തര്‍ജ്ജനി

ഭാഷാഭ്രാന്ത്‌ വീണ്ടും?

ഭാഷ നിസ്സാര വിഷയമാണെന്ന്‌ ആരും പറയില്ല. സാമൂഹിക വ്യവഹാരങ്ങളുടെയും ബന്‌ധങ്ങളുടെയും മുഖ്യ ഉപാധിയായ ഭാഷക്ക്‌ അതിന്റേതായ രാഷ്‌ട്രീയമുണ്ട്‌. പലേടത്തും -ഇന്ത്യയിലടക്കം- അത്‌ സാമ്രാജ്യത്വ ശക്‌തികളുടെ ശക്‌തമായ ആയുധമായിരുന്നിട്ടുണ്ട്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടങ്ങിക്കൊണ്ട്‌ ഇന്ത്യയില്‍ മെക്കോളേ പ്രഭു എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ കൊച്ചുകുട്ടികള്‍ക്കുപോലും മനഃപാഠമാണ്‌. എന്നാല്‍, സാമ്പത്തിക ആഗോളീകരണത്തിനെതിരെ പ്രായോഗികമായി ഒന്നും ചെയ്യാത്തവര്‍ അതിന്റെ തിന്മകളെ ചെറുക്കാവുന്ന ഒരു വര്‍ത്തമാനകാല ആയുധത്തെ എതിര്‍ക്കുന്നതില്‍ വൈരുധ്യം തോന്നുന്നു. മാത്രമല്ല, ഹിന്ദിഭ്രാന്ത്‌ ഇംഗ്ലീഷിനോട്‌ പ്രകടമായും മറ്റു പ്രാദേശിക ഭാഷകളോട്‌ വിവിധ പ്രായോഗിക രൂപങ്ങളിലുമുള്ള അന്‌ധമായ വിരോധമായിട്ടാണ്‌ ഇവിടെ പുലരുന്നത്‌. അഹിന്ദി പ്രദേശത്തുകാര്‍ക്ക്‌ ഹിന്ദിയോടുള്ള അത്രതന്നെ ഭ്രമം -ചിലപ്പോള്‍ അല്‍പം കൂടുതലും- ഇംഗ്ലീഷിനോടുണ്ടാകാം. മേധാവിത്വം ഇംഗ്ലീഷിന്റെ പക്ഷത്തുനിന്നായാലും ഹിന്ദിയുടെ പക്ഷത്തുനിന്നായാലും ഒരുപോലെ അനഭിലഷണീയം തന്നെ.

സ്വന്തം ഭാഷക്ക്‌ സ്ഥാനം നല്‍കേണ്ടതുതന്നെ. അങ്ങനെയെങ്കില്‍ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും അത്ര പ്രാമുഖ്യം പ്രാദേശിക ഭാഷകള്‍ക്കും നല്‍കണം. പക്ഷേ, കാര്യങ്ങള്‍ അത്ര ലളിതമല്ല. എന്താണ്‌ ഇംഗ്ലീഷ്‌? എന്താണ്‌ ഹിന്ദി? പ്രാദേശിക ഭാഷ എന്നാലെന്ത്‌? ഭാഷാശാസ്‌ത്രമനുസരിച്ച്‌ ഭാഷകള്‍ പരസ്‌പരം ബന്‌ധപ്പെടാതെ നിലനില്‍ക്കുന്നില്ല. ഇംഗ്ലീഷ്‌തന്നെ ഇന്ന്‌ ഇംഗ്ലീഷകാരന്റേതല്ല. അതിന്‌ വിവിധ വകഭേദങ്ങളുണ്ട്‌- 'ഇന്ത്യന്‍ ഇംഗ്ലീഷ്‌' ഫലത്തില്‍ ഹിന്ദിയുടെ അത്രയെങ്കിലും ഭാരതീയമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്‌. രാഷ്‌ട്രപുരോഗതിക്ക്‌ ഇംഗ്ലീഷിനേക്കാള്‍ ഹിന്ദി ഉപകരിക്കുമെന്നുപറയുന്നത്‌ എന്തര്‍ഥത്തിലാണ്‌? തൊഴില്‍രംഗത്ത്‌ ഇംഗ്ലീഷ്‌ പരിജ്ഞാനം മുഖ്യ യോഗ്യതയാണ്‌ -പ്രത്യേകിച്ച്‌ സര്‍ക്കാര്‍ ജോലികള്‍ കുറയുകയും സ്വകാര്യ കമ്പനികള്‍ പെരുകുകയും ചെയ്‌തിരിക്കെ. ഹിന്ദിയോ പ്രാദേശികഭാഷയോ മാത്രം പഠിച്ച്‌ നേടാവുന്ന ജോലികളുടെ എണ്ണം നന്നെ കുറവാണ്‌. സ്വന്തം ഭാഷയെ വരിച്ചെന്ന്‌ ഹിന്ദിവാദികള്‍ ഇപ്പോഴും പറയുന്ന ചൈനയും ജപ്പാനും ഇന്തോനേഷ്യയും മറ്റും ഇംഗ്ലീഷ്‌ പരിജ്ഞാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്‌ ഇന്ന്‌ നാം കാണുന്നത്‌. ഇതരരാജ്യങ്ങളുമായി സംവദിക്കാനും ഇന്ത്യക്കകത്തുതന്നെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ആശയവിനിമയത്തിനും ഹിന്ദിയേക്കാള്‍ ഇംഗ്ലീഷാണ്‌ ഉപകരിക്കുന്നത്‌.

മാധ്യമം മുഖപ്രസംഗം: ഭാഷാഭ്രാന്ത്‌ വീണ്ടും?

ത്രിഭാഷാ പദ്ധതിപ്രകാരം തെക്കന്‍ സംസ്ഥാനങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്‌ നിയമം. പകരം വടക്കേ ഇന്ത്യയില്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ഭാഷയും പഠിയ്ക്കണമെന്നാണ്‌ പറയപ്പെടുന്നത്‌. പക്ഷേ വടക്കേ ഇന്ത്യയിലെ സ്കൂളുകളില്‍ ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ, മറ്റ്‌ ഭാഷകള്‍ കുട്ടികള്‍ പഠിയ്ക്കുന്നുണ്ടോ? എത്രമാത്രം ഗൌരവത്തോടെയാണ്‌ മൂന്നാം ഭാഷയെ അവര്‍ സമീപിയ്ക്കുന്നത്‌?

Submitted by വിശ്വാകാരം (not verified) on Fri, 2005-06-10 15:55.

പോള്‍ ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഈ ത്രിഭാഷാ പദ്ധതി ദേശീയോദ്ഗ്രഥനത്തിനു അനുയോജ്യമാണെന്നു കേട്ടു. അഭ്യസ്തവിദ്യനായ് ഒരുത്തരേന്ത്യക്കാരനോട് കേരളം എന്ന് പറഞ്ഞാല്‍ പലപ്പോഴും പരുങ്ങുന്നത് കണ്ടിട്ടുണ്ട്. അതെവിടാണപ്പനേ??
ആങ്കല ഭാഷയിലുള്ള നമ്മുടെ അറിവാണു നമ്മുടെ നാട്ടില്‍ സോഫ്റ്റ്വേര്‍ വ്യവസായത്തിനു ആക്കം കൂട്ടിയ്യതെന്നു പറഞ്ഞുകേട്ടിട്ടുണ്ടു. ഒരുകണക്കില്‍, ഇന്ഡ്യയില്‍ ലഭ്യമായ പാഠ പുസ്തകങ്ങളില്‍ മിക്കതും ആങ്കലത്തിലാണു. ആങ്കല ഭാഷയില്‍ എല്ലാം ചെയ്യാമെന്നിരിക്കെ നാമെന്തിനു വേറൊരു ഭാഷകൂടി എന്തിനു അടിച്ചേല്‍പ്പിക്കണം.
പിന്നെ മറ്റൊരു കാര്യം ഹിന്ദി പഠിച്ചാല്‍ ഭാരതത്തില്‍ എവിടെയും സന്‍ചരിക്കാം എന്നാണു. ഹിന്ദി സംസാരിക്കുന്ന രണ്ടിടങ്ങളില്‍ പോയപ്പോള്‍ (ഒന്നു മദ്ധ്യപ്രതേശിലെ റീവയും മറ്റേതു രാജ്സ്ഥാനിലെ ഒരു സ്ഥലവും) ഞാന്‍ പഠിച്ച ഹിന്ദിയൊന്നുമല്ല അവര്‍ സംസാരിക്കുന്നത്. പിന്നെ മുമ്പയില്‍ ജോലി ചെയ്യുന്ന എല്ലാവരും സ്കൂളില്‍ പഠിച്ച ഹിന്ദി കൊണ്ടാണു ജീവിക്കുന്നതു എന്നു പറയാന്‍ ബുദ്ധിമുട്ടണു. തമിഴ്നാട്ടില്‍ ചെന്നാല്‍ തമിഴ് പറയുന്ന മലയാളി, മുമ്പ് തമിഴ് പഠിച്ചിട്ടാണു എന്നു പറയാന്‍ പറ്റുമോ? എന്റെ അഭിപ്രായത്തില്‍ രണ്ടുഭാഷകള്‍ വ്യക്തമായി പഠിപ്പിക്കുക; മൂന്നാമതൊന്നു സ്വയം പഠിക്കുവാന്‍ പറ്റുന്ന രീതിയില്‍.ഇനി മറ്റൊരു ത്രിഭാഷ പദ്ധതിയെക്കുറിച്ച് പറയാം. നമ്മുടെ പല പുരാതന ഗ്രന്ഥങ്ങളും സംസ്കൃത്തില്‍ ആണല്ലൊ എഴുതിയിരിക്കുന്നതു. അങ്ങിനാണെങ്കില്‍ നമുക്കു നമ്മുടെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കാം. അങ്ങിനെ അവര്‍ക്കു ആര്‍ഷഭാരത സംസ്കാരത്തെ അടുത്തറിയാനുള്ള കളമൊരുക്കി കൊടുക്കാം. ഭാഷകൊണ്ടല്ലാതെ, സംസ്കാരം കൊണ്ടു നമുക്ക് ഭാരതീയരെ ഒന്നിപ്പിക്കാം.അജീഷ്.

Submitted by chinthaadmin on Sun, 2005-06-12 03:01.

രാഷ്ട്രീയം കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കില്‍, ത്രിഭാഷാ പദ്ധതി ഒരു മനോഹരമായ ആശയമായിരുന്നു. സംസ്കൃതത്തമോ ഇംഗ്ലീഷോ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലൊരു ആശയമെന്നു പറയാം. ഇന്നത്ത മാറിയ കാലാവസ്ഥയില്‍ സംസ്കൃതമെന്നോ ജ്യോതിഷമെന്നോ പറഞ്ഞാലുടന്‍ "കാവിവത്കരണം" എന്നൊരു വാദവുമായി എതിര്‍പക്ഷത്ത ആളെത്തും. അതു കൊണ്ട്‌ അതും നടപ്പാക്കാന്‍ സമ്മതിക്കില്ല...

പ്രായോഗികമായി ചിന്തിച്ചാല്‍ അജീഷ്‌ പറയുന്നതു പോലെ രണ്ടു ഭാഷകള്‍ മാത്രം പഠിപ്പിച്ചാല്‍ മതി, ഇംഗ്ലീഷും മാതൃഭാഷയും.