തര്‍ജ്ജനി

വാര്‍ത്ത

കണ്ണീര്‍ നനവുള്ള നന്ദി

2007-ലെ എറ്റവും നല്ല ചെറുകഥയ്ക്കുള്ള പദ്മരാജന്‍ പുരസ്കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘താജ് മഹലിലെ തടവുകാര് ‍’ എന്ന കഥയ്ക്കാണ് ലഭിച്ചത്. 2008 മേയ് 23-ന് തിരുവനന്തപുരത്തെ ടാഗോര്‍ തിയറ്ററില്‍ വച്ചു നടന്ന അവാര്‍ഡുദാനച്ചടങ്ങില്‍ പ്രസിദ്ധ മലയാളസാഹിത്യനിരൂപകനായ ശ്രീ വി രാജകൃഷ്ണനില്‍ നിന്നു സ്വീകരിച്ചുകൊണ്ട് ശിഹാബുദ്ദീന്‍ നല്‍കിയ മറുപടി പ്രസംഗം. പുരസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇതു സദസ്സിനു മുന്‍പാകെ വായിക്കുകയായിരുന്നു.

അളവറ്റ സന്തോഷത്തോടെയാണു ഞാനീ പുരസ്കാര വാര്‍ത്ത അറിഞ്ഞത്‌. അതിനു മൂന്നു പ്രധാന കാരണങ്ങളുണ്ട്‌. ഒന്ന്, ഞാന്‍ അങ്ങേയറ്റം ആദരിക്കുന്ന എന്റെ പൂര്‍വികനായ ഒരു വലിയ എഴുത്തുകാരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ, കേരളത്തിലെ ഏറ്റവും 'വിശുദ്ധമായ' അവാര്‍ഡുകളിലൊന്ന്. രണ്ടാമത്തെ കാരണം, സ്വകാര്യമായി എനിയ്ക്കു പ്രിയം തോന്നിയ, എന്നാല്‍ പ്രസിദ്ധീകരിച്ച കാലയളവില്‍ ആളുകള്‍ അത്ര കണ്ടു ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കഥയ്ക്കുതന്നെ പുരസ്കാരം ലഭിച്ചു എന്നത്‌. അവസാനത്തെ കാരണം, ഇതു എന്നെ വിളിച്ചുണര്‍ത്തിത്തന്ന അവാര്‍ഡ്‌ എന്നത്‌. അവസാനമായി പറഞ്ഞ കാരണം ഞാന്‍ വളരെ വിലമതിക്കുന്നതായി കാണുന്നു. എഴുത്തുകാരനെ, കലാകാരന്മാരെ ഒക്കെ ആദരിക്കേണ്ട സംവിധാനം ഇങ്ങനെ ആയിരിക്കണം എന്നു ഞാന്‍ വിചാരിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു.

സത്യത്തില്‍ എനിയ്ക്കീ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം എത്രയോ വലുതാണ്‌. ജീവിതം എന്നെ ഒട്ടും ഊഷ്മളമല്ലാത്ത ഒരിടത്തേക്ക്‌ തട്ടിത്തെറിപ്പിച്ചിരിക്കയാണ്‌. നാട്ടില്‍ സര്‍ഗ്ഗാത്മകരചനകള്‍കൊണ്ട്‌ ജീവിക്കാനുള്ള സൗകര്യം നന്നേ കുറഞ്ഞു വരുന്നു. എഴുത്തില്‍ മായം കലര്‍ത്താതെ മരിക്കണമെന്നത്‌ ഒരു ധാരാളിയുടെ സ്വപ്നമാണോ എന്നും അറിയില്ല. പുരസ്കാരാര്‍ഹമായ കഥ ലോകത്തിലെ ഒട്ടുമിക്ക മനുഷ്യരുടേയും, പ്രത്യേകിച്ച്‌, സാമ്പത്തിക സൗകര്യമില്ലാതെ പോയവരുടെ കഥ തന്നെയായിരിക്കുമെന്നു കരുതുന്നു. ശുദ്ധജലം പോലെ തെളിഞ്ഞ പ്രണയത്തിന്റെ കോപ്പയെ ആരോ തെറിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാ നല്ല മനുഷ്യരും കലാകാരന്മാരും ലോകാവസാനംവരെ ചിന്തിക്കും. ചിന്തയുടെ ആ മഹാസമുദ്രത്തിലെ ഇത്തിരിപ്പോന്ന ജലരാശി മാത്രമാണു ഞാന്‍. എന്റെ മനസ്സിന്റെ താപത്തെ അതേ അളവില്‍ ഏറ്റുവാങ്ങിയ ജഡ്ജിംഗ്‌ കമ്മറ്റി അംഗങ്ങള്‍ , സംഘാടകര്‍ ‍, സഹൃദയര്‍ എല്ലാവര്‍ക്കും എന്റെ കണ്ണീര്‍ നനവുള്ള നന്ദി!

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

Subscribe Tharjani |