തര്‍ജ്ജനി

ജി. ഉഷാകുമാരി

ബ്ലോഗ്: http://orukappuchaaya.blogspot.com/

Visit Home Page ...

വായന

അനുഭൂതികളില്‍ നിന്ന് അനുഭവപ്രത്യക്ഷങ്ങളിലേക്ക്‌...

ഒരു സവിശേഷമാധ്യമമെന്ന നിലയില്‍ രൂപപരമായി കൂടുതല്‍ സൂക്ഷ്മവും ധ്വന്യാത്മകവുമായ എഴുത്താണ്‌ കവിത. പാരമ്പര്യത്തോട്‌ കാലോചിതമായി നിരന്തരം സംവദിച്ചുകൊണ്ടു മാത്രമേ ഇത്തരത്തില്‍ കവിതക്ക്‌ സ്വയം പുതുക്കാന്‍ കഴിയൂ. ഇത്‌ കവിതയുടെ ആവിഷ്ക്കാരമെന്ന പ്രക്രിയയെ കൂടുതല്‍ ഭാരമുള്ളതാക്കുന്നു.

കവിത ആവിഷ്കരിക്കപ്പെടുന്ന രീതിയും അതിന്റെ അന്തസ്സത്തയും തമ്മിലുള്ള പാരസ്പര്യത്തിലാണ്‌ ഓരോ കവിതയും വ്യത്യസ്തമാകുന്നത്‌. അവ അന്യോന്യം അഴിച്ചുപണിയുന്നു.അതതുകാലത്തിന്റെ സന്നിവേശം,ഇടപെടലുകള്‍ ഈ പാരസ്പര്യത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ സൂക്ഷ്മതകളെ,വൈരുദ്ധ്യങ്ങളെ മായ്ച്ചുകളയാതെ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുക എന്ന പ്രതിസന്ധി എല്ലാ നല്ല കവിതയും നേരിടുന്നു.കവിത നിലനില്‍ക്കുന്ന ലോകവുമായുള്ള നിരന്തരവും സൂക്ഷ്മവുമായ ജൈവബന്ധത്തില്‍ നിന്നു മാത്രമേ കവിക്ക്‌ ഈ പ്രതിസന്ധിയെ നേരിടാനുള്ള ഊര്‍ജ്ജം ലഭിക്കൂ.ഒപ്പം ആവിഷ്ക്കാരരീതികളോടുള്ള സന്ധിയില്ലാത്ത സംവേദനക്ഷമതയും ഇത്‌ ആവശ്യപ്പെടുന്നു.കവിതയില്‍ പലരും കരുതുന്നതുപോലെ സ്വാച്ഛന്ദ്യമില്ല,ഉള്ളത്‌ പരാധീനതകളാണ്‌. മുമ്പെന്നത്തേക്കാളുമധികം കവിത വായനയുമായി ഏറ്റുമുട്ടലിലാണെന്നു പറഞ്ഞാല്‍ അധികപ്പറ്റാവുകയില്ല."പുതിയ കവികള്‍ സ്വീകരിക്കുന്ന അമിതമായ അച്ചടക്കം കവിതയെ പലപ്പോഴും നിഗൂഢ സൗന്ദര്യമുള്ള ഒരു കൗതുക വസ്തു മാത്രമാക്കി മാറ്റുന്നുണ്ട്‌.സ്വന്തം ഭാവുകത്വത്തെ ഉയര്‍ന്ന അളവില്‍ കവിതക്ക്‌ പാകമായ രീതിയില്‍ പരിഷ്ക്കരിച്ചെടുത്തിട്ടുള്ള ഒരാള്‍ക്കു മാത്രം പ്രവേശനം സാധ്യമാകുന്ന ഒന്നായി തീര്‍ന്നിരിക്കയാണ്‌ പലപ്പോഴും പുതിയ കവിത......അവര്‍ക്ക്‌ പുറത്തുനില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരെ സംബന്ധിച്ചിടത്തോളം ആധുനികതയുടെ കാലത്തേക്കാള്‍ ദുര്‍ഗ്രഹമാണ്‌ പുതിയ കവിത..." (പുറം 51, 'മൗനത്തിന്റെ മുഴക്കങ്ങള്‍' എന്‍.പ്രഭാകരന്‍)

എഴുത്തും സംവേദനവും തമ്മിലുള്ള ഈ പ്രതിസന്ധി എക്കാലത്തും കവിത അഭിമുഖീകരിച്ചിട്ടുണ്ട്‌.സെബാസ്റ്റ്യന്റെ കവിതയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രതിസന്ധികള്‍ക്ക്‌ പല ഘട്ടങ്ങളുണ്ട്‌.തനിക്ക്‌ മുമ്പെഴുതിയ കവികളുടെ ഭാവുകത്വഘടനകളും കവിതയുടെ അടിസ്ഥാനപ്രേരണകളും പുതിയ എഴുത്തിന്റെ രീതി സൗന്ദര്യശാസ്ത്രങ്ങളും മറ്റും മറ്റുമായി രാഗദ്വേഷസമ്മിശ്രമാണവ. ആദ്യ സമാഹാരമായ 'പുറപ്പാടു' മുതല്‍ 'ഒട്ടിച്ചനോട്ടു'വരെ യുള്ള കൃതികളില്‍ ഇതു പ്രതിഫലിക്കുന്നുണ്ട്‌. സൗന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ബലതന്ത്രങ്ങളെ അവ പരുവപ്പെടുത്തുന്നുമുണ്ട്‌-ചിലപ്പോള്‍ പരിമിതികളായി മറ്റുചിലപ്പോള്‍ സാധ്യതകളായി.
കേവലമായ നിഷ്കളങ്കതയുടെ,തരളതകളുടെ ലോകത്തുവെച്ചാണ്‌ സെബാസ്റ്റ്യന്റെ ആദ്യകാലകവിതകളുടെ പിറവി.ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അനാദിവൈചിത്ര്യങ്ങളോട്‌,അവയുടെ ഉപരിതല കൗതുകങ്ങളോടും ആന്തരിക വൈരുദ്ധ്യങ്ങളോടും ഒരുപോലെ സംവേദനം നടത്തുന്നവയാണവ. ഐന്ദ്രിയതയുടെ വൈകാരിക പ്രത്യക്ഷങ്ങളെ,വാക്കുകളായി,ഭാഷയായി,പലപ്പോഴും ഭഗ്നബിംബങ്ങളായി കവിത സ്വാംശീകരിക്കുന്നതങ്ങനെയാണ്‌.ബഹുവിധ ശബ്ദ,വര്‍ണ്ണ,ഗന്ധ,രുചി മേളങ്ങള്‍.. പ്രത്യേകതരം അഭിരുചികളുടെ ജൈവികതയെ കവി കണ്ടെത്തുന്നു. അത്‌ തന്റെ ആദ്യകാല കവിതയുടെ ഊര്‍ജ്ജസ്രോതസ്സായി തീരുകയും ചെയ്തു.

ഈ അവസ്ഥയെ മറ്റൊരു തരത്തില്‍ സെബാസ്റ്റ്യന്‍ സ്വയം വിശദീകരിക്കുന്നുണ്ട്‌."ഐന്ദ്രജാലികവും ഹിപ്‌നോട്ടിക്‌ വലയത്തില്‍ പെടുന്നതുമായ ഒരു അതി ഉന്മാദഹര്‍ഷ വലയത്തില്‍ അകപ്പെട്ടുപോകുന്നു എന്ന നിലയിലാണ്‌ കവിതയെ മനസ്സാ സ്വീകരിക്കുന്നത്‌" എന്നദ്ദേഹം എഴുതുന്നു.(മാധ്യമം ആഴ്ചപ്പതിപ്പ്‌,ഒക്ടോ: 2004). ആത്മാവിഷ്ക്കാരത്തിന്റെ അനുഭൂതിപരമായ പരിധിക്കപ്പുറത്തേക്ക്‌ വ്യാപിക്കാന്‍ അപ്രാപ്തമായ വിധം അമൂര്‍ത്തവും സാന്ദ്രവും നിഗൂഢവുമാണ്‌ തന്റെ കവിതയെന്ന മുന്‍വിധി അദ്ദേഹത്തെ ഒരു പരിധിക്കപ്പുറമുള്ള രൂപപരമായ പരീക്ഷണങ്ങള്‍ക്കോ പ്രമേയപരമായ കുതിപ്പുകള്‍ക്കോ പ്രാപ്തനാക്കിയില്ല.

'പാട്ടുകെട്ടിയ കൊട്ട'ക്കു മുമ്പെഴുതിയ കവിതകള്‍ ജീവിതാനുഭവങ്ങളുടെ ഉച്ചസ്ഥായിയും മുറുകിയ താളങ്ങളും ഉള്‍ച്ചുഴികളും അഭിമുഖീകരിക്കാന്‍ മടിക്കുന്നവയാണ്‌. വഴിയോരക്കാഴ്ചകളില്‍ മയങ്ങി നില്‍ക്കുന്ന കണ്ണുകള്‍... തൂവല്‍സ്പര്‍ശം പോലുള്ള ലോലമായ അനുഭൂതികളുടെ സ്വപ്നസദൃശമായ ലോകങ്ങള്‍....സ്വച്ഛതയുടെ തണലിലൂടെയുള്ള നേര്‍ത്ത ഒഴുക്ക്‌... കൊമ്പും മുള്ളുമുള്ള ജലജന്തുക്കളേയോ പവിഴപ്പുറ്റുകളെയോ അല്ല ചെറുമീനുകളെയാണ്‌ നാമവിടെ കാണുക. അവ വെള്ളത്തിലൂടെ പോകുന്നു,അടയാളങ്ങള്‍ പതിപ്പിക്കാതെ.(ഭൂതകാല അനുഭവത്തിന്റെ/വികാരത്തിന്റെ മുദ്രകള്‍ പതിയാത്ത ഇന്നിന്റെ ലാഘവദാര്‍ശനികതയെ,അതതു നിമിഷത്തിന്റെ ധ്യാനപൂര്‍ണ്ണതയെ ഓഷോ ഉപദര്‍ശിക്കുന്നു...)


"പ്രഭാതത്തില്‍
പുഴ
നിശ്ശബ്ദമായിരിക്കുന്നതും
ഓളങ്ങള്‍
വെറുതെ
വിതുമ്പുന്നതും...
മീന്‍തോണി
പുഴക്കുനടുവില്‍
ഇളം വെയില്‍ കാഞ്ഞ്‌
ഒറ്റക്ക്‌
നില്‍ക്കുന്നതും...
ഇങ്ങനെ
ഇങ്ങനെയെല്ലാമാവാം
നിര്‍മ്മലമായ പ്രേമം
പ്രഭാതങ്ങളാല്‍
അലംകൃതമാകുന്നത്‌.."(നൈര്‍മല്യം)

നിസ്സഹായവും അനാഡംബരവുമായ നിഷ്കളങ്കതയുടെ ഈ ലോകം പിന്നീട്‌ വഴിമാറുന്നു.പ്രപഞ്ചത്തിന്റെ,ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതകളിലേക്കും അനിവാര്യതകളിലേക്കും കവിത വിശദീകരണക്ഷമമാകുന്നു. സ്വയം നിര്‍വ്വചിക്കാനുള്ള ഒരു ശ്രമം പോലുമായി, കവിതയുടെ കേന്ദ്രപ്രമേയമായി, ഈ മാറ്റത്തെ നമുക്കു കാണാം. സത്താപരമായ ഒരു ദാര്‍ശനിക പ്രശ്നം എന്ന നിലയിലുള്ളതല്ലെങ്കിലും മധ്യവര്‍ത്തിയുടെ ജീവിതത്തെ അതിവൈകാരികതകളില്ലാതെ,അമിതാദര്‍ശവല്‍ക്കരണത്തിന്റെ വായാടിത്തമില്ലാതെ സെബാസ്റ്റ്യനു കാണാന്‍ കഴിയുന്നുണ്ട്‌.'അ-ദ്ദേഹം','ഒരു സാരോപദേശകവിത','ഉറുമ്പുകള്‍', 'പ്രാര്‍ത്ഥന','കാത്തു സൂക്ഷിക്കുന്നത്‌','തുറിച്ചു നോക്കുന്ന ചെരിപ്പുകള്‍','സുതാര്യമായ വര്‍ണ്ണന' തുടങ്ങി അനേകം കവിതകളില്‍ സൂക്ഷ്മഭേദങ്ങളോടെ തന്നെത്തന്നെ കീറിമുറിക്കുന്ന മധ്യവര്‍ത്തിയെ/പുരുഷനെ/ഭര്‍ത്താവിനെ/കവിയെ കാണാം. ഒരേ സ്വത്വത്തിന്റെ ആവിഷ്കാരഭേദങ്ങള്‍ മാത്രമാണവ.(പുതിയ കവികളില്‍ എ.സി.ശ്രീഹരിയും കെ.ആര്‍.ടോണിയും വ്യത്യസ്തരീതികളില്‍ ഇതു എഴുതിയിട്ടുണ്ട്‌.) ഈ പ്രമേയവുമായി സെബാസ്റ്റ്യന്റെ കവിതകള്‍ക്കുള്ള ബന്ധം അതിന്‌ മുന്‍പുള്ള മലയാള കവിതയിലെ കവി/നായക കര്‍തൃത്വവുമായുള്ള ബന്ധത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാകും. കടുത്ത ആന്തരിക-വൈകാരിക ക്ഷോഭങ്ങളേയും സംഘര്‍ഷങ്ങളേയും വഹിക്കുന്ന,അഹം ബോധജന്യമായ സങ്കീര്‍ണതകളുള്ള നയകകര്‍തൃത്വം സ്വയം 'നെഞ്ചുകീറി നേരിനെക്കാട്ടി'വൈലോപ്പിള്ളി മുതല്‍ ചുള്ളിക്കാട്‌ വരെ അരങ്ങു തകര്‍ത്താടി.ആധുനികതാ പ്രസ്ഥാനം വേണ്ടതിലധികം ധൂര്‍ത്തടിച്ച ഈ പ്രമേയം സെബാസ്റ്റ്യന്റെ കവിതകളില്‍ രണ്ടു ധര്‍മ്മങ്ങളെ ഒരേ സമയം സാധ്യമാക്കുന്നു-സ്വയം നിര്‍വ്വചിക്കുന്നതിനോടൊപ്പം വര്‍ത്തമാനകാല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനാവശ്യമായ അപര/പുറം ലോകസാന്നിധ്യവും ഈ ഘട്ടത്തിലാണ്‌ കവിതകളിലേക്ക്‌ സ്വാംശീകരിക്കപ്പെടുന്നത്‌.അതിനുതകും വണ്ണം തന്റെ ഭാഷയെ ആഖ്യാനാത്മമായ ഗദ്യഘടനയിലേക്ക്‌,പുതിയ കവിതയുടെ രൂപപരമായ വസ്തുനിഷ്ഠതയിലേക്ക്‌,അനാഡംബരതയിലേക്ക്‌ ചിന്തേരിട്ടു തീര്‍ക്കാന്‍ കവിക്കു സാധിച്ചു.ആദ്യകാല കവിതകളുടെ തരള കാല്‍പ്പനികതയുടെ താളത്തെ മറികടന്ന് ഇവിടെയെത്താന്‍ എഴുത്ത്‌ വ്യക്തമായ ദൂരം താണ്ടുന്നുണ്ട്‌.പ്രമേയപരമായി ഏതൊക്കയോ അര്‍ത്ഥത്തില്‍ ആധുനികത ഒരു ഒഴിയാബാധയായി മിക്ക കവിതകളിലും കാണാമെങ്കിലും രൂപപരമായ ശാഠ്യക്കുറവ്‌,അയവുകള്‍,ഉദാസീനമെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ അയത്നലാളിത്യം എന്നീ പ്രത്യേകതകള്‍ സെബാസ്റ്റ്യന്റെ കവിതയെ പുതിയ കവിതകളുടെ ഗണത്തില്‍ത്തന്നെ കണ്ണിചേര്‍ക്കുന്നു.ഇത്തരം ദ്വന്ദാത്മകമായ ഒരു പ്രത്യേകഘട്ടത്തിന്റെ പ്രതിഫലനങ്ങളായി 'നുണ', 'ശിഷ്ടം=1' മുതലായ കവിതകളെ കാണം.ഭാഷാപരമായ ജാഗ്രതയും താര്‍ക്കിക യുക്തികളും അതേ സമയം പ്രമേയ തലത്തില്‍(?) ഒരു തരം ലീലാപരതയും...

"നുണ പറഞ്ഞു തുടങ്ങുവാന്‍
തീരുമാനിച്ച ദിവസം
നാട്ടിലെ മൂന്നു പേര്‍
ആത്മഹത്യ ചെയ്തു!
ഇത്‌
ഒരു നുണയാണ്‌.
കാരണം
ഈ ആത്മഹത്യ സത്യമെങ്കില്‍ അത്‌
നുണ പറയുവാന്‍ തീരുമാനിച്ചതിന്‌
തൊട്ടുമുന്‍പ്‌ സംഭവിച്ചതാകാം.
.................................
..............................
അതായത്‌;
ഈ കവിതയുടെ ആദ്യവരികളില്‍
പ്രത്യക്ഷരായ മൂന്നുപേരാണ്‌
നാട്ടിലെ മൂന്നുപേര്‍ എന്ന്‌
വ്യക്തം.
ഇതും
ഒരു
നുണയാണ്‌." ('നുണ',പാട്ടു കെട്ടിയ കൊട്ട)

ജീവിതത്തിന്റെ ദൈനംദിനത, അതിസാധാരണത മുതലായവയെ ഒരു പുറന്തോടെന്നപോലെ ആവിഷ്ക്കരിക്കുന്നു പുതിയ കവിത.അത്‌ ഒന്നിനേയും ലക്ഷ്യീകരിക്കുന്നില്ല.ഗൂഢമായ,അപരമായ ഭാവ/യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്ക്കരിക്കാന്‍ അത്‌ ഗൗനിക്കുന്നില്ല.

"ഒരു കാടുണ്ടായിരുന്നു
എന്നിട്ട്‌?
ഒരു നാടുണ്ടായിരുന്നു
എന്നിട്ട്‌!
തോടും പുഴയും കുളവുമുണ്ടായിരുന്നു
എന്നിട്ട്‌?
കാടും കുളവും പുഴയും തോടുമുണ്ടായിരുന്നു.
അത്രതന്നെ." ['എന്നിട്ട്‌'-പുറം 38 'പാട്ടുകൊട്ടിയ കുട്ട']

ഒരേ സമയം സെബാസ്റ്റ്യന്റെ കവിതയുടെ ആന്തരികയുക്തി ആധുനികവും ആധുനികാനന്തരവുമായ പ്രവണതകളില്‍ കുടുങ്ങിക്കിടപ്പാണ്‌, പലപ്പോഴും. അതുകൊണ്ടുതന്നെ അമൂര്‍ത്തതകളെ ജീവിതാവസ്ഥകളില്‍ നിന്നു പിടിച്ചെടുക്കാനും അവയെ രൂപകങ്ങളിലേക്ക്‌ സന്നിവേശിപ്പിക്കാനുമുള്ള ത്വര കവിയെ വിട്ടൊഴിയുന്നില്ല. അമൂര്‍ത്തമായ 'മൂഡു'കളെ വെയിലിന്റെയും ഇരുട്ടിന്റെയും മഴയുടെയും ഒക്കെ വ്യത്യസ്ത ടോണുകളെ ചേര്‍ത്ത്‌ എഴുതുന്നതുപോലെതന്നെ ('മഴ്‌','ഒറ്റക്കു നില്‍ക്കുന്ന രാത്രി','ഭൂമിയില്‍ ഋതുക്കള്‍ വന്നു','കവിതകള്‍','ഉമ്മറം'... )യാണ്‌ ഈ കമ്പവും. വിഭ്രാമകതകളുടെ പിടിവലിയില്‍ നിന്ന് രക്ഷപ്പെടാന്‍ കവി ഒരിക്കലും ഇഷ്ടപ്പെട്ടില്ല.ഭ്രമാത്മകതയുടെ ഒരു വരി,ഒരു ഖണ്ഡം കവിത മറഞ്ഞുനിന്ന് എണ്ണിക്കൊണ്ട്‌ ഒരു ഒളിച്ചുകളിയിലാണെപ്പോഴും. ഭയത്തിന്റെയും ഉന്മാദത്തിന്റെയും ഒളിയിടങ്ങളാണ്‌,കൗതുകങ്ങളാണ്‌ 'വീട്‌' 'തിരികെ' മുതലായ കവിതകളില്‍ കാണുക.

"ഇരുളിനെ
കൊതിയോടെ
വോക്കിനില്ലും വീട്‌
എന്നെ ശാസിച്ചു:
"കാട്ടുപോത്തേ
പോയിക്കിടന്നുറങ്ങൂ
മുറിയില്‍ കിടക്ക വിരിച്ചിട്ടുണ്ട്‌"
..............
...............
പുറത്തെ ഇരുളിനെ
നാവാല്‍ നക്കിവലിച്ച്‌
ഉള്ളിലാക്കി രസിച്ചുകൊണ്ടിരിക്കുന്നു
അധികാരിയാം വീട്‌" (പുറം 17 'ഒട്ടിച്ച നോട്ട്‌')

'ബസ്സില്‍' എന്ന കവിതയിലുമതെ

"സീനിയര്‍ സിറ്റിസണ്‍
എന്നെഴുതിയ സീറ്റില്‍നിന്നും
പത്തി താഴ്ത്തി
ചുരുണ്ട്‌
ആരും കാണാതെ
മുന്നിലെ
ബാറ്ററി ബോക്സിന്റെ
ഇരുളിലേക്കു
ഇഴഞ്ഞു കയറി
രാത്രിയാകുന്നതും കാത്ത്‌
പതുങ്ങിയിരിക്കുന്നു.." (പുറം 18 'ഒട്ടിച്ചനോട്ട്‌')

ഉറക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെട്ടുവന്ന സ്വപ്നമണ്‌ 'തിരികെ' എന്ന കവിതയില്‍. തിരിച്ച്‌ നിദ്രയിലേക്ക്‌,ഉറങ്ങുന്ന ദേഹത്തിലേക്ക്‌ കടക്കാന്‍ കഴിയാതെ... നൃത്തം ചെയ്യുന്ന ശിരസ്സിനടുത്തേക്ക്‌ ജഡം ചുവടുവെച്ചടുക്കുന്നു...! 'ഒറ്റക്കുനില്‍ക്കുന്ന രാത്രി'യിലും,'ഒന്നും സംഭവിക്കാത്തതുപോലെ'യിലും യാഥാര്‍ത്ഥ്യത്തെയും ഭാവനയെയും കുഴച്ചുമറിക്കുന്ന യുക്തികള്‍ കാണാം. അവിടെ "പിന്‍വാതില്‍ പൂമുഖത്താകുന്നു. കള്ളനോ ജാരനോ പട്ടിയോ പ്രേതമോ ഒാരോ വീട്ടിലേക്കും പതുങ്ങിക്കയറുന്നു...."('എന്തിന്‌'..പുറം 51 ഒട്ടിച്ച നോട്ട്‌.) ഇങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ സമീപദൃശ്യമെന്ന നിലയിലും വിഭ്രാമകത കടന്നുവരുന്നു.
ബസ്സിലിരുന്നുറങ്ങുന്ന യുവതി കാണുന്ന സ്വപ്നമാണ്‌ 'ഒന്നും സംഭവിക്കാത്തതുപോലെ' യിലെ ഘടനയെ ഫാന്റസിയാക്കി മാറ്റുന്നത്‌. കാമുകനോടൊപ്പം മുകളിലേക്കു കയറുന്നു.മകള്‍ ചിത്രശലഭങ്ങള്‍ക്കൊപ്പം പറക്കുന്നു.തോട്ടിലെ കുളവാഴയില്‍ താമര വിടരുന്നതും കിണറ്റില്‍ നിന്നും കോരിയെടുത്ത വെള്ളത്തില്‍ രക്തം കലര്‍ന്നിരിക്കുന്നതുമായ ഭ്രമാത്മകതയുടെ ലോകം-സ്ത്രീയുടെ അപരലോകത്തെ,കുതറിമാറലിനെ നോക്കിക്കാണുകയാണ്‌.ഭാഷയുടെ ഉള്‍ഘടനയാണെന്നു തോന്നും വിധം ഉറക്കത്തില്‍/അബോധത്തിലാണതു വെളിപ്പെടുന്നത്‌. ഒരു പക്ഷേ ഫ്രോയ്ഡിയന്‍ അബോധം തന്നെയാണത്‌,അതൃപ്തകാമനകള്‍ ...മുഖംമൂടിയും മുഖവും ഒട്ടിച്ചേര്‍ന്ന് മുഖമേത്‌,മുഖംമൂടിയേത്‌ എന്നറിയാത്ത അവസ്ഥ... അയുക്തികതയെ വിമോചനത്തിന്റെ പ്രകടമല്ലാത്ത ഒരു ഉച്ഛ്യംഖലതയുമായി ബന്ധിപ്പിക്കുന്നുണ്ട്‌ ഈ കവിത. കവിത ഇവിടെ ധ്വനിയല്ല .പരകായ പ്രവേശമോ ആഭിചാരക്രിയയോ('സംക്രമണം'..ആറ്റൂര്‍. )പ്രതീകാത്മകതയോ('ചെരിപ്പ്‌'..സാവിത്രി രാജീവന്‍)അല്ല. മറിച്ച്‌ അതൊരു സാധ്യതയെ ബാക്കിനിറുത്തുന്നു.ഒന്നും സംഭവിക്കാതെ അതേ സ്റ്റോപ്പില്‍ ഇറങ്ങി അതേ തെങ്ങില്‍ തോപ്പിലൂടെ അതേ വീട്ടിലേക്കു പോകുന്നവളുടെ വിരസമായ ദൈനംദിനങ്ങളും ചാക്രികതയും ..അത്‌ കവിക്കോ വാക്കുകള്‍ക്കോ തിരുത്താവതല്ല,അവള്‍ക്കു മാത്രം പുതുക്കാവുന്നത്‌ എന്ന് കവിത തിരിച്ചറിയുന്നു.

'ഒട്ടിച്ചനോട്ട്‌' കൂടുതല്‍ പ്രത്യക്ഷത്തിലുള്ള ഒരു സ്ത്രീ കവിതയാണ്‌.പരുഷമായ അനുദാത്തതകളുടെ കോട്ടുവാ നാറ്റം 'കുറച്ചായാല്‍ ഒരുഷസ്സുവരും' എന്ന പ്രതീക്ഷ പക്ഷേ ആധുനികതയുടെ ഒരു ഹാങ്ങോവറായി (ഒരു നഷ്ടപരിഹാരം?)കവി മുന്നോട്ടുവെക്കുകയാണ്‌,ഒരിടത്തും ഫലിക്കാതെ. 'സുഹൃത്ത്‌' സ്ത്രീ വിമോചനമോ,സംരക്ഷണമോ കാണുന്നില്ല,സ്ത്രീസത്തയുടെ വിശാലതയിലേക്ക്‌ സൂക്ഷ്മമായി കടന്നുചെല്ലുകയാണത്‌,മുന്‍വിധികളില്ലാതെ.
"കൂട്ടുകാരിയെക്കുറിച്ചോര്‍ത്തിരിക്കുകയാവാം
ഇപ്പോളവള്‍.
അല്ലെങ്കില്‍
വിശാലമായ
പുല്‍മേടുകളെക്കുറിച്ച്‌!
ചിലപ്പോള്‍
ഇവര്‍
നിത്യവും
കൊരുക്കുന്ന
സ്ത്രൈണ
പുഷ്പങ്ങളെക്കുറിച്ച്‌."(സുഹൃത്ത്‌, ഒട്ടിച്ച നോട്ട്‌)

'പുറപ്പാടും' 'കവിയുത്തരവും'മുന്നോട്ടുവെച്ച ഭാവുകത്വപരമായ അനിയതത്വവും ബലഹീനതകളും ഇത്തരം കവിതകളിലൂടെ മറികടക്കുന്നുണ്ട്‌,കവി. ദൈവവും കിളിയും മീനുകളും ഇലയുമുണ്ടെങ്കിലും അവ വെറും കേവല രൂപകങ്ങളല്ല.മാറുന്ന ലോകത്തിന്റെ,ചലിക്കുന്ന കാലത്തിന്റെ അനുഭവപ്രത്യക്ഷങ്ങളായി അവ കവിതയെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുകതന്നെയാണ്‌.

"തുപ്പിയിട്ടതു വിഴുങ്ങാന്‍
മുകളിലേക്കു
പൊങ്ങിവരുമായിരുന്നു
പരല്‍മീനുകള്‍...
..........
........
ഇപ്പോഴും
ഞങ്ങള്‍ വീടിനു മുന്നിലും ഉള്ളിലും
നീട്ടിതുപ്പാറുണ്ട്‌
വിദൂരതയില്‍ നിന്നും
അതുവിഴുങ്ങാന്‍ വരുന്ന
മരീചികയെ നോക്കി.." ('പഴയ' പുറം 14. ഒട്ടിച്ചനോട്ട്‌)

ആഗോളവല്‍കൃതമായ ലോകത്തിന്റെ ഒരു പ്രതലമാണിത്‌. ഇവിടെ തീവ്രമായ വിക്ഷുബ്ധവികാരങ്ങളോ ശകാരശാപങ്ങളോ ഇല്ല;
അധിനിവേശത്തിന്റെ മൂര്‍ത്തമായ മറ്റൊരു രൂപമാതൃകയെ സമീപകാലത്തെഴുതിയ 'വില്‍പനയില്‍' കാണാം.

"ഇനിയും ചാവാത്ത ഇടവഴികള്‍
തൂങ്ങിപ്പിടിക്കുന്ന കോര്‍മ്പയുമായി
നാഷണല്‍ ഹൈവേക്കരികെ
നില്‍ക്കുകയാണ്‌
പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കുനേരെ
അവയെ ഉയര്‍ത്തിക്കാട്ടി
നല്ലവിലക്കുവില്‍ക്കുവാന്‍...." ('വില്‍പ്പന')

ഗ്രാമത്തിന്റെയും പലമണങ്ങള്‍ കലര്‍ന്ന ഇടവഴികളുടേയും ഗൃഹാതുരതകള്‍ക്കപ്പുറം അവയുടെ പ്രതിരോധപരമായ ആവിഷ്ക്കാര മാതൃകയായിത്തീരുന്നുണ്ട്‌ ഈ കവിത.'കരതലാമലകം' എന്ന ഏറ്റവും പുതിയ കവിതയില്‍ ആവിഷ്ക്കരിക്കപ്പെടുന്ന പാരിസ്ഥിതിക ബോധ്യങ്ങള്‍ തികച്ചും സൂക്ഷ്മമാണ്‌. ഇത്തരം ജാഗ്രതയുടെ പതിവ്‌ ഉച്ചസ്വരങ്ങള്‍,അതിവാചാലതകള്‍ ഇവിടെ ഒഴിവാക്കപ്പെടുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ട പരിസ്ഥിതിയുടെ,സ്ത്രീയുടെ ദളിതന്റെ ആവിഷ്ക്കാരങ്ങളായി ഈ കവിതകള്‍ മുന്നോട്ടു തന്നെയാണ്‌ സഞ്ചരിക്കുന്നത്‌.ബൃഹദ്‌ ശൈലിയില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ഈ കവിതകളുടെ നിസ്സംഗമെന്നു പറയാവുന്ന(നേര്‍ത്തതും കുറിയതുമായ)ഈ സ്വരങ്ങള്‍ പ്രതിരോധത്തിന്റെ മൂല്യം പേറുന്നവയാണ്‌.അപ്പോഴും അവയൊരു ആഘോഷമോ പ്രതീകമോ ആയി സ്വയം അവരോധിക്കുന്നില്ലെന്നു മാത്രം- എഴുത്ത്‌ എന്ന പ്രക്രിയയെ ആന്തരവല്‍ക്കരിക്കുന്ന വ്യത്യസ്തമായ ഒരു രീതി.

Subscribe Tharjani |