തര്‍ജ്ജനി

ഓര്‍മ്മ

വിളക്കുമരങ്ങള്‍ക്കിടയില്‍ ചെരാതിനു ചെയ്യാനുള്ളത്‌

എഴുപതുകളുടെ അവസാനത്തിലാണ്‌ ഞാന്‍ നാരായണമേനോനെ ആദ്യമായി കാണുന്നത്‌. മാഷ്‌, എല്ലാവരും നാരായണമേനോനെ അങ്ങനെ വിളിക്കുന്നു എന്നതിനാല്‍ ഞാനും മാഷേ എന്ന്‌ വിളിച്ചു. മാഷൊന്നു ചിരിച്ചു. എന്നിലെ കൗമാരക്കാരന്‌ ആ ചിരി വലിയൊരു അംഗീകാരമായിരുന്നു, മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന നിറഞ്ഞ സൗഹാര്ദത്തിന്റെ തുടക്കത്തില്‍ മാഷെനിക്കു നല്‍കിയ ചിരി എന്നിലിപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.കേരളത്തിലെ സാമൂഹിക, സാംസ്കാരിക മണ്ഡലത്തില്‍ സജീവമായിരുന്ന നാരായണമേനോന്‍ 1979ല്‍ അരിയന്നുരിലെ ഒരു പറ്റം സന്ദേഹികളായ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ �ജ്വാല� കലാസാംസ്കാരികകേന്ദ്രത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെയാണ്‌ ഞാനടക്കമുള്ള 'കുട്ടികള്‍ക്ക്‌' പരിചിതനാകുന്നത്‌. കുട്ടികള്‍ എന്ന കൗതുകത്തിനുമപ്പുറം, മാഷ്‌ സഹജീവികള്‍ എന്ന നിലയില്‍ നല്‍കിയ പരിഗണനയും അംഗീകാരവും എനിക്കും സമപ്രായക്കാരായ കൂട്ടുകാര്‍ക്കും അദ്ഭുതമായിരുന്നു. ഇന്നും അതെ.

ജ്വാല, അന്ന്‌ നിലവിലുള്ള ക്ലബ്‌ സങ്കല്‍പങ്ങളെ വേരോടെ പിഴുതെറിഞ്ഞ കൂട്ടായ്മയായിരുന്നു. സാമൂഹികമായ ഇടപെടലുകളില്‍, ജാതിയും രാഷ്ട്രീയവും അനുവദിച്ചു കൊടുത്തിരുന്ന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സംഘടനയായി ജ്വാല വളരുന്നത്‌ പലരേയും അസ്വസ്ഥരാക്കുന്നു എന്ന സത്യം വൈകാതെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആദ്യം കമ്മ്യൂണിസ്റ്റുകളാണെന്നായിരുന്നു ആരോപണം. പിന്നീട്‌ നക്സലുകളുടെ കൂട്ടം എന്നും വിളിക്കപ്പെട്ടു. നാരായണമേനോന്റെ സഹജമായ സഹിഷ്ണുതകൊണ്ടും, നാട്ടുകാര്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനവും സ്വീകാര്യതയും കൊണ്ടും മാത്രമാണ്‌ ആ സംഘടന, കാലവിലംഘിയായ പുരോഗമനാശയങ്ങളുടെ ഉള്ളടക്കവുമായി പരിക്കുകളേല്‍ക്കാതെ കാല്‍ നൂറ്റാണ്ട്‌ വഴിനടന്നത്‌.

ജ്വാലയുടെ പ്രതിമാസ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്‌, കെ. വേണുവും സച്ചിദാന്ദനും സിവിക്‌ ചന്ദ്രനും മാടമ്പ്‌ കുഞ്ഞുകുട്ടനും കരയുന്ന പഴകിയ മര ഗോവണിപ്പടികള്‍ ചവിട്ടി കടന്നുവന്നിട്ടുണ്ട്‌. ചര്‍ച്ചകള്‍ തടം തല്ലി ദിശമാറിയൊഴുകാന്‍ തുടങ്ങുന്ന സന്ദര്‍ഭങ്ങളില്‍ നാരായണന്‍ മാഷിന്റെ ഇടപെടലുകളെ വില വച്ച്‌ എല്ലാവരും നിശ്ശബ്ദരാവും. ആശയങ്ങള്‍ അതിന്റെ ക്രമാനുഗതമായ ചാലിട്ട്‌ ഒഴുകാന്‍ തുടങ്ങും പിന്നെയും. പതുക്കെയാണെങ്കിലും ഒരു ഗ്രാമത്തിന്റെ അതിരുകള്‍ക്കുമപ്പുറം ജ്വാലയും അതിലൂടെ ഞങ്ങളും തിരിച്ചറിയപ്പെട്ടതില്‍ മാഷിന്റെ പങ്ക്‌ വളരെ വലുതാണ്‌. കവിയരങ്ങുകള്‍ ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലത്ത്‌ അരിയന്നൂരില്‍ വന്ന്‌ ഞങ്ങള്‍ക്കു വേണ്ടി, കടമ്മനിട്ടയും, വിനയചന്ദ്രനും, കുഞ്ഞുണ്ണിമാഷും, ബാലചന്ദ്രന്‍ ചുള്ളിക്കാടും കവിതകള്‍ ചൊല്ലിയുറഞ്ഞു. താജും ജോസ്‌ ചിറമ്മലും നാടകങ്ങള്‍ അവതരിപ്പിച്ചു. ടി. പദ്മനാഭനും, സി.വി. ശ്രീരാമനും കഥകളെക്കുറിച്ച്‌ സ്വയം ലയിച്ചു വിവരിച്ചുകൊണ്ട്‌ മണിക്കൂറുകള്‍ ചെലവിട്ടു.. തായംബകയും സിനിമകളും നാടോടിഗാന പാരമ്പര്യവും ഞങ്ങളുടെ കൌമാര ചര്‍ച്ചകളില്‍ കടന്നു വന്നു. കുഞ്ഞുകുട്ടികള്‍ക്കും അഭിപ്രായം പറയാമെന്ന �ഇടം� ഉണ്ടായിരുന്നതുകൊണ്ട്‌ എത്ര വിവരക്കേടുകള്‍ ഞങ്ങള്‍ അന്നത്തെ സംവാദസാരസ്വതങ്ങളില്‍ എറിഞ്ഞു കലമ്പിയിട്ടുണ്ടാവണം ! മാഷിന്റെ ശ്രദ്ധാപൂര്‍ണ്ണമായ മുഖം നല്‍കിയ ആത്മവിശ്വാസം പറഞ്ഞത്‌ വിവരക്കേടാണെന്ന ചഞ്ചലിപ്പ്‌ ഒരിക്കലും തന്നിട്ടില്ല. മാത്രമല്ല മറ്റുള്ളവര്‍ക്കു മുന്നില്‍ അപഹാസ്യരാവും (എല്ലാവരും നാരായണമേനോനല്ലല്ലോ) എന്നു തീര്‍ച്ചയാവുന്ന ഘട്ടത്തില്‍ മാഷ്‌ രക്ഷയ്ക്കെത്തുകയും ചെയ്യും. സദസ്സോര്‍ക്കാതെ എയ്തുവിട്ട അഭിപ്രായഗതികളിലെ പതിരും പാളിച്ചയും ചൂണ്ടിക്കാണിക്കുന്നതു രഹസ്യമായിട്ടാണ്‌. ഉപദേശമായിട്ടല്ല, ആ വഴിക്കും ആലോചിച്ചു നോക്കിക്കൂടേ എന്ന മട്ടില്‍ ഒരു വഴിതിരിച്ചു വിടല്‍! അങ്ങനെ എത്ര വിഷയങ്ങള്‍! ഓര്‍ത്താല്‍ വിസ്മയവും രമണീയവുമായ ആ കാലത്തിന്‌ എനിക്കും ഗ്രാമത്തിലെ എന്റെ തലമുറയ്ക്കും നാരായണമേനോന്‍ എന്ന വ്യക്തിപ്രാഭവത്തോടുള്ള കടപ്പാട്‌ ചില്ലറയല്ല. സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ മാത്ര്കയാവുക എന്നതായിരുന്നു മാഷുടെ നടപ്പുരീതി. അതുകൊണ്ട്‌ ചെയ്യണോ വേണ്ടയോ എന്നു കുഴങ്ങിയ സാഹചര്യങ്ങളില്‍ മാഷെയോര്‍ത്ത്‌ മുന്നിലേയ്ക്ക്‌ അല്ലെങ്കില്‍ പിന്നിലേയ്ക്ക്‌ നടക്കാം. നടന്നിട്ടുണ്ട്‌, പലപ്രാവശ്യം.

മറ്റാരേക്കാളും അറിയാവുന്ന വിഷയമാണെങ്കില്‍പോലും ചൂടേറിയ പ്രതിമാസ ചര്‍ച്ചകളില്‍ മാഷ്‌ പലപ്പോഴും മൗനം പാലിക്കുന്നത്‌ ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. അധികം വൈകാതെ ഞങ്ങള്‍ക്ക്‌ മനസ്സിലായി മാഷിന്റെ മൗനം ഞങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന്‌. സഭാകമ്പക്കാരായ ഞങ്ങളില്‍ പലരേയും സംസാരിക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു ഈ മൗനങ്ങളിലൂടെ മാഷ്‌. എങ്കിലും ഞങ്ങള്‍ക്കായി മാത്രം അദ്ദേഹം പറയാതിരുന്നുമില്ല. മാഷിന്റെ വാമൊഴിക്കും, വരമൊഴിക്കും ഞങ്ങള്‍ കാത്തിരുന്നിരുന്നു എന്ന്‌ ഇപ്പോഴറിയാം. ആള്‍ക്കൂടങ്ങളിലെ ഏകാന്തതകളില്‍ അവ അസാധാരണമായ വാഗ്വിലാസത്തോടെ ഉള്ളില്‍ മുഴങ്ങാറുണ്ട്‌. അറിയാവുന്നതില്‍ കൂടുതല്‍ അറിയുമെന്ന്‌ നടിക്കുന്ന സാംസ്കാരികനായകര്‍ക്കിടയില്‍, മാഷിന്റെ ശബ്ദം എന്നും വേറിട്ടു നില്‍ക്കുന്നുണ്ട്‌. കേള്‍പ്പിക്കുന്നതിനേക്കാള്‍, കേള്‍ക്കാനാഗ്രഹിക്കുന്ന, വേദിയേക്കാള്‍ അണിയറ പ്രിയംകരമാവുന്ന, കര്‍മ്മയോഗിത്വത്തിന്‌ നിറവൈവിധ്യങ്ങളധികമുണ്ടാവില്ല. എങ്കിലും ഓര്‍മ്മച്ചുവരുകളില്‍ അത്തരം ചിത്രങ്ങളല്ലേ കാലത്തെ വെല്ലുവിളിച്ചുകൊണ്ടു ഒളിമങ്ങാതെ പുലരുക? ചെറിയ കയ്‌വായ്പകള്‍ മുതല്‍ പുസ്തകങ്ങള്‍ക്കും സംശയനിവാരണത്തിനും ഞങ്ങള്‍ക്കെപ്പോഴും കയറിച്ചെല്ലാവുന്ന ഒരിടമാണ്‌ മാഷിന്റെ ‘നന്ദനം’ എന്ന വീട്‌. കാലം ഞങ്ങളില്‍ പലരേയും, കരയോടടുപ്പിച്ചുവെങ്കിലും, മാഷെപ്പോലെ ഒരാള്‍, ഞങ്ങളുടെ വഴിയിടങ്ങളില്‍ തണല്‍ മരമായി നിന്നില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ കയറുപൊട്ടിയ പട്ടങ്ങളായി ഇപ്പോഴും പറന്നുനടന്നേനേ എന്നോര്‍ക്കുമ്പോള്‍, തിരിച്ചറിവില്ലാതിരുന്ന കാലത്ത്‌ വിരല്‍ പിടിച്ചു നടത്തിയ ഈ മനുഷ്യന്‍ ചൂണ്ടിത്തന്ന വഴിത്താരകളില്‍ നിന്ന്‌ പൊട്ടിച്ചെടുത്ത തെച്ചിപ്പഴങ്ങളുടെ സ്വാദാണ്‌ ഇന്നും തലയില്ലാത്ത ജനക്കൂട്ടത്തിനിടയില്‍ നിന്നും വീട്ടിലെത്താന്‍ സഹായിക്കുന്ന കാതലുള്ള ഈടുവയ്പ്പെന്നും ഓര്‍ക്കുമ്പോള്‍ ശിരസ്സു നമിക്കാതെ വയ്യ.

ജ്വാലയുടെ ഒരു വാര്‍ഷികത്തിന്റെ നാടകം സംവിധാനം ചെയ്തത്‌ സുരാസുവായിരുന്നു. സുരാസുവിന്റെ അറുതിയില്ലാത്ത യാത്രകള്‍ക്കിടയില്‍ എങ്ങനെയോ ഞങ്ങളുടെ ഗ്രാമം അദ്ദേഹത്തിനൊരു ഇടത്താവളമായതാണ്‌. കിടക്കാന്‍ ഇടവും, ഭക്ഷണവും നല്‍കിയാല്‍ നാടകം സംവിധാനം ചെയ്തുതരാമെന്നു സുരാസു വാക്കു തന്നു. പവിത്രേട്ടന്‍ (ഉപ്പ്‌, യാരോഒരാള്‍) എഴുതിയ ‘യമപുരാണം’ നാടകത്തിന്റെ സ്ക്രിപ്റ്റുമായി അന്തം വിട്ടുനിന്നിരുന്ന ഞങ്ങള്‍ക്ക്‌ വലിയ ആശ്വാസമായി സുരാസുവിന്റെ ഉറപ്പ്‌. പക്ഷേ ജ്വാലയില്‍ താമസിച്ച്‌ നാടകത്തിന്‌ തുടക്കം കുറിച്ച അന്നു മുതല്‍ സുരാസുവുമായി ബന്ധപ്പെട്ട്‌ നാട്ടില്‍ ചെറിയ, ചെറിയ പ്രശങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. സുരാസുവിന്റെ രീതികള്‍ ഗ്രാമീണശീലങ്ങള്‍ക്കുമേല്‍ പതിപ്പിച്ച ആഘാതമായിരുന്നു പ്രശ്നം. അത്ര അരാജകമായ ഒരു വഴി അന്നുവരെ അവിടെ ആരും സൂര്യവെളിച്ചത്തില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. സുരാസുവിന്റെ ഉറക്കെയുള്ള കവിത ചൊല്ലല്‍ തുടങ്ങി അമ്പലക്കുളത്തിലെ കുളി വരെ വിവാദമായി. ഒപ്പം ചിലര്‍ കുത്തിത്തിരിപ്പിനു ശ്രമിക്കുകയും. പരാതികള്‍, പരാതികള്‍ മാത്രം എങ്ങും. സുരാസുവിനും, നാട്ടുകാര്‍ക്കുമിടയില്‍ സഹിഷ്ണതയുടെ ഒരു വന്മതിലായി നിലയുറപ്പിച്ചതു്‌ മാഷാണ്‌. മറ്റൊരര്‍ത്ഥത്തില്‍ തെറ്റിദ്ധാരണകളുടെ വിനിമയങ്ങളെ തിരുത്തിശുദ്ധമാക്കി കടത്തിവിട്ട പാലം. അതുകൊണ്ട്‌ മാത്രമാണ്‌ ‘യമപുരാണം’ അരങ്ങേറിയത്‌. അന്ന്‌ സുരാസു ഒരു സമ്മാനം കൂടി ഞങ്ങള്‍ക്കു തന്നു കടമ്മനിട്ടയുടെ കിരാതവൃത്തത്തെ ആസ്പദമാക്കി സ്വയം അവതരിപ്പിച്ച ചൊല്ലിയാട്ടം. സുരാസുവിന്റെ പ്രതിഭ, കൈകൊണ്ടു പൊത്തിയാല്‍ മറഞ്ഞുപോകാത്ത സൂര്യഹൃദയമാണെന്ന്‌ അരിയന്നൂരുകാര്‍ തിരിച്ചറിഞ്ഞു, കുറച്ചു വൈകിയെങ്കിലും.

സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഒരു രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന്‌ മാഷെന്നും വിശ്വസിച്ചുപോന്നിരുന്നു. നിലവിലുള്ള കക്ഷിരാഷ്ട്രീയത്തില്‍ നിന്നും വേറിട്ടൊരുപാതയില്‍ സഞ്ചരിക്കുമ്പോഴും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിക്കാന്‍ മാഷൊരിക്കലും ശ്രമിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മാഷിന്റെ നേതൃത്വത്തില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ നടത്തിയ ഒരു സമരം ഞാനിപ്പോഴും ഓര്‍ക്കുന്നു. കുറേ ദിവസങ്ങളായി നാട്ടില്‍ വൈദ്യുതി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു, പരാതികള്‍ക്ക്‌ നാട്ടുകാര്‍ക്ക്‌ സ്ഥിരം കിട്ടിയിരുന്ന മറുപടി, നോക്കാം, ശ്രമിക്കാം എന്നൊക്കെയായിരുന്നു. സഹികെട്ട്‌ ഒരു ദിവസം മാഷിനോടൊപ്പം ഞങ്ങള്‍ പത്തോളം ആളുകള്‍ ഇലക്ട്രിസിറ്റി ഓഫീസ്‌ പിക്കറ്റ്‌ ചെയ്യാന്‍ നിര്‍ബന്ധിതരായി. മാഷിനെ ഇത്രയും രോഷാകുലനായി അതിനുമുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല, കടുത്ത നീതി നിഷേധത്തിനെതിരെ നടത്തിയ ആ സമരം വിജയിച്ചു. ഒരര്‍ത്ഥത്തില്‍ ഉദാസീനമായ ഉദ്യോഗസ്ഥ പാരമ്പര്യത്തിന്റെ മാറാലപ്പടര്‍പ്പിനുള്ളില്‍ കെടാതെ കിടന്ന മാനുഷിക നന്മയെ തൊടാന്‍ മാഷിനു കഴിഞ്ഞതാവണം ആ വിജയത്തിനു കാരണം. ഇന്നോര്‍ക്കുമ്പോഴറിയാം അതൊരു ബലപ്രയോഗ്മേ ആയിരുന്നില്ല.

യുവകവികളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജ്വാല പുറത്തിറക്കിയ 'ജ്വാല 11 കവിതകള്‍' അക്കാലത്ത്‌ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പുസ്തകമായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയിലും, മാഷിന്റെ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രമാണ്‌ ആ പുസ്തകം വെളിച്ചം കണ്ടത്‌. (ആ പുസ്തകത്തില്‍ തുടക്കം കുറിച്ച പല കവികളും, ഇന്ന്‌ മലയാളത്തിലെ മുന്‍ നിരക്കാരാണ്‌ എന്നത്‌ യാദൃച്ഛികമല്ല) സമര്‍പ്പണമെന്നത്‌ പലപ്പോഴും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രവൃത്തിമണ്ഡലത്തില്‍ വികസിച്ചുവരുന്നത്‌ മാഷെ നോക്കിയിരുന്നാണ്‌ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്‌. ഒരു ഗ്രാമത്തിന്റെ ചുരുങ്ങിയ വിഭവശേഷിയെക്കുറിച്ച്‌ മറ്റാരേക്കാളും മാഷ്‌ എപ്പോഴും ബോധവാനായിരുന്നു എന്ന്‌ എനിക്കറിയാം. എങ്കിലും തീരുമാനിച്ചുറപ്പിച്ച ഒരു കാര്യവുമായി മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരിക്കുക എന്നത്‌ അവഗാ‍ഹമുള്ള ഒരു രാഷ്ട്രീയബോധത്തിന്റെ മാത്രം പ്രകടനപത്രികയാണ്‌. ജ്വാലക്ക്‌ സ്വന്തമായി ഒരു കെട്ടിടവും, കേരളത്തിലെ നിലവാരമുള്ള പ്രൊഫഷണല്‍ നാടകങ്ങള്‍ നാട്ടുകാര്‍ക്കുമുന്നിലെത്തിക്കാന്‍ വേണ്ടി തുടങ്ങിയ 'കല' ഓഡിറ്റോറിയവും മാഷില്ലായിരുന്നുവെങ്കില്‍ സാദ്ധ്യമാവുമായിരുന്നില്ല.

ആദ്യം ‘വാക്കും’, പിന്നീട്‌ ‘പാഠഭേദവും’ മാഷിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും, എഴുതുന്ന കാര്യത്തില്‍ മാഷെപ്പോഴും വിമുഖത കാണിച്ചിരുന്നു. ഇതിനെക്കുറിച്ച്‌ ഒരിക്കല്‍ കോവിലന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ 'അക്ഷരങ്ങളുടെ മര്‍മ്മ മറിഞ്ഞ ആ മനുഷ്യന്‍ അത്‌ വിറ്റു കാശാക്കിയില്ല'. അതുകൊണ്ട്‌ നാരായണമേനോന്‍ എന്ന മനുഷ്യനെ മാത്രമല്ല, എഴുത്തുകാരനെയും ആരും അറിയാതെ പോയി. തന്റെ പരിസരത്തിനുമാത്രം വെളിച്ചം പകര്‍ന്ന്‌ കുടത്തിനുള്ളില്‍ അദ്ദേഹം കഴിഞ്ഞു. രണ്ടും പ്രകാശസ്രോതസ്സുകളാണെങ്കിലും വിളക്കുമരത്തിന്റെ ധര്‍മ്മമല്ലല്ലോ, ചെരാതുകള്‍ക്കുള്ളത്‌. അതേ. അവസരത്തിനനുസരിച്ച്‌ ആശയങ്ങളിലും ആദര്‍ശങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്തിരുന്നുവെങ്കില്‍ ഉയരങ്ങളില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാമായിരുന്നു, അദ്ദേഹത്തിന്‌. ഞങ്ങള്‍ കുറെ ചെറിയ മനുഷ്യര്‍ അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നത്‌ അദ്ദേഹം ഞങ്ങളുടെ ചുറ്റുപാടുകള്‍ക്ക്‌ നല്‍കിയ പ്രകാശവൃത്തത്തിന്റെ ധന്യതയിലാണ്‌. ഞങ്ങള്‍ക്ക്‌ പ്രാപിക്കാവുന്ന അകലത്തില്‍ മാത്രമായിരുന്നു അദ്ദേഹമെപ്പോഴും. അതുമതി.

ഷംസുദീന്‍
Subscribe Tharjani |
Submitted by m. faizal (not verified) on Sun, 2009-08-30 01:35.

പ്രിയപ്പെട്ട ഷംസുദ്ദീന്‍,
നിറഞ്ഞു അകം. നാരായണന്മാഷെ അറിയുന്നതുപോലെ അകം തൊടുന്നതായി താങ്കളുടെ എഴുത്തും. കേരളത്തിന്റെ സാംസ്കാരിക പരിസരം പൂര്‍ണമനസ്സില്‍ അറിയേണ്ട മാഷെ ഒരു ഇത്തിരി വട്ടത്തിലേക്കൊതുക്കിയത് മാഷ് തന്നെ തെരഞ്ഞെടുത്ത സ്വാര്‍ഥതയില്ലാത്ത, തെളിമയുള്ള ജീവിതബോധത്തിന്റെ സ്നേഹവഴികളാണ്.
കേരളീയതയുടെ സൌഭഗങ്ങള്‍ പങ്കുവെക്കാന്‍ മാ‍ഷല്ലാതെ മറ്റൊരാള്‍ ഇല്ല.
നാട്ടറിവുകളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി ബോധവും ജനകീയ ആരോഗ്യവും കലയും സിനിമയും സാഹിത്യവും ഒരുപോലെ മാഷിന്റെ നിത്യജീവിത്തില്‍ ഇഴചേര്‍ന്നു കിടക്കുന്നു.
80കളുടെ മധ്യത്തിലാ‍ണ് മാഷെ കാണുന്നത്. ശ്രീക്ര്‌ഷണയില്‍ ചേര്‍ന്നതോടെ. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ മാഷുമായി നന്നായടുക്കാനായി.
അരിയന്നൂരിന്റെ കയറ്റിറക്കങ്ങളില്‍ മാഷിന്റെ സൌമ്യതയുണ്ട്. ഗ്രാമനിഷ്കളങ്കതയുണ്ട്.
കഴിഞ്ഞ അവധിക്കാലത്ത് മാഷെ കാണാനായില്ല.
പാഠഭേദം പോലെ ഒരു പ്രസിദ്ധീകരണം അതിന്റെ എല്ലാ സുതാര്യതയോടും കൂടെ ആര്‍ക്ക് നടത്താനാകും.
ഇത്രയും സത്യസന്ധനായിരിക്കുക, ആദര്‍ശനിഷ്ഠനായിരിക്കുക ഇന്നത്തെ കാലത്ത് അസാധ്യമായിരിക്കുന്നു.
പലഗുണങ്ങളേയും നമ്മള്‍ അസ്ഥാനത്ത് അനുയോജ്യരല്ലാത്ത വ്യക്തികളില്‍ ചാര്‍ത്തി അവയുടെ അര്‍ഥം തെറ്റിദ്ധരിക്കുന്ന നിലയിലെത്തിയിരിക്കുന്നു. അതിനാല്‍ അത്തരം വിശേഷണങ്ങള്‍ ഒഴിവാക്കാം.
മാഷെ വിശദമാക്കിയതിന് നന്ദി.
എം. ഫൈസല്‍
ബ്ലോഗ്: ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍
amalakhil.blogspot.com
amalakhil99@yahoo.com