തര്‍ജ്ജനി

നാസര്‍‌ കൂടാളി

നാസര്‍ കൂടാളി, പി.ബി.നമ്പര്‍-297, സീബ്-121, ഒമാന്‍
ഫോണ്‍: 0096892236986

Visit Home Page ...

കവിത

പഴനി വഴി

പഴനിയുടെ
പ്രഭാതങ്ങളിലിരുന്ന്
വീരമണി പാടുന്നു.
മുക്കുത്തിയും മുല്ലപ്പൂവും ചൂടി
തലയില്‍ കളഭം തേച്ച്
തെരുവിന്റെ വിരസമായ
മൌനത്തില്‍ നിന്നും
പടി കയറുന്ന പതിവ് ദൃശ്യങ്ങള്‍.
ഇപ്പോള്‍ വഴി വളവിലെ പാറവക്കിലാരോ
ശില്‍പ്പമായുറയാതെ
ഊരു ചുറ്റി വരുന്നതും കാത്ത്
കണ്ണില്‍ കരകാട്ടവുമായ്
ഒരു തേങ്ങലായ്
ആരെയോ
കാത്ത് നില്‍ക്കയാം

പകല്‍ ചതിച്ചു
ഷണ്മുഖ നദിക്ക് മുകളിലിപ്പോള്‍
തെളിഞ്ഞ നിലാവു മാത്രം

നദിയേറെ ദൂരെ
കിനാവുകള്‍ തളിര്‍ക്കാത്ത
ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ,വരികയെന്നു ചോദിപ്പൂ
സ്വപ്നയാത്രികര്‍
നീ വരുമെന്നറിയാം
തിരു അവിനാന്‍ കുഡിയില്‍
എങ്കിലും വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെക്കയാം

അഗ്നി നക്ഷത്രം പൂത്തു
തിരക്കില്‍ നിന്നാരോ വന്ന്
തൊടുവിച്ച കളഭച്ചാന്തില്‍
പനിനീര്‍ക്കുടം ചരിഞ്ഞു
ഉന്മാദത്തിന്റെ
ശരവണപ്പൊയ്കയിലുപേക്ഷിച്ച

മുല്ലമൊട്ടുകള്‍
ഇളം കാറ്റിലൊഴുകി നടന്നു
തെയ്പ്പൂയം കഴിഞ്ഞു
ഇപ്പോള്‍ മഞ്ഞ് പെയ്ത മലകള്‍ക്ക് മുകളില്‍
പാതിരാക്കാറ്റിന്റെ പ്രണയ വിഭ്രാന്തി

ഇനി
ഊരു ചുറ്റി തിരിച്ചു വരുമ്പോള്‍
എനിക്കായ് കരുതുക
ചോരറ്റ പ്രണയത്തിന്റെ
കളഭച്ചാന്ത് തേക്കാന്‍
മുണ്ഡനം ചെയ്ത ഒരു ശിരസ്സ്

**വീരമണി: തമിഴിലെ പ്രശസ്ത ഗായകന്‍

Subscribe Tharjani |