തര്‍ജ്ജനി

എം. രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

Visit Home Page ...

കഥ

സന്ധ്യ മയങ്ങുമ്പോള്‍

മമ്മാം ... മമ്മാം മുടി വെട്ടിക്കാന്‍ വന്നയാളാ. ഞാന്‍ മുടി വെട്ടുന്നവളും.

അമ്മയുടെ പിറകിലേക്കു് നീങ്ങിക്കൊണ്ടു് പീക്കിരിമോള്‍ മൊഴിഞ്ഞു. മെടഞ്ഞു കൊണ്ടിരുന്ന കുപ്പായം മാറ്റിവെച്ചു്, അമ്മ കസേരയില്‍ ചാരിയിരുന്നുകൊണ്ടു് കളിയില്‍ ചേര്‍ന്നു.

നിങ്ങള്‍ക്കൊരു എഗ്ഗു് ഷാംപു, അതല്ലേ വേണ്ടതു്, മദാം?
ങ്ഹാ, അതു തന്നെ. പിന്നെ കുറച്ചു് ജഡയുണ്ടു്. അതിന്നു വല്ല ക്രീമും ആയിക്കോട്ടെ.

തവിട്ടു നിറമുള്ള മുടിയില്‍ പീക്കിരിമോളുടെ കുഞ്ഞിക്കൈകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തിരകളുമായി മല്ലിടുന്ന രണ്ടു് കൊച്ചു വള്ളങ്ങള്‍ പോലെ ആ കൈകള്‍ മുങ്ങുകയും പൊങ്ങുകയും ചെയ്തു. അവളുടെ അമ്മ കണ്ണടച്ചു.

മമ്മാം, നങ്ങളെന്തൊരു ക്ഷമയാ കാണിക്കുന്നതു്, ഇവളുടെ നേരെ.
തൊട്ടടുത്തരുന്നു കൊണ്ടു് ലോറ പറയുന്നു.
എന്റെ ചെറുപ്പത്തില്‍, കുറിയ മുടി സ്ഥിരമായി ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു നിങ്ങള്‍ ചെയ്യാറു്. മുടി അലങ്കോലപ്പെട്ടു പോകുമോ എന്നു ഭയന്നു, ഞാനതില്‍ തൊടുന്നതു പോലും ഇഷ്ടമായിരുന്നില്ല. ഓര്‍മ്മയില്ലേ, മമ്മാം?

ഇതാ, ഞാന്‍ മമ്മാമിന്റെ തലയില്‍ വെള്ളടിക്കാന്‍ പോവ്വാ ........ പീക്കിരിമോള്‍ അറിയിക്കുന്നു...... ശരിക്കു് പിന്നോട്ടു് ചാഞ്ഞിരിക്കണം.

മഞ്ഞയും വെള്ളയും ഒട്ടിച്ചു വെച്ചിരിക്കുന്ന ചുമരുകള്‍. ആ ഇറങ്ങള്‍ വിശ്രമമുറിയില്‍ ആകെക്കൂടെ ഒരു പ്രസന്നത ഉളവാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇടക്കാലശൈലിയുള്ള പഴയ മരപ്പണികള്‍ ചൂരല്‍കസേരകള്‍ക്കും പച്ചത്തോലില്‍ പൊതിഞ്ഞ സോഫകള്‍ക്കും വഴിമാറിയിരിക്കുന്നു. മേശപ്പുറത്തു്, ചിത്രജാലകത്തിനു സമീപം, ലോറയുടെ ഒരു പടം രണ്ടു് അച്ഛാച്ചന്മാരുടേയും ഒരു മര്‍ത്തു് അമ്മായിയുടേയും പടങ്ങളോടു് ഉരുമ്മി നില്ക്കുന്നു.
വെള്ളത്തിന്നു ചൂടധികംല്ലല്ലോ?
പീക്കിരിമോളുടെ ചോദ്യം
പത്തു വയസ്സ്! ലോറ പിറുപിറുത്തു. ഓര്‍ക്കുന്നു. നാലു വയസ്സുള്ളപ്പോള്‍, കശപിശ വര്‍ത്തമാനം പറയുന്ന ഒരു കോമാളിബൊമ്മയായിരുന്നു ഇതു്. ഇരിക്കപ്പൊറുതി തരില്ല. പോകുന്നേടത്തൊക്കെ ഇവളെയും കെട്ടിവലിക്കണം.

കീശയില്‍ നിന്നു് ഒരു ചീര്‍പ്പു് വലിച്ചെടുത്തു് പീക്കിരിമോള്‍ അമ്മയുടെ മുടിയിലാഴ്ത്തി.
ഞാനൊന്നു ചീകിയൊതുക്കട്ടെ. എന്നിട്ടു് നമ്മുക്കിതൊന്നു അല്പം ചെറുതാക്കണം, അല്ലേ?
അതെയതെ, വേണം. പിന്നെ ഇടതുവശം ഒരു ചെറിയ ചെണ്ടു് ആയേ്ക്കാട്ടെ..... ഉശു്, എന്റെ മുടി പിടിച്ചു വലിക്കാതെ, കുട്ടീ.
ഇല്ലാന്നേയു്, ഞാന്‍ പതുക്ക്യല്ലേ ചീകുന്നതു്?

പെട്ടെന്നു് അവള്‍ ഒന്നു നിറുത്തി അമ്മയുടെ കഴുത്തില്‍ തുരുതുരെ ചുംബിച്ചു. ഉടന്‍ തന്നെ വീണ്ടും പണി തുടങ്ങി.
ഞാന്‍ ഇവളെപ്പോലെ ആയിരുന്നില്ല, അല്ലെ മമ്മാം? ലോറ ചിന്തിച്ചു. ഈ പ്രായത്തില്‍ ഞാനാരെയും ഉമ്മവെക്കാനിഷ്ടപ്പെട്ടില്ല, നങ്ങളെപ്പോലും നിങ്ങള്‍ക്കു് മനസ്സിലാകുമായിരുന്നില്ല നിള്‍ പറയും: ഈ പെണ്ണു് വല്ലാത്തൊരു തണുപ്പത്തി തന്നെ ഏതോ ഒരു ലോകത്തലാ, എപ്പോളും. അതും പറഞ്ഞു് നിങ്ങള്‍ മുഖം വീര്‍പ്പിക്കും. ഒരു ദിവസം എനിയെ്ക്കാരു കാര്‍ഡു് വരുന്നു, തപാല്‍ വഴി ! നിങ്ങളെഴുതിയതു്. ഞാന്‍ വീണ്ടും നിങ്ങളെ ചുംബിക്ക്യേം, നിങ്ങളോടു് സംസാരിക്ക്യേം ഒക്കെ വേണമെന്നു് ! ഞാനതു വായിക്കവേ, നിങ്ങള്‍ മറ്റൊരിടത്തു് നോക്കുമ്പോലെ നടിച്ചു. നിങ്ങള്‍ തുടക്കുന്ന തുണി കൈയില്‍ പിരിച്ചു കൊണ്ടിരുു. ആ നിമിഷം .. എനിക്കു് നിങ്ങളുടെ കൈകളില്‍ വീഴാന്‍ തോന്നി. പക്ഷെ, അതു് എന്നെ തടഞ്ഞു. ഞാന്‍ അതിന്റെ നിലനില്പു് സദാ അറിഞ്ഞു കൊണ്ടിരുന്നു. എന്റെ നെറ്റിയുടെ നടുവില്‍ .... അതു് നിങ്ങളുടെ കണ്ണില്‍ കുത്തുമെന്നു ഞാന്‍ ഭയന്നു. അപ്പോള്‍ ഞാന്‍ ഓടിപ്പോയി തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ ഒളിച്ചു. തിരിച്ചു വന്നപ്പോള്‍ .... മനസ്സിലായി, നിങ്ങളും എന്നെപ്പോലെ കരഞ്ഞിരുന്നു ....
പീക്കിരിമോളുടെ രണ്ടു് വിരലുകള്‍ തവിട്ടു് മുടി വെട്ടിമുറിക്കുകയായിരുന്നു.
ക്രി, ക്രി, ക്രി, ക്രി !
മദാം നല്ല സുന്ദരിയാകാന്‍ പോവ്വാ ഞാനീ ശരിപ്പടുത്തിയ ഈ മുടീണ്ടല്ലോ, നിങ്ങള്‍ക്കു് അസ്സലായി പിടിക്കും. പിന്നെ കുറച്ചു് ചുരുളുകളും കൂടെ ആയ്ക്കൂടെ?
വേണ്ട, ഒന്നു് ചീകി വെച്ചാല്‍ മതി.
അതേ, അതാ നല്ലതു്.

തോട്ടത്തില്‍ നിന്നു്, കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു പൂച്ച ജനല്പടിയില്‍ ചാടിക്കയറി, ഒന്നു കരഞ്ഞു. പൊളികള്‍ തുറന്നു കൊടുക്കാനാണു്. ആരും വരുന്നതു് കാണാതെ, അവന്‍ അപ്പുറത്തു് തന്നെ ഇരുന്നു, രാത്രിയുടെ വരവു് നിരീക്ഷിച്ചു കൊണ്ടു്.
ഇവന്‍ ഇനീം ജീവനോടെയുണ്ടു്, അല്ലെ, ഈ കിഴവന്‍ മിനു?
ലോറ ഉച്ചത്തില്‍ ചോദിച്ചു.
എനിക്കെത്ര ഇഷ്ടമായിരുന്നു ഇവനെ. എന്നും മുരണ്ടു കൊണ്ടിരിക്കും. എാലും എടുത്തു നടക്കുമ്പോഴുണ്ടല്ലോ, നല്ല ചൂടു് കിട്ടുമായിരുന്നു.
നോക്കു് മദാം ഈ കണ്ണാടിയില്‍ നോക്കു് ഈ തലമുടി നിങ്ങള്‍ക്കു് നന്നായി ചേരുന്നില്ലേ?
വാസ്തവം, എനിക്കു് വളരെ ഇഷ്ടമായി. ഇതാ പത്തു് ഫ്രാങ്ക,ു് സന്തോഷായിട്ടു് തരുന്നതാ.
നന്ദി മദാം ..... ഇനി നോക്കു്, മമ്മാം ...
പീക്കിരിമോള്‍ മുടിവെട്ടുകാരിയുടെ ശബ്ദം സാധാരണനിലയില്‍ തിരിച്ചു കൊണ്ടു് പറയുന്നു. ..... ഇനി എന്റെ മുടി വെട്ടണം. മമ്മാം മുടി വെട്ടുന്നവര്‍.
വേണ്ട, പൊന്നിന്‍കട്ടെ, ഇനി നിന്റെ ഹോം വര്‍ക്കു് നോക്കണം. പുസ്തകം എടുത്തോണ്ടു് വാ.
പീക്കിരിമോള്‍ മുറിയില്‍ നിന്നു്, വലിയ ധൃതിപിടിച്ച ഭാവത്തോടെ, പോയി. അമ്മ ജനല്‍ തുറന്നു, പൂച്ചയ്ക്കു് അകത്തു് കടക്കാന്‍ വേണ്ടി. മിനു താഴെത്തേക്കു് ചാടി. ലോറയുടെ അടുത്തു ചെന്നു ഒന്നു തുറിച്ചു നോക്കി. വായു് കൊണ്ടു് വല്ലാത്തൊരു ഒച്ചയുണ്ടാക്കി. എന്നിട്ടു്, മെല്ലേ പിന്‍വലിഞ്ഞു, ഒരു മേശയുടെ അടിയില്‍ ഒളിച്ചു.
എന്താ, മിനു നിനക്കു്,ങ്‌ഹെ?
അമ്മ അരിശത്തൊടെ ചോദിച്ചു. തല കുനിച്ചുകൊണ്ടു് അവര്‍ മെടച്ചില്‍ പണി വീണ്ടും തുടങ്ങി. ഇഴകള്‍ എണ്ണിയുറപ്പിച്ചു. ലോറയാകട്ടെ, പീക്കിരിമോള്‍ താറുമാറാക്കിയ അമ്മയുടെ മുടിയില്‍ കണ്ണുനാട്ടിയിരുന്നു.

മമ്മാം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? ഞാന്‍ തലകുനിച്ചു് നടക്കുന്നതു് നിങ്ങള്‍ക്കിഷ്ടമല്ലായിരുന്നു. നിങ്ങള്‍ പറയുമായിരുന്നു: മുഖം ഉയര്‍ത്തിവെക്കു്, കുട്ടീ. നിന്റെ ചുണ്ടുകള്‍ കാണട്ടെ. ശ്ശെടാ, ഇവളെന്തിനാ എപ്പാഴും ഇങ്ങനെ സ്വന്തം കാലില്‍ നോക്കി നടക്കുന്നതു്.
മമ്മാം, നിങ്ങള്‍ കാണുന്നില്ലായിരുന്നു, അതിന്റെ ഭാരം എന്റെ തല പിടിച്ചു താഴ്ത്തിക്കൊണ്ടിരുന്നതു്. നിങ്ങള്‍ക്കൊന്നും കാണേണ്ടായിരുന്നു. എനിക്കാണെങ്കില്‍, കഴുത്തു നീട്ടാന്‍, താടിയൊന്നുയര്‍ത്താന്‍, ശക്തിയില്ലായിരുന്നു. ക്ലാസ്സില്‍ ഞാന്‍ മുഖം മേശപ്പുറത്തു് ചായ്ചുവെച്ചു. ഞാന്‍ കണ്ണടച്ചു പിടിച്ചു. `` അതു് '' കാണാതിരിക്കാന്‍. ടീച്ചര്‍ ഞാനുറങ്ങുന്നു എന്നു കരുതി. അവരെന്ന കുഴി മടിച്ചി എന്നു വിളിച്ചു. എനിക്കതില്‍ പരിഭവമില്ലായിരുന്നു.....
മിനു തന്റെ ഒളിസങ്കേതത്തില്‍ നിന്നും പുറത്തു വന്നു. രണ്ടുമൂന്നടികള്‍ വെച്ചു. അവന്റെ മോന്ത ശക്തിയായി വിറച്ചുകൊണ്ടിരുന്നു. വാല്‍ താഴ്ത്തി, അവന്‍ വീണ്ടും മേശയ്ക്കടിയിലേക്കു് പോയി.
പീക്കിരിമോള്‍ തിരിച്ചു വന്നു, അമ്മയുടെ അടുത്തിരുന്നു. ഒരു പുസ്തകം തുറന്നു.
പഠിക്കാനേയു്, ഭൂമിശാസ്ത്രത്തിലൊരു പാഠണ്ടു്. ഗ്രാമറും ഒന്നു.
നീ നന്നായി പഠിക്കും, അല്ലെ, കൊച്ചനിയത്തി?
ഞാനും നല്ലൊരു വിദ്യാര്‍ത്ഥിനിയായിരുന്നു, പണ്ടു്. എല്ലാവരും പറയുമായിരുന്നു, ഇവള്‍ വളര്‍ന്നു് വലിയവളാകും. എന്തൊരു തമാശ.
പീക്കിരിമോള്‍ ഒന്നും ശ്രദ്ധിക്കാതെ ഏടുകള്‍ മറിച്ചു. എന്നാല്‍, അവള്‍ ഒളിഞ്ഞു കൊണ്ടു് മേശപ്പുറത്തെ പടങ്ങളില്‍ കണ്ണു തട്ടിക്കയായിരുന്നു.
ഹെയു്, പീക്കിരീ. ഭൂമിശാസ്ത്രത്തിന്റെ പുസ്തകത്തില്‍ നീയെന്താ തിരയുന്നതു്?
മമ്മാം, ല്വാര്‍ നദിയുടെ പോഷകങ്ങള്‍ ....... ദാ, കിട്ടി.
പകുതിശബ്ദത്തില്‍ അവള്‍ വായന തുടങ്ങി. തെറ്റായി ഉച്ചരിയ്ക്കുന്ന ഓരോ വാക്കും അമ്മ ക്ഷമയോടെ തിരുത്തി പറഞ്ഞു കൊടുക്കുന്നു.
ലോറ സാവധാനത്തിന്‍ മുറിയിലൂടെ ഒന്നു ചുറ്റി നടന്നു. അമ്മയുടെ ചുമലില്‍ മെല്ലെ ഒന്നു് തട്ടി. പിന്നെ അനിയത്തിയുടെ തലമുടിയിലും. മരപ്പെട്ടിക്കു് കീഴെ പതുങ്ങിയിരുന്ന പൂച്ച വായു് കൊണ്ടു് വീണ്ടും വികൃതമായ ഒരു ഒച്ച പുറപ്പെടുവിപ്പിച്ചു.
ഇതിനെന്താ സൂക്കേടു്, ങ്‌ഹെ? മിണ്ടാതിരി, മിനു ... അമ്മ അരിശത്തോടെ പറഞ്ഞു. ... ഹെയു്, പീക്കിരീ, നീ ഉറങ്ങ്വാ?
കസേരയിലേക്കു് തല ചായ്ചു് പെണ്ണു മുകളിലേക്കു് നോക്കുകയായിരുന്നു. അമ്മയുടെ ചിന്തകളില്‍ നിന്നുണര്‍ത്തി. അവള്‍ ഒന്നു ഞെട്ടി. വീണ്ടും വായിക്കാന്‍ തുടങ്ങി.
ലോറ മേശയ്ക്കടുത്തേക്കു് നീങ്ങി. അമ്മായിയുടെ പടത്തില്‍ കണ്ണുകൊണ്ടു് തടവി. തുടര്‍ന്നു് മറ്റു പൂര്‍വ്വീകരുടേതിലും. എന്നിട്ടു് വര്‍ഷങ്ങള്‍ക്കു് മുമ്പെടുത്ത ഫോട്ടോവിലെ തന്റെ മുഖത്തേക്കു് സൂക്ഷിച്ചു് നോക്കി.
മമ്മാം, ഓര്‍മ്മയുണ്ടോ ഈ ചിത്രം ..... ഇതു് നല്ല പരിചയസമ്പന്നനായ ഒരു കേമറക്കാരനെക്കൊണ്ടു് എടുപ്പിക്കണമെന്നു് നിങ്ങള്‍ക്കു് നിര്‍ബ്ബന്ധമായിരുന്നു. അയാള്‍ തന്റെ പണി ഭംഗിയായി നിര്‍വ്വഹിച്ചു എന്നു നിങ്ങള്‍ പറയുകയും ചെയ്തു. ഒരു പതിനഞ്ചുകാരിയുടെ ഭാവമാധുര്യം പകരാന്‍ അയാള്‍ക്കു് കഴിഞ്ഞുവത്രെ! പാവം മമ്മാം.
പെട്ടെന്നു വെളിയിലെ വാതില്‍ തുറക്കുന്നതും വലിച്ചടക്കുന്നതും കേട്ടു. പ്രവേശനത്തിലൂടെ ഭാരമുള്ള ഒരു കാലൊച്ച നീങ്ങുന്നു. ലോറ സോഫയ്ക്കും ചുമരിനുമിടയില്‍ ഞെരുങ്ങി നിന്നു.
ഹായു്, സുന്ദരികളേ! അച്ഛന്‍ ഭാര്യയേയും പീക്കിരിമോളെയും ചുംബിച്ച്‌കൊണ്ടു് പറഞ്ഞു. ലോറയ്ക്കു് അച്ഛന്‍ വല്ലാതെ വണ്ണം വെച്ചതു പോലെ തോന്നി. ചോരനിറം. അയാള്‍ ഒരു കസേരയില്‍ വീണു. ഭാര്യയുടെ ദിവസത്തെപ്പറ്റി അന്വേഷിച്ചു. മറുപടി കേള്‍ക്കാന്‍ താല്പര്യമുണ്ടെന്നു തോന്നിയില്ല.
എന്റെ പാഠൊന്നു നോക്ക്വോ, പപ്പാ? പീക്കിരിമോള്‍ ചോദിക്കുന്നു.
നോക്കാം, എന്റെ മടിയില്‍ വന്നിരുന്നാല്‍ മാത്രം.
പെണ്ണു് സൗകര്യമായി ഇരിക്കുന്നു. അവള്‍ മുഴുവന്‍ ഭാരവും അച്ഛന്റെ മേല്‍ ചെരിച്ചു വെച്ചു. എന്നിട്ടു് വിഷമിച്ചു് കൊണ്ടു് വായിച്ചു. ലോറയ്ക്കു് രണ്ടു പേരില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല.
തൊട്ടടുത്ത മുറിയില്‍ നിന്നും ഫോണിന്റെ ശബ്ദം പുറപ്പെടുന്നു. ചെയ്യുന്ന പണി നിറുത്തി അമ്മ അങ്ങോട്ടു് പോയി. അവരുടെ ഉച്ചത്തിലുള്ള ആഹ്ലാദപ്രകടനം കേട്ടു. അച്ഛന്റെ മൂക്കു് പീക്കിരിപെണ്ണിന്റെ മുടിയിലാണു്. ഇടെ കൈ പെണ്ണിന്റെ ചുമലില്‍ അമര്‍ത്തിത്തടവുന്നു, വിറച്ചുകൊണ്ടു്. പീക്കിരിമോള്‍ എന്തൊക്കെയോ ചൊല്ലുന്നു. ഓരോ തവണയും സ്ഥലനാമങ്ങള്‍ തെറ്റുന്നു. അച്ഛന്‍ അതു് ശ്രദ്ധിക്കുന്നുപോലുമില്ല. മറ്റേ മുറിയില്‍ നിന്നു് അമ്മ വിളിക്കുന്നു. ഭര്‍ത്താവോടു് അങ്ങോട്ടു് ചെന്നു ഫോണെടുക്കാന്‍. അയാള്‍ ഒട്ടും ഇഷ്ടമില്ലാതെ പീക്കിരിമോളെ പൊക്കി മാറ്റി. അവളോടു് ഒറ്റയ്ക്കു് വായിക്കാന്‍ പറഞ്ഞു. അവള്‍ തീരെ വയ്യാത്ത മട്ടില്‍ ഭൂമിശാസ്ത്രപുസ്തകത്തിന്റെ ഏടുകള്‍ മറിച്ചു.
ഒരു ദിവസം, ലോറ മനസ്സില്‍ പറഞ്ഞു. ഒരു ദിവസം ഈ അനിയത്തിയുടെ നെറ്റിത്തടത്തിലും ഒരു ഭാരം തടിച്ചു കൂടുമോ? അപ്പോള്‍ അവളുടെ ഓമനത്തമുള്ള ഈ കണ്ണുകളില്‍ സകലരും ശത്രുക്കളായിത്തീരും. വേദനയോടെ ലോറ പീക്കിരിമോളുടെ തലമുടിയില്‍ തടവി. അനിയത്തിക്കു് വേണ്ടി വല്ലതും ചെയ്യാന്‍ കഴിയുമോ എന്നവള്‍ ആലോചിച്ചു. അതിനുള്ള സാദ്ധ്യത കുറവായിത്തോന്നി. ു
അമ്മ തിരിച്ചു വന്നു. പീക്കിരിക്കു് ഒരു പുഞ്ചിരി സമ്മാനിച്ചു മെടഞ്ഞുകൊണ്ടിരുന്ന ചൂടുകുപ്പായം കയ്യിലെടുത്തു.
ഭൂമിശാസ്ത്രം ... കഴിഞ്ഞോ? അവര്‍ ചോദിച്ചു.
കഴിഞ്ഞു മമ്മാം.
എന്നാല്‍ ഗ്രാമര്‍ തുടങ്ങ്ാ. നമുക്കു് അത്താഴം നേരത്തേയാക്കാം.
മകള്‍ ഒരു നിശ്വസത്തോടെ പുസ്തകം തുറന്നു. അവളുടെ കണ്ണുകള്‍ അറിയാതെ ചേട്ടത്തിയുടെ പടത്തില്‍ തിരിഞ്ഞുകൊണ്ടിരുന്നു. അമ്മ അവസാനം അതു തിരിച്ചറിഞ്ഞു. അവരും ലോറയുടെ ചിത്രത്തിലേക്കു് നോക്കി. വിരലുകള്‍ക്കിടയില്‍ സൂചിയുടെ പതിവുതാളം തെറ്റിപ്പോയി.
ഭക്ഷണം തുടങ്ങാം..... പെട്ടെന്നാണു് അമ്മ തീരുമാനിച്ചതു്. നിന്റെയാ പാഠമുണ്ടല്ലോ, അതു് പിന്നെ ചെയ്യാം. എന്നെ സഹായിക്കു്.
ലോറ അമ്മയേയും അനിയത്തിയേയും പിന്തുടര്‍ന്നു. അടുക്കളയിലേക്കു് കടന്നു പോകവേ, മേശയ്ക്കടിയില്‍ പൂച്ച ഒന്നുകൂടെ ഉള്ളിലേക്കു് വലിഞ്ഞുവെന്നതു് അവള്‍ ശ്രദ്ധിച്ചു.... ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആരും സംസാരിച്ചില്ല. അമ്മ ദു:ഖിതയായിക്കണ്ടു. കൊച്ചുമോള്‍ കസേരയില്‍ ഇളകിക്കൊണ്ടിരുന്നു. അച്ഛന്‍ ഒരു മാസികയില്‍ നോക്കുന്നു. അത്താഴം വേഗം കഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ പ്ലെയ്റ്റു് പാത്രങ്ങള്‍ കഴുകുന്ന യന്ത്രത്തില്‍ നിക്ഷേപിച്ചു. പീക്കിരിമോള്‍ മേശ തുടച്ചു. അച്ഛന്‍ ഹാളിലേക്കു് മടങ്ങിച്ചെന്നു് ടെലിവിഷനു മുമ്പില്‍ ഇരിപ്പുറപ്പിച്ചു.
നീ പോയി ഹോം വര്‍ക്കു് മുഴുവനാക്ക്
അമ്മ അലമാറയില്‍ നിന്നു് കോപ്പകള്‍ പുറത്തെടുത്തുകൊണ്ടു് പറഞ്ഞു.
ഞാന്‍ കാലത്തേക്കു് വേണ്ടതും കൂടെ എടുത്തു വെക്കട്ടെ.
പെണ്‍കുട്ടി അനുസരണയോടെ അടുക്കളയില്‍ നിന്നു് മാറി. ലോറ ഒരു നിമിഷം അമ്മയെ നിരീക്ഷിച്ചു കൊണ്ടു് അവിടെ നിന്നു. കോപ്പകള്‍ക്കു് തൊട്ടു് സ്പൂണുകള്‍ അടുക്കിവെക്കവേ, അവര്‍ കവിളിലൂടെ ഒഴുകുന്ന ഒരു തുള്ളി തുടയ്ക്കുന്നു.
ഹാളില്‍, പീക്കിരിമോള്‍ വിണ്ടും ഗ്രാമറിലേക്കു് കണ്ണോടിക്കുന്നു. അച്ഛനും വാര്‍ത്തകളില്‍ നോട്ടമുറപ്പിച്ചിട്ടുണ്ടു്. എന്നിട്ടും ലോറയ്ക്കു് വേഗം തന്നെ മനസ്സിലായി, അയാള്‍ പരിപാടിയില്‍ ശ്രദ്ധിക്കുന്നേയില്ലെന്നു്. തൊട്ടടുത്തിരിപ്പുള്ള മകളുടെ ശ്വാസോഛ്വാസത്തിലായിരുന്നു അയാള്‍ക്കു് താല്പര്യം. അമ്മ തിരിച്ചു വന്നു് കൊച്ചുമകളുടെ അടുത്തു നിന്നു.
ഇനീം തീര്‍ന്നില്ലേ?
ഇതാ, തീര്‍ന്നു മമ്മാം.
ശരി, പുസ്തകോക്കെയെടുത്തു്, പപ്പയോടു് പറഞ്ഞു പോ. കിടക്കാന്‍ സമയമായി.
അവള്‍ അച്ഛന്റെ നേരെ കവിള്‍ നീട്ടി. അപ്പോള്‍ അയാള്‍ പറയുന്നു.
ഇന്നു രാത്രി ........ ഇവള്‍ടെ മേല്‍ കഴുകിക്കൊടുക്കുന്നതു് ഞാനാ. എന്താ, സമ്മതല്ലെ, മോളേ? എന്നിട്ടു് ഞാന്‍ നിനക്കൊരു കഥ വായിച്ചു തരാം.
പെട്ടെന്നു, ലോറയുടെ ഉള്ളില്‍ നിന്നും ഒരു വെറുപ്പു്, ഒരു പക മുറിയിലാകെ പരന്നു. അല്പനേരം കനത്ത നിശ്ശബ്ദത. പിന്നീടു് അമ്മയുടെ ശാന്തമെങ്കിലും ഉറച്ച വാക്കുകള്‍ കേട്ടു.
പീക്കിരിമോള്‍ ഇപ്പോ വല്യതായി. അവള്‍ക്കു് ഒറ്റയ്ക്കു് മേല്‍കഴുകാനാറിയാം. പിന്നെ കഥ വായിച്ചു കേള്‍പ്പിക്കല്‍...... അതും, വേണ്ട. അവളൊറ്റയ്ക്കു് വായിച്ചു കൊള്ളും. അവള്‍ക്കിപ്പോള്‍ വായിക്കാനറിയാമല്ലോ.
അച്ഛന്‍ നിര്‍ബ്ബന്ധിക്കുന്നില്ല. മോള്‍ ഹാളില്‍ നിന്നു പോകുന്നതു കണ്ടു. ലോറ സമാധാനത്തോടെ ഒന്നു നിശ്വസിച്ചു. അച്ഛനമ്മമാര്‍ തമ്മില്‍ സംസാരിക്കുന്നേയില്ല. അവര്‍ അനങ്ങുന്നതു പോലുമില്ല. അവര്‍ക്കിടയില്‍ ടെലിവിഷന്‍ വെറുതേ തൊണ്ട പൊളിക്കുന്നു. അവസാനം അമ്മയും എഴുന്നേറ്റു പോയി. ലോറയ്ക്കു് ആദ്യമായി ചെറിയൊരു വിജയത്തിന്റെ രുചി അറിയുന്നതു പോലെ തോന്നി. അവള്‍ സോഫയ്ക്കു് വട്ടം ചുറ്റി വന്നു് അച്ഛന്റെ നേരെ ഉറച്ചു നിന്നു. ഇയ്യാളാകട്ടെ, തല താഴ്ത്തി നിലത്തെ വിരിയിലെ പണികള്‍ ആസ്വദിക്കുന്നു! ലോറ അച്ഛന്റെ തലയ്ക്കു് മുകളില്‍ ജേതാവിന്റേതായ ഒരു പുഞ്ചിരിയെറിഞ്ഞു. എന്നിട്ടു്, അമ്മയുടെ കൂടെച്ചേരാനായി നടന്നകന്നു.
അമ്മ സ്വന്തം മുറിയില്‍ കട്ടിലിലിരിക്കുന്നു. മടിയില്‍ ഒരു ആല്‍ബം തുറന്നു വെച്ചിട്ടുണ്ടു് അവര്‍ നോക്കുന്നതു് ലോറയുടെ പടങ്ങളിലായിരുന്നു- കൊച്ചായിരുന്നപ്പോഴത്തെ ലോറ, പിന്നെ കൗമാരത്തിലേക്കു് കടക്കുന്ന ലോറ. അവര്‍ മെല്ലെ കരഞ്ഞു കൊണ്ടിരുന്നു. അല്പം മുതിര്‍ന്ന ലോറയുടെ ചിത്രം അവിടെയുണ്ടാവില്ലല്ലോ. മകള്‍ അമ്മയെുട അടുത്തിരുന്നു. അവരുടെ കയ്യില്‍ തടവി.
ഓ, മമ്മാം. എന്നെക്കുറിച്ചു് നിങ്ങള്‍ക്കു് ഒന്നും കാണുകേം കേള്‍ക്കുകേം വേണ്ടായിരുന്നു, അല്ലേ? ആദ്യം എനിക്കൊരു ഭയമായിരുന്നു. പിന്നെ അതെന്റെ ഹൃദയം കരണ്ടുകൊണ്ടിരുന്നു. പക്ഷെ, അതൊന്നും നിങ്ങള്‍ കണ്ടില്ല.... എല്ലാറ്റിനും പുറമെ അപമാനവും. മമ്മാം, സൂക്ഷിച്ചു നോക്കൂ. എന്റെ നെറ്റിയുടെ നടുവില്‍. മമ്മാം,നിങ്ങള്‍ കാണുന്നുണ്ടോ? അതേ,നിങ്ങള്‍ കാണുന്നു. ഇപ്പോള്‍ മാത്രം. അതു പൊട്ടി വളരുന്നതു് അപമാനം. എന്റെ നെറ്റിയുടെ ഒത്ത നടുവില്‍. നേരിയ, നീല നിറത്തിലുള്ള ഒരു കൊമ്പു പോലെ ........ ഇന്നു നിങ്ങള്‍ അതേ കാണുന്നുള്ളൂ. ഞാനാകട്ടെ ..... ഏറെക്കാലമായി കണ്ണുകള്‍ മുകളിലേക്കുയര്‍ത്തുമ്പോള്‍, അതേ കണ്ടിരുന്നുള്ളൂ. അതിന്റെ ഭാരത്തില്‍ എന്റെ മുഖം നിലത്തേക്കു് താണു പോകുമായിരുന്നു. നിങ്ങളുടെ അടുത്തേക്കു് ഓടിവരാന്‍, നിങ്ങളുടെ കവിളില്‍ ചുണ്ടു തട്ടിക്കാന്‍, അതെന്നെ അനുവദിച്ചില്ല. അറിയാമായിരുന്നു, ഞാനല്ലാതെ മറ്റാരും അതു കാണുന്നില്ല. എന്നാലും മമ്മാം, ആ ഭാരമൊന്നിറക്കിവെക്കാന്‍ നിങ്ങളൊന്നും ചെയ്തില്ലല്ലോ. അതിലെനിക്കു് ദു:ഖമുണ്ടു്.......
അമ്മ ആല്‍ബത്തിലെ ഏതാനും ഏടുകള്‍ മറിച്ചിട്ടു. പീക്കിരി മോളുടെ ആദ്യത്തെ കാല്‍വെപ്പുകള്‍..... ജന്മദിനക്കേയ്ക്കു്.... അവള്‍ മെഴുകുതിരി ഊതിക്കെടുത്തുന്നതു്......
പീക്കിരിമോളുടെ നെറ്റിയിലും...... ഉല്‍ക്കടമായ വേദനയോടെ അമ്മ മന്ത്രിക്കുന്നു.... നീല നിറത്തിലൊരു മുഴ......... ഉയര്‍ന്നു വരരുതു്. അല്ലെ, ലോറ? ഇതില്‍ നീ...... നീ എന്റെ കൂടെയുണ്ടാവും, അല്ലേ?
അവരുടെ തൊണ്ടയിടറി. മിനുക്കന്‍ കടലാസ്സിലെ മുഖത്തിലൂടെ അവര്‍ സേ്‌നഹം നിറഞ്ഞ ഒരു വിരലോടിച്ചു.
അപ്പോള്‍ ..... അപ്പുറം.
ഇടനാഴിയില്‍.......
അച്ഛന്റെ കാലൊച്ചകള്‍ മുഴങ്ങുന്നതു കേട്ടു

മൊനീ ദ്ബ്ര്യുസേല്‍
വിവര്‍ത്തനം: എം. രാഘവന്‍
Subscribe Tharjani |