമായി ആശ്വസിപ്പിച്ചു.

"എന്തൊക്കെ വേദന സഹിക്കണം ഇനിയങ്ങോട്ട്‌. എല്ലാം ധൈര്യമായി സഹിക്കാന്‍ പോവുന്നവളാണ്‌ നീ"

വിവാഹത്തിലെ നിഗൂഢതകളെപ്പറ്റി ആരും അവള്‍ക്ക്‌ പറഞ്ഞകൊടുത്തിരുന്നില്ല. രാത്രിയിലെ കാര്യങ്ങളെപ്പറ്റി ചില സൂചനകള്‍, പേറ്റുനോവിന്റെ പിടച്ചിലുകള്‍, പ്രായമായവര്‍ക്കുമാത്രം അറിയാവുന്ന മറ്റെന്തൊക്കോയോ രഹസ്യങ്ങള്‍. ആര്‍ത്തവാരംഭം തന്നെ അവളെ ആകെ ഭയപ്പെടുത്തിയിരുന്നു. ഇതൊക്കെ എന്താണെന്നു പറയാന്‍ പോലും ആരും മിനക്കെട്ടിരുന്നില്ല. അലറിവിളിച്ചുകൊണ്ട്‌ അന്നവള്‍ ഉമ്മയുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. ആ മുഖത്ത്‌ കാണായ ആശങ്കയുടെ ചുളിവുകള്‍ - ഒന്നവള്‍ക്ക്‌ നിശ്ചയമായിരുന്നു. എന്തോ അത്യാഹിതം വരാനിരിക്കുന്നുണ്ട്‌. ഒരു പിടി പഴന്തുണി കൈയില്‍ വച്ചുകൊടുത്ത്‌, വേണ്ടതെന്താന്നുവെച്ചാല്‍ ചെയ്യാന്‍ പറഞ്ഞൂ ഉമ്മ. അറിയാഭീതികള്‍ അനുഭവിക്കുന്നതിനെക്കാള്‍ പോരും വലിയപെണ്ണായിത്തീരലെന്ന്‌ ഈ കുറച്ചുമാസങ്ങള്‍ അവളെ പഠിപ്പിച്ചിട്ടുണ്ട്‌.

വാതില്‍ തുറന്ന്‌ മുഹമ്മദ്‌ കരീം അടുത്തുവന്നു. "മുബാറഖ്‌ ഹോ, മുബാറഖ്‌ ഹോ" സ്ത്രീകള്‍ ചേര്‍ന്നു പാടി. നിറഞ്ഞ ചിരിയോടെ, അനുമോദനങ്ങള്‍ സ്വീകരിച്ച്‌, തലതാഴ്ത്തിയിരിക്കുന്ന മകളെ നോക്കി അയാള്‍.

"റെഡിയാണോ?" കരീം ചോദിച്ചു.

"ഉം". ഭര്‍ത്താവിന്റെ ചുമലില്‍ നിന്ന്‌ അകലുന്ന ബാദ്ധ്യതയെന്ന്‌ അറിയാമായിരുന്നിട്ടും ആശ്വാസം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു സേഭാഗി.

പന്ത്രണ്ടുകൊല്ലം നോക്കി വളര്‍ത്തിയ, ഇപ്പോള്‍ തന്റേതല്ലാതായിക്കഴിഞ്ഞ മകളുടെ അരികെ, നിഖാഹിനും രുക്സാത്തിക്കുമിടയിലെ കുറച്ചുസമയം കൂടി അവള്‍ ഇരുന്നു; തഴമ്പിച്ച കുഞ്ഞുകൈവെള്ളയിലെ മൈലാഞ്ചിപ്പൂക്കളില്‍ വിരലുകള്‍കൊണ്ട്‌ കുറിയിട്ടു.

"നല്ല കുട്ടിയായിരിക്കണം, കേട്ടോ" സേഭാഗി പറഞ്ഞുകൊടുത്തു. "ഭര്‍ത്താവിനെ അനുസരിക്കണം, അമ്മായിഅമ്മയെയും വീട്ടുകാരെയും ഒക്കെ ബഹുമാനിക്കണം. ആര്‍ക്കും ഒരു പേരുദോഷം വരുത്തരുത്‌. നന്നായി അദ്ധ്വാനിക്കണം. ആണ്‍കുട്ടികള്‍ പിറക്കട്ടെ നിനക്ക്‌"

"ഉം".

"നല്ലവനാ അവന്‍, നിന്നെ പൊന്നുപോലെ നോക്കും."

"ഉമ്മാഎനിക്കു പോണ്ടാ. ഇവിടുന്നെങ്ങോട്ടും പോവണ്ടാ". അവള്‍ പൊട്ടിക്കരഞ്ഞു.

അങ്കലാപ്പിലായീ സേഭാഗി. "എന്താ കുട്ടീ ഇത്‌? കല്ല്യണത്തിന്റെയന്നും അടി മേടിക്കണോ നിനക്ക്‌?" ഒരു പരിഹാസച്ചിരി ചിരിച്ചു ബാനുമായി; നസീമ സാരിത്തലപ്പുകൊണ്ടു കണ്ണൊപ്പി. കെല്പുള്ള കൈവിരലുകള്‍ കൊണ്ട്‌ അവളുടെ മുഖമൊട്ടുയര്‍ത്തി സേഭാഗി നേര്‍ന്നു: "ബാറഖ്‌ അള്ളാ ലഖൂം"

സുന്ദരിയെ യാത്രയാക്കാന്‍ എല്ലാവരും മുറ്റത്തിറങ്ങി. ആണുങ്ങള്‍ക്ക്‌ പിന്നില്‍ കണ്ണുനനയാതെ, സേഭാഗി. തലയില്‍ ഒരു ഖുറാന്‍ വച്ച്‌, പുടവക്കുമീതെയിട്ട്‌ ബുര്‍ഖയില്‍ പൊതിഞ്ഞ തലതാഴ്ത്തി, പുതുമണവാളനൊപ്പം, അവന്റെ സംരക്ഷണയില്‍, സുന്ദരി, പുതിയ വീട്ടിലേക്ക്‌ ഘോഷയാത്രയായി - മുഹമ്മദ്‌ കരീമിന്റെ കണ്ണുകളിലേക്ക്‌ പൊടുന്നനെ അവള്‍ ഒരു നോട്ടമെറിഞ്ഞു. എന്തോ ആവോ, ഒരു നിമിഷത്തെക്കയാള്‍ ഒന്നു സ്തബ്ധനായി നിന്നുപോയി. എന്നിട്ട്‌, മകളുടെ നിറുകയില്‍ അവസാനമായി കൈതൊട്ട്‌ അനുഗ്രഹിച്ചു.

ഗുലാംഫരീദിന്റെ കൈപിടിച്ച്‌ സുന്ദരി ബസ്സിനകത്തേക്ക്‌ കയറുന്നത്‌ മുഹമ്മദ്‌ നോക്കി നിന്നു. അകത്തുള്ള പെണ്ണുങ്ങളില്‍ നിന്ന്‌ മാറി, സേഭാഗിയും അയാള്‍ക്കരികെ നിന്നു - അവര്‍ക്കൊക്കെ ഇഷ്ടക്കേടുണ്ടാവും. അവര്‍ അത്‌ മൈന്‍ഡ്‌ ചെയ്തിരുന്നില്ല. സേഭാഗിയുടെ വിതുമ്പുന്ന ചുണ്ടുകള്‍ അയാളെയുരുമ്മുന്നുണ്ടായിരുന്നു. "നീ പേടിക്കേണ്ട. അവള്‍ സുഖായിരിക്കും" കാര്യങ്ങള്‍ എങ്ങനെയൊക്കെയാണെന്ന്‌ അയാള്‍ക്കു തന്നെക്കാള്‍ ഒട്ടും അറിയില്ലെന്നുറപ്പുണ്ടായിട്ടും അവള്‍ നിശ്ശബ്ദം തലയാട്ടി. സ്വന്തം കഴിവിനപ്പുറത്തെ കാര്യങ്ങളും തങ്ങളുടെ വരുതിയിലാണെന്ന്‌ ധരിക്കാന്‍, ആത്മവിശ്വാസം ദൃഢമാണെന്നു കാണിക്കാന്‍, ദൈവത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന്‌ അഭിനയിക്കേണ്ടിയിരുന്നു അവര്‍ക്ക്‌. സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്‌. ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ തനിക്ക്‌ ഒരു സ്വാധീനവുമില്ലെന്ന്‌ പിറന്ന നാള്‍ മുതല്‍ അവള്‍ തിരിച്ചറിയുന്നുണ്ട്‌.

ഒന്ന്‌, ഒറ്റയ്ക്കിരിക്കണം എന്നു തോന്നുന്നുണ്ടായിരുന്നു സേഭാഗിക്ക്‌. എന്തു ചെയ്യാന്‍! പെണ്ണുങ്ങളൊക്കെയും പിന്നെയും വന്നെത്തി. ഇനിയൊരു ചടങ്ങ്‌ അവള്‍ക്കൊരാണ്‍കുട്ടി പിറന്നാലേ ഉള്ളു. അതിനിനി ചുരുങ്ങിയത്‌ ഒമ്പതുമാസം കഴിയണം. ആരോ ഢക്ക കൊട്ടാന്‍ തുടങ്ങി; പെണ്ണുങ്ങള്‍ ആടിപ്പാടാനും കെട്ടിച്ചയച്ച പെണ്ണിന്റെ ഉമ്മ എന്ന സ്ഥാനം കൈവന്ന സേഭാഗിയെ അനുമോദിക്കാന്‍ ഇനിയും ആളുകളെത്തും. സമ്മാനങ്ങളും ആശംസകളും സ്വീകരിക്കാന്‍ മുഹമ്മദും മകനും ഉമ്മറത്തിട്ട ഷര്‍പ്പായില്‍ കാത്തിരുന്നു. ആ കൊച്ചുവീടു മുഴുവന്‍, ഇനിയും നീളാനിരിക്കുന്ന ഒരുത്സവത്തിന്റെ ഭാവം നിറഞ്ഞിരുന്നു.

വൈകീട്ട്‌, ആട്ടത്തിന്റേയും പാട്ടിന്റേയും ഒരിടവേളയില്‍, പൊടുന്നനെ ഒരലറിക്കരച്ചില്‍ സേഭാഗിയുടെ കാതില്‍ വന്നലച്ചു. അതുപോലൊരു നിലവിളി അവളിതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. തിളച്ചു തുളുമ്പുന്ന പാല്‍പാത്രത്തെ വിട്ട്‌ അവള്‍ പുറത്തേക്കോടി.

മുറ്റത്ത്‌, മുഹമ്മദും അബ്ദുള്ളയും പൊട്ടിക്കരയുന്നു. ചെക്കന്റെ പാര്‍ട്ടിയിലെ നാലഞ്ചുപേര്‍ അവിടെ നില്ക്കുന്നുണ്ട്‌. ബന്ധുക്കളും സുന്ദരിയുടെ മാമന്മാരും സങ്കടപ്പെട്ട്‌ കൂടിനില്ക്കുന്നു. വല്ലാത്തൊരു ഭയം സേഭാഗിയെ ചൂഴ്ന്നു. "എന്താ? എന്താ പറ്റിയെ?" അവള്‍ ചോദിച്ചു. മുഹമ്മദിന്‌ മറുപടിയുണ്ടായിരുന്നില്ല. അബ്ദുള്ള എന്തോ പറയാന്‍ ശ്രമിച്ചു. ചുണ്ടുകള്‍ ഇളകിയെങ്കിലും വാക്കുകളൊന്നും പുറത്തുവന്നില്ല. ദുപ്പട്ടകൊണ്ട്‌ മുഖം മറച്ച്‌, പെണ്ണുങ്ങളൊക്കെയും മുറ്റത്തെത്തിയിരുന്നു. ഒടുവില്‍ അബ്ദുള്ള തന്നെ പറഞ്ഞു.

"നമ്മുടെ സുന്ദരി..." "എന്തുപറ്റി സുന്ദരിക്ക്‌?" "അവള്‌ മയ്യത്തായി". സേഭാഗിയുടെ ശിരസ്സുപിളര്‍ന്നൂ ഈ വാക്കുകള്‍. അടക്കിയ വിതുമ്പല്‍ അവളില്‍ നിന്നു കേള്‍ക്കായി. കൂടി നിന്ന പെണ്ണുങ്ങള്‍ നെടുവീര്‍പ്പിട്ടു. ചിലര്‍ കരയാന്‍ തുടങ്ങി; ചിലര്‍ അനക്കമറ്റു നിന്നു. "എങ്ങിനെയാ ...എന്റെ സുന്ദരി... ന്തോ അപകടം ഉണ്ടായോ?" അവള്‍ ചോദിക്കാന്‍ തുടങ്ങി. "അല്ല" ഗുലാം ഫരീദിന്റെ അടുത്ത ബന്ധുവായ ആ ചെറുപ്പക്കാരന്റെ ശബ്ദം ദൃഢമായിരുന്നു. പറഞ്ഞറിയിക്കാന്‍ വന്ന കാര്യത്തിന്റെ ഗൌരവം തീര്‍ത്തും മനസിലാക്കിയ, സ്ഥൈര്യം നിറഞ്ഞ മുഖഭാവത്തോടെ, കൈകള്‍ പിറകില്‍ പിണച്ചുവെച്ച്‌ ബാക്കിയുള്ളോര്‍. "പിന്നെന്താ പറ്റിയേ?" കരീമിനെ പിടിച്ചുകുലുക്കീ അവള്‍. അയാളെ അബോധത്തില്‍ നിന്നുണര്‍ത്താന്‍ പോന്നതായിരുന്നു അത്‌.

"എന്റെ മോള്‍... അവള്‍..." മുഹമ്മദ്‌ പറയാന്‍ ശ്രമിച്ചു.

"പറയ്‌" സേഭാഗി ഒരലര്‍ച്ചയായി. "അവളെ കൊന്നു. 'കാരി' യായിട്ട്‌ പ്രഖ്യാപിച്ച്‌ അവരവളെ കൊന്നു"

കാതുകളിലാഞ്ഞടിച്ച ചുഴലിയില്‍ സേഭാഗിക്ക്‌ കാലുതെറ്റി. ഓടിയെത്തിയ നസീമ അവള്‍ക്ക്‌ കൈത്താങ്ങായി. ഓര്‍മ്മ പിടിച്ചുനിര്‍ത്താന്‍ പണിപ്പെട്ട അവള്‍ വിട്ടുകൊടുത്തില്ല.

"നുണയാണത്‌, നുണയാണ്‌. ഇന്ന്‌ കല്ല്യാണം കഴിഞ്ഞല്ലേ ഉള്ളു. പിന്നെങ്ങിനെയാ?"

ആ ചെറുപ്പക്കാരന്‍ മുന്നോട്ട്‌ വന്നു. ഉള്ളഴിഞ്ഞ ദു:ഖം പടര്‍ന്ന ആ മുഖത്തുനിന്നുതിര്‍ന്ന ശബ്ദം, പക്ഷേ, കാരിരുമ്പുപോല്‍ കഠിനമായി.

"കല്ല്യാണത്തിനു മുമ്പ്‌ ഇവള്‍ ആണ്‍കുട്ടികളുടെ കൂടെ കൂടാറുണ്ടായിരുന്നൂന്ന്‌ ഞങ്ങളറിഞ്ഞു".

"ആരാ പറഞ്ഞെ? നുണ പറയ്വാ, അവര്‍" ഒഴുകിയിറങ്ങുന്ന കണ്ണീരിനിടയിലും അവര്‍ പറഞ്ഞൊപ്പിച്ചു. കരുവാളിച്ച കവിളുകളും കുപ്പിവളച്ചിരിയുമുള്ള സുന്ദരി ആരുടെയെങ്കിലും അന്തസ്സിനു നിരക്കാത്തത്‌ ചെയ്തു എന്നു വിശ്വസിക്കാന്‍ ഒട്ടുമെളുപ്പമല്ല. അതിലും എളുപ്പമാണ്‌ അവള്‍ മരിച്ചു എന്നു കരുതുന്നത്‌. മാനഹാനി വരുത്തുകയെന്നത്‌ മഹാപാപമാണിവിടെ. പാപത്തിന്‌ പ്രതിഫലം മരണം - മരണം മാത്രം.

"ഇന്നാട്ടിലെ തന്നെ ഒരു സ്ത്രീയാ പറഞ്ഞെ. അവര്‍ ഇവിടെ ഉണ്ടായിരുന്നൂലൊ. ആണ്‍കുട്ടികളുടെ കൂടെ നാണമില്ലാതെ കളിച്ചുനടന്ന്‌ അവരുടെ നില തെറ്റിക്കാറുണ്ടായിരുന്നൂന്ന്‌ മാമയോട്‌ പറഞ്ഞതവരാ. താങ്ങാവുന്ന മാനക്കേടല്ലിത്‌. വേഗം തന്നെ സഭ കൂടി 'കാരി' ആയിട്ട്‌ പ്രഖ്യാപിച്ചു, അസര്‍ നമസ്കാരത്തിനു മുമ്പുതന്നെ വിധിയും നടപ്പാക്കി".

ഒന്നും മനസിലാവാതെ സേഭാഗി അയാളെ തറപ്പിച്ചുനോക്കി. ചുണ്ടുകള്‍ ഇളകുന്നത്‌ അവള്‍ക്ക്‌ കാണാം. ആധിയുടെ ആഴച്ചുഴികളിലേക്ക്‌ അവളെ കശക്കിയെറിഞ്ഞൂ ആ കേള്‍ക്കാ വാക്കുകള്‍. ദുപ്പട്ട വലിച്ചുകീറി, മുട്ടുകാലില്‍ കുത്തി നിന്ന്‌ അവള്‍ ആര്‍ത്തു കരഞ്ഞു. ശിരസ്സില്‍ വന്നു പതിച്ച അപമാനത്തിന്റെ മരണമേഘങ്ങള്‍ മുഹമ്മദിനും അബ്ദുള്ളക്കും ആത്മാഹുതിയുടെ ചിന്തകളിലേക്ക്‌ വഴികാട്ടി.

"അതുപറഞ്ഞ ഉമ്മക്ക്‌ അഞ്ചുപെണ്ണാണെന്നു തോന്നുന്നു. സുന്ദരിയുടെ പാപത്തിന്‌ പരിഹാരമായിട്ട്‌, നാടിന്റെ മാനം കാക്കാന്‍, അതിലൊരുത്തിയെ ഫരീദിനു നല്കാമെന്ന്‌ അവരുടെ ഭര്‍ത്താവ്‌ വാക്കു തന്നിട്ടുണ്ട്‌. രണ്ടാഴ്ചക്കുള്ളില്‍ നടത്താമെന്ന്‌ ഞങ്ങള്‍ സമ്മതിക്കേം ചെയ്തു".

കൂടെ വന്നവരെ അടുക്കലേക്ക്‌ വിളിച്ച്‌, അയാള്‍ തിരിച്ചുപോവാന്‍ തുടങ്ങി. ഖബറടക്കലിനല്ല. ഇതുപോലുള്ള പാപികള്‍ക്ക്‌ ഖബറിടം വിധിച്ചിട്ടില്ല. അവരുടെ ശവങ്ങള്‍ ഏറെ നേരം വഴിയരികില്‍ കിടക്കും. ആരെങ്കിലും, എപ്പോഴെങ്കിലും എവിടെയെങ്കിലും കുഴിവെട്ടിമൂടും. ഈ നാട്ടില്‍ പിഴച്ചവളുടെ അസ്ഥികള്‍ പോലും ഓര്‍മ്മകള്‍ അര്‍ഹിക്കുന്നില്ല.

പരിഭാഷ: കെ.പി.പ്രേംകുമാര്‍

Subscribe Tharjani |