തര്‍ജ്ജനി

മുഖമൊഴി

പടിയിറക്കപ്പെടുന്ന മലയാളം

നിലനില്പിനെക്കുറിച്ചു് നിരന്തരമായ ആധി പ്രകടിപ്പിക്കുന്നതെന്തും ആയുസ്സറ്റുതുടങ്ങിയതായിരിക്കും. മലയാളത്തിന്റെ കാര്യത്തില്‍ ഇങ്ങനെ ആധികള്‍ പലകുറി പലരും പ്രകടിപ്പിച്ചിട്ടുണ്ടു്. മൂന്നു് കോടിയിലധികം വരുന്ന ഒരു ജനസമൂഹത്തിന്റെ സാംസ്കാരികജീവിതത്തിന്റെ നട്ടെല്ലായ ഈ ഭാഷ ഇനി ഏത്രകാലം നിലനില്ക്കും എന്നെല്ലാം പലരും വേവലാതിപ്പെട്ടിട്ടുണ്ടു്. വേവലാതികള്‍ മാറ്റിനിറുത്തി വസ്തുതകളിലേക്കു് ശ്രദ്ധിക്കാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങളും തൃശ്ശൂരില്‍ നിന്നുമുള്ള പത്രവാര്‍ത്തകളും ഗ്രുപ്പ് മെയിലില്‍ വന്ന ഒരു സന്ദേശവും പ്രേരിപ്പിക്കുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചു് ശില്പശാല നടക്കുകയാണു്. പല സര്‍വ്വകലാശാലകളും ഇതിനകം ശില്പശാലകള്‍ നടത്തിക്കഴിഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മലയാളം പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനെക്കുറിച്ചു് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടക്കുന്ന ശില്പശാലയില്‍ നിന്നും ഒരു സംഘം അദ്ധ്യാപകര്‍ ഇറങ്ങിപ്പോയി. പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചു് അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടയില്ലാത്ത വിധത്തില്‍ അടഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ നടപ്പാക്കപ്പെടുന്ന പരിപാടിയുടെ ജനാധിപത്യവിരുദ്ധത മുതല്‍ മലയാളം പാഠ്യപദ്ധതിയില്‍ യാതൊരു നീതീകരണവുമില്ലാത്ത വിധത്തില്‍ പ്രാന്തവത്കരിക്കപ്പെടുന്നതു വരെ പലതരം വിയോജിപ്പുകള്‍ കാരണമാണു് അദ്ധ്യാപകര്‍ ഇറങ്ങിപ്പോയതു്. ഡോ. പി. ഗീത, ഡോ. സി. ജെ. ജോര്‍ജ്ജ്, ഡോ. പി. സോമനാഥന്‍ എന്നിവര്‍ ഈ ബഹിഷ്കരണസംഘത്തില്‍ പെടുന്നു. കേരളത്തിന്റെ പൊതുജീവിതത്തില്‍ സജീവമായി ഇടപെടുകയും വിയോജിപ്പുകള്‍ ധീരമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ
അദ്ധ്യാപകരുടെ പക്ഷം എന്തു തന്നെയായാലും ശ്രദ്ധിക്കപ്പെടേണ്ടതാണു്. എന്തു വന്നാലും അവസാനം വരെ ഇരുന്നു് യജമാനപ്രീതിക്കു പ്രവര്‍ത്തിച്ചവര്‍ അതിന്റെ വേതനം കൈപ്പറ്റട്ടെ.

സെമസ്റ്റര്‍ സമ്പ്രദായത്തിലേക്കും അതോടൊപ്പം ചോയ്‌സ് ബെയ്‌സ്ഡ് ക്രഡിറ്റ് സിസ്റ്റത്തിലേക്കും കേരളത്തിലെ സര്‍വ്വകലാശാലാപാഠ്യപദ്ധതി മാറുകയാണു്. ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ നിലപാടാണു് ഈ മാറ്റത്തിനു് കാരണം. അതിനായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകരേഖ അവര്‍ തയ്യാറാക്കിയിട്ടുണ്ടു്. മാര്‍ഗ്ഗനിര്‍ദ്ദേശകരേഖ അടിസ്ഥാനമാക്കി ചര്‍ച്ച നടത്തുകയും പ്രതികരണങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുക എന്നതായിരിക്കണം ഇപ്പോഴത്തെ ശില്പശാലകളുടെ ഉത്തരവാദിത്തം. എന്നാല്‍ ശില്പശാലകളില്‍ സിലബസ്സ് നിര്‍മ്മാണം തകൃതിയായി നടന്നുവെന്നാണു് പറഞ്ഞു കേള്‍ക്കുന്നതു്.

സര്‍വ്വകലാശാലാപാഠ്യപദ്ധതി തയ്യാറാക്കാന്‍ കാലാകാലമായി അതതു് സര്‍വ്വകലാശാലകള്‍ക്കു് വ്യത്യസ്തവിഷയങ്ങള്‍ക്കു് പഠനബോര്‍ഡുകളുണ്ടു്. പഠനബോര്‍ഡുകളാണു് സിലബസ്സ് ഉണ്ടാക്കുകയും പ്രസ്തുത സിലബസ്സ് എപ്രകാരമാണു് പഠിപ്പിക്കേണ്ടതു് എന്നും എങ്ങനെയാണു് പരീക്ഷ നടത്തേണ്ടതു് എന്നും നിര്‍ദ്ദേശിക്കുന്നതു്. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ നിലവില്‍ വന്നതോടെ പഠനബോര്‍ഡുകള്‍ ഇല്ലാതായോ? അങ്ങനെ എവിടെയും പറഞ്ഞു കേള്‍ക്കുക പോലും ഉണ്ടായില്ല. അങ്ങനെയെങ്കില്‍ പഠനബോര്‍ഡിലെ വിഷയവിശാരദന്മാര്‍ക്കു് എന്താണു് പണി? ശില്പശാലകളില്‍ പണിത സിലബസ്സുകള്‍ സര്‍വ്വകലാശാലകള്‍ വഴി പഠനബോര്‍ഡിനു് മുമ്പില്‍ എത്തിക്കുകയും അവര്‍ അതു് കയ്യടിച്ചു് പാസ്സാക്കുകയും ചെയ്യുകയാണോ? അങ്ങനെ കയ്യടിച്ചു പാസ്സാക്കാന്‍ പഠനബോര്‍ഡുകളോടു് കല്പിക്കാനാകുമോ? കല്പനകള്‍ അനുസരിപ്പിക്കാനുള്ള രാഷ്ട്രീയസമവാക്യങ്ങള്‍ ഉപയോഗിച്ചു് അതു് സാധിക്കുമെന്നു തന്നെ വെക്കുക, എന്നാലും അതു് ധാര്‍മ്മികമായി സാധൂകരിക്കാവുന്ന നടപടിയാണോ?

സര്‍വ്വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണു്. അധികാരത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവാത്ത സ്വതന്ത്രമായ ധൈഷണികതയുടേയും അതിന്റെ പ്രയോഗരൂപമായ അക്കാദമിസസത്തിന്റേയും ലോകം എന്ന ആദര്‍ശാത്മകതയില്‍ നിന്നാണു് സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം എന്ന സങ്കല്പം ഉര്‍ജ്ജം നേടുന്നതു്. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണു് ഇന്ത്യയിലെ സര്‍വ്വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ തീര്‍പ്പുകള്‍ക്കുള്ള അധികാരസ്ഥാപനം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ യു.ജിസിയുടേയും സര്‍വ്വകലാശാലകളുടേയും ഇടയില്‍ ഒരു അധികാരകേന്ദ്രമായി സ്ഥാപിക്കപ്പെട്ടതാണു്. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേല്‍ കൈകടത്തുവാനും തങ്ങളുടെ സങ്കുചിതതാല്പര്യങ്ങള്‍ സര്‍വ്വകലാശാലകളില്‍ അടിച്ചേല്പിക്കാനുമുള്ള രാഷ്ട്രീയക്കാരന്റെ ഹീനതന്ത്രത്തിന്റെ സന്തതിയാണു് കൗണ്‍സില്‍ എന്നതില്‍ സംശയമേതും വേണ്ട. നാഴികയ്ക്കു് നാല്പതുവട്ടം സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെക്കുറിച്ചു് വികാരഭരിതരാവുന്ന ഇടതുപക്ഷം ഈ ക്ഷുദ്രകൗണ്‍സിലിന്റെ നടത്തിപ്പുകാരാവുന്നുവെന്നതു് ഒട്ടും അമ്പരിപ്പിക്കുന്ന കാര്യമല്ല. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധം വേണം എന്ന നിര്‍ബ്ബന്ധം രാഷ്ട്രീയത്തിലില്ലല്ലോ.

സെമസ്റ്ററിനും ക്രഡിറ്റ് സിസ്റ്റത്തിനും വേണ്ടിയുള്ള പരിഷ്കരണത്തില്‍ ഭാഷയോടു് കാണിച്ച നീതികേടില്‍ പ്രതിഷേധം വ്യാപകമാണു്. മലയാളത്തെ പടിയിറക്കാനുള്ള ഹിഡന്‍ അജണ്ടയെന്നു് ഇതിനകം എല്ലാ സര്‍വ്വകലാശാലകളിലേയും ഭാഷാദ്ധ്യാപകര്‍ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചു് പറഞ്ഞു കഴിഞ്ഞിട്ടുണ്ടു്. ഭാഷയെക്കുറിച്ചുള്ള കാര്യങ്ങള്‍ കേരളത്തില്‍ വലിയ വൈകാരികത സൃഷ്ടിക്കില്ലെന്നതിനാല്‍ മാദ്ധ്യമങ്ങള്‍ പോലും അതു് കാര്യമാക്കിയിട്ടില്ല. കടല്‍ വറ്റലും ബക്കറ്റില്‍ വെള്ളം കോരലും തിരയുമൊക്കെ വാര്‍ത്താലേഖക രുടെ സര്‍ഗ്ഗാത്മകത പ്രകടമാക്കാനുള്ള വിഭവങ്ങളായി രാഷ്ട്രീയക്കാര്‍ തന്നെ വിളമ്പുമ്പോള്‍ സാഹിത്യനിരൂപക രേയും സര്‍ഗ്ഗസാഹിത്യകാരന്മാരെയും ആരു് തിരിഞ്ഞു നോക്കാനാണു്?

ബിരുദകോഴ്‌സുകളില്‍ ഓരോ വര്‍ഷവും പാര്‍ട്ട് ഒന്നു്, രണ്ടു് എന്നിങ്ങനെ ഇംഗ്ലീഷ്, ഐച്ഛികഭാഷകള്‍ക്കായി മൂന്നു് പേപ്പറുകള്‍ വീതം മൊത്തം ആറു് പരീക്ഷകളാണു് വാര്‍ഷികപരീക്ഷകള്‍ക്കു് വിദ്യാര്‍ത്ഥികള്‍എഴുതേണ്ടതു്. ഇതു് സെമസ്റ്റര്‍ രീതിയിലേക്കു് മാറുമ്പോള്‍ പന്ത്രണ്ടു് പേപ്പറുകളായി മാറും. പരിഷ്കരണമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഈ പേപ്പറുകള്‍ ഇംഗ്ലീഷിന്റേയും ഐച്ഛികഭാഷയുടേയും ഉള്ളക്കത്തെ ഏറെക്കുറേ പൂര്‍ണ്ണമായിത്തന്നെ ഗളഹസ്തം ചെയ്തിരിക്കുന്നുവെന്നാണു് അദ്ധ്യാപകരുടെ പ്രധാനപ്പെട്ട ആക്ഷേപം. പേപ്പറുകളുടെ എണ്ണവും ചുരുക്കിയിരിക്കുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്തു് നിര്‍ദ്ദേശിക്കപ്പെട്ട പേപ്പറുകളുടെ പേരു് ചുവടെ കൊടുക്കുന്നു:

COMMUNICATION SKILLS IN ENGLISH ACADEMIC WRITING AND PRESENTATION
CRITICAL REASONING & WRITING
LITERATURE AND CONTEMPORARY ISSUES
CREATIVE WRITING IN ENGLISH
LITERATURE IN LANGUAGES OTHER THAN ENGLISH
COMMUNICATION SKILLS IN --------- (second language)
CREATIVE WRITING IN MALAYALAM
TRANSLATION AND COMMUNICATION
CULTURE AND CIVILIZATION

സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, പരിസ്ഥിതിപഠനം, വിമര്‍ശാത്മകചിന്ത എന്നിവയൊക്കെയാണു് ഈ പേപ്പറുകളില്‍ പഠിപ്പിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍. ഇംഗ്ലീഷ് അദ്ധ്യാപകരാണു് ഇതെല്ലാം പഠിപ്പിക്കുക എന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിശ്ചയിച്ചിട്ടുണ്ടു്. കാലാകാലമായി മലയാളം നമ്മുടെ പാഠ്യപദ്ധതിയില്‍ രണ്ടാംഭാഷയാണു് മാതൃഭാഷയ്ക്കു് ഒന്നാം ഭാഷാപദവി നല്കാന്‍ സാധിക്കാത്തവരാണു് നമ്മള്‍ എന്നു് കേരളപ്പിറവിദിനത്തിലും മലയാളവാരക്കാലത്തും പരിഭവം പറയുന്നവരാണു് നമ്മള്‍. അടിമുടി പരിഷ്കാരം നടത്താന്‍ നിശ്ചയിച്ച കൗണ്‍സില്‍ ഇക്കാര്യത്തില്‍ തികഞ്ഞ യാഥാസ്ഥിതികത കാണിച്ചുകളഞ്ഞു. മലയാളം രണ്ടാം ഭാഷയാക്കി നിലനിറുത്തുക മാത്രമല്ല പരദേശിഭാഷകള്‍ക്കു് ഒപ്പം പന്തിയിലിരുത്തുകയും ചെയ്തു. അങ്ങനെയുള്ള രണ്ടാംഭാഷകളുടെ കാര്യവും വ്യത്യസ്തമല്ല.

കോമണ്‍കോഴ്‌സില്‍ മലയാളം തെരഞ്ഞെടുത്താല്‍ പഠിക്കേണ്ട നാലു കോഴ്‌സ് ഇവയാണു്: 1. കേരളചരിത്രവും സംസ്ക്കാരവും, 2. മലയാളസാഹിത്യം (നോവല്‍, കഥ, കവിത, നാടകങ്ങള്‍, ഉപന്യാസം, തിരക്കഥ എന്നിവയ്ക്കു് 90 മണിക്കൂറാണു് നീക്കിവെച്ചിരിക്കുന്നതു്), 3. സര്‍ഗ്ഗാത്മകരചന/ കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍ ( ഡിബേറ്റ്, ഗ്രൂപ്പ് ഡിസ്ക്കഷന്‍, റൈറ്റിംഗ്, റീഡിംഗ്, കാഥികന്റെ പണിപ്പുര, എന്റെ കവിത ... എന്നിങ്ങനെയാണു് ഗൈഡ്‌ലൈന്‍), 4. വിവര്‍ത്തനം- സിദ്ധാന്തവും പ്രയോഗവും, ആശയവിനിമയം. ആകപ്പാടെ സാഹിത്യം പഴയതിന്റെ നാലിലൊന്നുമാത്രം. മലയാളമല്ലാത്ത ഭാഷകള്‍ കേരളത്തിലെ കോളേജില്‍ പഠിപ്പിക്കുന്നതില്‍ സിറിയാക്‍ പോലും ഉണ്ടു്. അവരെല്ലാം ഇതൊക്കെ തന്നെ പഠിപ്പിക്കേണ്ടി വരുമോ? എങ്കില്‍ കഷ്ടം തന്നെയാണു്. എളുപ്പത്തില്‍ കുറച്ചു് മാര്‍ക്കു് കൈക്കലാക്കാനാണു് പൊതുവേ കുട്ടികള്‍ പരദേശിഭാഷകള്‍ തെരഞ്ഞടുക്കുന്നതു്. അത്തരം ഭാഷകള്‍ പഠിപ്പിക്കാന്‍ നല്ല അദ്ധ്യാപകരെ കിട്ടാനുമില്ല. കിട്ടുന്നവര്‍ മുട്ടുശാന്തി കഴിച്ചു പോവുന്ന
ആദര്‍ശസുരഭിലമായ അക്കാദമി അന്തരീക്ഷത്തിലാണു് ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ മഹാവിപ്ലവം അരങ്ങേറാന്‍ പോകുന്നതു്.

മൊത്തം കോഴ്‌സിനെ ക്രഡിറ്റുകളാക്കി മാറ്റി വിദ്യാര്‍ത്ഥി തന്റെ അഭിരുചിക്കു് ഇണങ്ങുന്ന വിഷയങ്ങള്‍ തെരഞ്ഞടുത്തു് പഠിക്കുന്നുവെന്നെല്ലാം സങ്കല്പിക്കാന്‍ രസമാണു്. ഇക്കാലമത്രയും അങ്ങനെ സങ്കല്പിക്കാനുള്ള ഭാവനയില്ലാത്തവരാണോ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടാവുക? കേരളത്തിന്റെ ഭൗതികസാഹചര്യം അറിയുകയും യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറുന്നവരും കാണിച്ച കരുതല്‍ കൗണ്‍സിലര്‍മാര്‍ കാണിച്ചില്ല. നാക്‍ വരുന്നതു പേടിച്ച് പലതരം പേക്കൂത്തുകള്‍ കാണിച്ചും സന്ദര്‍ശകരെ സല്ക്കരിച്ചും നേടിയ ഗ്രേഡുകളുമായി മേനിനടിക്കുന്ന നമ്മുടെ സ്വകാര്യകോളേജുകളില്‍ ഇന്നും യോഗ്യതയല്ല കൊടുക്കുന്ന കൈക്കൂലിയാണു് തൊഴിലുറപ്പാക്കുന്നതു്. അത്തരം സ്ഥാപനങ്ങളാണു് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജുകളെക്കാള്‍ കൂടുതല്‍. മികച്ച അക്കാദമി അന്തരീക്ഷം അവിടെ ഉണ്ടാകുമെന്നു് കൗണ്‍സിലിനു് ഭ്രമകല്പനയുണ്ടായെങ്കില്‍ അതിനു് കാരണം എന്തു് എന്നു് സാവകാശം കിട്ടുമ്പോള്‍ ആലോചിച്ചു നോക്കട്ടെ. നിരവധി വിഷയങ്ങളില്‍ ബിരുദപഠനസൗകര്യമുള്ള കോളേജിലും രണ്ടോ മൂന്നോ കോഴ്‌സുകള്‍ മാത്രമുള്ള കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു് ഒരു പോലെ ഈ പരിഷ്കാരത്തിന്റെ സദ്ഫലം കിട്ടുമോ? പണ്ടു് സര്‍വ്വകലാശാലാ ക്യാമ്പസ്സുകളിലുണ്ടായിരുന്ന സെമസ്റ്റര്‍ സമ്പ്രദായവും നിരന്തരമൂല്യനിര്‍ണ്ണയത്തിനായുള്ള ഇന്റേണല്‍ അസെസ്സ്‌മെന്റിനും എതിരെ പോരാടിയ വിപ്ലവകാരികളാണു് അവയൊക്കെ തിരിച്ചുകൊണ്ടുവരാന്‍ ഉഷ്ണിക്കുന്നതു്. പലതരം പൗരന്മാരെ ഉണ്ടാക്കും എന്നതിനാലാണു് സെമസ്റ്ററിനെ എതിര്‍ത്തതു്. അദ്ധ്യാപകരുടെ പക്ഷപാതത്തിനു് വിദ്യാര്‍ത്ഥികള്‍ ഇരയായിത്തീരും എന്നതിനാല്‍ ഇന്റേണല്‍ അസെസ്സ്‌മെന്‍റും എതിര്‍ക്കപ്പെട്ടു. ഇക്കാലത്തു് മേല്പറഞ്ഞതൊന്നും സംഭവിക്കില്ല എന്നതിനു് കൗണ്‍സിലര്‍മാര്‍ക്കും അവരുടെ ദൗത്യം ഏറ്റെടുത്ത പരിഷ്കാരവാദികള്‍ക്കും എന്തു് ഉറപ്പാണാവോ കിട്ടിയിരിക്കുക?

പിന്മൊഴി : ഗള്‍ഫിലും അമേരിക്കയിലും ജോലി ചെയ്യാന്‍ പോയി അവധിക്കു നാട്ടിലെത്തുന്ന ചില രസികന്മാര്‍ ടാക്‌സിക്കാരനോട് നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡില്‍ പെയ്മെമന്റ് സ്വീകരിക്കില്ലേ, എന്താണിതു് ! എന്നു് അന്ധാളിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടു്. പുറത്തെവിടെയെങ്കിലും ജോലിചെയ്ത് തിരിച്ചു വന്നു് മേല്പറഞ്ഞ അന്ധാളിപ്പുകാരെപ്പോലും അന്ധാളിപ്പിക്കും വിധം പെരുമാറുന്നവരെക്കുറിച്ചു് അധികം പറഞ്ഞിട്ടു് എന്തു് ഫലം?

Subscribe Tharjani |
Submitted by manoj (not verified) on Wed, 2009-03-11 07:23.

മലയാളം ബ്ലോഗുകള്‍ക്ക് ലിങ്ക് കൊടുക്കുന്ന ഒരു വെബ്സൈറ്റ് എന്ന നിലയിലെങ്കിലും നിങ്ങള്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണമെന്ന് അപേക്ഷ. സെമസ്റ്റര്‍ സിസ്റ്റം കേരളത്തില്‍ മാത്രം കൊണ്ടു വരുന്ന ഒന്നാണെന്ന തെറ്റ് ധാരണ പരത്തുന്നതാണ് ഈ ലേഖനം.

മലയാളത്തിന്റെ പടിയിറക്കില്‍ തുടങ്ങുന്ന ലേഖനം പക്ഷേ ചെന്ന് നില്‍ക്കുന്നത് മറ്റൊരു ദിശയിലാണ് എന്നത് ദു:ഖകരം തന്നെ.

യു.ജി.സി. പണ്ട് തൊട്ടേ സെമസ്റ്റര്‍ സിസ്റ്റം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 2000ത്തിലെ ബിര്‍ള-അംബാനി റിപ്പോര്‍ട്ടില്‍ തുടങ്ങിയ പരിഷ്കാരമാണിത്. ഈ അടുത്ത സമയത്ത് പതിനൊന്നാം പദ്ധതിയുടെ ഭാഗമായി യു.ജി.സി. സെമസ്റ്റര്‍ സിസ്റ്റത്തിനെ ഡിഗ്രി-പി.ജി. തലത്തില്‍ നടപ്പാക്കുവാന്‍ ശക്തമായി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇന്ന് കേരളത്തിലും കാണുന്നത്. യു.ജി.സി. ഫണ്ട് കിട്ടണമെങ്കില്‍ ഇത് നടപ്പാക്കിയേ മതിയാകൂ എന്ന അവസ്ഥ വന്നിരിക്കുന്നു.

2008 ജനുവരി 31ന് യു.ജി.സി. പുറത്തിറക്കിയത് ഇവിടെ വായിക്കാം http://www.ugc.ac.in/11plan/english11/central11plan.pdf

പുതിയ രീതിയില്‍ പരീക്ഷാ നടത്തിപ്പ് എങ്ങിനെയായിരിക്കണമെന്ന യു.ജി.സി. സൈറ്റില്‍ ഉണ്ട് http://www.ugc.ac.in/new_initiatives/academic.pdf

പിന്നെ ഇന്റേണല്‍ വാലുവേഷനില്‍ തരികിട നടക്കും. അനുഭവമുള്ളത് കൊണ്ട് പറയുകയാണ്. ജയിച്ചവരെ തോല്‍പ്പിക്കുവാന്‍ മാത്രമല്ല ഇഷ്ടമില്ലാത്തവര്‍ക്ക് റാങ്ക് കൊടുക്കാതിരിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയും. യൂണിവേഴ്സിറ്റികളില്‍ ഇതാകാമെങ്കില്‍ പ്രൈവറ്റ് കോളേജുകളുടെ കാര്യം പറയേണ്ടതുണ്ടോ? സംഘടനയ്ക്ക് ആളെ കിട്ടില്ല എന്ന അമ്പരപ്പാണ് പല രാഷ്ട്രീയ സംഘടനകളും ഇതിനെ എതിര്‍ക്കുന്നത്. എന്നാല്‍ ചില അദ്ധ്യാപകരുടെ/മാനേജ്മെന്റുകളുടെ തോന്ന്യവാസത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പോകുന്നത് എങ്ങിനെ തടയാം എന്നാണ് നാം അന്വേഷിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ അസ്സെസ്സ് ചെയ്യണമെന്ന യു.ജി.സി. നിയമം ഒരു പരിധി വരെ ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് തടയാകും. പക്ഷേ അവിടെയും പ്രശ്നമുണ്ട് സമര്‍ത്ഥനായ ഒരു അദ്ധ്യാപകനെ കരിവാരി തേക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും, വിദ്യാര്‍ത്ഥികള്‍ വഴി മറ്റുള്ളവര്‍ക്ക് കഴിയും എന്നത് തന്നെ.

പിന്നെ യു.ജി.സി.യുടെ നാക്ക് അക്രഡിക്കേഷന്‍ എങ്ങിനെ നേടിയെടുക്കാമെന്ന് നാം പത്രങ്ങളിലൂടെ കണ്ടതാണ്. എന്നിട്ടും നാം അതിന് നിന്ന് കൊടുക്കുന്നു? കാരണം അതില്ലെങ്കില്‍ യു.ജി.സി. കാശ് തരില്ല എന്നത് കൊണ്ട് തന്നെ. ഇതേ കാരണം കൊണ്ട് തന്നെയല്ലേ ഇപ്പോള്‍ ഡിഗ്രി-പി.ജി. ലെവലില്‍ സെമസ്റ്റര്‍ സിസ്റ്റത്തിന് കുമ്പിടേണ്ടി വരുന്നതും.

പിന്നെ വിദ്യാര്‍ത്ഥികള്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച്. സയന്‍സ് മാത്രം പഠിക്കുക, ആര്‍ട്ട്സ് മാത്രം പഠിക്കുക എന്ന പഴഞ്ചന്‍ ആശയങ്ങളുടെ കാലം തീര്‍ന്നു. ഹിസ്റ്ററി ഓഫ് സയന്‍സ്, ഹിസ്റ്ററി ഓഫ് മെഡിസിന്‍ എന്നൊക്കെയാണ് ഇന്നുള്ള വിഷയങ്ങള്‍.

Submitted by Rajesh.P.P (not verified) on Thu, 2009-03-12 07:34.

രണ്ടാമത്തെ ലിങ്ക് കണ്ട് കിടുങ്ങിപ്പോയി. ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോളവത്കരണം എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ചാല്‍ അര്‍ത്ഥം കിട്ടുന്ന ഒരു ശീര്‍ഷകത്തില്‍ പരീക്ഷാപരിഷ്കാരത്തെക്കുറിച്ചുള്ള ഭാഗമാണത്. അവിശ്വസനീയം. ഡോ. കെ.എന്‍. പണിക്കര്‍ നേതൃത്വം നല്കുന്ന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വിദ്യാഭ്യാസരംഗത്ത് ആഗോളവത്കരണ അജണ്ട നടപ്പിലാക്കുന്നുവെന്നോ? അതും ആഗോളവത്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുന്ന വിപ്ലവകാരികള്‍ കേരളം ഭരിക്കുന്ന സമയത്ത്.

അധിനിവേശ പ്രതിരോധസമിതിക്കാര്‍ ആഗോളവത്കരണ അജണ്ട നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിഭവം പറയുന്നത് ഇത്രയും കാലമായി ഗൌരവമായി കണക്കിലെടുത്തിരുന്നില്ല. ഇനി അതു ഗൌരവമായി നോക്കണം എന്ന പാഠമാണ് ആ ലിങ്ക് തന്നത്. അതിന് മനോജിന് നന്ദി.

Submitted by Manoj (not verified) on Thu, 2009-03-12 18:17.

യു.ജി.സി. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാതിരുന്നാല്‍ സര്‍വ്വകലാശാലകള്‍ക്ക് ഗ്രാന്റ് കിട്ടില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും പുറത്ത് നിന്ന് എന്തും പറയാം. ഭര‍ണത്തിലാകുമ്പോള്‍ പറഞ്ഞത് മാറ്റി വെയ്ക്കേണ്ടി വരും. അല്ലെങ്കില്‍ ആദര്‍ശത്തിന്റെ പേരില്‍ തീരുമാനം നീട്ടി വെയ്ക്കാം. പക്ഷേ ഉപേക്ഷിക്കുവാന്‍ കഴിയില്ല. ഇത് ഈ സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അടുത്ത സര്‍ക്കാര്‍ ചെയ്യും. അത് ജനാധിപത്യത്തിന്റെ ഒരു ഘടകം തന്നെ. ഇറാക്കില്‍ നിന്ന് സൈന്യത്തെ ഇപ്പോള്‍ മടക്കി കൊണ്ട് വരുമെന്ന് പറഞ്ഞിട്ട് ഭരണത്തില്‍ എത്തി 2 മാസം കഴിഞ്ഞിട്ടും ഒബാമയ്ക്ക് അതിന് കഴിയാത്തതും അത് കൊണ്ട് തന്നെയല്ലേ?

ആദര്‍ശങ്ങള്‍ പറയുവാന്‍ എല്ലാവര്‍ക്കും കഴിയും. ഇവിടെ കേരളം/ഇന്ത്യ എന്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്നു എന്നാണ് അന്വേഷിക്കേണ്ടത്. മറ്റ് രാജ്യങ്ങളുമായി നോക്കുമ്പോള്‍ നാം വളരെ പുറകിലാണിപ്പോള്‍. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുവാന്‍ വേണ്ടി എന്ത് ചെയ്യുവാന്‍ കഴിയും എന്നാണ് നാം ചര്‍ച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും. അതില്‍ രാഷ്ട്രീയം പറഞ്ഞിരുന്നിട്ട് കാര്യമില്ല.

Submitted by രാജേഷ്.പി.പി (not verified) on Fri, 2009-03-13 16:06.

ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ നടത്തുന്ന കങ്കാണിപ്പണിയും അതിനു് നേതൃത്വം നല്കുന്ന ഡോ.കെ.എന്‍.പണിക്കര്‍ എന്ന മഹാവിപ്ലവകാരിയും സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ തകിടം മറിക്കുന്നുവെന്നതാണു് ഇതിലെ പ്രശ്നം. യൂ.ജി.സി നിര്‍ദ്ദേശങ്ങള്‍ എല്ലാം അക്ഷരംപ്രതി നടപ്പിലാക്കുക എന്ന രീതിയൊന്നും കേരളത്തില്‍ നിലവിലില്ല. എങ്കില്‍ അദ്ധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കാനുണ്ടു്. ഇവിടെ ആഗോളവത്കരണത്തിന്റെ ദല്ലാളുകളായി വിപ്ലകാരികള്‍ പെരുമാറുകയാണു്. അതോടൊപ്പം അക്കാദമിക്‍ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയും ചെയ്യുന്നു.

Submitted by Anonymous (not verified) on Tue, 2009-03-31 02:19.

മലയാള ഭാഷയെപ്പറ്റി എനിക്കുള്ള എളിയ വ്യാകുലതകള്‍ ഇവിടെ വായിക്കാം.
വിഷയം: നമുക്കെന്തിനാണ് ഇത്രയും അക്ഷരങ്ങള്‍??

Submitted by Ravishanker (not verified) on Mon, 2009-04-06 18:45.

dhariyavum, commitmentum undo aagola valkarana nayangale ethirkan?? veruthe kadadichu vedi vechito, viplavathe kurichu nilavilichito karyamailla....

pinne totathinum pidichathinum okke rashtreeyathe kuttam parayuka ennathu tanne oru rashtreeyam aanu.. alle?