തര്‍ജ്ജനി

വര്‍ത്തമാനം

ബീനാ ഷായുമായി നടത്തിയ അഭിമുഖസംഭാഷണം

൧. എങ്ങിനെ അറിയപ്പെടാനാണ്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്നത്‌? ഒരു പാകിസ്ഥാന്‍ എഴുത്തുകാരി, ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌, സ്ത്രീ എഴുത്തുകാരി... ?

ഇംഗ്ലീഷിലെഴുതുന്ന ഒരു പാകിസ്ഥാനിയാണ് ഞാന്‍, ഇസ്ലാമിനെപ്പറ്റി ഞാനെഴുതാറുണ്ട്‌, യൂറോപ്പിനെക്കുറിച്ച് എഴുതീട്ടുണ്ട്‌; സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റി, കുഞ്ഞുങ്ങളെപ്പറ്റി, ... ഒക്കെ എഴുതിയിട്ടുണ്ട്‌. എന്നെയെന്നല്ല, ഏത്‌ ഗ്രന്ഥകര്‍ത്താവിനെയും ഒരു കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സാഹിതീയാനുഭവത്തിണ്റ്റെ വ്യാപ്തി കുറക്കുകയാവും നിങ്ങള്‍ ചെയ്യുന്നത്‌, പൌലോ കൊയ്‌ലോയുടെ പുസ്തകമെടുത്തിട്ട്‌ ഓ ഒരു ബ്രസീലിയന്‍ നോവലിസ്റ്റ്‌ എന്ന്‌ ആരും പറയാറില്ലല്ലൊ. എഴുത്തുകാരെ വ്യത്യസ്തരാക്കുന്ന കാര്യങ്ങളില്‍ ഊന്നുന്നതിനെക്കാള്‍ നല്ലത്‌ സാര്‍വത്രികമായ ഘടകങ്ങളെ ശ്രദ്ധിക്കുന്നതാണ്‌ എന്നെനിക്കു തോന്നുന്നു.

൨.ഇംഗ്ളീഷ്‌ സാഹിത്യത്തില്‍ പെട്ടെന്നുള്ള ഒരു കുതിച്ചുചാട്ടം പോലെ സംഭവിക്കുന്നുണ്ടല്ലൊ പാകിസ്ഥാനില്‍. എന്താണ്‌ ഇതിനുള്ളൊരു കാരണം?

ശരിയാണ്‌. കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടെ ഇവിടെ ധാരാളം പേര്‍ എഴുത്തിലേക്ക്‌ വന്നിട്ടുണ്ട്‌. ഇന്ത്യന്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലുണ്ടായിട്ടുള്ള ഉയര്‍ച്ച ഞങ്ങളെയും ഉത്സാഹിപ്പിച്ചു എന്നു വേണം കരുതാന്‍. കോളനിഭരണത്തിന്റെ സമാനുഭവങ്ങളാണ്‌ നമുക്കു രണ്ടു നാടുകള്‍ക്കും. നാട്ടിലും മറുനാട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്നതുമാണ്‌ ഈ അനുഭവങ്ങളുടെ ആവിഷ്കാരം. ലോകത്തിന്റെ പലഭാഗത്തുനിന്നും സാഹിത്യപഠനങ്ങള്‍ നടത്തി തിരിച്ചെത്തുന്ന പുതുതലമുറ ഈയൊരു സാദ്ധ്യതകളെ നന്നായി ഉപയോഗിക്കുന്നുണ്ട്‌.

൩. അതിര്‍ത്തിയുടെ ഇപ്പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക്‌, പാകിസ്ഥാനിലെ കാര്യങ്ങളില്‍ ഒരു ക്രേസി ഡിസൈന്‍ ഉണ്ടെന്ന്‌ തോന്നാറുണ്ട്‌. നിങ്ങളുടെ എഴുത്തിലുമുണ്ടോ അത്‌?

തീര്‍ച്ചയായും. ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനത്തിന്‌ അതീതരല്ലല്ലൊ ആരും. എന്റെ നാടിനെപ്പറ്റിത്തന്നെ ഞാനെഴുതാറുണ്ട്‌; കൂടുതല്‍ അറിയാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായിട്ട്‌. പലപ്പൊഴും യുക്തിഹീനമാണ് പാകിസ്ഥാനിലെ കാര്യങ്ങള്‍.

൪. നിങ്ങളെ ഒരെഴുത്തുകാരിയാക്കിയത്‌ എന്താണ്‌? എഴുത്തു തുടരാന്‍ പ്രേരിപ്പിക്കുന്നതെന്താണ്‌?

എനിക്ക്‌, ചെയ്യാന്‍ വളരെ ഇഷ്ടമുള്ള കാര്യം; അതുതന്നെയാവണം. പറയാന്‍ കഥകളും കാര്യങ്ങളും ബാക്കിയുള്ളിടത്തോളം തുടരാന്‍ എനിക്കിഷ്ടവുമാണ്‌. എന്നെ ഒരെഴുത്തുകാരിയാക്കിയത്‌ എന്താണെന്ന്‌ കൃത്യമായി എനിക്കറിയില്ല. അതിനുവേണ്ട അല്പം പ്രത്യേകതളൊക്കെ എന്നിലുണ്ടെന്നു തോന്നുന്നു - സ്വപ്നങ്ങള്‍, വാക്കുകളോടുള്ള ഇഷ്ടം, കാഴ്ചക്കാരിയാവാനുള്ളൊരു കഴിവ്‌,... ഇതൊക്കെ എഴുത്തിനെ സഹായിച്ചിട്ടുണ്ടാവണം.

൫. മതവും പട്ടാളവും രാഷ്ട്രീയക്കാരും - ഈ ത്രിമൂര്‍ത്തികള്‍ പാകിസ്ഥാനെ വിപത്തിന്റെ വക്കത്തെത്തിച്ചു എന്നു പറഞ്ഞിട്ടുണ്ട്‌, സലില്‍ ത്രിപതി. എന്താണ്‌ വാസ്തവം?

നാടിനുവേണ്ടി ഏറ്റവും നല്ലകാര്യം ചെയ്യുന്നു എന്നാണ്‌ ഓരോ വിഭാഗത്തിണ്റ്റെയും ധാരണ. സ്വാഭാവികമായി അതില്‍ തെറ്റൊന്നുമില്ലതാനും. മുല്ലമാര്‍ക്ക്‌ ആളുകളുടെ സദാചാരമാണു പ്രശ്നം; പട്ടാളത്തിന്‌ രാജ്യത്തിന്റെ സുരക്ഷ; ജനങ്ങളെ നേര്‍വഴി നടത്തി ജീവിക്കാനുതകുന്ന നല്ലൊരിടം പണിയാന്‍ രാഷ്ട്രീയക്കാരും. ജനങ്ങള്‍ പറയുന്നതെന്താണെന്ന്‌ കേള്‍ക്കാന്‍ നില്ക്കാതെ, നല്ലതെന്താണെന്ന്‌ നിങ്ങള്‍ക്കു മാത്രമേ അറിയൂ എന്നു ധരിച്ചുവശാകുമ്പോഴാണ്‌ കുഴപ്പങ്ങളുണ്ടാവുന്നത്‌. ഏതു നാട്ടിലെ, ഏതുതരം നേതാക്കള്‍ക്കും പറ്റാം ഈയബദ്ധങ്ങള്‍; ഫലം അതിഭീകരവുമാവും.

൬. സ്ത്രീകളുടെ സാമൂഹ്യാഭിലാഷങ്ങള്‍ എത്രമാത്രം ഹനിക്കപ്പെടുന്നുണ്ട്‌ നിങ്ങള്‍ക്കു ചുറ്റും?

സ്ത്രീകളുടെ ആശകളും അഭിലാഷങ്ങളും അതിശയകരമായ രീതിയില്‍ സഫലീകരിക്കപ്പെടുന്ന ഒരു ചുറ്റുപാടാണ്‌ ഇവിടെ. പുരുഷന്മാരെക്കാള്‍ ഒരിരട്ടി കരുത്തോടെ സ്വന്തം ലക്ഷ്യങ്ങളിലേക്ക്‌ കുതറുന്ന സ്ത്രീകളെയാണ്‌ ഞാന്‍ കാണുന്നത്‌. സാമ്പ്രദായികമായി, വീടുകളിലാണല്ലൊ അവരുടെ പ്രഥമസ്ഥാനം. ഇത്‌ അവരെ ശക്തരാക്കുന്നു, ദൃഢനിശ്ചയമുള്ളവരാക്കുന്നു. ഇവിടെയുള്ള, എനിക്കറിയാവുന്ന ഏതു പെണ്‍കുട്ടിക്കും - പണക്കാരിയോ പാവപ്പെട്ടവളോ ആവട്ടെ, പഠിച്ചവളോ പഠിക്കാത്തവരോ ആവട്ടെ - കൃത്യമായ ചില മോഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ കാണും ജീവിതത്തില്‍. ഒരു സ്കൂള്‍ ടീച്ചര്‍ ആവാന്‍, ബിരുദം നേടാന്‍, ഒരു ബ്യൂട്ടീഷനാവാന്‍, ഡോക്ടറാവാന്‍ ... എന്തെങ്കിലുമൊന്ന്‌. നന്നായി കഷ്ടപ്പെടുന്നുണ്ട്‌, സ്ത്രീകള്‍; ഒട്ടൊക്കെ വിജയിക്കുന്നുമുണ്ട്‌.

൭.സുന്ദരിയുടെ കല്യാണം എന്ന കഥയില്‍ കല്യാണനാളില്‍ തന്നെ വധുവിനെ വധിക്കുന്നു. നല്ല ഭാര്യ യിലെ നായിക ഭര്‍ത്താവിനെ വിഷം കൊടുത്തുകൊല്ലാന്‍ ഒരുക്കം കൂട്ടുന്നു. ഇത്രയൊക്കെ വിഹ്വലമാണോ കാര്യങ്ങള്‍?

യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ്‌ സുന്ദരിയുടെ കല്യാണം. വളരെ പരുഷമായ, കഠിനമായ ഒരു ലോകത്തില്‍, എങ്ങനെയാവും ഒരു സ്ത്രീ മാനസികമായെങ്കിലും പിടിച്ചുനില്ക്കുന്നത്‌ എന്നതിനെപ്പറ്റിയുള്ള എന്റെ സങ്കല്പനമാണ്‌ നല്ല ഭാര്യ.ശരിയാണ്‌; ഇതൊക്കെ വിഹ്വലമാണ്‌, വയലന്റാണ്‌. പക്ഷെ, മറ്റെന്തുമെന്നപോലെ ഈ ലോകത്തിന്റെ ഭാഗമാണിതൊക്കെ. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുക എന്നതല്ല ഒരെഴുത്തുകാരി എന്ന നിലയില്‍ എന്റെ ജോലി.

൮.മാനബലിയെപ്പറ്റി (Honour Killing) നഫീസാ ഷാ നടത്തിയ പഠനങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നുവല്ലൊ. ഒരെഴുത്തുകാരി/സ്ത്രീ എന്ന നിലയില്‍ ഈയൊരു സമ്പ്രദായത്തെ എങ്ങനെ കാണുന്നു?

മാനബലിയെപ്പറ്റിയുള്ള ഒരു പരാമര്‍ശം പോലും എന്നെ ഭയപ്പെടുത്തുന്നു; ഞെട്ടിപ്പിക്കുന്നു. അങ്ങിനെയൊന്നുമുണ്ടാവുന്നില്ല എന്നു പറഞ്ഞ്‌ മൂടിവെക്കുന്നതിനുപകരം, അതിനെ എതിര്‍ക്കാനാണ്‌ എന്റെ സാമൂഹ്യബോധം എന്നെ പ്രേരിപ്പിക്കുന്നത്‌. മൂടിവെച്ചാല്‍ തഴച്ചുവളരുന്ന വിഷവിത്തുകള്‍ ചിലതുണ്ടാവും സമൂഹത്തില്‍. കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നാല്‍, കൂടുതലാളുകള്‍ അതിനെപ്പറ്റി ബോധവാന്മാരാവും. സ്വാഭാവികമായും കാര്യങ്ങള്‍ മെച്ചപ്പെടും. നഫീസ ഷായുടെ ആര്‍ജ്ജവം, സത്യസന്ധത... വലിയ ആദരവാണെനിക്കവരോട്‌.

൯.പൊതുവെ ഉപരിവര്‍ഗത്തിന്റെ ഭാഷയായ ഇംഗ്ലീഷിലാണല്ലൊ എഴുതാറുള്ളത്‌? കഥാപരിസരങ്ങള്‍ ഈ മേഖലയില്‍ നിന്നുമല്ല താനും. ഈയൊരു വൈരുദ്ധ്യം?

ശരിയാണ്‌, ഉപരിവര്‍ഗ്ഗഭാഷയാണ്‌ പാകിസ്ഥാനില്‍ ഇംഗ്ലീഷ്‌. പിന്നെ വൈരുദ്ധ്യത്തിണ്റ്റെ കാര്യം - സമൂഹത്തിലെ എല്ലാ തലങ്ങളെയും പറ്റി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌ ഞാന്‍. 786 Cyber Cafe എന്ന നോവല്‍ ലോവര്‍ മിഡില്‍ ക്ലാസ്സിനെപ്പറ്റിയുള്ളതായിരുന്നു. വരാനിരിക്കുന്ന Slum Child . അതും വ്യത്യസ്തമല്ല. എല്ലാത്തിനെയും കാണാന്‍ ശ്രമിക്കാറുണ്ട്‌ ഞാന്‍. എന്റെ എഴുത്തിനെ അത്‌ സമ്പുഷ്ടമാക്കിയിട്ടുമുണ്ട്‌.

൧൦. ഒരെഴുത്തുകാരി എന്ന നിലയില്‍ നേരിടേണ്ടിവന്നിട്ടുള്ള പ്രതിബന്ധങ്ങള്‍?

അങ്ങനെ ഒരു പ്രതിബന്ധമൊന്നും നേരിടേണ്ടി വന്നിട്ടില്ല; പാകിസ്ഥാനില്‍ അധികമാളുകളൊന്നും വായിക്കുന്നില്ല എന്നതൊഴിച്ചാല്‍.

൧൧. ഇന്റര്‍നെറ്റ്‌ അടക്കമുള്ള പുത്തന്‍ മാധ്യമങ്ങള്‍ എഴുത്തിനെയും വായനയെയും മുരടിപ്പിക്കുന്നു എന്ന വിലാപം ഇവിടെയൊക്കെ സാധാരണമാണ്‌ നിങ്ങളുടെ അനുഭവമെന്താണ്‌?

കൂടുതല്‍ എഴുതാനും വായിക്കാനും ഇന്റര്‍നെറ്റ്‌ കാരണമാവുന്നുണ്ട്‌ എന്നാണ്‌ എണ്റ്റെ അനുഭവം. ഇമെയില്‍, ടെക്സ്റ്റ്‌ മെസേജ്‌, ബ്ലോഗ്‌... എല്ലാവരും എഴുതുകയാണ്‌. വ്യാകരണവും, സ്പെല്ലിങ്ങുമൊക്കെ ഇത്തിരി ദയനീയമായിരിക്കാം; എന്നാലും അവരൊക്കെ സ്വന്തം ഭാവനകള്‍, ചിന്തകള്‍ പ്രകാശിപ്പിക്കുന്നുണ്ട്‌. വിസ്മയകരമാണിത്‌. ആശയവ്യാപനത്തിനു തടസ്സങ്ങള്‍ കുറയുന്ന ലോകത്ത്‌ കൈയില്‍ കിട്ടുന്നതൊക്കെ വായിക്കുന്നുണ്ടെല്ലാവരും. കുഞ്ഞായിരുന്ന കാലത്ത്‌ ഞാന്‍ സ്വപ്നം കണ്ടിരുന്ന കാര്യങ്ങളാണിതൊക്കെ. അക്കാലത്തൊന്നും പാകിസ്ഥാനില്‍ അധികം ലൈബ്രറികളോ പുസ്തകശാലകളോ ഒന്നുമുണ്ടായിരുന്നില്ല. എന്തൊക്കെയോ അറിയണമെന്ന്‌ മോഹമുണ്ടാവുകയും അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്തിരുന്ന ഒരു കാലം. നിങ്ങള്‍ തന്നെ നോക്കൂ, ഇപ്പോള്‍ ആളുകള്‍ ഇന്റര്‍നെറ്റിലൂടെ പുസ്തകങ്ങളെപ്പറ്റി അറിയുകയും അത്‌ തേടിപ്പിടിച്ച്‌ വായിക്കുകയും ചെയ്യുന്നു. ഇതിലപ്പുറമെന്തുവേണം?

൧൨.ഇന്ത്യന്‍ എഴുത്തുകാരെപ്പറ്റി. ആരാണ്‌ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

ജവഹറ സൈഡുള്ളയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരി. ജനീവയില്‍ താമസിക്കുന്ന അവരുടെ Burden of Foreknowledge അതിമനോഹരമായ കൃതിയാണ്‌. മറ്റൊരാള്‍ വിക്രം സേത്ത്‌. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ കവിതാരചനക്ക്‌ സമ്മാനമായി എനിക്ക്‌ കിട്ടിയത്‌ Golden Gateന്റെ ഒരു കോപ്പിയായിരുന്നു. അന്നു മുതല്‍ക്കുള്ളതാണ്‌ ഈ ഇഷ്ടം.

൧൩. ഇപ്പോള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുന്നു - എന്താണ്‌ പറയാനുള്ളത്‌?

വലിയൊരു ആദരവാണിത്‌. ഒരിന്ത്യന്‍ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുമെന്ന്‌ കരുതിയിരുന്നതല്ല ഞാന്‍. മലയാളിവായനക്കാര്‍ക്ക്‌ എന്റെ കഥകള്‍ ഇഷ്ടമാവുമെന്നാണ്‌ എന്റെ പ്രതീക്ഷ. ഇപ്പോള്‍ മലയാളം എന്ന്‌ കുഴപ്പമില്ലാതെ പറയാനാവുന്നുണ്ടെനിക്ക്‌; ഞങ്ങള്‍ പാകിസ്ഥാനികള്‍ക്ക്‌, ഉച്ചരിക്കാന്‍ അല്പം ബുദ്ധിമുട്ടുള്ളൊരു വാക്കാണ്‌ നിങ്ങളുടെ മലയാളം

൧൪. വരാനിരിക്കുന്ന കൃതികളെക്കുറിച്ച്‌?
അടുത്തവര്‍ഷം സ്പെയിനില്‍ പബ്ളിഷ്‌ ചെയ്യപ്പെടാന്‍ പോവുകയാണ്‌ Slum Child എന്ന നോവല്‍ - പിന്നെ, ഞാന്‍ പിറന്ന, സിന്ധിനെപ്പറ്റി മറ്റൊരു നോവലും -

കെ.പി.പ്രേംകുമാര്‍
Subscribe Tharjani |