തര്‍ജ്ജനി

സതീഷ് തോപ്രത്ത്

Visit Home Page ...

കാഴ്ച

സതീഷ് തോപ്രത്തിന്റെ ചിത്രങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഒരു ആദര്‍ശകേരളീയഗ്രാമത്തിന്റെ കാല്പനികസൌഭാഗ്യങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നിരപ്പല്ലാത്ത ഭൂപ്രകൃതിയില്‍ വന്യമായ ഭംഗിയോടെ വളര്‍ന്നു നിന്ന മരങ്ങള്‍. ചുവപ്പ്‌രാശിയാര്‍ന്ന മണ്ണ്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്തെ പ്രബുദ്ധതയും പിന്നീട് കമ്യൂണിസവും ഈ ദേശത്തിന്റെ ജീവിതത്തെ ത്രസിപ്പിച്ചു. അപ്പോഴൊക്കെയും നഗരജീവിതത്തിന്റെ കോലാഹലങ്ങളില്‍ നിന്നും അകലെയായിരുന്നു ഈ ദേശം. വികസനത്തിന്റെ ഗതിവേഗവും കാഴ്ചപ്പാടും മാറ്റത്തിനു വിധേയമായതോടെ ഈ പ്രദേശത്തിന്റെ ജീവതാളത്തിന് തന്നെ മാറ്റം സംഭവിക്കുന്നു. ആ മാറ്റത്തിന്റെ ദൃശ്യാനുഭവമാണ് മയ്യില്‍ എന്ന ഗ്രാമത്തില്‍ നിന്നും വരുന്ന ചിത്രകാരന്‍ സതീഷ് തോപ്രത്ത് ഓണ്‍ എര്‍ത്ത് എന്നു പേരിട്ട ചിത്രപ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്. വേനല്‍ ചൂടില്‍ തപിക്കുന്ന ഏപ്രിലിലെ രണ്ടാം വാരത്തില്‍ കണ്ണൂരിലെ ജവഹര്‍ ലൈബ്രറി ഹാളാണ് സതീഷിന്റെ പ്രദര്‍ശനവേദിയായത്.

തലശ്ശേരിയിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകലാപരിശീലനം നേടിയ സതീഷ് ഫ്രീലാന്‍സ് ചിത്രകാരനായി നിരവധി ആനുകാലികങ്ങള്‍ക്ക് രേഖാചിത്രരചന നടത്തിയിട്ടുണ്ട്. ചില്ല മാസിക, ഇന്ത്യാ ടുഡേ, പയനീര്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഫ്രീപ്രസ്സ് ജേണല്‍, സമയം മാസിക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാസിയായി ഇന്ത്യയിലെ വിവിധ വന്‍നഗരങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും കലാകേന്ദ്രങ്ങളില്‍ സന്ദര്‍ശകനാവുകയും ചെയ്ത അനുഭവമാണ് സതീശിലെ ചിത്രകാരന്റെ ആവിഷ്കാരത്തെ പരിപക്വമാക്കുന്നത്. പ്രമേയതലത്തിലും വിഷയപരിചരണത്തിലും ഇദ്ദേഹം കൈവരിച്ച വികാസം പ്രകടമാക്കിയതാണ് കണ്ണൂരിലെ പ്രദര്‍ശനം.

നാട്ടിന്‍പുറങ്ങള്‍ പോലും വിപണിയുടെ രീതികളിലേക്ക് പരിവര്‍ത്തിക്കപ്പെടുകയാണ്. വിപണിയുടെ സാമ്പത്തികശാസ്ത്രം മാത്രമല്ല ദര്‍ശനവും അത് സ്വയം സ്വാംശീകരിക്കുന്നു. മണ്ണിലും മനസ്സിലും ജീവിതചര്യകളിലും വന്ന ഈ പരിവര്‍ത്തനം ആരെയും അന്ധാളിപ്പിക്കുന്നതാണ്. വൃക്ഷനിബിഡമായ കുന്നുകള്‍ കല്ലുവെട്ടുകുഴികളായി മാറിയിരിക്കുന്നു. എല്ലാ ഉയര്‍ച്ചകളിലും മൊബൈല്‍ ടവറുകള്‍ ഉയര്‍ന്ന് കണ്ണു മിന്നിക്കുന്നു. ജീവിതത്തിന്റെ പുതിയ വേഗത്തോടൊപ്പം ഓടിയെത്താനാകാത്തവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോകുന്നു. നാടിന്റെ ഭൌതികരൂപം മാറുന്നതോടൊപ്പം ഓര്‍മ്മകളും നഷ്ടമാവുകയാണ്. പഴയവഴിത്താരകള്‍ പലതും ഉപേക്ഷിക്കപ്പെട്ട കല്ലുവെട്ടുകുഴിള്‍ വിഴുങ്ങിയിരിക്കുന്നു. വഴിയും ഓര്‍മ്മയും കൈമോശം വരുന്ന ഒരു സമൂഹത്തിന്റെ വഴികളിലൂടെയും ഓര്‍മ്മകളിലേക്കുമുള്ള സാഹസികസഞ്ചാരം കലാകാരന്റെ ദൌത്യമാകുന്നു. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ സതീഷ് തോപ്രത്ത് ഏറ്റെടുക്കുന്നത് ഈ ദൌത്യമാണ്.

Subscribe Tharjani |