തര്‍ജ്ജനി

ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കഥ

നിരപ്പുകള്‍

കുന്നിലും നിരപ്പിലും കുഴിയിലും ഇരുട്ട് പിടിച്ചു.. പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് നിരന്നു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ തണുത്ത കടല്‍ക്കാറ്റ് നുഴഞ്ഞു. പള്ളിമേടയിലെ വൈദ്യുതവിളക്കുകള്‍ തിളങ്ങാന്‍ തുടങ്ങിയിരുന്നു. ദേവസ്സി അച്ചനുള്ള അത്താഴം തീന്‍ മേശയില്‍ നിരത്തി വച്ച് പാത്രങ്ങള്‍ കഴുകി അടുക്കള പൂട്ടി. അനന്തരവനായ വര്‍ക്കി പള്ളിമുറ്റത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇനി സെമിത്തേരിയുടെ തെക്കുവശം കടന്ന് റബ്ബര്‍ തോട്ടം പകുത്ത് നിരപ്പും കുഴിയുമിറങ്ങി വേണം വീട് പറ്റാന്‍ .

ഓര്‍ത്തപ്പോള്‍ത്തന്നെ ദേവസ്സിയ്ക്ക് ഉള്ളിരൊലാളല്‍ . അത് പതിവുള്ളതാണ്. അനന്തരവന്‍ വന്നതിനുശേഷം അല്പം ധൈര്യം വന്നിട്ടുണ്ടെങ്കിലും പോര. വര്‍ക്കി പയ്യനാണ്‌. പോരാത്തതിന്‌ ഇപ്പോള്‍ത്തന്നെ ആവശ്യത്തിലധികം കെട്ടുകഥകള്‍ കേട്ട് വിരണ്ടിരിക്കുകയാവും .

' വര്‍ ക്കീ ..ഡാ ' അയാള്‍ ഉറക്കെ വിളിച്ചു. അവന്‍ അനുസരണയോടെ ഓടി വന്നു.

' നീയെന്തായെടുക്കുവാ '
' അച്ചനെന്നോടിന്നിവടെ കെടക്കാമ്പറഞ്ഞു '

' അതെന്നാത്തിനാടാ ? '

' ആ ' വര്‍ക്കി കൈ മലര്‍ത്തി.

' ശെരി..വാ .. നേരം വൈകി '

ലൂര്‍ദ്ദ് മാതാ പള്ളിയുടെ മുറ്റത്ത് നിന്ന് കുരിശ് വരച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന്‌ ശേഷം അവര്‍ നടന്നു. സെമിത്തേരിയില്‍ ഒറ്റക്കാല്‍ വിളക്കുകള്‍ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. കല്ലറകള്‍ക്ക് മുകളിലെ കുരിശുരൂപങ്ങള്‍ കരയുന്നത് പോലെ തോന്നി. ഈശോ മറിയം ഔസേപ്പേ .. എന്ന ഭക്തിഗാനം മൂളിക്കൊണ്ട് ദേവസ്സി മടിക്കുത്തില്‍ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയും എടുത്തു. രണ്ട് മൂന്ന് പുക വിട്ടപ്പോള്‍ നെഞ്ചിടിപ്പ് നിയന്ത്രണത്തിലായി. വര്‍ക്കി നിദ്രാടകനെപ്പോലെ അനുഗമിച്ചു .

' നെനക്ക് വേണോടാ ? ' ദേവസി ഒരു കള്ളച്ചിരിയോടെ ബീഡിക്കെട്ട് നീട്ടിക്കൊണ്ട് ചോദിച്ചു. വര്‍ക്കിയുടെ മുഖം വിളറുന്നത് അപ്പോഴും വ്യക്തമായി കാണാമായിരുന്നു.

' ഞാന്‍ .. ഞാന്‍ ..വലിക്കുകേല പാപ്പാ '

' പോഡാ , ന്നലെ നീ കുന്നിന്മേലിരുന്നു പൊക വിടണ ഞാന്‍ കണ്ടതാ '

' എപ്പാ ? '

' ' നീ വൈകുന്നേരം തൂറാനാണെന്നും പറഞ്ഞ് പോയില്ലേ.. അപ്പക്കണ്ടു '

വര്‍ക്കി വിയര്‍ക്കാന്‍ തുടങ്ങി. കുളിര്‍ കോരുന്ന കടല്‍ ക്കാറ്റിനും വിയര്‍ പ്പുതുള്ളികളെ ബാഷ്പീകരിക്കാന്‍ കഴിഞ്ഞില്ല.

' സാരല്ലെഡാ..നീ വലിച്ചോ ' ദേവസ്സി അവന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു. വര്‍ക്കി ഒന്ന് സംശയിച്ച ശേഷം ബീഡി വാങ്ങി കത്തിച്ചു. ഭവ്യതയോടെയുള്ള അവന്റെ പുകവിടല്‍ കണ്ടപ്പോള്‍ ദേവസ്സി അറിയാതെ ചിരിച്ചു പോയി.

' കറുകച്ചാലീന്ന് നിന്നേം കൂട്ടി വരുമ്പോ എനിക്കറിയില്ലാരുന്നു.. സാരല്ല.. ഒരു കണ്ട്രോള്‌ ണ്ടായാ മതി '
ഉപദേശം പോലെ അയാള്‍ പറഞ്ഞു. വര്‍ക്കി തലയാട്ടിക്കൊണ്ട് മൂക്കിലൂടെ പുക വിട്ടു.

' ന്തായാലും നീ വന്നത് ഒപകാരമായി' ദേവസ്സി ആത്മഗതം പോലെ പറഞ്ഞു. പള്ളിയിലെ പാചകക്കാരനായി ജോലി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. പണിയുള്ളപ്പോള്‍ റബ്ബര്‍ വെട്ടാനും പോകും . ഇപ്പോഴത്തെ അച്ചനാണെങ്കില്‍ ദേവസ്സിയുടെ പാചകം ഇഷ്ടവുമാണ്‌.

' ഡാ.. അച്ചനെന്തിനാ നെന്നോട് അവടെക്കെടക്കാന്‍ പറഞ്ഞതെന്നറിയാവോ ?'

' ഇല്ലാ..എന്നാത്തിനാ ?

' ങാ..അത് പറയാം ..ചത്ത് പോയ ആ ലന്തനരിയച്ചനില്ലേഡാ, സായ്പ്പ്.. അയാള്‌ രാത്രീല്‌ വന്ന് കല്ലെറിയൂന്ന് പേടിച്ചിട്ടായിരിക്കും .'

' അതെന്നാത്തിനാ പാപ്പാ ചത്ത് പോയ അച്ചന്‍ വന്ന് ജീവിച്ചിരിക്കണ അച്ചനെ കല്ലെറിയണേ ?

' അത് കാര്യണ്ട് ടാ . . മന്തനാരിയച്ചനല്ലേ ഈ ലൂര്‍ദ്ദ് മാതാ പള്ളീം ഇടവകേം ഒക്കെ ഒണ്ടാക്കീത്. ഇവടാണല്ലാ അച്ചനെ അടക്കം ചെയ്തേക്കണതും .. ഇപ്പഴത്തെ അച്ചന്മാര്ടെ തോന്ന്യാസങ്ങള്‍ സഹിക്കാമ്പറ്റാതാകുമ്പോ കുഴീന്ന് എണീറ്റ് വന്ന് കല്ലെറിയൂന്നാ '

' അപ്പോ..അന്തോനിയച്ചന്‍ കള്ളനാണെന്നാണാ ?'

' എന്നൊന്നും ഞാമ്പറഞ്ഞില്ല...പൊതുവേ ഒള്ളതാ പറഞ്ഞേ...അല്ലാതെ വേറെ വല്ല ഉദ്ദേശത്തോടെയാണോ നിന്നോട് അവടെ കെടക്കമ്പറഞ്ഞതെന്ന് എനിക്കറിയാമ്പാടില്ല'

അപ്പോള്‍ വര്‍ക്കി നാണം കൊണ്ട് തുടുത്തു.

അപ്പോഴേയ്ക്കും അവര്‍ റബ്ബര്‍ തോട്ടം കടന്നിരുന്നു. ഇനിയങ്ങോട്ട് ഭൂമി പരന്നതാണ്‌. അങ്ങിങ്ങായി കുറേ വീടുകളുമുണ്ട്. വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ട പ്രകാശം പിടയ്ക്കുന്നുണ്ടായിരുന്നു. റാന്തല്‍ വിളക്കുകളുമേന്തി മീന്‍ പിടുത്തക്കാര്‍ കുരകളിലേയ്ക്ക് നിരനിരയായി നടക്കുന്നുണ്ട്. അവര്‍ മത്തിയെക്കുറിച്ചും സ്രാവിനെക്കുരിച്ചും കടലമ്മയെക്കുറിച്ചും സംസാരിക്കുന്നുണ്ടാകും

പൊടുന്നനെ ദേവസ്സി നിശ്ശബ്ദനായി. അതിന്‌ കാരണമുണ്ടായിരുന്നു. അവരപ്പോള്‍ കടന്ന് പോയത് കുഞ്ഞുമേരിയുടെ വീടിന്‌ മുന്നിലൂടെയായിരുന്നു. അയാള്‍ ക്ക് കുഞ്ഞുമേരിയോട് വലിയ പ്രേമമായിരുന്നു. അവള്‍ ക്ക് തിരിച്ചും അങ്ങിനെയായിരുന്നെന്നാണ്‌ ദേവസ്സി പറയുന്നത്. പള്ളിയില്‍ റബ്ബര്‍ വെട്ടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍
അവളെ കെട്ടണമെന്ന് തന്നെയായിരുന്നു കടുത്ത ആഗ്രഹവും . അവള്‍ കാത്തിരിക്കാമെന്ന് വാക്ക് കൊടുത്തതുമാണ്‌ പോലും . എന്നാല്‍ പെട്ടെന്നൊരു ദിവസം തടി മുറിക്കാന്‍ പോകുന്ന യോഹന്നാന്‍ അവളെ കെട്ടി.

ചതിച്ചത് കുഞ്ഞുമേരിയല്ല, യോഹന്നാനാണെന്നേ ദേവസ്സി പറയൂ. കാരണം അവളുടെ കെട്ട് കഴിഞ്ഞ് മാസങ്ങള്‍ ക്ക് ശേഷം ഒരു ദിവസം പള്ളിയില്‍ വച്ച് തനിച്ചൊന്ന് സം സാരിക്കാന്‍ തക്കം കിട്ടി.

ഒന്നും തന്റെ കുറ്റമല്ലെന്ന് അവള്‍ ആണയിട്ടു. അപ്പനും അമ്മച്ചിയും നിര്‍ബന്ധിച്ചാല്‍ പിന്നെ ആ പാവത്തിന്‌ പിടിച്ചുനില്‍ ക്കാന്‍ കഴിയുന്നതെങ്ങിനെയെന്ന് അയാളും മനസ്സിലാക്കി.

എന്നാലും കുഞ്ഞുമേരീ.. നീയിപ്പോ അന്യന്റെ ഭാര്യയാണ്‌. പറയാന്‍ പാടുവോന്നറിയില്ല.. എന്നാലും പറഞ്ഞെക്കുവാ.. നിന്നെയൊന്ന് ചുംബിക്കണമെന്ന് എനിക്കിപ്പോഴും കൊതിയുണ്ട്

അവള്‍ ക്ഷോഭിച്ചില്ല. കുറ്റബോധത്താല്‍ കുനിഞ്ഞ മുഖത്തോടെ അവള്‍ പറഞ്ഞു.

എനിക്കിപ്പോ വയ്റ്റിലുണ്ട്.. ഇല്ലെങ്കില്‍ കൊഴപ്പമില്ലാരുന്നു.

അത്രയും മതിയായിരുന്നു അയാള്‍ക്ക് പോയ ജീവന്‍ തിരിച്ചുകിട്ടാന്‍ . അവളിപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടെന്നതിനുള്ള തെളിവാണല്ലോ അത്.

പേറ്‌ കഴിയണ വരെ കാത്തിരിക്കാവോ ? - കുഞ്ഞുമേരി

ലോകാവസാനം വരേയും ഞാന്‍ കാത്തിരിക്കും - ദേവസ്സി

എന്നിട്ടിന്ന് വരെ അവള്‍ പെറ്റില്ലെന്നുള്ളതാണ്‌ അയാളുടെ മൌനത്തിന്‌ കാരണം . രണ്ട് മൂന്ന് തവണ പേറ്റ് നോവ് വന്ന് അലമുറയിടുന്ന അവളേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടുന്ന യോഹന്നാനെ അയാളും കണ്ടതാണ്‌. പക്ഷേ അപ്പോഴൊന്നും അവള്‍ പ്രസവിച്ചില്ല. പിന്നേയും വീര്‍ ത്ത വയറുമായി നടക്കുന്നു. മാസം കണക്ക് കൂട്ടാന്‍ ശ്രമിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില ഗര്‍ ഭങ്ങള്‍ ഇങ്ങനെയായിരിക്കുമെന്ന വിജ്ഞാനം സ്വയം സൃഷ്ടിച്ച് ആശ്വസിക്കുകയാണിപ്പോള്‍ .

വര്‍ക്കി ദേവസ്സിയെ അര്‍ത്ഥം വച്ച് നോക്കി. അയാള്‍ മൌനം തുടര്‍ന്നതേയുള്ളൂ. അന്നേരം വീണ്ടും കുഞ്ഞുമേരിയ്ക്ക് പേറ്റ് നോവ് തോന്നി അലമുറയിടാന്‍ തുടങ്ങി. തിരിഞ്ഞോടി നോക്കണമെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ, എന്തോ, അയാളെ തടഞ്ഞു. അത്ഭുതത്തോടെ നടത്തം നിര്‍ത്തി തിരിഞ്ഞ് നില്‍ക്കുകയായിരുന്ന വര്‍ക്കിയുടെ മണ്ടയില്‍ ഒന്ന് ചൊട്ടിയിട്ട് നടക്കാന്‍ ആം ഗ്യം കാണിച്ചു.

ഇനിയങ്ങോട്ട് ഇറക്കമാണ്‌. കുഴിയെന്ന് നാട്ടുകാര്‍ പറയും . കുഴിയിറങ്ങിയാല്‍ കടല്‍ ത്തീരം . ലൈറ്റ് ഹൌസില്‍ നിന്നും വെളിച്ചത്തിന്റെ ഒരു പാലം അനന്തതയിലേയ്ക്ക് ചുറ്റിക്കൊണ്ടിരുന്നു.

അവര്‍ മണലിലിരുന്നു. ബീഡി വലിച്ചു. നല്ല കാറ്റ് കൊണ്ടപ്പോള്‍ മനസ്സും ശരീരവും തണുത്തു. കുഞ്ഞുമേരിയേയും കോരിയെടുത്ത് യോഹന്നാനും കുറേ അയല്‍ ക്കാരും ഓടുന്നത് കണ്ടു.

' ഇന്നവള്‍ പെറുമായിരിക്കും .. അല്ലിയോടാ ? ' ദേവസ്സി ചോദിച്ചു.

വര്‍ക്കി കാര്യം മനസ്സിലാകാതെ മിഴിച്ചിരുന്നു. അപ്പോള്‍ മാനത്ത് മൂന്ന് നക്ഷത്രങ്ങള്‍ ഉദിച്ചു.

Subscribe Tharjani |
Submitted by kuttamenon (not verified) on Sun, 2008-06-08 18:38.

കഥ നന്നായിട്ടുണ്ട് ജയേഷ്..

Submitted by സെനോര്‍.. (not verified) on Mon, 2008-06-09 11:09.

Hi jayesh..
സങ്കതി ഗഭീരം.. ഏവര്‍ക്കും സ്വീകാര്യമായ ശൈലി. സുഖമുള്ള വായന. സകല സമസ്ത ഭാവുകങ്ങളും നേരുന്നൂ..