തര്‍ജ്ജനി

മുഖമൊഴി

നവോത്ഥാനത്തിന് എന്താണ് സംഭവിച്ചത്?

സമീപകാലത്ത് വൈവിദ്ധ്യമാര്‍ന്ന അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ട ഒരു മലയാളം വാക്കാണ് നവോത്ഥാനം. നവോത്ഥാനം എന്ന വാക്ക് കേരളത്തില്‍ ഇക്കാലത്ത് വളരെ പ്രിയപ്പെട്ടതായിക്കഴിഞ്ഞിരിക്കുന്നു. നവോത്ഥാമൂല്യങ്ങളോടുള്ള പ്രതിപത്തിയാണ് ഈ പ്രിയത്തിന് കാരണമെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെന്നും തോന്നുന്നന്നില്ല. ഇടതുപക്ഷ യുവജനസംഘടനമുതല്‍ തീവ്രഇസ്ലാമി നിലപാടു പുലര്‍ത്തുന്ന യുവജനസംഘടനകള്‍ വരെ നവോത്ഥാനത്തിന്റെ വക്താക്കളായും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷകരായും പൊതുവേദികളില്‍ നിരന്തരം പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നാള്‍ക്കു നാള്‍ പ്രതിസന്ധി രൂക്ഷമാകുന്ന കേരളത്തിലെ സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ നവോത്ഥാനമൂല്യം എന്ന് സാധാരണനിലയില്‍ കരുതപ്പെടുന്നവയെല്ലാം വിലകെട്ടതായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ട നവോത്ഥാനചൈതന്യത്തിന്റെ പുനരുജ്ജീവനം നവീനനവോത്ഥാനവക്താക്കളില്‍ നിന്ന് ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ജീവിതത്തില്‍ വെല്ലുവിളികളോട് ഏറ്റുമട്ടി പരാജയപ്പെടുന്നവര്‍ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ഒരു ദേശമായി കേരളം മാറിയിരിക്കുന്നു. പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ പൂര്‍ണ്ണമായും തിരസ്കരിക്കപ്പെട്ടിരിക്കുന്നു. ദിനംതോറും കൈക്കൂലിയിലൂടെയും അവിഹിത സാമ്പത്തികഇടപാടുകളിലൂടെയും രാഷ്ട്രീയനേതൃത്വത്തിലുള്ളവര്‍ നടത്തുന്ന ധനാര്‍ജ്ജനത്തിന്റെയും കഥകള്‍ മാദ്ധ്യമങ്ങളില്‍ പുതുമയല്ലാതായി മാറിയിരിക്കുന്നു. സമൂഹം ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലസംഗീതമായി നവോത്ഥാനപ്രഭാഷണങ്ങള്‍ നടക്കുകയും ചെയ്യുന്നു. എന്താണ് നമ്മുടെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്? നമ്മുടെ നവോത്ഥാനത്തിന് എന്താണ് സംഭവിച്ചത്? ആരാണ്, അല്ലെങ്കില്‍ ആരൊക്കെയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍?

വിവേകാനന്ദന്‍ കേരളത്തിലെ ജാതിവ്യവസ്ഥയുടെ പരിഹാസ്യത കണ്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പിന്നീട് ജാതിയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന പ്രസ്ഥാനങ്ങളിലൂടെ ആധുനിക കേരളം സൃഷ്ടിക്കപ്പെട്ടുവെന്ന സാമൂഹ്യപാഠപുസ്തകചരിത്രബോധം പുന:പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ് ബംഗാളില്‍ നിന്നും ഭാരതം മുഴുവന്‍ സഞ്ചരിച്ച് കേരളത്തിലെത്തിയ വിവേകാനന്ദന്‍ ഇവിടെ മാത്രമേ ജാതിയുടെ കരാളത കണ്ടത് എന്നു പറയുന്നത് സാമാന്യബോധമുള്ള ആരും വെള്ളം കൂട്ടാതെ വിഴുങ്ങില്ല. ഇന്നും ഉത്തരേന്ത്യയിലും വിവേകാനന്ദന്‍ പിറന്നു വളര്‍ന്ന ബംഗാളിലും ജാതിയുടെ പേരില്‍ നടമാടുന്ന അക്രമങ്ങള്‍ നമ്മുക്കറിയാവുന്നതാണ്. എന്നിട്ടും എന്താണ് കേരളം മാത്രം ഭ്രാന്താലയമാണ് എന്നു ചിക്കാഗോപ്രസംഗത്തിന്റെ പേരില്‍ നാം പുളകത്തോടെ ഓര്‍ക്കുന്ന നവവേദാന്തി പറയാനിടയായത്? കാരണം ലളിതമാണ്. കേരളത്തില്‍ ജാതീയമായ അവശത അനുഭവിക്കുന്ന ഒരാള്‍ക്ക് അതില്‍ നിന്നു രക്ഷനേടാന്‍ വഴികളുണ്ടായിരുന്നു. ക്രിസ്തുമതമോ ഇസ്ലാം മതമോ സ്വീകരിച്ചാല്‍ അതോടെ അക്കാലമത്രയും അയാള്‍ക്കുണ്ടായിരുന്ന ജാതി ഇല്ലാതാകും. സാമൂഹികമായ വിലക്കുകളോ പ്രശ്‌നങ്ങളോ ഇല്ലാതെ പിറന്ന നാട്ടില്‍ തന്നെ പുതിയ മനുഷ്യനായി ജീവിക്കാനാകും. ബ്രാഹ്മണന്‍ ഉപനയനത്തിലൂടെ ദ്വിജനാകുന്നതു പോലെയുള്ള ഒരു ദ്വിജത്വം തന്നെയാണിത്. രണ്ടാം ജന്മം. ഇക്കാലത്തും ഉത്തരേന്ത്യയില്‍ സാദ്ധ്യമല്ലാത്ത കാര്യമാണിത്. മതം മാറിയവനേയും മാറ്റിയവനേയും ചുട്ടുകളയുന്ന അത്തരം സമൂഹത്തില്‍ നിന്നും വരുന്നയാള്‍ക്ക് ഈ ദ്വിജത്വം ഭ്രാന്തായി തോന്നാവുന്നതാണ്.

ബുദ്ധമതവും ജൈനമതവും നടത്തിയ മിഷനറി പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ആദ്യത്തെ മതപരിവര്‍ത്തനസംരംഭങ്ങള്‍. പിന്നീട് കപ്പലേറി വന്ന മതങ്ങളും അവരുടെ അനുയായിവൃന്ദത്തെയും വിശ്വാസിസമൂഹത്തെയും സൃഷ്ടിച്ചെടുത്തു. കേരളീയര്‍ക്ക് മതം ഒരു പ്രശ്‌നമായിരുന്നില്ല. സാമൂതിരി ചരിത്രം ഇതിന് സാക്ഷ്യം നല്കുന്നു. തീരപ്രദേശത്തെ ഓരോ കുടുംബത്തിലെയും ഒരു അംഗം ഇസ്ലാം മതം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള സാമൂതിരിയുടെ തിട്ടൂരം ഇതിനു തെളിവാണ്. ക്രിസ്തുമതം സ്വീകരിച്ച കേരളീയന് ഒരു പതിത്വവും ആരും കല്പിച്ചില്ല. പരമ്പരാഗതമായ ബന്ധത്തില്‍ നിന്ന് ആവശ്യമെങ്കില്‍ മോചനം സാദ്ധ്യമാകുന്ന കേരളീയസമൂഹമാണ് നവോത്ഥാനത്തിന്റെ ഉത്തമമാതൃക ഇന്ത്യാചരിത്രത്തില്‍ കാഴ്ചവെച്ചത്. സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ മര്‍ദ്ദനം അനുഭവിക്കുന്ന ജനസമൂഹം മനുഷ്യര്‍ എന്ന നിലയില്‍ സ്വയം സ്ഥാപിച്ചെടുക്കാനായി നടത്തിയ പ്രവര്‍ത്തനമാണ് കേരളീയനവോത്ഥാനത്തിന്റെ അടിത്തറ ഇതില്‍ ആദ്യത്തേത് തെക്കന്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ സമൂഹത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത് ബംഗാളില്‍ രാജാറാം മോഹന്‍റായിയും കൂട്ടരും ബ്രാഹ്മണജന്മിമാരുടെ ഇടയില്‍ ആചാരപരിഷ്കരണത്തിന് ശ്രമിക്കുന്ന കാലത്ത് ചാന്നാര്‍ സമൂഹത്തില്‍ വൈകുണ്ഡസ്വാമി എന്ന ആത്മീയാചാര്യന്‍ പില്‍ക്കാലത്ത് ശ്രീനാരായണഗുരു കേരളസമൂഹത്തില്‍ വ്യാപകമാക്കിയ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം തന്റേതായ രീതിയില്‍ അവതരിപ്പിച്ച് പ്രവര്‍ത്തിച്ചത് അക്കാദമി ചരിത്രത്തിന്റെ അംഗീകരണം ലഭിക്കാത്തതിനാല്‍ ഇന്നും തമസ്കരിക്കപ്പെട്ട ചരിത്രമാണ്. ശ്രീനാരായണഗുരുവിന്റേയും ചട്ടമ്പിസ്വാമികളുടേയും ഗുരു പാണ്ടിപ്പറയസമുദായക്കാരനായ തൈക്കാട്ട് അയ്യാവുസ്വാമികളാണ് എന്നതും നാം ഓര്‍ക്കാതെ പോകുന്ന വസ്തുതയാണ്. കീഴാളസമൂഹത്തിന്റെ മോചനസങ്കല്പങ്ങള്‍ക്ക് തത്വചിന്താപരവും ആത്മീയവുമായ ദിശാബോധം നല്കിയവരോടൊപ്പം അയ്യങ്കാളിയേയും നവോത്ഥാനനായകരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിസമരിക്കപ്പെട്ടുപോകുന്നതും പതിവാണ്. മനുഷ്യര്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടാനും വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ സമരനായകനെ വിസ്മരിച്ചുകൊണ്ടുള്ള നവോത്ഥാനസങ്കല്പം എങ്ങനെയാണ് രൂഢമൂലമായത്? കേരളീയനവോത്ഥാനത്തിന്റെ ധാരയില്‍ ഏറ്റവും ഒടുവില്‍ കണ്ണിചേരുന്നത് നമ്പൂതിരിമാരാണ്. വി.ടി.ഭട്ടതിരിപ്പാട് നമ്പൂതിരിയെ മനുഷ്യനാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരംഭിക്കുന്ന നവോത്ഥാനവിചാരങ്ങള്‍ എങ്ങനെയാണ് മുഖ്യധാരാനവോത്ഥാനവ്യവഹാരമായി മാറിയത്?

അവശസമൂഹങ്ങങ്ങളുടെ പോരാട്ടത്തിന് സമാന്തരമായി കൊളോണിയല്‍ വിരുദ്ധസമരങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ട്. ജാതീയമായ അവശതയില്‍ നിന്ന് മോചിതരാകാത്തിടത്തോളം സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനാകാതെ വരുമായിരുന്ന സമൂഹമല്ല, മറിച്ച് രാഷ്ട്രീയാധികാരത്തില്‍ ശ്രദ്ധപുലര്‍ത്തിയ ഒരു വിഭാഗമാണ് കൊളോണിയല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ഈ നേതൃസമൂഹത്തിന്റെ അനുയായിവൃന്ദമായി നവോത്ഥാനപരിശ്രമങ്ങളിലൂടെ പൊതുജീവിതത്തിന്റെ മുഖ്യധാരയിലെത്തിയവര്‍ സക്രിയസാന്നിദ്ധ്യമായിരുന്നു. നവോത്ഥാനത്തിന്റെ ഫലമായി സ്വതന്ത്രരായ സമൂഹം വീണ്ടും അധികാരശ്രേണിയില്‍ കീഴ്ത്തട്ടിലേക്ക് സ്ഥാനനിര്‍ണ്ണയം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. സ്വതന്ത്രഭാരതത്തില്‍ രാഷ്ട്രീയാധികാരം സ്വന്തം ചൊല്പടിയില്‍ നിറുത്താന്‍ ഈ അനുയായിവൃന്ദം അതേ പടി നിലനിറുത്താനുള്ള കൗശലപ്രയോഗമാണ് നവോത്ഥാനത്തിന്റെ ചൈതന്യം നമ്മുടെ സമൂഹത്തില്‍ നിന്നും ചോര്‍ന്നു പോകുന്നതിന് വഴിയൊരുക്കിയത്. കീഴാളവിമോചനത്തിന്റെ ആശയങ്ങള്‍ വര്‍ഗ്ഗസമരത്തിന്റെ ആശയങ്ങള്‍ കൊണ്ട് കീഴടക്കപ്പെടുന്നതോടെ ഈ പ്രക്രിയ പൂര്‍ണ്ണമാവുകയും ചെയ്യുന്നു. നവോത്ഥാനചരിത്രത്തിലെ താരമൂല്യമുള്ള നായകരും കീഴാളരും തരം തിരിക്കപ്പെടുകയും താരമുല്യമുള്ള നായകന്മാര്‍ പാഠപുസ്തകചരിത്രരചനയിലൂടെ അനുപാതം തെറ്റിയ വലുപ്പമുള്ള ഗോലിയാത്തുകളായി വളരുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്.

നവോത്ഥാനം എന്ന വാക്ക് തങ്ങള്‍ കയ്യാളുന്ന അധികാരത്തെ ആകര്‍ഷകമാക്കാനുള്ള പദാവലികളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നതോടെ സമസ്തരാഷ്ട്രീയാധികാരമോഹികളുടേയും ഇഷ്ടപദമായി അത് മാറി. വിശേഷിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ശൂന്യപദങ്ങളുടെ കൂട്ടത്തില്‍ അത് ചെന്നൊടുങ്ങുകയും ചെയ്തു. ആര്‍ക്കും ഏത് സന്ദര്‍ഭത്തിലും നാണം മറക്കാനുള്ള കീറത്തുണികളായി ഇവയെല്ലാം നിറംകെട്ടു പോയിരിക്കുന്നു. ആരാണ് അതിന് ഉത്തരവാദി എന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താന്‍ പ്രയാസമില്ല. അധികാരത്തിന്റെ ഭദ്രസിംഹാസനങ്ങള്‍ സംരക്ഷിക്കാന്‍ ചാവേറുകള്‍ വേണമെന്നു കണക്കാക്കി അതിനായി ആലോചനകളില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചവര്‍ തന്നെ.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2008-05-19 14:04.

This is bloody nonsense.

Submitted by Rajesh.P.P (not verified) on Tue, 2008-05-20 08:21.

യോജിപ്പില്ലാത്ത ആശയങ്ങള്‍ അസംബന്ധം എന്നു പറയുന്നതിന്റെ യുക്തി എന്താണ്. എന്തു കൊണ്ട് വിയോജിക്കുന്നുവെന്നു പറയുകയാണ് സംവാദത്തിന്റെ രീതി. വസ്തുതാപരമായ പിശകുകളാണോ, വ്യാഖ്യാനത്തോടുള്ള വിയോജിപ്പാണോ, അതോ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നോ?

Submitted by Prajeesh.p (not verified) on Thu, 2008-05-22 14:31.

നവോന്ഥാനം എന്നത് ആര്‍ക്കും കേറിപിടിച്ച് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പലതായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നായി തീര്‍ന്നിരിക്കുന്നുവെന്നത് സത്യമാണ്.ഏത് വര്‍ഗീയവാദിക്കും നവോന്ഥാനസദസ് നടത്താനും അതിലൂടെ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാനും കഴിയുന്നു.ചിലപ്പോള്‍ നമ്മുടെ നവോന്ഥാനത്തിന്‍റെ ‘ഗ്യാസുമായി’നടക്കുന്ന സാംസ്ക്കാരികനായകന്മാര്‍ അത് ഉദ്ഘാടനം ചെയ്ത തന്‍റെ സഹപ്രവര്‍ത്തകരെ നാ‍ല് തെറിയും വിളിച്ച് സംസാരിച്ചെന്നും വരാം.മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിക്കെതിരായ ചിന്തയുടെ കാര്യത്തില്‍ വളരെ മുന്നിലാണെന്ന്‍ കാണാം.നവോന്ഥാന ചിന്തകള്‍ക്ക് കാര്യമായ ഇടിവ് പറ്റിയിട്ടുണ്ടെങ്കിലും ഇന്നും കളളസ്വാമികളെയും ആത്മീയവ്യാപാരത്തേയും എല്ലാം കേരളീയജനതയുടെ ചെറിയോരു ഭാഗമെങ്കിലും നേരത്തേ തന്നെ തിറിച്ചറിയുന്നു എന്നത് നവോന്ഥാന ചിന്തകളുടെ വിജയം തന്നെയാണ്.......

Submitted by രാജേഷ്.പി.പി (not verified) on Fri, 2008-05-23 09:34.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരത്യം ചെയ്യുമ്പോള്‍ മെച്ചമാണ് നമ്മുടെ അവസ്ഥ എന്ന് ആശ്വസിക്കുന്നത് അപകടമാണ്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്തും ഐക്യകേരളം വരെയങ്കിലും കേരളീയജീവിതത്തില്‍ പ്രകടമായിരുന്ന നവോത്ഥാനമൂവ്യങ്ങളോടുള്ള ആദരവ് നാള്‍ക്കുനാള്‍ നമ്മുക്ക് നഷ്ടപ്പെടുകയാണ്. ആള്‍ദൈവങ്ങളുടെയും ഹവാലക്കാരുടെയും കൂട്ടുകാരായ രാഷ്ട്രീയക്കാര്‍ രൂപപ്പെടുത്തിയ മൂല്യബോധത്തിലേക്ക് നാം പറിച്ചുനടപ്പെടുകയാണ്.

നവോത്ഥാനത്തെ ഹൈജാക്ക് ചെയ്ത് അങ്ങാടിയില്‍ വിറ്റ രാഷ്ട്രീയക്കാരെ തിരിച്ചറിയണം.

Submitted by Anonymous (not verified) on Tue, 2008-05-27 20:32.

I think you were watching some TV channel programmes & and you shouted like this, instead of reading the article or else u doesn't know the meaning of your words.

Submitted by Dhanush (not verified) on Thu, 2008-06-05 17:31.

ഇതിനു മുന്‍പൊരു എഡിറ്റോറിയലില്‍ നവോത്ഥാനം എന്ന സങ്കല്പം തന്നെ തെറ്റാണെന്നും അത് കോളനീകൃത ആധുനികീകരണമാണെന്നും കണ്ടു. ഇപ്പോള്‍ വീണ്ടും നവോത്ഥാനം. ഒരു മാസികയുടെ എഡിറ്റോറിയല്‍ ഇങ്ങനെ ഒരേആശയത്തെ പലതായി അവതരിപ്പിക്കുന്നതു ശരിയാണോ? കുറഞ്ഞപക്ഷം എകീകൃതസ്വഭാവം എഡിറ്റോറിയലിനെങ്കിലും വേണ്ടതല്ലേ?

Submitted by മഹേഷ് മംഗലാട്ട് (not verified) on Sun, 2008-06-08 10:02.

ഇന്ത്യന്‍ സമൂഹത്തില്‍ രൂപപ്പെട്ട ആധുനികതയെ വ്യത്യസ്തമായ രീതിയില്‍ മനസ്സിലാക്കാനുംx വിലയിരുത്തുവാനും പല കാലങ്ങളില്‍ നിരവധി പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്. പാന്‍ഇന്ത്യന്‍ ആധുനികത എന്ന് ഇന്ത്യയൊട്ടാകെ ഉണ്ടായ ആധുനികയെ കാണുന്നത് ശരിയല്ലെന്നും ഓരോ പ്രദേശത്തും അതത് ദേശത്തിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടതാണ് ആധുനികതയെന്നും ഇന്ന് അംഗീകരിക്കപ്പെട്ട സങ്കല്പമാണ്. ഇന്ത്യന്‍ദേശീയതയെ രൂപപ്പെടുത്തിയ ആശയഭൂമിക എന്ന നിലയില്‍ നവോത്ഥാനത്തെ പരിഗണിക്കുമ്പോഴാണ് കൊളോണിയല്‍ ആധുനികത എന്ന സങ്കല്പം വരുന്നത്.
ഏതു നിലയില്‍ വിലയിരുത്തിയാലും നവോത്ഥാനം എന്നത് യാഥാര്‍ത്ഥ്യമാണ്. റോമീലാ ഥാപ്പര്‍ നവോത്ഥാനമല്ല പരിഷ്കരണമാണ് സംഭവിച്ചത് എന്ന വാദം അവതരിപ്പിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിക്കുക.