തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

കഥ

ജഡപുരുഷനും ഒരു ഹോംനഴ്സിന്റെ അതിചിന്തകളും

പച്ചക്കറിയായിപ്പോയ ഒരു പുരുഷന്റെ കൂട്ടിരിപ്പുകാരിയാണ്‌ രണ്ടുവര്‍ഷമായി സുലഭ എന്ന ഹോംനഴ്സ്‌. ഒരു വാഹനാപകടം അയാളെ വിചിത്രമായ ഒരു കോമായിലേക്ക്‌ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ്‌ ഒത്തൊരു പുരുഷന്‍ മിണ്ടാതെ, കേള്‍ക്കാതെ, കാണാതെ, അനങ്ങാതെ സുലഭയ്ക്ക്‌ എന്തും ചെയ്യാനായി നീണ്ടുനിവര്‍ന്ന്‌ കിടന്നത്‌. ഇളം ചൂട്‌ നീരാവിയില്‍ നനഞ്ഞ ടൗവ്വല്‍ കൊണ്ട്‌ തുടച്ച്‌ കുളിപ്പിക്കുമ്പോള്‍ ആദ്യമൊക്കെ അയാളുടെ നഗ്നത അവളെ വല്ലാതെ പരിഭ്രമിപ്പിച്ചിരുന്നു. പൊക്കിളിന്‌ താഴേക്ക്‌ കടക്കുമ്പോള്‍ ഒരു വാട്ടര്‍ തീം പാര്‍ക്കിലെ ചുഴികളും മലരികളും നിറഞ്ഞ ഗൂഡവിനോദക്കടലിലേക്ക്‌ താന്‍ മുങ്ങുകയാണെന്ന്‌ അവള്‍ക്ക്‌ തോന്നി. ചങ്കിടിപ്പ്‌ കൂടി. ചിലപ്പോള്‍ വിറയലും. ജഡപുരുഷന്റെ ലിംഗവും രോമങ്ങള്‍ നിറഞ്ഞ തുടകളും തൊടുമ്പോള്‍ ഏതോ രഹസ്യവനത്തില്‍ താന്‍ ഏകാകിയായി അകപ്പെട്ട പ്രതീതി അവള്‍ക്കുണ്ടായി. ആ സമയത്ത്‌ അയാളുടെ തുറന്നുവച്ചിരുന്ന കണ്ണുകളിലേക്ക്‌ നോക്കാന്‍പോലും അവള്‍ ഭയപ്പെട്ടു. ഭയവും ആനന്ദവും അപ്പോഴൊക്കെ അവളെ വരിഞ്ഞുമുറുക്കിയിരുന്നു.

ഇന്ന്‌ അതൊക്കെ ഓര്‍ത്തപ്പോള്‍ സുലഭയ്ക്ക്‌ രസം തോന്നി. രണ്ട്‌ വര്‍ഷങ്ങള്‍ ലിംഗത്തിന്‌ മാറ്റമൊന്നും വരുത്തിയിട്ടില്ല. തുടകള്‍ അയഞ്ഞിരിക്കുന്നു. തുടകള്‍ മാത്രമല്ല, ശരീരത്തിനാകെ ഒരയവ്‌ വന്നിട്ടുണ്ട്‌. ജഡത്തോട്‌ ഇപ്പോള്‍ പ്രിയപ്പെട്ട ഒന്നിനോടുള്ള അടുപ്പമാണ്‌. ജഡത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവന്റെ ഇത്തിരി ചൈതന്യം ഒരു ദിവസം ഉണരുമെന്നും ജഡം കണ്ണുകള്‍ ചിമ്മി ജീവചലനങ്ങളിലേക്ക്‌ വീണ്ടും കടക്കുമെന്നും മക്കള്‍ക്കൊപ്പം സുലഭയും ആശിക്കാന്‍ തുടങ്ങിയിരിക്കുന്നു. തുടയിടുക്കുകള്‍ തുടച്ച്‌ വൃത്തിയാക്കുമ്പോള്‍ തളര്‍ന്ന്‌ മയങ്ങുന്ന ആ പുരുഷലിംഗത്തില്‍ സുലഭ ആവശ്യത്തില്‍ കൂടുതല്‍ സമയമെടുക്കും. ഉണര്‍വിന്റെ എന്തെങ്കിലും ഒരു സൂചന അത്‌ തരുന്നുണ്ടോ എന്നറിയാന്‍ മാത്രം. പരിചരിക്കുന്ന രോഗിയോടുള്ള ഒരു ഹോംനഴ്സിന്റെ ഇത്തിരി കന്നത്തം കലര്‍ന്ന മാനുഷികത. അതിലപ്പുറമൊന്നുമില്ലെന്ന്‌ സുലഭ സ്വയം നിശ്ചയിച്ചിട്ടുണ്ട്‌.

അലമാരയില്‍ നിന്നും സുലഭ ഒരു മുണ്ടും ഷര്‍ട്ടും എടുത്തു. പിങ്ക്‌ കരയുള്ള വെള്ള ഒറ്റമുണ്ട്‌. തൂവെള്ള സ്ലാക്‌ ഷര്‍ട്ട്‌. ഇന്ന്‌ പുതിയ ലോകാത്ഭുതങ്ങള്‍ പ്രഖ്യാപിക്കുന്ന ദിവസമാണ്‌. ഇത്തിരി നിറവും ചന്തവും ഇരിക്കട്ടെ എന്ന്‌ നിനച്ച്‌ അവള്‍ വെള്ള സ്ലാക്‌ തിരികെ വച്ചു. പകരം നേരിയ പിങ്ക്‌ നിറമുള്ള മറ്റൊന്നെടുത്തു. ജീവിതത്തെ സ്നേഹിക്കുന്നവര്‍ നിറങ്ങളെയും സ്നേഹിക്കും. എന്റെ ജഡപുരുഷന്‍ ഇന്ന്‌ നിറങ്ങളുടെ ചന്തത്തില്‍ കിടക്കട്ടെ. സുലഭ ശ്രദ്ധയോടെ അയാളുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അഴിച്ചു. കഴുത്തിന്‌ പിന്നിലൂടെ കൈ കടത്തി ജഡത്തെ മെല്ലെ ഉയര്‍ത്തി അവള്‍ ഷര്‍ട്ട്‌ ഊരി മാറ്റി. മുണ്ട്‌ മാറ്റുക എളുപ്പമായിരുന്നു. നഗ്നനായി തന്റെ മുന്നില്‍ കിടക്കുന്ന ജഡപുരുഷനെ അവള്‍ കൗതുകത്തോടെ നോക്കി. മറ്റാരുടെയെങ്കിലും മുന്നില്‍ അയാള്‍ ഇങ്ങിനെ കിടന്നിട്ടുണ്ടാവില്ല എന്ന്‌ അവള്‍ ഓര്‍ത്തു. മറ്റൊരു പുരുഷന്റെയും നഗ്നശരീരത്തെ താനും കണ്ടിട്ടില്ല എന്നും അവള്‍ ഓര്‍ത്തു. സാരമില്ല, ഞനൊരു ഹോംനഴ്സ്‌ അല്ലേ? വിരല്‍തുമ്പുകളാല്‍ അയാളുടെ കവിളില്‍ മെല്ലെയൊന്ന്‌ തലോടി അവള്‍ സ്റ്റീമറില്‍ നിന്നും ഇളം ചൂടുള്ള ടവ്വല്‍ എടുത്തു. എന്നിട്ട്‌ കാല്‍പാദങ്ങളില്‍ നിന്നും തുടച്ചുതുടങ്ങി. ലിംഗവും പരിസരവുമെല്ലാം തുടയ്ക്കുമ്പോള്‍ അയാള്‍ വിസര്‍ജിക്കരുതേയെന്നു മാത്രമേ അവള്‍ നിനച്ചുള്ളു. ഇനിയും അമ്പത്‌ കടന്നിട്ടില്ലാത്ത ഒത്തൊരു പുരുഷന്‍. രണ്ടുവര്‍ഷങ്ങള്‍ കൊണ്ട്‌ ഇത്തിരി മെലിഞ്ഞിട്ടുണ്ട്‌. നര കയറിയിട്ടുണ്ട്‌. സുലഭ അയാളെ കമഴ്ത്തിക്കിടത്തി. മുതുകില്‍ ഒരു കുരുപോലുമില്ല. ഇളയമകള്‍ എപ്പോഴും അത്‌ ശ്രദ്ധിക്കും. സുലഭ അച്ഛനെ നന്നായി നോക്കുന്നുണ്ടെന്ന്‌ മകള്‍ ഉറപ്പുവരുത്തുന്നത്‌ അങ്ങിനെയാണ്‌. അമേരിക്കയില്‍ നിന്നും മൂത്ത മകള്‍ അയച്ചുകൊടുത്ത പ്രത്യേക പൗഡര്‍ മുതുകില്‍ തൂവി അവള്‍ അയാളെ നിവര്‍ത്തിക്കിടത്തി. ആദ്യം മുണ്ടുടുപ്പിച്ചു. നഗ്നത മറഞ്ഞതിന്റെ ആശ്വാസം ജഡമുഖത്ത്‌ ഉണ്ടെന്ന്‌ സുലഭയ്ക്ക്‌ വെറുതെ തോന്നി. പിങ്ക്‌ കരയുള്ള മുണ്ടും മാച്ചുചെയ്യുന്ന ഷര്‍ട്ടും അയാള്‍ക്ക്‌ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.

ടെലിവിഷനിലെ ആരവം കേട്ട്‌ അവള്‍ അങ്ങോട്ട്‌ നോക്കി. ലിസ്ബണിലെ തെരുവുകളില്‍ ബഹളം പെരുകുന്നുണ്ട്‌. യുനോസ്കോ എതിര്‍പ്പുമായെത്തിയിട്ടും പുതിയ ലോകാത്ഭുതങ്ങള്‍ അറിയാനുള്ള ആവേശത്തിന്‌ കുറവില്ല. സ്റ്റേഡിയം നിറഞ്ഞുകവിയുന്ന സുന്ദരപുരുഷന്മാര്‍. ധാരാളം ഫ്രില്ലുകളും നിറക്കൂട്ടുകളും കലര്‍ന്ന ഉടുപ്പുകളും ഉലയുന്ന വലിയ മുലകളുമായി മടികൂടാതെ പെണ്ണുങ്ങള്‍ പുരുഷന്മാരെ തൊട്ടുരുമി നടക്കുന്നു. മിക്കവരും ആരുടെയെങ്കിലും തോളില്‍ കൈ ഇട്ടിരുന്നു. ഇണകളുമായി മറയില്ലാതെ ഉല്ലസിക്കുന്ന പോര്‍ട്ടുഗീസ്‌ പെണ്ണുങ്ങളെ സുലഭയെന്ന ഹോം നഴ്സ്‌ ഇങ്ങ്‌ കേരളത്തിലിരുന്ന്‌ ഈര്‍ഷ്യയോടെ നോക്കി.

ചത്തിട്ടും ചാകാത്ത ഒരു ജഡത്തിന്‌ സദാ കാണാന്‍ പാകത്തില്‍ തൂക്കിയിട്ടിരുന്ന ടെലിവിഷനിലാണ്‌ സുലഭ ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നത്‌.

ആ വീട്ടില്‍ ജഡവും അവളും മാത്രം. ജഡം മരിച്ചിട്ട്‌ രണ്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷേ മുഴുവന്‍ ചത്തിട്ടില്ല. മേറ്റ്വിടെ ആയിരുന്നെങ്കിലും ഇതിനകം കുഴിയില്‍ പോയിരുന്നേനെ. എന്തെങ്കിലും കാരണമുണ്ടാക്കി ഇത്തരം അസൗകര്യങ്ങളെ കുഴിച്ചിടാനാണോ പ്രയാസം. മക്കള്‍ക്ക്‌ പണമുണ്ട്‌. അതുകൊണ്ട്‌ പാവം ജഡത്തിന്റെ കുഴിഭാഗ്യം നീണ്ടുപോകുന്നു. ഏകാന്തതയും വിരസതയും ഒഴിച്ചാല്‍ സുലഭയ്ക്ക്‌ ഇത്‌ നല്ലകാലമാണ്‌. ശമ്പളം കൃത്യമായി ബാങ്കില്‍ എത്തുന്നുണ്ട്‌. ജഡത്തെ കാണാനെത്തുന്നവര്‍ കൊണ്ടുവരുന്നതെല്ലാം സുലഭയ്ക്കുള്ളതാണ്‌. ഇളയ മകള്‍ കൊല്ലത്തില്‍ ഒന്നോരണ്ടോ തവണ വന്നു ജഡത്തിന്‌ കാവലാകും. അപ്പോള്‍ സുലഭ വീട്ടില്‍ പോയിവരും. ഒന്നോരണ്ടോ ദിവസങ്ങള്‍ മാത്രം.

ഇളയവള്‍ക്കാണ്‌ അപ്പനോട്‌ ഇത്ര സ്നേഹം. അത്‌ സുലഭയ്ക്ക്‌ അറിയാം. അതുകൊണ്ട്‌ അവളുടെയും ജഡത്തിന്റെയും ആവശ്യങ്ങളെല്ലാം സുലഭ ഇളയവളോടാണ്‌ പറയുക. പറയാതെ തന്നെ എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യാനും അവള്‍ക്ക്‌ അറിയാം. അങ്ങിനെയാണ്‌ ടെലിവിഷന്‍ സദാ ഉണര്‍ന്നിരിക്കുന്ന ഒരു ജീവിയായി ആ മുറിയിലേക്ക്‌ വന്നത്‌.

"അച്ഛന്‍ മരിച്ചിട്ടില്ല. ചിലപ്പോള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ടാവും. ജീവന്റെ തരിമ്പെങ്കിലും ഉള്ള കാലത്തോളം എന്റച്ഛനെ ഞാന്‍ നോക്കും. ചിലപ്പോള്‍ ഞാനീപ്പറയുന്നതും അച്ഛന്‍ കേള്‍ക്കുന്നുണ്ടാകും. ശരീരം മാത്രമേ അച്ഛന്റെ വരുതിയില്‍ നിന്നും അടര്‍ന്ന്‌ പോയിട്ടുണ്ടാകു. ശരീരം മാത്രമല്ലല്ലോ മനുഷ്യന്‍."

അത്രയും പറഞ്ഞ്‌ അവള്‍ അച്ഛന്റെ നെറ്റിയില്‍ മൃദുവായി ഉമ്മവച്ചു.

"സുലഭ രണ്ടുനേരവും ന്യൂസ്‌ വയ്ക്കണം. അച്ഛന്‌ അതിഷ്ടമാണ്‌. നിനക്കും കാണാമല്ലോ. പിന്നെ ആ ഫുട്ബോള്‍ കളിക്കാരുടെ സീരിയല്‍. പിന്നെ....... "

നാട്ടുവൈദ്യന്മാര്‍ മരുന്നും പഥ്യവും പറയുമ്പോലെ മകള്‍ ജഡത്തിനായുള്ള ടെലിവിഷന്‍ പഥ്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. സുലഭ അതൊക്കെ അപ്പോഴേ മറന്നു. രണ്ടുനേരം വാര്‍ത്ത. പിന്നെ സുലഭയ്ക്ക്‌ ഇഷ്ടമുള്ളത്‌ ജഡവും കണ്ടാല്‍ മതി. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജഡത്തെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ സുലഭയ്ക്ക്‌ ചിരി അടക്കാനായില്ല.

ടെലിവിഷന്‍ സ്ക്രീനിലെ വെളുത്ത കാമദേവന്മാരില്‍ നിന്നും അവരുടെ കാമികളില്‍ നിന്നും കണ്ണ്‌ മാറ്റി സുലഭ ജഡത്തെ നോക്കി. അതങ്ങിനെ നീണ്ട്‌ നിവര്‍ന്ന്‌ കിടക്കുന്നു. ദിവസവും ഡ്രസ്‌ മാറണം. സ്റ്റീംഡ്‌ ടൗവ്വല്‍ കൊണ്ട്‌ ശരീരം തുടക്കണം. സുലഭ അതൊന്നും തെറ്റിക്കില്ല. ചിലപ്പോള്‍ മുടങ്ങും. ടെലിവിഷനില്‍ രണ്ടും മൂന്നും നല്ല സിനിമകള്‍ തുടരെ വന്നാല്‍ പാവം ജഡത്തെ ഉപേക്ഷിക്കാതെ നിവര്‍ത്തിയില്ല. അങ്ങിനെയുള്ള ദിവസങ്ങളില്‍ ജഡത്തിന്‌ കാണാനും കേള്‍ക്കാനും കഴിയുമെന്നും അതും അവളോടൊപ്പം സിനിമകള്‍ തുടരെ കാണുകയാണെന്നും കരുതും. സത്യന്‍ അന്തികാടിന്റെയോമറ്റോ പടമാണെങ്കില്‍ ഇത്തിരി സ്വാതന്ത്ര്യം സുലഭ സ്വയം അനുവദിക്കും. ഒരു കുസൃതിക്കുട്ടിയുടെ ഭാവത്തോടെ ജഡത്തെ ഒരു വശത്തേക്ക്‌ നീക്കി അവള്‍ കട്ടിലില്‍ ഒപ്പം കിടന്ന്‌ സിനിമ കാണും. അപ്പോള്‍ അയാളുടെ നെറ്റിയും കഷണ്ടിയും മെല്ലെ തടവിക്കൊടുക്കും. പരസ്യങ്ങളുടെ ഇടവേളകളില്‍ സുലഭ അയാളോട്‌ കൊച്ചുവര്‍ത്തമാനവും പറയും.

"വെറുതെ അനാവശ്യങ്ങളൊന്നും ചിന്തിക്കരുത്‌. കൈ അനക്കാമായിരുന്നെങ്കില്‍ എന്തുചെയ്യാമായിരുന്നു. കാലനക്കാമായിരുന്നെങ്കില്‍ എന്തുചെയ്യാമായിരുന്നു എന്നൊക്കെ. കല്യാണപ്രായമായ ഒരു സുന്ദരി ചുമ്മാ ഓസിന്‌ വെറുതെ കൂടെക്കിടക്കുകയാണെന്ന്‌ മാത്രം കരുതിയാല്‍ മതി. വെറുതേ ഒരു സുഖമല്ലേ? അനിയത്തിയെപ്പോലെ കരുതിയേക്കണം മകളെപ്പോലെ കരുതിയേക്കണം എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നുകരുതി ജീവന്‍ വെച്ചുവരാന്‍ വല്ല ഭാവവുമുണ്ടെങ്കില്‍......... " അങ്ങിനെ പറഞ്ഞ്‌ സുലഭ മനസ്സുതുറന്ന്‌ ഉറക്കെ ചിരിക്കും. ഒടുവില്‍ ജഡത്തിന്‌ ആര്‍ദ്രതയോടെ ഒരുമ്മയും കൊടുക്കും. അത്‌ വല്ലപ്പോഴും മാത്രം. ചില ദിവസങ്ങളില്‍ അവള്‍ക്ക്‌ അകാരണമായ ഭയം തോന്നും. അപ്പോള്‍ സിറ്റിംഗ്‌ റൂമിലോ ഡൈനറിലോ പോയി കിടക്കും. പക്ഷേ ഏകാന്തത അതിലേറെ ഭയം ജനിപ്പിക്കും. ഒടുവില്‍ അവള്‍ ജഡത്തിനരുകിലേക്ക്‌ തന്നെ തിരിച്ചെത്തും.

ടെലിവിഷന്‍ ഇപ്പോഴും സുന്ദര ദൃശ്യങ്ങളില്‍ ചുറ്റിത്തിരിയുകയാണ്‌. അരനിക്കറുമായി ഒരുത്തി ഒരാളുടെ മടിയില്‍ ഇരിക്കുന്നു. അവളുടെ വടിവൊത്ത തുടകളിലാണ്‌ കാമറയുടെ കാമക്കണ്ണ്‌. ആള്‍ക്കൂട്ടത്തിലൂടെ ചുറ്റിയടിക്കുമ്പോഴും അല്‍പവസ്ര്തധാരികളായ സുന്ദരിമാരിലെത്തുമ്പോള്‍ കാമറയുടെ മന്ദഗതി രസമാണ്‌. കാമറ പ്രവര്‍ത്തിപ്പിക്കുന്നത്‌ ഒരു പുരുഷനാണെന്നറിയാന്‍ വേറെ തെളിവൊന്നും വേണ്ട. നല്ല ആണുങ്ങളെയും കാണിക്കാന്‍ അവന്‍ ശ്രദ്ധിക്കുന്നുണ്ട്‌. സുലഭയ്ക്ക്‌ അതിഷ്ടമായി.

ടെലിവിഷന്‍ ഇല്ലായിരുന്നെങ്കില്‍ ജഡവുമൊത്തുള്ള ജീവിതം മടുത്ത്‌ അവള്‍ എന്നേ മടങ്ങുമായിരുന്നു. ആദ്യമൊക്കെ അയാള്‍ എന്നെങ്കിലും ജീവന്‍ വച്ചുവരുമെന്ന്‌ സുലഭയും കരുതിയിരുന്നു. പിന്നെപ്പിന്നെ അത്‌ ഇല്ലാതായി. ഒരു ദിവസം ഹൃദയം ചലിക്കാതെയാവും. അതോടേ എല്ലാം കഴിയും ജഡത്തിന്റെ മരണം പൂര്‍ത്തിയാകും. ഏജന്‍സി പറയുന്ന മറ്റൊരിടത്തേക്ക്‌ സുലഭ ചേക്കേറും. വര്‍ഷങ്ങളായി തുടരുന്ന ജീവിതചക്രത്തിന്റെ മറ്റൊരു തിരിച്ചില്‍. പ്രത്യേകിച്ച്‌ ആശാനിരാശകളൊന്നും കൂടാതെ അത്തരം കൂടുമാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സുലഭയ്ക്ക്‌ കഴിയും. എന്നാലും ഈയിടെയായി ജഡത്തിന്റെ മരണം പൂര്‍ണ്ണമാകല്ലേയെന്ന്‌ വെറുതെ മോഹിക്കുകയാണ്‌. സ്വസ്ഥതയുടെ ഈ തുരുത്ത്‌ ആവോളം നീണ്ടുപോകട്ടെ. കിടന്ന കിടപ്പില്‍ വിസര്‍ജ്ജനം നടത്തുന്ന ഈ ജഡം സുലഭയ്ക്ക്‌ അലോസരമല്ലാതായിരിക്കുന്നു. ഒന്നും കാണാതെ കണ്ണുകള്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നതൊഴികെ മറ്റൊരുചലനവും ഇല്ലാത്ത ജഡത്തില്‍ അവശേഷിച്ചിരിക്കുന്ന ജീവന്റെ തരിയെ തിരിച്ചറിയാനാവുന്നുണ്ടെന്ന്‌ ചിലപ്പോള്‍ അവള്‍ക്ക്‌ തോന്നും. അച്ഛനായും പരാശ്രയത്തില്‍ ജീവിക്കുന്ന ഒരു കുഞ്ഞായും ഒരു പുരുഷനായുമെല്ലാം സുലഭ ജഡത്തെ മാറിമാറി കണ്ടു. ജഡവുമൊത്തുള്ള ജീവിതം തല്‍ക്കാലം ഒരു കംഫര്‍ട്ട്‌ സോണ്‍ ആണ്‌. ഇളയ മകള്‍ ആദ്യ കുഞ്ഞിനെ പ്രസവിച്ച്‌ മറ്റേണിറ്റി ഹോമിലാണ്‌. അകലെ ഭര്‍ത്താവിന്റെ നഗരത്തില്‍. ഡോക്ടര്‍മാര്‍ യാത്രചെയ്യാന്‍ അനുവദിച്ചാല്‍ കുഞ്ഞിനെ അച്ഛനെ കാണിക്കാനെത്തുമെന്ന്‌ ഫോണ്‍ ചെയ്യുമ്പോഴൊക്കെ പറയുന്നു. മൂത്തവള്‍ സായിപ്പിന്റെ നാട്ടിലേക്ക്‌ ചേക്കേറി. ഇളയമകള്‍ അച്ഛനെ ഒട്ടിനിന്നു. വിവാഹം ചെയ്തതും നാട്ടില്‍ തൊഴിലെടുക്കുന്ന ഒരുത്തനെ. എന്റെ ഒരു കുഞ്ഞിനെക്കാണാന്‍ അച്ഛന്‌ വലിയ ആഗ്രഹമായിരുന്നെന്ന്‌ ഇളയമകള്‍ എപ്പോഴും പറയും.

ടെലിവിഷനില്‍ ബെന്‍ കിംഗ്സ്‌ലി സംസാരിക്കുന്നു. അരുകില്‍ ഒരു വെള്ളസുന്ദരി. ഏതെങ്കിലും നടിയോ മോഡലോ ആയിരിക്കും. ബെന്നിന്റെ മുഖത്ത്‌ ഗാന്ധിഛായയുണ്ട്‌. ഗാന്ധി മുഖത്തിനുപകരം ഇപ്പോള്‍ ബെന്‍ഗാന്ധി മുഖമാണല്ലോ ബോധത്തില്‍. ശിവകാശിപ്പരുവത്തിലേക്ക്‌ യേശുക്രിസ്തു പോലും പരുവപ്പെട്ടുകഴിഞ്ഞിരിക്കെ ഗാന്ധിപ്പരാതികള്‍ അപ്രസക്തം. വല്ലപ്പോഴും വീണുകിട്ടിയിരുന്ന വില്ലന്‍ വേഷങ്ങള്‍ ഗാന്ധിസിനിമയ്ക്ക്‌ ശേഷം നഷ്ടമായതിന്റെ സങ്കടം പാവം ബെന്‍ കിംഗ്സ്‌ലി ആരോട്‌ പറയും? ഗാന്ധി ചീഞ്ഞ്‌ ബെന്നിനും വളമായില്ല ബെന്‍ ചീഞ്ഞ്‌ ഗാന്ധിക്കും വളമായില്ല.

സുലഭ ജഡത്തെ നോക്കി ചിരിച്ചു. കണ്ണുകള്‍ തുറന്നാണിരിക്കുന്നത്‌. അപരിചിതര്‍ കണ്ടാല്‍ തോന്നുക ജഡം ടെലിവിഷനില്‍ പുതിയ ലോകാത്ഭുതങ്ങള്‍ കാണുകയാണെന്നാവും. ബാംഗ്ലൂരില്‍ നിന്നും വന്ന ഡോക്ടര്‍ പറഞ്ഞത്‌ അക്കാര്യം തീര്‍ത്തും തള്ളിക്കളയാന്‍ ആവില്ലെന്നാണ്‌. ചലന ശേഷി നഷ്ടപ്പെട്ടിരിക്കുകയാണെങ്കിലും ഉണര്‍ന്നിരിക്കുന്ന ബോധത്തിലൂടെ ജഡം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടാവുമെന്ന സാദ്ധ്യത അവിടെത്തന്നെയുണ്ടെന്ന്‌.

"ഹലോ, ലോകാത്ഭുതങ്ങള്‍ കാണുകയാണോ? "

ഇത്തിരി കുസൃതിയോടെ അവള്‍ ജഡത്തോട്‌ ചോദിച്ചു. സുലഭയ്ക്ക്‌ പെട്ടെന്ന്‌ അയാളോട്‌ പതിവില്ലാത്ത സ്നേഹം തോന്നി. ഒരുമ്മ കൊടുക്കാനായി അവള്‍ ജഡത്തിന്റെ മുഖത്തിലേക്ക്‌ കുനിഞ്ഞു. പെട്ടെന്ന്‌ അറയ്ക്കുകയും ചെയ്തു. ഉള്ളില്‍ എല്ലവരെയും പോലെ ഉണര്‍ന്നിരിക്കുന്ന ഒരാളാണെങ്കിലോ ഈ ജഡപുരുഷന്‍? എങ്കില്‍..... അവള്‍ ഇത്തിരി ജാള്യതയോടെ ചുണ്ടുകള്‍ അയാളുടെ കവിളില്‍ തൊടുവിച്ചശേഷം പിന്തിരിഞ്ഞു. ജഡമായാലും പുരുഷജഡമല്ലേ. അത്രയൊക്കെ മതി.

അപ്പോള്‍ ഒരു കാരണവുമില്ലാതെ അവള്‍ക്ക്‌ തോന്നി പുതിയ ലോകാത്ഭുതങ്ങളില്‍ ഏതെങ്കിലും ഒന്നുകണ്ട്‌ ജഡപുരുഷന്‍ വിസ്മയവുമായി എഴുന്നേറ്റ്‌ വരുമെന്ന്‌. മുന്‍പും ഒരിക്കല്‍ ഇങ്ങിനെ സുലഭയ്ക്ക്‌ ഒരു തോന്നല്‍ ഉണ്ടായതാണ്‌.

ഒരുമിച്ച്‌ ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടും ഒരിക്കലും അവള്‍ ജഡത്തിന്റെ മുന്നില്‍ വച്ച്‌ വസ്ര്തം മാറാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം കുളിമുറിക്കുള്ളിലെ കണ്ണാടിക്ക്‌ മുന്നില്‍ നഗ്നയായി അവള്‍ സ്വയം കാണുകയായിരുന്നു. ഇരുണ്ട ഗോതമ്പ്‌ നിറമായിരുന്നു അവളുടേത്‌. യൗവനം തൊട്ട്‌ അവള്‍ ലേശം അഹങ്കരിച്ചിരുന്ന അവയവഭംഗികള്‍ അവിടെത്തന്നെയുണ്ടായിരുന്നു. ആഴമുള്ള ഇരുണ്ട കണ്ണുകള്‍, അധികം മലരാത്ത വടിവൊത്ത ചുണ്ടുകള്‍, ഉരുണ്ട്‌ മുഴുത്ത മുലകള്‍, അതിനൊത്ത നിതംബവും തുടകളും. തുടുത്ത സുന്ദരി. കോളേജില്‍ അവള്‍ക്ക്‌ അങ്ങിനെയും ഒരു പേരുണ്ടായിരുന്നു. സ്വയം നോക്കി രസിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ്‌ അവളുടെ മനസ്സില്‍ അങ്ങിനെയൊരു ചിന്ത കുറുകെ വീണത്‌. ഈ സുന്ദരമായ നഗ്നത കണ്ടാല്‍ മതി ജഡപുരുഷന്‍ ഉണര്‍ന്നുവരും. കാമത്തിന്റെ തരിപ്പില്‍ നുരകുത്താത്ത പുരുഷനുണ്ടാകുമോ? ജീവന്റെ ഇത്തിരിപ്പൂവെട്ടമെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ ജഡത്തില്‍ പ്രാണന്‍ ഇന്ന്‌ തിരയിളക്കും. ചത്ത്‌ ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ ഇത്തിരി പാപത്തിലേക്ക്‌ ഉണരുന്നതാണ്‌. തിടുക്കത്തില്‍ കുളിമുറിയുടെ വാതില്‍ തുറക്കാനാഞ്ഞ അവള്‍ പെട്ടെന്ന്‌ അറച്ചുപോയി. ഇന്ദ്രിയങ്ങള്‍ ഘനീഭവിച്ചുപോയെങ്കിലും ജഡം ഒരു പുരുഷനാണെന്ന ചിന്ത അവള്‍ക്കുള്ളിലെ സ്ര്തീത്വത്തെ പ്രകമ്പനം കൊള്ളിച്ചു. ശരീരത്തെ ഔഷധമായി ഉപയോഗിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്ന്‌ ന്യായവാദം അസംഘടിതമായി അവള്‍ക്കുള്ളില്‍ മുട്ടിത്തിരിഞ്ഞുകൊണ്ടിരുന്നു. പക്ഷേ അന്നവള്‍ക്ക്‌ ഒന്നിനും കഴിഞ്ഞില്ല. എങ്കിലും തന്റെ നഗ്നത അയാളെ ഉണര്‍ത്തിയേക്കുമെന്ന ചിന്തയ്ക്ക്‌ ക്രമേണ കാറ്റുപിടിച്ചു. കുറേ ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരുദിവസം കുളികഴിഞ്ഞ്‌ സുലഭ പടപടാ മിടിക്കുന്ന നെഞ്ചുമായി ജഡപുഷന്റെ മുന്നിലേക്ക്‌ നഗ്നയായി നടന്നുവരികതന്നെ ചെയ്തു. അരയാലില ഞാന്ന വെള്ളിയരഞ്ഞാണം മാത്രമായിരുന്നു അവളുടെ ദേഹത്തുണ്ടായിരുന്നത്‌. പടം പൊഴിച്ച പാമ്പിനെപ്പോലെ അവള്‍ മിനുസപ്പെട്ടിരുന്നു. ഒരു സ്വപ്നത്തിലെന്നവണ്ണം അവള്‍ ഒഴുകിയടുത്തു. പരിചരിക്കുന്ന രോഗിയോടുള്ള ഒരു ഹോം നഴ്സിന്റെ തീവ്രവും ആത്മാര്‍ത്ഥവുമായ മാനുഷികതയാണ്‌ തന്റെ സ്പ്നാടനത്തിന്റെ പിന്നിലെന്ന്‌ അവള്‍ ഉറപ്പിച്ചിരുന്നു. എന്നിട്ടും കാമത്തിന്റെ നേര്‍ത്ത വൈദ്യുതതരംഗങ്ങള്‍ തന്നില്‍ നിന്നും പ്രസരിക്കുന്നുണ്ടെന്നത്‌ അവളെ ത്രസിപ്പിച്ചു. ടെലിവിഷന്‍ അണച്ചുകൊണ്ട്‌ സുലഭ അയാളുടെ കാഴ്ചയ്ക്ക്‌ കുറുകെ നിന്നു. തന്റെ ശരീരത്തില്‍ നിന്നും ഏതൊക്കെയോ ഗന്ധങ്ങളും പ്രകാശങ്ങളും അയാളുടെ ഇന്ദ്രിയങ്ങളെ തൊട്ടുരുമ്മുന്നുണ്ടെന്ന്‌ അവള്‍ ശരിക്കും വിശ്വസിച്ചു. ജഡം ഉണര്‍വിന്റെ ലാഞ്ചന കാണിച്ചാലുടന്‍ അവിടെ നിന്നും മാറണമെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ വസ്ര്തം ധരിച്ച്‌ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തില്‍ അയാളെ എഴുന്നേല്‍ക്കാന്‍ സഹായിക്കണമെന്നുമൊക്കെ അവള്‍ നിശ്ചയിച്ചിരുന്നു. അത്രയധികം ശുഭാപ്തിവിശ്വാസം അവള്‍ക്കുണ്ടായിരുന്നു. പക്ഷേ അന്ന്‌ ഒന്നും സംഭവിച്ചില്ല. പിന്നീടൊരുദിവസം ഉത്തേജിതയായി ശരീരം നഗ്നമാക്കി അവള്‍ ജഡപുരുഷനൊപ്പം കട്ടിലില്‍ കയറിക്കിട ക്കുകതന്നെ ചെയ്തു. മറ്റ്‌ പലതും ചെയ്തു. എന്നിട്ടും ജഡം ജീവചലനങ്ങളുടെ ആവേഗങ്ങളെ തൊടാന്‍ കൂട്ടാക്കിയില്ല. ആത്മനിന്ദയും നിരാശയും സുലഭയെ കടിച്ചുതുപ്പി. തുടര്‍ന്നുള്ള ചില ദിവസങ്ങളില്‍ അവള്‍ ജഡത്തെ തീര്‍ത്തും അവഗണിക്കുകപോലും ചെയ്തു. ക്രമേണ അതെല്ലാം കെട്ടടങ്ങി അവള്‍ പഴയപടിയായി.

അതിനുശേഷം വീണ്ടും അങ്ങിനെയൊരു ചിന്ത സുലഭയെ തുടിപ്പിക്കുന്നത്‌ ഇതാദ്യമാണ്‌. ലോകാത്ഭുതങ്ങളുടെ ലൈവ്‌ ടെലികാസ്റ്റ്‌ തുടങ്ങിയതുമുതല്‍ ജഡം മിഴികള്‍ പൂട്ടിയിട്ടില്ലയെന്നതും അവളെ ഉത്തേജിതയാക്കി. സുലഭ ടെലിവിഷന്റെ ശബ്ദം കൂട്ടി വര്‍ണ്ണങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാക്കി. അസാധാരണമായതെന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ തീവ്രതയില്‍ അവള്‍ നിറഞ്ഞുതൂവി.

പ്രകമ്പനം കൊള്ളിക്കുന്ന സംഗീതത്തിന്റെ ധാരാളിമയില്‍ ചിച്ചെന്‍ ഇറ്റ്സ പിരമിഡ്‌ മെക്സികോയുടെ അഴകും കരുത്തും പൗരാണികതയുമായി സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ സുലഭയുടെ മുഴുവന്‍ ശ്രദ്ധയും ജഡത്തിന്റെ മിഴിപ്പൂവിലായിരുന്നു. കൃഷ്ണമണിയുടെ ഇളകലാവും തുടക്കമെന്ന്‌ ബാംഗ്ലൂരില്‍ നിന്നും വന്ന വിദഗ്ദ്ധ ഡോക്ടര്‍ പറഞ്ഞത്‌ അവള്‍ ഓര്‍മ്മയില്‍ വച്ചിരുന്നു. കമന്റേറ്റര്‍ ഒന്നൊന്നായി വിശദമാക്കിയതൊന്നും സുലഭ കേട്ടില്ല. ജഡം വിസ്മീതനാകാതെ നീണ്ടുനിവര്‍ന്ന്‌ കിടന്നു. ഇനിയും ആറെണ്ണം കൂടിയുണ്ടെന്ന ചിന്തയില്‍ അവള്‍ നുരഞ്ഞു.

രണ്ടാമത്തേതിന്‌ കാമറ ചെങ്കുത്തായ ഒരു മലയടിവാരത്തില്‍ നിന്നാണ്‌ തുടങ്ങിയത്‌. താഴ്‌ന്ന സ്ഥായിയില്‍ തുടങ്ങിയ സംഗീതം കാമറക്കൊപ്പം മല കയറാന്‍ തുടങ്ങി. വഴിയില്‍ സംബസംഗീതത്തിന്റെ മുറുകിയ താളത്തില്‍ ഇളകിയാടുന്ന ബ്രസീലിലെ കൊഴുത്ത സൗന്ദര്യങ്ങള്‍. മലമുകളിന്റെ ഭീമന്‍ ക്രിസ്തുപ്രതിമയുടെ പാദത്തില്‍ കാമറ എത്തിയപ്പോള്‍ സുലഭ പ്രാര്‍ത്ഥനയോടെ നെറ്റിയില്‍ കുരിശടയാളം വരച്ചു. ശേഷം ജഡത്തിന്റെ മുഖത്ത്‌ അവള്‍ കണ്ണുകള്‍ തറപ്പിച്ചു. അസാധാരണമായ കാരുണ്യത്തോടെ കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന മഹാപുരുഷന്‍ ജഡപുരുഷനെയും കാണുന്നുണ്ടാകുമെന്ന്‌ സുലഭ ഉറപ്പിച്ചു. കുഞ്ഞുനാളുകളിലെ നിഷ്കളങ്കത അവളിലേക്ക്‌ തിരികെയെത്തി. ഏറെ നേരം കഴിഞ്ഞ്‌ മലമുകളിലെ ക്രിസ്തുവിനെ ഉപേക്ഷിച്ച്‌ കാമറ ചൈനയുടെ വന്‍ മതിലിലൂടെ പെരുമ്പാമ്പിനെപ്പോലെ ഇഴയാന്‍ തുടങ്ങിയിട്ടും സുലഭയുടെ ജഡപുരുഷന്‍ ഉണര്‍ന്നില്ല. മാക്കു പിക്കുവിന്റെ ഗംഭീരമായ ഏകാന്തതയും ഗാംഭീര്യവും ജഡത്തെ സ്പര്‍ശിച്ചില്ല. നബാത്തിയന്‍ അറബികളുടെ പെരുമയുമായെത്തിയ പെത്രയും കടന്നുപോയി. പിന്നെ കോളീസിയത്തിന്റെ ഊഴമായിരുന്നു. ഒടുവില്‍ താജ്‌ മഹല്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ സുലഭ ആശയറ്റ്‌ എന്തിനെന്നറിയാതെ ജഡപുരുഷന്റെ നെഞ്ചില്‍ തല ചായ്ച്‌ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.

കുറെ കഴിഞ്ഞ്‌ അവള്‍ എഴുന്നേറ്റ്‌ ടെലിവിഷനും ലൈറ്റുകളും അണച്ചു കട്ടിലില്‍ ജഡത്തിനൊപ്പം കയറിക്കിടന്നു. ഭക്ഷണം കഴിക്കാന്‍ അവള്‍ക്ക്‌ തോന്നിയില്ല. വിശപ്പ്‌ തീപോലെ ശരീരത്തിനുള്ളില്‍ അവശേഷിച്ചു. ശാന്തയായി സുലഭ അയാളുടെ അന്തിമ മരണത്തിനായി മോഹിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭീകരമായി ചില മുന്‍ ധാരണകള്‍ അമര്‍ത്തിയില്ലായിരുന്നെങ്കില്‍ അവള്‍ അയാളെ സ്നേഹപൂര്‍വ്വം അപ്പോള്‍ത്തന്നെ കൊന്നുകളയുമായിരുന്നു.

പിന്നീടെപ്പോഴോ പുറത്ത്‌ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അലറുന്നതിന്റെ പകപ്പില്‍ അവളുണരുകയായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചുപിടിക്കാന്‍ ഇത്തിരി നേരം വേണ്ടിവന്നു. പിന്നെ ആ ഇരുട്ടില്‍ അവള്‍ വാതില്‍ക്കലേക്ക്‌ ഓടി. ഇളയ മകളുടെ സ്വരം സുലഭ തിരിച്ചറിഞ്ഞു.

"സുലഭേ, ദാ, കണ്ടോ എന്റെ മകളെ? എന്റച്ഛന്‍ എന്റെ മകളെ കാണട്ടെ. എത്ര കൊതിച്ചതാണെന്നറിയാമോ?"

മകള്‍ കുഞ്ഞിനെയുമായി അച്ഛന്റെ കട്ടിലിനരുകിലേക്ക്‌ തിടുക്കത്തില്‍ നടന്നു. പുറകെ പരിവാരങ്ങളും. സുലഭ ലൈറ്റുകള്‍ ഒന്നൊന്നായി തെളിയിച്ച്‌ വീടിനെ ഇരുട്ടില്‍ നിന്നും മോചിപ്പിച്ചു. പ്രകാശത്തില്‍ കുളിച്ച ജഡപുരുഷനരുകില്‍ മകള്‍ ശാന്തയായ ഒരു കിളുന്ത്‌ പെണ്‍കുഞ്ഞിനെ അയാളുടെ മുഖത്തോടടുപ്പിച്ചു. ഗര്‍ഭപാത്രത്തിനുള്ളിലെ മണം വിടാത്ത കുരുന്നിന്റെ പഞ്ഞിവിരലുകള്‍ ജഡമുഖം നിര്‍ലക്ഷ്യം പരതി. സുലഭ അന്നുരാവിലെ ഷേവ്‌ ചെയ്ത അയാളുടെ മുഖം അപ്പോള്‍ കുരുന്നറിവുകളില്‍ പൂത്തതുപോലെ ജീവനാര്‍ന്ന്‌ ചലനം കൊണ്ടു.

മകളുടെയും കൂടെയുള്ളവരുടെയും അമ്പരന്ന ആഹ്ലാദസ്വരങ്ങളില്‍ വീട്‌ ജീവന്‍ വയ്ക്കുന്നത്‌ സുലഭ അറിഞ്ഞു. ഉണര്‍ന്നുവരുന്ന ജഡപുരുഷന്റെ ഓര്‍മ്മകളെ അവള്‍ പൊടുന്നനെ ഭയന്നു. പൂക്കണമോ ഉണങ്ങണമോ എന്നറിയാതെ അവള്‍ കലങ്ങി.

Subscribe Tharjani |
Submitted by Devadas (not verified) on Thu, 2008-06-12 23:44.

Good Story with excellent narration

Submitted by o.k. sudesh (not verified) on Sat, 2008-06-28 17:04.

ഒരുതരം 'ഞഴ ഞഴ' സാധനമുണ്ട്‌ കഥയുടെ സങ്കല്‍പ്പനത്തില്‍; ആഖ്യാനത്തിലമ്പേയും. smart അല്ലതന്നെ അത്‌ --ദുഃഖിയ്ക്കുന്നു. ചെക്കഫും കാഫ്കയും ബോര്‍ഹെസും പരമാവധി പഠിക്കാതെ ചെറുകഥയെഴുതാന്‍ ഒരുമ്പെടെരുതെന്ന് ഞാന്‍ സ്വകാര്യമായി മുറുമുറുക്കാറുണ്ട്‌.

ശരിയോ എന്തോ!

പിന്നെ, ആ 'ജഢ'പുരുഷന്‍! അലോസരപ്പെടുത്തുന്ന 'അ-സാക്ഷരത'യുണ്ടതില്‍. അവിടെയെല്ലാം, 'ജഡ' എന്നു തിരുത്തരുതോ, ഉടനെ?

--ഒ.കെ. സുദേഷ്‌

Submitted by പി.പി.രാജേഷ് (not verified) on Thu, 2008-07-03 00:12.

സുദേഷ് കരുതുന്നതുപോലെയല്ല എനിക്കു് തോന്നിയത്. ആ സങ്കല്പനം ധീരം തന്നെ. പക്ഷെ മാര്‍ക്കേസിയന്‍ രീതിയിലോ ബോര്‍ഹസ് രീതിയിലോ ജീവല്‍സാഹിത്യരീതിലോ പുരോഗമിച്ചില്ല എന്നതു വാസ്തവം. പക്ഷെ, ഞാന്‍ ഇ.എം.എസിന്റെ പാരമ്പര്യത്തില്‍ പെട്ടയാളല്ല എന്നതിനാല്‍ ഇത്തരം ശാഠ്യങ്ങളില്ലാതെ കഥ വായിക്കാനും ഇഷ്ടപ്പെടാനും സാധിക്കുന്നുണ്ടു്.