തര്‍ജ്ജനി

കവിത

ഇന്‍‌സൈഡ് ഔട്ട്‌

ഞങ്ങള്‍ വലിയ കലാപങ്ങള്‍
ഒന്നും തന്നെ നടത്തിയിട്ടില്ല.
ഒറ്റപ്പെട്ട ചില അനക്കങ്ങള്‍ മാത്രം.
നിലനില്‍പ്പ് സ്ട്രാറ്റജികള്‍ പോലും
ഞങ്ങള്‍ക്കറിയില്ല്ലായിരുന്നു.
എന്നിട്ടും അവര്‍ ഞങ്ങളെ വല്ലാതെ പേടിക്കുന്നു.
ഒന്നു സംഘടിക്കാന്‍ പോലും
കൂട്ടാക്കാത്ത ഞങ്ങളെ!

ഞങ്ങള്‍ എന്നു പറയുന്നത്
കൂട്ടായ്മ തേടാത്ത
അങ്ങിങ്ങായി ചിതറിയ
ആളുകളുടെ നിഴലുകള്‍
പോലുള്ള രൂപങ്ങള്‍.
അവര്‍ക്കും അത് വ്യക്തമായി അറിയാം
എന്നിട്ടും അവര്‍ പേടിക്കുന്നു.

അരക്ഷിതത്വത്തിന്റെ അടിവേരുകള്‍
ഉറയ്ക്കുമ്പോള്‍ അവര്‍
സംഘം ചേര്‍ന്നു കൊണ്ടിരിക്കുന്നു.
പുറത്താക്കല്‍ തന്ത്രങ്ങളുടെ
പുതിയ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നതിന്റെ
തിരക്കിലാണ് ഇപ്പോളവര്‍.

ഇതൊന്നും ഞങ്ങള്‍ക്കെതിരേയല്ല
എന്ന് ധരിപ്പിക്കാന്‍
ഞങ്ങളില്‍ ചിലരെയൊക്കെ
അവര്‍ സംഘത്തില്‍
ചേര്‍ക്കാന്‍ ശ്രമിച്ചു; എന്നിട്ടും
ഓര്‍ക്കുട്ട് സ്ക്രാപ്പുകളുടെ മാര്‍ജിനില്‍ നിന്നും
സെല്‍‌ഫോണ്‍ ക്യാമറയുടെ
ഫ്രെയിമുകളില്‍ നിന്നും
ഞങ്ങള്‍ പുറത്തേക്ക് വഴുതിക്കൊണ്ടിരുന്നു.

അപ്പോഴൊക്കെയും ഞങ്ങളുടെ
ഗ്ലാസുകള്‍ നിറഞ്ഞു തന്നെയിരിക്കാന്‍
അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
വല്ലാതെ അരക്ഷിതരാവുന്നതു കൊണ്ടാവണം,
കുടിച്ചു ഫിറ്റാകുമ്പോള്‍
പോസ്റ്റ് സ്ട്രക്ചറലിസം, റപ്രസന്റേഷന്‍,
എംബോഡീഡ് സബ്ജക്റ്റ്, സ്പിവാഗ്, ലക്കാന്‍
എന്നൊക്കെ ഉച്ചത്തില്‍
ഉരുവിട്ടുകൊണ്ടിരുന്നു അവരില്‍ പലരും.

അങ്ങനെ പുറത്താക്കാനുള്ള
പലതരം ചര്‍ച്ചകളും പ്രൊപ്പോസലുകളും.
അതിലൊക്കെയും ജാതി, മതം,
പ്രാന്തവല്‍കൃതം, എക്സ്ക്ലൂഷന്‍
തുടങ്ങിയ വാക്കുകള്‍ നിറഞ്ഞു നിന്നു.

ഞങ്ങളുടെ നിറങ്ങള്‍ പലതായിരുന്നെങ്കിലും
ഞങ്ങളുടെ ജാതി അവര്‍ മണത്തു കണ്ടുപിടിച്ചു.
കൂടെ 'inclusive practice' എന്ന
കേള്‍ക്കാന്‍ സുഖമുള്ളൊരു 'political statement'.
എല്ലാ സ്ഥലങ്ങളും അവരുടേതായിരുന്നു;
പ്രിന്റിംഗ് പ്രസ്സുകള്‍, പബ്ലിഷിംഗ് ഹൌസുകള്‍,
പത്രങ്ങള്‍, ചാനലുകള്‍, ജേര്‍ണലുകള്‍,
സെമിനാറുകള്‍, കോണ്‍ഫറന്‍‌സുകള്‍
എന്നിട്ടും ഇവിടെയൊക്കെ
ഞങ്ങളുടെ ചെറിയ ഒച്ചകളും
നിഴലുകളും അവരെ വല്ലാതെ പേടിപ്പിച്ചു.
ഒറ്റപ്പെട്ട അനക്കങ്ങള്‍ പോലും
അവര്‍ പേടിയോടെ ശ്രദ്ധിച്ചു.

പ്രതിരോധത്തിന്റെ കനം കൂടുമ്പോള്‍
ചോദ്യങ്ങള്‍ അവരുടെ
പൊതുസ്ഥലങ്ങളെ പൊളിച്ചെടുക്കുമ്പോള്‍
പുറത്താക്കലുകള്‍ക്കു നേരെ
ഒച്ച ഉയരുമ്പോള്‍
ഉള്ളിലെ പേടി ഒളിച്ചു വച്ച്
അവയെല്ലാം വെറും പാരനോയിഡ്
ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍
അവര്‍ക്കെളുപ്പമായിരുന്നു;
And So Convincing!
അങ്ങനെ ഡെപ്ത് ഇല്ലാത്ത
സൂപ്പര്‍ഫിഷ്യലായ, ഒട്ടും റാഷണല്‍ അല്ലാത്ത
വികാരപ്രകടനങ്ങള്‍ മാത്രമായി
ഞങ്ങളുടെ വാക്കുകള്‍.

സ്കോളര്‍ലി അല്ലാത്ത
ഞങ്ങളുടെ ചോദ്യങ്ങളെ
സെമിനാര്‍ ഹാളുകളിലെ
വേസ്റ്റ് ബാസ്കറ്റുകളില്‍
ചുരുണ്ട ചായക്കപ്പുകള്‍ക്കൊപ്പം
അവര്‍ വലിച്ചെറിയുകയായിരുന്നു.

ഞങ്ങളെ പുറത്താക്കുന്നതോടൊപ്പം
അവരുടെ ആളുകളെ
അക്കാദമിക് മാര്‍ക്കറ്റിലെ
പവര്‍ ബെല്‍‌റ്റുകളിലേക്ക്
അവര്‍ പരസ്പരം പ്രമോട്ട് ചെയ്തുകൊണ്ടിരുന്നു.
ഇത്രയൊക്കെയായപ്പോഴേക്കും
ഞങ്ങളില്‍ പലരും തളര്‍ന്നു തുടങ്ങി.
മറ്റു തൊഴിലുകള്‍ തേടി പിന്‍‌വാങ്ങി.

ബാക്കിയായവരില്‍ പലരും
സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും
പുസ്തകപ്രകാശനങ്ങളും അറിയാതെ പോയി.
സംഭവങ്ങള്‍ ഇത്രയൊക്കെയാവുമ്പോള്‍
മാത്രമാണ് ഞങ്ങള്‍ ഞങ്ങളാണെന്ന് തിരിച്ചറിയുന്നതു തന്നെ.

എന്നിട്ടും ഞങ്ങള്‍ക്കിടയില്‍ ഈ-
പുറത്താക്കലുകളെക്കുറിച്ചുള്ള
സംവാദങ്ങളൊന്നും കാര്യമായി നടന്നില്ല.
പൊതു അജണ്ടകള്‍ രൂപപ്പെട്ടില്ല.
ഞങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളായി
വാക്കുകളില്ലാതെ തുടര്‍ന്നു.
നോവുകള്‍ ശ്വാസം മുട്ടിക്കുമ്പോള്‍
ഞങ്ങളുടെ ജാതിയുടെ മണവും നിറവും
ഉള്ളവരെ മാത്രം ഞങ്ങള്‍ തിരഞ്ഞു നടന്നു.

അപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ
ഒരു പരിഭവം പോലും കാണിക്കാതെ
പുറത്താക്കലുകള്‍ക്കെതിരെ
അവര്‍ സെമിനാറുകളും
ശില്പശാലകളും നടത്തിക്കൊണ്ടിരുന്നു.
"Problematising the issues of exclusion"
ഞങ്ങള്‍ക്കു വേണ്ടി,
ഞങ്ങള്‍ക്കു വേണ്ടി അവര്‍ക്കു
ചെയ്യാനാവുന്ന
അന്ത്യകര്‍മ്മങ്ങള്‍ പോലെ.

ആസാദ്
Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2008-06-17 23:09.

Nice. truly political