തര്‍ജ്ജനി

മുഖമൊഴി

ആത്മീയാചാര്യന്മാരും കുറ്റവാളികളും

കേരളത്തില്‍ സന്ന്യാസികള്‍ക്കെതിരെ മാദ്ധ്യമങ്ങളും പോലീസും രാഷ്ട്രീയപാര്‍ട്ടികളും പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ന്യാസികളാകട്ടെ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തങ്ങളുടെ സ്ഥിരം താവളങ്ങളില്‍ നിന്നും മാറിനില്ക്കുകയാണ്. ചില സന്ന്യാസിമാരെ ന്യായീകരിച്ച് ഭക്തര്‍ പത്രസമ്മേളനത്തിന് എത്തുന്നു. പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അറിയിക്കുന്നു. നിയമം കയ്യിലെടുക്കരുത് എന്ന് അദ്ദേഹം യുവജനസംഘടനകളെ ഉപദേശിക്കുകയും ചെയ്യുന്നു. കേരളമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലമായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഇത്തരം വാര്‍ത്തകളുടെ ഇടയില്‍ മുങ്ങിപ്പോയ ചില സങ്കടകഥകളുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിഞ്ഞ ജീവനക്കാര്‍ക്ക് ഈ കുറിപ്പ് തയ്യാറാക്കുന്നതു വരെ പ്രതിമാസ പെന്‍ഷന്‍ കിട്ടിയിട്ടില്ല. പെന്‍ഷന്‍ പ്രശ്നത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ വിവിധ ഡിപ്പോകള്‍ക്കു മുമ്പില്‍ സമരത്തിലാണ്. പെന്‍ഷന്‍ എന്നു കൊടുക്കാനാകും എന്നു പറയാന്‍ വകുപ്പു മന്ത്രിക്കു പോലും കഴിയുന്നില്ല. പ്രശ്നപരിഹാരത്തിന് ഒരു മാര്‍ഗ്ഗവും അദ്ദേഹത്തിന്റെ മുമ്പിലില്ല. കേരളത്തില്‍ ലാഭകരമല്ലാതായിക്കഴിഞ്ഞ കൃഷിയുടെ രംഗത്തു നിന്നാണ് ഇതിന് തൊട്ടു മുമ്പ് വന്ന മറ്റൊരു സങ്കടകഥ. അസമയത്ത് പെയ്ത മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ കഥയാണത്. കൊയ്ത്തുയന്ത്രം കൊണ്ടു വന്ന് വിളകൊയ്യാല്‍ സംഘടിതതൊഴിലാളിവര്‍ഗ്ഗം സമ്മതിക്കാഞ്ഞതിനാല്‍ പാടത്തും വരമ്പിലും നശിച്ചു പോയ വിള. ഇത്തരം സങ്കടകഥകള്‍ എല്ലാം സ്വാമിക്കഥകളുടെ കുത്തൊഴുക്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. ആശ്രമം എന്ന പേര് കാണുന്നേടത്തെല്ലാം പോലീസും യുവജനസംഘടനകളും പ്രതിഷേധവുമായി ഓടിയെത്തുകയായി. ഹൈന്ദവസന്യാസിമോരോട് മാത്രമാണ് ശത്രുത എന്നു വരരുതല്ലോ എന്നതിനാല്‍ അന്യമതസ്ഥരായ ആത്മീയബിംബങ്ങളും കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. വെള്ളം മന്ത്രിച്ചു കൊടുക്കുന്ന പ്രാദേശികസിദ്ധന്മാര്‍ പോലും ഈ ആത്മീയതാവിരുദ്ധതരംഗത്തില്‍ ഗതികെട്ട അവസ്ഥയിലായി. തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നത് പോലൂസുകാരും പ്രതിഷേധക്കാരും മാത്രണാണ് എന്ന അവസ്ഥയിലാണ് സിദ്ധന്മാരും സന്ന്യാസിമാരും. ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള പ്രസ്ഥാനത്തിന്റെ കഥകള്‍ കൊഴുക്കുന്നിടത്ത് പെട്ടെന്ന് ഇതിനെയെല്ലാം വഴിതിരിച്ചുവിട്ട ഒരു എസ്പോസ് വരുന്നു. ശബരിമലയിലെ മകരജ്യോതിയെക്കുറിച്ച്.

കെ.ടി.ഡി.സി ചെയര്‍മാനായ ചെറിയാന്‍ ഫിലിപ്പാണ് മകരജ്യോതിയുമായി ബന്ധപ്പെട്ട തട്ടിപ്പിനെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ശബരിമല തീര്‍ത്ഥാടനം നടക്കുന്ന സമയത്ത് പൊന്നമ്പലമേട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് ഒരു ദിവ്യജ്യോതി താനേ തെളിയുന്നുവെന്നും അത് ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ നിര്‍വൃതിയിലാഴുന്നുവെന്നും എല്ലാ വര്‍ഷവും ആകാശവാണിയുടെ ലൈവ് കമന്ററിയും പത്രങ്ങളും ആവര്‍ത്തിച്ച് മലയാളികളെ ധരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എഴുപതുകളില്‍ മകരജ്യോതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറം പിടിപ്പിച്ച് വിപണനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ യുക്തിവാദി സംഘം പൊന്നമ്പലമേട്ടില്‍ ചെന്ന് മകരജ്യോതിയുടെ രഹസ്യം കണ്ടെത്തി പരസ്യപ്പെടുത്തിയതാണ്. പൊന്നമ്പലമേട്ടില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലത്തിനു തൊട്ടു മുകളിലായുള്ള ഒരു പാറയില്‍ ദിവ്യജ്യോതിയായി ഭക്തലക്ഷങ്ങള്‍ കണ്ട് നിര്‍വൃതി കൊള്ളുന്ന ആ അഗ്നി ജ്വലിപ്പിക്കുന്ന ആളെ അവര്‍ കണ്ടെത്തി. അയാള്‍ ഇത് കത്തിക്കുന്നതിന്റെ ചിത്രം എടുത്തു. അയാളുമായി സംസാരിച്ചു. ഇതെല്ലാം യുക്തിവാദികള്‍ അക്കാലത്തു തന്നെ കേരളത്തിലെ പൊതു സമൂഹത്തോട് പറഞ്ഞതാണ്. എന്നാല്‍ ഭക്തിയുടെ ലഹരിക്ക് പൊലിമ പകരുന്ന ഈ അത്ഭുതത്തിനെതിരെ സംസാരിക്കാനോ ഇതിന്റെ പൊരുള്‍ എന്ത് എന്ന് അന്വേഷിക്കാനോ ഭൌതികവാദത്തില്‍ വിശ്വസിക്കുന്നുവെന്ന് ആണയിടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോ അവരുടെ യുവജന സംഘചനകളോ ഇക്കാലമത്രയുമായി അന്വേഷിച്ചിട്ടില്ല. ഇപ്പോള്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഈ എസ്പോസിനോടും അവര്‍ക്കു വലിയ താല്പര്യമൊന്നും ഉള്ളതായി കാണുന്നില്ല.

ദേവസ്വം ബോര്‍ഡ് എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിക്കുന്ന ഒരു സംഘമാണ് ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. കഴിഞ്ഞ തീര്‍ത്ഥാടനകാലം ബോര്‍ഡ് അംഗങ്ങളുടെ പൊരിഞ്ഞ കാര്യപ്രാപ്തി കാരണം ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിത്യപൂജയായി ദേവസ്വം വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രിയുടെ ശകാരങ്ങളും ആക്രോശങ്ങളും ഇതിന് കൊഴുപ്പുകൂട്ടി. ഇതെല്ലാം നമ്മുടെ മാദ്ധ്യമങ്ങള്‍ വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ജനങ്ങളെ അറിയിച്ചതുമാണ്. ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് ദിവ്യജ്യോതി ഭക്തലക്ഷങ്ങളെ നിര്‍വൃതികൊള്ളിക്കുവാന്‍ കത്തിക്കുമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. എന്തിനും ഏതിനും എല്ലാവരേയും ശകാരിക്കുന്ന ശകാരാനന്ദനായ വകുപ്പു മന്ത്രി മനുഷ്യനിര്‍മ്മിതമായ ദിവ്യജ്യോതിയുടെ കാര്യത്തില്‍ ആരെയും ശകാരിച്ചില്ല. കള്ള സന്ന്യാസിമാരുടെ ആസനത്തില്‍ ശൂലം കയറ്റണം എന്നും അതു പോര ഭീമന്റെ ഗദ വേണം കയറ്റാന്‍ എന്നും പറഞ്ഞ ശകാരാനന്ദന്‍ എത്ര സൌമ്യമായാണ് താന്‍ ഭരിക്കുന്ന വകുപ്പ് കേരളത്തില്‍ നിന്നും പുറത്തു നിന്നും വര്‍ഷംതോറും നിഷ്കളങ്കമായ ഭക്തിയുമായി വൃതമെടുത്ത് മലകയറുന്നവനെ തട്ടിപ്പു നടത്തി കാശു പിടുങ്ങുന്നു എന്ന കാര്യം കൈകാര്യം ചെയ്തത് ! കള്ളനോട്ടു കേസില്‍ പ്രതിയായ സ്വാമിയുടെ ആശ്രമത്തില്‍ നാലു തവണ പോവുകയും ശ്ലാഘിച്ച് പ്രസംഗിക്കുകയും അവിടെ നടക്കുന്നത് മനുഷ്യസ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള സേവനമാണ് എന്നും സാക്ഷ്യപ്പെടുത്തിയ ആളാണ് മകരജ്യോതിയെക്കുറിച്ച് സൌമ്യമായി പ്രതികരിച്ച ശകാരാനന്ദന്‍ എന്നതും ശ്രദ്ധേയമാണ്.

ആത്മീയതയുടെ പേരിലുള്ള തട്ടിപ്പിന് മകരജ്യോതിയുടെ ഉദ്ഭവകാലം വെച്ചു കൂട്ടിയാല്‍ പത്തു മുപ്പത്തിയഞ്ച് കൊല്ലത്തെ ചരിത്രമെങ്കിലും ഉണ്ട്. ഭക്തി വാണിജ്യച്ചരക്കായി മാറുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് അക്കാലത്ത് ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നത് കേരള യുക്തിവാദി സംഘം എന്ന സംഘടനയാണ്. ഇവര്‍ അക്കാലത്ത് മിശ്രവിവാഹിതരുടെ സംഘടനയും നടത്തിയിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ പാരമ്പര്യം ജാതിയുടേയും മതത്തിന്റേയും പേരില്‍ നടത്തുന്ന പ്രീണനം മാത്രമല്ല വിവേചനത്തിനും എതിരാണെന്ന തിരിച്ചറിവ് ഹൃദയത്തില്‍ സൂക്ഷിച്ച യുക്തിവാദി സംഘത്തിന് അക്കാലത്തും ഇന്നും സംഘടിതരാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്ന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. അതേ സമയം ഭൌതികവാദികള്‍ എന്നു ആണയിടുന്ന പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ അവരുടെ പ്രവര്‍ത്തകരും അംഗങ്ങള്‍ പോലും ആത്മീയതയുടെ പേരില്‍ നടക്കുന്ന പേക്കൂത്തുകളില്‍ പങ്കാളികളാകുന്നതില്‍ തെറ്റില്ല എന്ന പരസ്യനിലപാട് കൈക്കൊണ്ടവരാണ്. അരവണപ്പായസം കിട്ടാനില്ല എന്നത് പ്രശ്നമായി ഉയര്‍ത്തിക്കാണിച്ച് ഭക്തന്റെ അവകാശം സംരക്ഷിക്കാന്‍ ശബരിമലയില്‍ സമരം ചെയ്യും എന്ന് ഹൈന്ദവസംഘട ഭീഷണിപ്പെടുത്തിയപ്പോള്‍ ശബരിമലയില്‍ എത്തുന്നത് ഹൈന്ദസംഘടനക്കാരല്ല ഞങ്ങളുടെ ആളുകളാണ് ഭൂരിപക്ഷം എന്നു പറഞ്ഞത് ഭീഷത്തിക്ക് മറുപടി പറഞ്ഞത് ഭൌതികവാദപ്രത്യയശാസ്ത്രം അവകാശപ്പെടുന്ന പാര്‍ട്ടി നേതാവും യുവജനപ്രസ്ഥാനക്കാരുമാണ്. സ്വന്തം പാപ്പരത്തം പോലും നിര്‍ല്ലജ്ജം ആഘോഷിച്ച ഈ മഹാവിപ്ലവകാരികളാണ് ആള്‍ദൈവങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത് എന്നത് ഈ വര്‍ഷത്തെ മികച്ച ഫലിതമാണ്. ആ ഫലിതത്തിന്റെ പരകോടിയാണ് എല്ലാ കൊല്ലവും തങ്ങളുടെ ആളുകളെ കള്ളജ്യോതി കാണിച്ച് തട്ടിപ്പു നടത്തുന്ന, അത് നിറുത്തലാക്കാന്‍ ഇപ്പോള്‍ പോലും ആലോചിക്കാത്ത ദേവസ്വത്തിനും അതിന്റെ ശകാരാനന്ദനായ മന്ത്രിക്കുമെതിരെ സംസാരിക്കത്. സംസ്ഥാനസര്‍ക്കാരിന് ഭക്തിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാം എന്നും തട്ടിപ്പു നടത്താം എന്നും അത് കുറ്റകൃത്യമല്ല എന്നും വിലയിരുത്തുന്ന രാഷ്ട്രീയം മികച്ച ഫലിതമല്ലെങ്കില്‍ പിന്നെന്താണ്. മലയാളികള്‍ക്ക് മികച്ച നര്‍മ്മബോധമാണ് അതിനാലാണ് പേരു കേട്ട കാര്‍ട്ടൂണ്‍ വരയ്ക്കാരൊക്കെ മലയാളികളായത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കാര്‍ട്ടൂണില്‍ മാത്രമല്ല വിപ്ലവത്തില്‍ പോലും നര്‍മ്മബോധം പ്രകടമാക്കുന്ന നമ്മുടെ രാഷ്ട്രീയത്തിന്റെ പേരില്‍ നമുക്ക് പുളകം കൊള്ളാം. ആരാണ് ആത്മീയതയുടെ ആചാര്യന്മാരെന്നും ആരാണ് കുറ്റവാളികളെന്നും പുതിയ പാഠങ്ങള്‍ നാം പഠിക്കുകയാണ്.

Subscribe Tharjani |