തര്‍ജ്ജനി

സംഗീതം

ഗസലിന്റെ നിസര്‍ഗ്ഗമാധുര്യം

നിസ അസീസിയുടെ ജസ്ബ എ ദില്‍ എന്ന ആല്‍ബത്തെക്കുറിച്ച്

സംഗീത ആല്‍ബങ്ങളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്റെ മുമ്പില്‍ ഇപ്പോള്‍ ഉള്ളത്. ഒരു ഹിന്ദുസ്ഥാനി ആല്‍ബം, ഗസല്‍ ആല്‍ബം, ഉറുദു ആല്‍ബം എന്നിവ കൊണ്ട് ഈ സംഗീതസഞ്ചയത്തിന്റെ വ്യത്യസ്തത അവസാനിക്കുന്നില്ല. മലയാളിയായ ഒരു ഗായികയാണ് ഈ ആല്‍ബം ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്നത്. അതാവട്ടെ, അനവദ്യവും അവിസ്മരണീയവുമായ സംഗീതാനുഭവം പകര്‍ന്നു തരുന്നു, നമ്മെ വിസ്മയിതരാക്കുന്നു. നിസ അസീസിയുടെ ജസ്ബ എ ദില്‍ എന്ന ആല്‍ബത്തെ അവതരിപ്പിക്കാന്‍ ഈ ആമുഖം ഒഴിച്ചുകൂടാനാകാത്തതാണ്.

എട്ട് ഉറുദു ഗാനങ്ങളാണ് ഈ ആല്‍ബത്തില്‍ നിസ അസീസി അവതരിപ്പിക്കുന്നത് കാവ്യഭംഗികൊണ്ടും വൈകാരികതീവ്രതയാലും മികവുറ്റ രചനകള്‍ അതിന്റെ ചൈതന്യപ്രസരം കൈമോശം വരാതെ സര്‍ഗ്ഗാത്മകമായി പുനരവതരിപ്പിക്കുക എന്ന ദൗത്യം വിജയപ്രദമായി പൂര്‍ത്തീകരിക്കുവാന്‍ നിസ അസീസിക്ക് സാധിച്ചിട്ടുണ്ട്. തന്റെ സമകാലികര്‍ റിയാലിറ്റിഷോകളില്‍ ഭാഗ്യപരീക്ഷണം നടത്താനിറങ്ങുമ്പോള്‍ സംഗീതത്തിന്റെ നിത്യഹരിതമായ മേച്ചില്‍പ്പുറങ്ങളാണ് നിസയെ ആകര്‍ഷിക്കുന്നത്. അതിനാലാണ് ഭാവസംഗീതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മണ്ഡലങ്ങളില്‍ നിത്യസഞ്ചാരത്തിനായി ഈ ഗായിക ഒരുങ്ങിപ്പുറപ്പെടുന്നത്. കുട്ടിക്കാലത്തു അച്ഛനോടൊപ്പം സംഗീതവേദികളില്‍ പാടിത്തുടങ്ങിയ നിസ പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പരീക്ഷയില്‍ വിജയം നേടുകയും തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് വഴിമാറുകയും ചെയ്ത ഗായികയാണ്. ഇപ്പോള്‍ ഫയാസ് അഹമ്മദ് ഖാന്റെ ശിഷ്യയായി പഠനം തുടരുന്നു. ഗാനമേളകളുടെ പാകത്തില്‍ രൂപപ്പെടുത്തിയെടുത്ത ശബ്ദമോ ആലാപനരീതിയോ അല്ല നിസയുടേത്. മറിച്ച് ശാസ്ത്രീയസംഗീതത്തിന്റെ കര്‍ക്കശനിഷ്ഠകള്‍ക്കകത്തു നിന്നും ഭാവാത്മകതയുടെ ലോലതലങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യാപ്തമായ ഘനശബ്ദമാണ്. അതിനാല്‍ നിസയുടെ ഓരോ ആലാപനവും ശ്രോതാവിന്റെ കാതുകളില്‍ നിന്ന് ഓര്‍മ്മകളുടെ ഉര്‍വ്വരഭൂവുകളിലേക്ക് നയിക്കുന്ന മാസ്മരികചൈതന്യം ആവഹിക്കുന്നതാണ്. ശാസ്ത്രീയാലാപനത്തിന്റെ അച്ചടക്കം അയവില്ലാതെ പിന്തുടരുകയും അതിന്റെ സര്‍ഗ്ഗാത്മകതയും സൗന്ദര്യവും വെളിപ്പെടുത്തുകയും ചെയ്യുന്ന നിസയുടെ ആലാപനങ്ങള്‍ ശ്രോതാക്കള്‍ എന്നും വ്യത്യസ്തമായ സംഗീതാനുഭവമായി മനസ്സില്‍ സൂക്ഷിക്കും.

അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, മിര്‍സാ അസദുള്ള ഖാന്‍ ഗാലിബ്, മൊമിന്‍ ഖാന്‍ മൊമിന്‍, മിര്‍ ത്വാക്കി മിര്‍ എന്നിവര്‍ രചിച്ച ഗസലുകളാണ് ആലാപനത്തിനായി നിസ തെരഞ്ഞെടുത്തിരിക്കുന്നത്. സ്നേഹത്തിന്റേയും ആരാധനയുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും ലോകങ്ങളിലൂടെ കടന്നു പോകുന്ന അനുഭവമാണ് ഈ ആല്‍ബം നമ്മുക്ക് സമ്മാനിക്കുന്നത്.

യമന്‍, യമന്‍ കല്യാണ്‍ രാഗങ്ങള്‍ മേളിക്കുന്ന ഒന്നാമത് ഗാനം ലൈലാ-മജ്‌നൂ പ്രണയത്തെക്കുറിച്ച്, അതിന്റെ വൈകാരികതീവ്രതയെക്കുറിച്ചുള്ള അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ കൃതിയാണ്. പ്രണയം ആത്മാവുകളുടെ, മനുഷ്യരിലെ ഈശ്വരാംശത്തിന്റെ സംയോഗദാഹമാണ് എന്ന ഈ ഗസലിന്റെ ഭാവാര്‍ത്ഥം ഈ ആല്‍ബത്തിന് ഉചിതമായ ആമുഖമാണ്. സൂഫി പാരമ്പര്യത്തിലുള്ള വിനമ്രതാസന്ദേശമാണ് ജിംജോത്തി രാഗത്തില്‍ ചിട്ടപ്പെടുത്തിയ, ഈ ആല്‍ബത്തിലെ രണ്ടമത്തെ ഗസലായ മിര്‍സാ അസദുള്ള ഖാന്‍ ഗാലിബിന്റെ ഫിര്‍ മുജ്ജെ. ജോഗ് രാഗത്തിലുള്ള ധര്‍ തോ മുജ്ജെ എന്ന ഗീതം വീണ്ടും വിനമ്രതയുടെ ഭാവം ആവിഷ്കരിക്കുന്നു. ഈശ്വരോന്മുഖമായ സ്നേഹവും സംവാദവുമാണ് ഇതിന്റെ സവിശേഷത. നിശ്ശബ്ദവും ഹൃദയപൂര്‍വ്വവുമായ ഭാവതലത്തെ അനാവരണം ചെയ്യുന്നതില്‍ ഗായിക കൈവരിച്ച കയ്യൊതുക്കത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗീതകം. മിര്‍സാ ഗാലിബിന്റെ രണ്ട് രചനകളാണ് തുടര്‍ന്ന് ആല്‍ബത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. കാഫി-പീലൂ മിശ്രണത്തില്‍ ചിട്ടപ്പെടുത്തിയ നഷെ ഫര്‍യാദി, ശഹാന രാഗത്തില്‍ ചിട്ടപ്പെടുത്തിയ ബാസീച്ച ഏ അത്ഫല്‍ എന്നിവയിലും ഗസലുകളുടെ ആത്മീയമാനമാണ് വെളിപ്പെടുന്നത് സമകാലീന ഗസലുകളുടെ ആഴം കുറഞ്ഞ വൈകാരിതയില്‍ നിന്ന് ക്ലാസ്സിക്കല്‍ ഗസലുകള്‍ പുലര്‍ത്തുന്ന ഭാവതലത്തിലെ ഗരിമ പ്രകടമാക്കാന്‍ നിസ അസീസിയ്ക്ക് വിവേചനപൂര്‍വ്വമായ ഗീതകങ്ങളുടെ തെരഞ്ഞടുപ്പിലൂടെ സാധിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിയിലെ സിന്ധുഭൈരവിരാഗാലാപനത്തിന്റെ ലയചാതുരിയാണ് ജോ ഇസ് ഷോര്‍ സെ എന്ന ഗസല്‍ വെളിപ്പെടുത്തുന്നത്. ആല്‍ബത്തിന്റെ തുടക്കത്തില്‍ എന്നതു പോലെ ഒടുക്കവും അല്ലാമ ഇബാലിന്റെ ഗസലില്‍ ആണ്. രണ്ടെണ്ണം. ഭൂപ്, ദേശ് രാഗങ്ങളില്‍ നിബന്ധിതമായ ഈ രചനകള്‍ ഇബാലിന് സഹജമായ രീതിയില്‍ മതത്തെയും അധികാരത്തെയും വിമര്‍ശനവിധേയമാക്കുന്നവയാണ്.

ഗസല്‍ ഗായകര്‍ ഭജനുകളിലേക്ക് വഴിമാറിപ്പോവുകയോ ആഴം കുറഞ്ഞ വൈകാരികതയില്‍ അഭിരമിക്കുകയോ ചെയ്യുന്ന സാമന്യാവാസ്ഥയില്‍ ഗസല്‍ സംഗീതത്തിന്റെ മഹത്വപൂര്‍ണ്ണമായ ഭൂതകാലപൈതൃകം അവകാശപ്പട്ട് കടന്നു വരുന്ന നിസ അസീസി നിരവധി പാട്ടുകാരികളില്‍ ഒരാളല്ല. സംഗീതത്തില്‍ തന്റെ ആശയങ്ങളും സങ്കല്പങ്ങളും സൗന്ദര്യശാസ്ത്രവും തീര്‍ക്കുന്ന വേറിട്ട ധ്യാനപഥം തേടുന്ന സാധികയാണ്. അതിനാല്‍ തന്നെ നിസ അസീസിയുടെ കലാജീവിതത്തില്‍ ആദ്യമായി പുറത്തിങ്ങുന്ന ഈ ആല്‍ബം വ്യത്യസ്തമാണെന്നു മാത്രമല്ല ചരിത്രപരമായ പ്രാധാന്യമുള്ളതായി വരാനിരിക്കുന്ന നാളുകളില്‍ വിലയിരുത്തപ്പെടാനുള്ളതു കൂടിയാണ്.

തിരുവനന്തപുരത്തെ യൂഫണി ഇന്റര്‍നാഷണല്‍ ഇന്ത്യയിലും ഈസ്റ്റ് കോസ്റ്റ് ഓഡിയോ ആന്റ് വിഷന്‍ വിദേശത്തും ഈ ആല്‍ബം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

പ്രദീപ് പയ്യോളി
Subscribe Tharjani |