തര്‍ജ്ജനി

സിനിമ

ഏഴാം മുദ്ര: ആസ്വാദനക്കുറിപ്പുകള്‍

എന്നും ഒരാള്‍ മാത്രം ജയിക്കുന്ന കളിയെ കുറിച്ച്‌

മധ്യകാലം ചരിത്രബോധമുള്ള കലാകാരന്മാരെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. ആ കാലഘട്ടത്തിന്റെ സന്ദിഗ്ധതയാവാം കാരണം. പത്താം നൂറ്റാണ്ടിന്‌ മുന്‍പുള്ള കാലത്തെ, ഒരു ഐതിഹ്യത്തിന്റെ തലത്തില്‍ കണ്ട്‌ പുനഃസൃഷ്ടിക്കാം. എന്നാല്‍ അത്രയും അമൂര്‍ത്തത സാധ്യമാവില്ല മധ്യകാല ചിത്രണങ്ങള്‍ക്ക്‌. അതിനു ചരിത്രാന്വേഷണത്തിന്റെ സങ്കീര്‍ണതകള്‍ ഏറ്റെടുക്കേണ്ടതുണ്ട്‌. സര്‍ഗാത്മകതയ്ക്ക്‌ ഇതൊരു അതിരാണോ എന്ന ചോദ്യം ഉന്നയിച്ചാല്‍, മറുപടിയില്ല. പക്ഷേ ഭാവനയുടെ എല്ലാ ഭ്രമാത്മകതകള്‍ക്കും സാധ്യമായ മനുഷ്യജീവിതത്തിന്റെ പിന്നടരുകളുണ്ടാവും. അതുകൊണ്ടാണ്‌ Umberto Eco മധ്യകാലത്തിലേക്ക്‌ യാത്രപോയി, മനുഷ്യന്റെ ഉടലും ആടിന്റെ കാലുകളുമുള്ള അതിസുന്ദരിയെ ചിത്രീകരിക്കുമ്പോള്‍ രസകരമായി അനുഭവിക്കാനാവുന്നത്‌. ചരിത്രത്തിലേക്കുള്ള അതിഗാഢമായ അന്വേഷണം ഉളവാക്കിയ പശ്ചാത്തലത്തില്‍ നിന്നാണ്‌ ഈ കഥാപാത്രത്തിന്റെ ഭ്രമാത്മകത തന്മയീഭവിക്കപ്പെടുക.

യൂറോപ്പിനേയും മധ്യപൂര്‍വ പ്രദേശങ്ങളേയും സംബന്ധിച്ച്‌ മധ്യകാലത്തിന്റെ ചരിത്രം മുഴുവന്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുരിശുയുദ്ധവുമായി ചേര്‍ന്നു കിടക്കുന്നു. ക്രിസ്തുമതത്തിന്റെ അധികാരഘടന ഏറ്റവും തീവ്രവും പ്രതിലോമവും ആയിരുന്ന ഒരു സമയം കൂടി ആയിരുന്നുവല്ലോ അത്‌. Papacy-യുടെ അപ്രമാദിത്വം ആണ്‌ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത്‌. രാജാധികാരങ്ങളും പേപ്പസിയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും, ജനങ്ങളില്‍ ഉണ്ടായിരുന്ന മതപരമായ ഏകമാനത - പാപബോധനിയന്ത്രിതമായ ഭയം - രാജ്യങ്ങളെ പേപ്പസിയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കി. എന്നുമാത്രമല്ല, പേപ്പസിയാല്‍ അവരോധിക്കപെടാത്ത രാജകീയതയുടെ ക്രെഡിബിലിറ്റി തുലാസിലുമായിരുന്നു. കുരിശുയുദ്ധത്തിന്റെ ചരിത്രപരിസരം സങ്കീര്‍ണമാണ്‌. എന്തായാലും, അതിനെ സാധ്യമാക്കിയത്‌ സ്വര്‍ഗ്ഗനരകങ്ങളെ കുറിച്ച്‌ ക്രിസ്തുമതം തീവ്രതയോടെ അടിച്ചേല്‍പ്പിച്ച ഒരു സ്യൂഡോ ധാര്‍മികജീവിതരീതിയാണ്‌. എന്തും ഏതും ഇത്തരം നന്മതിന്മകളുടെ മൂര്‍ത്തമായ ഇടങ്ങളില്‍ വച്ച്‌ ക്രൂരമായി പരിശോധിക്കപ്പെട്ടു. Ingmar Bergman-ന്റെ Seventh Seal എന്ന ചിത്രം ഈ പരിസരത്തു നിന്നാണ്‌ തുടങ്ങുന്നത്‌.

മധ്യകാലത്തേയും കുരിശുയുദ്ധത്തേയും കുറിച്ചുള്ള മറ്റ്‌ പല ചിത്രീകരണങ്ങളിലും കാണുന്ന ഗാംഭീര്യമോ ജനക്കൂട്ടമോ Seventh Seal-ല്‍ കാണാനാവുന്നില്ല. ബ്ലോക്കും സഹചാരിയും മാത്രമായാണ്‌ മടക്കയാത്ര. ഇത്തരം ഒറ്റപ്പെട്ട മടക്കയാത്രകള്‍, കൊള്ളിയും കൊള്ളിവയ്പ്പുമായി മടങ്ങുന്ന കുരിശുയുദ്ധയോദ്ധാക്കളുടെ പരിചിത ചരിത്രസങ്കല്‍പ്പത്തിന്‌ വിപരീതമായി നില്‍ക്കുന്നു. സംഭവബഹുലമായ യാത്രയുടെ അവസാനം, ജീവിതത്തിന്റെ മായികസ്വഭാവത്തെ ഏറെക്കൂറെ ഉള്‍ക്കൊള്ളുകയും, താന്‍ യുദ്ധസേവനംചെയ്ത ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച്‌ സംശയാലുവായി തീരുകയും ചെയ്ത ഒരു പക്വമതിയുടെ സന്ദേഹങ്ങളെ മുന്നോക്കം വയ്ക്കാന്‍ ഈ കൂട്ടംതെറ്റിയ യാത്ര സംവിധായകന്‌ ആവശ്യമായിരുന്നിരിക്കാം (വളരെ കുറച്ചു ബഡ്‌ജറ്റ്‌ മാത്രമേ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്‌ ബെര്‍ഗ്മാനു അനുവദിച്ചിരുന്നുള്ളു എന്നത്‌ നമ്മുടെ അന്വേഷണം ആവശ്യമില്ലാത്ത ഒരു കാരണമാവും). എന്തായാലും മദ്ധ്യകാലത്തിന്റെ ചിത്രീകരണം ആയിരുന്നില്ല ബെര്‍ഗ്മാന്‍ അത്യന്തികമായി ഉദേശിച്ചിരുന്നത്‌ എന്നു നിശ്ചയം. മരണത്തെ കുറിച്ചുള്ള വളരെ വൈയക്തികമായ ഒരു അന്വേഷണം ആവാനും വഴിയില്ല. existential ഉല്‍ക്കണ്ഠകളെ പ്രകാശിപ്പിക്കാന്‍ മരണത്തെ മൂര്‍ത്തമാക്കുക എന്ന കലാസങ്കേതം അദ്ദേഹം ഉപയോഗിക്കുകയായിരുന്നിരിക്കണം. കറുപ്പിലും വെളുപ്പിലുമുള്ള മരണത്തിന്റെ രൂപം പാശ്ചാത്യ സംവേദനങ്ങളെ കുറച്ചൊക്കെ ഞെട്ടിച്ചു എന്നു വേണം അക്കാലത്ത്‌ ആ ചിത്രത്തിനു ലഭിച്ച നിരൂപണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍. പോത്തിന്റെ പുറത്ത്‌ മരണത്തിന്റെ കുരുക്കുമായി മുറ്റത്തും തൊടിയിലുമൊക്കെ എപ്പോഴും കറങ്ങി നടക്കുന്ന യമനെ നമ്മള്‍ പലപ്പോഴും കൂട്ടിമുട്ടാറുണ്ടായിരുന്നതുകൊണ്ടാവും ഈ മരണരൂപം അത്രക്ക്‌ നമുക്കു ഏശാതെ പോയത്‌.

ദൈവവും ചരിത്രവുമൊക്കെ മരിച്ചുപോയി എന്നു പറഞ്ഞിരുന്ന യുറോപ്പിന്റെ കഴിഞ്ഞ നൂറ്റാണ്ട്‌ പക്ഷെ അത്രയും ആഴത്തില്‍ അത്‌ അനുഭവിച്ചിരുന്നോ എന്നത്‌ സംശയമാണ്‌. പള്ളികള്‍ നൃത്തശാലകളും മധുശാലകളും ഒക്കെ ആയി മാറിയെങ്കിലും ക്രിസ്തുമതം സന്നിവേശിപ്പിച്ച കുരിശുയുദ്ധകാലത്തെ ധാര്‍മ്മികതയുടെ അടിയൊഴുക്കും പാപബോധത്താല്‍ ഉല്‍പ്പാദിപ്പിക്കപെട്ട ഭയവും പ്രഛന്നതയോടെ കടന്നു വന്നിരുന്നു എന്നുവേണം കരുതാന്‍ (കോളനിവല്‍ക്കരണകാലത്ത്‌ മതപരമായി മാറാതിരുന്ന വിദൂരദേശങ്ങള്‍ പോലും ഈ ധാര്‍മ്മികതയെ ഉള്‍ക്കൊണ്ട്‌ തുടരുന്നു എന്നാവുമ്പോള്‍ അതില്‍ ആശ്ചര്യം ഇല്ല - ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ Paulo Coelho-ല്‍ തെക്കന്‍ അമേരിക്കന്‍ എക്സോട്ടിസത്തെക്കാളും കാണാനാവുക കത്തോലിക്കാ ധാര്‍മികതയില്‍ കാലുകുത്തി നിന്നിട്ടുള്ള ചാട്ടങ്ങളാണ്‌). എക്സിസ്റ്റന്‍ഷ്യല്‍ അന്വേഷണങ്ങള്‍, ദൈവത്തെ തിരക്കുന്നതിന്റെ മറ്റൊരു രൂപം കാണിച്ചുതരും. 'ഏഴാംമുദ്ര' അതു വരയുന്നുണ്ട്‌. കഥാസംഗ്രഹത്തില്‍ സുദേഷ്‌ സൂചിപ്പിക്കുന്നതു പോലെ - മരണത്തെ തിരക്കുക എന്നാല്‍ ദൈവത്തെ തിരക്കുക എന്നും കൂടിയാവുന്നുണ്ട്‌.

കലയുടെ പ്രദേശത്ത്‌ എന്നും ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യം, 'ഏഴാംമുദ്ര'യുടെ ആശയത്തെപ്രതിയും പ്രസക്തമാവും. അത്‌ ചരിത്രസംബന്ധികൂടിയാണ്‌. ബെര്‍ഗ്മാനല്ലാതെ, ഒരു മധ്യകാലയോദ്ധാവിന്‌ മരണവുമായി ചതുരംഗം കളിക്കാനുള്ള സമൂഹികപരിസരമോ, ധിഷണാന്നൗത്യമോ സാധ്യമായിരുന്നോ എന്നാവും അത്‌. എന്തുകൊണ്ടാവും എങ്കില്‍ ബെര്‍ഗ്മാന്‍ തന്റെ അന്വേഷണവുമായി എട്ടുപത്ത്‌ നൂറ്റാണ്ട്‌ പിന്നിലേക്ക്‌ പോയിരിക്കുക? തന്റെ എക്സിസ്റ്റന്‍ഷ്യല്‍ വ്യഥകള്‍ ഒരു കുരിശുയുദ്ധ യോദ്ധാവിന്റെ ചുമലില്‍ ചാരിവച്ചിരിക്കുക? ഒരുപാടു മരണങ്ങള്‍ പെട്ടെന്നു കാണേണ്ടി വരുന്നതിന്റെ പശ്ചാത്തലം ഉണ്ടാക്കുക എന്നത്‌ ഒരു കാരണം ആവാം. അതായിരിക്കാം ചരിത്രത്തെ, കുറച്ചൊക്കെ, തന്റെ ആവശ്യാനുസരണം വളച്ച്‌ പ്ലേഗിന്റെ കാലവും സിനിമയില്‍ സന്നിവേശിപ്പിച്ചത്‌. എന്നാല്‍ അതിനുമപ്പുറം ക്രിസ്തുമതം സംപ്രേക്ഷണം ചെയ്യുന്ന ധര്‍മാധര്‍മ ചിന്തകളുടെ വെളിപാടുകളില്‍ നിന്നു മാത്രമേ തന്റെ അസ്തിത്വവ്യഥകളോട്‌ സംവദിക്കാന്‍ പ്രാപ്തിയുള്ളു എന്ന തിരിച്ചറിവോ, അബോധപ്രവര്‍ത്തനമോ കൂടി ആവാം. ബ്ലോക്ക്‌ ദൈവത്തെ, ഒരു പക്ഷെ, തന്റെ തന്നെ ഉണ്മകളെ അന്വേഷിച്ചു തുടങ്ങുമ്പോഴാണ്‌ മരണം കൂടെ എത്തുന്നത്‌. മരണത്തോട്‌ ബ്ലോക്കിനു വലിയ ഭയമില്ലാതെ ഇടപെടാനുള്ള നിര്‍മമത നല്‍കുന്നത്‌ ഈ അന്വേഷണത്തിന്റെ തീവ്രമായ മാനസിക തലമാണ്‌. ബ്ലോക്കിന്റെ വിപരീതത്തില്‍ നിറുത്താനാവുന്ന ഒരു കഥാപത്രമാണു ജോഫ്‌. ജോഫും അമൂര്‍ത്തതകളെ മൂര്‍ത്തമാക്കാന്‍ കഴിവുള്ള മനസ്സിന്റെ ഉടമയാണ്‌ - എന്നാല്‍ അതു സാധ്യമാവുന്നത്‌ ബ്ലോക്കിന്റെ പാത്രസൃഷ്ടി മുന്നോട്ടു വയ്ക്കുന്ന തീക്ഷ്ണമായ ജീവിതാന്വേഷണത്തിലൂടെ അല്ല. ജന്മനാ സാധ്യമായ അഭൗമമായ ഏതോ നിഷ്കളങ്ക ജ്ഞാനമാണ്‌ ജോഫിനെ ഇതിനു പര്യാപ്തനാക്കുന്നത്‌. ബ്ലോക്കിന്റെ ദൈവാന്വേഷണം പ്രകടിപ്പിക്കുന്ന തീവ്രതയുടെ നിഷ്‌ഫലത തെളിയിക്കാന്‍ കൂടിയാവണം ബെര്‍ഗ്മാന്‍ ജോഫിലൂടെ ഉന്നംവയ്ക്കുന്നത്‌. പൊതുവേ തൊള്ളായിരത്തിന്റെ മധ്യം അന്വേഷിച്ചുകൊണ്ടിരുന്നതൊക്കെ നിഷ്‌ഫലം എന്നു സൂചിപ്പിക്കാന്‍ കൂടി ആവാം. ഇതും ക്രിസ്തീയമായ ഒരു ഈസ്തെറ്റിക്സിന്റെ ഭാഗമാണു (കാണാതെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍).

കന്യകാമറിയത്തിന്റേയും ഉണ്ണിയേശുവിന്റെയും ദര്‍ശനത്തോടെയാണ്‌ ജോഫ്‌ ചിത്രത്തില്‍ കടന്നുവരുന്നത്‌. ജോഫിന്റെ കുടുംബം വ്യക്തമായും തിരുകുടുംബത്തെ ഓര്‍മ്മിപ്പിക്കുന്നതും ആണ്‌. മരണവുമായുള്ള ചതുരംഗം തുടര്‍ന്നുകൊണ്ടിരിക്കുന്ന നിഷ്ഠൂരദിനങ്ങളില്‍ പോലും, ആ കുടുംബത്തിന്റെ നിഷ്കളങ്കതയിലേക്ക്‌ ബ്ലോക്ക്‌ നിര്‍വ്യാജം ആകര്‍ഷിക്കപെടുന്നുണ്ട്‌. ഒരു കഥ പറച്ചലിന്റെ സുഖത്തിനുവേണ്ടി ആവില്ല എന്തായാലും ജോഫിനേയും കുടുംബത്തേയും സംവിധായകന്‍ അവതരിപ്പിക്കുക - കഥ പറയുക എന്നത്‌ ബെര്‍ഗ്മാന്റെ കലയെ ആവേശിച്ച വഴിയുമാവില്ല തന്നെ. ദൈവാന്വേഷണത്തിന്റെ ഗൗരവവഴികള്‍ക്ക്‌ അതീതമായി, ദൈവത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ അസ്തിത്വത്തിലേക്കും ലളിതമായ മറ്റൊരുവഴി പ്രാപ്യമാണ്‌ എന്നാവും അത്‌. കാരണം ജോഫും, മരണവും ബ്ലോക്കുമായുള്ള കരുനീക്കങ്ങള്‍ കാണുന്നുണ്ട്‌. അന്നേരമാണ്‌ അയാള്‍ കുടുംബവുമായി രക്ഷപെടാന്‍ ശ്രമിക്കുന്നത്‌. അലിവോടെ ബ്ലോക്കും ഒപ്പം മരണവും അതനുവദിക്കുന്നു. ബ്ലോക്കിന്റെ അന്വേഷണമായിരുന്നോ ശരി അതോ പ്രത്യേകിച്ച്‌ അന്വേഷണങ്ങള്‍ ഒന്നും ഇല്ലാതെ ദൈവദര്‍ശനം സാധ്യമായ ജോഫിന്റെ ജീവിതമോ? പിന്നീട്‌ ലോകം ഇത്തരം എക്സിസ്റ്റന്‍ഷ്യല്‍ സമസ്യകളുടെ അന്വേഷണം ഉപേക്ഷിച്ചു എന്നു വേണം കരുതാന്‍. അതിന്റെ സൂചനകള്‍ ഈ ചിത്രം തരുന്നുണ്ട്‌. ബ്ലോക്‌ കീഴടങ്ങുന്നത്‌, ഈ സമസ്യക്ക്‌ ഉത്തരം കാണാതെ തന്നെയാണ്‌. മരണത്തിനു പോലും ഒന്നും വ്യക്തമാക്കാന്‍ ആവുന്നില്ല - സുനിശ്ചിതമായും ഞാന്‍ നിന്റെ ഒപ്പം ഉണ്ട്‌ എന്നുമാത്രമാണ്‌ ആ ഉത്തരം. ജോഫിന്റെ ദര്‍ശനങ്ങളോ, ഉച്ചകിറുക്കുകളായി ഭാര്യപോലും ഉപേക്ഷിക്കുന്നുമുണ്ട്‌.

ആശയത്തിനു പുറത്ത്‌ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്ന സൗന്ദര്യാനുഭവം എന്താവും എന്ന വ്യവച്ഛേദിതമായ നോട്ടം ഇക്കാലത്ത്‌ പ്രയാസകരമായി തീരും. ചലച്ചിത്രത്തിന്റെ കാഴ്ചാസംബന്ധിയായ രുചിവ്യതിയാനം സമകാലത്ത്‌ എന്തിനെയെങ്കിലും ചരിത്രപരിഗണനയില്‍ നോക്കികാണാന്‍ അനുവദിക്കുന്നതിനെക്കാളും ബഹുലമായി കഴിഞ്ഞിരിക്കുന്നു. Ben-Hur-ല്‍ നിന്നും The Last Emperor വഴി Lord of the Rings-ല്‍ എത്തുമ്പോള്‍ പോപ്പുലര്‍ സിനിമാകാഴ്ച അനുവദിച്ചുതന്ന വന്യതയെ മറികടക്കുക എളുപ്പമല്ലാതാവും. സാഹിത്യത്തിനില്ലാത്തതും, സിനിമപോലുള്ള, കാഴ്ചയെ പ്രാഥമിക രസാനുഭവമാക്കുന്ന കലകള്‍ക്കുള്ളതുമായ ഒരു പരിമിതി, അനുവാചകഭാവനയെ അത്‌ നിജപ്പെടുത്തുന്നു എന്നുള്ളതാണ്‌. അതുകൊണ്ടു തന്നെയാണ്‌ 'ഏഴാംമുദ്ര' പോലുള്ള സിനിമകളുടെ വിശകലനം ആശയതലത്തില്‍ നിന്നു മാറിയാവാന്‍ വളരെ പ്രയാസപ്പെടുന്നതും. മാത്രവുമല്ല, 'ഏഴാംമുദ്ര'യുടെ പ്രമേയത്തിന്റെ ഏകമാനമായ അന്വേഷണത്വര മറ്റു ഘടകങ്ങളെയെല്ലാം അലിയിപ്പിച്ചുകളയുകയാണു ചെയ്യുന്നത്‌.

ഏഴാം മുദ്രയും മതാത്മകചിന്തകളും

ഒരു ചതുരംഗ കളിക്കളത്തില്‍ മരണവുമായി ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ജയിച്ചെന്ന്‌ വരാം. പക്ഷേ ഏതെങ്കിലുമൊരു അവസരത്തില്‍ നമ്മുടെ എല്ലാ കരുക്കളെയും ബന്ധിച്ചു മരണം തന്റെ അവസാന കരുനീക്കം നടത്തും. 'ഏഴാം മുദ്ര' എന്ന സിനിമയില്‍ പറയുന്നതുപോലെ:

'കഴിഞ്ഞു; നിന്റെ രാജാവ്‌ ബന്ധനസ്ഥനായിരിക്കുന്നു'

അതും കഴിഞ്ഞു ഹേ മരണമേ നിന്റെ ജയം എവിടെ എന്നു ചോദിക്കുവാന്‍ സാധിക്കുമോ? കണ്ടുകൊണ്ടിരിക്കുന്നവനെ മരണത്തിന്റെയും, വെളിപാടിന്റെയും ദുഃഖത്തിന്റെയും വിശ്വാസത്തിന്റെയും ഭ്രമാത്മകലോകത്ത്‌ ബന്ധിച്ചു നിര്‍ത്തുവാന്‍ ശേഷിയുള്ള അതിശക്തമായ സിനിമ.

കുരിശുയുദ്ധസേവനത്തിനുശേഷം തിരികെ വന്നിരിക്കുന്ന അന്റോണിയസ്‌ ബ്ലോക്ക്‌ എന്ന ഇടപ്രഭുവിന്‌ തന്റെ സേവകനോടൊപ്പം കോട്ടയിലേക്ക്‌ തിരിക്കുമ്പോള്‍ ചില ആഗ്രഹങ്ങളുണ്ടായിരുന്നു. ഭാര്യയെ കാണണം. തിരക്കു കൂട്ടി കുരിശുയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയതിനു മാപ്പു പറയണം. മരണം എതിരേല്‍ക്കുമ്പോള്‍ ബ്ലോക്ക്‌ അത്‌ പറയുന്നുണ്ട്‌. വിശാലമായ ആകാശത്തിനു കീഴെ കല്ലുകള്‍ നിറഞ്ഞ കടല്‍ത്തീരത്തിന്റെ സ്വപ്നസദൃശമായ ദൃശ്യാവിഷ്കരണത്തോടെയുള്ള തുടക്കം. എവിടെയൊക്കെയൊ കണ്ടു ശീലിച്ച ഈ സിനിമയിലുള്ള ഫോട്ടോകളുടെ ഓര്‍മ്മയുടെ മുകളില്‍ എപ്പോഴെങ്കിലും കാണണം എന്ന ഹൃദയത്തിലെ ആഗ്രഹം തിരകളായി കയറിയിറങ്ങിയ സമയം. സിനിമയ്ക്കു മുന്‍കുറിയായി, കുവൈറ്റില്‍, സാല്‍മിയയുടെ ആകാശത്തിലേക്ക്‌, സാന്ധ്യശോഭകള്‍ക്കു നേരെ തുറന്നു വച്ച ജനാലയില്‍ കൈയ്യൂന്നിയ സുദേഷുമായുള്ള നാട്ടു സംഭാഷണം. സാന്ധ്യശോഭകളുടെ ധാരാളിത്തം ആ മുറിയില്‍ ഈ സിനിമ കാണുവാന്‍ ഒളിച്ചിരുന്നുവോ?... എന്തുകൊണ്ടൊക്കെയോ മറക്കാനാവാത്ത ഒരു സിനിമാനുഭവം.

സിനിമയുടെ തുടക്കവും ഒടുക്കവും യേശുക്രിസ്തുവിന്റെ ശിഷ്യന്‌ പത്മോസ്‌ എന്ന ദ്വീപില്‍ വെച്ച്‌ ഉണ്ടായതും വിശുദ്ധ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ വചനങ്ങള്‍ കടന്നു വരുന്നു. 'അവന്‍ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അരമണിക്കൂറോളം മൗനത ഉണ്ടായി.' ഏഴാം മുദ്രയുടെ പുസ്തകം തുറക്കുവാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആരെയും കാണായ്ക കൊണ്ട്‌ യോഹന്നാന്‍ ഏറ്റവും കരഞ്ഞു. അപ്പോഴാണ്‌ യേശുക്രിസ്തു മുദ്ര പൊട്ടിപ്പാന്‍ യോഗ്യനായി വരുന്നത്‌. സകലസമയവും അത്യുച്ചത്തില്‍ ഘോഷം നടക്കുന്ന സ്വര്‍ഗ്ഗത്തിലാണ്‌ ഏകദേശം അരമണിക്കൂറോളം മൗനതയുണ്ടാക്കുന്നത്‌ . ഏഴു മുദ്രയും പൊട്ടിച്ചു, ഇനിയെന്ത്‌? ഒരു പക്ഷെ ആ മൗനതയിലായിരിക്കണം ബര്‍ഗ്മാന്റെ ശ്രദ്ധയും. പക്ഷെ ആരുടെ മൗനം? ദൈവത്തിന്റേതോ?

ഇടപ്രഭു പറയുന്നതു കേള്‍ക്കുക: എനിക്കു വേണ്ടതു ജ്ഞാനമാണ്‌ വിശ്വാസമല്ല; ഊഹാപോഹമല്ല വെറും അറിവുമാത്രം. എനിക്കു ദൈവത്തെ കൈനീട്ടിക്കാണണം അവന്റെ മുഖം അവന്‍ എനിക്കു കാണിച്ചു തരേണം. എന്നോടവന്‍ സംസാരിക്കണം; പക്ഷെ അവന്‍ നിശബ്ദനാണ്‌. ആ നിശ്ശബ്ദത, ആ നിറഞ്ഞ മഹാമൗനം, അതാണോ ഈ ചിത്രത്തിന്റെ കാതല്‍?

ഈ കാലയളവില്‍ ചില ക്രിസ്തീയ വിഭാഗക്കാരുടെ ഇടയില്‍ എറ്റവും പ്രചാരമുള്ളതാണ്‌ പ്രവചനവരശുശ്രുഷ. പൗലോസ്‌ വേദ പുസ്തകത്തില്‍ എഴുതിയത്‌ ഇപ്രകാരമാണ്‌: 'എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും, സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല'. നോക്കൂ ഇവിടെ സകല ജ്ഞാനവും ഗ്രഹിക്കുന്ന ഒരു ആത്മവരം!

അവന്റെ മുഖം അവന്‍ എനിക്കു കാണിച്ചു തരേണം എന്ന്‌ ഇടപ്രഭു പറയുന്നു. വൈല്‍ഡ്‌ സ്ട്രോബറീസും പാലും വളരെ സ്വാന്ത്വനവും ഇടപ്രഭുവായ ബ്ലോക്കിനു നല്‍കിയ ഒരു കുടുംബം ഉണ്ട്‌ ഈ ചിത്രത്തില്‍. ജോഫും മിയയും. ചില വിവര്‍ത്തനങ്ങളില്‍ അവര്‍ ജോസഫും മറിയായുമാകുന്നു. അവര്‍ക്കു ഒരു കുഞ്ഞുമുണ്ട്‌, മിക്കേല്‍. ഈ ജോഫ്‌ ഒരു ദര്‍ശനം കാണുന്നു. വിശുദ്ധ കന്യാമറിയം യേശുക്രിസ്തുവിനെ നടത്തം പഠിപ്പിക്കുന്ന ഒരു ദര്‍ശനം. ദൈവത്തേയും ഒരു പക്ഷേ ഇങ്ങനെയുള്ള ദര്‍ശനങ്ങളില്‍ കൂടി കാണാമായിരിക്കുമോ? പക്ഷെ ഈ ചിത്രത്തില്‍ റാവല്‍ എന്ന ഒരു കഥാപാത്രവുമുണ്ട്‌. പ്രഭുവിനെ കുരിശു യുദ്ധത്തിലേക്കു നയിച്ച ഒരു വൈദിക വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍ ഒരു കാലത്ത്‌. അവന്‍ പിന്നീട്‌ കള്ളനും അക്രമിയുമായി തീരുന്നു. കുരിശുയുദ്ധപ്രേരകന്‍ എന്ന നിലയിലല്ലാതെ വൈദിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ എടുക്കുമ്പോള്‍ ആത്മപോരാട്ടങ്ങളില്‍ ബലഹീനനായി തീര്‍ന്ന ഒരു കഥാപാത്രം. ജ്ഞാനം കിട്ടിയേക്കാം; ദര്‍ശനങ്ങളിലൂടെ കണ്ടേക്കാം. എന്നാല്‍ ആത്മപോരാട്ടങ്ങളില്‍ മിക്കപ്പോഴും പരാജയപ്പെടുന്നു മനുഷ്യര്‍. ഏതു രീതിയില്‍ ഇങ്ങനെ ജീവിതത്തില്‍ മുന്നേറിയാലും അവസാനം മരണം അതിന്റെ അവസാന കരുനീക്കി വിജയിക്കില്ലേ. പൗലോസ്‌ അപ്പോസ്തലന്‍ അതു കൊണ്ടാണ്‌ ഇങ്ങനെയെഴുതിയത്‌: 'ഈ ദ്രവത്വമുള്ളത്‌ അദ്രവത്വത്തേയും ഈ മര്‍ത്ത്യമായത്‌ അമര്‍ത്ത്യത്തേയും ധരിക്കേണം'. ഈ ദ്രവത്വമുള്ളത്‌ അദ്രവത്വത്തെയും ഈ മര്‍ത്ത്യമായത്‌ അമര്‍ത്ത്യത്തേയും ധരിക്കുമ്പോള്‍ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ നിന്റെ ജയം എവിടെ? ഹേ മരണമേ നിന്റെ വിഷമുള്ളുകള്‍ എവിടെ? മരണം യഥാര്‍ത്ഥത്തില്‍ ജയിക്കുന്നുവോ? മരണത്തിന്‌ കീഴടങ്ങുവാന്‍ എപ്പോഴും വിസമ്മതിക്കുന്നു മനുഷ്യര്‍.

ബ്ലോക്ക്‌ എന്ന ഇടപ്രഭുവും ഒരു അന്വേഷണത്തിലാണ്‌. മരണത്തെ ചെസ്സില്‍ തോല്‍പ്പിച്ചുള്ള യാത്രയില്‍ ആരും ഒരിക്കലും ഒറ്റനോട്ടത്തില്‍ ഒരു മന്ത്രവാദിനിയെന്ന്‌ മുദ്ര കുത്താത്ത ഒരു ബാലികയെ പ്ലേഗ്‌ ആ ദേശത്ത്‌ വരുവാന്‍ കാരണക്കാരിയെന്ന്‌ വരുത്തി കുറ്റം ചുമത്തി കൊല്ലുവാന്‍ തയ്യാറെടുക്കുമ്പോള്‍ ബ്ലോക്ക്‌ ഒരു ചോദ്യം ചോദിക്കുന്നു:

സാത്താനെ വാസ്തവത്തില്‍ കണ്ടിട്ടുണ്ടോ?

അയാള്‍ ആ ചോദ്യം ചോദിക്കുന്നത്‌ സാത്താനെ കാണുവാന്‍ സാധിച്ചാല്‍ ദൈവത്തെപ്പറ്റി ചോദിക്കുവാനാണ്‌.

ഈ സിനിമ കാണുന്നവന്റെ ഹൃദയത്തില്‍ വേദന സമ്മാനിച്ച്‌ ആ പെണ്‍കുട്ടി പറയുകയാണ്‌:
സാത്താനെ എപ്പോഴും എല്ലാവര്‍ക്കും കാണാം, പാതിരിമാര്‍ക്ക്‌ കാണാം, ഭടന്മാര്‍ക്ക്‌ കാണാം. എന്റെ കണ്ണില്‍ നോക്ക്‌, നിങ്ങള്‍ക്കും അവനെ കാണാം.

ബ്ലോക്ക്‌ പറയുന്നു: ഒന്നും കാണുന്നില്ലല്ലോ.

ഒന്നും?

ബ്ലോക്ക്‌: ഉഗ്രഭയം മാത്രം....

മരണഭീതിയാണ്‌ ഏറ്റവും വലിയ ഭീതി. ബ്ലോക്ക്‌ ആ പെണ്‍കുട്ടിയുടെ കണ്ണില്‍ കണ്ടതും ഉഗ്രഭീതി മാത്രം. പാതിരിമാരും ഭടന്മാരും ആ കുട്ടിയുടെ കണ്ണില്‍ സാത്താനെ കണ്ടുകാണണം. അല്ലെങ്കില്‍ അവള്‍ മരിപ്പാന്‍ വിധിക്കപ്പെടുകയില്ലായിരുന്നു. എത്ര നിഷ്ക്കളങ്കമായ ഉത്തരം. എത്ര ദയനീയമാണ്‌ ഇനിയുള്ള കാഴ്ച. മരിക്കുവാന്‍ ക്രൂശില്‍ തൂക്കിയിട്ടിരിക്കുന്ന ക്രിസ്തുവിനെപ്പോലെ പെണ്‍കുട്ടി കിടക്കുന്നു. കുറച്ചു കഴിഞ്ഞു മരിച്ചുവെന്ന്‌ തോന്നുമാറ്‌ അവളുടെ തല വശത്തേക്കു ചരിയുന്നു.

ജോഫിനേയും മിയയേയും ബ്ലോക്ക്‌ കോട്ടയിലേക്കു ക്ഷണിക്കുന്നു. മരണം ഇടക്കു വെച്ച്‌ ഇടപ്രഭുവിനെ ഞെട്ടിച്ച്‌ ഒരു ചോദ്യം ചോദിക്കുന്നു. നീ ആ കുടുംബത്തിന്‌ സംരക്ഷണം കൊടുക്കുന്നുണ്ടോ?

പക്ഷെ ആ കോട്ടയില്‍ ആ കുടുംബത്തിന്‌ പകരം ചെല്ലുന്നത്‌ മരണമാണ്‌.

തീര്‍ച്ചയായും മരണം കൊണ്ടുപോകും എന്നു മനസ്സിലാക്കിയ ബ്ലോക്ക്‌ ദൈവത്തോട്‌ ഈ കൊടും അന്ധകാരത്തില്‍ നിന്നും രക്ഷിക്കണേ എന്നു യാചിക്കുന്നു.

ഒരു പക്ഷേ മരണത്തെ കണ്ടവനോ മരണത്തിനെ അറിയുന്നവനോ മാത്രം ദൈവത്തെ വിളിക്കുന്നതുപോലെ.

പക്ഷെ അപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴക്കും കാറ്റിനും ശേഷം, ദര്‍ശനം കാണുന്ന കലാകാരനും അവന്റെ കുടുംബവും ഉണരുന്നു.

മരണം ഒരു നിഴല്‍ചിത്രം കണക്കെ ആകാശത്തിന്റെ അതിരുകളിലുടെ മറ്റുള്ളവരുടെ കരം പിടിച്ച്‌ യാത്രയാവുന്ന ഒരു അസാധാരണ ദൃശ്യം. ഇങ്ങനെ ദര്‍ശനം പോലെ കണ്ട കാര്യവും അയാള്‍ ഭാര്യയോട്‌ പറയുന്നു. ഭാര്യ ചിരിച്ചു തള്ളുന്നു എങ്കിലും ആ കുടുംബത്തില്‍ എത്ര സന്തോഷം.

ഒരിക്കല്‍ ബ്ലോക്ക്‌ എന്ന ഇടപ്രഭു കുമ്പസാരക്കൂട്ടില്‍ ചെന്ന്‌ സംസാരിക്കുന്നു. കുമ്പസാരം കേള്‍ക്കുന്നത്‌ മരണമാണ്‌. പക്ഷെ ബ്ലോക്ക്‌ അതറിയുന്നില്ല. ജീവിതത്തിന്റെ ചില ഇടങ്ങളില്‍ മരണം കേള്‍ക്കുന്നതു പോലെ കേട്ട്‌ നമ്മെ ചതുരംഗത്തില്‍ തോല്‍പ്പിച്ച്‌ മരണപ്പെടുത്താന്‍ ശ്രമിക്കുന്ന ചില അസാധാരണ വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കിവിടെ ചെവിയോര്‍ത്താല്‍ കേള്‍ക്കാം. ശ്രദ്ധിക്കൂ ഈ സംഭാഷണം:

ബ്ലോക്ക്‌: ...പക്ഷെ ഈ ഇടവേള പ്രധാനമായ ഒരു കര്‍മ്മത്തിനായി ഞാന്‍ ഉപയോഗിക്കുവാന്‍ പോകുന്നു.

മരണം: പറഞ്ഞു വരുന്നത്‌ നീ മരണവുമായി ഒരു ചതുരംഗക്കളിവേളയിലാണ്‌ എന്നല്ലേ.

ബ്ലോക്ക്‌: അതെ ചതുരംഗക്കളിയില്‍ അതിനുള്ള സാമര്‍ത്ഥ്യം ഒന്നു വേറെത്തന്നെയാണ്‌. പക്ഷെ ഇതുവരെ എനിക്കൊരു കരുവും നഷ്ടപ്പെട്ടിട്ടില്ല.

മരണം: നിനക്കെങ്ങിനെ മരണത്തെ പറ്റിക്കാമെന്നാണ്‌?

ബ്ലോക്ക്‌: മെത്രാനെയും മാടമ്പിയെയും ചേര്‍ത്തൊരു നീക്കത്താല്‍ ഞാന്‍ അതിന്റെ മുന്നണി തകര്‍ക്കും.

മരണം: ബ്ലോക്കിനെ അഭിമുഖീകരിച്ചുകൊണ്ട്‌ പുഞ്ചിരിയോടെ: ഇപ്പറഞ്ഞത്‌ ഞാന്‍ തീര്‍ച്ചയായും ഓര്‍ക്കും.

ബ്ലോക്ക്‌: വഞ്ചകന്‍! നീയെന്നെ പറ്റിച്ചു...! ഞാനൊരു വഴി കണ്ടെത്തും എന്നാലും....

മരണം: ആട്ടെ. കളിയുടെ തുടര്‍ച്ച സത്രത്തില്‍ വെച്ചാകാം നമുക്ക്‌.

മരണം വഞ്ചകനാണോ?

എന്തായാലും സിനിമയുടെ ശക്തമായ ദൃശ്യാനുഭവം തരുന്ന ഭയത്തില്‍ നിന്നും വിമുക്തമാകാന്‍ നമുക്ക്‌ ചോദിയ്ക്കാം, ഹേ മരണമേ നിന്റെ ജയമെവിടെ?

മരണത്തെപ്പറ്റി, അതിലേറെ ജീവിതത്തെക്കുറിച്ചും...

ബര്‍ഗ്മാന്‍ ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ ഗ്ലോബല്‍ താപത്തിന്റെയും യുദ്ധകലാപങ്ങളുടേയും ദാരുണകാലത്ത്‌ നാനോ ടെക്നോളജിയിലും കമ്പ്യൂട്ടര്‍ ചിപ്പുകളിലും ഡിലീറ്റ്‌ ചെയ്യപ്പെട്ട്‌ കിടക്കുന്ന ദൈവത്തോട്‌ സംവദിക്കാനൊരു സിനിമ കൂടിയെടുക്കുമായിരുന്നു. ഒരു സാങ്കേതികക്കുഴപ്പമുണ്ടെന്ന്‌ മാത്രം: Seventh Seal രചിക്കുമ്പോള്‍ ബര്‍ഗ്മാന്‌ ഓര്‍മ്മകള്‍ കൂട്ടിനുണ്ടായിരുന്നുവെന്നത്‌. മധ്യകാലയൂറോപ്പിന്റേയും രോഗാതുരതകളുടേയും വിശ്വാസത്തകര്‍ച്ചകളുടേയും പാപപങ്കിലമായ ഭൂതകാലം അരച്ചുകലക്കിയാണ്‌ Seventh Seal-ന്റെ കാന്‍വാസ്‌ ഒരുക്കിയിരിക്കുന്നത്‌. വര്‍ത്തമാന വിശേഷമായ സൈബറോക്രസിക്ക്‌ സിനിമാറ്റിക്കായൊരു ചരിത്രമില്ലെന്നത്‌ ബര്‍ഗ്മാന്റെ കാമറക്കണ്ണുകളെ വിഷമിപ്പിക്കുമെങ്കിലും ഇഷ്ടവിഷയമായ ദൈവവും മനുഷ്യനും മരണവും ഇന്നും സജീവം, പ്രസക്തം.

പ്രശ്നവൈറസുകളുടെ ലോകത്തെ ദൈവഭിഷഗ്വരന്റെ നിശബ്ദത --അസിനിമാറ്റിക്കായൊരു പ്രമേയം? ചലച്ചിത്രത്തിന്‌ സാധ്യമാകാത്ത അവാസ്തികലോകമൊന്നും സംവിധായകന്‍ സൃഷ്ടിക്കുന്നില്ല. മരണത്തിന്റെ മനുഷ്യരൂപം പോലും പരിചയമുള്ളൊരു ഭൂമികയിലെ പോലെയാണ്‌ ചിത്രത്തിന്റെ റിയലിസം. (മരണമായി അഭിനയിച്ച ബെങ്ങ്ട്‌ എകെറോട്ടിന്‌ നൂറ്‌ മാര്‍ക്ക്‌). മരണത്തെക്കുറിച്ചുള്ള തത്വചിന്താപരമായ പ്രബന്ധമായ 'ഏഴാം മുദ്ര'യില്‍ ജീവിതം, മരണവുമായുള്ള ചൂതുകളിയാണെന്ന്‌ ബര്‍ഗ്മാന്‍ പറയുന്നു.

ചിത്രത്തിന്റെ ദൃശ്യങ്ങളിലുള്ള ഇരുള്‍വെളിച്ച കോണ്‍ട്രാസ്റ്റുകള്‍ പ്രധാനകഥാപാത്രങ്ങളായ ബ്ലോക്കിന്റേയും സായുധസഹചരന്റേയും വിശ്വാസധ്രുവങ്ങളിലേക്കുള്ള കാഴ്ചകളുമാണ്‌. വസൂരിയും അനുബന്ധദുരിതങ്ങളായ അന്ധവിശ്വാസങ്ങളും നീതികേടുകളും ബ്ലോക്കിന്റെ വിശ്വാസം കെടുത്തിയെങ്കില്‍ 'സ്ക്വയര്‍' 24 മണിക്കൂറും ദൈവഭയന്‍. മരണത്തിന്റെ നിഴല്‍വെട്ടത്തില്‍ അവര്‍ നടത്തുന്ന ജീവിത തീര്‍ത്ഥയാത്രയിലെ കഠിനക്കാഴ്ചകളാണ്‌ ഒറ്റവരിയില്‍ Seventh Seal-ന്റെ സിനിമാനുഭവം.

വിശുദ്ധഭൂമിയിലെ ക്രൈസ്തവലോകത്തിന്‌ വേണ്ടി പൊരുതുവാന്‍ ബ്ലോക്കിനെ അനുനയിപ്പിച്ചയാള്‍, റാവല്‍, നിരീശ്വരവാദിയാവുന്നത്‌; മരണാസന്നയായ വസൂരിരോഗിയുടെ വള അയാള്‍ മോഷ്ടിക്കുന്നത്‌; പെണ്‍കുട്ടിയൊരുവളെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുത്‌; വസൂരി അയാളെ കാര്‍ന്ന്‌ തിന്നുന്നത്‌; റ്റാബ്ലോസംഘത്തില്‍പ്പെട്ട, സ്ത്രീജിതനായ ജോനാസ്‌, കൊല്ലന്റെ ഭാര്യയുമായി ഒളിച്ചോടിയതിന്‌ ശേഷം മരണത്തെ മരക്കൊമ്പില്‍ വിളിച്ചു വരുത്തുന്നത്‌; മന്ത്രവാദിനിയെന്ന്‌ മുദ്രകുത്തി ഒരു സ്ത്രീയെ ജീവനോടെ ദഹിപ്പിക്കുന്നത്‌; ഇതുവരെ അരങ്ങേറിയ വിളയാട്ടങ്ങളുടെ കാഴ്ചക്കാരെന്നതിനേക്കാള്‍, ബ്ലോക്കിനും സഹചരനും അന്ത്യരംഗത്ത്‌ മരണനൃത്തം ചവിട്ടേണ്ടി വരുന്നത്‌..... അവരുടെ യാത്ര അസ്തിത്വത്തെപ്പറ്റിയുള്ള രണ്ട്‌ വഴികളിലൂടെയായിരുന്നു. ഒപ്പം, അവ ശാരീരികവും മാനസികവുമായിരുന്നു. ശരീരത്തോടൊപ്പം ഒരു വട്ടം പൂര്‍ത്തിയാക്കിയ ചിന്തക്കും, ശേഷമൊന്നുമില്ലാത്തതിനാല്‍, മരണം സംഭവിച്ചു.

Seventh Seal കൂടുതലും ഒരു നിശബ്ദ ചിത്രമാണ്‌. എന്നാല്‍ ചെകുത്താന്‍ കുമ്പസാരക്കൂട്ടില്‍ നിന്നിറങ്ങി വരുന്നതു പോലുള്ള ചില മുഖത്തടികള്‍ ഈ ചിത്രത്തെ ശബ്ദായമാനമാക്കുന്നു. വസൂരിയുടെ 'കരാളഹസ്ത'ത്തില്‍ നിന്ന്‌ വിടുതി നേടിയ വിശ്വാസികള്‍ പാപപരിഹാരാര്‍ത്ഥം ചമ്മട്ടി കൊണ്ട്‌ സ്വയം പ്രഹരമേല്‍പ്പിക്കുന്ന ദൃശ്യം വിശ്വാസത്തിന്റെ പീഡാനുഭവാഹ്ലാദം പ്രഖ്യാപിക്കുമ്പോഴും, ജീവിതാന്വേഷിയായ നായകന്റെ മുഖവും ക്രൂശിതനായ ക്രിസ്തുവിന്റെ മുഖവും ഇട കലര്‍ത്തിയൊരു മൊണ്ടാഷ്‌, തുടക്കത്തിലെ ചാപ്പല്‍ സീനിലുള്ളത്‌, സിനിമയുടെ സ്വഭാവം വ്യക്തമാക്കും. ബര്‍ഗ്മാനിലെ അന്വേഷിയേയും.

പ്രശസ്തമായ ആ സില്യൂഎറ്റ്‌ ഓര്‍മ്മയുണ്ടാവുമല്ലോ. നിഴല്‍ച്ചിത്രങ്ങള്‍ക്ക്‌ അമരത്വം കൊടുത്ത സെവന്ത്‌ സീലിന്റെ ആ ക്ലൈമാക്സ്‌ ദൃശ്യം മരണത്തിന്റെ നൃത്തമാണ്‌ കാട്ടുന്നത്‌. ബ്ലോക്ക്‌, സഹചരന്‍, കൊല്ലനും ഭാര്യയും, റാവലും, അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയും ഒരു പര്‍വതശിഖരത്തിലൂടെ ചങ്ങലയിലെന്ന പോലെ കൈകള്‍ കോര്‍ത്ത്‌ മരണത്തെ പിന്തുടരുന്ന ഛായാരൂപങ്ങളാകുന്ന ദൃശ്യം, ഇരുട്ടില്‍ എല്ലാ നിറങ്ങളും ലയിക്കുന്നുവെന്ന്‌ പറയുന്നത്‌ പോലെ, മരണത്തെക്കുറിച്ചുള്ള ബര്‍ഗ്മാന്റെ ഉത്തരമാവും. മരണനൃത്തം നോക്കി നില്‍ക്കുന്ന പിത്തലാട്ടക്കാരന്‍ ജോഫിനെയും കുടുംബത്തെയും പോലെ നമ്മള്‍ പ്രേക്ഷകരും ചിത്രം സമ്മാനിച്ച ഉള്‍ക്കാഴ്ച്ചകളൊന്നിന്റെ വെളിച്ചത്തില്‍ നിര്‍ന്നിമേഷരാവുകയോ, ഇരുട്ടുമുറിയില്‍ ഇല്ലാത്തൊരു കറുത്ത പൂച്ചയെയാണല്ലോ പാവം ബര്‍ഗ്മാന്‍ അന്വേഷിച്ചതെന്ന്‌ വിധിയെഴുതി നിസംഗരാവുകയോ ചെയ്യും. ചിത്രം അവസാനിക്കുന്നത്‌ പ്രഭാതകിരണങ്ങള്‍ പുല്‍കിയ ഇളംസ്ക്രീനിലാണെന്നോര്‍ക്കുക. തീരമണഞ്ഞ ഒരു ചിന്തയാണത്‌. നായകന്‍ 'പോയത്‌' ജീവിതത്തിന്റെ അര്‍ത്ഥമറിഞ്ഞിട്ടാണ്‌. അത്രയെങ്കിലും ശുഭാപ്തിവിശ്വാസം സംവിധായകനുണ്ടായിരുന്നു.

എന്തുകൊണ്ടാണ്‌ റ്റാബ്ലോസംഘത്തിലെ പിത്തലാട്ടക്കാരനേയും അയാളുടെ ഭാര്യയേയും കുഞ്ഞിനേയും മരണം പിടി കൂടാഞ്ഞത്‌? പ്ലേഗ്‌ അവരെ തൊടാതെ കടന്നുപോയത്‌? അതിഥികള്‍ക്ക്‌ കാട്ടുഞ്ഞാവല്‍പ്പഴങ്ങളും പഴവും 'കൊടുത്ത്‌' സല്‍ക്കരിച്ച അവരുടെ ചെറിയ ചെറിയ കൊടുക്കലുകളിലൂടെ അവര്‍, ജോഫ്‌, മിയ, പിന്നെ ഉണ്ണീശോ പോലൊരു കുഞ്ഞും, ജീവിതത്തെ സ്വീകരിക്കുകയായിരുന്നു. കാട്ടുഞ്ഞാവല്‍പ്പഴസീന്‍, '...പാപവിമോചനത്തിന്‌ വേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ രക്തം പാനം ചെയ്യുവിന്‍...ഞാന്‍ ഈ ചെയ്തത്‌ പോലെ നിങ്ങള്‍ എന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍' എന്ന തിരുവത്താഴകര്‍മ്മത്തിന്റെ പുനരാഖ്യാനമാകാം; ജീവിതത്തിലെ സാധാരണ നന്മകളുടെ ഓര്‍മ്മപ്പെടുത്തലാവാം. 'ഐ 'ഫിയര്‍', ദേര്‍ഫോര്‍ ഐ ആം, എക്സിസ്റ്റന്‍സ്‌ പ്രിസീഡ്‌സ്‌ എസന്‍സ്‌' ആദിയായ അധരവ്യായാമത്തേക്കാള്‍ ബര്‍ഗ്മാന്‌ വലുത്‌ പ്രകൃത്യാലുള്ളൊരു പലഹാരമാണ്‌.

പ്രകൃതിയും സ്ത്രീയും തമ്മിലൊരു സമഭാവം സംവിധായകന്‍ സൃഷ്ടിക്കുന്നുണ്ട്‌. പിത്തലാട്ടക്കാരന്‍ ജോഫിന്റെ ഭാര്യ മിയ അസ്തിത്വം അപ്പാടെ സ്വീകരിക്കുന്നവള്‍; കൊല്ലന്റെ ഭാര്യ, കാറ്റിനനുസരിച്ച്‌ ഉലയുന്ന മരങ്ങളെപ്പോലെ; ബ്ലോക്കിന്റെ ഭാര്യ, ആതിഥേയത്വത്തിന്റെ ആള്‍രൂപം; മന്ത്രവാദിനിയെന്ന്‌ മുദ്രകുത്തപ്പെട്ട്‌ ടൈയാന്‍ സര്‍വംസഹ. സത്വരജസ്തമോഗുണങ്ങളുടെ മിശ്രഭാവങ്ങളാണ്‌ ചിത്രത്തിന്റെ അടിയൊഴുക്ക്‌.

ലോകാവസാനത്തെക്കുറിച്ചുള്ള യോഹന്നാന്റെ വെളിപാടുകളില്‍ പൂര്‍ണ്ണതയുടെ പര്യായമായ ഏഴാമത്തേയും മുദ്ര പൊട്ടിച്ചു കഴിഞ്ഞാല്‍ ശിക്ഷാമാരിയാണ്‌ ഫലം. അതേ സമയം സര്‍വസംശുദ്ധതക്കുമാണ്‌ ആ മഹാമാരി. യോഹന്നാന്‍ പറയുന്നത്‌ ഏഴാംമുദ്ര പൊട്ടിക്കുന്ന ദര്‍ശനത്തില്‍ അര മണിക്കൂറോളം നിശബ്ദതയുണ്ടായെന്നാണ്‌. ബര്‍ഗ്മാന്‍ ആ നിശബ്ദതയെ സ്വപ്നസദൃശമായ ദൃശ്യങ്ങള്‍ കൊണ്ട്‌ വാചാലമാക്കുന്നു.

"ഞാന്‍, അനറിവ്‌...."

ലുതറന്‍ സഭക്കാരനായിരുന്ന ഒരു ക്രൈസ്തവ പുരോഹിതന്റെ മകനായിരുന്നു Ingmar Bergman. കുട്ടിക്കാലത്ത്‌ പിതാവിനാല്‍ കഠിനമായി ശിക്ഷിക്കപ്പെട്ടിരുന്നവന്‍ ("നിന്റെ കാല്‍വിരലുകള്‍ തിന്നുതീര്‍ക്കുവാന്‍ കഴിയുന്ന 'സാധന'ങ്ങളടക്കം" എന്നു ഭയപ്പെടുത്തിക്കൊണ്ട്‌ പിതാവ്‌ ആ പയ്യനെ അലമാരയില്‍ അടച്ചുപൂട്ടിയിടുമായിരുന്നു --കൂറകളേയും ചിലന്തികളേയും പറ്റിയായിരുന്നു ആ വിരട്ടു-സൂചന). ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍, ഇത്‌, വിദഗ്ദമായി നുണ പറയാന്‍ പരിശീലിപ്പിച്ചു എന്ന്‌, പില്‍ക്കാലം ഇങ്മര്‍; അതാവട്ടെ, പിന്നീട്‌, സര്‍ഗ്ഗാത്മകമായ സൃഷ്ടിപരതയേയും.

വേറൊന്നു കൂടി സംഭവിച്ചു: മതത്തെ സംശയത്തോടെ നോക്കുവാന്‍ അതിടയാക്കി. ദൈവം എന്തുകൊണ്ട്‌ ഒരിടത്തും ഒരുസമയത്തും പ്രത്യക്ഷീഭവിയ്ക്കുന്നില്ല എന്നൊരു ചോദ്യം ബെര്‍ഗ്മാന്റെ പല ചലച്ചിത്രങ്ങളിലും മാറ്റൊലി കൊള്ളുന്നതു കാണാം. അതിന്റെ ഏറ്റവും യഥാതഥ്യമായ ചിത്രീകരണം, വളരെച്ചെന്ന്‌, {'ശെവെന്ത്‌ ശെല്‍'}-ല്‍ പ്രകാശനം കൊള്ളുകയും ചെയ്യും. (മുപ്പത്തൊമ്പതു വയസ്സായിരുന്നു അപ്പോഴേയ്ക്കും കക്ഷിയ്ക്ക്‌). അതുതന്നെയായേയ്ക്കും അതിന്റെ വൈരസ്യത്തെ ജനിപ്പിയ്ക്കുന്നതും. ലളിതവും ഋജുവുമായ ഒരു കാഴ്ചയിലൂടെയാണ്‌ "ഏഴാം മുദ്ര" ഓടിത്തീരുക. എങ്കിലും, 1957-ലെ പോലെയാവില്ല, 2008-ല്‍ എന്നൊരും ശങ്ക ബാക്കി നില്‍ക്കും. ഒട്ടുനേരം നില്‍ക്കും.

**** ***** ***** ***** ***** *****

ഒരമ്പതു കൊല്ലം മുമ്പ്‌ ദൈവം എന്നത്‌ നോര്‍മലായ ഒരു കൂട്ടുപാര്‍പ്പായിരുന്നു. അല്ലെങ്കില്‍ നോര്‍മലായ ഒരു അസംബന്ധാനുഭൂതി. രണ്ടു വിഭാഗങ്ങളിലും, തങ്ങള്‍-തങ്ങളിലെ എതിരടികള്‍ വലിയ പ്രശ്നമൊന്നുമായി തീര്‍ന്നിരുന്നില്ല. ദൈവാനുകൂലികള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഒരു വീട്ടിലിരുന്ന്‌ ദൈവത്തെ വെല്ലുവിളിയ്ക്കുന്നത്‌ അദ്ഭുതമുണ്ടാക്കിയിരുന്നില്ല, അക്കാലം. വെല്ലുവിളിക്കാര്‍ വേറെന്തോ വിഷയത്തെ കുറിച്ചാണ്‌ സംസാരിക്കുന്നത്‌ എന്നവര്‍ കരുതിയിരുന്നുവോ എന്നുവരെ അത്‌ തോന്നിപ്പിച്ചു. നാസ്തികരെന്ന്‌ സ്വയം കരുതിയിരുന്ന ആ വെല്ലുവിളിക്കാര്‍ക്കും ഈ ആസ്തികപ്പശുക്കളെ തിരുത്താന്‍ ഉദ്ദേശ്യവുമുണ്ടായിരുന്നതായി തോന്നിപ്പിച്ചതുമില്ല. ചുമ്മാ പുക വമിപ്പിയ്ക്കുന്ന ഡയലോഗുകളായിരുന്നു -- എന്ന്‌ പരക്കെ പരന്നുപിടിച്ചു തോന്നിപ്പിച്ച -- അവയെ കൊണ്ടുള്ള ഒച്ചകളത്രയും.


ഒരമ്പതു കൊല്ലത്തിനിപ്പുറം, അതേ നോര്‍മല്‍സി തുടരുന്നു. എങ്കിലും ആസ്തികജനം മുന്നോക്കമാഞ്ഞിട്ടുണ്ട്‌. (പരിണാമ സിദ്ധാന്തത്തെ ഞെക്കിക്കൊല്ലാന്‍ Creationism അല്ലെങ്കില്‍ Intelligent Design എന്നൊക്കെ സാധനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്‌.) നാസ്തികരോ ആ പുരോഗതിയെ പുച്ഛത്തോടെ കാണുന്നുവെങ്കിലും, ഒരിഞ്ചു പൊലും കൂടുതല്‍ തെളിവുകള്‍ നിരത്താനായില്ലെങ്കില്‍ പോലും, ആസ്തികക്കൂട്ടത്തെ, എന്നിട്ടും, തെരുവില്‍ നേരിടാന്‍ തയ്യാറല്ല. ദൈവാസ്തിത്വമോ നിരാസമോ ശൂന്യതയോ എല്ലാം അതിന്റെ ഡിസ്കോഴ്സ്‌ ലെവലില്‍ നിന്ന്‌ തെന്നിയിരിക്കുന്നു. ഒരു കിണറ്റില്‍ ഇറങ്ങിനിന്ന്‌, ദൈവത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഇല്ലായ്മയെ കുറിച്ചും തൊള്ളയിടുന്ന കുറെ മാറ്റൊലികളുടെ അത്യന്തം അസംബന്ധാത്മകമായ ഒരു ചുറ്റുപാട്‌ നമ്മെ, അപ്പോള്‍, കടന്നുപിടിയ്ക്കുകയും.

ദൈവാനുകൂലികളെ നോക്കിയാല്‍, ആ അനുകൂലതയിലുള്ള അയുക്തികമായ മുങ്ങിത്താഴല്‍ ഒരു ഓട്ടോമാറ്റിക്‌ പ്രോസസ്സ്‌ മാത്രം. അവരോട്‌ അത്‌ അമ്പേ വിഡ്ഢിത്തമാണെന്ന്‌ പറഞ്ഞാല്‍, അവര്‍ വിഡ്ഢിത്തമല്ലാത്ത മേറ്റ്ന്തുണ്ട്‌ ജീവിതത്തില്‍ എന്ന തുറുകണ്ണു ചോദ്യത്തോടെ, ചോദ്യശരാവലികളെ തന്നെ ശിഖണ്ഡീകരിയ്ക്കുന്ന കാലമാണ്‌ നടപ്പില്‍. നാസ്തികരോട്‌ ദൈവാസ്തിത്വത്തെ കുറിച്ച്‌ ഊട്ടിയുറപ്പിച്ചു സംസാരിയ്ക്കുന്നത്‌, അതിഭീകരമായ പുച്ഛത്തെയാണ്‌ ഉല്‍പ്പാദിപ്പിക്കുക. അവര്‍ പറയുക, ഹോ!, അത്‌ തങ്ങള്‍ പണ്ടേ തുലച്ചു കളഞ്ഞ ധാരണയാണല്ലോ എന്നാണ്‌. ഇനിയും അങ്ങിനെയൊരു ഉരുട്ടിക്കയറ്റം മഹാവളിപ്പാണെന്നാണ്‌.

ആകയാല്‍, ഇരുപക്ഷത്തേയും മുറിവിനേയും ചതവിനേയും കാലം താണ്ടിയിരിയ്ക്കുന്നു. ഇരുവരേയും തോല്‍പ്പിയ്ക്കുകയോ അടക്കിയിരുത്തുകയോ അസാദ്ധ്യം എന്നാണ്‌ ഈ താണ്ടല്‍ദൂരം കാണിയ്ക്കുക. അപ്ലൈഡ്‌ അസ്തിത്വ കാലമാണിത്‌. വേണ്ടത്‌ തിരഞ്ഞെടുക്കൂ; വില കൊടുക്കൂ; അനുഭവിയ്ക്കൂ; അസാധുവാകുമ്പോള്‍ വലിച്ചെറിയൂ. ആവശ്യാനുസാരം, പൊസിഷന്‍ മാറി കളിയ്ക്കുന്നതു പോലും നിയമസാധുതയില്‍ ആശാസ്യമാക്കൂ -എന്നുകൂടി വന്നുചേരുന്നുണ്ട്‌.

അതും, എന്തിനെ പോലെയും മറ്റൊരു ഉപഭോഗപരമായ നൈതിക opportunism മാത്രം. സാഹിത്യം എന്നു നാം ഘോഷിയ്ക്കുന്ന (നമുക്കിടയിലെ) സാംസ്ക്കാരിക മൂല്യവിചാരത്തെ പോലും അത്‌ ലിക്വിഡേറ്റ്‌ ചെയ്യുന്നത്‌ ഇപ്രകാരമാണ്‌.

അപ്പോള്‍ സിനിമ?

ഇവിടെയാവും, 'ഏഴാം മുദ്ര' യുടെ വീണ്ടും-കാഴ്ച പ്രശ്നമുണ്ടാക്കുക. അല്ലെങ്കില്‍, അങ്ങിനെയൊക്കെ ഗാഢമായി അവസ്ഥാന്തരപ്പെട്ടു കൊണ്ടേയിരിക്കുന്നവര്‍ക്ക്‌, ആ ചലച്ചിത്രം കണ്ടതിനു ശേഷം ഒരാഴ്ചയോളമെങ്കിലും പ്രശ്നമുണ്ടാക്കുക.

അതെന്താണ്‌?

അത്‌, മരണത്തെ കുറിക്കുന്നതാണെന്ന്‌ ഞാന്‍ അനുമാനിയ്ക്കുന്നു.

മരണം, എല്ലാത്തിന്റേയും അവസാന മുദ്രാങ്കിത പേടക-രഹസ്യമാണ്‌ എന്ന്‌ നാം പറഞ്ഞു പോന്നിരുന്നു. മുഴുവനും ശരിയല്ലാത്ത ഒരു ചെറിയ വൈയാകരണ പ്രശ്നമുണ്ടതില്‍. 'എല്ലാത്തിന്റേയും' എന്നല്ല പറയേണ്ടത്‌ --'ഓരോന്നിന്റേയും' എന്നായേക്കും എന്നാണത്‌. അല്ലെങ്കില്‍ holocaust -നെ പോലെ, ethnic cleansing-നെ പോലെയുള്ള കൂട്ടക്കൊലപാതകങ്ങള്‍ ആയിരിയ്ക്കണം. എന്നിട്ടും, സൂക്ഷ്മത്തില്‍, ഓരോന്നിനുമേ മരണമുള്ളു. മരണം ഒറ്റതിരിപ്പാണ്‌. മറിച്ച്‌ 'എല്ലാത്തിന്റേയും' എന്നതിലേയ്ക്ക്‌ നീളുന്ന വര്‍ഗ്ഗീകരണം പറ്റതിരിപ്പാണ്‌. പറ്റം എന്നത്‌ ജീവിയ്ക്കുമ്പോള്‍ പ്രായോഗികമായി അപ്ലൈ ചെയ്യാന്‍ പറ്റുന്ന വ്യാവഹാരികതയാണ്‌. അത്‌ കൃത്രിമമാണെങ്കിലും കണിശമായി അനുസരിയ്ക്കാന്‍ -- മരണഭയത്തെ പ്രതി -- തയ്യാറായാല്‍ ഒരു പരിധി വരെ വിജയകരമായി പുലര്‍ത്തിത്തീര്‍ക്കാം. (കമ്യൂണിസം അങ്ങിനെയൊരു ഒത്തുതീര്‍പ്പാണെന്ന്‌ നാം കാണാതെ പോവതെന്ത്‌?) പക്ഷെ, അതിനും തോറ്റേ തീരൂ എന്നു നാം ഈ കാലയളവില്‍, വിശിഷ്യാ, അനുഭവസാക്ഷ്യം വഹിയ്ക്കുന്നു. ജീവിയ്ക്കാനും -- എല്ലാം മിത-സംതൃപ്തമാക്കി അനുഭവിച്ച്‌ ജീവിയ്ക്കാനും -- നാം മരണത്തിന്റെ ഈ 'ഇപ്പുറത്തെ' ഒറ്റതിരിക്കേണ്ട കാലമാണിത്‌. അങ്ങിനെ ജീവിതത്തിലും മരണത്തിലും ഒറ്റതിരിക്കപ്പെടുന്നവരാണ്‌ അധുനാധുനിക-അത്യന്താധുനിക-ആധുനികോത്തര മനുഷ്യത. അവരെ, പഴയ കളി വീണ്ടും പഠിപ്പിയ്ക്കുവാന്‍ സമയദാസ്യം അനുഭവിപ്പിക്കുമ്പോള്‍, മരണം തിരശ്ഛീനമായ മിന്നല്‍ രൂപത്തില്‍ ഗ്രസിച്ചുകളയും. മരണം, ഒരു പാഠമെന്ന പോല്‍, എക്കാലത്തേയും വൈകിയെത്തുന്ന ചോദ്യക്കടലാസ്‌ എന്ന പോല്‍, സമയഭിക്ഷ തകരപ്പാട്ടയില്‍ ഇടാത്ത ഇടിത്തീ എന്ന പോല്‍ - അപ്പോള്‍, പണ്ടത്തെ പോലെത്തന്നെ, നമ്മെ ചുഴറ്റിയെടുത്തു കളയും. മരണം എപ്പോഴും അപ്പോഴും വെറുതെ സാധാരണമാവും. മരണം എന്നും അങ്ങിനെയായിരുന്നുതാനും.

മരണത്തിന്റെ പവര്‍ കിടക്കുന്നത്‌, അത്‌ നമ്മുടെ ഓര്‍മ്മയെ വിലവെക്കുന്നില്ല എന്ന ഒരൊറ്റ കാര്യത്തിന്റെ ചൂണ്ടുവിരല്‍ കണിശതയിലാണ്‌. കമ്പ്യൂട്ടര്‍ മെമ്മറി ചിപ്പുകള്‍ വെറും ടെക്നോളജിക്കല്‍ അദ്ഭുതമല്ല; അവ നമ്മുടെ കൃശതയെ, മരണത്തിന്റെ അസാമാന്യമായ കയ്യൂക്കിനെ നമിച്ചു കീഴ്‌വഴക്കി തയ്യാറാക്കപ്പെട്ട അവധി ഇരക്കലുമാണ്‌. കാരണം ഓര്‍മ്മ എന്നതു മാത്രമെ ജീവിതമാകുന്നുള്ളു എന്നത്‌, തമാശ നിറഞ്ഞ ഒരു കാഴ്ചയായി, നമ്മെ തെര്യപ്പെടുത്തുന്നു. ഒള്‍ഷൈമറുടെ (Alzheimer's) രോഗം പിടികൂടിയവരെ നോക്കുമ്പോള്‍ അവരിലെ ആളെവിടെ പോയിരിയ്ക്കാം എന്നു നാം തിരിഞ്ഞു തിരിഞ്ഞുനോക്കി അദ്ഭുതപ്പെടാറുണ്ട്‌ --ആളവിടെ ഉണ്ടായിട്ടുപോലും.

അതിനാല്‍, ദൈവം എന്ത്‌ എന്നതിനേക്കാള്‍, മരണം എന്നതിന്റെ ശക്തിയെ അനുഭവിയ്ക്കുവാന്‍ 2008-ല്‍ നാം 'ഏഴാം മുദ്ര' കാണുന്നു. മരണത്തില്‍ നിന്നേ, മരണത്തിന്റെ പിന്‍ മര്‍മ്മരങ്ങളില്‍ നിന്നേ നാം ഇനി ദൈവത്തിലേയ്ക്ക്‌ നീളുന്ന, ദൈവത്തിന്റെ അസംബന്ധാചരണത്തിലേയ്ക്ക്‌ നീളുന്ന സമയ-ഭിക്ഷകള്‍ക്ക്‌ പാത്രീഭൂതരാവൂ. എന്നിട്ടും ദൈവമല്ല നമ്മുടെ ഏറ്റവും വലിയ അറിവ്‌-ചാലഞ്ച്‌. മരണത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള തൂറി-മൂത്രമൊഴിക്കലാണ്‌ അതത്രയും. എന്ത്‌ ശുദ്ധ ഭോഷ്ക്‌, അല്ലേ!

ആകയാല്‍, ഇനി നമുക്ക്‌ ബെര്‍ഗ്മാന്റെ 'ഏഴാം മുദ്ര' -യൊന്നു പരിശോധിക്കാമെന്ന മട്ടിലായിരിക്കുന്നുവല്ലോ എന്നു അനുമാനിക്കാനാവുന്ന നേരമാവുകയാണ്‌.

**** ***** ***** ***** ***** *****

ഇങ്ങിനെയൊരു ഫില്‍ം ഇക്കാലത്ത്‌ ചെയ്യാനാവില്ല എന്നു പറഞ്ഞാല്‍, ഇങ്ങിനെയൊരു തത്ത്വവിചാരത്തിന്‌ പഴക്കം ചെന്നു എന്നു കരുതരുത്‌. മരണം അഥവാ ആത്യന്തിക ദൈവമൂല്യ ചിന്ത എക്കാലവും നമ്മെ മെരട്ടുവാന്‍ പ്രാപ്തിയുള്ളതാണ്‌. ഇക്കാലങ്ങളില്‍ അത്‌ കൂടുതല്‍ ഏകാന്തതയുടെ തീവ്രതയുണ്ടാക്കുന്നതും. ഇങ്ങിനെ അടിച്ചുപൊളിച്ചു ജീവിയ്ക്കുന്നതിനിടയില്‍ നമ്മിലൊരാള്‍ അര്‍ബുദബാധിതനായിരിയ്ക്കുന്നു എന്ന്‌ അറിയാനിട വരുന്നത്‌, ബാക്കിയുള്ളവരുടെ 'അടിച്ചുപൊളി'-യെ തീരെ ബാധിക്കുന്നതൊന്നുമല്ല; തീര്‍ച്ച. അര്‍ബുദബാധിതന്‍ അടുത്ത ആറുമാസത്തിനുള്ളില്‍ മരിച്ചുപോവും. അതിനിടയില്‍ ആളെ തന്നെ തിരിച്ചറിയാനാവാത്ത വിധം കക്ഷി മാറിപ്പോയിരിയ്ക്കും. എന്നിട്ടും അത്‌ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ ബാധിയ്ക്കുവാന്‍ മാത്രം ശക്തിയുള്ളതൊന്നുമല്ല. നാം തോള്‍ കുലുക്കി ഒരു നിസ്സംഗതയിലേയ്ക്ക്‌ പുറപ്പെടുന്നു. 'poor sucker' എന്ന്‌ വിശേഷിപ്പിക്കുവോളം തന്നെ ചപല വാങ്മയം അരങ്ങിലേക്കെടുപ്പിയ്ക്കും നാം. മരണത്തോടുള്ള ഒരു മണ്ടന്‍ പ്രതിരോധമോ പുച്ഛമോ ആ നിലപാടുകളില്‍ നാം ആടിക്കാണിയ്ക്കും.

അങ്ങിനെയൊരു ഘട്ടത്തില്‍ 'Seventh Seal'-നെ പോലൊരു ചലച്ചിത്രം മഹാവിഡ്ഢിത്തമാണ്‌. വാസ്തവത്തില്‍, അറുപതുകളുടെ അന്ത്യത്തോടെ, New Wave ഫില്‍മുകളുടെ ഉദ്ഘാടനത്തോടെ, ഏഴാം മുദ്രയില്‍ അനാച്ഛിതമാവുന്ന ഫില്‍ം സെന്‍സ്‌ പഴഞ്ചനായിത്തീരുന്നുണ്ട്‌. അതൊരു തത്ത്വവിചാരത്തിന്റെ മാപ്പപേക്ഷയോടെ സിനിവല്‍ക്കരിക്കപ്പെടുന്ന ഫില്‍മാണ്‌. അതില്‍ സിനിമക്കൊന്നുമില്ല; തത്ത്വവിചാരത്തിനുണ്ടെങ്കിലും. നാടകത്തിനുണ്ട്‌; വീണ്ടും ഫില്‍ം സെന്‍സിനൊന്നുമില്ല; വീണ്ടും തത്ത്വവിചാരത്തിനുണ്ടുതാനും. എങ്കിലും നാടകത്തിനായാലും തത്ത്വവിചാരത്തിനായാലും മരണത്തിനൊന്നുമില്ല. കാരണം, മരണങ്ങളെല്ലാം അപര മരണങ്ങളാണ്‌. അപര സെക്സുകളേക്കാള്‍ അകലം പാലിയ്ക്കുന്ന വകയില്‍ പെടും മരണം. കാണിയ്ക്കോ കേള്‍വിക്കാരനോ മരണം എന്നത്‌ അപരവിധികളെ സംബന്ധിക്കുന്ന വിഷയമാണ്‌. നമ്മെ അതില്‍ ഏര്‍പ്പെടുത്താന്‍ സ്വയം മരിയ്ക്കുകയല്ലാതെ വഴിയൊന്നുമില്ല. എങ്കില്‍ത്തന്നെ, മരണം ഗ്രസിക്കുമ്പോള്‍, അതിനെ അപഗ്രഥിയ്ക്കുവാന്‍ മാത്രം, നമ്മില്‍ നാം അവശേഷിതമാവാതെ പോവുന്നുമുണ്ട്‌. അതിനാല്‍ മരണത്തെ കുറിയ്ക്കുന്ന എന്തും, നമ്മുടേതൊഴിച്ച്‌, പുറന്തൊലിയെ പോലും തൊടാതെ പോവുന്നു.

പക്ഷെ, സിനിമയില്‍, മേറ്റ്ന്തിനെക്കാളും, മരണം നമ്മെ ഗ്രസിച്ചേയ്ക്കും. കബന്ധത്തിന്റെ വൃത്താന്തപത്ര ചിത്രത്തെക്കാള്‍ കഠിനമായി. സിനിമ അടിച്ചേല്‍പ്പിക്കുന്ന ഒരുതരം വൈയക്തികത, നമ്മെ അതിന്‌ പ്രേരിപ്പിച്ചേയ്ക്കും.

ആ അനുഭവം ഉണര്‍ത്താന്‍ സിനിമാവ്യാകരണത്തിന്‌ ഒരു മുറയുണ്ട്‌. ആ മുറ 'ഏഴാം മുദ്ര' അനുഭവിപ്പിയ്ക്കുന്നില്ല. അത്‌ അങ്ങിനെയാവും പഴഞ്ചനാവുക. 1957-ലെ തണുപ്പുകാലത്ത്‌ ബെര്‍ഗ്മാന്‍ 'ഏഴാം മുദ്ര' നാടകമാക്കിയതായിരുന്നു. വേനലില്‍ അത്‌ സിനിമയായി. നാടകാംശങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായും മോചിതനായിത്തന്നെയാണത്‌ അദ്ദേഹം ചെയ്തത്‌. എന്നിട്ടും ഒരു നാടക-വരവ്‌ ആ ഫില്‍മിലുണ്ട്‌. അങ്ങിനെയൊരു സൂക്ഷ്മമായ ഇഷ്ടമില്ലായ്മ, വേണമെങ്കില്‍, നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്റെ ഫില്‍മുകളില്‍, നമുക്ക്‌, ഇതിലുമെത്രയോ ഏറെയായി അനുഭവിക്കാവുന്നതും.

'ഏഴാം മുദ്ര'-യുടെ രേഖീയമായ ആഖ്യാനപദ്ധതി ചെടിപ്പിക്കുന്നതാണ്‌. സിനിമ, പക്ഷെ, ഭ്രാന്തോടു കൂടി, എല്ലാ സാക്ഷാത്കാരകത്വങ്ങളേയും അതിവര്‍ത്തിയ്ക്കുന്ന ഇമേജുകളുടെ ധൃതവിന്യാസത്തില്‍ വിനിമയത്തെ സാധിക്കുന്ന മീഡിയമാണ്‌. അതിനെ സാഹിത്യത്തിന്റേയും നാടകീയതയുടേയും പിന്‍ബലത്തില്‍ പണിചെയ്യുന്നവര്‍ കൊള്ളരുതാത്തവരാണ്‌. സ്ക്രിപ്റ്റിന്റെ അതിഘോര വിടുപണിയില്‍ സിനിമയെ ഇടപെടുവിക്കുന്നവര്‍ ക്രൂരരായ സിനിമാക്കാരാണ്‌ എന്നു പറയുന്നതുപോലെ. സ്ക്രിപ്റ്റ്‌ അല്ലെങ്കില്‍ സ്റ്റോറി ബോര്‍ഡ്‌ ചുമ്മാ ഒരു എലുക. അത്‌ ആര്‍കിടെക്ചറലായ അവസാന വാക്കാവുമ്പോള്‍, സിനിമയെ സംബന്ധിച്ചിടത്തോളം, ഒരു മഹാപരിമിതിയെ ചൂഴും. അത്‌ ട്രെയ്ന്‍ഡ്‌ ആയ സിനിമാ-കാണിയ്ക്ക്‌ എന്നേ പിടികിട്ടുകയും ചെയ്യും. മുന്‍കൂട്ടി പിടികിട്ടുന്നതിന്‌ ഫില്‍ം ചെയ്യേണ്ടതില്ല. (അതിന്‌ മലയാള ആഖ്യായികകള്‍ തന്നെ എത്രയോ ധാരാളം!) കാരണം, ഇതിവൃത്തത്തെ ചൂഴുന്ന ഒന്നാണത്‌. സാഹിത്യത്തിലും നാടകത്തിലും പുരോഗമിച്ച സഹൃദയന്‌, സിനിമയിലും അതുതന്നെ വിളമ്പേണ്ടതില്ല. സിനിമയ്ക്ക്‌ മറ്റൊരു റോളുണ്ടെന്നത്‌ നമ്മെ പ്രതിഭാശാലികള്‍ കാണിച്ചുതരുന്നതിനു മുമ്പ്‌ ഇമേജുകളുടെ കളി കാണിച്ചു തന്നിട്ടുണ്ട്‌. അതിന്‌ മനുഷ്യന്റെ ഗുഹാവാസ കാലത്തോളം പഴക്കവുമുണ്ട്‌. സിനിമയുണ്ടായതു പോലും ആ ക്വാണ്ടം ചാട്ടത്തിന്‌ വേണ്ടിയാണ്‌. ആനുഭവ്യതയ്ക്ക്‌ അക്ഷമമായിത്തീരുന്ന ആവിഷ്ക്കാര നിവൃത്തികേടാണ്‌, ആര്‍ട്ടിന്റെ ലോകത്തില്‍, സിനിമ. അതെന്നും മനുഷ്യതയുടെ ടെക്നോ വാഞ്ചകളില്‍ dormant ആയ ഒരു സ്ഥിത-സത്യമാണ്‌.

'ഏഴാം മുദ്ര' -അക്കാലത്തേ ഏഷ്യയിലധികം ഏശിയിട്ടുണ്ടാവില്ല; ഭാരതത്തില്‍ വിശേഷിച്ചും.

ഇവിടെ, നചികേതസ്സുണ്ടായിരുന്നു; മാര്‍ക്കണ്ഡേയനുണ്ടായിരുന്നു.

(ചുമ്മാ, നചികേതസ്സിനെ കുറിച്ച്‌ പഴയൊരു കാര്യം ഓര്‍മ്മിപ്പിയ്ക്കാം:)

താപസനായ അച്ഛന്‍ ഉദ്ദാലകന്‍ 'വിശ്വജിത്‌' എന്നൊരു യജ്ഞം ചെയ്യുകയായിരുന്നു. ബാലനായ നചികേതസ്സ്‌ അച്ഛനെ സഹായിക്കാന്‍ അടുത്തുതന്നെ ഇരുന്നു. ഉദ്ദാലകന്‍ തന്റെ സ്വത്തെല്ലാം ഓരോന്നായി ദാനം ചെയ്തുകൊണ്ടിരുന്നു. പാല്‍വറ്റി എല്ലും തൊലിയുമായ വൃദ്ധഗോക്കളെ വരെ അയാള്‍ യജ്ഞഭാഗമായി ത്യജിച്ചു. അതു കണ്ടുനിന്ന ബാലന്‍ ഭയന്നുപോയി. തന്നേയും അച്ഛന്‍ ദാനം ചെയ്യുമോ എന്നു ശങ്കിച്ചു. അത്‌ സഹിക്കാവുന്നതിലപ്പുറമായപ്പോള്‍, 'എന്നെ ആര്‍ക്കു കൊടുക്കും' എന്ന്‌ നചികേതസ്സ്‌ അച്ഛനോട്‌ ചോദിച്ചു. യാഗച്ചൂടും വിശപ്പും ദാഹവും ഉദ്ദാലകനെ വലച്ചിരിക്കണം. 'നിന്നെ ഞാന്‍ കാലനു കൊടുക്കും' എന്നയാള്‍ ഒരുവേള ചൂടായി.

വാക്കുകള്‍ പാഴാവാത്ത കാലം, പുരാകാലം. ആകയാല്‍, ഉടനെ ആകാശം കീറി ഒരു അശരീരി കേള്‍ക്കായി. "നചികേതസ്സേ നിന്റെ അച്ഛന്റെ ഉദ്ദേശം നീ കാലപുരിയില്‍ പോകണമെന്നതാണ്‌. കക്ഷി അവിടെയില്ലാത്ത ഒരവസരം നോക്കി നീ യമപുരിയില്‍ ചെല്ലുക. യമപത്നിയും പുത്രനും നിനക്ക്‌ യഥോചിതം ആതിഥ്യമരുളുമെങ്കിലും നീ ഒന്നും കഴിക്കായ്ക; ഒന്നും കുടിയ്ക്കായ്ക. യമരാജന്‍ വന്നാല്‍ എപ്പോള്‍ വന്നുവെന്നും എന്തു ഭക്ഷിച്ചുവെന്നും മറ്റുമുള്ള പല സുഖവിവരങ്ങളും തിരക്കും. അപ്പോള്‍, വന്നിട്ട്‌ മൂന്ന്‌ ദിനങ്ങളായെന്നും ആദ്യ ദിവസം കാലന്റെ പ്രജകളെ മുഴുവനും ശാപ്പിട്ടുവെന്നും അടുത്ത രണ്ടു ദിനങ്ങളില്‍ അവിടത്തെ പശുക്കളേയും സുകൃതത്തേയും വെടിപ്പാക്കി എന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നുകഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ്‌ വിശ്വാസം."

നചികേതസ്സ്‌ പറഞ്ഞപടി എല്ലാം ചെയ്യുന്നു. കാലന്‍ ബാലന്റെ പരിണതപ്രജ്ഞയില്‍ സംപ്രീതനാവുന്നു. വരം ചോദിക്കാനനുവദിക്കുന്നു. നചികേതസ്സ്‌ വിരലോരോന്ന്‌ മടക്കി, കാലനില്‍ കണ്ണുനട്ട്‌, മൂന്നു വരം സമ്പാദിയ്ക്കുന്നു: 1. തന്നെ ജീവനോടെ തന്നെ അച്ഛന്റെടുത്തേയ്ക്ക്‌ തിരിച്ചയക്കുക. 2. ശ്രൗതസ്മാര്‍ത്ത കര്‍മ്മം തന്നിലൂടെ നിലനിര്‍ത്തുക 3. മരണത്തെ ജയിക്കാന്‍ അനുവദിയ്ക്കുക.

നചികേതസ്സ്‌ ആദ്യം ചോദിയ്ക്കുന്നത്‌ എന്നെ ഏറെ രസം പിടിപ്പിച്ച വരമാണ്‌. പൊലീസ്‌ സ്റ്റെയ്‌_ഷനില്‍ കുടുങ്ങിയാല്‍ നമ്മുടെ എന്നത്തേയും ആദ്യത്തെ ആശ മുഴുക്കുന്ന ഓപ്ഷന്‍, പൊറുത്തു തരുമെങ്കില്‍, കുടിലിലേയ്ക്ക്‌ പാഞ്ഞ്‌ ഒരു പിഞ്ഞാണം ചോറും രസവും കഴിച്ചു ചുരുണ്ടുകൂടിക്കിടന്ന്‌ കിടാവിന്റെ തലയില്‍ വിരലോട്ടുക എന്നതായിരിയ്ക്കും. ഭാര്യയുടെ മുഖത്തു നോക്കാനാവാതാവുക എന്നാവും. കടന്നുപോന്ന ദുര്‍വിധിയില്‍ ഇരമ്പി ഹൃദയം ആര്‍ത്തുപെയ്യുന്നുമുണ്ടായിരിയ്ക്കും. അപമാനനം മരണത്തിന്‌ തുല്യമാണ്‌. അത്രയും ലളിതമായ മെല്‍റ്റിങ്‌ പോയ്ന്റില്‍ ഉരുകുന്നതാണ്‌ മനുഷ്യത.

ഭയം വാസ്തവത്തില്‍, അപമാനനത്തെ കുറിയ്ക്കുന്നത്‌. അത്‌ ശരീരത്തില്‍ നിന്ന്‌ വിടുവിയ്ക്കുന്ന ആത്മനെ കുറിച്ചല്ല, പ്രഥമ ഗണനീയതയില്‍. പ്രത്യേകിച്ച്‌ തിരക്കേണ്ടതില്ലാതെ ശരീരത്തില്‍ കൂടുന്നതാണ്‌, കൂടിയതാണ്‌, ആത്മന്‍ -അങ്ങിനെയൊന്നുണ്ടെങ്കില്‍ തന്നെ! അവന്‍സ്‌ നാം തന്നെയാണ്‌. എന്നിട്ടും അവന്‍സിന്റെ ചരിത്രത്തെ കുറിയ്ക്കുന്നതൊന്നും നമ്മെ തീണ്ടിയിട്ടില്ല. ചരിത്രമില്ലാത്തതാണ്‌ നമ്മിലെ നാം എന്നങ്ങിനെ എത്താവുന്നതും. അതായത്‌, അനറിവിനെ സൂചിപ്പിക്കുന്നതാണ്‌ ആത്മം. മരണം അതിനെ dissect ചെയ്യുന്നു എന്നതാണ്‌, ഇവ്വിഷയത്തില്‍, മിതമായൊരു അറിവു തന്നെ. അതുകൊണ്ടായിരിക്കാം, അനറിവിനെ മുറിച്ചു മാറ്റുന്നതിനെ അനറിവായിത്തന്നെ നിലനിറുത്തുന്നതും. മാത്രമല്ല, ഏച്ചുകൂട്ടുന്നതിനേയും അനറിവായി കാണേണ്ടിവരും --അത്‌ ദൈവമാണെങ്കില്‍ പോലും! അതിനോട്‌ ചോദ്യമുണ്ടെങ്കില്‍, അതിന്‌ ആ ചോദ്യങ്ങളോട്‌ ഉത്തരങ്ങളില്ല. കാരണം, ചോദ്യം ചോദിക്കുന്നവര്‍ക്കു പോലും അനറിവ്‌ എന്നത്‌ സത്താപര ശൂന്യതയത്രെ.

**** ***** ***** ***** ***** *****

'ഏഴാം മുദ്ര'-യില്‍, മരണത്തിന്റെ ഈ പ്രതിവചനം, അതായത്‌ 'ഞാന്‍, അനറിവ്‌....' എന്ന, സത്യത്തെ പോലും തീപിടിപ്പിയ്ക്കുന്ന, ഉത്തരമായിരിയ്ക്കും ഗംഭീരമായൊരു മുഹൂര്‍ത്തം. എങ്കിലും അതൊരു തത്ത്വജ്ഞാനപരമായ മുഹൂര്‍ത്തമേ ആവുന്നുള്ളു. ആത്മപീഡകസംഘത്തിന്റെ (flagellants) ഘോഷയാത്രയുടെ ഭാഗങ്ങളൊഴിച്ചാല്‍, മലമുകളിലൂടെ നീങ്ങുന്ന മൃത്യുനൃത്തമൊഴിച്ചാല്‍, 'ഏഴാം മുദ്ര'-യില്‍ സിനിമാപരമായി യാതൊന്നും തന്നെയില്ല എന്നു പറയാം.

പക്ഷെ, ഇതൊരു ക്ലാസ്സിക്‌ കൃതിയാണ്‌. ചെറുകഥ തുടങ്ങിയ കാലത്തുതന്നെ ഒരു ബോര്‍ഹെസിനെ പ്രതീക്ഷിയ്ക്കുന്നതിലെ പരമ ശുഷ്ക്കബുദ്ധിയാര്‍ന്ന ദണ്ഡനീതി എന്നൊന്നുണ്ടല്ലോ. പരിണാമപരമായ ഗാരന്റിയുടെ ആ മഹാ തിരസ്ക്കാരം. അതോര്‍ത്താല്‍ ഈ സിനിമ ഒരു മുതല്‍ക്കൂട്ടു തന്നെ.

Subscribe Tharjani |