തര്‍ജ്ജനി

ദേവദാസ്

ഇമെയില്‍: vm.devadas@gmail.com

Visit Home Page ...

കഥ

അനാമിക

"എന്റെ ജീവിതത്തിന്റെ രക്ഷകാ...
എന്റെ മനസിലെ വിദ്വേഷ ചിന്തകള്‍ നശിക്കട്ടെ
എന്റെ വിരല്‍ ചലനങ്ങളില്‍ നിന്ന്‌
നല്ല ആശയങ്ങള്‍ മാത്രം അവതരിക്കട്ടെ "

തോല്‍പ്പാവക്കൂത്തു സംഘം തയ്യാറായിക്കഴിഞ്ഞിരുന്നു. തിരശീല പൂര്‍ണമായും ഉയരുകയും പാട്ടിന്റെ അകമ്പടിയാല്‍ നൃത്തം ചെയ്തുകൊണ്ട്‌ കഥാപാത്രങ്ങള്‍ ആനയിക്കപ്പെടുകയും ചെയ്തു. തുറന്ന മൈതാനത്തിലെ വേദിക്കടുത്തുള്ള ഇടറുന്ന മൈക്കില്‍ നിന്നു വന്ന ഒരു നാടോടി ശീലിനെ കാറ്റ്‌ സ്വന്തം മാറോടണച്ച്‌ സ്വന്തമാക്കി എങ്ങോ പോയ്‌ മറഞ്ഞു. എങ്കിലും താളാത്മകമായി അതിന്റെ ആശയം മാത്രം ചുറ്റുപാടുകളില്‍ തങ്ങി നിന്നു. ഹിന്ദിയുടെ ഏതോ പ്രാക്ര്യതമൂലരൂപത്തില്‍ അവര്‍ പാടിയ ശീലിനു മേല്‍പ്പറഞ്ഞ തര്‍ജ്ജമ നല്‍കിയത്‌ കൗമാരപ്രായക്കാരനായ അബുഹസനാണ്‌. അപരിചിതമായ ഈ നാട്ടില്‍ എന്റെ താല്‍ക്കാലിക ഗൈഡും ,സുഹൃത്തുമെല്ലാം അവനായിരുന്നു.

"ബാബൂ ..ആ തിരശീല കണ്ടോ? ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ കണ്ണികള്‍ കൊളുത്തിയാണ്‌ അതു കോര്‍ത്ത്‌ വലിക്കുന്നത്‌. ഇവര്‍ ഒറ്റയോ,ചിലപ്പോള്‍ ഒരു കൂട്ടമോ, കുടുംബം തന്നെയായൊ ആയിരിക്കാം. ഇവര്‍ക്കിടയില്‍ ചില വിശ്വാസങ്ങളൂണ്ട്‌. നല്ല കുടുംബ ബന്ധങ്ങള്‍ നിലനിന്നാലേ പാവകൂത്ത്‌ വിജയിക്കൂ എന്നതാണ്‌ അതിലൊന്ന്‌. "

അന്നത്തെ കഥ രാമായണമായിരുന്നു. പുരുഷോത്തമനും, പ്രജാവത്സനുമായ രാമന്‍. നൂലിഴകള്‍ വിരല്‍ നൃത്തത്തോടൊന്നു ചേര്‍ന്നപ്പോള്‍ രംഗങ്ങള്‍ മാറി വന്നു.
അയോദ്ധ്യ..കാനനം...ലങ്ക....

അബൂഹസന്‍ തീര്‍ത്തും ഉത്സാഹത്തിലാണ്‌. നാടകീയത നിറഞ്ഞ രംഗങ്ങള്‍ വരുമ്പോള്‍ ഉത്സാഹത്തോടെ അബു എന്റെ കാലുകളില്‍ പിടിച്ചമര്‍ത്തും. ഇവിടെ ഞങ്ങളില്‍ ആരാണ്‌ സന്ദര്‍ശകന്‍ എന്നു സംശയം തോന്നിപ്പോയി. പാതികാലായ വയറില്‍ സന്തോഷം നിറച്ച്‌ , ടൂറിസ്റ്റ്‌ ഗൈഡായി കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട്‌ വിദ്യഭ്യാസം നടത്തുന്ന സൗമ്യനായ അബുഹസനില്‍ അല്‍പമെങ്കിലും അസഹനീയമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത്‌ അമിതമായ ഹിന്ദിച്ചുവയുള്ള അവന്റെ ഇംഗ്ലീഷ്‌ മാത്രമാണ്‌. കൂടുതലായി സുഗന്ധദ്രവ്യക്കൂട്ട്‌ ചേര്‍ത്ത ഭക്ഷണം പോലെ.

"അബുവിനു രാമായണം ഇഷ്ടമാണോ?"

"ജീ ബാബൂ...ബാബുവിനു ഇഷ്ടമല്ലേ?"

ജന്മം കൊണ്ട്‌ ബംഗാളിയായതിനാലാവണം അവന്‍ ആ പ്രദേശത്തെ സ്ഥിരം ബഹുമാനപ്രയോഗമായ 'സാബി'നു പകരം ബാബു എന്നുപയോഗിക്കുന്നത്‌

"അബുവിന്‌ രാമനെ ഇഷ്ടമാണോ?"

"ഇഷ്ടമാണ്‌ "

എവിടെയോ തകര്‍ന്ന്‌ വീണ കല്‍ത്തൂണുകള്‍ അവനില്‍ പരിവര്‍ത്തനമുണ്ടാക്കിയിട്ടില്ലെന്ന്‌ സാരം.

"എനിക്ക്‌ രാമായണത്തിലെ രാവണനെയാണിഷ്ടം"

"ഓ..ബാബൂ അപ്പോള്‍ നിങ്ങള്‍ രാക്ഷസനാണോ?"

"നിനക്ക്‌ അങ്ങനെ തോന്നുന്നുവോ?"

"ഇല്ല..നിങ്ങള്‍ രാമനാണ്‌ ബാബൂ..."

"ഇതൊന്നുമല്ല ഞാന്‍ വിഭീഷണനാണ്‌. വിവരവും, വിവേകവും ഒക്കെയുണ്ടായിട്ടും ജേഷ്ഠനെ ചതിച്ചവന്‍ എന്ന തീരാശാപം...യുദ്ധത്തില്‍ പാളയം വിട്ട്‌ പാലായനം ചെയ്തതിന്റെ നാണക്കേട്‌. രാവണനു ശേഷം നന്നായി തന്നെ ലങ്ക ഭരിച്ചു.എന്നിട്ടെന്തായി? ഇപ്പോഴും നിലവിലെ കലാപങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലങ്ക എന്നു കേട്ടാല്‍ രാവണനല്ലേ മനസില്‍ വരിക...ഞാന്‍ വിഭീഷണന്‍..കുറ്റബോധം പേറുന്നൊരു വിഢി."

"അരുത്‌ ബാബൂ...നിങ്ങള്‍ വലിയവനാണ്‌."

"വലുപ്പം അളക്കാനുള്ള നിന്റെ ഏകകവും , ഉപകരണവും കാലഹരണപ്പെട്ടിരിക്കുന്നു. അബൂഹസ്സന്‍, ഒരാല്‍മരമാണ്‌ നീ...എന്നിട്ട്‌ മഷിത്തണ്ടിനോട്‌ പറയുന്നു വലിയവനാണെന്ന്‌. അതൊക്കെ വിട്ട്‌ കള. നിനക്ക്‌ രാമായണം ഇഷ്ടപ്പെടാനെന്താണു കാരണം?"

"തി�യുടെ അന്ത്യം...ന�യുടെ വിജയം..ശുഭാന്ത്യം... "

'ശുഭാന്ത്യം? ഹാ! നിന്റെ രാമയണം തീരെ ചെറുതാണ്‌. രഘുരാമാഗ്നി ശരം പൊയ്ക്കോല രാവണനില്‍ പതിച്ച്‌ കത്തിത്തീരുന്ന സമയത്തിന്റെ അത്രയും ചെറുത്‌. ആ ചിതല്‍പ്പുറ്റുകാരനും ,സംഘവും നിന്നെ കബളിപ്പിച്ചിരിക്കുകയാണ്‌. പാവക്കൂത്തിന്റെ ഒരു വശം മാത്രമേ നീ കാണുന്നുള്ളൂ....വെളുത്ത പ്രതലത്തില്‍ തോല്‍പ്പാവകളുടെ കറുത്ത നിഴല്‍രൂപങ്ങളുടെ കളികള്‍ മാത്രം.തിരശീലക്കപ്പുറം കടന്നു നോക്കണം.അവിടെ സങ്കീര്‍ണ്ണ ജാലികകളില്‍ ഒരുപാട്‌ ചരട്‌ വലികള്‍ കാണാം. അത്‌ നിയന്ത്രിക്കുന്നവര്‍ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പൊപ്പാനും, മൂക്കു ചൊറിയാനും കഴിയാതെ ബുദ്ധിമുട്ടുന്നതും കാണാം. വിരലുകള്‍ക്ക്‌ എവിടെയെങ്കിലുമൊന്നു പിഴച്ചാല്‍ കാണികളില്‍ നിന്നുയരുന്ന കൂവലിലും , കൂട്ടാളിയില്‍ നിന്നു പതിയുന്ന തീക്ഷ്ണമായ നോട്ടത്തിലും മുഖത്തു നിന്നു ദൈന്യത മറഞ്ഞ്‌ ഭയവിഹ്വലതകള്‍ കുടിയേറുന്നതും കാണാം...അബൂ നീ തിരശീലക്കിപ്പുറമാണ്‌. ഇതാകട്ടെ നിഴല്‍ ബിംബങ്ങള്‍ മാത്രം കാണുന്നൊരു ഛായാലോകവും. പൊയ്ക്കാഴ്ചകളില്‍ നീ കാണുന്ന രാവണനാകാം ആകത്തുള്ള രാമന്‍..."

"സത്യമാണോ ബാബൂ?..."

"എന്നു തീര്‍ത്തും പറയാനാകില്ല കാരണം ഒരു സത്യം പോലും ഒന്നില്‍ കൂടുതലും,പരസ്പര ബന്ധിതവും,ആപേക്ഷികവുമത്രെ...."

അബുവിന്റെ ശ്രദ്ധ വീണ്ടും രാമായണത്തിലായി. മാനായി മറഞ്ഞ മാരീചനെ പിടിക്കാനായി രാമനെ നിര്‍ബന്ധിക്കുന്ന സീതയുടെ നേര്‍ത്ത്‌ ചിലമ്പിച്ച സ്വരം എന്നെ ആകര്‍ഷിച്ചു. ഈണത്തേക്കാളേറെ സ്വരത്തില്‍ നിറഞ്ഞത്‌ ഭാവമായിരുന്നു...ആ പാവകൂത്ത്‌ മുഴുവനായും നിയന്ത്രിക്കുന്നത്‌ അവളുടെ സ്വരമാണെന്നു തോന്നി.

"അബൂ..ആരാണാ സീതയായി പാടുന്നത്‌. നിനക്കവളെ അറിയാമോ?"

"അത്രയൊന്നും പരിചയമില്ല ബാബൂ. ചില്ലു പതിച്ച ലോക്കറ്റുള്ള ഒരു മാല അവള്‍ക്കുണ്ട്‌. കുളിക്കുന്നതിനും, തുണി അലക്കുന്നതിനുമായി കടവിലേക്ക്‌ പോകുന്നത്‌ ഇടക്കു കാണാറുണ്ട്‌"

പേര്‌?"

"അറിയില്ല ബാബൂ"

"വസ്ത്രങ്ങള്‍ അല്‍ക്കുമ്പോഴാണോ നീ അവളെ കാണുന്നത്‌?"

"അതെ. അധികം പുറത്തിറങ്ങാത്ത പ്രക്ര്യതം ആണെന്നു തോന്നുന്നു."

"എങ്കില്‍ അവള്‍ അനാമികയാണ്‌. "

"ഓ..ബാബുവിനു അവളെ അറിയാമോ?'

"ഇല്ല. അറിയാത്തതിനാലാണ്‌ അവളെ ഞാന്‍ അനാമികയെന്ന്‌ വിളിച്ചത്‌."

"ഗണിത സൂത്ര വാക്യങ്ങളില്‍ അജ്ഞാതമായി ഒളിച്ചിരിക്കുന്ന മൂല്യത്തിനു ഊരും, നാളും നോക്കാതെ നമ്മള്‍ 'എക്സ്‌' എന്നു നാമകരണം നടത്താറില്ലേ? വളരെ അടുത്തറിയാവുന്ന ഒരു തരം അജ്ഞത. ..അടുത്ത വരിയില്‍ മൂല്യം അറിയാനാകും എന്നിരിക്കെ, അതിനു തൊട്ടു മുന്നെയായി നിര്‍ദ്ധാരണത്തില്‍ നിന്ന്‌ നമ്മെ പിന്തിരിപ്പിക്കുന്ന സൗഹൃദം നിറഞ്ഞ ഒരജ്ഞത. റോണ്‍ജന്‍ ഇന്ത്യാക്കാരനായിരുന്നെങ്കില്‍ അയാളുടെ അദൃശ്യ കിരണങ്ങള്‍ക്കും ഇതേ പേര്‌ നല്‍കുമായിരുന്നു. അനാമിക...ഇനി നീ അനാമികയെക്കുറിച്ച്‌ പറയൂ...
"വെളുത്ത നിറമാണ്‌ ബാബൂ...മുടിക്ക്‌ ചെമ്പിച്ച നിറം...മെലിഞ്ഞാണ്‌ , കാതില്‍ വലിയ കമ്മലുകളുണ്ട്‌. കഴുത്തില്‍ ചില്ലു പതിച്ച ഒരു മാല. "

"ചില്ലുമാലയെ പറ്റി നീ നേരത്തെ പറഞ്ഞതാണ്‌. "

"വര്‍ണ്ണ നൂലുകള്‍കൊണ്ട്‌ ചിത്രപ്പണികളുള്ള വസ്ത്രങ്ങളാണ്‌ ധരിക്കാറുള്ളത്‌. അയഞ്ഞ്‌ നീണ്ട വസ്ത്രങ്ങള്‍. കാലില്‍ കൊലുസു കാണണം. കാരണം ,ഞാന്‍ അതിന്റെ ശബ്ധം കേട്ടിട്ടുണ്ട്‌."

"പ്രായം?"

"ഒരു പതിനഞ്ച്‌... പതിനാറു വയസ്സ്‌ കാണണം ബാബൂ"

"അപ്പോള്‍ നിന്റെ പ്രായം തന്നെ. അവളെക്കുറിച്ച്‌ ആവശ്യത്തില്‍ കൂടുതല്‍ നിനക്കറിയാമല്ലോ"

"കളിയാക്കാതെ ബാബൂ. എനിക്കു നാണം വരുന്നു."

"എനിക്ക്‌ ഉറക്കമാണു വരുന്നത്‌.നീ രാമായണം മുഴുവനാക്കൂ. ഞാന്‍ ലോഡ്ജിലേക്ക്‌ പോകുന്നു. കളി കഴിഞ്ഞാല്‍ നീയും അങ്ങോട്ട്‌ പോന്നേയ്ക്കൂ."

************************

ഉരുകുന്ന മീനച്ചൂടില്‍ ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ സാക്ഷ്യത്തില്‍ ആര്യങ്കാവിലമ്മയുടെ പൂരം കൊടികയറുന്നു...ആരവങ്ങളും വായ്ക്കുരവകളുമായി ഭക്തജനങ്ങള്‍. രാത്രിയെ ഉറക്കമറ്റതാക്കുന്ന കൂത്തുകവിപ്പാട്ടിന്റെ പുലയശീലുകള്‍. ...നാളുകള്‍ക്കനുസരിച്ച്‌ അവതാരം മുതല്‍ ശ്രീരാമപട്ടാഭിഷേകം വരെ നീളുന്ന കഥ. കളി തുടങ്ങുന്നതിനു മുന്നെ കൂത്തുമാടത്തിനു പിറകില്‍ ചെന്നാല്‍ ഉറങ്ങുന്ന കഥാപാത്രങ്ങളില്‍ നിന്നു വരുന്ന പഴകിയ മാന്‍ തോലിന്റെ മണം. കാലങ്ങളായി കണ്ടും, കേട്ടും മടുത്ത ഒരേ കഥ. കാണാനായി കൂത്തുമാടത്തിന്‌ മുന്നിലെ കുടിലിലേക്കെഴുന്നള്ളുന്ന ഭഗവതിമാരും ,അന്ത്യാളനും. ദൂരെ ആചാരവെടി മുഴക്കുന്ന കതിനകള്‍...
അല്ല; ഇപ്പോള്‍ കേള്‍ക്കുന്നത്‌ കതിനാമുഴക്കമല്ല. വാതിലിലെ മുട്ടാണ്‌. ..അബുഹസനായിരിക്കണം.
ബാബൂ ഇന്ന്‌ കളി മുടങ്ങി. നിങ്ങള്‍ അവിടെ ഉണ്ടാകേണ്ടതായിരുന്നു. പിണങ്ങില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങള്‍ക്കു കരിങ്കണ്ണുണ്ടോ? നിങ്ങള്‍ ശരിക്കും ആ കുട്ടിക്ക്‌ കണ്ണിട്ടിരിക്കുന്നു.
അതിനു ഞാനവളെ കണ്ടിട്ടില്ലല്ലോ... എന്താണ്‌ കളി മുടങ്ങാന്‍ കാരണം?

"എല്ലാം നന്നായി വരികയായിരുന്നു ബാബൂ..രാമരാവണ യുദ്ധം മുറുകി വരുന്ന നേരം. പെട്ടെന്ന്‌ രാവണന്റെ ചന്ദ്രഹാസം രാമന്റെ തല നിയന്ത്രിച്ചിരുന്ന നൂലില്‍ കുടുങ്ങി. അബദ്ധത്തില്‍ രാമന്റെ തലയറ്റു വീണു. ആളുകളാകെ കൂവി വിളിച്ചു. "

"എന്നിട്ട്‌?"

"നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്‌ ബാബൂ.തിരശീലക്കു പിറകിലാണ്‌ യഥാര്‍ഥ ലോകം. രാമരാവണ യുദ്ധത്തില്‍ ഇന്ന്‌ രാവണനെ നിയന്ത്രിച്ചിരുന്നത്‌ ആ പെണ്‍കുട്ടിയായിരുന്നു...നിങ്ങളുടെ അനാമിക "
"അനാമിക?...അവള്‍ സീതയായിരുന്നില്ലെ?"

"അല്ല ബാബൂ. തിരശീലക്കു പിറകിലാണ്‌ യഥാര്‍ത്ഥ്യം. പാവകൂത്തിലെ ഏറ്റവും ചടുലമായ രംഗമാണല്ലോ രാമരാവണ യുദ്ധം. കൂട്ടത്തില്‍ ഏറ്റവും നന്നായി പവകളെ ചലിപ്പിക്കുന്നത്‌ ഇവളായിരുന്നുവത്രെ. അതിനാല്‍ യുദ്ധ രംഗത്ത്‌ മാത്രം അവള്‍ രാവണനാകും. ആ സമയത്താണ്‌ ഇങ്ങനെ ഒരബദ്ധം പറ്റി രാമന്‍ രാവണനാല്‍ കൊല്ലപ്പെടുന്നത്‌. കാണികള്‍ പരിഹസിച്ചു. അവരുടെ കൂട്ടത്തിലെ തന്നെ നാലഞ്ചുപേര്‍ ചേര്‍ന്ന്‌ അവളെ ചീത്തവിളിക്കുകയും, ഒരാള്‍ തല്ലുകയും ചെയ്തു.അവരുടെ വിശ്വാസപ്രകാരം പെണ്ണ്‌ പിഴച്ചാലാണത്രെ ഇങ്ങനെയൊക്കെ സംഭവിക്കൂ. അബൂ അവളൊരിക്കലും പിഴച്ചവളാകില്ല. ധീരനായ ബാലിയെ ഒളിയമ്പെയ്ത്‌ ചതിച്ചു കാന്ന, പരിശുദ്ധയായ സീതയെ കാട്ടിലുപേക്ഷിച്ച ,വേദം പഠിച്ചെന്ന കാരണത്താല്‍ ശംഭൂകനെന്ന ശൂദ്രനെ വധിച്ച മര്യാദാപുരുഷോത്തമനായ രാമനെ ഒരിക്കലെങ്കിലും കൊല്ലണമെന്നു ഏത്‌ രാവണനും തോന്നിപ്പോകും. ചന്ദ്രഹാസം അറിയാതെ ഉടക്കിയതാകാന്‍ വഴിയില്ല., എന്നും രാവണനെ കൊന്നുകൊണ്ടിരിക്കുന്ന അനാമിക മനപ്പൂര്‍വം ഒരുക്കിയ കെണിയാകണമത്‌.

"നിങ്ങള്‍ അവിടെ വേണ്മായിരുന്നു ബാബൂ..നിങ്ങള്‍ക്ക്‌ രാവണനെയാണല്ലോ ഇഷ്ടം. രാവണന്‍ ജയിക്കുന്നത്‌ ഇത്തരം അപൂര്‍വ്വാവസരങ്ങളില്‍ മാത്രമല്ലെ. ആ കാഴ്ച നിങ്ങള്‍ക്ക്‌ നഷ്ടപെട്ടു. സന്ദര്‍ശകര്‍ക്ക്‌ നല്ല കാഴ്ച നഷ്ടപെട്ടാല്‍ ഒരു ഗൈഡായ എനിക്കത്‌ വിഷമം ഉണ്ടാക്കും."

"ഞാന്‍ കാണാത്ത കാഴ്ചയുടെ സൗന്ദര്യം കൂടി അനാമികയ്ക്ക്‌ ഇരിക്കട്ടെ"

ഞാന്‍ അബൂഹസനു രാവണനെ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുത്തു.(പാവകളില്ലാതെ തന്നെ)

"അബൂ..രാവണന്‍ വീരനായിരുന്നു... സ്ഥിരതയുള്ളവന്‍. അഗ്നികുണ്ഠത്തിനു മുന്നിലിരുന്നു ബ്രഹ്മാര്‍പ്പണാര്‍ത്ഥം തലയറുക്കുമ്പോള്‍ പോലും ലോഹ ഖഡ്ഗത്തില്‍ തന്റെ പ്രതിബിംബം ഇളകരുതെന്ന്‌ ദൃഡനിശ്ചയമുള്ളവന്‍. മെര്‍ക്കുറി പോലും ഖരാവസ്ഥയിലാക്കി അസ്ത്രാഗ്രത്തില്‍ അതിനെയുറപ്പിച്ച പുരാതന ആല്‍ക്കെമിസ്റ്റ്‌. ഒരു പക്ഷികുഞ്ഞിനേ പോലെ പുഷ്പക വിമാനം പറത്തിയ പ്രാചീന പെയിലറ്റ്‌. കൈലാസം കയ്യില്‍ പതിഞ്ഞമര്‍ന്നപ്പോള്‍ നിമിഷ കാവ്യം രചിച്ച മഹാകവി. മേഘനാദന്റെ ജനനസമയത്ത്‌ ഗ്രഹോപഗ്രഹങ്ങളെ വരിഞ്ഞു കെട്ടിയ ധിക്കാരിയായ ജ്യോതിഷി. ലങ്കയിലെത്തി യുദ്ധത്തിനു മുന്നോടിയായി യാഗം ചെയ്യാനാഗ്രഹിച്ച രാമന്റെ ക്ഷണ പ്രകാരം തനിയെ നിരായുധനായി വാനരപ്പടക്ക്‌ സമീപം വരികയും യജമാന പത്നിയുടെ കുറവ്‌ പരിഹരിക്കാന്‍ അശോകവനിയില്‍ നിന്നു സീതയെ വരുത്തുകയും, യാഗത്തിനൊടുവില്‍ രാമന്‌ 'വിജയീ ഭവ' എന്നാശംസിക്കുകയും ചെയ്തു സീതയുമായി തിരികെ കൊട്ടാരത്തിലേക്കു പോയ ബ്രാഹ്മണ ശ്രേഷ്ഠനായ രാവണന്‍. വാനരപ്പട തന്റെ ഭാര്യയെ കടന്നാക്രമിച്ചപ്പോള്‍ ശിവവദനം മുടക്കി യുദ്ധത്തിനു ചെന്ന പോരാളിയായ രാവണന്‍. ഇന്ദ്രജിത്തിന്റെ മൃതദേഹത്തിനരികിലിരുന്ന്‌ കണ്ണീരൊഴുക്കിയ പുത്രവത്സനായ രാവണന്‍. 'പക്ഷേ നിന്റെ പാവക്കൂത്തിലോ?
പാവകള്‍ക്ക്‌ എല്ലായെപ്പോഴും ഒരേ മുഖഭാവം...
കൊടും തപസ്സില്‍ തലയറുക്കുമ്പോള്‍...
മഹാ കൈലാസം കയ്യിലമരുമ്പോള്‍...
മയാസുരപുത്രി മണ്ഡോദരിയെ പ്രാപിക്കുമ്പോള്‍...
കടലുകാക്കുന്ന ലങ്ക കത്തിയമരുമ്പോള്‍...
രഘുരാമബാണം ഏല്‍ക്കുമ്പോള്‍....
രാവണന്‌ ഒരേ മുഖം...ഒരേ ഭാവം...ഒരേ പോലുള്ള ചലനങ്ങള്‍....
ഇനിയും നീ ഉറക്കം കളയണ്ടാ...നേരം ഒരുപാടായി."

"ശരി ബാബൂ...രാവിലെ നേരത്തേ ഞാന്‍ വന്നു വിളിക്കാം..."

************************

ലോഡ്ജിനടുത്തായി ഒരു നീര്‍ചാലുണ്ടായിരുന്നു. പ്രകൃതിയുടെ ഏതോ അജ്ഞാത കോണില്‍ നിന്ന്‌ ഉത്ഭവിച്ചുരുത്തിരിഞ്ഞ്‌ ഒഴുകി വരുന്ന ഒരു കൊച്ചുനീര്‍ച്ചാല്‍. പ്രഭാതത്തില്‍ അല്‍പനേരം അതിന്റെ കലമ്പല്‍കൂട്ടലും, പൊട്ടിചിരികളും കേള്‍ക്കാനായി മാറ്റി വെയ്ക്കാറുണ്ട്‌. നീര്‍ചാലിനടുത്തുള്ള പടികെട്ട്‌ മുഴുവനും പായല്‍കൊണ്ട്‌ മൂടിയിരുന്നു. അതിേ‍�ല്‍ ആരൊക്കെയോ തങ്ങള്‍ക്കിഷ്ടപെട്ടവരുടെ പേരുകള്‍ കോറിയിട്ടിരിക്കുന്നു. നീര്‍ച്ചാലിന്നരികിലെ ഏകാന്ത നിമിഷങ്ങളെ അലോസരപ്പെടുത്താനായി അബൂഹസന്‍ കയറി വരാറുണ്ട്‌.

"ബാബൂ..നിങ്ങളിന്നും എവിടെ തന്നെയാണോ?"

പതിവു തെറ്റിയില്ല, അബൂഹസന്റെ ആഗമനം.

"ആ പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ല ബാബൂ..."

"ആരെ?"

"നമ്മുടെ അനാമികയെ. അവള്‍ക്ക്‌ അമ്മയില്ലത്രെ. അച്ഛന്‍ കരഞ്ഞലഞ്ഞ്‌ അന്വേഷിക്കുന്നുണ്ട്‌. ഇന്നലെ അവളെ തല്ലിയത്‌ അയാളായിരുന്നു. എന്തിനായിരിക്കും അവള്‍ പോയത്‌? തല്ലിയതു കൊണ്ടായിരിക്കും... അതല്ല..പിഴച്ചവളെന്ന്‌ വിളിച്ചതുകൊണ്ടായിരിക്കും അല്ലേ ബാബൂ..?"

"അവളെക്കുറിച്ച്‌ ഒന്നും തന്നെ എനിക്കറിയില്ല. അവള്‍ അനാമികയാണ്‌. "

മനസിന്റെ തിരയിളക്കങ്ങളില്‍ അന്ന്‌ അനാമികയങ്ങനെ പ്ലവന തുല്യാവസ്ഥയില്‍ സഞ്ചരിച്ചു. അബൂഹസന്‍ തന്ന വര്‍ണനകള്‍ വച്ച്‌ അനാമികയുടെ ഒരു സങ്കല്‍പ രൂപം ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ കണ്ണടച്ചപ്പോള്‍ മനസില്‍ തെളിഞ്ഞത്‌ കൂത്തുമാടത്തില്‍ തിരിയിടുന്ന മണ്ണാത്തിക്കിടാവ്‌. മുനിഞ്ഞ്‌ കത്തുന്ന വിളക്കില്‍ തിളങ്ങുന്ന എണ്ണക്കറുപ്പാര്‍ന്ന ശരീരം. ഒന്നാഞ്ഞു വലിച്ചാല്‍ ഇപ്പോഴും മൂക്കില്‍ വന്നു നിറയുന്ന പഴകിയ മാന്‍ തോലിന്റെ മണം...

"ഓ..ജയ്‌....രാം മഹോദയ്‌ ...
സീതാ മോഹന്‌...ജാനകി വല്ലഭ്‌.."

പാവക്കൂത്തിലെ രാമസ്തുതി...പക്ഷെ ആര്യങ്കാവില്‍ നിന്നല്ല; അടുത്തു നിന്ന്‌. പാടുന്നത്‌ കണ്ണന്‍ പുലയനല്ല;അനാമികയുടെ സ്വരം. ഈ രാത്രിയില്‍ ഇത്രയും അടുത്ത്‌ ആരാണ്‌ പാവക്കൂത്തു നടത്തുന്നത്‌? നീര്‍ച്ചാലിനടുത്തു നിന്നാണ്‌ ശബ്ദം. നീര്‍ച്ചാലില്‍ മുങ്ങിക്കിടക്കുന്ന പൂര്‍ണ്ണചന്ദനെ കാലുകൊണ്ട്‌ തട്ടിക്കളിക്കുകയാണവള്‍...

"അനാമിക.."

"ജീ സാബ്‌. താങ്കള്‍ക്ക്‌ എന്താണ്‌ വേണ്ടത്‌?"

"നിന്റെ പാട്ട്‌...പാവക്കൂത്ത്‌"

"എന്റെ കയ്യില്‍ ഒരു പാട്ടേയുള്ളൂ. ഒരു പാവയും.

ഇതു വച്ച്‌ ഞാന്‍ എങ്ങനെ രാഗം കൊഴുപ്പിക്കും?"

എന്തായാലും രാമായണം ഇനി വയ്യ. ...ഞാന്‍ അനാര്‍ക്കലിയെ കാണിക്കാം. "

"സലിം എവിടെ?"

"അനാര്‍ക്കലിയുടെ മനസിലാണ്‌ സലിം."

നിലാവിന്റെ രംഗപടത്തില്‍ ഒരൊറ്റ പെണ്‍പാവയെ വച്ച്‌ അവള്‍ അനാര്‍ക്കലിയെ അവതരിപ്പിച്ചു. അവസാന രംഗങ്ങളില്‍ അവളുടെ ശബ്ദം പതറിയിരുന്നു. കഥ തീര്‍ന്ന നിമിഷം അവള്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനായി തലയില്‍ കൈവെക്കുമ്പോഴേക്കും നീര്‍ച്ചാലിനു കുറുകേകടന്ന്‌ പായല്‍ പടിക്കെട്ടുകള്‍ താണ്ടി അവള്‍ ഓടി മറഞ്ഞു. നേര്‍ത്തു നേര്‍ത്തില്ലാതാകുന്ന കൊലുസിന്റെ സ്വരം അവളെ പിന്തുടരാന്‍ പ്രേരിപ്പിച്ചു. പൊടുന്നനെ ചന്ദ്രനെ മറച്ചൊരു കാര്‍മേഘത്തിന്റെ സഹായത്താല്‍ ഇരുളില്‍ അവള്‍ പൂര്‍ണ്ണമായും അലിഞ്ഞില്ലാതായി തീര്‍ന്നിരുന്നു. പാതി വഴിയില്‍ ദിക്കുകള്‍ തിരിച്ചറിയാതെ മടങ്ങാനുള്ള പാത മറന്ന്‌ ഞാന്‍ നിന്നു പരുങ്ങി.

************************

"ബാബൂ...ഇതെന്താ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാത്തത്‌. അല്ലെങ്കില്‍ ഈ സമയം ആ നീര്‍ച്ചാലിനടുത്ത്‌ നിന്ന്‌ ഒറ്റക്ക്‌ സംസാരിക്കാറുണ്ടല്ലോ?"

"ഇന്നലെ നേരം വൈകിയാണ്‌ കിടന്നത്‌. അനാമിക രാത്രിയില്‍ നീര്‍ച്ചാലിനടുത്ത്‌ വന്നിരുന്നു...അവള്‍ പാടി..പാവക്കൂത്തു നടത്തി...പിന്നെ എങ്ങോ ഓടി മറഞ്ഞു...."

"എന്താണീ പറയുന്നത്‌. ഞാനൊരു ദുഃഖ വാര്‍ത്തയുമായാണ്‌ വന്നിരിക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ താഴ്‌വാരത്തിനടുത്ത്‌ പൊട്ടക്കിണറ്റില്‍ നിന്ന്‌ അവളുടെ ജഡം കിട്ടി... അവള്‍ മരിച്ചു... ബാബൂ... പിന്നെങ്ങനെയാണ്‌ രാത്രിയില്‍ അവളുടെ പാട്ടു കേള്‍ക്കുക?"

"ഇല്ല അബൂഹസന്‍ ഞാന്‍ പറയുന്നത്‌ സത്യമാണ്‌."

"അവളായിരിക്കില്ല.മറ്റാരെങ്കിലും നിങ്ങളെ കബളിപ്പിച്ചതായിരിക്കും."

"പക്ഷെ...ആ ശബ്ധം..ആ വസ്ത്രം..ആ രൂപം..."

തെരുവിലൂടെ ആരോ മദ്യപിച്ചുകൊണ്ട്‌ ഉച്ചത്തില്‍ പാട്ടുപാടി നടന്നു പോകുന്നു. അത്‌ അനാമികയുടെ അച്ഛനാണെന്ന്‌ അബു പറഞ്ഞു. ആ പാട്ടും അവന്‍ എനിക്കായി തര്‍ജ്ജമ ചെയ്യാനൊരുങ്ങി.

"വേണ്ട അബൂഹസന്‍ ...നാട്ടുകാരുടെ മൊത്തം വിഴുപ്പലക്കിയിരുന്ന തന്റെ അമ്മയ്ക്ക്‌ പോലും സ്വന്തം ശരീരത്തിനേറ്റ കളങ്കം കഴുകിക്കളയാനാകില്ലെന്ന്‌ ആ മണ്ണാത്തിക്കിടാവിന്‌ തിരിച്ചറിവുണ്ടായ ദിവസം... മാനിന്റെ മണമുള്ള അവളുടെ തൊലി അമ്പലക്കുളത്തിലെ മീനുകള്‍ തിന്ന ദിവസം... ചാരായാഷാപ്പില്‍ നിന്ന്‌ ഉറയ്ക്കാത്ത കാലുകളുമായിറങ്ങി അങ്ങാടി മുഴുവനും ഇതേപോലൊരച്ഛന്‍... മണ്ണാന്‍ രാമന്‍ തൊണ്ട പൊട്ടി പാടിയലഞ്ഞ ദിവസം. അന്നു വീണതാണ്‌ നെഞ്ചിലീ കനല്‍... കുറ്റബോധത്താല്‍ അതിന്നും നീറി പുകയുന്നുണ്ടെങ്കില്‍ ആ പാട്ട്‌ മനസിലാക്കാന്‍ എനിക്കൊരു പരിഭാഷകന്റെ ആവശ്യമില്ല.. അയാള്‍ പാടുന്നത്‌ ഇങ്ങനെയായിരിക്കണം.

അവള്‍ മറ്റാരുമായിരുന്നില്ല...
സുഗന്ധമോ സുഗന്ധവാഹിനിയോ ആയിരുന്നില്ല.....
കല്ലായിരുന്നില്ല...ചന്ദനവുമായിരുന്നില്ല...
ഇപ്പോള്‍ അവളെക്കുറിച്ച്‌ ഒന്നും പറയാനില്ല...
കാരണം അവള്‍ മറ്റാരുമായിരുന്നില്ല..
അവള്‍ ഗുണശീലവതിയോ
ഗുണരഹിതയോ ആയിരുന്നില്ല...
നിഴലായിരുന്നില്ല...നിലാവുമായിരുന്നില്ല...
ഇനിയും നാം തര്‍ക്കിക്കേണ്ടതില്ല...
അവള്‍ അനാമികയായിരുന്നു....
അവള്‍ അനാമികയായിരുന്നു.... "

എന്റെ പരിഭാഷ ശരിയാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ അബൂഹസന്‌ തലയാട്ടാതിരിക്കുക വയ്യ.

Subscribe Tharjani |
Submitted by ശൈലജ (not verified) on Tue, 2008-06-10 17:16.

നന്നായിരിക്കുന്നു ദേവദാസിന്റെ കഥ.

ഭാഷയില്‍ നിങ്ങളുടെ കയ്യടക്കം, കഥ പുരോഗമിക്കുന്നതിലെ സ്വാഭാവികത എന്നിവ ശ്രദ്ധിച്ചു. എന്ന്നിരുന്നാലും, വല്ലാതെ ആണ്‍പക്ഷത്തുനിന്നല്ല താങ്കള്‍ കഥ പറയുന്നത് എന്നതാണ് കൂടുതല്‍ ആകര്‍ഷിച്ചത്.

ഇനിയും എഴുതുക.

Submitted by kuttamenon (not verified) on Tue, 2008-06-10 21:35.

കല്ലായിരുന്നില്ല...ചന്ദനവുമായിരുന്നില്ല...
ഇപ്പോള്‍ അവളെക്കുറിച്ച്‌ ഒന്നും പറയാനില്ല...
കാരണം അവള്‍ മറ്റാരുമായിരുന്നില്ല..
Good story deva.

Submitted by ഗുപ്തന്‍ (not verified) on Mon, 2008-06-23 16:37.

നല്ല കഥ. പകുതി (രാമനിഗ്രഹം) കഴിഞ്ഞ് പതിവുകളിലേക്ക് വീണുപോയോ എന്ന് സംശയം. എങ്കിലും മൊത്തത്തില്‍ ഓര്‍ത്തിരിക്കാവുന്ന കൂത്ത്.