തര്‍ജ്ജനി

ഡോ.പി.സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

നിരീക്ഷണം

അധിനിവേശചരിത്രത്തിന്റെ പ്രയോഗം ഭാഷയിലും സാഹിത്യത്തിലും: ഒരു ഡമോണ്‍‍സ്ട്രേഷന്‍

കേരളസമൂഹം എന്നും വിദ്യാഭ്യാസകാര്യത്തില്‍ തല്പരരായിരുന്നു. അതു് പ്രബുദ്ധതയുടെ ലക്ഷണം മാത്രമല്ല. അതുവഴി നേടാവുന്ന ജീവിതവിജയങ്ങളിലുള്ള താല്പര്യത്തിന്റെ പ്രകടീകരണം കൂടിയാണതു്. അതുകൊണ്ടാണു് പുതിയ കാലത്തു് കോളേജുകളില്‍ ബിരുദപഠനത്തിനു് വിദ്യാര്‍ത്ഥികളില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു്. എന്‍ട്രന്‍സും മെഡിക്കല്‍ എഞ്ചിനിയറിംഗ് കോഴ്‌സുകളുമാണു് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയം. പ്ലസ് ടു ജയിക്കുന്ന അവസാനത്തെ കുട്ടിയെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അത്തരം കലാലയങ്ങള്‍ സ്ഥാപിക്കാവുന്ന തരത്തില്‍ തീവ്രമാണു് ആ ഭ്രമം. ഒരു ഫാഷന്‍ തരംഗംപോലെ വിദ്യാര്‍ത്ഥികള്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്വാശ്രയകോളേജുകളിലേക്കു് ചേക്കേറുന്നു. ഈ വര്‍ത്തമാനാകാലാവസ്ഥയിലാണു് കേരളത്തിലെ ബിരുദപഠനത്തില്‍ സമൂലമായ പരിഷ്ക്കാരം നടത്തണമെന്ന ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ തീരുമാനം ശ്രദ്ധേയമാകുന്നതു്.

ബിരുദപഠനരംഗത്തു് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പരിഷ്ക്കരങ്ങള്‍ ചോയ്‌സ് ബേയ്‌സ്ഡ് ക്രെഡിറ്റ് സമ്പ്രദായവും സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിംഗ് സമ്പ്രദായവുമാണു്. ചോയ്‌സ് ബേയ്‌സ്ഡ് ക്രെഡിറ്റു് സമ്പ്രദായം എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിക്കും പഠനവിഷയങ്ങളുടെ വിവിധമേഖലകളില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കുന്ന സംവിധാനമാണു്. സെമസ്റ്റര്‍ സമ്പ്രദായം ഒരു വര്‍ഷത്തെ കോഴിസിനുപകരം ആറുമാസത്തെ കോഴ്‌സ് എന്ന രീതിയാണു്. അതായതു് മൂന്നു വര്‍ഷത്തെ ബിരുദപഠനം എന്നതു് ആറുമാസം വീതമുള്ള ആറു സെമസ്റ്ററുകളായി മാറുന്നു. ഗ്രേഡിംഗ് സമ്പ്രദായം പരീക്ഷയുടെ മാര്‍ക്കുകള്‍ അക്കത്തില്‍ നല്കുന്നതിനു പകരം എ. ബി. സി. തുടങ്ങിയ അക്ഷരപ്പേരില്‍ നല്കുന്നരീതിയാണു്. അങ്ങനെ അടിമുടി മാറിയ ബിരുദപഠനമാണു് അടുന്ന അക്കാദമികവര്‍ഷം മുതല്‍ നടത്താനുദ്ദേശിക്കുന്നതു്. ഇതുവരെ പറഞ്ഞുവന്ന പേരുകള്‍ പാടേ മാറ്റിക്കഴിഞ്ഞിരിക്കുന്നു. കോമണ്‍ കോഴ്‌സ്, കോര്‍ കോഴ്‌സ്, കോംപ്ലിമെന്ററി കോഴ്‌സ്, ഓപ്പണ്‍ കോഴ്‌സ് എന്നിങ്ങനെയാണു് അതിന്റെ പേരുകള്‍.

ഇത്തരം ഒരു പരിഷ്ക്കരണത്തിനു് പശ്ചാത്തലമായി ഉന്നതവിദ്യഭ്യാസകൗണ്‍സില്‍ പ്രധാനമായും പറയുന്നതു് പൊതുവിദ്യാഭ്യാസത്തില്‍ ഡി.പി.ഇ.പി.യോടൊപ്പം നടപ്പിലായ പരിഷ്ക്കരണങ്ങളുമായി ബിരുദതലത്തെ ഇണക്കുക എന്നതാണു്. ഹയര്‍സെക്കണ്ടറിവരെ പഠിച്ചുവന്ന രീതിയോടു് നിരക്കുന്ന വിദ്യാഭ്യാസപദ്ധതി ബിരുദതലത്തിലും ഒരുക്കുകയാണതു്. നിരന്തരമൂല്യനിര്‍ണ്ണയവും ഗ്രേഡിംഗ് പരീക്ഷാരീതിയുമാണു് അതിന്റെ കാതല്‍. അതില്‍ നിരന്തരമൂല്യനിര്‍ണ്ണയം ഇന്റേണല്‍ അസെസ്സ്‌മെന്റ് എന്ന പേരില്‍ ബിരുദതലത്തില്‍ നേരത്തേ നടപ്പിലാക്കിയതാണു്. ഗ്രേഡിംഗ് മാത്രമാണു് പുതുതായി വരുന്നതു്. സെമസ്റ്റര്‍ സമ്പ്രദായമാകട്ടെ ബിരുദാനന്തരബിരുദതലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും ഇതുവരെ സമയക്രമം പാലിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു പരിഷ്ക്കാരമാണു്.

പ്രധാനമായും സയന്‍സ്, ഹ്യുമാനിറ്റീസ്, ഭാഷാസാഹിത്യം എന്നിങ്ങനെ വേര്‍തിരിഞ്ഞുനിന്ന വിഷയങ്ങളില്‍ ഏതു തെരഞ്ഞെടുത്താലും കുട്ടികള്‍ ഒന്നാം ഭാഗത്തില്‍ ഒന്നാംഭാഷ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും അടങ്ങിയ മൂന്നു പേപ്പറുകള്‍ നിര്‍ബ്ബന്ധമായും പഠിക്കേണ്ടിയിരുന്നു. രണ്ടാംഭാഗത്തില്‍ രണ്ടാംഭാഷ എന്ന പേരില്‍ മലയാളം, ഹിന്ദി, അറബി തുടങ്ങിയ ഏതെങ്കിലുമൊരു ഭാഷയും സാഹിത്യവുമാണു് പഠിക്കേണ്ടിയിരുന്നതു്. കോമണ്‍ കോഴ്‌സസ് എന്നാണു് പുതിയ പരിഷ്ക്കാരം ഈ മേഖലെയെ വിളിക്കുന്നതു്. നാലു സെമസ്റ്ററുകളിലായി പൂര്‍ത്തിയാകുന്ന 10 കോഴ്‌സുകള്‍ (പേപ്പറുകള്‍ എന്നു പഴയപേരു്) ആണു് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതു്. അതില്‍ സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, പരിസ്ഥിതിപഠനം, വിമര്‍ശാത്മകചിന്ത തുടങ്ങിയവയാണു് ഇംഗ്ലീഷദ്ധ്യാപകര്‍ പ്രധാനമായും പഠിപ്പിക്കേണ്ടതു്. കൂട്ടത്തില്‍ കമ്മ്യൂണിക്കേറ്റീവ് സ്ക്കില്ലും അക്കാദമി റൈറ്റിംഗും ഉണ്ടു്. ചുരുക്കത്തില്‍ സാഹിത്യം ക്ലീന്‍ ഔട്ട്.

രണ്ടാംഭാഷകളുടെ കാര്യവും വ്യത്യസ്തമല്ല. കോമണ്‍കോഴ്‌സില്‍ മലയാളം തെരഞ്ഞെടുത്താല്‍ പഠിക്കേണ്ട നാലു കോഴ്‌സ് ഇവയാണു്: 1. കേരളചരിത്രവും സംസ്ക്കാരവും, 2. മലയാളസാഹിത്യം (നോവല്‍, കഥ, കവിത, നാടകങ്ങള്‍, ഉപന്യാസം, തിരക്കഥ എന്നിവയ്ക്കു് 90 മണിക്കൂറാണു് നീക്കിവെച്ചിരിക്കുന്നതു്), 3. സര്‍ഗ്ഗാത്മകരചന/ കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍ ( ഡിബേറ്റ്, ഗ്രൂപ്പ് ഡിസ്ക്കഷന്‍, റൈറ്റിംഗ്, റീഡിംഗ്, കാഥികന്റെ പണിപ്പുര, എന്റെ കവിത ... എന്നിങ്ങനെയാണു് ഗൈഡ്‌ലൈന്‍), 4. വിവര്‍ത്തനം- സിദ്ധാന്തവും പ്രയോഗവും, ആശയവിനിമയം. ആകപ്പാടെ സാഹിത്യം പഴയതിന്റെ നാലിലൊന്നുമാത്രം.

മലയാളവിഭാഗം വാഗ്ദാനം ചെയ്യുന്ന ഓപ്പണ്‍ കോഴ്‌സുകള്‍ (സയന്‍സാദിവിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കു് തെരഞ്ഞെടുക്കാവുന്നതു്) ഇവയാണു്: 1. (a) തിയറ്റര്‍, (b) വിമന്‍ സ്റ്റഡീസ്, (c) മീഡിയ ട്രാന്‍സലേഷന്‍, 2. (a)സൗത്ത് ഇന്ത്യന്‍ കള്‍ച്ചര്‍ / കംപാരറ്റീവ് ലിറ്ററേച്ചര്‍, (b) ട്രാന്‍സലേഷന്‍, (c) ദളിത് / സ്ത്രീ-പഠനങ്ങള്‍.

കോര്‍ കോഴ്‌സ്: 1. പ്രാചീനമദ്ധ്യകാലീനകവിത, 2. പൗരസ്ത്യകാവ്യതത്വങ്ങള്‍, 3, മലയാളസാഹിത്യം: നോവല്‍-കഥ, 4. നവോത്ഥാനസാഹിത്യം- കവിത, 5. മലയാളസാഹിത്യം- ആധുനികകവിത, 6. പാശ്ചാത്യസാഹിത്യതത്വങ്ങള്‍, 7. കേരളീയരംഗകലകള്‍, 8. ഗദ്യസാഹിത്യം, 9, സാഹിത്യവിമര്‍ശനം, 10. കേരളപഠനം( കേരളം 19ാം നൂറ്റാണ്ടുവരെ), 11. 20 ആംനൂറ്റാണ്ടിലെ കേരളം, അധികാരവികേന്ദ്രീകരണം, 12. ഭാഷാചരിത്രം... ഭാഷാകമ്പ്യൂട്ടിംഗ് വരെ, 13. മലയാളഭാഷാവ്യാകരണം, 14. അച്ചടിമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും 15 കേരളഫോലോര്‍.

ചോയ്‌സ് ബോയ്‌സ്ഡ് ക്രെഡിറ്റ് സമ്പ്രദായത്തില്‍ ഒരുകൂട്ടം വിഷയങ്ങളില്‍നിന്നു് തനിക്കു് വേണ്ടതു് തെരഞ്ഞെടുക്കാന്‍ ഓരോ കുട്ടിക്കും അവസരം നല്കുന്ന രീതിയാണു്. എന്നാല്‍ കേരളത്തില്‍ നടപ്പിലാക്കുന്നതു് ഓരോ കോളേജും തീരുമാനിക്കുന്ന വിഷയങ്ങള്‍ മാത്രം പഠിക്കാനുള്ള അവസരം മാത്രം നല്കുന്ന രീതിയാണു്. പഴയ ഐച്ഛികം (optional) എന്ന സങ്കല്പത്തില്‍ കവിഞ്ഞു് അതില്‍ ഒന്നുമില്ല. പുതിയ പദ്ധതി എന്തെങ്കിലും മാറ്റം വരുത്തുന്നതു് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പരീക്ഷ നടത്തുന്നതിലും അവയുടെ മാര്‍ക്കു് സംഖ്യയില്‍ രേഖപ്പെടുത്താത്തതിലും മാത്രം. ഇന്റേണല്‍ അസെസ്സ്‌മെന്റ് എന്ന നിരന്തരമൂല്യനിര്‍ണ്ണയ സമ്പ്രദായം നേരത്തേ നിലവിലിരുന്ന സ്ഥിതിക്കു് ഇതിനെ കേവലം സിലബസ് പരിഷ്ക്കരണം എന്നേ വിളിക്കേണ്ടതുള്ളൂ. ഭാഷയും സാഹിത്യവും മെയിനായി പഠിക്കുന്നവരൊഴിച്ചു് മറ്റാരും സാഹിത്യം പഠിച്ചുപോകരുത് എന്നാണു് ഈ പരിഷ്ക്കരണത്തിന്റെ പ്രധാനമായ ഉദ്ദേശ്യം എന്നു് ഒറ്റനോട്ടത്തില്‍ ആര്‍ക്കും വ്യക്തമാകും. ചുരുക്കത്തില്‍, ഉന്നതവിദ്വഭ്യാസകൗണ്‍സില്‍ കൊട്ടിഘോഷിക്കുന്ന ഈ സമൂലപരിഷ്ക്കാരത്തിന്റെ അടിസ്ഥാനാദര്‍ശം ഭാഷാവിഷയങ്ങള്‍ അപ്രാധാനമാക്കുക മാത്രമാണെന്നു് സംശയിക്കേണ്ടിയിരിക്കുന്നു.

ഒട്ടകത്തിനു് ടെന്റില്‍ ഇടം കൊടുത്തു സ്വയം പുറത്താകേണ്ടിവന്ന സഞ്ചാരിയുടെ കഥയാണു് ഓര്‍മ്മ വരുന്നതു്. അധിനിവേശങ്ങള്‍ അങ്ങനെ രൂപം മാറിയാണു് വരിക. വ്യാപാരത്തിനു് വന്നവര്‍ അധികാരികളായി മാറുന്നതു് വളരെ പതുക്കെയും ശ്രദ്ധാപൂര്‍വ്വവുമാണു്. ഭാഷാസാഹിത്യങ്ങളെ നാടുകടത്താനുള്ള പദ്ധതിയും ആസൂത്രിതമാണു്. വളരെ ഗൂഢമായ മാര്‍ഗ്ഗത്തില്‍ അതു് വന്നുകഴിഞ്ഞിരിക്കുന്നു. ഭാഷയെയും സാഹിത്യത്തെയും വളഞ്ഞുപിടിക്കാന്‍ ഇരുതലയുള്ള തന്ത്രങ്ങളാണു് വരുന്നതു്.

ഒന്നു് വളരെ ചെറിയ ക്ലാസ്സുകളിലേ ആരംഭിച്ചതാണു്. ഭാഷയെ വെറും ഉപകരണമായി കരുതുന്നതാണു് അതിന്റെ യുക്തി. ഭാഷ കമ്മ്യൂണിക്കേഷനുള്ളതാണു് എന്നല്ല അതിനു മാത്രമുള്ളതാണു്. അതുകൊണ്ടു് ഭാഷാപഠനം അതു് ഇംഗ്ലീഷായാലും മലയാളമായാലും എന്തിനു സംസ്കൃതമായാല്‍പ്പോലും നിത്യജീവിതത്തിലെ സാധാരണ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ഉപകരണം മാത്രമാണു്. അതുകൊണ്ടു് ഭാഷയെക്കുറിച്ചു് ഒന്നും പഠിക്കരുതു്. ഭാഷ ഉപയോഗിച്ചു് അങ്ങാടിയില്‍പ്പോയി സാധനം വാങ്ങാന്‍ പഠിക്കണം. വിദേശികള്‍ക്കു് കപ്പലണ്ടി വില്ക്കാന്‍ പഠിക്കുകയാണു് ഇംഗ്ലീഷ് പഠനത്തിന്റെ ലക്ഷ്യം എന്നു് കേരളത്തിലെ പുതിയ പാഠ്യപദ്ധതിക്കാര്‍ നിര്‍ല്ലജ്ജം പ്രഖ്യാപിച്ചിട്ടിട്ടുണ്ടു്. ബിരുദതലത്തിലും ഭാഷ കമ്മ്യൂണിക്കേഷനുമാത്രമുള്ള ഉപകരണമാണു് എന്നു പേപ്പറുകളള്‍ടെ ലിസ്റ്റു കണ്ടാല്‍ ബോദ്ധ്യപ്പെടും.

സാഹിത്യത്തെ പുനര്‍നിര്‍വ്വചിക്കുകയാണു് അതൊടൊപ്പം നടത്തുന്ന മറ്റൊരു മാര്‍ഗ്ഗം. സുപ്രസിദ്ധരായ സാഹിത്യകാരന്മാരുടെ കൃതികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്ക്കൂള്‍പാഠപുസ്തകങ്ങള്‍ക്കു് അലര്‍ജ്ജിയാണു്. പകരം ചില നഴ്‌സറിപ്പാട്ടുകളാണു് വിദ്യാര്‍ത്ഥികളുടെ സാഹിത്യം. മഴേ മഴേ പോയി വാ പുഴേ പുഴേപോയി വാ എന്നൊക്കെ താളാത്മകമായി എഴുതുന്നതാണു് കവിത എന്നു് സ്ഥാപിക്കുകയാണു് അതിന്റെ വഴി. കുട്ടികളെഴുതുന്നതെന്തും ആഘോഷിക്കപ്പെടുന്നു. അതോടൊപ്പം സ്ലെയിറ്റേ പെന്‍സിലേ എന്നൊക്കെയുള്ള കവിതകള്‍ മാതൃകകളായി പാഠപുസ്തകത്തിലും വരുന്നു. കൊണ്ടാടപ്പെടുന്ന മികവുകള്‍ പാഠപുസ്തകത്തിലേതിനെക്കാള്‍ മികച്ചതാവാനുള്ള മുന്നൊരുക്കമാണു് പാഠപുസ്തകങ്ങള്‍ എന്നു തോന്നും. ബിരുദതലത്തില്‍ സാഹിത്യം പാടേ ഉപേക്ഷിക്കുക എന്നതാണു് സ്വീകരിച്ചിരിക്കുന്ന നയം. അങ്ങനെ ഭാഷയെ ഉപകരണമാക്കിയും സാഹിത്യത്തെ നിസ്സാരമാക്കിയും പൊതുവിദ്യാഭ്യാസത്തില്‍ അതിന്റെ നിലമൊരുക്കലാണു് നടക്കുന്നതു്. ഹയര്‍സെക്കണ്ടറിയില്‍ ഭാഷകള്‍ പാടില്ലെന്ന കേരളവിദ്യാഭ്യാസചട്ടക്കൂടിലെ നിര്‍ദ്ദേശം ഇതിന്റെ തുടര്‍ച്ചയാണു്.

രണ്ടാമത്തെ മാര്‍ഗ്ഗം കയ്യേറ്റമാണു്. തന്റെ നിലത്തിന്റെ അതിര്‍ത്തിയിലേക്കു് മെല്ലെ മെല്ല കയറി അതിര്‍ത്തിയെ നീക്കിനീക്കിക്കൊണ്ടുപോകുന്ന തന്ത്രം വിദേശികള്‍ക്കല്ല സ്വദേശികള്‍ക്കും നല്ലപോലെ വശമുള്ളതാണു്. ഭാഷയ്ക്കുപകരം വരുന്നതു് ചരിത്രവും സംസ്ക്കാരവുമാണു് എന്നുകാണാം. ഭാഷയുടെ പല ധര്‍മ്മങ്ങളില്‍ ഒന്നായ കമ്മ്യൂണിക്കേഷനെ ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ പല ധാരകളില്‍ ഒന്നായ സംസ്ക്കാരത്തെ വേറിട്ടുകാണിക്കുകയാണതിന്റെ വഴി. തൃശൂരില്‍ നടന്ന ശില്പശാലയില്‍ ബി. എ. മലയാളം ഭാഷയും സാഹിത്യവും എന്നു നിലവിലുള്ള പേരുമാറ്റി ബി.എ. മലയാളം ഭാഷയും സാഹിത്യവും സംസ്ക്കാരവും എന്നാക്കണമെന്നു് ആരോ നിര്‍ദ്ദേശിക്കുകയുണ്ടായി. എങ്കില്‍ മാത്രമേ ഭാഷാസാഹിത്യത്തിനു പിടിച്ചുനില്ക്കന്‍ കഴിയൂ എന്നാണു് വാദം. (കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മലയാളവിഭാഗത്തിന്റെ പേരു് കേരള-മലയാളപഠനം (Department of Malayalam and Kerala studies)എന്നു മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മലയാളമദ്ധ്യാപകര്‍ പഠിപ്പിക്കേണ്ടുന്ന കോമണ്‍ കോഴ്‌സിലെ വിഷയങ്ങള്‍ ചരിത്രത്തിനും സംസ്ക്കാരത്തിനു കൂടി അവകാശപ്പെട്ടതായിത്തീര്‍ന്നിരിക്കുന്നു.) ക്രമേണ അതു് സാംസ്ക്കാരികപഠനത്തിന്റെ ഭാഗമാകുമെന്നതില്‍ സംശയമില്ല. കോര്‍ പേപ്പറുകളില്‍ത്തന്നെ അതിനുള്ള നീക്കം നടന്നു കഴിഞ്ഞിട്ടുണ്ടു്. ഒട്ടകം പകുതി ടെന്റിനകത്താണു്. സഞ്ചാരി മുക്കാലും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അധിനിവേശത്തെക്കുറിച്ചു പഠിക്കുന്നതു് അതിനെ തടയാനല്ല അതു് സുന്ദരമായി പ്രയോഗിക്കാനാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തെളിയിക്കുകയാണു്. ഇരയായിത്തീര്‍ന്നതു് ഭാഷയും സാഹിത്യവുമാണെന്നു മാത്രം. ഒരു സമൂഹത്തെ കീഴടക്കാന്‍ അതിന്റെ ഭാഷയെ തകര്‍ത്താല്‍ മതി എന്നു് പണ്ടേ മെക്കാളെ മനസ്സിലാക്കിയിരുന്നു. പുതിയ മെക്കാളെയുടെ മിനുട്ട്‌സ് അതു് വീണ്ടും വീണ്ടും തെളിയിക്കുന്നു.

ഇതു് നടപ്പിലാക്കാനവലംബിക്കുന്ന രീതി അതിലേറെ ജനാധിപത്യവിരുദ്ധമാണു്. പാഠ്യപദ്ധതി പുനഃസംഘാടനത്തിനായി തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട മലയാളം അദ്ധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയില്‍നിന്നു് ഈ ലേഖകനടക്കം ചില അദ്ധ്യാപകര്‍ ഇറങ്ങിപ്പോകാനുള്ള സാഹചര്യമുണ്ടായി.(ഇതേപോലെ ഹിന്ദിയുടെ ശില്പശാലയില്‍നിന്നും അദ്ധ്യാപകര്‍ ഇറങ്ങിപ്പോകുകയുണ്ടായി.) ബിരുദതലത്തില്‍ ഒരു കരിക്കുലം നിലവിലില്ല. അതിനാല്‍ ബോധനോദ്ദേശ്യങ്ങള്‍ നിര്‍ണ്ണയിക്കാനായി ഗ്രൂപ്പുതിരിഞ്ഞു് ചര്‍ച്ചകള്‍ നടത്താനാവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു ചര്‍ച്ച നടത്തുമെന്നാണു് പറഞ്ഞിരുന്നതു്. എന്നാല്‍ കോമണ്‍കോഴ്‌സുകളുടെ കാര്യത്തില്‍ യാതൊരു ചര്‍ച്ചയും പാടില്ലെന്നാണു് ശില്പശാലയുടെ സംഘാടകനായ കാവുമ്പായി ബാലകൃഷ്ണന്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതു്. അതെല്ലാം ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തീരുമാനിച്ചുകഴിഞ്ഞതാണു്. കോര്‍ കോഴ്‌സിന്റെ കാര്യത്തില്‍ മാത്രം ചര്‍ച്ചയാവാം എന്നായിരുന്നു നിലപാടു്. (അതും നിശ്ചയിക്കപ്പെട്ടതാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സിലുമായി ബന്ധപ്പെട്ട ആള്‍ സ്വകാര്യം പറയുന്നതും കേട്ടിട്ടുണ്ടു്)

ഭാഷയെയും സാഹിത്യത്തെയും നാടുകടത്താനുള്ള നിഗൂഢനീക്കമാണു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ആസൂത്രണം ചെയ്തിരിക്കുന്നതു്. ആദ്യപടിയായി അവര്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ ഭാഷകള്‍ക്കു് ഒരു സെമസ്റ്ററില്‍ ഒരു കോഴ്‌സ് (പേപ്പര്‍) മാത്രമായിരുന്നു കരുതിവെച്ചതു്. ഇപ്പോഴതു് നാലു കോഴ്‌സായി മാറ്റാന്‍ കഴിഞ്ഞതു് ശക്തമായ ഇടപെടലുകളുടെ ഫലമായായണു് എന്നാണു് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അവകാശപ്പെടുന്നതു്. ഭാഷാദ്ധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുന്ന ഒരു നീക്കവും ഉണ്ടാകില്ലെന്നാണു് നല്കുന്ന ഉറപ്പു്. ഇംഗ്ലീഷദ്ധ്യാപകര്‍ക്കു് തൊഴില്‍ നഷ്ടപ്പെടില്ല എന്നുറപ്പു്. പക്ഷെ അവര്‍ പഠിപ്പിക്കേണ്ടതു് ഭരണഘടനയും ശാസ്ത്രത്തിന്റെ ചരിത്രവും പാരിസ്ഥിതകപഠനങ്ങളുമാണു്. തങ്ങള്‍ സ്പെഷലൈസ് ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ അതു സ്പെഷലൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ നിന്നാല്‍ പണിപോവില്ല; കഞ്ഞികുടി മുട്ടില്ല. ആരെങ്കിലും ഇനി ഇതു് ചോദ്യം ചെയ്താല്‍ അദ്ധ്യാപകരുടെ ശില്പശാലയില്‍വെച്ചു് ജനാധിപത്യപരമായാണു് എല്ലാം തീരുമാനിക്കപ്പെട്ടതു് എന്നു അധികാരപൂര്‍വ്വം മറുപടി പറയാം. ചുരുക്കത്തില്‍ പരിഷ്ക്കരണത്തെ സംബന്ധിച്ചു് വിലപേശാനും കാതലായ കാര്യങ്ങളില്‍ മാറ്റം വരുത്താനും മാത്രം അയവുള്ളതാണു് കാര്യങ്ങള്‍. ഉന്നതവിദ്യാഭ്യാസകൗണ്‍സിലായാലും അദ്ധ്യാപകരായാലും വിലപേശലില്‍ നടത്തിയ വിട്ടുവീഴ്ചകള്‍ രസകരമാണു്. ഭാഷയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പു് അതിലും വിശേഷമാണു്. ബിരുദത്തില്‍ ഒരു സെമസ്റ്ററില്‍ മാത്രം പൊതുവായ ഭാഷയും സാഹിത്യവും എന്ന വാശി കൗണ്‍സില്‍ ഉപേക്ഷിച്ചു. അതു് നാലു സെമസ്റ്ററുകളിലേക്കും സ്വീകരിക്കാമെന്നു സമ്മതിച്ചു. ഭാഷയും സാഹിത്യവുമാണു് പഠിപ്പേക്കേണ്ടതു് എന്ന വാശി അദ്ധ്യാപകര്‍ ഉപേക്ഷിച്ചു. എന്തുവിഷയമായാലും വേണ്ടില്ല അതൊക്കെ ഭാഷാദ്ധ്യാപകര്‍തന്നെ പഠിപ്പിക്കണമെന്നേയുള്ളൂ. ആര്‍ക്കും തൊഴില്‍ പോകരുതു്, തല്ക്കാലത്തേക്കെങ്കിലും. മനോഹരമായ ഒത്തുതീര്‍പ്പു്. ആ തീരുമാനങ്ങളെല്ലാം മുഴുവന്‍ അദ്ധ്യാപകരുടെയും പേരില്‍ നടപ്പിലാക്കനുള്ള കുടിലശ്രമങ്ങളാണു് നടന്നതു്.

ഭാഷയും സാഹിത്യവും കാലഹരണപ്പെട്ട വിഷയങ്ങളാണെന്നു ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ കരുതുന്നുണ്ടെങ്കില്‍ അതിനെന്തെങ്കിലും യുക്തിയുണ്ടാവണമല്ലോ. അതു ജനങ്ങളെ പൊതുവെയും അക്കാദമികസമൂഹത്തെ വിശേഷിച്ചും ബോദ്ധ്യപ്പെടുത്താനുള്ള ആര്‍ജ്ജവമാണു് കാണിക്കേണ്ടതു്. ഭാഷാസാഹിത്യങ്ങള്‍ അപ്രസക്തമാണെന്നു വിശ്വസിക്കുകയും അതേസമയം അത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനു് ന്യായം ഒരു വിഭാഗം അദ്ധ്യാപകര്‍ക്കുള്ള തൊഴിലുറപ്പുപദ്ധതിയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ചതിക്കുന്നതു് വിദ്യാര്‍ത്ഥികളെയാണു്. ഒന്നുകില്‍ അവരുടെ വാദം ശരിയല്ലെന്നു സമ്മതിക്കണം, അല്ലെങ്കില്‍ വരുംതലമുറയോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. അല്ലാതെ തങ്ങളുടെ വിശ്വാസങ്ങള്‍ അധികാരപ്രയോഗത്തിലൂടെയും സോപ്പിംഗിലൂടെയും ഒളിച്ചുകടത്തുകല്ല. ഒറ്റുകാരുടെ റോളല്ല ബോര്‍ഡ് ഓഫ് സ്റ്റഡീസിനുള്ളതെന്നു് അവരും തെളിയിക്കേണ്ടതുണ്ടു്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇനിമേലില്‍ ഭാഷയും സാഹിത്യവും പഠിക്കേണ്ടതില്ല എന്ന കൗണ്‍സിലിന്റെ സുചിന്തിതമായ തീരുമാനത്തെക്കുറിച്ചു് സാക്ഷരകേരളം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

സോമനാഥന്‍ പി.
കേരള-മലയാളപഠനവിഭാഗം,
കാലിക്കറ്റ് സര്‍വ്വകലാശാല

Subscribe Tharjani |
Submitted by VK Adarsh (not verified) on Tue, 2009-03-10 08:00.

ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വരെ തുടര്‍ന്നു വന്നിരുന്ന രീതി ഒരു തടസവും സൃഷ്ടിച്ചിരുന്നില്ലല്ലോ. നാം തുടര്‍ന്ന് വരുന്ന സംവിധാനം ഒട്ടേറെ പ്രഗത്ഭരായ ശാസ്‌ത്രജ്ഞരെയും സംഭാവന ചെയ്തിട്ടുണ്ടല്ലോ.ഇ.സി.ജി സുദര്‍ശന്‍,താണു പദ്മനാഭന്‍,നാനോടെക്‍നോളജി വിദഗ്ദനും ചെന്നൈ ഐ.ഐ.ടി പ്രോഫസറുമായ ഡോ.ടി.പ്രദീപ് എന്നിവര്‍ കേരളത്തില്‍ തുടര്‍ന്ന് വന്നിരുന്ന ശാസ്‌ത്രപഠന രീതി അഭ്യസിച്ചവരും ആഗോളതലത്തില്‍ തന്നെ ശ്രേഷ്‌ഠസ്ഥാനം വഹിക്കുന്നവരുമാണ്, എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇവരെല്ലാവരും സാഹിത്യതത്പരരുമാണന്നതുമാണ്. ടി.പ്രദീപ് ‘കുഞ്ഞുകണങ്ങള്‍ക്ക് വസന്തം’ എന്ന പേരില്‍ ഒരു മലയാളം പുസ്‌തകം എഴുതിയിട്ടുമുണ്ടന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
ഷേക്‍സ്പിയറെയും ഷെല്ലിയേയും ടാഗോറിലും തുടങ്ങി അരവിന്ദ് അഡിഗയെയും ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ സവിശേഷ ശ്രദ്ധ നല്‍കി പഠിപ്പിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം.
സയന്‍സ് ഫിക്ഷന്‍ പോലുള്ള സാഹിത്യ ശാഖകള്‍ മലയാളത്തില്‍ അത്രയ്ക്ക് പരിചിതമല്ലാത്തതിനാല്‍ ഐസക് അസിമോവ്,ആര്‍തര്‍ സി ക്ലര്‍ക്ക്, വില്യം ഗിബ്‌സണ്‍,ഹക്‍സ്‌ലി എന്നിവരില്‍ തുടങ്ങി ഭാരതീയനായ ജയന്ത് നാര്‍ലിക്കറുടെ ശാസ്‌ത്രകല്പിത കഥാ ലോകം വായിച്ചു മുന്നേറാന്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി അധ്യാപകര്‍ തയാറാവുകയും വേണം. അന്തര്‍വൈജ്ഞാനിക കോഴ്‌സുകള്‍ (പേപ്പര്‍ എന്ന അര്‍ത്ഥത്തില്‍) ഉള്‍പ്പെടുത്താന്‍ ശാസ്‌ത്രാധ്യാപകരും സാഹിത്യാധ്യാപകരും തയാറാവുകയും ഉത്സാഹിക്കുകയും വേണം. കമ്പ്യൂട്ടേഷണല്‍ ലിംഗിസ്‌റ്റിക്‍സ് കമ്പ്യൂട്ടറും ഭാഷാശാസ്‌ത്രവും തമ്മിലുള്ള ഇഷ്ടമാണങ്കില്‍ സയന്‍സ് ഫിക്ഷന്‍ സാഹിത്യവും ശാസ്‌ത്രസങ്കേതവുമായുള്ള പ്രണയമാണ്. അതെ പഠനപദ്ധതികളുടെ ഇടനാഴികളില്‍ ഇത്തരം ‘പ്രണയക്കാറ്റ് ‘ വീശട്ടെ. കാറ്റ് കടക്കാതെയിരിക്കുന്ന നമ്മുടെ സിലബസ് അലമാരകളിലെ പൊടിയൊക്കെ പോകട്ടെ.
പക്ഷെ അതിനായി കൃത്രിമമായി അടിക്കുന്ന മുന്‍‌നിശ്ചയിച്ച പ്രകാരമുള്ള കാറ്റ് അടിപ്പിക്കുന്നതാണ് പ്രശ്‌നം.
ഓഫ് ടോപ്പിക്: സര്‍ക്കാര്‍ സ്‌കൂള്‍, കൊളജുകളിലെ അധ്യാ‍പകരില്‍ എത്ര പേരുടെ മക്കള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നു എന്ന് നാം പലവട്ടം ചോദിച്ചിട്ടുണ്ട്. ഇനി മറ്റോരു ചോദ്യം “എത്ര മലയാളം അധ്യാപകരുടെ മക്കള്‍ മലയാളം പഠിക്കുന്നു എന്നതല്ല, ഈ അധ്യാപകര്‍ എത്ര വിദ്യാര്‍ത്ഥികളെ മലയാളം പഠിക്കാനായി പ്രേരിപ്പിക്കുന്നുണ്ട് ? സയന്‍സ് ഫിക്ഷനും കമ്പ്യൂട്ടേഷണല്‍ ലിംഗി‌സ്റ്റിക്‍സും പോലുള്ള മേഖലകളാല്‍ ഭാഷാ പഠനം വിവര സമ്പന്നമാണന്ന് ഇവര്‍ എന്തേ പ്രചരിപ്പിക്കുന്നില്ല.
‌‌--
വി.കെ ആദര്‍ശ്

Submitted by K.M.Venugopalan (not verified) on Tue, 2009-03-10 10:13.

Excellent and aptly articulated concerns on the topic!
kudos..

Submitted by cjgeorge (not verified) on Thu, 2009-03-12 17:24.

Dear Adarsh, malayalam adyapakar malayalikalanu. avar makkale malayalathinu aykkunnuvo illayao ennathu charcha chuyyunnathil karyamilla. pradanamanthriyude makal pradanamanthriyakanamenno, koolippanikkarante makkal koolippani cheyyanamenno chinthkkunna tharathilulla vicharam gunam cheyyilla.

Somanathan uyarthiya prasnam, malayalam mashanmarute prasnamayi kanendathalla. Athu bhashakal pothuvayi academic mandalathil ninnu purathakkappedunnathine sambandhicha prasnamanu unnayikkunnathu. KN panikkare polulla akasacharikal bhashaye kevalam information madhyamamayi manasilakkunnu. sahityavum chinthaym polulla uyarnna bhashadharmangal avarkku thiriyukayilla. Utilitarian Sasthra vadikal. UG course restructuringinte maravil Avar nadathunna bhashanishkasanaparipatiye manassilakkan malayalikku kazhiyumo? Communicative bhasha patippikkunnathu nannu. Ennal athalla university / college level bhashapatanathinte paramapradhanamaya lakshyam. Literature patanamanu. Athanu va(ynatta)mozhivadhikalkku thirinjukittathathu. vamozhi namme gulfilo statesilo europilo keezhalajoly nedan sahayichekkum. Athano sarvakalasalyude lakshyam? Atho manushyare srushtikkalo? Bharanakkarute chelavil chinthikkunnabarkku itharam chodhyangal manasilakilla.

Avarkku bhashayennal KCFpolulla chavarukal atichuvitanulla oru madhyamam mathram Notice anu avarute sahitya mathruka. Kunchan nambiare patichittentha karyam?- Avar chodikkum. Adam smithine padichittentha prayaojanam, gramciye patichitentha pray0janam, newtone patichitentha prayajanam ennellam avarkku ariyumennu thonnunnundo?

Kalayum sahityavum nirodhikkanam ennu nichayicha u.kauncil thulanju potte ennu karuthuka. sarvakalasalayude autonomyekkuricuu nedunkan prasangam kachunnavaradangunna board of studiesile pandithanmarekkurichu enthu parayam? Achut sankar somanadhanu nalkunna marganirdesam kashtamakunnu. Enthu board?

Submitted by മഹേഷ് മംഗലാട്ട് (not verified) on Sat, 2009-03-14 09:40.

ശ്രീമാന്‍ സി.ജെ. ജോര്‍ജ്ജ് എഴുതിയ മംഗ്ലീഷ് കമന്റ് വളരെ കഷ്ടപ്പെട്ടാണു് ഞാന്‍ വായിച്ചതു്. അതിന്റെ മലയാളം നല്കുന്നതു് മറ്റുള്ളവരുടെ ക്ലേശം ലഘൂകരിക്കുമെന്നതിനാല്‍ ചുവടെ ചേര്‍ക്കുന്നു:

പ്രിയപ്പെട്ട ആദര്‍ശ്‌,
മലയാളം അദ്ധ്യാപകര്‍ മലയാളികളാണു്. അവര്‍ മക്കളെ മലയാളത്തിനു് അയക്കുന്നുവോ ഇല്ലയൊ എന്നതു് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. പ്രധാനമന്ത്രിയുടെ മക്കള്‍ പ്രധാനമന്ത്രിയാകണമെന്നോ, കൂലിപ്പണിക്കാരന്റെ മക്കള്‍ കൂലിപ്പണി ചെയ്യണമെന്നോ ചിന്തിക്കുന്ന തരത്തിലുള്ള വിചാരം ഗുണം ചെയ്യില്ല.

സോമനാഥന്‍ ഉയര്‍ത്തിയ പ്രശ്നം, മലയാളം മാഷന്മാരുടെ പ്രശ്നമായി കാണേണ്ടതല്ല. അതു് ഭാഷകള്‍ പൊതുവായി അക്കാദമിക്‍ മണ്ഡലത്തില്‍ നിന്നു പുറത്താക്കപ്പെടുന്നതിനെ സംബന്ധിച്ച പ്രശ്നമാണു് ഉന്നയിക്കുന്നതു്. കെ.എന്‍.പണിക്കരെ പോലുള്ള ആകാശചാരികള്‍ ഭാഷയെ കേവലം ഇന്‍ഫര്‍മേഷന്‍ മാദ്ധ്യമമായി മനസ്സിലാക്കുന്നു. സാഹിത്യവും ചിന്തയും പോലുള്ള ഉയര്‍ന്ന ഭാഷാധര്‍മ്മങ്ങള്‍ അവര്‍ക്കു് തിരിയുകയില്ല. യൂട്ടിലിറ്റേറിയന്‍ ശാസ്ത്രവാദികള്‍. യു.ജി കോഴ്സ് റീസ്ട്രക്‍ചറിംഗിന്റെ മറവില്‍‍ അവര്‍ നടത്തുന്ന ഭാഷാനിഷ്കാസനപരിപാടിയെപ്പറ്റി മനസ്സിലാക്കാന്‍ മലയാളിക്കു് കഴിയുമോ? കമ്യൂണിക്കേറ്റീവ് ഭാഷ പഠിപ്പിക്കുന്നതു് നന്നു്. എന്നാല്‍ അതല്ല യൂണിവേഴ്സിറ്റി / കോളേജ്‌ ലെവല്‍ ഭാഷാപഠനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ലിറ്ററേച്ചര്‍ പഠനമാണു്. അതാണു് വാ(യ്‌നാറ്റ)മൊഴിവാദികള്‍ക്കു് തിരിഞ്ഞു കിട്ടാത്തതു്. വാമൊഴി നമ്മെ ഗള്‍ഫിലോ സ്റ്റേറ്റ്സിലൊ യൂറോപ്പിലോ കീഴാളജോലി നേടാന്‍ സഹായിച്ചേക്കും. അതാണോ സര്‍വ്വകലാശാലകളുടെ ലക്ഷ്യം? അതോ മനുഷ്യരെ സൃഷ്ടിക്കലോ? ഭരണക്കാരുടെ ചെലവില്‍ ചിന്തിക്കുന്നവര്‍ക്കു് ഇത്തരം ചോദ്യങ്ങള്‍ മനസ്സിലാകില്ല.

അവര്‍ക്കു് ഭാഷയെന്നാല്‍ കെ.സി.എഫ് പോലുള്ള ചവറുകള്‍ അടിച്ചുവിടാനുള്ള ഒരു മാദ്ധ്യമം മാത്രം. നോട്ടീസ്‌ ആണു് അവരുടെ സാഹിത്യമാതൃക. കുഞ്ചന്‍നമ്പ്യാരെ പഠിച്ചിട്ടെന്തു് കാര്യം? അവര്‍ ചോദിക്കും. ആദം സ്മിത്തിനെ പഠിച്ചിട്ടെന്തു് പ്രയോജനം, ഗ്രാംചിയെ പഠിച്ചിട്ടെന്താ പ്രയോജനം, ന്യൂട്ടനെ പഠിച്ചിട്ടെന്താ പ്രയോജനം എന്നെല്ലാം അവര്‍ക്കു് അറിയുമെന്നു് തോന്നുന്നുണ്ടൊ?

കലയും സാഹിത്യവും നിരോധിക്കണം എന്നു് നിശ്ചയിച്ച ഉ.കൌണ്‍സില്‍ തുലഞ്ഞു പോട്ടെ എന്നു് കരുതുക. സര്‍വ്വകലാശാലയുടെ ഓട്ടോണമിയെക്കുറിച്ചു് നെടുങ്കന്‍ പ്രസംഗം കാച്ചുന്നവരടങ്ങുന്ന ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസിലെ പണ്ഡിതന്മാരെക്കുറിച്ചു് എന്തു പറയാം? അച്ചുത് ശങ്കര്‍ സോമനാഥനു് നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കഷ്ടമാകുന്നു. എന്തു് ബോര്‍ഡ്‌?

Submitted by somanadhan (not verified) on Mon, 2009-03-16 21:47.

അച്യുത് ശങ്കറിന്റെ പ്രതികരണത്തില്‍ കാര്യങ്ങള്‍ അക്കാദമിക്‍ സഭകളെ അറിയിക്കുകയാണു്, ലേഖനമെഴുതുകയായിരുന്നില്ല വേണ്ടതു് എന്നു കണ്ടു.

കാലിക്കററ് സരവ്വകലാശാലയുടെ കീഴിലുള്ള അദ്ധ്യാപകര്ക്കായി ബോര്ഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിച്ച ശില്പശാലയില് നിന്നാണ് അദ്ധ്യാപകര്‍ ഇറങ്ങിപ്പോയത്.

ബിരുദതലത്തില്‍ കരിക്കുലം ഒബ്ദക്ടീവ് ഒന്നും നിലവിലില്ല. അത് നിശ്ചയിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതു്. അതിനു് ഉന്നതവിദ്യാഭ്യാസ കൌണ്സില്‍ നല്കിയ നിര്ദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പുതിരിഞ്ഞ് ചര്ച്ച ചെയ്യാനായിരുന്നു ആജ്ഞ. ആ നിര്ദ്ദേശങ്ങളുടെ പുറകില്‍ കരിക്കുലം ഒബ്ദക്ടീവുകളില്ലേ എന്ന ചോദ്യത്തിനു് അങ്ങനെ ഒന്നുമില്ലെന്നായിരുന്നു മറുപടി. എല്ലാം ചര്ച്ച ചെയ്തു് ഉണ്ടാക്കണമെന്നാണ് പറഞ്ഞത്. അതിന്പ്രകാരമാണു് ചര്ച്ചകളുണ്ടായത്.
ബി.എസ് സി.ക്കായി ശാസ്ത്രനോവലുകള്‍ ചേര്ക്കാമോ, ബി.എ. ചരിത്രത്തിനു് പെരുന്തച്ചന്‍, തച്ചന്റെ മകന്‍, തച്ചന്റെ മകള്‍ തുടങ്ങിയ കവിതകള്‍ ചേര്ക്കാമോ തുടങ്ങിയ ചര്ച്ചകളെല്ലാം നടക്കുകയുമുണ്ടായി.

എന്നാല്‍ പിറ്റേന്നു് പറഞ്ഞത് വേറെ കാര്യമാണ്. കോമണ്‍ കോഴ്സുകളുടെ കാര്യത്തില്‍ ചര്ച്ചകളില്ല എന്നായിരുന്നു പ്രഖ്യാപനം.എങ്കില്‍ ചര്ച്ചക്കു മുമ്പേ അത് പറയാഞ്ഞതെന്തു് എന്ന ചോദ്യത്തിന് മറുപടി നല്കിയില്ല. അതെല്ലാം ഉന്നതവിദ്യാഭ്യാസകൌണ്സില്‍ നേരത്തെ തീരുമാനിച്ച കഴിഞ്ഞത്രേ. ആരോ നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ച കാര്യങ്ങള്‍ ചര്ച്ച അനുവദിക്കാതെ അംഗീകരിപ്പിക്കാനുള്ള ഈ ഗൂഢ നീക്കത്തെ ഹിഡണ്‍ അജണ്ട എന്നല്ലേ വിളിക്കേണ്ടതു്. ലേഖനത്തില്‍ ആരോപിച്ചപോലെ ഹിഡണ്‍ അജണ്ട ഉണ്ടെങ്കില്‍ താന്‍ അതിന്റെ ഉത്തരവാദിത്തം പങ്കിടുന്നു എന്ന അദ്ദേഹത്തിന്റെ വാദം ഇപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നുണ്ടോ?.
മാത്രമല്ല, അതിനു് മുമ്പ് വി.ജി.തമ്പി യോഗത്തില്‍ വരുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള നടപടി വേണം എന്നു പറഞ്ഞപ്പോള്‍ അതു ചെവിക്കൊള്ളാനുള്ള സൌമനസ്യംപോലും കാണിച്ചില്ല. എതിരഭിപ്രായങ്ങളും വിയോജനങ്ങളും തമസ്കരിക്കുകയാണ് നയം എന്ന് ഇതു് വ്യക്തമാക്കുന്നു.

അക്കാദമികസഭകളുടെ നയം ഇതാണെങ്കില്‍ മറ്റെന്താണു് കരണീയമായിട്ടുള്ളത്.

Submitted by Tom Mathews (not verified) on Tue, 2009-03-24 18:18.

Dear Editor:
Don't be fearful of the future of the Malayalam language. Every time
I viist Kerala (the last two times for release of my Malayalam novels)
I meet with the prominent Malayalee writers such as Prof. M.K.Sanoo,
Zacharia, Punathil Kunjabdulla, Sunita,t.v., P.K. Rajani, Madhu Nair (New
York) etc. I am encouraged to find that Pravasi writers are contributing
to the Malayalam literature from all over the world too.
We may be fearful about pollution, politics, and the poor in Kerala as
years go by but Malayalam language is in good hands
Tom Mathews
New Jersey.

Submitted by P.Suresh (not verified) on Tue, 2009-03-24 18:21.

I am sharing your fears about malayalam language ...