തര്‍ജ്ജനി

വായന

മലയാളകവിതയുടെ നവവഴികള്‍

വഴിമുട്ടിയ ജീവിതത്തിന്റെ അടഞ്ഞുപോയ വാതിലിനു മുകളില്‍ വെട്ടിയൊട്ടിച്ച ചിത്രങ്ങളായാണ്‌ പുതിയ കവിത നില്‍ക്കുന്നത്‌. അപ്പുറം കാണാനാവാതെ അപ്പുറത്തേക്ക്‌ സഞ്ചരിക്കാനാവാതെ തടഞ്ഞു നിര്‍ത്തപ്പെടുന്ന വഴിയില്‍ സ്വന്തം തടവു ജീവിതത്തിന്റെ ചുമരുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലൂടെ പുറംലോകത്തേക്കുള്ള ജാലകക്കാഴ്ചകള്‍ തീര്‍ക്കുകയാണ്‌ കവികള്‍. കാഴചക്കപ്പുറത്തേക്ക്‌ ഒന്നും നീളുന്നില്ല, കൈയ്യും മനസ്സും നിശ്ചലന്നിടത്തകണ്ണുമാത്രം തുറന്നിരിക്കാന്‍ വിധിക്കപ്പെടുകയും ഒച്ചവെച്ചുണര്‍ത്താന്‍ കഴിയാത്തകാലത്തെ ഒരു നോട്ടം കൊണ്ട് പഴുപ്പിക്കാനുള്ള ശ്രമം. വാക്കുകളുടെ ഒഴുകിപരക്കലിനും ജ്വലിച്ചുയരലിനും പകരം എടുത്തുവച്ച നിശ്ചല കാഴ്ചകളുടെ ബിംബനിര്‍മ്മിതികളായ്‌ തീരുന്നു അവ. ഒന്നും ദൂരെപ്പോയി ശേഖരിക്കുന്നില്ല, തന്റെ മെറ്റീരിയലുകള്‍ ഒന്നുകില്‍ ഒരുപെണ്ണിന്റെ മുടികോതിയ ചീര്‍പ്പില്‍ പറ്റിക്കൂടിയ മുടിപ്പൊട്ടുകളാവാം, അല്ലെങ്കില്‍ കാലത്ത മുറ്റമടിക്കുമ്പോള്‍ കാണുന്ന, രാത്രിയില്‍ മണ്ണിരകള്‍ തീര്‍ത്ത മണ്‍കുരിപ്പുകളാവാം. അങ്ങനെ തന്റെ വ്യക്തിജീവിതത്തിന്റെയും ചുറ്റുമതിലിന്റെയും അകത്തുള്ള വസ്തുക്കളെ ഒരു ആഘോഷത്തിന്റെയോ ഉന്മാദത്തിന്റെ അവസ്ഥയിലല്ല, വീണ്ടും വീണ്ടും തടവിലാക്കപ്പെടുന്നതിന്റെ അടയാളവാക്കുകള്‍ കൊണ്ടാണ് ശേഖരിക്കുന്നത്‌.


വിരല്‍തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ

എന്ന്‌ അനിതാതമ്പി വൃത്തി എന്ന കവിതയിലൂടെ പറയുമ്പോള്‍ നമുക്കുമുന്നില്‍ വളരെ കൃത്യതയോടെ ഒതുക്കത്തോടെ വച്ചുതരുന്ന ചില ഇമേജുകളുണ്ട്. അവ ഒരു ഗ്ലാസ്സിലോ പാത്രത്തിലോ നിറച്ചുവെച്ച ദ്രാവകത്തിന്റെ അവസ്ഥയാണ്‌ പെണ്‍ ജീവിതമെന്നും അത്‌ മറ്റാരുടെയോ ആവശ്യത്തിനു വേണ്ടി നിറച്ചു വെച്ചിരിക്കുകയാണെന്നും എന്നാല്‍ പാത്രം അതിന്റെ ഇരിപ്പില്‍ നിന്നും മറിയുമ്പോള്‍ അത്‌ പരന്നൊഴുകി സ്വാതന്ത്ര്യം പ്രാപിക്കുമെന്നും കാണാനാവുന്നു. പക്ഷെ പഴന്തുണി നനച്ചാരോ തുടച്ചെടുക്കയാണെന്നെ എന്ന പറയുന്നിടത്ത്‌ പഴയ മാമൂലുകളില്‍നിന്നുകൊണ്ടു തന്നെയാണ്‌ പുതിയ വ്യവസ്ഥയും പെണ്ണിന്‌ പുതിയ തടവുവഴികള്‍ നിര്‍മ്മിക്കുന്നത്‌ എന്നും അതിന്റെ സാമൂഹിക ശുചിത്വ പ്രക്രിയ തുടരുന്നതെന്നുമുള്ള ഊന്നലുകളുണ്ട്.

ദീര്‍ഘ സഞ്ചാരങ്ങള്‍ നിലക്കുമ്പോള്‍, ഉച്ചത്തിലുള്ള ഒച്ചകള്‍ ഇല്ലാതാവുമ്പോള്‍, മുറിഞ്ഞുപോകുന്ന, നിലച്ചുപോകുന്ന, അവസ്ഥകളില്‍ നിന്ന്‌ ഹ്രസ്വമായ ദൂരങ്ങളും ചലനങ്ങളും പുതിയ കവിത അന്വേഷിച്ചു കൊണ്ടി‍രിക്കുന്നു. വറ്റിപ്പോയ പുഴയുടെ മണല്‍ പുറങ്ങളില്‍ ചെറുകുഴികളിലായ്‌ പുഴ കെട്ടിനില്‍ക്കുന്നതു പോലെയാണ്‌ അത്‌. അതിന്റെ ഉള്ളില്‍ അത്‌ ഒഴുകാന്‍ ശ്രമിക്കുന്നതു പോലെയാണ്‌. പുഴ ഒഴുകിയെത്താന്‍ എടുത്ത ദൂരം അതിന്‌ ഒഴുകാനാവില്ല. അതിന്റെ ഓളങ്ങളോളം അതിന്‌ തുള്ളാനുമാവില്ല. അത്‌ അതിന്റെ നിശ്ചലാവസ്ഥകളോട്‌ ഇടഞ്ഞ്‌ ചലിക്കാന്‍ ശ്രമിക്കുകയാണ്‌. അതുകൊണ്ട് തുണ്ടു‍കളായിപ്പോയ നദിയെപ്പോലെ മുറിച്ചെടുത്തവാക്കുകളായാണ്‌ ഇന്നത്തെ കവിത നില്‍ക്കുന്നത്‌. കൃത്യമായ അളവില്‍ മുറിച്ചെടുത്ത വാക്കുകള്‍ അതിന്റെ വക്കുകള്‍തേച്ച്‌ അത്‌ ഓരോ ആകൃതികളെ ഉണ്ടാ‍ക്കുകയാണ്‌ ചെയ്യുന്നത്‌. ജീവിതത്തിന്റെ കാഴ്ചകളില്‍ നിന്ന്‌ വെട്ടിയെടുത്ത ശില്‍പങ്ങളായി, ചിത്രങ്ങളായി, അവ അവക്കുമേലുള്ള എല്ലാ അലങ്കാരങ്ങളെയും നിരസിക്കുകയാണ്‌. അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ആകൃതികള്‍ മൂര്‍ച്ചയുള്ളവയോ അറ്റം കൂര്‍ത്തവയോ അല്ല. വക്കുകള്‍ തേഞ്ഞ്‌ തഴമ്പാര്‍ന്ന രൂപങ്ങളാണ്‌ അധികവും. അങ്ങനെ പുതിയ ആകൃതികളും സൂക്ഷ്മമായ ഒച്ചകളും ചെറിയ അനക്കങ്ങളും ഗന്ധങ്ങളും നവകവിതയുടെ രൂപഘടനയില്‍ ഭാവുകത്വപരമായ പുതിയ അനുഭവങ്ങളെ, പുതിയ അടയാളങ്ങളെ നിര്‍മ്മിക്കുന്നു. അത്‌ കാലികമായ അതിന്റെ പുതുജീവന്‍ തേടലാണ്‌. അത്‌ അതിന്റെ കാലത്തോട്‌ അതിന്റെ സാന്നിദ്ധ്യമറിയിക്കലാണ്‌.
ഇനിയും ഞാനുണ്ടാ‍വുമെന്ന സൂചന നല്‍കലാണ്‌.


ഇവിടെയുണ്ട് ഞാനെന്നറിയിക്കുവാന്‍
മധുരമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്
വെറുമൊരു തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുണ്ടാവുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി

(പി. പി. രാമചന്ദ്രന്‍- ലളിതം)

അങ്ങനെ അധികം ഒച്ചയില്ലാതെ കൂവിയും തൂവലനക്കിയും അത്‌ പുതിയ കാലത്തെ ശ്രദ്ധയോടെ കാണുന്നു്‌. ഒരുവലിയ അലര്‍ച്ചയായിട്ടോ നിലവിളിയായിട്ടോ അല്ല. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നുമില്ല. അത്‌ ഒരു ചിറകടിയായിട്ടല്ല ഒരു തൂവലനക്കമായിട്ടാണ്‌ നിലകൊള്ളുന്നത്‌. അങ്ങനെ സൂക്ഷ്മശബ്ദങ്ങളും സൂക്ഷ്മ ചലനങ്ങളും നേര്‍ത്ത ഗന്ധങ്ങളും അടക്കം ചെയ്ത ഇമേജുകള്‍കൊണ്ട് അത്‌ സ്വപ്നം കാണുകയാണ്‌.

ഭൂമി മടുമടുത്ത ഒരുറുമ്പ്‌
ഒരു സൂര്യകിരണത്തിന്‍ മീതെ
അരിച്ചരിച്ച് സ്വര്‍ഗ്ഗം തേടി കയറുകയായിരുന്നു.
വഴിക്ക്‌, ഇത്തിരി വിശ്രമിക്കാന്‍
അതെന്റെ ജനല്‍ക്കമ്പിയിലിരുന്നു.
തളര്‍ച്ചകൊണ്ട് പെട്ടെന്ന്‌ ഉറക്കത്തിലാണ്ടു.
സുതാര്യമായ അതിന്റെ
സൂക്ഷ്മ ശരീരത്തിനുള്ളിലെ കിനാവ്‌
എനിക്ക്‌ കാണാന്‍ കഴിഞ്ഞു.

(പി.പി. രാമചന്ദ്രന്‍- കിനാവുറുമ്പ്‌)

നല്ല സൂര്യവെളിച്ചത്തില്‍ ഒരുറുമ്പ്‌ ജനല്‍ കമ്പിയിലൂടെ കയറിപ്പോകുന്നത്‌ കാണുകയാണ്‌. വെളിച്ചം അതിന്റെ ശരിരത്തിനുള്ളിലൂടെ കടന്നു വരുമ്പോള്‍ സുതാര്യമായൊരു തിളക്കം, അത്‌ അതിന്റെ സൂക്ഷ്മശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കിനാവാണ്‌ എന്ന കത്തെല്‍...

നിന്റെ വീട്ടില്‍
കയ്യും ചൂലുമെത്താത്ത
ഒരു ജനല്‍ മൂലയില്‍
പൊടിപ്പരപ്പില്‍,
പ്രണയത്തെപറ്റി നീ
വാചാലനായ സന്ധ്യയില്‍
കേട്ടുമയങ്ങിയെന്‍ വിരല്‍വരച്ച
ഒരുഹൃദയ ചിഹ്നമുണ്ട്.
ഇനിയുമൊരു ചൂലും വിരലും
കണ്ടെത്താതെ
അതവിടെയുറഞ്ഞുകിടക്കും
ചില സംവത്സരങ്ങള്‍കൂടി
പിന്നെയതിനുമുകളില്‍
മറ്റൊരു മറവിപ്പൊടിപ്പരപ്പ്‌
മറ്റൊരു കാതരവിരല്‍
മറ്റൊരു ഹൃദയ ചിഹ്നം
ഇതൊക്കെയും എന്നും ഒരുപോലെ
അതറിഞ്ഞൊരു ത്രികാലജ്ഞാനിയുറുമ്പ്‌
വലംവെച്ച്‌ ഒഴിഞ്ഞ്പോകുന്നു
ഒരുചെറുചിരിയോടെ
പതിവു ധൃതിയോടെ.

(ബിന്ദുകൃഷ്ണന്‍-പൊടിവര)

പ്രണയത്തിന്റെ അടയാളമായി നാം വരയ്ക്കാറുള്ള ഹൃദയ ചിഹ്നം വരച്ചിട്ട ചുമരിലൂടെ ധൃതിയില്‍ ഒഴിഞ്ഞു മാറിപ്പോകുന്ന ഒരു ഉറുമ്പിനെ കവി കാണിച്ചുതരുമ്പോള്‍ വഴിയിലുപേക്ഷിച്ച പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നിന്നും ഒഴിഞ്ഞുമാറിപ്പോകുന്ന ആരെയോകുറിച്ചുള്ള സൂചനകളാണത്‌. അങ്ങനെ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യരുടെ ആധികളെ പുതിയൊരുരീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്.

പക്ഷെ തീര്‍ച്ചയായും ഇത്‌ അതിവേഗങ്ങളുടെയും ദീര്‍ഘസഞ്ചാരങ്ങളുടെയും കാലമാണ്‌. വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ ദൂരംമനുഷ്യന്‌ സഞ്ചരിച്ചെത്താന്‍ കെല്‍പ്പുണ്ട്. വളരെ വലിയൊരു വസ്തുവിന്റെ സ്ഥാനത്ത് തീരെ ചെറിയ ഒന്നിനെ പകരം വയ്ക്കാന്‍ കഴിയുന്നു. പക്ഷേ ആരാണ്ട് അധികവേഗം സഞ്ചരിക്കുന്നത്‌ എന്നും ആര്‍ക്കാണ്‌ ദൂരങ്ങള്‍ താണ്ടാ‍നാവുന്നത്‌ എന്നുമുള്ളചോദ്യമുണ്ട്. ചിലരുടെ വേഗതകള്‍ പലരെയും പലതിനെയും നിശ്ചലമാക്കിക്കൊണ്ടാണ്. ചിലരുടെ ദീര്‍ഘയാത്രകള്‍ പലരുടേയും സഞ്ചാരസ്വാതന്ത്യത്തെ നിഷേധിക്കുന്നു. എന്റെ ജീവിതത്തിന്‌ നടുവിലുടെ വഴിവെട്ടി നിങ്ങള്‍ എവിടേക്കാണ്‌ ഇത്ര വേഗത്തില്‍ പോകുന്നത്‌ എന്ന്‌ പലര്‍ക്കും ചോദിക്കേണ്ടി വരും. അവരുടെ വേഗതയുടെ അടയാളമാണ്‌
എന്റെ ജീവിതത്തില്‍ നീലിച്ചു കിടക്കുന്നതെന്ന്‌ അവര്‍ക്ക്‌ കാണിച്ചു തരേണ്ടി ‍വരും. അങ്ങനെ ചോദ്യങ്ങളുടെ കാഴ്ചകള്‍ അതിന്റെ രാഷ്ട്രീയ ഉള്ളടക്കങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊാ‍ണ്‌ കടന്നുവരുന്നത്‌. ഇവിടെചൂഷണം ചെയ്യപ്പെടുന്ന മനുഷ്യനും പ്രകൃതിയും ഒച്ചയടഞ്ഞ കാഴ്ചകളായും ചലനമറ്റ ആകൃതികളായും അതതിന്റെ പ്രാന്തമേഘലകളില്‍ അടയാളപ്പെടുകയാണ്‌. നേരത്തെ പറഞ്ഞുവച്ച സൂക്ഷ്മ ചലനങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും ഇമേജുകളുടെ (ബിംബങ്ങളുടെ) കാഴ്ചയില്‍ മെര്‍ജുചെയ്താണു കിടക്കുന്നത്‌. ഇതു പക്ഷേ പുതിയകാലത്തിന്റെ സൂക്ഷ്മരാഷ്ട്രീയ ഇടങ്ങളില്‍ കാഴ്ചക്കുവച്ച ഉല്‍പന്നങ്ങളായി ചിലേ‍പ്പാഴെങ്കിലും ചുരുങ്ങിപ്പോകാറുണ്ട്. ചുറ്റും ജീവിക്കുന്ന കാഴ്ചകളില്‍നിന്ന്‌ വെട്ടിയെടുക്കുന്ന ചിത്രങ്ങള്‍ ചുറ്റുപാടുകളില്‍നിന്ന്‌ പെറുക്കിയെടുക്കുന്ന ബിംബങ്ങള്‍ ഒട്ടിച്ചുവെക്കാന്‍ ഒരു പൊതു സ്ഥലത്തിന്റെ ചുമരാണ്‌ അഭികാമ്യം എന്നിരിക്കിലും അത്തരം പൊതുചുമരുകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന നവമൂലധനാധിപത്യത്തിന്റെ കാലഘട്ടത്തില്‍ സ്വന്തം സ്വത്വ ബോധത്തിന്റെ ചുറ്റുമതിലുകള്‍ ഇടം കൈയ്യടക്കുകയാണ്‌.
ഇതുപക്ഷെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പുതിയ മൂലധനവ്യവസ്ഥ എല്ലാ പൊതുഇടങ്ങളെയും മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വെക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വേലിക്കെട്ടുകള്‍ക്കും ചുറ്റുമതിലിനും തടവറകള്‍ക്കും അകത്തു നില്‍ക്കുക എന്ന്‌ സ്നേഹപൂര്‍വ്വം നിര്‍ദ്ദേശിക്കുന്നതിനാലാണ്‌.

ചേരന്‌ ചാളയില്‍ കഞ്ഞിയായ്‌ തപിച്ചത്‌
ചാരന്‌ കണ്‍കുളിര്‍ക്കെ പവന്‍ നിറച്ചത്‌
തോരന്‌ ചീരയോടൊപ്പം പുലര്‍ന്നത്‌
ചേറും ചെറുമിയും കഴുകിയ സത്യവും
ചോറും കറിയും പുഴുങ്ങിയ കപ്പയും
.. . . . . . .. . . . . .. . . . . . . . . .

കപ്പയ്ക്ക് കപ്പയായിരിക്കാനുള്ള അവകാശം
ആരും ചോദ്യം ചെയ്യരുത്‌
നമുക്ക്‌ നാമായിരിക്കാന്‍ കഴിയാത്തിടത്തോളം
കപ്പ ഒരു സമരായുധമല്ല തന്നെ.

രാഘവന്‍ അത്തോളിയുടെ കപ്പ എന്ന കവിതയിലെ വരികളാണിത്‌. ഇവിടെ കപ്പ എന്ന ബിംബത്തെ ദളിത്‌ ജീവിതത്തിന്റെ അടയാളമായിട്ടാണ്‌ കവി സ്വീകരിക്കുന്നത്‌. ദളിതന്‍ ദളിതനായിത്തന്നെ നില്‍ക്കണമെന്നാണ്‌ ഇതിലൂടെ കവി ആഹ്വാനം ചെയ്യുന്നത്‌. ഒരു പൊതുപ്രതലത്തിലേക്ക്, പൊതുവായ ഇടത്തിലേക്ക്‌ കയറിനിന്ന്‌ പറയുന്നതിനു പകരം തന്നിലേക്ക്തന്നെ ഉള്‍വലിഞ്ഞും തന്നെ വിഭജിച്ചു നിര്‍ത്തുന്ന വേലിക്കെ
ട്ടുകള്‍ക്കകത്ത്‌ നിന്നുകൊണ്ടുമാണ്‌ ചില കവികളെങ്കിലും സംസാരിക്കുന്നത്‌ എന്ന പരിമിതിയുമുണ്ട്. താന്‍ കിടന്നുറങ്ങിയ വഴിയമ്പലങ്ങളുടെ അല്ലെങ്കില്‍ തന്റെ മുന്‍തലമുറ നടന്നുവന്ന വഴികളിലെ വഴിയമ്പലങ്ങളുടെ തണലുകള്‍ ഇനിയൊരു വെയിലിനും ദൃശ്യമാക്കാന്‍ കഴിയാത്തവിധം മാഞ്ഞു പോയിരിക്കുന്നു എന്ന നിരാശാ ബോധമാകാം, അല്ലെങ്കില്‍ താന്‍ ചാരിനിന്ന ചുമരില്‍ നിന്നും തന്റെ ഭാരം തന്റെ തന്നെ ശരീരത്തിലേക്ക്‌ ഇറങ്ങിവരികയും ചുമര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ വ്യാകുലതകളാവാം തനിക്കുള്ളിലേക്കുള്ള ഈ തിരിഞ്ഞെഴുത്തിന്‌ കാരണമാവുന്നത്‌. അപ്പോഴും ഒരു വിശ്രമജീവിതത്തിന്റെ ഇരുന്നെഴുത്തുകളായിട്ടല്ല, മറിച്ച്‌ നടന്നു തളര്‍ന്നിട്ടും വഴി തീരാതെ എന്നാല്‍ സഞ്ചാരം നഷ്ടപ്പെട്ട്‌ തളംകെട്ടി നില്‍ക്കുന്ന ചെറു ചെറു ഈര്‍പ്പങ്ങളായി അവ നിശ്ചലം തുടരുകയാണ്‌.

വഴിപോക്കരില്ലാത്ത വഴിയുടെ മനസ്സില്‍കൂടി
ഞാന്‍ നടന്നുണ്ടാ‍യ ഒച്ചയില്‍
ഒരു ചെറു പറവ വീണുപോയി
മുടിയഴിച്ചിട്ട്‌ വിതിര്‍ത്തുണക്കുവാന്‍
വെയിലുനോക്കി നിന്നിരുന്ന ഒരു മരം
അതിനെ താങ്ങി
വഴിപോക്കരില്ലാത്ത വഴിയുടെ മനസ്സില്‍
ഞാന്‍ ചിരിച്ചുണ്ടാ‍യ ഒച്ചയില്‍
ഒരു കൈവഴിയുണ്ടാ‍യി

ഇത്‌ അനിതാതമ്പിയുടെ വഴികള്‍ എന്ന കവിതയാണ്‌. മരവും കിളിയും നീവഴിയിലെ വെയിലും ഒക്കെചേര്‍ന്ന നിശ്ചലദൃശ്യമാണ്‌ മുന്നില്‍. കവി താന്‍ വരച്ചുവച്ച നിശ്ചലപ്രകൃതിക്കുമേല്‍ നടന്നു കയറുകയാണ്‌. അതിലൂടെ ചെറിയ ഒച്ചയുണര്‍ത്തുകയാണ്‌. ചെറിയ ചലനമുണ്ടാക്കുകയാണ്‌. ചെറിയ കൈവഴി നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്‌ അപ്പോഴും ഇമേജ്‌ നിശ്ചലമാണ്‌. ഇത്‌ നമ്മുടെ അലങ്കാരമുറിക്കുള്ളിലെ വെറുമൊരു
ലാന്റ്സ്കേപ്പ്‌ ചിത്രത്തിന്‌ തുല്യമല്ലത്ത ഒരു ചിത്രനിര്‍മ്മിതിയാണ്.

പാലത്തില്‍നിന്നും
പുഴയില്‍
പ്രതിബിംബിച്ച
തീവണ്ടിയില്‍
കയറിപ്പറ്റി
രണ്ടു മീനുകള്‍
വണ്ടി
പുഴ കടന്നു
കരയിലെത്തുമ്പോള്‍
ശ്വാസം മുട്ടിത്തുടങ്ങുമെന്ന്‌
അവരോട്‌
പറഞ്ഞിരുന്നില്ല പ്രണയം.

(വീരാന്‍കുട്ടി -കമിതാക്കള്‍)

താഴ്‌വരയിലെ പച്ചയ്ക്കിടയില്‍
ഇലയുണങ്ങിനില്‍ക്കും മരമേ,
പൂത്തതാണെന്നു കരുതി
ദൂരെനിന്നൊരാള്‍
നിന്നെ മനസ്സില്‍ പകര്‍ത്തി
കൊണ്ടുപോയിട്ടുണ്ട്.

മരിക്കുംവരെ
അയാളിലുണ്ടാവും
പൂത്തപടി തന്നെ നീ

അയാളില്‍നിന്നു കേട്ട്‌
മറ്റുള്ളവരും
കൂടുതല്‍ പൂക്കളോടെ
നിന്നെ സങ്കല്‍പിക്കും

പൂക്കാലമായ്‌ നിന്നെ വരയ്ക്കുമൊരാള്‍
കവിയും എഴുതിയേക്കാം.

താഴ്‌വരയിലെ പച്ചയ്ക്കിടയില്‍
ഇലയുണങ്ങിനില്‍ക്കും മരമേ,

ഒരുനാളും ഉണങ്ങുകയില്ലല്ലോ
ഇനി നീ.

(വീരാന്‍കുട്ടി -പൂത്തപടി)

ഉയരം കുറഞ്ഞ്‌ കുറഞ്ഞ്‌
വൈക്കോല്‍ക്കുണ്ട
അപ്രത്യക്ഷമായപ്പോള്‍
അതിരുന്നിടത്തൊരു
പുല്ലില്ലാവട്ടം
രൂപം കൊണ്ടി‍രുന്നു
വെട്ടുകല്ല്‌
ചുമരായിമാറിയപ്പോള്‍
പുരപ്പണിക്കായ്‌
ഇറക്കിവെച്ചിരുന്നേടത്ത്‌
പുലില്ലാചതുരം
നിര്‍മ്മിക്കപ്പെട്ടിരുന്നു
ഔന്നത്യങ്ങള്‍
ബലിഷ്ഠതകള്‍
വാക്കുവാക്കായിസ്ഥലംവിടുന്നു
അപ്പോളവിടെയും
പുല്ലില്ലക്കളമുണ്ട്
രൂപംകൊള്ളുന്നു

(പി. രാമന്‍ - പാഴേ കഴ്ചകള്‍)

വെയില്‌
കാറ്റ്‌
മരങ്ങള്‍
നിഴലുകള്‍
വെളിയിലാരോ
വരച്ചപോലങ്ങനെ
അയയില്‍ വന്നിരിക്കുന്ന
കിളിയുടെ
വയറുനോക്കി
അനങ്ങാതെയിങ്ങനെ

(പി. പി. രാമചന്ദ്രന്‍ - നിശ്ചലജീവിതം )

ആകാശമേ മഴ വന്നാലും
നീയെന്റെ ചിറകെഴുത്തുകള്‍ ഓര്‍ത്തിരിക്കണേ
കുഞ്ഞുങ്ങള്‍ കുട നിവര്‍ത്തുമ്പോള്‍
അതിനുള്ളില്‍ കയറിക്കൂടി
കൂട്ടം ചേര്‍ന്ന്‌ പോകണേ

(അനിതാ തമ്പി)

ഇങ്ങനെ ഇമേജുകള്‍ കണ്ടെടുക്കുകയും കാഴ്ചയെ അതിന്റെ കൃത്യതയാര്‍ന്ന അളവുകളില്‍ ഒതുക്കി നിര്‍മ്മിക്കുകയും ചെയ്യുന്ന ശ്രമകരമായ പ്രവൃത്തിയിലുടെ കവിത അതിന്റെ അടയാള വാക്കുകളെ നിര്‍മ്മിച്ചുകൊണ്ടി‍രിക്കുകയാണ്‌. എന്തുകൊണ്ട് ഇമേജുകള്‍? സങ്കീര്‍ത്തനങ്ങളോ സങ്കടാലാപങ്ങളോ അല്ല. നീട്ടിപ്പാടിയും വാക്കുകളെ അക്ഷരങ്ങളുടെ പ്രാസം നോക്കി അടുക്കിവെക്കുന്ന പഴയ രീതിയുമല്ല. കൃത്യമായ
കാഴ്ചകളെ നിര്‍മ്മിക്കുന്ന കൃത്യമായ വാക്കുകളുടെ ഖരഭാഷയാണ്‌ അതിന്റെ ശരീരം. എന്തുകൊണ്ടെന്നാല്‍ ഇത്‌ ഇമേജുകളുടെ കാലമാണ്‌. മാര്‍ക്കറ്റ്‌ ആധിപത്യത്തിന്റെ കാലം കൂടിയാണ്‌. ഇമേജുകളുടെ ഉത്സവകേളികളിലാണ്‌ മാര്‍ക്കറ്റ്‌ അതിന്റെ ഉത്പന്നത്തെ വിറ്റഴിക്കുന്നത്‌. ഒരു ഉത്പന്നത്തിന്റേയോ ഒരു സേവനത്തിന്റേയോ വിപണനത്തിന്ന്‌ ഒരു കാഴ്ചയെ നിര്‍മ്മിക്കേണ്ടതുണ്ട് എന്ന്‌ പുതിയ മൂലധന ശക്തി
കള്‍ക്ക്‌ നന്നായി അറിയാം. പരസ്യ ചിത്രങ്ങളും പരസ്യ അച്ചടികളും ഏറ്റവും പുതുമയുള്ളതും ആശയ സമ്പുഷ്ടവുമായ ഇമേജുകളെ നിര്‍മ്മിക്കുന്നത്‌ അതുകൊണ്ടാണ്‌. ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും പരസ്യബോര്‍ഡുകളിലും ഇന്റര്‍നെറ്റ്‌ വഴിയും പരസ്യ��ങ്ങള്‍ കാഴ്ചകളിലേക്ക് കുത്തിയൊലിച്ചുകൊണ്ടിരിക്കുന്നു. മൂലധനത്തിന്റെ ലാഭവിഹിതത്തിനു വേണ്ടി നിര്‍മ്മിക്കപ്പെടുന്ന സുന്ദര കാഴ്ചകളാണ് - ഏറ്റവും നിറപ്പകിട്ടുള്ളതും തിളക്കമാര്‍ന്നതുമായ വ്യാജ ഇമേജുകളാണ് - നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഇഷ്ടങ്ങളെ നിര്‍ണ്ണയിക്കുന്നത്. കൂടാതെ വിപണി സ്പോണ്‍‌സര്‍ ചെയ്യുന്ന കലകള്‍, സാംസ്കാരിക പരിപാടികള്‍ ഇവയൊക്കെയും വിപണിയുടെയും മൂലധനത്തിന്റെ താത്പര്യാര്‍ത്ഥം പുതിയ കാഴ്ചകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സാമൂഹിക സാംസ്കാരിക കാഴ്ചകളുടെ മുഖ്യധാര അതുകൊണ്ടു തന്നെ മൂലധനത്തിന്റെ വ്യാജപരികല്പനകളാല്‍ ജനവിരുദ്ധമാണ്. ഇവിടെ തിരസ്കരിക്കപ്പെടുന്ന കാഴ്ചകളുണ്ട്. ജീവിതത്തിന്റെ നനവന്വേഷിച്ചു കൊണ്ടിരിക്കുന്ന വരണ്ട മനുഷ്യരുടെ ജീവിതപരിസരങ്ങളുടെയും തൊഴിലിടങ്ങളുടെയും പ്രണയത്തിന്റെയും ആവാസത്തിന്റെയും പരിസ്ഥിതിയുടെയും കാഴ്ച. മൂലധന വ്യവസ്ഥ കടന്നു കയറി കൊടി നാട്ടുന്നത് അവിടെയൊക്കെയാണ്. അത് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമൊന്നുമില്ലാതെയാണ് സംഭവിക്കുന്നതും. മനുഷ്യന്റെ ജീവിതം വഴിമുട്ടുന്നത് എല്ലാ മൂലകളിലുമാണ്. മനുഷ്യനു പുറമേ പ്രകൃതിയും ജീവജാലങ്ങളും മൂലധനത്തിന്റെ കൊടിക്കുത്തി വാഴലില്‍ അമരുകയാണ്. നവമുതലാളിത്തം അതിന്റെ ആസൂത്രണ പദ്ധതികളാല്‍ തയ്യാര്‍ ചെയ്യുന്ന ഭ്രമാത്മക കാഴ്ചകളിലൂടെ തിരസ്കരിക്കുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥകാഴ്ചകളെ വീണ്ടെടുക്കുകയാണ് നവകവിത ചെയ്യുന്നത്. അതുകൊണ്ട് ഇമേജുകള്‍ തന്നെയാണ് പുതിയ കവിതയുടെയും ശരീരഘടനയൊരുക്കുന്നത്. ഒരാദര്‍ശത്തിന്റെയും ഭാഗമല്ല നവകവിതയെന്നും, സ്വതന്ത്രമായ കാഴ്ചകള്‍ ഒന്നിന്റെയും പ്രതിനിധാനമാവാതെ അത് അതായിത്തന്നെ അതിന്റെ അസ്തിത്വം അടയാളപ്പെടുത്തിക്കൊണ്ടാണ് നിലനില്‍ക്കുന്നത് എന്നുമുള്ള ചില നിരൂപകരുടെ വാദം അത്രത്തോളം ശരിയല്ല. മൂലധനവ്യവസ്ഥ തിരസ്കരിക്കുന്ന ബിംബങ്ങളെ അത് വീണ്ടെടുക്കുന്നതിലൂടെ അത് അതിന്റെ രാഷ്ട്രീയ മുഖം വെളിപ്പെടുത്തുന്നുണ്ട്. ഇതു പക്ഷേ കുറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ വിഷയമാണ്. അതുകൊണ്ട് തന്നെ അവ കുറച്ചു കൂടി വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

'ആധുനികത'യുടെ വൈയക്തിക ദു:ഖാങ്ങളോടുള്ള മടുപ്പുമായിട്ടാണ് ജനകീയ രാഷ്ട്രീയ ഇച്ഛയില്‍ നിന്നുകൊണ്ട് 1970-കളുടെ നട്ടുച്ചയില്‍ പുതിയൊരു കവിതാരീതിക്ക്‌ കേരളം വേദിയായത്‌. കെ.ജി.എസ്സും സച്ചിദാനന്ദനും ആറ്റൂരും കടമ്മനിട്ടയുമൊക്കെചേര്‍ന്ന്‌ പുതിയൊരു ഭാവുകത്വത്തെ കേരളത്തില്‍ തുറന്നുവിട്ടു.

സഞ്ജയാ, നീ കണ്ടതാണ്‌ ശരി
ഈ വിള്ളലുകള്‍ നിര്‍വ്വാസിതന്മാര്‍ക്ക്‌ കൂടല്ല
പരാജിതന്‌ ഭൂമി തുറന്നുകൊടുത്ത ശവപ്പെട്ടിയല്ല
ആ വിള്ളലുകളില്‍ കാതുചേര്‍ക്കുന്ന കറുത്തകുട്ടികള്‍
തുടരെ കേള്‍ക്കുന്ന കനത്ത കാലൊച്ച
ചരിത്രത്തിന്റേതാണ്‌

എന്ന്‌ “ബംഗാളി“ലൂടെ കെ.ജി.എസ്‌. പാടി. അത്‌ ചരിത്രത്തോട്‌ മുഖാമുഖം നിന്ന്‌ കാലത്തെ അടയാളപ്പെടുത്തുകയായിരുന്നു. അത്‌ അസ്തിത്വ ദു:ഖത്തിന്റെ ഗുഹാമുഖങ്ങളില്‍ പൂണ്ടുകിടന്ന മലയാളത്തില്‍ വലിയൊരു മുഴക്കമായിരുന്നു. അവിടെ കാവ്യനീതിയുടെ പുതിയൊരു ശബ്ദം കേട്ടുതുടങ്ങി. അത്‌ വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു. പക്ഷെ തൊണ്ണൂറുകളാവുമ്പോഴേക്ക്‌ പുതിയ ചില മറവികളായി അത്‌ മാറി.

നമുക്ക്‌ എഴുപതുകളെ മറക്കാം
വയല്‍പ്പച്ചയും കിണര്‍ക്കുളിരും
മറന്നപോലെ ...

എന്ന്‌ സച്ചിദാനന്ദന്‍ മറവികളുടെ മൂടല്‍ പടര്‍ത്തിയത്‌ 90കളുടെ മധ്യത്തില്‍ വച്ചാണ്‌.

എണീക്കാന്‍ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടുവോളം

എന്ന്‌ കെ.ജി.എസ്. അതിനു മുമ്പ്‌ തന്നെ പറഞ്ഞുവെയ്ക്കുകയും ചെയ്തു. പക്ഷെ കാലത്തിന്റെ പുതിയ ചുവടുവെയ്പ്പുകള്‍ നമ്മുടെ ചുറ്റുപാടുകളെ എങ്ങനെയാണ്‌ അടയാളപ്പെടുത്തുന്നത്‌. പുതിയ കവിതയുടെ ഇഴകളും ഇടകളും പുതിത്തെ എങ്ങനെയാണ്‌ അഭിസംബോധനചെയ്യുന്നത്‌ എന്ന വിശകലനത്തിലാവും അതിന്റെ രാഷ്ട്രീയം വെളിപ്പെടുക.

കാലം ഒരു പരിഗണനാ വിഷയമേയല്ല, സ്ഥലത്തിന്റെ സാധ്യതകളാണ്‌ അത്‌ തിരയുന്നത്‌� എന്നാണ്‌ പുതിയ കവികളില്‍ ചിലര്‍ പറയുന്നത്‌. സ്ഥലം എന്നത്‌ നിശ്ചല പ്രകൃതിയും കാലം അതിന്റെ ചാലക ശക്തിയുമാണ്‌. കാലത്തിന്റെ ചലന പ്രമേയങ്ങളോട്‌ പുറം തിരിഞ്ഞുനില്‍ക്കുകയും സ്ഥലത്തിന്റെ നിശ്ചലകാഴ്ചകളെ പ്രമേയവത്കരിക്കുകയും ചെയ്യുന്നതിലൂടെ ലോകത്തിന്റെ പ്രാകൃതാവസ്ഥകളോടാണ്‌ അത്‌ താതാത്മ്യം പ്രാപിക്കുന്നത്‌ എന്ന്‌ കാണാനാവും. വളരെ പഴക്കം ചെന്ന ആധിപത്യവ്യവസ്ഥകളുടെ ജീവിതാവസ്ഥകള്‍ മനുഷ്യന്‌ കല്‍പ്പിച്ചുകൊടുത്തിട്ടുള്ള ചില പരിധികളുണ്ട്‌. പുതിയ ജനാധിപത്യമൂല്യങ്ങളുടെ ചുറ്റുപാടുകള്‍ അത്തരം പരിധികളെ മറികിടക്കാനുള്ള ഇടങ്ങളൊരുക്കുന്നുമുണ്ട്‌. അത്‌ ചരിത്രത്തിന്റെ വളരെ നീ ഇടപെടലുകളില്‍ നിന്നുണ്ടാ‍യതാണ്‌. പ്രാകൃതമായ നിശ്ചലാവസ്ഥകളെ കാലത്തിന്റെ ഊക്കുകൊണ്ട്‌ ചലിപ്പിച്ചതിന്റെ ഫലമായാണ്‌ ആ ഒരവസ്ഥയിലേക്ക്‌ മനുഷ്യന്‍ കാലെടുത്തുവെച്ചത്‌. അത്‌ അതിന്റെ പൂര്‍ണ്ണത കൈവരിച്ചിട്ടില്ല എന്നത്‌ സത്യമാണ്‌. പക്ഷെ ചരിത്രത്തിന്റെ സഞ്ചാരം അതിനെ മുന്നോട്ട്‌ ചലിപ്പിക്കുന്നതാവണം. എന്നാല്‍ ആധുനികാനന്തര ജ്ഞാനരൂപങ്ങള്‍ ചരിത്രത്തിന്റെ പിന്നോട്ടുള്ള നടത്തത്തിനോ അതല്ലെങ്കില്‍ അതിനെ തടഞ്ഞുനിര്‍ത്തുന്നതിനോ ആണ്‌ പ്രയോജനപ്പെടുക. അതുകൊണ്ട്‌ അതിലേക്കുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ എതിര്‍ക്കുക എന്നുള്ളത്‌, അതിനെ തുറന്നകാട്ടുക എന്നുള്ളത്‌ പുരോഗമനപരമായ ചരിത്രദൗത്യം കൂടിയാണ്‌. പുതിയ കാലത്തിന്റെ എഴുത്തിടങ്ങളായ സ്ത്രീ, പരിസ്ഥിതി, ദളിത്‌ മൗലികവാദങ്ങളെ അതുകൊണ്ടു ‍തന്നെ പുതിയകാലത്തിന്റെ പ്രതിരോധം എന്ന നിലയ്ക്ക്‌ എതിര്‍ത്തിടപ്പെടുന്ന പ്രവര്‍ത്തനവും ഇന്ന്‌ കേരളത്തിന്റെ സാംസ്കാരിക രംഗത്തു നടക്കുന്നുണ്ട്.

പെണ്ണിനെ പ്രകൃതിയോടും കാലത്തിന്റെ നിര്‍മ്മാണയുക്തികളെ ആണധികാരത്തിന്റെ ആധിപത്യശ്രമങ്ങളായും വായിക്കുന്ന പുതിയൊരു പെണ്‍പക്ഷ മൗലികവാദം സാഹിത്യരംഗത്തുനടക്കുന്നുണ്ട്‌. അതിനോ‍ടൊപ്പംതന്നെ ദളിത്‌, ആദിവാസി, മതന്യൂനപക്ഷങ്ങള്‍ മുതലായ സ്വത്വസംജ്ഞകളും അതിന്റെ മൗലികവാദം അവതരിപ്പിക്കുന്നുണ്ട്‌. ചരിത്രമെന്നത്‌ പ്രകൃതിക്കുമേല്‍ മനുഷ്യന്‍ ഇടപ്പെട്ടതിന്റെ അനുഭവങ്ങളാണെന്നും ജൈവപരവും ജന്മപരവുമായ എല്ലാ പരിമിതികള്‍ക്കുമപ്പുറത്താണ്‌ മനുഷ്യന്‍ തന്റെ അദ്ധ്വാനം കൊണ്ട്‌ നിര്‍മ്മിച്ചെടുത്ത ബോധത്തിന്റെയും സാംസ്കാരത്തിന്റെയും സാധ്യതയെന്നും തിരിച്ചറിയുമ്പോഴാണ്‌ ഏതൊരു സമൂഹവും ചരിത്രത്തിന്റെ പൊതുധാരയില്‍ ഇടം നേടുന്നത്‌. നേരെമറിച്ച്‌ പൗരാണിക
അധികാര ഘടനയുടെ വര്‍ഗ്ഗരൂപങ്ങളായ ജാതീയതയേയും മതാത്മകതയെയും പ്രകൃത്യാലുള്ള മനുഷ്യന്റെ ലിംഗപരമായ വ്യത്യാസങ്ങളെയും അതിന്റെ പരിമിതികളില്‍ നിന്നു മറികടക്കുന്നത്‌ ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റേയും സ്വാതന്ത്രത്തിന്റെയും അളവുകോല്‍ കൊണ്ടാണ്‌. അത്‌ മനുഷ്യന്‍ തന്റെ പ്രകൃതിക്കുമേല്‍ പണിതുണ്ടാ‍ക്കിയ, മനുഷ്യരില്‍ തന്നെ രൂപം കൊണ്ട് അധികാര വര്‍ഗ്ഗത്തോട്‌ ഏറ്റുമുട്ടി പണിതുണ്ടാ‍ക്കിയ മൂല്യങ്ങളാണ്‌. അത്തരം ഏറ്റുമുട്ടലുകളുടെയും നിര്‍മ്മാണങ്ങളുടെയും നിരന്തര പ്രക്രിയയെയാണ്‌ ചരിത്രമെന്നു വിളിക്കുന്നത്‌.

പക്ഷെ ഉത്തരാധുനികതയുടെ ജ്ഞാനാന്വേഷണങ്ങള്‍ കടന്നുവരുന്നത്‌ ചരിത്രത്തിന്റെ അന്ത്യം എന്ന പേരുവിളിച്ചുകൊണ്ടാ‍ണ്‌. അധിനിവേശാനന്തരം (കോളനിവാഴ്ചകളുടെ കാലശേഷം എന്ന അര്‍ത്ഥത്തില്‍) മനുഷ്യന്‌ ചരിത്രമില്ലെന്നും ഇനി നടക്കാന്‍ പോകുന്നത്‌ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങളാണെന്നും അതിനൊപ്പം പറഞ്ഞുവെച്ചു. വ്യത്യസ്ത ഗോത്രങ്ങളും ജാതികളും മതങ്ങളും ലിംഗവ്യത്യാസങ്ങളും വിമതലൈംഗികതയും അവയുടെ നിലനില്‍പ്പുകള്‍ക്കായി നടത്തുന്ന ഇടപെടലുകളാണത്രേ അത്‌. അങ്ങനെ മനുഷ്യന്റെ പൊതുവായ ജീവിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉണ്ടാകേണ്ട സമരത്തെ വ്യത്യസ്ത കോണുകളിലേക്ക്‌, കള്ളികളിലേക്ക്‌ ഛിന്നഭിന്നമാക്കിതീര്‍ക്കുന്ന ഒരു ആശയ ധാര സമീപകാലങ്ങളില്‍ മേല്‍ക്കൈനേടി. പുതിയ മൂലധനവ്യവസ്ഥ എല്ലാ അതിര്‍ത്തികളെയും നേര്‍പ്പിച്ച്‌ ആഗോളസഞ്ചാരം നടത്തുമ്പോള്‍ അവിടങ്ങളിലൊക്കെ നിലനില്‍പ്പും അതിജീവനവും അപകടത്തിലാവുന്ന മനുഷ്യനണ്ട്‌. യഥാര്‍ത്ഥത്തില്‍ ഏത്‌ ശക്തിക്കെതിരാണോ സമരം നടത്തേ ത്‌ അതിനെതിരെ ഐക്യപ്പെടേണ്ട സമരോര്‍ജ്ജത്തെ പലതുറകളിലാക്കി ശിഥിലീകരിക്കുകയും വ്യത്യസ്ത ജനസമൂഹങ്ങളെ അതാതിന്റെ കള്ളികളിലൊതുക്കി നിശ്ചലമാക്കുകയാണ്‌ ചെയ്യുന്നത്‌. അതിനുവേണ്ടി‍ ധനസഹായമടക്കം സാമ്രാജിത്വ ഏജന്‍സികള്‍ ചെയ്തുകൊടുക്കുന്നുമുണ്ട്. ഇവിടെ കീഴാള ജനത നിസ്സഹായരാവുകയാണ്‌. ആര്‍ക്കുവേണ്ടി‍ എന്നറിയാതെ സ്വന്തം കുരുതിത്തറകളില്‍ തലവെച്ചുകൊടുക്കുകയാണ്‌. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ മുഖ്യധാരാ സമൂഹത്തിന്നുമുന്നില്‍ കാഴ്ചക്കുള്ള വകയായി തീരുകയാണ്‌. അങ്ങനെ
പൊതു ഇടങ്ങളില്‍ നിന്ന്‌ മനുഷ്യന്‍ ഒഴിഞ്ഞുപോവുകയും സ്വന്തം സ്വത്വസ്ഥലങ്ങളിലേക്ക്‌ ഒതുങ്ങിനില്‍ക്കുകയും ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളെ മൂലധനശക്തികള്‍ കൈയ്യടക്കുകയുമാണ്‌. എല്ലാ സാമൂഹികസ്വത്വങ്ങളുടെയും സാംസ്കാരിക വൈജാത്യങ്ങള്‍ ചരിത്രത്തിന്റെ നിര്‍മ്മാണ പ്രക്രിയക്ക്‌ ഉപകരണങ്ങളായിത്തീരുന്നതിനുപകരം അത്‌ സ്ഥലത്തിന്റെ ചലനമറ്റ പ്രാകൃതാവസ്ഥകളിലേക്ക്‌ ഉള്‍വലിഞ്ഞുപോവുകയല്ല
വേണ്ടത്‌. കള്ളികളിലകപ്പെട്ടുപോയ മനുഷ്യര്‍ തങ്ങള്‍ ശേഖരിച്ച അനുഭവങ്ങള്‍ തങ്ങളുടെ ഇടവഴികളിലൂടെ ചുമന്നുകൊണ്ടു ‍പോവുകയും നാലും കൂടിയ പൊതുവഴികളില്‍ സമ്മേളിക്കുകയും ചെയ്യുമ്പോഴാണ്‌ ചരിത്രത്തിലേക്ക്‌ അത്‌ വിനിമയം ചെയ്യപ്പെടുന്നത്‌. പുതിയ കവികളില്‍ പലരും അത്‌ തിരിച്ചറിയുന്നുണ്ട്‌. ഗോപീകൃഷ്ണന്റെ മുഷ്ടി എന്ന കവിത അതിന്‌ തെളിവാണ്‌.

ഞാന്‍
ഏറ്റവും ഇഷ്ടപ്പെടുന്ന
അവയവം
പലതായ്‌ പിരിഞ്ഞിരിക്കുന്നു.
ചില ഇലകളെപ്പോലെ
ഹരിതകം കൊതിച്ച്‌.
ഉറുമ്പുകളെപ്പോലെ
ബുദ്ധിമുട്ടിയാണ്‌ അത്‌
തീറ്റപെറുക്കിയെടുക്കുക.
കിളികളെപ്പോലെ അനായാസമായാണ്‌
വായിലെത്തിക്കുക
കുഞ്ഞുങ്ങളിലും
പങ്കാളികളിലും
പലതരത്തില്‍
അവ സഞ്ചരിക്കുന്നത്‌
നോക്കിനിന്നുപോകും
എത്ര പരിചയിച്ചാലും
പക്ഷേ
അതിനെ ഞാനിഷ്ടപ്പെടുന്നത്‌
ഇതുകൊണ്ടൊന്നുമല്ല.
മുഴുവന്‍ ശരീരവും
പരിഹാസ്യമായ്‌ കീഴടങ്ങുമ്പോള്‍
അത്‌
വെളിയില്‍ ചുരുണ്ടു മുറുകി
ഒരുപുതിയ തലച്ചോറാകും
ഇന്നും
ലോകമെമ്പാടും.

മുഷ്ടി, പി. എന്‍. ഗോപീകൃഷ്ണന്‍

നിജാസ്
Subscribe Tharjani |