തര്‍ജ്ജനി

ഡോ.മഹേഷ് മംഗലാട്ട്

മംഗലാട്ട്, ചൂടിക്കൊട്ട, മയ്യഴി - 673 310
ഇ-മെയില്‍: mangalat@chintha.com
വെബ്: മഹേഷ് മംഗലാട്ട്

Visit Home Page ...

നോട്ടീസ് ബോര്‍ഡ്

എന്‍കോഡിംഗ് മാറ്റാന്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പയ്യന്‍സ്

ആസ്കി എന്‍കോഡിംഗില്‍ നിന്ന് യൂനിക്കോഡിലേക്ക് മാറിയ ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന്റെ മുമ്പിലുള്ള പ്രശ്നങ്ങളിലൊന്ന് നേരത്തെ ഉണ്ടാക്കിയ ഫയലുകള്‍ എങ്ങനെ യൂനിക്കോഡ് എന്‍കോഡംഗിലേക്ക് മാറ്റാം എന്നതാണ്. ഓപ്പണ്‍ സോഴ്സില്‍ ഇതിനു പരിഹാരമായി പയ്യന്‍സ് എന്ന ഒരു പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് സംഘത്തില്‍ നിന്നുമാണ് പയ്യന്‍സ് എത്തിയിട്ടുള്ളത്. സന്തോഷ് തോട്ടിങ്ങലും നിഷാന്‍ നസീറുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. വിന്‍ഡോസില്‍ ഈ പ്രവര്‍ത്തനം ചെയ്യാനുള്ള സംവിധാനം പൂച്ചക്കുട്ടി എന്ന ഒരു ആപ്ലിക്കേഷനിലൂടെ കോഴിക്കോട് മാതൃഭൂമിയിലെ രാമചന്ദ്രന്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് മുമ്പ് ഒരു ലക്കത്തില്‍ ഇതേ പംക്തിയില്‍ എഴുതിയത് കാണുക. ( മലയാളം എന്‍കോഡിംഗ് മാറ്റാന്‍ ഒരു പൂച്ചക്കുട്ടി)

പൈത്തണിലെഴുതിയ ഒരു ചെറിയ സോഫ്റ്റ്‌വെയറാണു് "പയ്യന്‍സ്". ആസ്കി ഫോണ്ടുകളുപയോഗിച്ചു് എഴുതിയ മലയാളത്തെ യൂണിക്കോഡിലേക്കാക്കുകയാണു് പയ്യന്റെ പണി. ടെക്സ്റ്റ്, html, pdf എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ യൂണിക്കോഡാക്കി മാറ്റാന്‍ പയ്യനു കഴിയും. പയ്യനാണെങ്കിലും ചില്ലറ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവനാണു്. പയ്യന്‍സിന്റെ ആദ്യ പരിപാടി കേരളപാണിനീയം യൂണിക്കോഡ് മലയാളത്തിലാക്കുകയായിരുന്നു. യൂണിക്കോഡിലേക്ക് മാറ്റിയ കേരളപാണിനീയം http://ml.wikisource.org/wiki/കേരളപാണിനീയം എന്ന പേജില്‍ വിക്കിഗ്രന്ഥശാലയില്‍ വിക്കി ഫോര്‍മാറ്റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്നു.

പയ്യന്‍സിന്റെ അടുത്ത പ്രൊജക്ട് PDF ഫോര്‍മാറ്റില്‍ ഉള്ള 'ഇന്ദുലേഖ'യെ യൂണിക്കോഡ് ആക്കുകയാണു്. . കേരളപാണിനീയത്തിനു ശേഷം അതും വിക്കി ഗ്രന്ഥശാലയില്‍ ഉടന്‍ എത്തും.വിക്കി ഗ്രന്ഥശാലയുമായി സഹകരിച്ചു് കൂടുതല്‍ പുസ്തകങ്ങള്‍ യൂണിക്കോഡിലേക്കാക്കാന്‍ പദ്ധതിയുണ്ടു്.

മലയാളത്തിലെ ആദ്യത്തെ നോവലായ ചന്തുമേനോന്റെ 'ഇന്ദുലേഖ' പീഡിഎഫില്‍ നിന്നും യൂണിക്കോഡ് ആക്കിയതിന്റെ അപൂര്‍ണ്ണമായ ഒരു പതിപ്പ് ഇവിടെ കാണാം :
http://santhosh00.googlepages.com/Indulekha.tar.gz

ഇന്‍സ്റ്റാളേഷനും മറ്റുവിവരങ്ങള്‍ക്കും http://fci.wikia.com/wiki/SMC/Payyans എന്ന പേജ് സന്ദര്‍ശിക്കുക. ആദ്യപതിപ്പായതുകൊണ്ടു് ചില്ലറപ്രശ്നങ്ങള്‍ കണ്ടേക്കാം. വിന്‍ഡോസിലും ഇതു പ്രവര്‍ത്തിക്കും. പക്ഷേ ഇപ്പോള്‍ ഇന്‍സ്റ്റാളര്‍ ഗ്നു/ലിനക്സിന്നു മാത്രമേ ഉള്ളൂ. വിന്‍ഡോസ് ഉപയോഗിക്കുന്ന പൈത്തണ്‍ അറിയാവുന്നവര്‍ക്ക് അതു ശരിയാക്കാം

Subscribe Tharjani |