തര്‍ജ്ജനി

സംഗീതം

ആല്‍ബം: മുംബായ് പാഥോസ്

ആധുനികഭാരതത്തിന്റെ ചരിത്രത്തിലെ ഞെട്ടിക്കുന്ന ഒരു അദ്ധ്യായമാണു് 26/11. മുംബെ നഗരം ഭീകരാക്രമണത്തിനു് വിധേയമായദിനമാണതു്. വിക്ടോറിയാ ടെര്‍മിനസില്‍ വണ്ടി കയറാനും വണ്ടിയിറങ്ങിയും പോകുന്നവരും വഴിയാത്രക്കാരുമായ സാധാരണക്കാരും പൊടുന്നനവേ യന്ത്രത്തോക്കുകളില്‍ നിന്നുമുള്ള വെടിയുണ്ടകള്‍ക്കിരയായി പൊലിഞ്ഞു വീണു. മുംബെ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങള്‍ ഇന്നു് എല്ലാവര്‍ക്കും അറിയാവുന്നതാണു്. മുംബെ ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസം ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം സുഹൃത്തുക്കള്‍ ഈ ദുരന്തസംഭവത്തിനു് ഇരയാവര്‍ക്കും ഇതില്‍ വ്രണിതരായ എല്ലാവര്‍ക്കും വേണ്ടി വല്ലതും ചെയ്യാന്‍, ഈ ദുരന്തത്തിന്റെ വികാരം പങ്കിടാന്‍ ആഗ്രഹിച്ചു് ഒത്തു ചേര്‍ന്നു. വിക്ടോറിയാ ടെര്‍മിനസില്‍ വെടിയുണ്ടകള്‍ക്കിരയായ സാധാരണക്കാര്‍ക്കു വേണ്ടി വല്ലതും ചെയ്യണമെന്നു് ഞങ്ങള്‍ ആഗ്രഹിച്ചു.

ദുരന്താനുഭവത്തിന്റെ സാക്ഷികള്‍ക്കും അനുഭവസ്ഥര്‍ക്കും ആശ്വാസം നല്കാനുള്ള ഉചിതമായ ഉപാധി സംഗീതമാണു് എന്നു് ഞങ്ങള്‍ കരുതുന്നു. ഈ സംഗീതാല്‍ബം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പോലീസിന്റേയും കമാന്റോകളുടേയും ത്യാഗപൂര്‍ണ്ണമായ സാഹസികതയ്ക്കുമുള്ള ആദരസമര്‍പ്പണമാണു്. വിപത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ സഹായഹസ്തവുമായി എത്തിയ സമസ്തസുമനസ്സുകള്‍ക്കുമുള്ള സ്നേഹാര്‍പ്പണം കൂടിയാണിതു്. തെരുവീഥിയില്‍ പൊലിഞ്ഞുപോയ സാധാരണക്കാരനുമായി ആത്മൈക്യം പ്രകടമാക്കുന്നവയാണു് ആല്‍ബത്തിലെ പകുതി രചനകള്‍. ആല്‍ബത്തിന്റെ വില്പനയില്‍ നിന്നും ലഭിക്കുന്നതു് മുംബെ ആക്രമണത്തിന്നിരയാവര്‍ക്കു നല്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.

ആല്‍ബത്തിലെ രചനകളെക്കുറിച്ചു്: ഡൌണ്‍ ബൈ ദ വാട്ടര്‍ ഫ്രണ്ട് എന്ന ഗാനം താജിനെക്കുറിച്ചാണു്. ഗതകാലപ്രൌഡിയോടെ ഈ സുന്ദരശില്പം ഒരിക്കല്‍കൂടി പുനര്‍ജ്ജനിക്കുമെന്ന പ്രതീക്ഷ പ്രകടമാക്കുകയാണു് ഈ ഗാനം. ഇന്‍ മൈ വേള്‍ഡ് എന്ന ഗാനം നഷ്ടലോകത്തെയോര്‍ത്തു് നിസ്സഹായമായി വിലപിക്കുന്ന കൊച്ചു മോഷെയെ അവതരിപ്പിക്കുന്നു. ശിശുഭാഷയിലൂടെ നഷ്ടലോകത്തെ ആവിഷ്കരിക്കാനുള്ള ശ്രമമാണു് ഈ ഗാനം. കലുഷിതമായ കാലത്തു് സാര്‍വ്വലൌകികമായ മാനവസ്നേഹത്തെക്കുറിച്ചു് പാടുകയാണു് ലാംഗ്വേജ് സാന്‍സ് റെസ്ട്രേന്റില്‍. ജീവിതത്തിന്റെ സരളമായ ആഹ്ലാദത്തിനായുള്ള ദാഹമാണു് എക്കോസ്.

ഗാനങ്ങള്‍ എഴുതി ആലപിച്ചതു് ശാലിനിയാണു്. സംഗീതസംവിധാനം മഹേഷ്.

Subscribe Tharjani |