തര്‍ജ്ജനി

സാമൂഹികം

മനുഷ്യന്‍ വെറുമൊരു യന്ത്രമായാല്‍

മനസ്സിന്റെ താളം തെറ്റിക്കുന്ന സംഭവപരമ്പരകളെയാണ് ഓരോ ദിവസവും എനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. മനസ്സിന്റെ കളികളില്‍പ്പെട്ട് മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തം കാണുമ്പോള്‍ പഠിച്ചറിഞ്ഞതിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ഓര്‍ത്തുപോവുക സ്വാഭാവികം. രണ്ടാഴ്ചമുന്‍പ് വാര്‍ഡില്‍ വന്ന ജയന്തി*യുടെ മുഖമാണിപ്പോള്‍ എന്റെ മനസ്സില്‍. ഇരുപത്തഞ്ചു വയസ്സുള്ള സുന്ദരി. കല്യാണം കഴിഞ്ഞ് അഞ്ചുമാസമേ ആയിട്ടുള്ളൂ. ഡിഗ്രി പരീക്ഷയുടെ ഫലം കാക്കുകയാണ്. ഭര്‍ത്താവിന് ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി. രണ്ടു സഹോദരങ്ങളുണ്ട്. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ എന്തുചോദിച്ചാലും ഒന്നും മിണ്ടാതെ കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരിക്കുന്ന അവസ്ഥയിലായിരുന്നു ജയന്തി. ചോദ്യത്തിനൊന്നും ഉത്തരമില്ല. വീട്ടുകാരോറ്റ് തിരക്കിയാണ് പ്രാഥമികമായ കാര്യങ്ങള്‍ മനസ്സിലാക്കിയത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തില്‍ ഗര്‍ഭിണിയായി. സ്കാന്‍ ചെയ്തപ്പോള്‍ ഇരട്ടക്കുട്ടികളാണ്. വീണ്ടും ഒരു സ്കാനിംഗ് കൂടി നടത്തിയപ്പോള്‍ കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവാണെന്ന് കണ്ടു. പിന്നെയും സ്കാനിംഗ്. വളര്‍ച്ചക്കുറവെന്ന കാര്യം സ്ഥിരീകരിച്ചു. ഇനി അബോര്‍ഷന്‍ ചെയ്തേ പറ്റൂ. അങ്ങനെ അതു നടന്നു. ഇതു മാത്രമാണ് വീട്ടുകാരുടെ കണ്ണില്‍ ജയന്തിയുടെ ദുഃഖത്തിനുള്ള കാരണം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞദിവസം മുതല്‍ സ്വന്തം വീട്ടിലായിരുന്നു. ഭര്‍ത്താവ് സ്നേഹസമ്പന്നന്‍. മറ്റൊരു പ്രശ്നവും ഉണ്ടായിട്ടില്ല. കല്യാണത്തിനു മുന്‍പ് ഒരു പ്രസിദ്ധസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന, എല്ലാവരോടും തുറന്നു പെരുമാറിയിരുന്ന, പഠിത്തത്തില്‍ മോശമല്ലാത്ത പെണ്‍കുട്ടി. കുടുംബത്തില്‍ മറ്റു പ്രശ്നങ്ങളുമില്ല.

ആദ്യദിവസം എന്റെ മുറിയില്‍ വരാന്‍ മടിച്ച ജയന്തിയെ വീട്ടുകാര്‍ ഉന്തിതള്ളിയാണ് മുറിയില്‍ കൊണ്ടുവന്നാക്കിയത്. വളരെ ഭയത്തോടെയാണ് എന്റെ മുന്നിലിരുന്നത്. കണ്ണീര്‍ ധാരധാരയായി ഒഴുകുന്നു. ഒന്നും പറയാനുള്ള താത്പര്യം കാണിച്ചില്ല. കൂടുതല്‍ സമയവും മൌനം. കുറച്ചുവിവരങ്ങള്‍ തിരക്കി ഞാന്‍ റൂമിലേയ്ക്ക് മടക്കി അയച്ചു. അടുത്തദിവസവും ഇതു തന്നെ ആവര്‍ത്തിച്ചു. എന്തു ചോദിച്ചാലും നീണ്ട മൌനം. പിന്നെ അല്പാല്പമായി ഉത്തരം പറഞ്ഞു തുടങ്ങി. സ്ത്രീധനപ്രശ്നമുണ്ടോ? അമ്മായിയമ്മയുമായി വഴക്കെന്തെങ്കിലും? ഭര്‍ത്താവുമായി എന്തെങ്കിലും പ്രശ്നം? പുറത്തുപറയാനാവാതെ ഉള്ളില്‍ ഒതുക്കിയ എന്തെങ്കിലും? ജയന്തിയില്‍ മനോരോഗത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല. കടുത്ത വിഷമത്തിന്റെ കാരണം മാത്രം വെളിപ്പെട്ടു കിട്ടുന്നില്ല. ഞാന്‍ ജയന്തിയുടെ അമ്മയെ വിളിച്ച് ഭര്‍ത്താവ് വരുമ്പോള്‍ ജയന്തിയുടെ പെരുമാറ്റം എങ്ങനെയെന്നും സഹോദരന്മാരോടും അമ്മയോടുമുള്ള പെരുമാറ്റമെങ്ങനെയെന്നും തിരക്കി. ഭര്‍ത്താവിനോട് അകല്‍ച്ച കാണിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞ് അറിഞ്ഞു. ഭര്‍ത്താവിനെ വിളിച്ച് അയാളുടെ അമ്മയുമായി ജയന്തിയ്ക്കുള്ള അടുപ്പത്തെക്കുറിച്ച് തിരക്കി. വീട്ടില്‍ അമ്മയും ജയന്തിയും മാത്രമാണ്. ആഴ്ചയിലൊരിക്കലാണ് അയാള്‍ വീട്ടില്‍ വരുന്നത്. വീട്ടില്‍ മറ്റൊരു പ്രശ്നവുമില്ല.

ഏതു പ്രശ്നത്തിനും പരിഹാരമുണ്ടെന്ന് ഞാന്‍ ജയന്തിയോടു പറഞ്ഞു. ജോലിയ്ക്ക് പോകാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ കണ്ണുകള്‍ വികസിച്ചു. അതെയെന്നു മറുപടി. ഭര്‍ത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ ഉണ്ടെന്നാണ് ഉത്തരം. ഭര്‍ത്താവിനു താത്പര്യക്കുറവുണ്ടോ എന്ന ചോദ്യത്തിന് നീണ്ട മൌനമായിരുന്നു പ്രതികരണം. കുറെ ദിവസങ്ങള്‍ തുടര്‍ച്ചയായി മറ്റു വിഷയങ്ങള്‍ സംസാരിച്ച് എന്നോടു എന്തും പറയാമെന്ന വിശ്വാസം ജയന്തിയില്‍ ഉണ്ടാക്കിയെടുത്തു. ഇടയ്ക്കിടയ്ക്ക് വാതില്‍ക്കലേയ്ക്കു നോക്കി മറ്റാരും കേള്‍ക്കുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടാണ് ഇപ്പോള്‍ സംസാരം. ഭര്‍ത്താവ് അവരുടെ സ്വകാര്യമായ കാര്യങ്ങള്‍ പോലും കൂട്ടുകാരോട് പറയുന്നു, കിടപ്പറ രഹസ്യങ്ങള്‍ പോലും സുഹൃത്തുക്കളുമായി പങ്കു വയ്ക്കുന്നു എന്നു പറഞ്ഞു. ദൃശ്യങ്ങള്‍ തന്നെ. മൊബൈല്‍ ഫോണ്‍ വഴിയാണ് പകര്‍ത്തുന്നത്. ഭര്‍ത്താവിന്റെ കൂട്ടുകാര്‍ തന്നെ മറ്റൊരു വിധത്തിലാണ് നോക്കുന്നത് അങ്ങനെയാണ് കാര്യങ്ങള്‍ മനസ്സിലായതെന്നും പറഞ്ഞു. കൂട്ടുകാര്‍ പക്ഷേ ഇതു സംബന്ധിച്ച് ഒന്നും ജയന്തിയോട് സംസാരിച്ചിട്ടില്ല എന്ന കാര്യവും അറിയിച്ചു. ജയന്തിയുടെ അസുഖം ഏതു തരത്തിലാണ് സഞ്ചിരിച്ചുകൊണ്ടിരിക്കുന്നതെന്നു മനസ്സിലായത് ഈ വിവരത്തില്‍ നിന്നാണ്.

അടുത്തദിവസം ജയന്തിയുടെ ഭര്‍ത്താവിനോട് അവര്‍ തമ്മിലുള്ള വൈകാരികമായ ബന്ധത്തെപ്പറ്റി ചോദിച്ചു. ജോലിയ്ക്ക് ഭാര്യപൊകുന്നതു സംബന്ധിച്ച് എന്തെങ്കിലും തടസ്സം പറഞ്ഞോ തുടങ്ങിയുള്ള കാര്യങ്ങള്‍. കല്യാണം കഴിഞ്ഞ ഉടന്‍ ജോലിക്ക് വിട്ടാല്‍ ആളുകള്‍ എന്തു പറയും എന്നു വിചാരിച്ചാണ് ജോലിയ്ക്ക് അയയ്ക്കാത്തത് എന്ന് അയാള്‍. ജോലിയ്ക്കു പോകണമെന്ന കാര്യം കാര്യമായി തന്നെ ഭാര്യ പറഞ്ഞതാണെന്ന് അയാള്‍ക്കു തോന്നിയിട്ടുമില്ല. വിവാഹ നിശ്ചയത്തിനുശേഷം ആറുമാസം കഴിഞ്ഞായിരുന്നു വിവാഹം. ആ സമയത്തൊക്കെ ഫോണില്‍ സംസാരിക്കുമായിരുന്നു. പലതും പറഞ്ഞകൂട്ടത്തില്‍ കൂട്ടുകാരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അയാളുടെ കൂട്ടുകാരന്റെ പ്രതിശ്രുതവധു ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ കൂട്ടുകാരന്‍ ഒരിക്കല്‍ അയാളെ കേള്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഫോണ്‍സംഭാഷണത്തിനിടയ്ക്ക് ഇക്കാര്യവും തമാശയ്ക്കായി ജയന്തിയോടയാള്‍ പറഞ്ഞിരുന്നു. കോണ്‍ഫറന്‍സിംഗിലൂടെ അമ്മയോടും ഭാര്യയോടും ഒരേ സമയം ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഫോണില്‍ റിക്കോഡ് ചെയ്തു വച്ചിരുന്ന ചില ലൈംഗിക ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് കാണിച്ചു കൊടുത്തിട്ടുമുണ്ട്.

ജോലിസംബന്ധമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിനാല്‍ വിവാഹത്തിനു കുറച്ചു നാളുകള്‍ക്കു ശേഷം ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഒരകല്‍ച്ച ജയന്തി കാണിച്ചു തുടങ്ങി. പിന്നെ അത് നേരിട്ടു കാണുമ്പോഴും പ്രകടിപ്പിച്ചു. സംസാരം ചുരുങ്ങി. പുറത്തേയ്ക്കു പോകാന്‍ വിളിച്ചാല്‍ ഒഴിഞ്ഞുമാറി. ഉറങ്ങാതെ കരയാന്‍ തുടങ്ങി. ഗര്‍ഭിണിയായതുകൊണ്ടാവാം ഈ മാറ്റങ്ങള്‍ എന്ന് അയാള്‍ വിചാരിച്ചു. അതിനിടയിലാണ് അബോര്‍ഷന്‍ വേണ്ടി വന്നത്. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ജയന്തി തന്നെ അന്യനെപ്പോലെയാണ് കാണുന്നത് എന്ന് അയാള്‍ക്കറിയാം. കാരണം അറിയില്ല.

ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അപാകത തോന്നിയതാണ് കാരണം എന്നു മനസ്സിലാക്കിക്കൊടുത്തു. വിശ്വസ്തത തോന്നാന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്നും പറഞ്ഞു കൊടുത്തു. ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ ജയന്തിയെ വിളിച്ച് തനിക്ക് അസ്വസ്ഥത തോന്നിയ കാര്യങ്ങള്‍ തുറന്നു പറയാന്‍ അയാളെക്കൊണ്ടു തന്നെ അപേക്ഷിപ്പിച്ചു. എന്തുപറഞ്ഞാലും തനിക്ക് ഒരു വിരൊധവുമില്ലെന്നും അതു ഭാവി ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഭര്‍ത്താവ് എന്റെ സാന്നിദ്ധ്യത്തില്‍ ഉറപ്പു നല്‍കി. കൂടെ എന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്ന കാര്യം ജയന്തി കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ നഗ്നത അയാള്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുമോ എന്നു ഭയം. അയാള്‍ സ്വന്തം ഫോണ്‍ അവള്‍ക്കു നല്‍കി പരിശോധിക്കാന്‍ പറഞ്ഞു. അടുപ്പമുള്ള ഒന്നോ രണ്ടോ കൂട്ടുകാരോട് തുറന്നു ചോദിച്ചുകൊള്ളാന്‍ അനുവാദവും നല്‍കി. തനിക്ക് ജീവിതത്തില്‍ മറ്റെന്തിനേക്കളും പ്രധാനം ജയന്തിയാണ്. പുതിയ വീട്ടില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍ ജയന്തി കല്‍പ്പിച്ചുകൂട്ടിയ ആശങ്കകളാണ് ഇതെല്ലാം.

പുതിയ ഒരു വ്യക്തിയുടെ വിശ്വാസ്യത നേടിയെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. രണ്ടുപേരും രണ്ടു രീതിയില്‍ വളര്‍ന്നവര്‍. വര്‍ഷങ്ങളെടുക്കും തമ്മില്‍ മനസ്സിലാക്കാന്‍. നിയന്ത്രണങ്ങള്‍, ഇഷ്ടാനിഷ്ടങ്ങളുടെ പൊരുത്തക്കേടുകള്‍, താത്പര്യങ്ങളുടെ അടിച്ചേല്‍പ്പിക്കലുകള്‍ ഇതൊക്കെയാണ് പ്രശ്നം. വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍ പൊരുത്തപ്പെടാന്‍ കാലമെടുക്കും എന്നു മനസ്സിലാക്കുകയാണ് പ്രധാനം. രണ്ടുപേരോടുമായി പറഞ്ഞു. പരസ്പരം സംസാരിച്ചതില്‍ നിന്നു തന്നെ അവര്‍ക്ക് ആശ്വാസമായി. ചികിത്സ കഴിഞ്ഞ് ഇറങ്ങാന്‍ നേരം ഭര്‍ത്താവിനു ചെറിയ ആശങ്ക. ഇപ്പോള്‍ മാറിയ ഈ സംശയരോഗം വീണ്ടും വരുമോ? വരില്ല എന്നു തീര്‍ത്തു പറയാന്‍ ആര്‍ക്കാണാവുക?

പരസ്പരവിശ്വാസത്തിന്റെ ബലത്തിലാണ് ജീവിതം എന്നെഴുതുമ്പോള്‍ അതു വെറും വാക്കുകളാണെന്നാണ് ആര്‍ക്കും തോന്നുക. അതു നഷ്ടപ്പെട്ടാല്‍ തീര്‍ന്നു. ഒന്നും തുറന്നു സംസാരിക്കാന്‍ കഴിയാത്ത, ഒന്നും കേള്‍ക്കാന്‍ മനസ്സില്ലാത്ത അവസ്ഥ മനുഷ്യനെ യന്ത്രമാക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ പ്രഫസറുടെ വാക്കുകളാണ് ഓര്‍മ്മ വരുന്നത്. ‘മനുഷ്യന്‍ യന്ത്രമാവുന്നതിനനുസരിച്ച്, കാര്യങ്ങള്‍ എളുപ്പമല്ലാതാകും. അത്രയ്ക്ക് മാനസികപ്രശ്നങ്ങളും കൂടും”

* ശരിയായ പേരല്ല.

റാണി രജനി
തിരുവനന്തപുരം രാമകൃഷ്ണമിഷന്‍ ആശുപത്രിയിലെ സൈക്കോളജിസ്റ്റ്.
Subscribe Tharjani |