തര്‍ജ്ജനി

ഡോ. പി. മാധവന്‍

THE ENGLISH AND FOREIGN LANGUAGES UNIVERSITY
Hyderabad - 500007
Andhra Pradesh , India

Visit Home Page ...

വര്‍ത്തമാനം

മുംബായ് പാഥോസ്: സാന്ത്വനം സംഗീതം

ബാംഗളൂരില്‍ ജനിച്ചു വളര്‍ന്ന, ഹൈദരാബാദില്‍ സകുടുംബം താമസിക്കുന്ന ഇരിഞ്ഞാലക്കുട സ്വദേശിനി ശാലിനിയുടെ ആദ്യ ആല്‍ബം, മുംബായ് പഥോസ്, ഇംഗ്ലീഷ്‌ കവിതകളുടെ സംഗീതാവിഷ്ക്കാരമാണ്‌. കവിതകളുടെ ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നതും ശാലിനി തന്നെ. തര്‍ജ്ജനി ശാലിനിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌:

തര്‍ജ്ജനി: ഈ ആല്‍ബത്തിന്റെ രചനയുടെ പശ്ചാത്തലം ഒന്നു വിവരിക്കാമോ?

ശാലിനി: എനിക്ക്‌ സംഗീതത്തില്‍ മുന്‍പരിചയമൊന്നുമില്ല, പാടുമായിരുന്നു എന്നു മാത്രം. ഇതെന്റെ ആദ്യസംരംഭമാണ്‌. കഴിഞ്ഞ നവംബറില്‍ ജോലി രാജി വെച്ച്‌ സ്വസ്ഥം വീട്ടിലിരിക്കുമ്പോള്‍ തോന്നിയ ആശയമാണ്‌ വളര്‍ന്ന്‌ ഈ രൂപത്തിലായത്‌. നവംബറില്‍ ആണല്ലോ മുംബയിലെ ഭീകരാക്രമണം. അതു കൊണ്ട്‌ സ്വാഭാവികമായും ആ വിഷയം മനസ്സിനെ ഉലച്ചു, അത്‌ ഗാനങ്ങളായി.

തര്‍ജ്ജനി: ഇത്‌ കവിതയായാണോ അതോ സംഗീതമായാണോ ശാലിനി സ്വയം കാണുന്നത്‌?

ശാലിനി: ആദ്യം ഞാന്‍ കവിതയായി തന്നെ ആണ്‌ സങ്കല്‍പിച്ചിരുന്നത്‌, പിന്നീട്‌ ആല്‍ബമായി മാറിയപ്പോള്‍ സംഗീതത്തിന്റെ അംശം കൂടുതലായി. കവിതയിലൂടെ പ്രൊജെക്ട്‌ ചെയാന്‍ ഉദ്ദേശിച്ചിരുന്ന കരുണരസം കുറച്ചെങ്കിലും ചോര്‍ന്നു പോയെന്നും വേണം കരുതാന്‍. ഉപകരണങ്ങളുടെ ബാഹുല്യം വാക്കുകളുടെ ആവിഷ്കാരശക്തിയെ നേര്‍ പ്പിച്ചു കളഞ്ഞു എന്നു പറയാം. പാശ്ചാത്യസംഗീതത്തിന്റെ ശ്രോതാക്കള്‍ ഏറിയ കൂറും യുവാക്കളാകയാല്‍ അവരുടെ സങ്കല്‍പത്തിന്‌ യോജിക്കുന്ന ഫോര്‍മറ്റ്‌ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതയായി.

തര്‍ജ്ജനി: കവിതകളുടെ രചനയും സംഗീതാവിഷ്ക്കാരവും ഒന്നിച്ചു തന്നെയണോ നിര്‍വ്വഹിച്ചത്‌?

ശാലിനി: അങ്ങനെയല്ല. എന്റെ സുഹൃത്ത്‌ മഹേഷ്‌ നാരായണ്‍ ഗിറ്റാറില്‍ കോഡുകള്‍ വായിച്ച്‌ കേള്‍പ്പിച്ചു അതിലെ പ്രോഗ്രഷന്‌ ഒത്തു പോകുന്ന ലിറിക്കുകള്‍ ഞാന്‍ രചിക്കുകയാണുണ്ടായത്‌. അഞ്ചാറു ദിവസം കൊണ്ട്‌ കവിതകളെല്ലാം രൂപപ്പെട്ടു. പിന്നീട്‌ ഇന്‍‌‌സ്ട്രുമെന്റേഷനും മിക്സിങ്ങും എല്ലാം നടത്തി. ഇക്കാര്യങ്ങളെക്കുറിച്ച്‌ നേരിയ ധാരണ പോലും എനിക്കില്ലായിരുന്നു. ജോലിയില്ലാത്ത സമയത്താണ്‌ ഇതിനു പുറപ്പെട്ടത്‌ എന്നു പറഞ്ഞുവല്ലോ, എന്നാല്‍ ഉടന്‍ തന്നെ പുതിയ ജോലി എഛ്‌ എസ്‌ ബി സി ബാങ്കില്‍ കിട്ടി. അവര്‍ ഫ്രെഞ്ച്‌ സമയം സ്വീകരിച്ചത്‌ നന്നായി, ഉച്ചയ്ക്ക്‌ പന്ത്രണ്ട്രര മുതലാണ്‌ ജോലിസമയം. അതുകൊണ്ട്‌ രാവിലെ ഈ ആല്‍ബത്തിന്റെ പണി തുടരാന്‍ സാധിച്ചു.

തര്‍ജ്ജനി: നിങ്ങള്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിണിയാണല്ലോ. കവിതയുടേയും സംഗീതത്തിന്റേയും ലോകത്ത്‌ എത്തിപ്പെട്ടത്‌ യാദൃച്ഛികമായാണോ?

ശാലിനി: എന്നു പറഞ്ഞു കൂടാ. ആദ്യം മുതലേ എനിക്കു ഭാഷയും (ഇംഗ്ലീഷ്‌) സാഹിത്യവും പ്രിയമായിരുന്നു. എഴുതി പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ലെങ്കിലും.

തര്‍ജ്ജനി: ഈ ആല്‍ബത്തിന്റെ സാധ്യതകളെ പറ്റി എന്താണ്‌ വിചാരം?

ശാലിനി: ഇതില്‍ നിന്നു കിട്ടുന്ന ലാഭം മുഴുവന്‍ ബി സി പി ടി (ബോംബേ കമ്യൂണിറ്റി പബ്ലിക്‌ ട്രസ്റ്റ്‌) എന്ന സന്നദ്ധസേവാസാംഘത്തിന്‌ നല്‍കാനാണ്‌ വിചാരിക്കുന്നത്‌. മുംബയിലെ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക്‌ സഹായം എത്തിക്കുന്ന സംഘമാണത്‌. അവരെ ഈ എളിയ ശ്രമത്തിലൂടെ സഹായിക്കാനായാല്‍ അതു തന്നെ ആയിരിക്കും ഈ ആല്‍ബത്തിന്‌ കിട്ടാവുന്ന അംഗീകാരവും.

ശാലിനിയുടെ ഭര്‍ത്താവ്‌ ബാബു നാരായണന്‍ വിപ്രോവില്‍ എഞ്ചിനീയറാണ്‌. ഏക മകള്‍ ഗായത്രി സ്കൂള്‍ വിദ്യാര്‍ഥിനിയും. ബാബുവിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും തനിക്ക്‌ വളരെയേറെ ആത്മവിശ്വാസവും കരുത്തും നല്‍കി എന്ന് ശാലിനി.

Subscribe Tharjani |