തര്‍ജ്ജനി

ഒ.. കെ. സുദേഷ്

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

സിനിമ

സിനിമ കണ്ടെഴുതുമ്പോള്‍ - 4

1957-ല്‍ ഇങ്മര്‍ ബെര്‍ഗ്മാന്‍ (Ingmar Bergman 1918-2007) രണ്ട്‌ ചലച്ചിത്രങ്ങള്‍ രചിച്ചു -അതിലാദ്യത്തേതാണ്‌ "ഏഴാം മുദ്ര" (രണ്ടാമത്തേത്‌ "കാട്ടുഞ്ഞാവല്‍പ്പഴങ്ങള്‍"). മരണത്തേയും ദൈവത്തേയും അതിലേറെ മനുഷ്യാസ്തിത്വപരമായ ആകുലതകളേയും സ്പര്‍ശിയ്ക്കുന്നതാണ്‌ ഈ സ്വീഡിഷ്‌ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ബെര്‍ഗ്മാന്റെ രചനകളും ഈയൊരു പ്രമേയത്തേയാണ്‌ മുന്നോക്കം വെച്ചു കാണാറ്‌. ബെര്‍ഗ്മാനെ ഒരു അസ്തിത്വവാദിയായി അവതരിപ്പിച്ചു കാണാമെങ്കിലും, അദ്ദേഹമുയര്‍ത്തിക്കാണിച്ച പ്രശ്നങ്ങള്‍ മീഖലാഞ്ചലോ അന്തോണ്യോനീയുടേതുമായി സമീകരിയ്ക്കുവാനാവില്ല. അല്ലെങ്കില്‍ (ഇരുപതാം നൂറ്റാണ്ടിലെ) മറ്റനവധി നാസ്തികാസ്തിത്വവാദികളുടെ ആശയമണ്ഡലവുമായി ചേര്‍ത്തു കാണാനാവില്ല. ആസ്തികാസ്തിത്വവാദിയായിരുന്ന സോറന്‍ കിയര്‍ക്കെഗോര്‍ (1813-1855) എന്ന ഡാനിഷ്‌ തത്ത്വചിന്തകനോടാണ്‌, അസ്തിത്വവാദ വിഷയത്തില്‍, ഇങ്മര്‍ ബെര്‍ഗ്മാന്റെ ചലച്ചിത്രങ്ങള്‍ക്ക്‌ ഏറെയടുപ്പം എന്നു തോന്നിയിട്ടുണ്ട്‌.

"ഏഴാം മുദ്ര" (Det Sjunde inseglet - 1957)


(നാടകം/തിരക്കഥ/സംവിധാനം: ഇങ്മര്‍ ബെര്‍ഗ്മാന്‍
ഛായാഗ്രഹണം: ഗുനാര്‍ ഫിഷര്‍
ചിത്രസന്നിവേശം: ലെനാര്‍ട്ട്‌ വോളെന്‍
സംഗീതം: എറിക്‌ നോര്‍ഡ്ഗ്രെന്‍
ശബ്ദസന്നിവേശം: ആബി വെഡിന്‍/ലെനാര്‍ട്ട്‌ വോളെന്‍
വസ്ത്രാലങ്കാരം: മാനെ ലിന്‍ഡ്‌ഹോം
കലാസംവിധാനം : പി.എ. ലന്‍ഡ്ഗ്രെന്‍ (props) കാള്‍-ഹെന്റി കാഗര്‍പ്പ്‌
നിര്‍മ്മാണം: അലന്‍ എകെലന്‍ഡ്‌

കഥാപാത്രം : അഭിനേതാവ്‌

അന്റോണിയസ്‌ ബ്ലോക്ക്‌ (പ്രഭു/മാടമ്പി) : മാക്സ്‌ വോണ്‍ സിഡോവ്‌
മൃത്യു (grim reaper - യമധര്‍മ്മതുല്യനായ യൂറോപ്യന്‍ പുരാകഥാപാത്രം) : ബെങ്ങ്ട്‌ എകെറോട്ട്‌
ജോണ്‍സ്‌ (പ്രഭുവിന്റെ സായുധസഹചാരി/അകമ്പടിസേവകന്‍) : ഗുനാര്‍ ബ്യോണ്‍സ്ട്രാന്‍ഡ്‌
ജോഫ്‌ (നാടോടി-കലാകാരന്‍) : നീല്‍സ്‌ പോപ്പ്‌
മിയ (ജോഫിന്റെ ഭാര്യ/നാടോടി-കലാകാരി) : ബിബി ആന്‍ഡേഴ്സണ്‍
മീക്കേല്‍ (ജോഫ്‌-മിയ ദമ്പതികളുടെ ശിശു) : ടോമി കാള്‍സണ്‍
പ്ലോഗ്‌ (കൊല്ലന്‍) : എയ്ക്‌ ഫ്രിഡല്‍
ലിസ (കൊല്ലന്റെ ഭാര്യ) : ഇന്‍ഗാ ജില്‍
ജോനാസ്‌ സ്കാറ്റ്‌ (നാടോടി-കലാസംഘാംഗം/ലിസയുടെ ജാരന്‍) : എറിക്‌ സ്ട്രാന്‍ഡ്‌മാര്‍ക്ക്‌
കാരിന്‍ (പ്രഭ്വി) : ഇന്‍ഗാ ലന്‍ഡ്ഗ്രെ
റാവല്‍ (പ്രഭുവിനെ കുരിശുയുദ്ധത്തിലേയ്ക്ക്‌ പ്രേരിപ്പിച്ച വൈദിക വിദ്യാര്‍ത്ഥി) : ബെര്‍ട്ടില്‍ ആന്‍ഡര്‍ബെര്‍ഗ്‌
പെണ്‍കുട്ടി (റാവലില്‍ നിന്ന്‌ ജോണ്‍സ്‌ രക്ഷിയ്ക്കുന്ന മൂക കഥാപാത്രം) : ഗുനെല്‍ ലിന്‍ഡ്‌ബ്ലോം
ആല്‍ബെര്‍ട്ടസ്‌ പിക്റ്റര്‍ (പള്ളിയിലെ ചായച്ചിത്രകാരന്‍) : ഗുനാര്‍ ഓള്‍സണ്‍
ആത്മദണ്ഡകരായ വിശ്വാസി-സംഘം (flagellants) : ഒരു സംഘം അഭിനേതാക്കള്‍

പുരസ്ക്കാരങ്ങള്‍:

  • 1957: ജൂറിയുടെ സ്പെഷല്‍ പ്രൈസ്‌ (കാന്‍ ഫില്‌ം ഫെസ്റ്റിവല്‍ - ഫ്രാന്‍സ്‌): സംവിധായകന്‍ ആന്ദ്ജെയ്‌ വൈദയുടെ (Andrzej Wajda) "Kanal"-ലുമായി പങ്കിട്ടു.
  • 1961: സില്‍വര്‍ റിബണ്‍ (ഇറ്റാലിയന്‍ നാഷണല്‍ സിന്‍ഡിക്കെറ്റ്‌ ഒവ്‌ ഫില്‌ം ജേര്‍ണലിസ്റ്റ്‌സ്‌ - ഇറ്റലി): മികച്ച വിദേശഭാഷാ ചലച്ചിത്രസംവിധായകന്‍.
  • 1962: ഫൊട്ടോഗ്രമാസ്‌ ഡി പ്ലാറ്റാ (പ്രെമിയോസ്‌ ഫൊട്ടോഗ്രമാസ്‌ ഡി പ്ലാറ്റാ - സ്പെയ്ന്‍): മികച്ച വിദേശഭാഷാ ചലച്ചിത്രനടന്‍: മാക്സ്‌ വോണ്‍ സിഡോവ്‌.
  • 1962: സി.ഇ.സി. എവോര്‍ഡ്‌ (സിനിമാ റൈറ്റേഴ്സ്‌ സര്‍ക്ക്‌ള്‍ എവോര്‍ഡ്‌ - സ്പെയ്ന്‍): മികച്ച വിദേശഭാഷാചലചിത്ര സംവിധായകന്‍/വിദേശഭാഷാചലചിത്രം (സ്വീഡന്‍).

സംക്ഷിപ്ത കഥനം:

മോഹഭംഗവും ഗ്ലാനിയും മാത്രം സമ്മാനിച്ച ഒരു നീണ്ടകാല കുരിശുയുദ്ധ സേവനത്തിനു ശേഷം അന്റോണിയസ്‌ ബ്ലോക്ക്‌ എന്ന ഇടപ്രഭു തന്റെ സേവകനോടു കൂടി സ്വന്തം കോട്ടയിലേയ്ക്ക്‌ തിരിയ്ക്കുകയാണ്‌. പത്തുവര്‍ഷത്തോളം, വളരെയകലെയുള്ള മദ്ധ്യപൂര്‍വ്വദേശത്തൊരിടത്ത്‌, കുരിശുയുദ്ധത്തില്‍ അടരാടിയതിന്റെ ക്ഷീണവും നിരര്‍ത്ഥകതാബോധവും അയാളെ വേട്ടയാടുന്നു. അപ്പോഴേയ്ക്കും 'കറുത്ത മരണം' എന്നറിയപ്പെട്ട പ്ലേഗ്‌ ബാധയാല്‍ യൂറോപ്പ്‌ തളയ്ക്കപ്പെട്ടിരുന്നു. ചുറ്റും മലീമസമായ മരണത്തിന്റെ ഘോരനൃത്തം.

അഴുകിയ ശവശരീരങ്ങളെയും മരണഭയത്താല്‍ അയുക്തികമായി പെരുമാറുന്ന ജനങ്ങളേയും അവര്‍ പിന്നിട്ടുകൊണ്ടിരുന്നു.

പക്ഷെ, മരണം തന്നേയും പിന്തുടരുന്നതായി പ്രഭു അറിയുന്നില്ല.

ഒരു ഘട്ടത്തില്‍, നൊടിയിടയില്‍ പ്രഭുവിനെ ഞെട്ടിച്ചുകൊണ്ട്‌, അത്‌ അയാളെ ഏല്‍ക്കാനായി ആയുന്നു. പ്രഭു ഉടനെ ചെറിയൊരു അവധിയ്ക്കു വേണ്ടി യാചിയ്ക്കുകയാണ്‌. അയാള്‍ക്ക്‌, കോട്ടയിലെത്തണം; വിവാഹാനന്തരം താമസിയാതെ പിരിയേണ്ടി വന്ന പത്നിയെ കാണണം; തിരക്കുകൂട്ടി കുരിശുയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയതിന്‌ മാപ്പു പറയണം. ഈ കൊച്ചുവര്‍ത്തമാനം മരണത്തെ ചിരിപ്പിയ്ക്കുന്നു. ആട്ടേ, ഗ്രിം റീപ്പര്‍ ചതുരംഗത്തില്‍ കമ്പമുള്ളവനാണല്ലോ, തന്നോടൊത്ത്‌ ഒരു കളിയായിക്കൂടെ, എന്നായി അപ്പോള്‍ പ്രഭു. എവിടുന്നു കിട്ടി ആ വിവരം എന്ന്‌ അദ്ഭുതത്തോടെ ചോദിയ്ക്കുന്നു മരണം. ചതുരംഗം കളിയ്ക്കുന്ന മൃത്യുവിന്റെ നിരവധി ചായച്ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന്‌ പ്രഭു പ്രതിവചിയ്ക്കുന്നു. മരണം, ആ വസ്തുത ശരിയെന്നു സമ്മതിയ്ക്കുന്നു. തുടര്‍ന്ന്‌, താന്‍ ആ കളിയില്‍ ഒരു വിദഗ്ദനാണെന്നും ഓര്‍മ്മിപ്പിയ്ക്കുന്നു. സംഗതിയാകെ രസകരമായി തോന്നുന്നു മരണത്തിന്‌. അത്‌ പ്രഭുവുമായി ഒരു കരാറിലേര്‍പ്പെടുന്നു: പ്രഭു ജയിക്കുമെങ്കില്‍ പിടിവിടാം; മറിച്ചാണെങ്കില്‍.... മരണം താല്‍പ്പര്യരഹിതം തന്റെ 'വര്‍ഗ്ഗേതര'മായ മുഖത്തെ പ്രകടമാക്കുന്നു.

കോട്ടയിലെത്തും വരെ അവര്‍ ഇടയ്ക്കിടെ കളിയ്ക്കും. ഇടവേളകളില്‍ അവരവരുടെ സ്വകാര്യങ്ങളില്‍ അലയും. പ്രഭു, ദൈവാസ്തിത്വത്തെ, മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെ തിരക്കി അലഞ്ഞുകൊണ്ട്‌. മരണം, മറ്റു മരിപ്പു കര്‍ത്തവ്വ്യങ്ങളില്‍ കടുകിടെ തെറ്റാതെ മുഴുകിക്കൊണ്ട്‌.

പുലര്‍കാലെയുള്ള യാത്രയില്‍ പ്രഭുവും ഭൃത്യപടയാളിയും ഒരു കുതിരവണ്ടിയെ മറികടക്കുന്നു.

ഒരു നാടോടി കലാസംഘത്തിന്റേതാണത്‌. ജോഫും മിയയും കുഞ്ഞും; കൂടാതെ ജോനാസ്‌ എന്ന മറ്റൊരു കലാകാരനും. ജോഫ്‌ ഉണരുന്നു. പുറത്തേയ്ക്കിറങ്ങുന്ന അയാള്‍ ഒരു അദ്ഭുതദൃശ്യത്തിന്‌ വശംവദനാവുന്നു. നൊടിയിടയില്‍ മിന്നിമറിയുന്ന ആ കാഴ്ചയില്‍, കന്യാമറിയം ക്രിസ്തുശിശുവിനെ നടത്തം പഠിപ്പിയ്ക്കുന്നതായി ജോഫ്‌ ദര്‍ശിയ്ക്കുന്നു. അദ്ഭുതപാരവശ്യത്തോടെ അയാള്‍ മിയയോട്‌ അത്‌ വിവരിയ്ക്കുകയാണ്‌. അയാളുടെ സ്ഥിരം പരിപാടിയിലെ ഒരിനമായി അവളത്‌ ചിരിച്ചുതള്ളുകയും.

അന്റോണിയസ്‌ ബ്ലോക്കും ഭൃത്യനും ഒരു പള്ളിയിലെത്തുന്നു. ജോണ്‍സ്‌ -അതാണ്‌ ഭൃത്യപടയാളിയുടെ പേര്‌ -- വളരെ മൂര്‍ച്ചയുള്ള ഒരു കക്ഷി. അയാള്‍ ഈര്‍ഷ്യ കലര്‍ന്ന മുഖഗോഷ്ടിയോടെ മാത്രമെ തന്റെ പ്രഭുവായ ബ്ലോക്കിന്റെ ആജ്ഞകളെ അനുസരിച്ചു കണ്ടിട്ടുള്ളു. പള്ളിക്കകത്തെ ചുമരില്‍, മ്യൂറല്‍ രചനയിലായിരുന്ന ആല്‍ബെര്‍ട്ടസ്‌ പിക്റ്റര്‍ എന്ന ചായച്ചിത്രകാരനോട്‌ അയാള്‍ പ്രതിപാദ്യത്തെ പറ്റി ആരായുന്നു. ആല്‍ബെര്‍ട്ടസ്‌ അശ്രദ്ധമായി മൊഴിയും: മൃത്യുനൃത്തം.
ജോണ്‍സ്‌: അതിനിത്രയും തേപ്പ്‌?
ആല്‍ബെര്‍ട്ടസ്‌: മരണത്തെ കുറിച്ച്‌ ജനത്തെ ഓര്‍മ്മിപ്പിയ്ക്കുവാനാണത്‌.
ജോണ്‍സ്‌: ജനത്തെ സന്തോഷിപ്പിയ്ക്കുകയില്ല ഇത്‌.
ആല്‍ബെര്‍ട്ടസ്‌: എന്തിന്‌ സന്തോഷിപ്പിക്കണം? എന്തുകൊണ്ട്‌ പേടിപ്പിച്ചുകൂടാ? എന്തായാലും പെണ്ണുങ്ങളുടെ നഗ്നചിത്രത്തേക്കാള്‍ ഭേദമാണ്‌ മൃത്യുവിന്റെ ചിത്രീകരണം.
ജോണ്‍സ്‌: ആളുകള്‍ പേടിച്ച്‌ പാതിരിമാരില്‍ അഭയം തേടും ഇത്‌ കണ്ടാല്‍.
ആല്‍ബെര്‍ട്ടസ്‌: അതെന്റെ കാര്യമല്ല.
ജോണ്‍സ്‌: തീര്‍ത്തും അസന്തുഷ്ടം....
ആല്‍ബെര്‍ട്ടസ്‌: പ്ലേഗ്‌ ബാധിതര്‍.... അവര്‍ പൊള്ള കുത്തിപൊട്ടിയ്ക്കുന്നു. കൈപ്പടങ്ങള്‍ കടിയ്ക്കുന്നു. ഞരമ്പുകള്‍ വലിച്ചുപറിയ്ക്കുന്നു. ആര്‍ത്തുനിലവിളിയ്ക്കുന്നു. പേടിച്ചുപോയോ?
ജോണ്‍സ്‌: നിനക്കെന്നെ അറിയില്ല. ...ഈ ചവറ്‌, ഇതെന്താണ്‌?
ആല്‍ബെര്‍ട്ടസ്‌: ആത്മദണ്ഡകരുടെ ഘോഷയാത്ര. ജനം വിചാരിയ്ക്കുന്നത്‌ പ്ലേഗ്‌ ദൈവശിക്ഷയാണെന്നാണ്‌. അവര്‍ ചമ്മട്ടികൊണ്ട്‌ സ്വയമടിയ്ക്കുന്നു; അന്യോന്യം അടിയ്ക്കുന്നു. ദൈവത്തെ സന്തോഷിപ്പിയ്ക്കുകയാണ്‌. ആ ഘോഷയാത്ര കണ്ടാല്‍ നാം ഓടിയൊളിയ്ക്കും.
ജോണ്‍സ്‌: എനിക്കൊരു ജിന്‍ താ. വെള്ളമെ കുടിച്ചിട്ടുള്ളു ഇത്രനേരവും. മരുഭൂമിയിലെ ഒട്ടകത്തെ പോലെ ദാഹിയ്ക്കുന്നു എനിയ്ക്ക്‌.

പ്രഭു അള്‍ത്താരയ്ക്ക്‌ മുമ്പിലാണ്‌. കുമ്പസാരക്കൂട്ടില്‍ ആളനക്കമുണ്ട്‌; അങ്ങോട്ടു നീങ്ങുന്നു അയാള്‍.

ബ്ലോക്ക്‌ പറയുന്നു: കുമ്പസാരിക്കണമെനിയ്ക്ക്‌. എന്റെ ഹൃദയം ശൂന്യമായിരിയ്ക്കുന്നു. ആ ശൂന്യത ഒരു കണ്ണാടിയായി എന്നെത്തന്നെ പ്രതിഫലിപ്പിയ്ക്കുന്നു. അതെന്നില്‍ ഭയവും വെറുപ്പും നിറയ്ക്കുന്നു. മനുഷ്യരോടുള്ള എന്റെ താല്‍പ്പര്യമില്ലായ്മ എന്നെ സ്വയം പുറത്താക്കിയിരിയ്ക്കുന്നു. ഞാന്‍ പ്രേതലോകത്താണ്‌. എന്റെ സ്വപ്നങ്ങളിലെ തടവുകാരനാണ്‌ ഞാന്‍....

കുമ്പസാരക്കൂട്ടില്‍ നിന്നൊരു കമന്റ്‌ വരുന്നു: എന്നിട്ടും ചാവാന്‍ തയ്യാറല്ല നീ.

ബ്ലോക്ക്‌ ഞെട്ടുന്നു.

കുമ്പസാരക്കൂട്‌ തുടരുന്നു: എന്തിനാണീ കാത്തിരിപ്പ്‌?
ബ്ലോക്ക്‌: അറിവിന്‌.
കുമ്പസാരക്കൂട്‌: ഗാരണ്ടി വേണമെന്നാണോ?
ബ്ലോക്ക്‌: ദൈവത്തെ കുറിച്ചുള്ള ധാരണ ഇന്ദ്രിയാതീതമായ അനുഭവമായി എന്തിനിത്രയും കര്‍ക്കശമായി നിലകൊള്ളണം? എന്തിനാണ്‌ അവന്‍ കൃത്യതയില്ലാത്ത വാഗ്ദാനങ്ങളുടെയും അഗോചരങ്ങളായ അദ്ഭുതകൃത്യങ്ങളുടേയും മറവില്‍ നില്‍ക്കുന്നത്‌? നാം നമ്മെത്തന്നെ വിശ്വസിയ്ക്കുന്നില്ലെങ്കില്‍ വിശ്വാസികളെ നാമെങ്ങിനെ വിശ്വസിയ്ക്കും? വിശ്വസിയ്ക്കാന്‍ തയ്യാറായിട്ടും അതിന്‌ സാധിക്കാതെ വരുന്ന നമുക്കെന്തു വന്നുചേരും? വിശ്വസിയ്ക്കാന്‍ സാധിക്കാത്തവര്‍ക്കും അതിന്‌ സമ്മതമില്ലാത്തവര്‍ക്കും എന്തു സംഭവിയ്ക്കും? എന്റെയുള്ളിലെ ദൈവത്തെ എന്തുകൊണ്ടെനിയ്ക്ക്‌ കൊന്നുകൂടാ? എന്തുകൊണ്ടാണവന്‍ വേദനിച്ച്‌, നാണംകെട്ട്‌ (ഇതിനകത്ത്‌) ഇങ്ങനെ ജീവിയ്ക്കുന്നത്‌? എന്റെ ഹൃദയത്തില്‍ നിന്ന്‌ പറിച്ചെറിയണം എനിക്കവനെ. പക്ഷെ അവന്‍ പരിഹസിയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി തുടരുകയാണ്‌. എനിയ്ക്കവനെ തുരത്താന്‍ പറ്റുന്നില്ല.

എന്നെ കേള്‍ക്കുന്നുണ്ടോ?

കുമ്പസാരക്കൂട്‌: കേള്‍ക്കുന്നു.
ബ്ലോക്ക്‌: എനിയ്ക്ക്‌ വേണ്ടത്‌ ജ്ഞാനമാണ്‌. വിശ്വാസമല്ല; ഊഹാപോഹമല്ല; വെറും അറിവുമാത്രം. എനിയ്ക്ക്‌, ദൈവത്തെ കൈനീട്ടിക്കാണണം, അവന്റെ മുഖം അവന്‍ എനിയ്ക്ക്‌ കാണിച്ചു തരണം, എന്നോടവന്‍ സംസാരിയ്ക്കണം. പക്ഷെ, അവന്‍ നിശ്ശബ്ദനാണ്‌. ഞാന്‍ ഇരുട്ടില്‍ കരയുകയാണ്‌ അവനോട്‌. അവിടെ ആരുമുള്ളതായി തോന്നുന്നില്ല.

കുമ്പസാരക്കൂട്ടില്‍ ഇരിയ്ക്കുന്നയാളുടെ മുഖം വ്യക്തമാവുന്നു; അത്‌ {ഗ്രിം രെപെര്‍}-ടേതാണ്‌; മരണമെന്ന പട്ടക്കാരന്‍ തന്നെയാണ്‌ അന്റോണിയസ്‌ ബ്ലോക്കിന്റെ കുമ്പസാരത്തെ കൈകൊള്ളുന്നത്‌.

മരണം: ഒരുപക്ഷെ ആരുമില്ലായിരിയ്ക്കാം അവിടെ.
ബ്ലോക്ക്‌: ഭീകരമാണത്‌. ഒന്നും യാതൊന്നുമല്ല എന്നറിഞ്ഞ്‌ മരണത്തോടു കൂടി വസിയ്ക്കുവാന്‍ ഒരു മനുഷ്യനും സാദ്ധ്യമല്ല.
മരണം: മിക്ക ആള്‍ക്കാരും മരണത്തെ കുറിച്ചോ ശൂന്യതയെ കുറിച്ചോ ആലോചിക്കാറില്ല.
ബ്ലോക്ക്‌: ജീവിതത്തിന്റെ അതിരില്‍ ചെന്നുനിന്ന്‌ അന്ധകാരത്തെ കാണുവോളം?
മരണം: അതെ, അന്നേരം മാത്രം.
ബ്ലോക്ക്‌: ശരി തന്നെ; നാം ഭയത്തെ ഒരു വിഗ്രഹമാക്കി അതിനെ ദൈവം എന്ന്‌ പേരിടുകയാണ്‌ വേണ്ടത്‌.
മരണം: നീ അസ്വസ്ഥനായിരിയ്ക്കുന്നു.
ബ്ലോക്ക്‌: മരണം ഇന്ന്‌ രാവിലെ എന്നെ സന്ദര്‍ശിച്ചു. ഞങ്ങളിപ്പോള്‍ ഒരു ചതുരംഗ കളിവേളയിലാണ്‌. ഈ ഇടവേളയില്‍ എനിക്കൊരു പ്രധാന ദൗത്യമുണ്ട്‌.
മരണം: എന്തു ദൗത്യം?
ബ്ലോക്ക്‌: എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിരര്‍ത്ഥകമായ ഒരന്വേഷണത്തിലായിരുന്നു. കയ്പ്പോടെയോ ആത്മനിരാസത്തോടെയോ അല്ല ഞാനിതു പറയുക. ഇതെല്ലാവര്‍ക്കും ഒരുപോലെയാണ്‌. പക്ഷെ, ഈ ഇടവേള പ്രധാനമായ ഒരു കര്‍മ്മത്തിനായി ഞാന്‍ ഉപയോഗിയ്ക്കുവാന്‍ പോകുന്നു.
മരണം: പറഞ്ഞു വരുന്നത്‌ നീ മരണവുമായി ഒരു ചതുരംഗ കളിവേളയിലാണ്‌ എന്നല്ലേ.
ബ്ലോക്ക്‌: അതെ, ചതുരംഗക്കളിയില്‍ അതിനുള്ള സാമര്‍ത്ഥ്യം ഒന്നുവേറെത്തന്നെയാണ്‌. പക്ഷെ, ഇതുവരെ എനിക്കൊരു കരുവും നഷ്ടപ്പെട്ടിട്ടില്ല.
മരണം: നിനക്കെങ്ങിനെ മരണത്തെ പറ്റിക്കാമെന്നാണ്‌?
ബ്ലോക്ക്‌: മെത്രാനേയും മാടമ്പിയേയും ചേര്‍ത്തൊരു നീക്കത്താല്‍ ഞാന്‍ അതിന്റെ മുന്നണി തകര്‍ക്കും.
മരണം ബ്ലോക്കിനെ അഭിമുഖീകരിച്ചുകൊണ്ട്‌ പുഞ്ചിരിയോടെ: ഇപ്പറഞ്ഞത്‌ ഞാന്‍ തീര്‍ച്ചയായും ഓര്‍ക്കും.

ബ്ലോക്ക്‌: വഞ്ചകന്‍! നീയെന്നെ പറ്റിച്ചു! ... ഞാനൊരു വഴി കണ്ടെത്തും..., എന്നാലും.
മരണം: ആട്ടെ, കളിയുടെ തുടര്‍ച്ച സത്രത്തില്‍ വെച്ചാകാം നമുക്ക്‌!

ബ്ലോക്കും ജോണ്‍സും യാത്ര തുടരുന്നു. തുകല്‍ സഞ്ചിയിലെ കുടിവെള്ളം കഴിഞ്ഞിരിയ്ക്കുന്നു. നിശ്ശബ്ദമായി കിടക്കുന്ന കുടിലുകളിലൊന്നില്‍ ജോണ്‍സ്‌ വെള്ളത്തിനായി കയറിച്ചെല്ലുന്നു; ഒരനക്കം കേട്ട്‌ ഉടനെ മറഞ്ഞു നില്‍ക്കുകയും. റാവല്‍ എന്നൊരുവന്‍ അവിടെ കിടന്നിരുന്ന ഒരു മൃതശരീരത്തില്‍ നിന്ന്‌ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന തിരക്കിലാണ്‌. ഇതിനെല്ലാം ദൃക്‌സാക്ഷിയായി ഒരു യുവതി മൂകയായി നില്‍ക്കുന്നു. റാവല്‍ അവളെ കടന്നുപിടിയ്ക്കുന്നു. ഉടനെ ജോണ്‍സ്‌ വാളുമായി റാവലിനു മേല്‍ ചാടിവീണ്‌ യുവതിയെ മോചിപ്പിയ്ക്കുന്നു. പത്തുകൊല്ലം മുമ്പ്‌ പ്രഭുവിനെ കുരിശുയുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചവനായിരുന്നു റാവല്‍. അന്നൊരു വൈദിക വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. ഇന്നവന്‍ ഭീരുവായ ഒരു കള്ളനും അക്രമിയും. അരിശം തീരുന്നില്ലെങ്കിലും റാവലിനെ ജോണ്‍സ്‌ കൊല്ലാതെ താക്കീതുചെയ്ത്‌ വിടുന്നു.

മറ്റൊരിടത്ത്‌ നാടോടി-കലാസംഘം ഒരു കലാപരിപാടി അവതരിപ്പിയ്ക്കുകയാണ്‌. കളിക്കിടയില്‍ ജോനാസിനെ കാണികളില്‍ ഒരുവള്‍ കണ്ണെറിയുന്നു; കാമചാപല്യങ്ങള്‍ കാട്ടുന്നു. വിടനായ ജോനാസ്‌ അത്‌ രസത്തോടെ ആസ്വദിക്കുന്നുണ്ട്‌. ഗ്രാമത്തിലെ കൊല്ലന്റെ ഭാര്യ ലിസയാണവള്‍. കൊല്ലനായ പ്ലോഗ്‌ ഇതൊന്നുമറിയാതെ അവള്‍ക്കരികെ തന്നെയുണ്ട്‌. ഇടവേളയില്‍ ജോനാസും ലിസയും ഒളിച്ചോടുന്നു.

ബ്ലോക്കും ജോണ്‍സും യുവതിയും ആത്പീഡക സംഘത്തെ വഴിയില്‍ അഭിമുഖീകരിയ്ക്കുന്നു. ചമ്മട്ടി കൊണ്ട്‌ സ്വയമടിച്ച്‌ ചോരയൊലിപ്പിച്ചും കുരിശേന്തി പ്രാര്‍ത്ഥനാനിര്‍ഭരമായി ആര്‍ത്തനാദമിട്ടും അവരെ മൂവരേയും കടന്നുപോകുന്നു ആ സംഘം. സംഘത്തെ നയിച്ചുകൊണ്ട്‌ മുന്നിലായി നീങ്ങുന്ന വൈദികര്‍ ലോകാവസാന ദിനത്തെ കുറിച്ച്‌ ഹര്‍ഷോന്മാദത്തോടെ പ്രഭാഷണം നടത്തുന്നു. പകര്‍ച്ചവ്യാധിയിലും പാതിരികളുടെ ഭീഷണി കലരുന്ന പ്രഖ്യാപനങ്ങളിലും സംഭീതരായ ഗ്രാമീണര്‍ മുട്ടുമടക്കി അവരെ നമിയ്ക്കുന്നു. ആത്മദണ്ഡകരുടെ ആ സംഘം സൗകര്യപൂര്‍വ്വം ഒരു പെണ്‍കുട്ടിയെ കണ്ടെത്തും; കുറ്റിയില്‍ ബന്ധിച്ച്‌ അഗ്നിക്കിരയാക്കാന്‍. അവള്‍ സാത്താനുമായി വേഴ്ച്ചയിലേര്‍പ്പെട്ടതാണ്‌ പ്ലേഗിനു കാരണമായിത്തീര്‍ന്നത്‌ എന്ന്‌ ആരോപിച്ചാവുമത്‌.

ലിസയുടെ ഒളിച്ചോട്ടത്തില്‍ തകര്‍ന്നുപോവുന്ന പ്ലോഗ്‌ അവളെ തേടിനടക്കുന്നു. നിരാശനും അപമാനിതനുമായ അയാള്‍ ജോഫിനെ മദ്യശാലയില്‍ വെച്ചു കാണുന്നു. ജോനാസിനു പകരം ജോഫിനെ മര്‍ദ്ദിയ്ക്കുന്നു അയാള്‍. ഇനിയങ്ങോട്ട്‌ എല്ലാ കലാകാരന്മാരും പെണ്‍പ്പിടിയന്മാരാണ്‌ പ്ലോഗിന്‌.

ജോഫ്‌-മിയ ദമ്പതികളുടെ ക്യാമ്പിനടുത്തായി അന്റോണിയസ്‌ ബ്ലോക്ക്‌ ചതുരംഗപ്പലക നിരത്തി ഇരിയ്ക്കുന്നു. സമീപത്തായി, മിയ ശിശുവുമായി കൊഞ്ചിക്കളിച്ചിരിക്കുന്നതിനെ കൗതുകപൂര്‍വ്വം വീക്ഷിക്കുന്നു അയാള്‍. അയാള്‍ മിയയോട്‌ മകന്റെ വിശേഷം ചോദിയ്ക്കുന്നു. അതിനിടെ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ജോഫ്‌ എത്തുന്നു. അവരെല്ലാം കൂടി കാട്ടുഞ്ഞാവല്‍പ്പഴങ്ങളും പാലും കഴിയ്ക്കുന്നു. ജോണ്‍സും യുവതിയും കൂടെച്ചേരുന്നു. അവരും ആ ചെറു ഉപചാരത്തില്‍ പങ്കെടുക്കുന്നു. ജോഫ്‌ ഫിഡില്‍ വായിച്ച്‌ രസം പകരുന്നു. മിയ വസന്തകാലത്തെ കുറിച്ചുള്ള തന്റെ മനോമോഹനങ്ങള്‍ വിവരിയ്ക്കുന്നു. അവള്‍ ഉള്ളതുകൊണ്ട്‌ തൃപ്തമാവുമ്പോഴുണ്ടാവുന്ന സന്തോഷത്തെ പറ്റി പറയുന്നു. ആകെപ്പാടെ ശാന്തവും ഹൃദ്യവുമായ അന്തരീക്ഷം. മിയയുടെ ആരായലുകള്‍ക്ക്‌ പ്രഭു തന്റെ പ്രിയതമയോടൊത്തുണ്ടായിരുന്ന കാലം ചെറുതായി വിവരിയ്ക്കുന്നുണ്ട്‌. ആ ചെറുകുടുബത്തിന്റെ സന്തുഷ്ടിയില്‍ പ്രഭുവിന്റെ ഹൃദയം നിറയുന്നു. ജോഫിന്റേയും മിയയുടേയും യാത്ര, കലശലായി പ്ലേഗ്‌ ബാധിച്ച ഒരിടത്തേക്കാണെന്ന്‌ മനസ്സിലാക്കുന്ന ബ്ലോക്ക്‌ അവരെ തന്റെ കോട്ടയിലേയ്ക്ക്‌ ക്ഷണിയ്ക്കുന്നു. അവിടെ അവര്‍ കൂടുതല്‍ സുരക്ഷിതരായിരിയ്ക്കും --അയാള്‍ അവരെ അറിയിക്കുന്നു. പാലിനും കാട്ടുഞ്ഞാവല്‍പ്പഴത്തിനും നന്ദി പറയുന്നു ബ്ലോക്ക്‌. ഈ ദിനം, ഈ നിമിഷം, ഒരു കാലത്തും താന്‍ മറക്കുകയില്ല എന്നുമയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. വിട പറഞ്ഞുകൊണ്ടയാള്‍ എഴുന്നേല്‍ക്കുകയായി.

കളി തുടരുന്നതിനെ വൈകിപ്പിച്ചിരിക്കുന്നു എന്ന്‌ പ്രഭുവിനെ കുറ്റപ്പെടുത്തിക്കൊണ്ട്‌ മരണം ചതുരംഗപ്പലകയ്ക്ക്‌ സമീപമുണ്ട്‌. ബ്ലോക്ക്‌ മാപ്പു പറഞ്ഞു കളിയ്ക്കാനിരിയ്ക്കുന്നു. മരണം ധൃതിയില്‍ കരുനീക്കി ഒരബദ്ധത്തിലേക്കണയുന്നതു കണ്ട്‌ ബ്ലോക്ക്‌ പുഞ്ചിരിയ്ക്കുന്നു. താന്‍ ഒരല്‍പ്പം ധൃതിയിലാണെന്ന്‌ മൃത്യു പറയുന്നു -കൂടെ, ജോഫ്‌-മിയ ദമ്പതികള്‍ക്ക്‌ സംരക്ഷണം കൊടുക്കുവാന്‍ ഉദ്ദേശമുണ്ടോ എന്നും ബ്ലോക്കിനോട്‌ ആരായുന്നു. അതു കേള്‍ക്കെ, മരണത്തിന്റെ പ്ലാനെന്തായിരിയ്ക്കാം എന്ന്‌ ബ്ലോക്ക്‌ ഞെട്ടുകയും.

താമസിയാതെ, ജോണ്‍സും ജോഫുമൊത്തു കാട്ടില്‍ വെച്ച്‌, പ്ലോഗ്‌ ലിസയേയും അവളുടെ ജാരനേയും പിടികൂടുന്നു. ലിസ ഉടനെ ജോനാസിനെ കുറ്റപ്പെടുത്തുകയാണ്‌. ജോനാസ്‌ അടവു മാറ്റുന്നു; അയാള്‍ നാടകീയമായ ഒരു പ്ലോട്ട്‌ ഒരുക്കുന്നു. സ്വയം മരിയ്ക്കുവാന്‍ തയ്യാറായി അയാള്‍ ഒരു മരച്ചുവട്ടിലേയ്ക്ക്‌ നടക്കുകയാണ്‌. പ്ലോഗിന്‌ അയാളെ കൊല്ലാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ല. ആശങ്കാകുലനായിത്തീരുന്ന പ്ലോഗിന്റെ സാന്ത്വനങ്ങളെ വകവെയ്ക്കാതെ ജോനാസ്‌ സ്വയം കഠാരയെടുത്തു കുത്തി അലറിവിളിച്ച്‌ നിലത്തുവീഴുന്നു. കുത്തിയാല്‍ തിരിയെ പിടിയിലേയ്ക്ക്‌ വലിയുന്ന നാടക-കഠാരയാണത്‌. ജോഫിനതറിയാം; അയാളത്‌ ജോണ്‍സിനോട്‌ മാത്രം ചെവിയില്‍ പറയുന്നു. ജോനാസ്‌ 'മരിച്ചതു' കണ്ട്‌ താമസംവിനാ എല്ലാവരും പിരിയുന്നു. ഗ്രിം റീപ്പര്‍ മാത്രം കൗതുകത്തോടെ ആ ചെറുനാടകം ആസ്വദിയ്ക്കുകയാണ്‌. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ ജോനാസ്‌ എഴുന്നേറ്റു മരത്തില്‍ കയറുന്നു. ഹിംസ്രമൃഗങ്ങളെ ഭയന്ന്‌, ആ രാത്രി മരത്തിലിരുന്ന്‌ ഉറങ്ങാന്‍ തീരുമാനിയ്ക്കുന്നു അയാള്‍. പക്ഷെ, അയാള്‍ ഉറക്കം പിടിയ്ക്കുമ്പോഴേയ്ക്കും മൃത്യു മരം മുറിയ്ക്കാന്‍ തുടങ്ങുകയായി. ഭയചകിതനായ ജോനാസ്‌ മൃത്യുവുമായി തത്ത്വചിന്തയിലേയ്ക്ക്‌ ത്വരിപ്പിയ്ക്കുന്ന രസകരമായൊരു സംഭാഷണം നടത്തുന്നുണ്ട്‌. ജോനാസിന്റെ സാമര്‍ത്ഥ്യമൊന്നും മരണത്തെ ഏശുന്നില്ല. മരത്തോടൊപ്പം അയാള്‍ വീണു മരിയ്ക്കുക തന്നെ ചെയ്യുന്നു. അവശേഷിച്ച വൃക്ഷഖണ്ഡത്തിന്റെ ഉന്മേഷിതമായ മുറിവിടത്തില്‍ ഒരണ്ണാന്‍ ഒന്നും സംഭവിക്കാത്തതു പോലെ എന്തോ മണത്തു പരതുന്നു. മരണം, മറവി, നവാനവത്തിന്റെ ആദേശം.

ഭടന്മാരും പുരോഹിന്മാരും 'കുറ്റിയില്‍ കെട്ടി കത്തിയ്ക്കു'വാനുള്ള (burning at the stake) ഒരുക്കത്തിലാണ്‌ 'മന്ത്രവാദിനി'യെ. അതിനിടെ ബ്ലോക്കും ജോണ്‍സും അവിടെ വന്നുചേരുന്നു. ബ്ലോക്ക്‌ അവളോട്‌, സാത്താനെ വാസ്തവത്തില്‍ കണ്ടിട്ടുണ്ടോ എന്ന്‌ ചോദിയ്ക്കുന്നു. സാത്താനെ ആര്‍ക്കും കാണാമല്ലോ എന്നവള്‍ പറയുന്നു. എന്തിനാണീ ചോദ്യമെന്നവള്‍ ആരായുന്നു.

ബ്ലോക്ക്‌: എനിയ്ക്കുമവനെ കാണണം.
പെണ്‍കുട്ടി: എന്തിന്‌?
ബ്ലോക്ക്‌: ദൈവത്തെ പറ്റി ചോദിയ്ക്കാന്‍; തീര്‍ച്ചയായും ദൈവത്തെ കുറിച്ചവന്‍ അറിവുള്ളവനായിരിയ്ക്കണം.
പെണ്‍കുട്ടി: അവനെ എപ്പോഴും എല്ലാവര്‍ക്കും കാണാം. പാതിരികള്‍ക്ക്‌ കാണാം; ഭടന്മാര്‍ക്ക്‌ കാണാം. എന്റെ കണ്ണില്‍ നോക്ക്‌. നിനക്കും അവനെ കാണാം.
ബ്ലോക്ക്‌: ഒന്നും കാണുന്നില്ലല്ലോ.
പെണ്‍കുട്ടി: ഒന്നും?
ബ്ലോക്ക്‌: ഉഗ്രഭയം മാത്രം....

അവളുടെ കൈ മുറിഞ്ഞിരിയ്ക്കുന്നതു കണ്ട്‌, ഭടനോട്‌, ആരാണിത്‌ ചെയ്തതെന്ന്‌ ചോദിയ്ക്കുന്നു, പ്രഭു. ഭടന്‍ കൈമലര്‍ത്തുന്നു, അടുത്തായി തലവഴി വസ്ത്രം മൂടി പുറംതിരിഞ്ഞു നില്‍ക്കുന്ന പാതിരിയെ ചൂണ്ടിക്കാണിക്കുന്നു.

മരണമാണത്‌.

മന്ദഹസിച്ചുകൊണ്ട്‌ ബ്ലോക്കിനോട്‌ അത്‌ ചോദിയ്ക്കുന്നു: ചോദ്യങ്ങള്‍ക്ക്‌ അവസാനമില്ല, നിനക്ക്‌, അല്ലേ?
ബ്ലോക്ക്‌ വിളര്‍ത്ത്‌: ഇല്ല; ഇല്ല....
മരണം: നിനക്ക്‌ ഒരുത്തരവും കിട്ടാന്‍ പോവുന്നില്ല.

ഭടജനത്തോടൊപ്പം, ജോഫ്‌-മിയമാരോടൊപ്പം, പ്രഭുവും ഭൃത്യനും ഉത്ക്കണ്ഠാകുലരായി ആ ഘോരകൃത്യം നോക്കിനില്‍ക്കുന്നു. പെണ്‍കുട്ടിയുടെ ഒഴിഞ്ഞ നോട്ടം എന്തിനെ സൂചിപ്പിയ്ക്കുന്നു? എന്താണവള്‍ കാണുന്നത്‌. ദൈവത്തെ? ചെകുത്താനെ? അതോ ശൂന്യതയേയോ? അവള്‍ ഭയത്താല്‍ വിറയ്ക്കുന്നു; തുറുകണ്ണോടെ കുറ്റിയില്‍ ഞാന്ന്‌ നില്‍ക്കുന്നു.

അവര്‍ക്കുത്തരം കിട്ടാതെ പോവുകയാണ്‌.

അവരിപ്പോള്‍ കോട്ടയിലേയ്ക്കുള്ള കാട്ടുപാതയില്‍ ഒരിടത്തെത്തിയിരിക്കുന്നു --ജോണ്‍സും യുവതിയും, പ്ലോഗും ലിസയും, ജോഫും മിയയും കുഞ്ഞനായ മീക്കേലും. രാത്രി കഴിച്ചുകൂട്ടുവാനുള്ള ഒരുക്കത്തിലാണവര്‍. കുറച്ചകലെ, ഒരു വൃക്ഷത്തിനു കീഴെ, അന്റോണിയസ്‌ ബ്ലോക്ക്‌ ചതുരംഗപ്പലകയ്ക്കു മുമ്പില്‍ ഇരിയ്ക്കുന്നു. ഉടനെ മരണവും വന്നുചേരുന്നു.

മരണം: നമുക്ക്‌ കളി തീര്‍ത്തുകളയാം എന്തേ?
ബ്ലോക്ക്‌: അടുത്തത്‌ താങ്കളുടെ നീക്കം.
മരണം: രാജ്ഞിയെ എടുക്കുകയാണ്‌ ഞാന്‍.
ബ്ലോക്ക്‌: ഓ! ഞാനോര്‍ത്തില്ല.
മരണം: നിനക്ക്‌ രസം കെട്ടുവെന്ന്‌ തോന്നുന്നു.

ദൂരെ നിന്ന്‌ ജോഫ്‌ കളി നിരീക്ഷിയ്ക്കുന്നു. ബ്ലോക്കിനെതിരെ കളിയ്ക്കുന്നത്‌ മരണമാണെന്ന കാര്യം അയാള്‍ക്ക്‌ പിടികിട്ടുന്നു. ഭയചകിതനായ അയാള്‍ ഉടനെ മിയയേയും കുഞ്ഞിനേയും കൂട്ടി, കുതിരവണ്ടിയിലേറി സ്ഥലം വിടുകയാണ്‌. ബ്ലോക്ക്‌ അതറിയുന്നുണ്ട്‌. മൃത്യുവിന്റെ ശ്രദ്ധയില്‍ ആ കാഴ്ച പെടാതിരിയ്ക്കുവാന്‍ സാവധാനം കരുക്കള്‍ നീക്കുന്നു. മരണം ധൃതി കൂട്ടുകയും.

ബ്ലോക്ക്‌: ഒന്നിനും നിന്നില്‍ നിന്ന്‌ രക്ഷപ്പെടാനാവില്ല?
മരണം: ഒന്നിനുമാവില്ല.

മരണം: ഭയപ്പെട്ടുവോ നീ?

ബ്ലോക്ക്‌ പെട്ടെന്ന്‌ ഒന്ന്‌ ഞെട്ടിത്തിരിയുന്നു; കൈ തട്ടി ചതുരംഗത്തട്ട്‌ മറിച്ചിടുകയും ചെയ്യുന്നു.

ബ്ലോക്ക്‌: കരുക്കളുടെ നില ഓര്‍മ്മവരുന്നില്ല.
മരണം തട്ട്‌ തിരിയെ വെച്ചുകൊണ്ട്‌: ങ്‌ഹും, ഞാന്‍ മറന്നിട്ടില്ല. നിന്നെയത്ര എളുപ്പത്തില്‍ വിടാന്‍ പറ്റുമോ?

മരണം കരുക്കള്‍ നിരത്തുന്നതിനിടെ, ജോഫും കുടുംബവും കയറിയ കുതിരവണ്ടി കാഴ്ച്ചയില്‍ നിന്ന്‌ മറയുന്നത്‌ നോക്കിയിരിയ്ക്കുന്നു ബ്ലോക്ക്‌.

മരണം കരുനീക്കിക്കൊണ്ട്‌: കഴിഞ്ഞു; നിന്റെ രാജാവ്‌ ബന്ധനസ്ഥനായിരിക്കുന്നു.
ബ്ലോക്ക്‌: വാസ്തവം. തോല്‍വി സമ്മതിച്ചിരിക്കുന്നു.
മരണം: ഈ വൈകിപ്പിക്കല്‍ കൊണ്ട്‌ നീ ഉദ്ദേശിച്ചതു നടന്നുവോ?
ബ്ലോക്ക്‌: ഉം.
മരണം: അതീവ സന്തുഷ്ടന്‍, ഞാന്‍.

മരണം എഴുന്നേറ്റുകൊണ്ട്‌: അടുത്ത തവണ നാം കണ്ടുമുട്ടുമ്പോള്‍, നിനക്കും നിന്റെ കൂട്ടുകാര്‍ക്കും സമയം ആഗതമായിക്കഴിഞ്ഞിരിയ്ക്കും.
ബ്ലോക്ക്‌: അന്ന്‌ നിന്റെ രഹസ്യത്തെ കുറിച്ച്‌ പറയുമോ?
മരണം: എനിക്കൊരു രഹസ്യവുമില്ല.
ബ്ലോക്ക്‌: നിനക്കൊന്നും അറിയില്ലേ?

മരണം, രൂക്ഷമായി ഉരുണ്ടുകൂടുന്ന ദൃഷ്ടിയോടെ:

ഞാന്‍..., അനറിവ്‌.

പെരുങ്കാറ്റടിയ്ക്കുന്നു. മഴയും ഇടിവെട്ടും മിന്നലും. വൃക്ഷങ്ങള്‍ ആടിയുലയുന്നു. മിയ നിലവിളിയ്ക്കുകയാണ്‌. നരകത്തിന്റെ മാലാഖ തങ്ങളെ കണ്ടുകഴിഞ്ഞുവെന്നവള്‍ കേഴുന്നു. ജോഫ്‌ കുതിരവണ്ടി നിറുത്തി, ഭാര്യയേയും കുഞ്ഞിനേയും കൂട്ടി വണ്ടിക്കകത്തേയ്ക്ക്‌ നൂഴുന്നു. അവിടെയവര്‍ അടക്കംപിടിച്ച്‌ കിടക്കുന്നു.

ഇതിനകം, കാറ്റിലുലഞ്ഞ്‌, മഴ നനഞ്ഞ്‌, പ്രഭുവും കൂട്ടരും കോട്ടയിലെത്തുന്നു. പ്രഭ്വി അവരെ കാത്തുനില്‍ക്കുന്നണ്ടവിടെ. പ്ലേഗ്‌ പേടിച്ച്‌ മറ്റെല്ലാവരും കോട്ടയില്‍ നിന്ന്‌ എന്നേ ഒഴിഞ്ഞു പോയിട്ടുണ്ട്‌. തന്നെ ഓര്‍മ്മയുണ്ടോ എന്നവള്‍ പ്രഭുവിനോട്‌ ചോദിയ്ക്കുന്നു. അവള്‍ അയാളുടെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കുന്നു; തന്നോടുള്ള പ്രേമം അയാളില്‍ ഒഴിഞ്ഞിട്ടില്ലെന്ന്‌ മനസ്സിലാക്കുന്നു. അയാളുടെ വിഷാദം കണ്ട്‌, തന്നെ വിട്ട്‌ യുദ്ധത്തിനു പോയതില്‍ ഖേദിക്കുന്നുവോ എന്നവള്‍ ചോദിയ്ക്കുന്നു. ഇല്ല, പക്ഷെ താന്‍ വളരെയധികം ക്ഷീണിതനായിരിയ്ക്കുന്നു എന്നയാള്‍ പറയുന്നു.

അവരുടെ അവസാനത്തെ അത്താഴമാണത്‌. പ്രഭ്വി സത്യവേദഗ്രന്ഥം തുറക്കുന്നു. 'യോഹന്നാനു ഉണ്ടായ വെളിപാട്‌' ഉദ്ധരിയ്ക്കുന്നു:

...(കുഞ്ഞാടു) ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അരമണിക്കൂറോളം മൗനത ഉണ്ടായി. അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്ക്‌ ഏഴു കാഹളം ലഭിച്ചു....
....
....
മരണം, അപ്പോഴേയ്ക്കും അവിടെ സന്നിഹിതനായിരിയ്ക്കുന്നു.

പ്രഭു, മഹാപ്രഭുവായ മൃത്യുവിന്‌ സുപ്രഭാതം നേരുന്നു. പ്രഭ്വി കോട്ടയിലേയ്ക്ക്‌ അതിനെ വരവേല്‍ക്കുകയും. പ്ലോഗ്‌, തങ്ങള്‍ എളിയ കുറ്റങ്ങള്‍ ചെയ്യുന്ന സാധാരണരാണ്‌ എന്ന്‌ ഭാര്യയേയും കൂട്ടി വിനയനമ്രനാവുന്നു. ബ്ലോക്ക്‌ മുഖം പൊത്തി, ദൈവത്തോട്‌ ഈ കൊടും അന്ധകാരത്തില്‍ നിന്ന്‌ കൃശരായ തങ്ങളെ രക്ഷിക്കേണമേ എന്ന്‌ യാചിയ്ക്കുന്നു. ജോണ്‍സ്‌ തന്റെ പാരുഷ്യം മറച്ചുവെക്കാതെ, അവനെവിടെ ഇരുന്നാലും (പ്രഭുവിന്റെ) ഈ നിലവിളി കേള്‍ക്കാന്‍ ആരുമില്ലെന്ന്‌ പറയുന്നു. വിവേചനക്കുറവിന്റെ പ്രതിബിംബം തന്നെയാണ്‌ (പ്രഭുവിന്റെ) നിലവിളിയെന്നയാള്‍ വിമര്‍ശിയ്ക്കുന്നു. അതു കേള്‍ക്കെ, പ്രഭു വീണ്ടും ദൈവകാരുണ്യത്തിനായി യാചിക്കുന്നു. അനശ്വരതയെ കുറിച്ചുള്ള (പ്രഭുവിന്റെ) ഈ ധര്‍മ്മസങ്കടത്തെ തനിയ്ക്കു പണ്ടേ ചികില്‍സിക്കാനാകുമായിരുന്നുവെന്ന്‌ ജോണ്‍സ്‌ അപ്പോള്‍ അരിശം കൊള്ളുന്നു. വൈകിപ്പോയി. ഇപ്പോഴെങ്കിലും, അവസാനനിമിഷം വരെ ജീവിച്ചിരിയ്ക്കുന്നതിന്റെ വിജയോന്മാദം അനുഭവിച്ചറിയ്‌. പ്രഭ്വി വാഗ്വാദത്തെ തടയുന്നു: ശ്‌...ശ്‌.... ജോണ്‍സ്‌: നിറുത്താം, പക്ഷെ കടുത്ത പ്രതിഷേധത്തോടെ മാത്രം -എന്ന്‌ സ്വയം നിയന്ത്രിയ്ക്കുന്നു.

ജോണ്‍സിനെ അനുഗമിയ്ക്കുന്ന മൂകയായ യുവതി മുട്ടുകാലില്‍ ഇരുന്ന്‌ മൃത്യുവിനെ ഉറ്റുനോക്കിക്കൊണ്ട്‌: അപ്പോള്‍ എല്ലാം കഴിഞ്ഞു. അല്ലേ?

പുറത്ത്‌ കുതിരവണ്ടിയില്‍, മിയ ഉണരുന്നു. മഴയൊടുങ്ങി; കാറ്റ്‌ ശമിച്ചു. അവള്‍ കുഞ്ഞിനെയെടുത്ത്‌ ജോഫുമൊത്ത്‌ വണ്ടിയില്‍ നിന്നിറങ്ങുന്നു. ഉത്സാഹവതിയാണവള്‍. ജോഫ്‌ കണ്ണുതിരുമ്മി ദൂരെ ചക്രവാളത്തിലേയ്ക്ക്‌ നോക്കുന്നു. അവിടെ, കാര്‍മേഘാവൃതമായ വാനിനു കീഴെ മലയുടെ മുകളതിര്‌ നിഴല്‍ച്ചിത്രം പോലെ കാണാം. അവിടെ, പ്രഭുവും കൂട്ടരും നൃത്തമാടി പോകുന്നതു കാണുന്നു, അയാള്‍. അവരെല്ലാവരും പരസ്പരം കൈകള്‍ കോര്‍ത്തിരിയ്ക്കുന്നു. അവരെ തെളിച്ചുകൊണ്ട്‌, പുല്‍വെട്ടിയും മണല്‍ഘടികാരവും പേറി മൃത്യുവും മുന്നില്‍ ആടിയുലഞ്ഞു നീങ്ങുന്നു.

ജോഫ്‌ ആ അദ്ഭുതക്കാഴ്ച മിയയ്ക്ക്‌ വിവരിച്ചു കൊടുക്കുന്നു.

അവളതിനെ, എന്നുമെന്ന പോലെ, അവന്റെ സ്ഥിരം മായക്കാഴ്ചയായി ചിരിച്ചു തള്ളുകയും.

Note: grim reaper = യമധര്‍മ്മതുല്യനായ ഒരു യൂറോപ്യന്‍ പുരാകഥാപാത്രം. കയ്യിലെപ്പോഴും നീളമുള്ള പിടിയുള്ള പുല്‍വെട്ടിയുണ്ടായിരിക്കും; പലപ്പോഴും ഒരു മണല്‍ ഘടികാരവും.

Subscribe Tharjani |
Submitted by ശിവന്‍ (not verified) on Sun, 2008-04-13 22:30.

സുദേഷേ,
ഈ പുതിയ രീതി വല്ലാതെ ഇഷ്ടപ്പെട്ടു. അതിനു കാരണമുണ്ട്. നല്ലൊരു സിനിമ കണ്ടു കഴിഞ്ഞിട്ട് അതിനെക്കുറിച്ചു പറയാന്‍ ആരും ഇല്ലാത്ത ഒരവസ്ഥയിലാണ്, ഈ കൂട്ടം ചേര്‍ന്ന ആസ്വാദനം എത്രമാത്രം അഭിലഷണീയമാണെന്ന് മനസിലാവൂ. കൂട്ടത്തോടെ സിനിമയെഴുതുന്നതില്‍ ഒരു സിനിമാക്കൊട്ടകയുണ്ട്. കൂട്ടത്തോടെയിരുന്നു സിനിമകാണുക ഒറ്റയ്ക്ക് ആസ്വാദനം എഴുതുക എന്ന സമ്പ്രദായമാണല്ലോ തകരുന്നത് ! എട്ടരയും, പോക്കറ്റടിയും വാങ്ങിച്ചു. എന്നു വച്ചാല്‍ വാങ്ങിക്കാതിരിക്കാന്‍ പറ്റാത്തതരത്തില്‍ ഈ കൂട്ട സിനിമകാണല്‍ സ്വാധീനിച്ചിരിക്കുന്നു എന്ന്. ഏഴാം മുദ്ര രണ്ടിലധികം പ്രാവശ്യം കണ്ടതാണ്.
പുതിയ സിനിമകളുടെ കൂട്ടക്കാണല്‍ എങ്ങനെ എന്നു കൂടി അറിയണം. ആര്‍ക്കൈവുകളെപ്പോലെ എളുപ്പമാവില്ല അവയെ വിലയിരുത്താന്‍ എന്നു തോന്നുന്നു. അവ സിനിമാക്കൊട്ടകകള്‍‍ക്കു വേണ്ടി മാത്രം പടച്ചവയല്ലാത്തതിനാല്‍കൂടി.