തര്‍ജ്ജനി

സോമനാഥന്‍ . പി

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ചുമരും ചിത്രവും : കേരളാസ്റ്റൈല്‍

കര്‍ണ്ണാടകയില്‍ കുടകിനടുത്തുള്ള പ്രസിദ്ധമായ ബുദ്ധക്ഷേത്രത്തിനരികില്‍ കച്ചവടം ചെയ്യുന്ന ഒരു ടിബറ്റന്‍ സ്ത്രീയുമായി പരിചയപ്പെട്ടു. ഈ പ്രദേശത്തു ജനിച്ചുവളര്‍ന്നവരെങ്കിലും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ലാത്തവരാണു് അവിടെയുള്ളവര്‍. ഒരു രാജ്യത്തിന്റെയും പൗരന്മാരല്ലാത്ത മനുഷ്യജീവികള്‍. സംസാരിക്കുന്നതിനിടെ അവര്‍ ചോദിച്ചു നിങ്ങള്‍ കേരളത്തില്‍നിന്നാണു വരുന്നതു് അല്ലേ ? ധാരാളം സഞ്ചാരികള്‍ വരുന്ന സ്ഥലമാണതു്. അവര്‍ക്കിടയില്‍നിന്നു് എങ്ങനെയാണു് തന്റെ മലയാളിത്തം ഒറ്റക്കാഴ്ചകൊണ്ടുതന്നെ തിരിച്ചറിയാന്‍ കഴിയുന്നതു് ? മറ്റുസഞ്ചാരികളെപ്പോലെ പാന്‍റും ഷര്‍ട്ടുംതന്നെയാണു് ഞാനും ധരിച്ചിരിക്കുന്നതു്. പഴയ ശുഭ്രവസ്ത്രധാരിയല്ല ഇന്നു് മലയാളി. പക്ഷെ അവര്‍ക്കു സംശയമേതുമില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, കള്ളിക്കുപ്പായവും മടക്കിവെച്ച കുപ്പായക്കയ്യും കണ്ടാലറിയാം മലയാളിയാണെന്നു്. മലയാളിയെ തിരിച്ചറിയാനുള്ള അടയാളമായി ഡ്രസ്സ് കോഡിനെ, വേഷത്തെക്കാള്‍ വേഷവിധാനരീതിയെ, കേരളത്തിനു പുറത്തുള്ളവര്‍ കണക്കാക്കുന്നുണ്ടു്.

തമിഴ്‌നാട്ടില്‍ സിനിമകള്‍ക്കു് വെറും നീലനിറത്തിലുള്ള പോസ്റ്ററുകള്‍ മാത്രം അച്ചടിച്ചിരുന്ന കാലത്തും കേരളത്തിലേക്കായി പ്രത്യേകം കളര്‍ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. അതിലുമുണ്ടു് കേരളത്തിന്റെ വ്യത്യസ്തമായ ഒരു ദൃശ്യബോധത്തെക്കുറിച്ചു് ഒരു സൂചന. നമ്മുടെ ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളില്‍ യൂനിഫോം എന്ന മര്‍ക്കടമുഷ്ടി ഒഴിവാക്കിയാല്‍ നിറങ്ങളുടെ നിത്യോത്സവമാകും അരങ്ങേറുക. അത്രയേറെ മമതയാണു് മലയാളിക്കു് നിറങ്ങളോട്. കേരളത്തിലെ ഭൂപ്രകൃതി ഓരോ പ്രദേശത്തും വ്യത്യസ്തമാണു്. അതിന്റെ ജൈവവൈവിദ്ധ്യമാകട്ടെ അപാരവും. കേരളത്തിന്റെ ദൃശ്യസംസ്കാരത്തെപ്പറ്റി പറയുമ്പോള്‍ എടുത്തു കാണിക്കാറുള്ള ഘടകങ്ങളാണിവ. ദൃശ്യകലകളുടെ കാര്യത്തില്‍ സമ്പന്നമാണു് നമ്മുടെ പാരമ്പര്യം. അതില്‍ ചിത്രകലയ്ക്കു് പ്രമുഖമായ സ്ഥാനമുണ്ടു്. അതിപുരാതനകാലത്തു് മനഷ്യര്‍ കണ്ടെത്തിയ ആദ്യകലാരൂപം ചിത്രമായിരിക്കും. അന്നേ കേരളത്തില്‍ ചിത്രമെഴുത്തു് തുടങ്ങിയിരുന്നു എന്നതിനു് ദൃഷ്ടാന്തമാണു് എടയ്ക്കല്‍ ഗുഹയില്‍ കോറിവരച്ചിട്ട ചിത്രങ്ങളും ലിപികളും. പ്രകൃതിവിഭവങ്ങളില്‍നിന്നു് ചായക്കൂട്ടുകള്‍ നിര്‍മ്മിക്കാനുള്ള സങ്കേതം കേരളത്തിലുണ്ടായിരുന്നു എന്നതിനു് അനേകം ചുമര്‍ചിത്രങ്ങള്‍ സാക്ഷ്യം നില്ക്കുന്നു. പൊടികള്‍ ഉപയോഗിച്ച് നിലത്തു് കളമെഴുതുന്ന ചിത്രരീതിയും കേരളത്തിലുണ്ടു്. അനുഷ്ഠാനപരതയാണു് അതിന്റെ ഒരു സവിശേഷത. അത്രയ്ക്കു് വിപുലമായ ഒരു ചിത്രസംസ്ക്കാരം നമുക്കുണ്ടെങ്കിലും അവയെ വളരെ പരിമിതമായി മാത്രമേ നമ്മുടെ ചലച്ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂ എന്നു കാണാം. ചലച്ചിത്രം എന്ന പേരു് സൂചിപ്പിക്കുന്നതു് സിനിമകള്‍ അടിസ്ഥാനപരമായി ചിത്രങ്ങള്‍ തന്നെയാണു് എന്നത്രെ. നമ്മുടെ പരമ്പരാഗത ദൃശ്യകലകളെ ആവശ്യത്തിനും അനാവശ്യത്തിനും സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ടു്. അത്തരം പ്രദര്‍ശനങ്ങളെയല്ല ഇവിടെ ഉദ്ദേശിച്ചതു്. ചിത്രസംസ്ക്കാരത്തെ സര്‍ഗ്ഗാത്മകമായി പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു് പറയുന്നതു്. മലയാളനാടകങ്ങള്‍ അതിലുമെത്രയോ മുന്നേറിയിട്ടുണ്ടു്. ത്രിമാനവസ്തുക്കളും നിഴലും വെളിച്ചവും കൊണ്ടുനടത്തുന്ന ഒരു ചിത്രപ്പണിയെന്നു വിശേഷിപ്പിക്കാവുന്ന നാടകത്തിന്റേതു് സൂക്ഷ്മാര്‍ത്ഥത്തില്‍ ചിത്രകലയെന്നതിനെക്കാള്‍ ശില്പകലയാണു്.

മുട്ടോളം ഉയരത്തില്‍ കറുപ്പു് തേച്ച (ജപ്പാന്‍ ബ്ലാക്കു് എന്നാണതിനു പേരു്) ചുമരില്‍ ഫോട്ടോകളും കലണ്ടറുകളും തൂക്കിയിടുന്നതു് പണ്ടത്തെ ഒരു സ്റ്റൈല്‍ ആയിരുന്നു. ഉണങ്ങിയ ഇലഞ്ഞിമാലകള്‍ അവയെ അലങ്കരിച്ചു് സുരഭിലമാക്കി. ഉത്സപ്പറമ്പുകളില്‍ പണ്ടു് ചുമര്‍ക്കലണ്ടറുകള്‍ ഒരാകര്‍ഷണമായിരുന്നു. കലണ്ടറുകള്‍ ലേലം വിളിക്കുന്ന പതിവും ഉണ്ടായിരുന്നു. വലിയ ചിത്രങ്ങള്‍ക്കടിയില്‍ ഒരു വര്‍ഷത്തെ കലണ്ടര്‍ ചെറുതായി അച്ചടിച്ചരിക്കും. അന്നു പക്ഷെ ഞാറ്റുവേലക്കണക്കിലായിരുന്നു കേരളത്തിന്റ ജീവിതചക്രം എന്നതിനാല്‍ ചുമരില്‍ത്തൂങ്ങിയ ചിത്രങ്ങളുടെ അടിയിലുള്ള കലണ്ടര്‍ വെറുമൊരു ചടങ്ങുമാത്രമായിരുന്നു. (ആവശ്യമില്ലാത്തതെങ്കിലും ഒഴിച്ചുകൂടാന്‍ പറ്റാത്തതു് ലോട്ടറി ടിക്കറ്റിന്റെ പിന്നാമ്പുറത്തു് എന്നപോലെ കഴിയുന്നത്ര ചെറുതാക്കി എവിടെയെങ്കിലും കാണിക്കും. എം.എല്‍.എ./എം.പി. ഫണ്ടുകള്‍ തരപ്പെടുത്തി ഉണ്ടാക്കിയ കെട്ടിടങ്ങളുടെ നെറ്റിമേല്‍ അതിനേക്കാള്‍ വലുപ്പത്തില്‍ അവരുടെ പേരെഴുതുന്നതു കണ്ടാലറിയില്ലേ കെട്ടിടമല്ല ആ പേരാണു് അതിലെ കാര്യമെന്നു്.) എങ്കിലും എല്ലാ ചുമരുകളിലും കലണ്ടറുകള്‍ ഞാന്നു നിന്നു. മഴയും കാറ്റും വരുമ്പോള്‍ അവ ചുമരലിരുന്നു ആടിക്കൊണ്ടു് ഒച്ചവെക്കുകയും ചിലപ്പോള്‍ പറന്നുവീണു് കമ്പിയൊടിഞ്ഞു് കിടപ്പിലാവുകയും ചെയ്യും. പ്രകൃതിദൃശ്യങ്ങളെക്കാള്‍ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ക്കായിരുന്നു ഡിമാന്റ്. സഖാവു് കൃഷ്ണപ്പിള്ള അങ്ങനെ മരണാനന്തരവും കേരളത്തിലെ ഒരു കാലഘട്ടത്തിലെ സുപ്രധാന രാഷ്ട്രീയസംഭവങ്ങള്‍ക്കു് ചുമരില്‍ത്തൂങ്ങിയാടിക്കൊണ്ടു് മൂകസാക്ഷിയായി. `ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മം' എന്നു പറയുമെങ്കിലും ഒറ്റ ഫോട്ടോയിലൂടെ മാത്രമാണു് കൃഷ്ണപ്പിള്ളയുടെ മുഖം പിന്‍തലമുറ കണ്ടതു്. അദ്ദേഹത്തിന് ആ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. കലണ്ടറില്‍ അദ്ദേഹത്തിന്റെ മുഖത്തിനു കീഴെ ചെങ്കൊടിയേന്തിയ ഒരു നീണ്ട ജാഥയുമുണ്ടാകും. അനന്തതയില്‍നിന്നു് ആരംഭിച്ചു് വളഞ്ഞുപുളഞ്ഞു നീങ്ങിവരുന്ന ഒരു മഹാജാഥയുടെ നിശ്ചലചിത്രം. അത്തരം കൊളാഷുകളിലൂടെയാണു് കേരളത്തില്‍ വിപ്ലവപ്രസ്ഥാനം നിത്യസത്യമായതു്. അതിനടുത്തുതന്നെ ഗുരുവായൂരപ്പനും അയ്യപ്പനും മറ്റും അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടു് തൂങ്ങിയാടുന്നതും അപൂര്‍വ്വമല്ല. എം ജി.ആറും. സത്യനും പ്രേംനസീറും അവരോടൊപ്പം കണ്ടേയ്ക്കാം. തുടര്‍ന്നു് വ്യപാരസ്ഥാപനങ്ങള്‍ നല്കുന്ന പുതുവത്സരസമ്മാനമായി കലണ്ടറുകള്‍. കലണ്ടറുകളുടെ ഉയരം നാലടിയോളം കൂട്ടിക്കൊണ്ടു് ബോംബെ ഡയിംഗ് ശ്രീദേവിയെയും പത്മിനി കോലാപ്പുരിയെയും രതി അഗ്നിഹോത്രിയെയും പോലുള്ള ദേശീയതാരസുന്ദരികളുടെ രൂപങ്ങള്‍ വീട്ടുചുമരുകളിലെ പുരനിറഞ്ഞുനില്ക്കുന്ന സാന്നിദ്ധ്യമാക്കുന്നതു് പിന്നീടാണു്.

നമ്മുടെ ചുമരുകള്‍ ആര്‍ട്ട് ഗാലറിപോലെ ആയിരുന്നു. കലയെ മാത്രമല്ല , അതതുകാലത്തെ സാമൂഹികസങ്കല്പങ്ങളെയും മാന്യതാബോധത്തെയും താരങ്ങളെയും മറ്റും അതു് ജീവിതത്തില്‍ ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടിരുന്നു. കമിഴ്ന്നു കിടക്കുന്ന കുഞ്ഞു മുതല്‍ പല്ലുകൊഴിഞ്ഞ വൃദ്ധര്‍ വരെ ചുമരില്‍ ജീവിതപരിണാമത്തിന്റെ നിദര്‍ശനങ്ങളായി പലപ്പോഴും മാറാലകെട്ടിക്കൊണ്ടു് നിന്നു. പെണ്ണുകാണാന്‍ പോയ ആള്‍ ചുമരില്‍ തൂക്കിയിട്ട ശ്രീനാരായണഗുരുവിന്റെ ചിത്രം കണ്ടു് മുത്തച്ഛനാണല്ലേ എന്നു ചോദിച്ചതായി ഒരു തമാശക്കഥയുണ്ടു്. എന്തിനു്, കല്യാണത്തിന്റെ ആല്‍ബം വരെ ചില്ലിട്ട് തൂക്കിയ ചരിത്രമുണ്ടു്.

നവദമ്പതികളുടെ ഫോട്ടോകളാണു് ചുമരിലെ മറ്റൊരലങ്കാരം. വിവാഹത്തിനും മറ്റും സമ്മാനമായി ലഭിക്കുന്ന ഇണപ്രാവുകളുടെ ചിത്രത്തിനു താഴെ മംഗളശ്ലോകങ്ങള്‍ അച്ചടിച്ച മംഗളപത്രങ്ങളും ഉണ്ടായിരുന്നു. ചില്ലില്‍ എനാമല്‍ പെയിന്‍റുകൊണ്ടു വരച്ചെടുത്ത പ്രകൃതിദൃശ്യങ്ങളും ഇണപ്രാവുകളും ജാഥകളും മറ്റും ഇതേ പോലെ ലഭിച്ചിരുന്നു. അവയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക കമ്മറ്റി വക എന്നോ മറ്റോ എഴുതിവെച്ചിട്ടുണ്ടാകും. അക്കൂട്ടത്തില്‍ മിക്കവാറും റോസ് നിറത്തിലുള്ള കോണ്‍ക്രീറ്റു വീടുകളുടെ ചിത്രം വീടിനെക്കുറിച്ചുതന്നെയുള്ള സങ്കല്പങ്ങളിലെ മാറ്റത്തെ കാണിക്കുന്നു. ഏറെക്കാലം ചുമരില്‍ത്തൂങ്ങിനിന്നു് മനഃപാഠമായതിനുശേഷമാണു് അത്തരം വീടുകള്‍ മണ്ണില്‍ ഉയര്‍ന്നു തുടങ്ങുന്നതു്. ചിത്രങ്ങളുടെ മൂകമെങ്കിലും നിത്യമായ സാന്നിദ്ധ്യം വ്യക്തിയുടെ മാനസികഘടനയില്‍ വലിയ സ്വാധീനംതന്നെ ചെലുത്തുന്നുണ്ടു്. എം. മുകുന്ദന്റെ `കേശവന്റെ വിലാപങ്ങളി'ല്‍ ഈ പ്രത്യയശാസ്തധര്‍മ്മം ചിത്രീകരിക്കുന്നുണ്ട്. ചുമരില്‍ത്തൂങ്ങിക്കിടക്കുന്ന ഇം. എം. എസ്സ് നമ്പൂതിരിപ്പാടിന്റെ ചിത്രം കുഞ്ഞുന്നാളിലേ ചെലുത്തുന്ന സ്വാധീനമാണു് കഥാപാത്രത്തെത്തന്നെ നിര്‍ണ്ണയിക്കുന്നതു്. രാഷ്ട്രീയകൊലപാതകത്തിനു് പോലും തയ്യാറാകാന്‍ പാകത്തില്‍ അവനെ മാറ്റിയെടുക്കുന്നതു് കലണ്ടറിലൂടെ നിത്യപരിചിതനായ ഈ ആള്‍ദൈവമാണു്.

പീടികച്ചുമരില്‍ ചോക്കും കരിയും ഉപയോഗിച്ചു് പ്രകൃതിദൃശ്യങ്ങള്‍ വരയ്ക്കുന്ന രീതിയും ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രം ഇന്നും ചിലയിടങ്ങളില്‍ കാണാം. ബസ്സാണു് അത്തരം ചിത്രങ്ങളിലെ ഒരു പ്രധാനബിംബം. രവിവര്‍മ്മയുടെ `ദാ അച്ഛന്‍ വരുന്നു' എന്ന ചിത്രം മരുമക്കത്തായത്തില്‍ നിന്നു് മക്കത്തായത്തിലേക്കുള്ള പരിണാമത്തെയാണു് ചിത്രീകരിക്കുന്നതു് എന്നു പറയുന്നതുപോലെ ആ ബസ്സുകളിലാണു് ആധുനികത കേരളത്തില്‍ വന്നിറങ്ങിയതു്. ( ഉത്തരാധുനികതയുടെ ചിഹ്നമായി ജെ.സി.ബി.യെ കാണാവുന്നതാണു്. മൂന്നാറില്‍ ഏകശിലാരൂപങ്ങളായ ബൃഹദാഖ്യനങ്ങളെ ഡീകണ്‍സ്ട്രക്റ്റു ചെയ്യുന്ന ജെ.സി.ബിയുടെ ബിംബം എത്ര പ്രതീകാത്മകമാണു്, നവനവോല്ലേഖകല്പനയാണു് എന്നോര്‍ക്കുക) ആധുനികതയുടെ ഈ ചിഹ്നം കുട്ടികളെപ്പോലെ അന്നു് മുതിര്‍ന്നവരെയും ആകര്‍ഷിച്ചിരിക്കണം. ക്രമേണ ചുമരുകള്‍ക്കു് നിറം വെച്ചുതുടങ്ങുകയും ജനലുകള്‍ ചില്ലണിയുകയും ചിത്രക്കലണ്ടറുകളും ഫോട്ടോകളും അപ്രത്യക്ഷമായിത്തുടങ്ങുകയും ചെയ്തു. ഇരുത്തികളും ബെഞ്ചുകളും മാറി ഊണു് ബെഞ്ചും തുടര്‍ന്നു് ഡൈനിംഗ് ടേബിളും ചെയറുകളും സ്ഥാനം പിടിക്കുന്നതും അക്കാലത്താണു്. കലണ്ടറുകള്‍ ഡേറ്റ് കലണ്ടറുകളാവുകയും അവയ്ക്ക് ടേബിള്‍ എഡിഷന്‍ വരികയും ചെയ്തു.

കേരളത്തിന്റെ ചിത്രരചനാരീതിയുടെ ജനകീയധാര പക്ഷെ , പൂക്കളങ്ങളുടേതാണു്. ഓണമെന്ന കൊയ്ത്തുത്സവത്തെ അവ വസന്തോത്സവങ്ങളാക്കി മാറ്റി. കുട്ടികളും മുതിര്‍ന്നവരും എല്ലാം അതില്‍ പങ്കാളികളായിരുന്നു. സംഘകാലത്തെ ഐന്തിണകളെപ്പോലെ എല്ലാതരം തിണകളില്‍നിന്നും പൂക്കള്‍ ശേഖരിക്കുന്നതിനായുള്ള സാഹസികയാത്രകളാണു് ഓണത്തിന്റെ യഥാര്‍ത്ഥ ത്രില്ല്. അവ ഉപയോഗിച്ചു് ഇടാന്‍ പോകുന്ന പൂക്കളങ്ങളെക്കുറിച്ചുള്ള ഒരിക്കലും പൂര്‍ത്തീകരിക്കാനാകാത്ത സങ്കല്പങ്ങള്‍. മനസ്സില്‍ വരച്ചുമായ്ക്കുന്ന എത്രയെത്ര ചിത്രങ്ങള്‍. ഓരോതരം പൂക്കളെക്കൊണ്ടു് വെറും വട്ടങ്ങള്‍ മാത്രം ഇട്ടുപോകുന്ന തികച്ചും സാധാരണമായ രീതി മുതല്‍ വലിയ ജോമട്രിക് പാറ്റേണുകള്‍ വരെയാണു് പൂക്കളത്തിന്റെ ഡിസൈനുകള്‍. നിറങ്ങള്‍ തമ്മിലുള്ള വൈജാത്യവൈരുദ്ധ്യങ്ങള്‍ (contrasts) ആണു് പൂക്കളത്തിന്റ ഭംഗി. അതോടൊപ്പം ഓരോതരം പൂവിന്റെയും ഭൗതികസ്വഭാവവും- ഇതളിന്റെ ഘടന, വലുപ്പം, രൂപം, മൃദുത്വം, കനം തുടങ്ങിയവ- മറ്റു പൂക്കളോടുള്ള ചേര്‍ച്ചയും വളരെ പ്രധാനമാണു്. തികച്ചും ബ്ലാക്കു് എന്റ് വൈറ്റ് ആയ സര്‍പ്പക്കെട്ടു് കളങ്ങളിലെ ഒരു പ്രത്യേക ഐറ്റമാണു്. കണ്ടറിഞ്ഞുമാത്രമല്ല തൊട്ടും മണത്തും അറിഞ്ഞും അറിയിച്ചുമാണു് കേരളം തന്റെ ചിത്രസങ്കല്പങ്ങളെ തലമുറകളിലേക്കു് പകര്‍ന്നതു്. പൂക്കളനിര്‍മ്മാണത്തില്‍നിന്നു് ആദ്യം അപ്രത്യക്ഷമായതു് പൂക്കള്‍ തേടിയുള്ള യാത്രയാണു്. വെളിമ്പറമ്പുകള്‍ ഇല്ലാതാവുകയും ഉള്ളപറമ്പുകള്‍ക്കെല്ലാം വേലിയും ക്രമേണ മതിലും വന്നതോടെ കുട്ടികളടെ വിനോദയാത്ര വാട്ടര്‍തീം പാര്‍ക്കുകളിലേക്കു് ചുരുക്കേണ്ടിവന്നു. നാടന്‍പൂവുകള്‍ മുതിര്‍ന്നവരുടെ ഗൃഹാതുരസ്മരണ മാത്രമായി. വിപണിയില്‍ ജമന്തിയും ചെട്ടിയും മാത്രം കുമിഞ്ഞുകൂടി. നിറങ്ങള്‍ യെല്ലോയുടെയും പിങ്കിന്റെയും ഷേയ്ഡുകള്‍ മാത്രമായി.

കളര്‍ പെന്‍സിലുകളും സ്കെച്ചുപെന്നുകളും ക്രയോണുകളും വാട്ടര്‍ കളറുമെല്ലാം സര്‍വ്വസാധാരണമാണിന്നു്. എല്ലാ കുഞ്ഞുങ്ങളും ആദ്യം കൈവെക്കുന്ന മേഖല ചിത്രങ്ങളുടേതാണു്. ഏതു നഗരത്തിലായാലും കുഞ്ഞുങ്ങള്‍ വരച്ചുതുടങ്ങുന്നത് പൂവും ശലഭവുമാണു്. കോഴിയും തോണിയും വരും. അമ്മയുടെ കണ്മഷിയെഴുതിയ കണ്ണും വലിയ സിന്ദൂരക്കുറിയും തന്നെയാണു് അമ്മ. അവര്‍ കണ്ടുപഴകിയതിനെയാണോ യഥാര്‍ത്ഥത്തില്‍ അവര്‍ വരയ്ക്കുന്നതു് എന്നു് ഗവേഷണം ചെയ്യേണ്ടതാണു്. എങ്കിലും ചിത്രങ്ങളെ അനുഭവിച്ചറിയാനുള്ള അവസരം ഏതാണ്ട് ഇല്ലാതായിരിക്കുന്നു.

ഇന്നിപ്പോള്‍ മനസ്സിലുള്ളതെന്തും ചിത്രവും ചലച്ചിത്രവും ആക്കാനുള്ള ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണു്. പത്രങ്ങളിലും വാരികകളിലും ഉള്ള ഇല്ലസ്ട്രേഷനുകളും ലേ ഔട്ടു് ചിത്രങ്ങളും മലയാളിയുടെ ജീവിതത്തില്‍ ചിത്രത്തിന്റെ നിത്യസാന്നിദ്ധ്യമായി നില്ക്കുന്നുണ്ടു്. പുതിയ വിദ്യാഭ്യാസപദ്ധതി ചിത്രകലയുടെ സാദ്ധ്യതയും പ്രയോജനവും പാടേ തിരസ്ക്കരിച്ചിരിക്കുന്നു എന്നതാണു് ദുരന്തം. എങ്കിലും നമ്മുടെ ചിത്രകലാപാരമ്പര്യത്തില്‍നിന്നു് ഊര്‍ജ്ജം ഏറ്റെടുത്താല്‍ ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാര്‍ - പഴയപോല വെറും കലാകാരന്മാരല്ല മികച്ച പ്രൊഫഷനലുകള്‍ - മലയാളികളാകേണ്ടതാണു്. ഇനിവരുന്ന കാലം അതു സാക്ഷ്യപ്പെടുത്തുമെന്നു് പ്രത്യാശിക്കാം.

Subscribe Tharjani |