തര്‍ജ്ജനി

വി. മുസഫര്‍ അഹമ്മദ്‌

സബ് എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ.

ഫോണ്‍:

ഇ-മെയില്‍:

വെബ്:

Visit Home Page ...

ലേഖനം

വീട്ടു സിനിമകള്‍

20 വര്‍ഷം മുമ്പ്‌ 16 എം.എം സിനിമാ പ്രൊജക്ടിന്റെ പ്രഭയില്‍ കഷ്ടി ആറു മാസം തികഞ്ഞ ആണ്‍ കുഞ്ഞ്‌ ചാര്‍ളി ചാപ്ലിന്റെ 'ദികിഡ്‌' എന്ന സിനിമ കണ്ട്‌ നിര്‍ത്താതെ ചിരിക്കുന്നത്‌ നോക്കി നിന്നിട്ടുണ്ട്‌. ആ കുഞ്ഞ്‌ ഇന്ന്‌ മുതിര്‍ന്ന്‌ വോട്ടവകാശമുള്ള പൗരനായിട്ടുണ്ടാകും. മുത്തശ്ശിയുടെ മടിയിലിരുന്ന്‌ ചാപ്ലിന്‍ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്ന ആ കുട്ടി ഇന്ന്‌ എത്തരത്തിലുള്ള സിനിമകളായിരിക്കും കണ്ടുകൊണ്ടിരിക്കുന്നതെന്ന്‌

ഊഹിക്കാനാവില്ല. അയാള്‍ ചിരി മറന്ന ഒരു ഗൗരവക്കാരനായി മാറിയിട്ടുണ്ട്‌ പോലുമുണ്ടാകും.

കാറല്‍മണ്ണക്കടുത്ത ആനമങ്ങാട്‌ ഗ്രാമത്തില്‍ ചെറിയൊരു ഗ്രൗണ്ടില്‍ ഒഡേസാ മൂവീസ്‌ പ്രദേശത്തെ സാംസ്കാരിക പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ്‌ കിഡ്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. 16 എം.എം പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്ത ആളായിട്ടും പ്രൊജക്ഷനിസ്റ്റിന്റെ സഹായിയായി അക്കാലത്ത്‌ പലയിടത്തും പോയിട്ടുണ്ട്‌. സിനിമയായിരുന്നു അന്ന്‌ വീട്‌. അതിനാല്‍ അക്കാലത്ത്‌ കണ്ടവ വീട്ടു സിനിമകളായിരുന്നു. 16 എം.എം പ്രൊജക്ടറായിരുന്നു ജീവിതം വ്യാഖാനിച്ചു കൊണ്ടിരുന്നത്‌. 16 എം.എമ്മിലൂടെ പുറത്തു വരുന്നത്‌ ജീവിതത്തിന്റെ തനിപകര്‍പ്പാണെന്നായിരുന്നു വാദം. 35, 70 എം.എമ്മിലൂടെ പുറത്തു വരുന്നത്‌ ജീവിതത്തേക്കാള്‍ വലിയ ( ബിഗ്ഗര്‍ ദാന്‍ ലൈഫ്‌) പകര്‍പ്പെന്നും. എട്ട്‌ എം.എം ആകട്ടെ സ്മാളര്‍ദാന്‍ ലൈഫ്‌. എന്നു മാത്രമല്ല എട്ട്‌ എം.എമ്മിന്‌ പോണോഗ്രഫി ചിത്രങ്ങള്‍ രഹസ്യമായി പ്രദര്‍ശിപ്പിച്ചിരുന്ന യന്ത്രമെന്ന ദുഷ്‌

പേരുമുണ്ടായിരുന്നു. ( 8 എം.എമ്മിലാണ്‌ വിഖ്യാത ഡോക്കുമെന്ററി സംവിധായകന്‍ ആനന്ദ്‌ പട്‌വര്‍ധന്‍ തന്റെ ആദ്യ ചിത്രമായ വേവ്സ്‌ ഓഫ്‌ റെവലൂഷന്‍ പകര്‍ത്തിയത്‌. പല അണ്ടര്‍ ഗ്രൗണ്ട്‌ സിനിമകളും ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌). 16 എം.എം സിനിമകളും പ്രൊജക്ടറുകളും

ജീവിതത്തെ നിര്‍ണയിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത നാളുകളായിരുന്നു അത്‌. കുട്ടിക്കാല

ത്ത്‌ വണ്ടൂര്‍ വിനായക തീയേറ്ററില്‍ നിന്നാരംഭിച്ച സിനിമാ കാഴ്ചകളെ 16 എം.എം വാഴ്‌വുകള്‍

പാടെ തകര്‍ത്തു. അങ്ങിനെ 16 എം.എം ജീവിതത്തേയും കലയേയും അളക്കുന്ന മീറ്ററായി മാറുകയും ചെയ്തു.

16 എം.എം പ്രൊജക്ടറുകള്‍ക്ക്‌ പൂനം റഹീമുമായി ബന്ധപ്പെടുക എന്ന ചുവരെഴുത്ത്‌ തൃശൂരിലെ ചില മതിലുകളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും അതിനു മുമ്പ്‌ കണ്ടിരുന്നു. അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന ചുവരെഴുത്ത്‌ ചിലയിടങ്ങളില്‍ കാലത്തിന്‌ മായ്ക്കാന്‍ പറ്റാതെ നിന്ന പോലെ പൂനം റഹീമിന്റെ പരസ്യം ചില നാള്‍ മുമ്പ്‌ വരെ പ്രഭ മങ്ങി ഒരു മതിലില്‍ അലസമായി മയങ്ങുന്നുണ്ടായിരുന്നു.

സത്യത്തില്‍ അന്ന്‌ കണ്ട സിനിമകളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഐസന്‍സ്റ്റീന്‍ തീര്‍ത്ത പടവുകളില്‍, ഗൊദാര്‍ദിന്റെ ഇടവഴികളില്‍, കുറുസോവയുടെ വിറകുവെട്ടിയുടെ പേശികളില്‍, ജാങ്ങ്സോയുടെ നായികയുടെ പുരികത്തില്‍, പസോളിനിയുടെ മനസ്സ്‌ അഴിച്ചെടുക്കപ്പെട്ട പുരുഷനില്‍, ഹെര്‍സോഗിന്റെ വന വന്യതയില്‍, ഡിസീക്കയുടെ സൈക്കിള്‍ ചക്രത്തില്‍, ബുനുവലിന്റെ സിനിമാ ശരീരത്തില്‍, തോമസ്‌ ഏലിയയുടെ സുവിശേഷങ്ങളില്‍, ഫെല്ലിനിയുടെ ശൂന്യസ്ഥലങ്ങളില്‍, പൊളാന്‍സ്കിയുടെ രാഷ്ട്രീയ പ്രണയത്തില്‍, തര്‍ക്കോവ്സ്കിയുടെ വേദനയാല്‍ പുളയുന്ന മരങ്ങളില്‍, സത്യജിത്‌ റേയുടെ പ്രകൃതിയില്‍, ഘട്ടക്കിന്റെ രക്തം പോലെ ഒഴുകുന്ന നദികളില്‍, ജോണ്‍ എബ്രഹാമിന്റെ ഓര്‍മകള്‍ കുഴിച്ചെടുക്കലുകളില്‍... കണ്ടതും അനുഭവിച്ചതുമായ സിനിമകളില്‍ ഒളിച്ചു താമസിക്കാന്‍ നിരവധി ഗുഹകളുണ്ടായിരുന്നു. ആ ഗുഹകളില്‍ നൂറ്റാണ്ടു കാലം കഴിയാനുള്ള അന്ന പാനീയങ്ങളുമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ്‌ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചില ഗുഹാതുടര്‍ച്ചകള്‍ കണ്ട്‌ അവ എങ്ങിനെ എന്റെ അബോധത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അവിടെയെത്തി പാര്‍പ്പ്‌ തുടങ്ങി എന്ന്‌ അല്‍ഭുതപ്പെട്ടിരുന്നു. സിനിമാ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഉറക്കത്തില്‍ ഒളിച്ചു താമസിച്ചിരുന്ന ഗുഹകളോട്‌ അവക്ക്‌ അത്രമാത്രം സമാനതയുണ്ടായിരുന്നു. ഒരേ സിനിമയുടെ നിരവധി പ്രദര്‍ശനങ്ങള്‍ കാണുന്നുണ്ടായിരുന്നതിനാല്‍ കണ്ട സിനിമകളില്‍ ഭൂരിഭാഗവും കാണാപ്പാഠമായിരുന്നു. സിനിമാ പ്രദര്‍ശനവുമായി കേരളത്തില്‍ അങ്ങോളമിങ്ങോളവും അയല്‍ സംസ്ഥാനങ്ങിലും പോയിരുന്ന ഒഡേസയുടെ പ്രധാന പ്രവര്‍ത്തകരില്‍ പലരും ഇത്തരത്തില്‍ പല സിനിമകളും നൂറിലധികം തവണ കണ്ടവരാണ്‌.

?

ജോണ്‍ എബ്രഹാമിനെ ഒരു തവണ മാത്രമാണ്‌ കണ്ടത്‌. അമ്മഅറിയാന്റെ ആദ്യ പ്രദര്‍ശനങ്ങളിലൊന്ന്‌ പെരിന്തല്‍മണ്ണ സംഗീത തിയേറ്ററില്‍ അവസാനിച്ച ശേഷം കിട്ടിയ പണം സംഘാടകര്‍ രവിയേട്ടന്റെ ടെയിലര്‍ കടയില്‍ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലേക്കാണ്‌ ഓട്ടോ റിക്ഷയില്‍ പുറത്തേക്ക്‌ തുളുമ്പുന്ന മട്ടില്‍ ജോണ്‍ വന്നിറങ്ങിയത്‌. പടം പണം വാരുന്നുണ്ടല്ലേ എന്ന്‌ നോട്ടുകളിലും നാണയങ്ങളിലും തൊട്ടു കൊണ്ട്‌ ജോണ്‍. പിന്നീട്‌ കോഴിക്കോട്ടെ പണി തീരാത്ത കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ വീണ്‌ അദ്ദേഹം മരിച്ചു. തുടര്‍ന്ന്‌ ഒഡേസ നടത്തിയ യോഗത്തില്‍ വീര്‍പ്പുമുട്ടലുകളും കുറ്റപ്പെടുത്തലുകളും പുകയിലപ്പുകയും നിറഞ്ഞു നിന്നു. ജോണിനെ അപകടത്തില്‍ പെടാതെ സംരക്ഷിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍.

ഒഡേസ സിനിമാ പ്രദര്‍ശനങ്ങള്‍, ശില്‍പ്പശാല പരമ്പരകള്‍, സിനിമാ സംവിധായകരുമായുള്ള മുഖാമുഖങ്ങള്‍ എന്നിവയിലേക്ക്‌ കടന്നു. സജീവമായ 16 എം.എം കാലമായിരുന്നു അത്‌. ഇന്ത്യയിലെ സ്വതന്ത്ര ഡോക്കുമെന്ററി സംവിധായകരുടെ സിനിമകള്‍ കേരളമെങ്ങും പ്രദര്‍ശിപ്പിക്കപ്പെട്ടു. പല പ്രദര്‍ശനങ്ങളിലും സംവിധായകരും പങ്കെടുത്തു. കാണികള്‍ക്ക്‌ സിനിമ കണ്ടതിനു ശേഷം സംവിധായകനോട്‌ ചോദ്യങ്ങള്‍ ചോദിക്കാനും ആശയ വിനിമയം നടത്താനും അവസരമൊരുങ്ങി. പ്രശസ്ത ഡോക്കുമെന്ററി സംവിധായകരായ ആനന്ദ്‌ പട്‌വര്‍ധന്‍, മജ്ഞീര ദത്ത, ഝലം ബനുരാഗര്‍, രമണി, സൗദാമിനി, വസുധാ ജോഷി, രജ്ഞന്‍ പാലിത്ത്‌, ഡെന്നീസ്‌ ഒ റൂക്ക്‌ (ആസ്ട്രേലിയ), ഡാന്‍വെല്‍ഡണ്‍ (ഇംഗ്ലണ്ട്‌), ബുദ്ധദേവ്‌ ദാസ്‌ ഗുപ്ത, കഥാ ചിത്രമായ കാല്‍ അഭിരതിയുടെ സംവിധായകന്‍ അമിതാഭ്‌ ചക്രബര്‍ത്തി

( ബംഗാള്‍) തുടങ്ങിയവരാണ്‌ തങ്ങളുടെ സിനിമകളുമായി കേരളത്തില്‍ കാണികളുമായി സംവദിക്കാന്‍ എത്തിയത്‌. എല്ലാം 16 എം.എമ്മില്‍. പ്രൊജക്ടറും സൗണ്ട്‌ ബോക്സും തുണി തിരശ്ശീലയുമായി ഇവര്‍ക്കൊപ്പം സഞ്ചരിച്ച ഒഡേസ സംഘത്തില്‍ ചിലയിടങ്ങില്‍ ഞാനും പോയിരുന്നു. പലപ്പോഴും കാണികളുടെ ചോദ്യവും സംവിധായകരുടെ ഉത്തരവും വിവര്‍ത്തനം ചെയ്യാനായി. എല്ലാ പ്രദര്‍ശനങ്ങള്‍ക്കു ശേഷവും ഉയരുന്ന ആദ്യ ചോദ്യം ഒന്നായിരുന്നു. ഈ സിനിമയുടെ സാമൂഹ്യ സന്ദേശം എന്താണ്‌? ഈ ചോദ്യം ഉയര്‍ന്നില്ലെങ്കില്‍ സംവിധായകര്‍ തമാശയായി ചോദിക്കും, ആദ്യ ചോദ്യം ജനങ്ങള്‍ മറന്നു പോയല്ലോ എന്ന്‌. ഇത്തരം പ്രദര്‍ശന വേളയില്‍ തുണി സ്ക്രീന്‍ വലിച്ചു കെട്ടുന്നതു മുതലുള്ള എല്ലാ കാര്യത്തിലും സഹകരിക്കുന്ന സംവിധായകരുണ്ടായിരുന്നു.

ഇതോടൊപ്പം വിദേശത്തും സ്വദേശത്തുമുള്ള പ്രഗല്‍ഭരുടെ ചിത്രങ്ങളടങ്ങിയ പാക്കേജും ഒഡേസ വിവിധ സംഘടനകളുടേയും ഫിലിം സൊസൈറ്റികളുടേയും സഹകരണത്തോടെ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുമുണ്ടായിരുന്നു.

കെല്‍ട്രോണ്‍ പുറത്തിറക്കിയ 16 എം.എം പ്രൊജ്ക്ടറുകള്‍ പല ഫിലിം സൊസൈറ്റികളും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബെല്‍റ്റുകള്‍ പൊട്ടുകയും അത്‌ മാറ്റിക്കിട്ടാതാവുകയും ചെയ്തതോടെ ഇവയില്‍ പലതും ഉപയോഗ ശൂന്യമായി. പല ഫിലിം സൊസൈറ്റികളും ഇതോടെ പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥയിലുമായി. ഒരു പക്ഷെ അക്കാലത്തെ ഫിലിം സൊസൈറ്റികളിലെ സെക്രട്ടറിമാരുടെ വീടുകളില്‍ ബെല്‍റ്റ്‌ പൊട്ടിയ നിലയിലുള്ള 16 എം.എം പ്രൊജക്ടര്‍ ഒരു കാലത്തിന്റെ ഓര്‍മയുമായി വിശ്രമിക്കുന്നുണ്ടാകും.

?

ഗബ്രിയ ഗാര്‍സിയ മാര്‍ക്വേസിനെക്കുറിച്ച്‌ ഡാന്‍ വെല്‍ഡണ്‍ എടുത്ത മൈ മക്കോണ്ടോ എന്ന സിനിമയുടെ 'സംവിധായകനൊപ്പം' പരിപാടിയാണ്‌ 16 എം.എമ്മില്‍ മുങ്ങിക്കുളിച്ച ജീവിതത്തെ പൂര്‍ണമാക്കിയത്‌. ബ്രിട്ടനിലെ പ്രശസ്ത ഫെമിനിസ്റ്റ്‌ എഴുത്തുകാരി ഫേ വെല്‍ഡന്റെ മകനായിരുന്നു ഡാന്‍ വെല്‍ഡണ്‍. ലണ്ടനില്‍ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ അദ്ദേഹം തന്റെ ആദ്യ ചിത്രവുമായാണ്‌ കേരളത്തിലെത്തിയത്‌. കല്‍പറ്റ മുതല്‍ തിരുവനന്തപുരം വരെ 16 പ്രദര്‍ശനങ്ങള്‍.

വിവര്‍ത്തകന്റെ റോളിലായിരുന്നു ഞാന്‍. ഡാനിന്റെ സുഹൃത്ത്‌ ജോഷ്വ എന്ന ഫോട്ടോഗ്രാഫറും ഒപ്പമുണ്ടായിരുന്നു. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സിനിമ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ സാമൂഹിക സന്ദേശം എന്തെന്ന പതിവു ചോദ്യത്തിന്‌ മുന്നില്‍ ഡാന്‍ വെല്‍ഡണ്‍ എന്ന 26കാരന്‍ പകച്ചു. മാര്‍കേസിന്റെ വിഖ്യാത കൃതി ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ സാങ്കല്‍പിക പ്രദേശമായ മക്കോണ്ടോ തേടി നടക്കുന്ന രീതിയിലാണ്‌ സിനിമ നിര്‍മിച്ചിരിക്കുന്നത്‌. പ്രദര്‍ശനത്തിനു മുമ്പും ശേഷവുമുള്ള സമയങ്ങളില്‍ ഡാന്‍ മാര്‍ക്വേസ്‌ അനുഭവങ്ങളില്‍ പച്ച മരം പോലെ നിന്ന്‌ കത്തി.

സിനിമയുടെ ഷൂട്ടിംഗിന്‌ കൊളംബിയയില്‍ ചെന്നിറങ്ങിയ ഡാന്‍ വെല്‍ഡനെ വിമാനത്താവളത്തിന്‌ പുറത്തു സ്വാഗതം ചെയ്തത്‌ പ്രദേശത്തെ വലിയൊരു മയക്കുമരുന്ന്‌ മാഫിയ തലവനായിരുന്നുവത്രെ. അയാള്‍ മാര്‍ക്വേസിന്റെ കടുത്ത ആരാധകനയിരുന്നു. മാര്‍കേസിനെക്കുറിച്ച്‌ സിനിമ നിര്‍മിക്കുന്നത്‌ താന്‍ അറിയാതെ ആകരുതെന്നും സംവിധായകനെ ആദ്യം കാണേണ്ടത്‌ താനാണെന്നും അയാള്‍ ശഠിച്ചു. മാര്‍കേസ്‌ തന്റെ വിശ്രുത രചനകളുടെ കയ്യെഴുത്ത്‌ പ്രതി വായിക്കാന്‍ തരാറുള്ള അപൂര്‍വം ആളുകളില്‍ ഒരാള്‍ താനാണെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇതില്‍ എല്ലാം വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്ന അഭിപ്രായം തനിക്കില്ലെന്ന്‌ ഡാന്‍ വെല്‍ഡണ്‍ പറഞ്ഞിരുന്നു. സിനിമയില്‍ ഡാന്‍ വെല്‍ഡന്‌ മക്കോണ്ടോ കണ്ടെത്താന്‍ കഴിയുന്നില്ല. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നവരെല്ലാം തങ്ങളുടെ വീട്‌ നില്‍ക്കുന്നതിന്‌ ചുറ്റുമുള്ള സ്ഥലമാണ്‌ മക്കോണ്ടോ എന്നു വാദിച്ചു. മാര്‍കേസിനോടും ഡാന്‍ എവിടെയാണ്‌ മക്കോണ്ടോ എന്ന്‌ സിനിമയില്‍ ചോദിക്കുന്നുണ്ട്‌. ഇല്ല, എനിക്കറിയില്ല, ഞാനും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്‌ മക്കോണ്ടോ തന്നെയാണെന്ന്‌ മാര്‍കേസ്‌ സിനിമയില്‍ പ്രതികരിക്കുന്നുണ്ട്‌.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ്‌ ഡാന്‍ വെല്‍ഡന്‍ ലണ്ടനിലേക്ക്‌ മടങ്ങാന്‍ പുറപ്പെടുമ്പോള്‍ മയക്കുമരുന്ന്‌ മാഫിയക്കാരന്‍ ഹോട്ടല്‍ മുറിയിലെത്തി ചോദിച്ചു, മക്കോണ്ടോ കാണേണ്ടെയെന്ന്‌. അതൊരു സാങ്കല്‍പ്പിക സ്ഥലമല്ലേ എന്നായിരുന്നു സംവിധായകന്റെ മറുചോദ്യം. ജീവനില്ലാത്ത ഒരു മക്കോണ്ടോയുണ്ട്‌. മാര്‍കേസിന്റെ ജന്‍മഗ്രാമമായ അരക്കറ്റാക്കയില്‍ നിന്നും അല്‍പ്പം ദൂരെ. ആറാം നൂറ്റാണ്ടിലെ ഒരു രാജാവ്‌ ഭരിച്ചിരുന്ന പ്രദേശം. നില്‍ക്കാതെ മഴ പെയ്യുന്ന നിരന്തരം അല്‍ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആ പ്രദേശം

ഒരു ഭൂകമ്പത്തില്‍ പൂര്‍ണമായും മണ്ണിന്നടിയിലാവുകയായിരുന്നു. മാര്‍കേസ്‌ കുട്ടിക്കാലത്ത്‌ ഏറ്റവും കൂടുതല്‍ കഥകള്‍ കേട്ടതും ഈ പ്രദേശത്തെക്കുറിച്ചായിരുന്നു. അതാണ്‌ മക്കോണ്ടോ. മരിച്ചുപോയ ആ പ്രദേശത്തിന്‌ മാര്‍കേസ്‌ തന്റെ ഉജ്ജ്വലമായ ഭാവനയാല്‍ ജീവന്‍ പകരുകയായിരുന്നു. നിങ്ങള്‍ക്ക്‌ ആ പ്രദേശം കാണണമോ. റോഡ്‌ വഴി അവിടെ എത്താന്‍ കഴിയില്ല. ഹെലികോപ്റ്ററില്‍ പോകണം- മയക്കുമരുന്ന്‌ മാഫിയക്കാരന്‍ ഡാന്‍ വെല്‍ഡനോട്‌ ചോദിച്ചു. ഓ, വേണ്ട വീട്ടിലേക്ക്‌ മടങ്ങണമെന്ന്‌ പറഞ്ഞ സംവിധായകനെ അപരന്‍ ബലം പ്രയോഗിച്ച്‌ ഒരു ഹെലികോപ്റ്ററില്‍ കയറ്റി കുന്നിന്‍ പുറത്ത്‌ അടക്കം ചെയ്യപ്പെട്ട മക്കോണ്ടോയില്‍ എത്തിച്ചു. അയാളുടെ വാദഗതിയില്‍ നിരവധി സത്യങ്ങളുണ്ടായിരുന്നു. എന്നാല്‍ തനിക്ക്‌ അതൊന്നും പകര്‍ത്താന്‍ കഴിഞ്ഞില്ലെന്ന്‌ ഡാന്‍ വെല്‍ഡണ്‍ സ്വകാര്യ സംഭാഷണ വേളയില്‍ പറഞ്ഞു കൊണ്ടിരുന്നു. പകര്‍ത്തപ്പെടാന്‍ കഴിയാതെ പോകുന്നതും സിനിമയായി മാറ്റപ്പെട്ടെക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു. മണ്ണിന്നടിയില്‍ കല്ലിച്ചു നില്‍ക്കുന്ന മക്കോണ്ടോ, ചിലയിടങ്ങളില്‍ ടെറാക്കാട്ടോയില്‍ പണിത വ്യാളി മുഖങ്ങളും.

എന്നാല്‍ ഈ സംവിധായകന്‌ എന്തു സംഭവിച്ചുവെന്ന്‌ പിന്നീട്‌ വിവരമൊന്നും കിട്ടിയില്ല. അയാള്‍ തുടര്‍ന്ന്‌ ചലച്ചിത്രങ്ങള്‍ നിര്‍മിച്ചതായി എവിടേയും കാണാന്‍ കഴിഞ്ഞില്ല. മുഖാമുഖം പരിപാടിക്കിടെ ലാറ്റിന്‍ അമേരിക്കാ സിനിമാ പ്രസ്ഥാനത്തില്‍ കൊടുങ്കാറ്റ്‌ ഉയര്‍ത്തിയ ഹവര്‍ ഓഫ്‌ ദ ഫര്‍ണസ്‌

( തീച്ചൂളകളുടെ മുഹൂര്‍ത്തം) കണ്ടിട്ടുണ്ടോ എന്ന്‌ ചില കാണികള്‍ ഡാനിനോട്‌ ചോദിച്ചിരുന്നു. അയാള്‍ ആ ചിത്രം കണ്ടിരുന്നില്ല.

കേരളത്തിലെ ചില നാടന്‍ പാട്ടുകള്‍ കേന്ദ്രീകരിച്ച്‌

പുരുഷന്‍മാരെ സ്ത്രീ വേഷം കെട്ടിച്ചും സ്ത്രീകളെ പുരുഷ വേഷം കെട്ടിച്ചും ഒരു സിനിമ നിര്‍മിക്കണമെന്നും അതിനായി കേരളത്തില്‍ തിരിച്ചെത്തുമെന്നും അയാള്‍ പറഞ്ഞിരുന്നു. പക്ഷെ അതൊന്നുമുണ്ടായില്ല. മൈ മക്കോണ്ടോക്ക്‌ മുമ്പ്‌ ഡാന്‍വെല്‍ഡന്‍ ഒരു ഹോളിവുഡ്‌ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഡാന്‍വെല്‍ഡന്‍ പരിപാടിക്ക്‌ ശേഷം അധിക നാള്‍ 16 എം.എം ലോകത്തുണ്ടായില്ല. പൊള്ളുന്ന ജീവിതം ചിറക്‌ വിരിച്ചു നില്‍പ്പുണ്ടായിരുന്നു തിരശ്ശീലക്ക്‌ പുറത്ത്‌. 90കളുടെ തുടക്കത്തില്‍ സിനിമ എന്ന വീട്ടില്‍ നിന്നും പുറത്തിറങ്ങി. പിന്നെ മടങ്ങിയെത്താന്‍ കാലമേറെയെടുത്തു.

?

ഒഡേസയുടെ ചലച്ചിത്ര ശില്‍പശാല പരമ്പരകളില്‍ സിനിമട്ടോഗ്രഫിയെ സംബന്ധിച്ചത്‌ വടകര ലോകനാര്‍കാവിലായിരുന്നു. വടക്കന്‍ പാട്ട്‌ സിനിമകളിലെ നസീര്‍ ഡയലോഗുകള്‍ മുഴങ്ങിയ രാത്രികളായിരുന്നു അവ.

ശബ്ദലേഖനം സംബന്ധിച്ച്‌ തിരുവനന്തപുരം ചിത്രാജ്ഞലയില്‍ നടന്ന ശില്‍പ്പശാലക്ക്‌ വെളിയില്‍ ഒരു സിനിമ കണ്ടു. ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളുടെ ശബ്ദ ലേഖനം നടക്കുന്നതിനിടെ ചലചിത്ര ശില്‍പ്പശാലക്ക്‌ വന്ന നാടക കൃത്ത്‌ മധുമാഷാണ്‌ ആ സിനിമ അവതരിപ്പിച്ചത്‌. ദൈവത്തിന്റെ വികൃതികളിലെ പാതിരിയുടെ ശബ്ദം ഡബ്ബ്‌ ചെയ്യാന്‍ ലെനിന്‍ രാജേന്ദ്രന്‍ മാഷെ ക്ഷണിക്കുന്നു. മാഷത്‌ ചെയ്യുന്നു. ഡബ്ബിംഗിന്‌ ചെറിയൊരു പ്രതിഫലം ലഭിക്കുന്നു. അടുത്ത ദിവസം മാഷ്‌ ലെനിനോട്‌ കുറച്ചുകൂടി കാശ്‌ ചോദിക്കുന്നു. ഡബ്ബിംഗിന്റെ പ്രതിഫലം തന്നതാണെന്നും ഇനി കാശ്‌ തരാന്‍ വകുപ്പില്ലെന്നും ലെനിന്‍ രാജേന്ദ്രന്‍. എങ്കില്‍ സിനിമയിലേക്ക്‌ പകര്‍ത്തിയ എന്റെ ശബ്ദം തിരിച്ചു തരൂ എന്നായി മാഷ്‌. അവസാനം ലെനിന്‍ പരാജയം സമ്മതിച്ച്‌ കുറച്ചു കൂടി കാശ്‌ മാഷ്ക്ക്‌ കൊടുക്കുന്നു.

മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ തിരക്കഥാ ശില്‍പ്പശാലയില്‍ നിന്നായിരുന്നു മറ്റൊരു സിനിമ. കുറുസോവയുടെ ത്രോണ്‍ ഓഫ്‌ ബ്ലഡിന്റെ (ഷേക്സ്പിയറിന്റെ മാക്ബത്തിനെ ആസ്പദിച്ചുള്ളതാണ്‌ ഈ സിനിമ) പ്രദര്‍ശനത്തിനു ശേഷം ഡോ.വി.സി.ഹാരിസ്‌ ചര്‍ച്ച നയിക്കുകയാണ്‌.

സിനിമയില്‍ ഒരു യക്ഷി ചക്രം കറക്കുന്നതിന്റെ നിഴല്‍ രംഗമുണ്ട്‌. ചര്‍ച്ചയുണ്ടാക്കാനായി ഹാരിസ്‌ ഒരു വെടിപൊട്ടിച്ചു. യക്ഷി കറക്കുന്നത്‌ ചര്‍ക്കയാണെന്നും ഇത്‌ കുറുസോവയിലെ ഗാന്ധിയന്‍ സ്വാധീനത്തെയാണ്‌ കാണിക്കുന്നതെന്നുമായിരുന്നു ഹാരിസ്‌ അവതരിപ്പിച്ച വാദം. തുടര്‍ന്ന്‌ നടന്ന ചര്‍ച്ച ചിത്രീകരിച്ചിരുന്നെങ്കില്‍ ഗംഭീര സിനിമയാകുമായിരുന്നു.

ഒഡേസ ചലച്ചിത്ര ശില്‍പശാലകളുടെ തുടക്കം മണ്ണാര്‍ക്കാട്ടായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശില്‍ നിന്നും ചിലര്‍ എത്തിയിരുന്നു. അതില്‍ അനീമുല്‍ റഹ്മാന്‍ എന്നയാള്‍ പിന്നീട്‌ ടാക്കധാക്ക എന്ന പേരില്‍ ഒരു സിനിമ എടുത്തിരുന്നു. ശില്‍പ്പശാല നടന്ന യു.പി സ്കൂളിന്റെ അതിര്‍ത്തി പോലീസ്‌ സ്റ്റേഷനാണ്‌. സ്റ്റേഷന്‍ വളപ്പില്‍ തൊട്ടടുത്ത്‌ നടക്കുന്ന ഉല്‍സവത്തിന്‌ കൊണ്ടു വന്ന ആനയെ തെങ്ങിന്‍ തളച്ചിരുന്നു. ബംഗ്ലാദേശുകാര്‍ക്ക്‌ ആനയെക്കണ്ട്‌ ഹരം കയറി. അവര്‍ ക്യാമറയുമായി ആനയെ പകര്‍ത്താന്‍ സ്റ്റേഷന്‍ വളപ്പില്‍ എത്തി. സ്ഥലം സ്റ്റേഷന്‍ വളപ്പാണെന്ന്‌ അവര്‍ അറിഞ്ഞിരുന്നില്ല. സ്റ്റേഷന്‍ വളപ്പില്‍ കയറി ആനയുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്നവരെ പോലീസ്‌ പൊക്കി. മലയാളവും ബംഗാളവും ഏറെ നേരം കലമ്പിയ ശേഷമാണ്‌ പടമെടുപ്പുകാര്‍ മോചിതരായത്‌. അതായിരുന്നു മറ്റൊരു ശില്‍പ്പശാലാ സിനിമ.

?

16 എം.എം ജീവിതത്തില്‍ നിന്നും പൂര്‍ണമായും അകലുന്നതിനു തൊട്ടു മുമ്പാണ്‌ 40 ദിവസം പൂന ഫിലിം ആന്റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചലച്ചിത്ര ആസ്വാദന കോഴ്സില്‍ പങ്കെടുത്തത്‌. സുരേഷ്‌ ചാബ്രിയ, പ്രൊഫ. സതീഷ്‌ ബഹാദൂര്‍, പി.കെ.നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഫാക്കല്‍റ്റിയില്‍ പ്രഗല്‍ഭരുടെ നിര തന്നെ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എത്തി. മണി കൗളും കുമാര്‍ സാഹ്നിയും ക്യാമറാമാന്‍ വേണുവും തങ്ങളുടെ ചിത്രത്തിന്റെ വ്യാകരണം ചില മുദ്രകളാല്‍ കുറിച്ചിട്ടു. ആനന്ദ്‌ പട്‌വര്‍ധന്‍ ക്ലാസ്‌ മുറിക്ക്‌ പുറത്ത്‌ ജ്ഞാന മരത്തിന്‌ (വിസ്ഡം ട്രീ എന്ന്‌ വിളിച്ചു പോന്ന ആ മാവ്‌ ഇന്ന്‌ ഇന്‍സ്റ്റിട്ട്യൂട്ടിലുണ്ടോ എന്നറിയില്ല) കീഴിലിരുന്ന്‌ തന്റെ ഡോക്കുമെന്ററി അനുഭവങ്ങളെക്കുറിച്ച്‌ പറഞ്ഞു. അമോല്‍ പലേക്കര്‍ റെയിന്‍മേക്കര്‍ എന്ന സങ്കല്‍പത്തെ കേന്ദ്രീകരിച്ച്‌ എടുത്ത ചിത്രവുമായി വിദ്യാര്‍ഥികളെ നേരിട്ടു. ഗായത്രി ചാറ്റര്‍ജി എന്ന അധ്യാപികയുടെ ഒരു വാക്ക്‌ പോലും ഓര്‍ക്കാന്‍ പറ്റിയിരുന്നില്ല.

ജോണ്‍ എബ്രഹാം ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിക്കുന്ന കാലം മുതല്‍ ഹോസ്റ്റലില്‍ കാവല്‍ക്കാരനാണെന്ന്‌ അവകാശപ്പെട്ട കോഹ്ലി എന്നയാള്‍ ഇന്ത്യന്‍ സിനിമയിലെ പല അതികായരെക്കുറിച്ചുമുള്ള രഹസ്യകഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. ബോളിവുഡിലെ ചില നടീ നടന്‍മാരും കോഴ്സില്‍ ക്ലാസെടുത്തിരുന്നു. പരസ്യ ചിത്രക്കാര്‍, സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ എന്നിവരുടെ വിഷമിപ്പിക്കുന്ന ഉദ്ബോധന ക്ലാസുകളും കേട്ട്‌ വിഷമിച്ച്‌ തല താഴ്ത്തി ചില നേരങ്ങളില്‍ ഇരുന്ന്‌ പോന്നു. ഇന്‍സ്റ്റിട്ട്യൂട്ട്‌ വിട്ടിരുന്നെങ്കിലും സുരേഷ്‌ പട്ടാലി ഇടക്കിടെ ഹോസ്റ്റലിലും മറ്റും വന്ന്‌ തന്റെ സിനിമാ സങ്കല്‍പത്തെക്കുറിച്ച്‌ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ചാകരയുണ്ടാകുമ്പോള്‍ കടല്‍ത്തീരത്ത്‌ വിരിയുന്ന ജീവിതത്തിന്റെ സജീവത പകര്‍ത്തുന്ന സിനിമയാണ്‌ തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യമെന്ന്‌ അയാള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. പക്ഷെ അത്തരമൊരു സിനിമ നിര്‍മിക്കുന്നതിനു മുമ്പ്‌ അയാള്‍ ഈ ലോകം വിട്ടുപോയി.

ആദ്യ സിനിമയായ ലൂമിയര്‍ ബ്രദേഴസ്‌ ചിത്രങ്ങള്‍ മുതല്‍ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമകളുള്‍പ്പെടെ കാലഗണനപ്രകാരം കൃത്യതയോടെ സിനിമകള്‍ കാണാന്‍ കഴിഞ്ഞുവെന്നതായിരുന്നു കോഴ്സില്‍ നിന്നും ലഭിച്ച ഗുണം. ക്ലാസ്‌ മുറിയില്‍ ടെക്സ്റ്റായി കാണിക്കുന്ന സിനിമകള്‍ക്ക്‌ പുറമെ ഫസ്റ്റ്ഷോ, സെക്കന്റ്‌ ഷോ ആയി ഇന്‍സ്റ്റിട്ട്യൂട്ടിലെ തീയേറ്ററിലും സിനിമകള്‍ കാണിക്കുന്നുണ്ടായിരുന്നു.

ഒന്നിനു പുറകെ ഒന്നായി സിനിമകള്‍ വന്നു കൊണ്ടിരുന്നു. 16 എം.എമ്മിനുവേണ്ടിയുള്ള വാദം തീയേറ്ററില്‍ അലിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു.

എം.എഫ്‌. ഹുസൈന്റെ മകന്‍ കോഴ്സിനുണ്ടായിരുന്നു. കോഴ്സിനിടെ മഞ്ഞപ്പിത്തം ബാധിച്ച മകനെ മുംബൈയിലെ വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ ഹുസൈന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ വന്നു. ചിത്രകലക്കും സിനിമക്കുമിടിയിലെ ഏക തടസ്സം ബ്രഷും ക്യാമറയുമാണെന്ന്‌ ഹുസൈന്‍ തന്നെക്കാണാന്‍ എത്തിയ വിദ്യാര്‍ഥികളോട്‌ പറഞ്ഞു. അല്ലെങ്കില്‍ ചിത്ര കല സിനിമയും സിനിമ ചിത്രകലയുമാണെന്നതാണ്‌ വസ്തുത എന്ന്‌ പ്രസിദ്ധമായ ചിരിയുമായി അദ്ദേഹം ചുറ്റും നില്‍ക്കുന്നവരെ പ്രകോപിപ്പിച്ചു.

ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ കോഴ്സിനുണ്ടായിരുന്നു. അസമില്‍ നിന്നെത്തിയവര്‍ ഉള്‍ഫയെക്കുറിച്ച്‌ മാത്രം ചോദിക്കാതെ മേറ്റ്ന്തെങ്കിലും ചോദിക്കൂവെന്ന്‌ പറഞ്ഞു. പഞ്ചാബികള്‍ കേരളത്തില്‍ 42 നദികളുണ്ടോ എന്ന്‌ അല്‍ഭുതം കൂറി. ഹിമാചലികള്‍ വേഗം കുറഞ്ഞ നടത്തമാണ്‌ തങ്ങളുടെ ദേശീയത എന്ന്‌ സ്ഥിരമായി കാണിച്ചുകൊണ്ടിരുന്നു. ദല്‍ഹിയില്‍ താമസിക്കുന്ന ശ്രീനഗറുകാരി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിയുണ്ടകളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട കശ്മീരികളെക്കുറിച്ച്‌ പറഞ്ഞു. ബംഗാളില്‍ നിന്നുള്ള ചിത്രകാരി ന്യൂഡ്‌ പോര്‍ട്രെയിറ്റിന്‌ തയാറുള്ള ആണുങ്ങള്‍ ഇക്കൂട്ടത്തിലുണ്ടോ എന്നു വെല്ലുവിളിച്ചു. മുംബൈയിലെ പ്രസിദ്ധമായ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഫ്ലാസ്കില്‍ നേര്‍പ്പിച്ച റമ്മുമായി ക്ലാസില്‍ വന്നിരിക്കും. വെള്ളം കുടിക്കുന്നതായി അഭിനയിച്ച്‌ അവര്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ മദ്യപാനം തുടര്‍ന്നു. ചുരുട്ടുകളും സിഗരറ്റുകളും തരാന്‍ അവര്‍ പിശുക്ക്‌ കാട്ടിയിരുന്നില്ല. സര്‍വീസില്‍ നിന്ന്‌ പിരിയാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഇങ്ങിനെയൊരു കോഴ്സിന്‌ വന്നതെന്ത്‌ എന്ന ചോദ്യത്തിന്‌ അവര്‍ നല്‍കിയ മറുപടി: സ്വന്തം ക്ലാസില്‍ റം കഴിപ്പ്‌ നടപ്പില്ല, മറ്റുള്ളവരുടെ ക്ലാസില്‍ അതു പറ്റും. അതിന്റെ രസമൊന്ന്‌ അനുഭവിക്കാമെന്ന്‌ കരുതി- അത്രമാത്രം- അവര്‍ പറഞ്ഞു.

ഷില്ലോംഗില്‍ നിന്നും ഒരു പി.ആര്‍.ഡി ഉദ്യോഗസ്ഥനുണ്ടായിരുന്നു. നഗരത്തില്‍ വന്നുപെട്ട യക്ഷനെപ്പോലെയായിരുന്നു. രാത്രി വൈകി തന്റെ നാട്ടിലെ നാടന്‍ പാട്ടുകള്‍ പാടി നൃത്തം വെക്കും. ഞങ്ങള്‍ ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. ആ പാട്ടുകളില്‍ ചില വരികള്‍ ഇപ്പോഴും ഓര്‍മകളുണ്ട്‌. ആ ചുവടുകളും. നാട്ടില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ്‌ ആ 50 വയസ്സുകാരന്‍ വിതുമ്പും. പാട്ടുകള്‍ കണ്ണീരില്‍ നനയും. അയാള്‍ ആ മുറിയില്‍ ഇട്ടു പോയ നൃത്തച്ചുവടുകള്‍ പിന്നീട്‌ ആരെങ്കിലും എടുത്തണിഞ്ഞിരിക്കുമോ എന്ന്‌ ഇടക്കിടെ ആലോചിക്കാറുണ്ട്‌. പരുക്കന്‍ ശബ്ദത്തില്‍ ചില മലയാളം പാട്ടുകള്‍ പാടുമ്പോള്‍ അതിനൊപ്പവും അദ്ദേഹം നൃത്തച്ചുവടുകള്‍ വെക്കുമായിരുന്നു. പാട്ടും സംഗീതവുമെല്ലാം നൃത്തത്തിനുവേണ്ടിയുള്ളതായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ബംഗാളികളും മലയാളികളും പരസ്പരം മുഖം കൊടുക്കാതെ മീശ വിറപ്പിച്ചും പുരികം വളച്ചും

ക്രോസിംഗിലൂടെ കടന്നു പോയി. വിവിധ ഭാഷകളിലെ പാട്ടുകള്‍ ഒന്നിച്ചവതരിപ്പിക്കുന്ന ചില സെഷനുകള്‍ ചിലപ്പോഴെല്ലാമുണ്ടായി. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്ക്‌ രാത്രി ഒമ്പതു മണി വരെ പോകാനുള്ള അനുമതിയുണ്ടായിരുന്നു. തിരിച്ചും. ഹിമാചലില്‍ നിന്നും ഓടിപ്പോന്ന്‌ വഴിയിലെവിടെയോ വെച്ച്‌ വിവാഹിതരായി കോഴ്സിനുള്ളില്‍ പ്രവേശിച്ച ഇണകളാണ്‌ ഏറെ കഷ്ടപ്പെട്ടത്‌. ഭാര്യയും ഭര്‍ത്താവുമാണെന്ന തെളിയിക്കാനുള്ള രേഖകള്‍ ഇല്ലാതിരുന്ന ഇവര്‍ ചില രാത്രികളില്‍ ആണ്‍ ഹോസ്റ്റലില്‍ ഒന്നിച്ച്‌ പാര്‍ത്തു. ഒരിക്കല്‍ ഇരുവരേയും പിടിച്ചു. ഇരുവരും മിക്കവാറും കോഴ്സില്‍ പങ്കെടുത്തിരുന്നില്ല. രാത്രി ഒമ്പതു മണിവരെ പരസ്പരം ഹോസ്റ്റല്‍ മുറികളില്‍ ഒന്നിച്ചിരിക്കാമെന്നും രാത്രി ഒന്നിച്ച്‌ പാര്‍ക്കരുതെന്നുമുള്ള നിര്‍ദേശം സ്വീകാര്യമല്ലാത്തതിനാല്‍ ഇരുവരും ഒരു ദിവസം കാമ്പസ്‌ വിട്ടു.

ആന്ധ്രയില്‍ നിന്നെത്തിയ രണ്ടു പേര്‍ ഭൂ സമരത്തിന്റെ ആവര്‍ത്തിത അനിവാര്യതയെക്കുറിച്ചാണ്‌ പറഞ്ഞത്‌. നേര്‍ രാഷ്ട്രീയം പറഞ്ഞത്‌ അവരാണ്‌. കുളിമുറികളില്‍ വെളിച്ചെണ്ണ തേച്ച്‌ കുളിക്കുന്നവര്‍ കടുകെണ്ണ തേച്ച്‌ കുളിക്കുന്നവരെ കുറ്റപ്പെടുത്തി. തിരിച്ചുമുള്ള കുറ്റപ്പെടുത്തലുമുണ്ടായി. സിക്കിമില്‍ നിന്നും വന്ന ഒരാള്‍ നമ്മുടെ താളിപോലുള്ള ഒരു സാധനം തേച്ച്‌ കുളിച്ചിരുന്നു.

ചില ഇന്ത്യന്‍ മിഡില്‍ ക്ലാസ്‌ യാഥാര്‍ഥ്യങ്ങളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്‌ കോഴ്സില്‍ പങ്കെടുത്തവര്‍ യഥാര്‍ഥത്തില്‍ ചെയ്തിരുന്നത്‌. അത്‌ പലര്‍ക്കും മനസ്സിലായില്ല. ഫിലിം ഫെസ്റ്റിവലുകളില്‍ എന്ന പോലെ ചലചിത്ര ആസ്വാദന കോഴ്സുകളിലും എത്തുന്നത്‌ മിഡില്‍ ക്ലാസില്‍ നിന്നുള്ളവര്‍ തന്നെ.

ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്‌ കാമ്പസിലെ ഉള്‍വനം പോലെ നിറയെ മരങ്ങളുള്ള കാടെന്ന്‌ തോന്നിക്കും മട്ടിലുള്ള പ്രദേശത്ത്‌ ഒരു മധ്യാഹ്നത്തില്‍ ചുറ്റി നടക്കുമ്പോള്‍ അതിദീര്‍ഘമായി ചുംബിച്ച്‌ ചുണ്ടിലൊട്ടിപ്പോയ ഇണകളെ കണ്ടു. വഴി തെറ്റി എന്തിന്‌ ഈ വഴിക്ക്‌ വന്നുവെന്ന നോട്ടമെറിഞ്ഞ്‌ അവര്‍ ഒട്ടിപ്പിടിക്കല്‍ തുടര്‍ന്നു. പ്രണയ ശരീരത്തിന്റെ ക്ലോസ്‌ ഷോട്ട്‌ എന്ന്‌ തോന്നിച്ചു അത്‌.

കോഴ്സ്‌ അവസാനിക്കുന്നതിന്റെ തലേ ദിവസം കാമ്പസിലെ സ്വിമ്മിങ്ങ്പൂളിന്‌ ചുറ്റും വിടവാങ്ങല്‍ പാര്‍ട്ടി നടന്നു. പൂളില്‍ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ സമൃദ്ധമായി മദ്യം ഒഴുകുന്നുണ്ടായിരുന്നു. മദ്യപിച്ച്‌ ലക്കുകെട്ട്‌ ആരെങ്കിലും തലയിടിച്ച്‌ പൂളില്‍ വീണ്‌ തീര്‍ന്ന്‌ പോകുമെന്ന്‌ ഭയന്നു. ഷില്ലോങ്ങില്‍ നിന്നുള്ള സുഹൃത്ത്‌ വീടിനെ ഓര്‍ത്ത്‌ കുടിച്ചുകൊണ്ടിരുന്നു. അവസാനം പാട്ടും നൃത്തവുമായി. അയാള്‍ പൂളിലേക്ക്‌ വീഴുമെന്ന നിലയില്‍ എത്തിയപ്പോള്‍ അനുനയിച്ച്‌ മുറിയിലെത്തിച്ചു. അങ്ങിനെ ഒരു മധ്യവര്‍ഗ തിരക്കഥക്ക്‌ കൂടി അവസാനമായി.

?

ചലച്ചിത്ര ആസ്വാദന കോഴ്സിന്‌ പോയ അതേ വര്‍ഷം മുംബൈയിലെ അന്താരാഷ്ട്ര ഡോക്കുമെന്ററി ചലച്ചിത്രോല്‍സവത്തിന്‌ പോയി. ജീവിതത്തില്‍ കണ്ട ഏക അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഒരേ തീയേറ്ററില്‍ എട്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന്‌ സിനിമകള്‍ കണ്ടു. സിനിമക്ക്‌ പിന്നാലെ പാഞ്ഞു നടക്കുമ്പോള്‍ വാര്‍ധക്യത്തിലേക്ക്‌ പദമൂന്നിക്കഴിഞ്ഞ ഇഖ്ബാല്‍ മസൂദ്‌ എന്ന ചലചിത്ര നിരൂപകന്‍ യുവാക്കളെ തോല്‍പിക്കുന്ന വേഗതയില്‍ സിനിമകളെ കീഴടക്കുന്നത്‌ കണ്ടു. ഫെസ്റ്റിവെല്‍ വേദിയില്‍ വെച്ച്‌ പരിചയപ്പെട്ട കോഴിക്കോട്ടുകാരന്റെ ബാന്ദ്രയിലെ ഫ്ലാറ്റിലായിരുന്നു താമസം. ഞങ്ങള്‍ മൂന്നു പേരാണ്‌ ഫെസ്റ്റിവെലിന്‌ പോയിരുന്നത്‌. ആനന്ദ്‌ പട്‌വര്‍ധന്‍ ഫെസ്റ്റിവെല്‍ വേദിയില്‍ തന്റെ ചിത്രങ്ങളുടെ വീഡിയോ കാസറ്റുകള്‍ വിറ്റുകൊണ്ടിരുന്നു. ശിവകാശിയിലെ ബാലവേലയെക്കുറിച്ച്‌ സിനിമയെടുത്ത ഝലം ബനുരാഗര്‍ (കുട്ടിജപ്പാനിന്‍ കുഴന്തൈകള്‍) നിറഞ്ഞു നിന്ന ഫെസ്റ്റിവലായിരുന്നു അത്‌. അദ്ദേഹത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള അവാര്‍ഡും. തട്ടുകടയില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ ഝലത്തിന്‌ ഫെസ്റ്റിവെല്‍ കമ്മിറ്റി നല്‍കിയ സ്റ്റാര്‍ ഹോട്ടല്‍ മുറിയിലും ഒരു രാത്രി താമസിച്ചു.

ഫെസ്റ്റിവെല്ലിന്‌ പുറത്തായിരുന്നു യഥാര്‍ഥ സിനിമ. കുമാര്‍ സാഹ്നിയും മണികൗളും ഗൗതം ഘോഷുമൊക്കെ സിനിമ നടക്കുന്ന വേദിക്ക്‌ പുറത്ത്‌ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയുമാണ്‌. ചില ചിത്രങ്ങള്‍ കുറച്ചു നേരം കണ്ട്‌ അവര്‍ പുറത്തേക്കിറങ്ങിപ്പോകും.

ഇതിനിടെയാണ്‌ ഇന്ത്യന്‍ സിനിമാ ലോകം കാര്യമായി ചര്‍ച്ച ചെയ്യാതെ പോയ ഓം ദര്‍ബദര്‍ എന്ന സിനിമയുടെ (1988) സംവിധായകന്‍ കമല്‍ സ്വരൂപിനെ പരിചയപ്പെടുന്നത്‌. വിവിധ തരം ലഹരികളുടെ തീക്കാറ്റില്‍ നീറുന്ന അദ്ദേഹം ചലച്ചിത്ര മേളകള്‍ സിനിമാ പ്രേമികള്‍ക്ക്‌ ജീവിക്കാനുള്ള സ്ഥലമാണെന്ന്‌ പ്രഖ്യാപിച്ചു. മേളകള്‍ സിനിമ കാണാനുള്ള സ്ഥലമല്ലെന്നും സിനിമ കാണാനുള്ള കണ്ണ്‌ ഉറപ്പിക്കാനുള്ള ഭൂപ്രദേശമാണെന്നും പറഞ്ഞു. കമല്‍ സ്വരൂപ്‌ പിന്നീട്‌ സിനിമകള്‍ സംവിധാനം ചെയ്തുവോ?. സിനിമയുടെ ലോകത്ത്‌ നിലയുറപ്പിക്കാന്‍ കഴിയാതെ അദ്ദേഹം മറ്റേതെങ്കിലും ലോകത്തായിരിക്കുമോ. ഏറെ നേരം സംസാരിച്ച്‌ നരിമാന്‍ പോയിന്റില്‍ റോഡിന്‌ എതിര്‍ വശത്ത്‌ നിര്‍ത്തിയ തന്റെ ഫിയറ്റ്‌ കാറിലേക്ക്‌ വേച്ചു വേച്ച്‌ നടന്നു പോകുന്ന അദ്ദേഹത്തിന്റെ രൂപം ഓം ദര്‍ബദറിലെ ചില രംഗങ്ങളെ തന്നെ ഓര്‍മിപ്പിച്ചു.

ഒരു ദിവസം അര്‍ധരാത്രിയോടെ ഫെസ്റ്റിവെലില്‍ കാണിച്ച ഒരു അസൈര്‍ബൈജാന്‍ ചിത്രത്തില്‍ (കഥാചിത്രം) നായികയുടെ ഉടല്‍ പൂര്‍ണമായും കാണിച്ചിരുന്നു. സിനിമ കഴിഞ്ഞ്‌ തീയേറ്ററില്‍ വെളിച്ചം പരന്നപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ അതേ നായിക വസ്ത്രങ്ങളണിഞ്ഞിരിക്കുന്നത്‌ കണ്ടു.

?

പേരാറിന്റേയോ പെരിയാറിന്റേയോ

തീരമായിരുന്നില്ല എന്റെ ഗ്രാമം

പോളാടാക്കീസിന്റെ തീരമായിരുന്നു.

പേരാറിന്റെ തീരമായിരുന്നെങ്കില്‍

എന്നും ഒരേ മണല്‍ കണ്ട്‌ മടുത്തേനേ

ഭാഗ്യം

ചിരിവെള്ളവും ഇടിവെള്ളവും

ഇക്കിളിവെള്ളവുമായി

സിനിമാ നദി ഒഴുകിക്കൊണ്ടേയിരുന്നു.

(പോളാ ടാക്കീസ്‌- പി.എന്‍. ഗോപീകൃഷ്ണന്റെ കവിത)

ഗോപീകൃഷ്ണന്റെ കുട്ടിക്കാലം സിനിമാ തീയേറ്ററിലായിരുന്നു. പോളാ ടാക്കീസില്‍ തന്നെ. സിനിമാ തീയേറ്ററുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും നല്ല സിനിമകളെക്കുറിച്ചും അയാളുമായി സംസാരിച്ചിരിക്കുമ്പോള്‍ മറ്റൊരു സിനിമ അണിഞ്ഞൊരുങ്ങി പുറത്തി വരും.

ലൂമിയര്‍ സിനിമയുടെ ആദ്യ പ്രദര്‍ശന വേളയില്‍ സ്ക്രീനില്‍ തീവണ്ടി കണ്ടപ്പോള്‍ കാണികള്‍ ഓടിയ കഥയും നമ്മുടെ നാട്ടില്‍ ശിവനെ സിനിമയില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ ഭക്തിപുരസ്സരം കൈകൂപ്പി എഴുന്നേറ്റു നിന്നതും സിനിമ എന്ന പ്രതിഭാസത്തിന്റെ സ്വാധീനം കാണിക്കാന്‍ പോന്നതാണ്‌. ലോകമെങ്ങുമെന്ന പോലെ

കേരളത്തിലും നമ്മള്‍ വികാരങ്ങള്‍ പുറത്തുവിടാന്‍ പഠിച്ചത്‌ സിനിമ കണ്ടിട്ടാണ്‌- ഗോപീകൃഷ്ണന്‍ വാദിക്കും.

ഗോപിയുടെ അച്ഛന്‍ കൊടുങ്ങല്ലൂരിനടുത്ത ശ്രീനാരായണപുരം പോളാ ടാക്കീസ്‌ മാനേജറായിരുന്നു. അതു കൊണ്ട്‌ അവിടെ അയാള്‍ സര്‍വസ്വതന്ത്രനായിരുന്നു. സിനിമ തുടങ്ങിക്കഴിഞ്ഞ്‌ കയറാം, അവസാനിക്കാറാകുമ്പോള്‍ കയറാം, തോന്നുമ്പോള്‍ ഇറങ്ങിപ്പോകാം, പ്രദര്‍ശനമില്ലാത്ത സമയത്തും ടാക്കീസിലൂടെ ചുറ്റി നടക്കാം. തിരശ്ശീലയില്‍ തൊട്ടു നോക്കാം- അടുത്ത കാലത്ത്‌ സംസാരിക്കുമ്പോള്‍ അയാള്‍ കുട്ടിക്കാലത്തെ ഇങ്ങിനെ ഓര്‍ത്തെടുത്തു.

നമ്മുടെ നാട്ടില്‍ ജാതിയും മതവുമില്ലാതെ ആളുകള്‍ ഒന്നിച്ചിരുന്ന്‌ ആനന്ദിക്കുകയും കരയുകയും വീര്‍പ്പടക്കുകയും ഒക്കെ ചെയ്തത്‌ സിനിമാ ശാലകളിലായിരുന്നു. സെക്കുലറായ പൊതു ഇടം നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഇതല്ലാതെ മറ്റൊന്നുണ്ടായിട്ടില്ലെന്ന്‌ തന്നെയാണ്‌ തോന്നുന്നത്‌. ഉല്‍സവങ്ങളില്‍ ജാതിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ എല്ലാവരും ഒരേ പോലെ പൂരങ്ങളിലും ഉല്‍സവങ്ങളിലും വേലകളിലും സ്വീകരിക്കപ്പെട്ടില്ല. വേര്‍തിരിവുകളും വിഭജനങ്ങളും ഉണ്ടായിരുന്നുവെന്ന്‌ ചുരുക്കം. സിനിമാശാലയില്‍ അതുണ്ടായിരുന്നില്ല. കയ്യിലെ കാശനുസരിച്ച്‌ ബെഞ്ചിലോ ബാല്‍ക്കണിയിലോ സെക്കന്റ്‌ ക്ലാസിലോ ഒക്കെ ഇരുന്ന്‌ ജനങ്ങള്‍ സിനിമ കണ്ടു പോന്നു.

ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ കണ്ട്‌ കരഞ്ഞാല്‍ ഗോപീകൃഷ്ണന്‌ അച്ഛന്‍ മിഠായി വാങ്ങിക്കൊടുക്കുമായിരുന്നു. അതിനാല്‍ മറ്റുള്ളവരില്‍ നിന്ന്‌ വിഭിന്നമായി അയാളുടെ കരച്ചിലുകള്‍ മിഠായി മധുരത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഗോപീകൃഷ്ണന്‍ തന്നെ ഇവയെല്ലാം ഒരു നാള്‍ ' സംതിങ്ങ്‌ ലൈക്ക്‌ ആന്‍ ഓട്ടോബയോഗ്രഫി' പോലെ എഴുതുമായിരിക്കും.

കേരളത്തില്‍ സിനിമാ ടാക്കീസുകളും തീയേറ്ററുകളും അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഗോപിയുമായി സംസാരിക്കുകയായിരുന്നു. ഇടക്കാലത്ത്‌ കേരളത്തില്‍ കിണറുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായപോലെ, ചിലയിടങ്ങളില്‍ കിണറുകളിലെ വെള്ളത്തിന്റെ നിറം മാറിയ പോലെ- ഇതൊക്കെ ഓര്‍ത്തുകൊണ്ടായിരുന്നു സംസാരം.

പ്രേം നസീര്‍ സിനിമകളില്‍ അജ്ഞാതമായ ഒരിടത്തു നിന്നായിരിക്കും അയാള്‍ വരുന്നത്‌. കൊള്ളപ്പടങ്ങള്‍ എന്ന്‌ പൊതുവില്‍ വിളിച്ചു പോന്ന സിനിമകളില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും സാങ്കേതിക വിദ്യകളും ഇതേ പോലെ അജ്ഞാതമായ പ്രഭവ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. സിനിമകളില്‍ നായകനും നായികയും അണിഞ്ഞ വേഷങ്ങളും അവരില്‍ ചിലര്‍ കഴിച്ചിരുന്ന ഭക്ഷണങ്ങളും നാം കാണാത്തതായിരുന്നു. നമ്മെ അല്‍ഭുതപ്പെടുത്തിപ്പോന്ന മറ്റൊരു കാര്യം വിദേശ രാജ്യങ്ങളിലേയും നമ്മുടെ നാട്ടിലെ തന്നേയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളുമായിരുന്നു. നമുക്ക്‌ പരിചിതമല്ലാത്ത നാടുകളില്‍ വികസിച്ചു കൊണ്ടിരുന്ന വിപണി ദൃശ്യങ്ങളും മുഖ്യധാരാ മലയാള സിനിമയില്‍ പ്രേക്ഷകനെ അല്‍ഭുതതപ്പെടുത്തിപ്പോന്നു. ദശകങ്ങള്‍ക്ക്‌ മുമ്പേ വിദേശരാജ്യങ്ങളില്‍ വന്ന ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും നമമുടെ സിനിമയില്‍ വന്നതും അക്കാലത്ത്‌ കാഴ്ചക്കാരനെ അതിശയിപ്പിച്ചു. എന്നാല്‍ പൊടുന്നനെയാണ്‌ ഈ സിനിമ കാഴ്ചകളെ നമ്മുടെ നിത്യജീവിതത്തിലേക്ക്‌ വിപണി പറിച്ചു നട്ടത്‌. ആഗോളീകരണം അത്‌ സാധ്യമാക്കുകയായിരുന്നു. ഇതോടെ സിനിമാ വിസ്മയങ്ങള്‍ മലയാളിയില്‍ നിന്നകന്നു. വിപണിയുടെ വിസ്മയങ്ങള്‍ പകരം വെക്കാനെത്തി. ടാക്കീസുകളും തീയേറ്ററുകളും കല്യാണമണ്ഡപങ്ങളോ ഷോപ്പിംഗ്‌ ക്ലോംപ്ലക്സുകളോ ആയി മാറി. സിനിമാ ശാലാ തിരോധാനം എന്ന പ്രതിഭാസത്തെ ഗോപീകൃഷ്ണന്‍ വിലയിരുത്തുന്നത്‌ ഇങ്ങിനെയാണ്‌. സിനിമ നല്‍കിപ്പോന്ന രഹസ്യ ആനന്ദങ്ങളെ, നിഗൂഡതകളെയെല്ലാം വിപണി പൊളിച്ചടുക്കി.

?

എന്നാല്‍ ഈ തിരോധാനത്തിന്‌ വേഗം കൂട്ടിയതിനു പിന്നില്‍ മലയാളിയുടെ കുടുംബ ഘടനയില്‍ അതിദ്രുതം വന്നു ചേര്‍ന്ന മാറ്റങ്ങള്‍ കൂടി കാരണമായിട്ടുണ്ടെന്ന്‌ തോന്നുന്നു. ചെമ്മീന്‍ സിനിമയുടെ പ്രദര്‍ശന കാലത്ത്‌ ഗ്രാമങ്ങള്‍ ഒന്നിച്ച്‌ സിനിമാ കൊട്ടകയിലേക്ക്‌ ഒഴുകുകയായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌ ( അതില്‍ പിന്നെ ഇന്നോളം നമ്മുടെ വിജയിച്ച എല്ലാ മുഖ്യധാരാ സിനിമകളുടേയും ഫോര്‍മുല ചെമ്മീനിന്റേതു തന്നെ എന്ന്‌ നിഷ്പ്രയാസം കണ്ടെത്താന്‍ കഴിയും. പ്രണയത്തില്‍ അതിപ്പോഴും ആട്ടിടയനെ പ്രണയിച്ച രാജകുമാരിയായിത്തന്നെ സ്തംഭിച്ചു നില്‍ക്കുന്ന പോലെ). കൂട്ടുകുടുംബ വ്യവസ്ഥ അപ്പടി സിനിമാ ശാലകളില്‍ പ്രതിഫലിക്കുകയായിരുന്നു. ഇന്ന്‌ ഒരു കുടുംബം സിനിമക്ക്‌ പോകുന്ന പോലെയായിരുന്നില്ല അത്‌. അന്ന്‌ കുടുംബം തുടങ്ങുന്നത്‌ മുത്തച്ഛനും മുത്തശ്ശിയില്‍ നിന്നുമായിരുന്നു. അങ്ങിനെയാണ്‌ പലരും സിനിമാ തീയേറ്ററില്‍ പോയിക്കൊണ്ടിരുന്നത്‌. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കേ സിനിമക്കു പോകുന്ന കുടുംബത്തിന്റെ എണ്ണവും വണ്ണവും കുറഞ്ഞു. അണുകുടുംബം നാനോ കുടുംബമായി വീണ്ടും മാറിക്കഴിഞ്ഞ സമീപകാലത്ത്‌ അതിനനുസരിച്ച്‌ ടെക്നോളജിയും മാറിക്കഴിഞ്ഞു. തീയേറ്ററില്‍ എത്തുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞു. 90കളില്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ വീഡിയോ കാസറ്റിലേക്ക്‌ വഴി മാറിയതു പോലെ നാനോ കുടുംബങ്ങള്‍ സി.ഡികളിലേക്ക്‌ ( മുഖ്യധാരാ സിനിമക്കാരും പോലീസുകാരും ഇതിനെ വ്യാജ സി.ഡി എന്ന്‌ വിളിക്കുന്നു) വഴി മാറി. നമ്മുടെ മുഖ്യ ധാരാ സിനിമാ സംസ്കാരത്തിന്റെ അടിസ്ഥാനം എക്കാലത്തും കുടുംബ ഘടനയായിരുന്നു. കുടുംബ

ഘടനയില്‍ വന്നു കൊണ്ടിരുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക സിനിമാ തീയേറ്ററിലെ ക്യൂവില്‍ നിന്നായിരിക്കും. നാനോ കുടുംബങ്ങളില്‍ മൂന്നു പേര്‍ വരെ ഒന്നിച്ചിരുന്ന്‌ സിനിമ കാണാറുണ്ട്‌. ഈ ഘടന ഇനിയും വിഭജിക്കപ്പെടാം. അന്ന്‌ ഒരാള്‍ ഒറ്റക്കിരുന്നായിരിക്കും സിനിമ കാണുക. ഒരു പക്ഷെ സിനിമക്ക്‌ പകരം മറ്റൊരു ആവിഷ്കാരം അവരെത്തേടി എത്തിക്കൂടെന്നുമില്ല. ഇതൊന്നും മനസ്സിലാക്കാതെ സിനിമാ വ്യവസായം പ്രതിസന്ധിയില്‍, എല്ലാത്തിനും കാരണം വ്യാജ സി.ഡി എന്നൊക്കെപ്പറയുന്നതില്‍ വലിയ കാര്യവും കഴമ്പുമൊന്നുമില്ല.

?

സിനിമ കാണാതായി പല വര്‍ഷങ്ങള്‍. ചലച്ചിത്ര മേളകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഒട്ടുമേ സ്പര്‍ശിക്കാത്ത വാര്‍ത്തകളായി മാറി. ജീവിതവുമായുള്ള മല്‍പ്പിടുത്തത്തില്‍ 2 മണിക്കൂര്‍ ഇരുന്ന്‌ സിനിമ കാണുക സാധ്യമല്ലാതായി. ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ പ്രതിഭകള്‍ ഉദയം ചെയ്തു കൊണ്ടിരുന്നു. തമിഴ്‌ സിനിമയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നതായി വായിച്ചറിഞ്ഞു. മലയാള സിനിമ ദിനേനയെന്നോണം ശോഷിച്ചുകൊണ്ടിരുന്നു. മുഖ്യധാരയിലും അല്ലാത്തിടത്തും. ഫിലിം ഫെസ്റ്റിവെല്ലുകളില്‍ ചര്‍ച്ച ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ഇല്ലാതായി. എന്തുകൊണ്ടായിരിക്കും വൈക്കം മുഹമ്മദ്‌ ബഷീറിന്റേയോ വൈലോപ്പിള്ളിയുടേയോ ഉയരുമുള്ള ചലച്ചിത്രകാരന്‍മാര്‍ നമുക്കില്ലാതെ പോയത്‌ എന്നൊക്കെ ജോലിത്തിരക്കില്‍ ആലോചിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടെയെല്ലാം പ്രതിഭയുടെ മിന്നലാട്ടവുമായി ചില ചിത്രങ്ങള്‍ പുറത്തു വന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവെല്ലുകളില്‍ സിനിമയുമായി ബന്ധപ്പെട്ട എഴുത്തിലും മുഖ്യധാരക്കാര്‍ ചുവടുറപ്പിച്ചു. മുന്‍ കാലങ്ങളില്‍ ഫിലിം ഫെസ്റ്റിവെല്ലുകളില്‍ കയറാന്‍ ഭയപ്പെട്ടിരുന്ന മുഖ്യധാരാ സിനിമക്കാര്‍ നല്ല സിനിമ എന്ന ഒന്നേ ഉള്ളൂ, ബദല്‍ സിനിമ എന്നൊന്നില്ല- തുടങ്ങിയ വാദങ്ങളുമായി മേളകളില്‍ സജീവമായി. മേളകളിലെ കാണികളില്‍ വലിയ മാറ്റം വന്നു. ഇതെല്ലാം അറിഞ്ഞും അറിയാതെയും സിനിമാ നദി ഒഴുകിക്കൊണ്ടിരുന്നു.

ജീവിതത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ്‌ മാത്രമാണ്‌ കണ്ടിട്ടുള്ളത്‌. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക കോളേജില്‍ ഒരു സുഹൃത്തിനെ കാണാന്‍ കാമ്പസ്‌ വളപ്പിലൂടെ നടക്കുമ്പോള്‍. തിലകന്‍ ഒരു കാറിന്‌ സമീപം സ്യൂട്ട്‌ കേസ്‌ കൈമാറുന്ന രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്‌.

?

നിത്യജീവിതത്തിന്റെ പദപ്രശ്നവുമായി കുടിയേറ്റക്കാരനായി സൗദി അറേബ്യയില്‍ എത്തി. സിനിമാ തീയേറ്ററുകളില്ലാത്ത നാടാണത്‌. പത്രമോഫീസിലെ പണിക്കിടയില്‍ ലോകമെങ്ങും പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സിനിമകള്‍ ഉദയം ചെയ്യുന്നത്‌ സംബന്ധിച്ച വാര്‍ത്തകളും ഫീച്ചറുകളും ലേഖനങ്ങളും കണ്ടു. ഒരു ദിവസം ഹുക്ക വലിക്കാന്‍ പോയതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2005 നവംബര്‍ 11ന്‌. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ഗ്രാന്റ്‌ ഹയാത്ത്‌ ഹോട്ടലിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മിഡിലീസ്റ്റിലെ പ്രധാന സിനിമാ സംവിധായകനായി പരിഗണിക്കപ്പെട്ടിരുന്ന മുസ്തഫ അക്കാദ്‌ കൊല്ലപ്പെട്ട ദിവസമായിരുന്നു അത്‌. രണ്ടു ദിവസം മുമ്പായിരുന്നു സ്ഫോടനം. അദ്ദേഹത്തിന്റെ മകള്‍ റീമ അക്കാദ്‌ മോണല സ്ഫോടനത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു. അറബി ചാനലുകള്‍ അക്കാദിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടുകൊണ്ടേയിരിക്കുകയായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അക്കാദ്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കനാണ്‌ മകള്‍ക്കൊപ്പം അമ്മാനിലെത്തിയത്‌.

ഹോളിവുഡ്‌ പ്രൊഡക്ഷനായ ഒമര്‍ മുക്താര്‍, ദി മെസഞ്ചര്‍ തുടങ്ങി 12 ഓളം ചെറുതും വലുതുമായ ചിത്രങ്ങള്‍ അക്കാദ്‌ സംവിധാനം ചെയ്തിട്ടുണ്ട്‌. അക്കാദിന്റെ ഭയാനകവും ദുരന്താത്മകവുമായ മരണം പൊടുന്നനെ സിനിമയുടെ ലോകത്തിലേക്ക്‌ തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച്‌ അല്‍ജസീറ ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ഒരിടത്ത്‌ സിറിയയില്‍ തന്റെ ചിത്രം 16 എം.എമ്മില്‍ പ്രദര്‍ശിപ്പിച്ച ശേഷം അദ്ദേഹം ഒരു ചെറിയ ഓഡിറ്റോറിയത്തില്‍ കാണികളുമായി സംവദിക്കുന്ന രംഗമുണ്ടായിരുന്നു. അത്‌ പെട്ടെന്ന്‌ നിരവധി സിനിമാ സ്മരണകള്‍ ഉയര്‍ത്തി. അതിശക്തമായി തലക്കടിയേറ്റതു പോലെയായിരുന്നു അത്‌. അടുത്ത ദിവസങ്ങളില്‍ വിവിധ അറബി ചാനലുകളില്‍ അക്കാദിന്റെ ചിത്രങ്ങള്‍ കണ്ടു കൊണ്ടിരുന്നു. ഒമര്‍ മുക്താര്‍ മാത്രം ഒരാഴ്ചക്കിടെ മൂന്ന്‌ തവണ കണ്ടു. കുഴിച്ചുമൂടപ്പെട്ട സിനിമാകാഴ്ചക്കാരന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. സിനിമകള്‍ കാണാനും സ്വന്തമാക്കാനും വലിയ വിഷമമില്ലാത്ത ലോകമാണ്‌ ചുറ്റുമെന്നും ഏത്‌ പടവും സി.ഡിയില്‍, ഡി.വിഡിയില്‍ സ്വന്തമാക്കാമെന്നും മനസ്സിലായി. സിനിമ കാണാതെ കാണാതെ നല്ല സിനിമയുടെ ലഭ്യതയെക്കുറിച്ചും അന്വേഷിക്കാതായിരുന്നു. ഇന്റര്‍നെറ്റില്‍ മാസ്റ്റേഴ്സിന്റെ പല സിനിമകള്‍ക്കൊപ്പം ഏറ്റവും പുതിയ സിനിമകളും കാണാന്‍ സൗകര്യങ്ങളുണ്ടെന്നു പോലും അറിയുമായിരുന്നില്ല. ഫിലിം സൊസൈറ്റി കാലത്ത്‌ ചില സിനിമകള്‍ കാണാന്‍ തൃശൂരില്‍ നിന്ന്‌ ചാലക്കുടിയിലേക്ക്‌ സൈക്കിള്‍ ഓടിച്ചു പോയിരുന്നത്‌ ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ്‌ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ത്തു. ഫുട്ബാള്‍ താരം ഐ.എം. വിജയനെക്കുറിച്ച്‌ സിനിമ എടുത്ത ചെറിയാന്‍ ജോസഫും ഇത്തരം യാത്രകളില്‍ ഷണ്‍മുഖദാസിന്‌ കൂട്ടായിരുന്നു. ഇങ്ങിനെ സിനിമക്ക്‌ പോയിക്കൊണ്ടിരുന്ന കേരളത്തിലെ യഥാര്‍ഥ സിനിമാ ഭ്രാന്തന്‍മാരെക്കുറിച്ച്‌ ഒരു ചിത്രമുണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ല. 16 എം.എം, മെമ്മറീസ്‌, മൂവ്മെന്റ്സ്‌ ആന്റ്‌ ദ മെഷീന്‍ എന്നൊരു ചിത്രം കെ.ആര്‍. മനോജ്‌ എടുത്തിട്ടുണ്ട്‌. അത്‌ ഇതുവരേയും കാണാനും പറ്റിയിട്ടില്ല.

സിനിമ കാണലിന്‌ തിരിച്ചെത്തിയപ്പോള്‍ ആദ്യം കയ്യിലേക്ക്‌ വന്നത്‌ സത്യജിത്‌ റേയുടെ അപുത്രയമായിരുന്നു. ധാരാളമായി വായിച്ചെങ്കിലും ഒട്ടുമേ കാണാന്‍ കഴിയാതെ പോയ ഇറാന്‍ സിനിമകള്‍ ഒട്ടുമുക്കാലും കണ്ടു തീര്‍ത്തു. ഇറാന്‍ സിനിമകളില്‍ നല്ലതും ചീത്തയും സമാസമം. കിംകിദുക്കിന്റെ സിനിമകളാണ്‌ ആകര്‍ഷിച്ചതും ഭയപ്പെടുത്തിയതും. ( കിംകിദുക്കിന്റെ സിനിമകള്‍ അദ്ദേഹത്തിന്റെ നാടായ കൊറിയയില്‍ ഒട്ടും സ്വീകരിക്കപ്പെട്ടില്ലെന്ന്‌ അടുത്ത കാലത്ത്‌ കൊറിയയില്‍ പോയി വന്ന കവി അന്‍വര്‍ അലി പറഞ്ഞത്‌ അല്‍ഭുതത്തോടെയാണ്‌ കേട്ടത്‌). കുറേക്കാലമായി കാണാതിരുന്ന സിനിമകള്‍ കണ്ടു കൊണ്ടേയിരുന്നു. ഇന്റര്‍നെറ്റ്‌ ഡൗണ്‍ലോഡിംഗില്‍ മിടുക്കരായവര്‍ ഏത്‌ സിനിമയും നിഷ്പ്രയാസം എത്തിച്ചു തന്നു. ടെക്നോളജിയുടെ വികാസം എല്ലാം എളുപ്പമാക്കി. എന്നാല്‍ ഒന്നിച്ചിരുന്ന്‌ സിനിമ കാണുന്ന സിനിമയിലെ കൂട്ടുകുടുംബവും കുറച്ചു പേരിരുന്ന്‌ കണ്ടിരുന്ന അണുകുടുംബവു പൂര്‍ണമായും തകര്‍ന്നിരിക്കുന്നു എന്നു വേണം കരുതാന്‍. സിംഗിള്‍ നാനോ കുടുംബത്തിലെ ഏകാംഗം തന്റെ സ്വകാര്യതയില്‍ സിനിമ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നു- അന്താരാഷ്ട്ര തലത്തില്‍ സിനിമാക്കാഴ്ചയുടെ യാഥാര്‍ഥ്യം ഇതാണ്‌. കൂട്ടുകുടുംബങ്ങള്‍ പിരിഞ്ഞ ശേഷം കുടുംബ സംഗമങ്ങള്‍ നടത്തുന്നതിന്‌ സമാനമായിരിക്കുന്നു, ഏകാംഗ നാനോ കുടുംബത്തിലുള്ളവര്‍ ഫെസ്റ്റിവെലുകള്‍ക്ക്‌ ഒന്നിച്ചു കൂടുന്നത്‌. ഇതൊരു പയ്യാരമായി പറയുന്നതിലും കാര്യമില്ല. ലോകം മാറുന്നതിനൊപ്പം സിനിമാക്കാഴ്ചകളും മാറുകയാണ്‌. 16 എം.എം കാലത്തേക്കാള്‍ ഇന്ന്‌ വീട്ടു സിനിമകള്‍ വര്‍ധിച്ചിരിക്കുന്നു.

?

ലോക സിനിമ എത്രയോ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. എത്രയോ പുഴകള്‍, കടലുകള്‍, കാടുകള്‍, ലോകത്തെങ്ങുമുള്ള മനുഷ്യര്‍, ചരിത്രം, വികാരങ്ങള്‍ (ഫെല്ലിനിയുടെ കരച്ചിലല്ല തര്‍ക്കോവ്സ്കിയുടെ കരച്ചില്‍) - ഒരു പക്ഷെ ലോക സിനിമ എല്ലാം പകര്‍ത്തിക്കഴിഞ്ഞുവെന്ന്‌ കരുതുന്നവരുണ്ടാകും. എന്നാല്‍ ലോക സിനിമക്ക്‌ പകര്‍ത്താന്‍ കഴിയാതെ പോയ എത്രയോ ജീവിത രംഗങ്ങള്‍ ബാക്കിയായിരിക്കില്ലേ. പാപ്പിയോണ്‍ എന്ന ചിത്രത്തില്‍ നായകന്‍ ചായ കുടിച്ച കോപ്പയുടെ അടിത്തട്ടില്‍ തന്നെ സല്‍ക്കരിച്ച കുഷ്ഠരോഗിയുടെ അറ്റുവീണ വിരല്‍ കാണുന്നു. ദാലി-ബുനുവല്‍ സിനിമയില്‍ കണ്ണിനെ പകുതിയില്‍ മുറിച്ചെടുക്കുന്നു. കിംകിദുക്കിന്റെ ചിത്രത്തില്‍ മകന്‍ അമ്മയുടെ മുല അരിഞ്ഞെടുക്കുന്നു, ഐസന്‍സ്റ്റീന്റെ ബാറ്റല്‍ ഷിപ്പ്‌ പൊതംകിനില്‍ ഒഡേസാ പടവുകളില്‍ പട്ടാളക്കാരുടെ വെടിവെപ്പിനിടെ കുഞ്ഞിനെ കിടത്തിയ തള്ളുവണ്ടി അമ്മയുടെ കയ്യില്‍ നിന്ന്‌ പടികള്‍ ഇറങ്ങി മറിയുന്നു- ലക്ഷക്കണക്കിനുള്ള അവിസ്മരണീയ രംഗങ്ങള്‍ ലോക സിനിമ പകര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍ സിനിമ പകര്‍ത്താത്ത ജീവിതവും രംഗങ്ങളും തീര്‍ച്ചയായും ബാക്കിയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

ക്യാന്‍സര്‍ വാര്‍ഡില്‍ വെച്ച്‌ സിനിമ ഇനിയും പകര്‍ത്തിയിരിക്കാന്‍ ഇടയില്ലാത്ത ഒരു രംഗം കണ്ടു. അര്‍ബുദം ബാധിച്ച്‌ മുഖത്തേയും കവിളുകളിലേയും മാംസപേശികള്‍ ദ്രവിച്ച്‌ എല്ലുകള്‍ പുറത്തേക്ക്‌ കാണാവുന്ന നിലയിലായ ഒരു രോഗിയുടെ കീഴ്ത്താടിയില്‍ അല്‍പ്പം മാംസം ബാക്കിയുണ്ട്‌. അവിടെ രണ്ടോ മൂന്നോ രോമം വളര്‍ന്ന്‌ നില്‍പ്പുണ്ട്‌. അയാളത്‌ ഷേവ്‌ ചെയ്യുകയായിരുന്നു. എല്ലാ സിനിമകളേയും തോല്‍പിച്ച ആ ജീവല്‍ രംഗം കണ്ടതിനു ശേഷം എല്ലാ സിനിമകളും തോറ്റു പോയോ എന്ന്‌ സംശയിക്കുകയാണ്‌.

Subscribe Tharjani |
Submitted by chandrasekharan.P. (not verified) on Sat, 2008-06-14 17:25.

കാന്‍സര്‍ വാര്‍ഡില്‍ വച്ച്‌ സിനിമ ഇനിയും പകര്‍ത്തിയിരിക്കാന്‍ ഇടയില്ലാത്ത ഒരു രംഗം കണ്ടു. അര്‍ബുദം ബാധിച്ചു മുഖത്തേയും കവിളിലേയും മാംസപേശികള്‍ ദ്രവിച്ചു എല്ലുകള്‍ പുറത്തേക്കു കാണാവുന്ന നിലയിലായ ഒരു രോഗിയുടെ കീഴ്ത്താടിയില്‍ അല്‍പം മാംസം ബാക്കിയുണ്ട്‌. അവിടെ രണ്ട്‌ മൂന്നു രോമങ്ങള്‍ വളര്‍ന്നു നീല്‍പ്പുണ്ട്‌. അയാളതു ഷേവ്‌ ചെയ്യുകയായിരുന്നു. എല്ലാ സിനിമകളേയും തോല്‍പിച്ച ആ ജീവല്‍ രംഗം കണ്ടതിന്നു ശേഷം................

ശ്രീ മുസാഫിര്‍, നന്ദി

നല്ല സിനിമ എന്നും ഉയര്‍ത്തിപ്പിടിക്കുന്നതും ഇതു തന്നെയാണല്ലോ.

ഒടുങ്ങാത്ത ജീവിതാഭിമുഖ്യം.