തര്‍ജ്ജനി

കഥ

ഏകാകികളുടെ പ്രാവുകള്‍

സന്ധ്യയായി. സൂര്യന്‍ അസ്തമിച്ചു. വീടുകളില്‍ വിളക്കുകള്‍ കൊളുത്തി നാമം ചൊല്ലല്‍ തുടങ്ങി. അമ്മാവന്‍ വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്നു നേരിയ കുളിര്‍കാറ്റു വീശുന്നു.

അല്പസമയത്തിനു ശേഷം ഒരു പ്രാവ് വന്ന് അമ്മാവന്റെ തോളത്തിരുന്നു. അമ്മാവന്‍ പ്രാവിനോട് ചോദിച്ചു “എന്താ നിന്റെ കൂട്ടുകാരൊക്കെ പറന്നു പോകുന്നു, നീ കൂട്ടിലേയ്ക്കില്ലേ? ഒറ്റയ്ക്ക് എന്റെ അരികില്‍ വന്നിരിക്കുന്നതെന്തിന്? എന്നോടു കൂടി താമസിക്കാനാണോ? നിന്നെ കാണാതെ കൂട്ടുകാര്‍ വിഷമിക്കില്ലേ? അവര്‍ പറന്നകലും മുന്‍പ് വേഗത്തില്‍ അവരോടൊപ്പം കൂട്ടില്‍ ചെന്നെത്തുന്നതല്ലേ നല്ലത്? ഒറ്റയ്ക്കു പോകുന്നത് ആപത്താണല്ലൊ. ”

മറുപടി പറയാതെ പ്രാവ് അമ്മാവന്റെ തോളത്തേയ്ക്ക് കുറെകൂടി ചാഞ്ഞു നിന്നു. “നീ എനിക്ക് കൂട്ടിനായി വന്നിരിക്കുകയാനല്ലേ, ശരി. എനിക്കു സന്തോഷമായി. എന്റൊപ്പം നീ താമസിച്ചു കൊള്ളുക. “

രാത്രി ആഹാരം കഴിഞ്ഞ് രണ്ടുപേരും ഒന്നിച്ചുറങ്ങി.

രാവിലെ അമ്മാവന്‍ പറഞ്ഞു : “ നീ എന്നോടുകൂടെ ഇവിടെ താമസിക്കാന്‍ വന്ന കൂട്ടുകാരനാണല്ലോ, ഞാന്‍ നിനക്ക് ഒരു കൂട് ഉണ്ടാക്കിതരാം. സുഖമായി അതില്‍ താമസിക്കുക”

എന്നും രാവിലെ പ്രാവ് കൂട്ടില്‍ നിന്നിറങ്ങി അമ്മാവനോടൊപ്പം വന്നിരിക്കും. കുറെ നേരം അമ്മാവന്‍ സംസാരിക്കുന്നതു ശ്രദ്ധിക്കും. വൈകുന്നേരവും അമ്മാവന്റെ തോളില്‍ അവനിരിക്കും. സന്ധ്യയ്ക്ക് പ്രാവുകള്‍ വരിവരിയായി പറന്നുപോകുന്നതു കാണുമ്പോള്‍ ‘നിനക്കും ആഗ്രഹമില്ലെ അവരോടൊപ്പം പറന്നു പോകാന്‍ എന്ന് അമ്മാവന്‍ ചോദിക്കും. അമ്മാവന്റെ കവിളില്‍ ഒരു കൊത്താണ് അവന്റെ മറുപടി.

“ശരി, നീ പോകണ്ട. എന്റെ കൂടെ തന്നെ കൂടികൊള്‍ക. എനിക്കു നിന്നെ വളരെ ഇഷ്ടമാണ്. നീ എന്റെ സ്നേഹിതന്‍ അല്ലേ.“

അങ്ങനെ അവര്‍ ഒന്നിച്ചു കഴിഞ്ഞു.

ഒരു നാള്‍ രാവിലെ പ്രാവ് കൂട്ടില്‍ നിന്നും പുറത്തുവന്നില്ല. അമ്മാവന് ആകെ പരിഭ്രമമായി. ദീനമുഖത്തോടെ കൂട്ടില്‍ നിന്ന് പ്രാവ് അമ്മാവനെ നോക്കി. അമ്മാവന്‍ ചോദിച്ചു :“സുഹൃത്തേ എന്താ ഇത്ര ദുഃഖം?പുറത്തേയ്ക്കു വരൂ..”

അവന്‍ പുറത്തേയ്ക്കു വന്നില്ല. തലകിനിച്ച് വിഷാദത്തോടെയിരുന്നു.

“എന്തിനാണിങ്ങനെ വിഷമിക്കുന്നത്? എന്തു കാര്യമായാലും എന്നോടു പറയുക. നീ എന്റെ ചങ്ങാതിയല്ലേ? “

അവന്‍ തലയുയര്‍ത്തി. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അമ്മാവന്‍ ചോദിച്ചു : “സന്തോഷത്തോടെ നീ എന്റെയടുത്തു വന്നു. സന്തോഷത്തോടേ ഞാനും നിന്നെ സ്വീകരിച്ചു. ഇന്ന് നീ ദുഃഖിക്കുന്നതെന്തിന്? ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തുവോ? “

നല്ല വാക്കുകള്‍ കേട്ട് പ്രാവ് പറന്നു വന്ന് അമ്മാവന്റെ കൈയിലിരുന്നു. നെഞ്ചിലേയ്ക്ക് കൊച്ചുകുഞ്ഞിനെപ്പോലെ ചാഞ്ഞു. അമ്മാവന്റെ കണ്ണുകളിലേയ്ക്കു നോക്കി വിറയ്ക്കുന്ന ചുണ്ടുകളോടെ അവന്‍ പറഞ്ഞു : “ എന്നോടു ക്ഷമിക്കുക. നമ്മള്‍ പിരിയേണ്ട സമയമായി.“ അവന്‍ തുടര്‍ന്നു : “എന്നെ സന്തോഷത്തോടു കൂടി വേണം യാത്രയയക്കാന്‍. ഞാന്‍ ആകാശത്തില്‍ പറന്നു നടക്കട്ടെ. എല്ലാ ആളുകളും അദ്ധ്വാനിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന ഈ പ്രഭാതത്തില്‍ ഞാന്‍ മാത്രം എന്തിന് കൂട്ടില്‍ കിടക്കണം? ഇതിന്റെ അഴികളോരോന്നും എന്നെ നോക്കി ചിരിക്കുകയാണ്. എന്റെ കൂട്ടുകാര്‍ എന്നെ കാത്തിരിക്കുകയായിരിക്കും. നീലമേഘങ്ങള്‍ എന്നെ ഓമനിക്കാന്‍ കാത്തു നില്‍ക്കുന്നു. തടാകങ്ങളും താമരകളും സ്നേഹത്തോടെ എന്നു വിളിക്കുന്നു.പുഷ്പരാശികളും പുല്‍പ്പടര്‍പ്പുകളും എന്നെ നോക്കി പുഞ്ചിതൂകുന്നു. ഇവിടെയുണ്ടായിരുന്ന നല്ല ജീവിതത്തെപ്പറ്റി എന്റെ കൂട്ടുകാരോട് പറയാന്‍ നാവു കൊതിക്കുന്നു. എന്നെ യാത്രക്കാക്കുക.”

അമ്മാവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി. “നീ സമാധാനത്തോടെ യാത്രയാവുക.” അമ്മാവന്‍ പറഞ്ഞു. “നീ ചറകടിച്ചു പറക്കുന്നതു കാണാന്‍ ഞാന്‍ വിടര്‍ന്ന മിഴികളുമായി നില്‍ക്കും. എനിക്കു വയസ്സായി. അധികം നാള്‍ നിന്നെ പോറ്റുന്നതിനു കഴിവില്ല. ജനമഭൂമിയിലേയ്ക്കു നീ തിരിച്ചു ചെല്ലുക തന്നെ വേണം. ദിവസവും സന്ധ്യയ്ക്ക് ഈ മുറ്റത്ത് ഞാന്‍ നില്‍ക്കും. എനിക്ക് കൂട്ടത്തിനിടയില്‍ നിന്നെ മനസ്സിലായില്ലെങ്കിലും നിനക്ക് എന്നെ മനസ്സിലാവുമല്ലോ. ഒരിക്കല്‍ നീ പറക്കുന്നത് എന്റെ കുഴിമാടത്തിനു മുകളിലൂടെയാവും. പക്ഷേ അന്ന് എനിക്കു നിന്നെയോ നിനക്ക് എന്നെയോ മനസ്സിലാവില്ല. എന്തൊരു ലോകം ! എത്ര അനിശ്ചിതമാണ് കാര്യങ്ങള്‍! “

സന്ധ്യയായി. പറന്നുപോകുന്ന കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പ്രാവ് പറന്നു പോയി. അവന്റെ സഞ്ചാരം കുറേ നേരം അമ്മാവന്‍ നോക്കി നിന്നു. മുറ്റത്തു നിന്ന് എല്ലാ വൈകുന്നേരങ്ങളിലും പ്രാവ് കൂട്ടിലേയ്ക്ക് തിരിയെ പോയോ എന്ന് നെറ്റിയില്‍ കൈവച്ച് അമ്മാവന്‍ നോക്കും. അവിടെയെത്തുമ്പോള്‍ പ്രാവ് അല്പം താഴ്ന്നു പറക്കും. അമ്മാവനെ കാണാതിരുന്ന ഒരു വൈകുന്നേരം കൂട്ടുകാരെ വിട്ട് പ്രാവ് താഴെയിറങ്ങി. കൂട്ടുകാര്‍ അവനെ ചുറ്റിപ്പറന്ന് കടന്നുപോയി. അവന്‍ ഒറ്റയ്ക്കായി. പറമ്പിന്റെ ഒരു മൂലയില്‍ ഒരു വിളക്കു് എരിയുന്നുണ്ട്. മണ്ണ് കൂമ്പാരമായിരിക്കുന്നു. പൂക്കളും മാലകളും ചിതറിക്കിടക്കുന്നു. അവന്‍ മാടത്തിനു മുകളില്‍ ചിറകു വിരിച്ച് കിടന്നു.

-തങ്കമ്മ മേച്ചിലാത്ത്
Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2008-05-11 17:56.

നാടോടികഥ പോലെ സുന്ദരം.

Submitted by കുട്ടനാടന് (not verified) on Wed, 2008-05-21 21:51.

എനിക്ക് കൂട്ടത്തിനിടയില്‍ നിന്നെ മനസ്സിലായില്ലെങ്കിലും നിനക്ക് എന്നെ മനസ്സിലാവുമല്ലോ.

നല്ല എഴുത്ത് -

Submitted by Anonymous (not verified) on Tue, 2008-05-27 20:41.

This story is 'thani thankkam'