തര്‍ജ്ജനി

മനോജ് കാട്ടാമ്പള്ളി

സൌരവം
കാട്ടാമ്പള്ളി പി ഒ

ഫോണ്‍: 9388423670

വെബ്ബ്: പായല്‍
ഇ-മെയില്‍: mannu9388@gmail.com

Visit Home Page ...

കവിത

പറന്നുപോയ റിബണുകളുടെ കാറ്റുകാല ഭാഷയില്‍

പനിച്ചുണരുമ്പോള്‍‌
നീ എന്റെ മൊബൈല്‍ ഫോണിലേക്ക്
വിളിക്കരുത്
തനിച്ചുവീണ കിടക്കയുടെ പൊള്ളല്‍‌
നിന്റെ വാക്കുകളില്‍‌ നിറയും

നീ അയക്കുന്ന സന്ദേശങ്ങള്‍‌
ഹര്‍ത്താലില്‍‌ അടച്ചിട്ട
റീചാര്‍ജ്ജ്‌ കടയ്ക്കു മുന്നില്‍‌ നിന്ന്
ഞാന്‍ നിസ്സഹായതയോടെ
എടുത്തു വായിക്കും.
തിരിച്ചയയ്ക്കാത്ത സന്ദേശങ്ങള്‍‌ കാത്ത്
നീ കൂടുതല്‍‌ തളര്‍‌ന്നുപോകും.

വേട്ടയാടപ്പെട്ട കുഞ്ഞിന്റെ
കാലുകളില്‍‌ കരിഞ്ഞുണങ്ങിയ
ഇരുണ്ട സോക്സുകളുടെ പടം
വേദനയോടെ നീ അയച്ചുതരും.

പഴയൊരു പനിക്കാലത്ത്
മഴപ്പാറലിനൊപ്പം വീട്ടില്‍ വന്ന്
കണ്ണീരിന്റെ ഉപ്പു ചുവയുള്ള
ഒരു വയലിന്‍ പാട്ട്

മൊബൈല്‍ ഫോണില്‍‌ ഞാനെടുത്ത
പടങ്ങള്‍ ഒന്നും മായിച്ചിട്ടില്ല

വയറില്‍‌ കുഞ്ഞുവളരുന്ന പെണ്‍‌കുട്ടിയുടെ
വെടിയേറ്റു കീറിയ ഫ്രോക്കുകളോ
കിണറിനരികിലെ ചുവന്ന ബക്കറ്റില്‍‌ മുക്കിക്കൊന്ന
കുട്ടിയുടെ കൈവിരലുകളിലെ മൈലാഞ്ചിയോ
ഇനി എന്തിനാണ്

പനിമാറുമ്പോള്‍ നീ നെറ്റിയില്‍‌ നനച്ചിട്ട
ആ വെളുത്തതുണി
എടുത്തുകളും പോലെ
അനായാസമായി മഴ വീഴുന്നു...

കുളിമുറിയിലെ ബക്കറ്റിലേക്ക്
എന്റെ ഞരമ്പുകീറിയൊഴുകുന്ന
ചോരച്ചുവപ്പിനെ
ജീതത്തിലേക്ക് പൊള്ളാലോടെ ചേര്‍ത്തുപിടിക്കാന്‍
പനിച്ചുണരുമ്പോള്‍ നിനക്ക് കഴിയുമോ?

Subscribe Tharjani |