തര്‍ജ്ജനി

ഇ. സന്തോഷ്‌ കുമാര്‍

നാഷണല്‍ ഇന്‍‌ഷുറന്‍‌സ് കമ്പനി,
അംബിക ആര്‍ക്കേഡ്,
എം. ജി. റോഡ്,
തൃശ്ശൂര്‍ 680 001

ഇ-മെയില്‍: esanthoshkumar@rediffmail.com

ഫോണ്‍: 9447224145

Visit Home Page ...

നിരീക്ഷണം

വരും കാറ്റുകള്‍ക്ക്‌ നമ്മുടെ പായ്മരങ്ങള്‍

കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലുണ്ടായ ചില സാഹിത്യസമ്മേളനങ്ങളില്‍ പൊതുവായി കണ്ട ഒരു സവിശേഷത,അവയിലെ ചെറുപ്പക്കാരുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യമായിരുന്നു. എവിടേയും വിദ്യാര്‍ത്ഥികള്‍ തീരെ കുറവായിരുന്നു. ഉണ്ടെങ്കില്‍ത്തന്നെ ഒറ്റ നോട്ടത്തില്‍ എണ്ണം പിടിക്കാവുന്നത്രയും ചെറിയൊരു ന്യൂനപക്ഷം മാത്രം. അവിടെ സംസാരിച്ച പല എഴുത്തുകാരും ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. തങ്ങളുടെ ചെറുപ്പക്കാലത്ത്‌ സാഹിത്യ സദസ്സുകളില്‍ യുവാക്കളുടെ സാന്നിദ്ധ്യം എത്രയോ മടങ്ങു വലുതായിരുന്നു എന്ന്‌ അവര്‍ ഓര്‍മ്മിച്ചു.

സാഹിത്യസദസ്സുകളുടെ വയസ്സിന്റെ ശരാശരി ഒരു നാല്‍പത്തഞ്ചിലും താഴില്ലെന്നാണ്‌ തോന്നുന്നത്‌. നേരേ മറിച്ച്‌, ചലച്ചിത്രമേളകളില്‍ ചെറുപ്പക്കാരുടെ പങ്കാളിത്തം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്നതായും കാണുന്നുണ്ട്‌. സിനിമ കാണുന്നതില്‍ നിന്നും ഭിന്നമായി വായന എന്നത്‌ ഏകാന്തതയില്‍ സംഭവിക്കേണ്ട ഒന്നാണെന്നും സാഹിത്യ സമ്മേളനങ്ങളിലെ പങ്കാളിത്തം വായനയുടെ അളവുകോലല്ലെന്നും തര്‍ക്കത്തിനു വേണ്ടി സമ്മതിച്ചാല്‍ത്തന്നെയും സാഹിത്യത്തെ സംബന്ധിച്ചുള്ള ചില വലിയ മുന്നറിയിപ്പുകള്‍ ഈ സദസ്സുകള്‍ ഉയര്‍ത്തുന്നുണ്ടെന്ന്‌ തോന്നുന്നു.മധ്യവയസ്ക്കരുടെ ആത്മീയമായ ആവശ്യമായി സാഹിത്യം മാറുന്നുണ്ടോ? പതുക്കെപ്പതുക്കെ നാം വെള്ളെഴുത്തിലേക്കു മങ്ങിപ്പോവുകയാണോ? അതോ, ആഗോള തലത്തില്‍ത്തന്നെ കാഴ്ച ഉള്‍ക്കാഴ്ചക്കെതിരെ നേടാനിരിക്കുന്ന, ഒരു തകര്‍പ്പന്‍ വിജയത്തിന്റെ പടിപ്പുരയില്‍ വന്നു നില്‍ക്കുകയാവുമോ നമ്മള്‍ ?

ദൃശ്യമാധ്യമങ്ങള്‍ അക്ഷരങ്ങളുടെ എതിര്‍പക്ഷത്തു നില്‍ക്കുകയാണെന്ന ധാരണ അത്ര ശരിയല്ലെന്നു തോന്നുന്നു. വിശേഷിച്ചും സിനിമ എഴുത്തിനെ ഉത്തേജിപ്പിക്കുന്ന ഉദാഹരണങ്ങള്‍ നമ്മുടെ സാഹിത്യത്തില്‍ നിന്നു തന്നെ എടുത്തെഴുതാവുന്ന സാഹചര്യത്തില്‍. തന്നെയുമല്ല, കാഴ്ചയുടെ ആസ്വാദകവൃന്ദം അത്രമേല്‍ ആവേശത്തിലാണെന്ന വിശ്വാസവും നമുക്കാര്‍ക്കും ഉണ്ടാവാനിടയില്ലല്ലോ. ചലച്ചിത്രങ്ങള്‍ക്കായി വരുന്ന പുതിയ കുട്ടികള്‍ പലപ്പോഴും ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മേളകളില്‍ നിന്നും മാറിപ്പോകുന്ന അനുഭവവമാണുള്ളത്‌. മിക്കവാറും പഠിക്കുന്ന വിഷയത്തില്‍ മീഡിയയോടു ബന്ധപ്പെട്ട ചില പ്രോജക്ടുകള്‍ക്കു വേണ്ടി വരുന്നതാണത്രേ പലരും. സാങ്കേതികവിദ്യയുടെ വികാസം അത്തരം അനേകം പാഠ്യപദ്ധതികള്‍ക്കു രൂപം കൊടുത്തിട്ടുണ്ട്‌. സെമസ്റ്ററുകള്‍ക്കു വേണ്ടിയുള്ള ഈ ഹ്രസ്വകാലാസ്വാദനം എത്ര മാത്രം ആശാവഹമാണെന്ന ആശങ്ക അതു കൊണ്ടു തന്നെ നില നില്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ ഗൗരവപൂര്‍ണമെന്നു നാം വിളിക്കാനാഗ്രഹിക്കുന്ന ഏതു കലയുടേയും സദസ്സിന്‌ കാണെക്കാണെ വയസ്സാവുകയാണെന്നുവെന്നുള്ളതില്‍ വാസ്തവമുണ്ട്‌.

മറ്റൊരു സാഹചര്യം ആലോചിക്കുക. പൊതുമേഖലയിലുള്ള ബാങ്കുകളിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും കുറേ വര്‍ഷങ്ങളായി നിയമനങ്ങള്‍ നടക്കാത്തതുകൊണ്ട്‌ അവിടത്തെ ജീവനക്കാരുടെ ശരാശരി പ്രായം ഏതാണ്ട്‌ നാല്‍പത്തഞ്ചിനും അമ്പതിനും ഇടയ്ക്കായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ പുതിയ തരം രീതികളുമായി ബന്ധപ്പെടാനോ, സ്വയം ആവിഷ്ക്കരിക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്യാനോ ഉള്ള മാനസികമായ കെല്‍പ്‌ അവരില്‍ കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. അത്‌ അവര്‍ തന്നെ സമ്മതിക്കുന്ന ഒരു കാര്യവുമാണ്‌. തുടക്കത്തില്‍ ഉണ്ടായിരുന്ന ഊര്‍ജ്ജസ്വലത അവരില്‍ ഇപ്പോള്‍ ഇല്ല. അവശേഷിക്കുന്നതുകൊണ്ട്‌ പറ്റാവുന്ന ദൂരം സഞ്ചരിക്കണം എന്ന ആഗ്രഹം മാത്രമേ പലരിലുമുള്ളൂ. പുതിയ ചെറുപ്പക്കാര്‍ കുറേക്കൂടി ആകര്‍ഷകമായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നു. അവിടെയും അവര്‍ അധികകാലം നില്‍ക്കാനല്ല, മറ്റു സ്ഥാപനങ്ങളിലേക്കോ മേഖലകളിലേക്കോ മാറാനാണ്‌ ആഗ്രഹിക്കുന്നതും. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഫലങ്ങള്‍ എന്നതാണ്‌ പുതിയ മുദ്രാവാക്യം. ഒരു തരത്തില്‍ കടുംകൃഷി എന്നു പറയാം. ഈ സമ്പ്രദായത്തിന്‌ അതിന്റേതായ മെച്ചങ്ങളൊക്കെയുണ്ട്‌ എന്നു തന്നെയാണ്‌ എന്റെ വിശ്വാസം. അതെന്തായാലും പുതിയ ചെറുപ്പക്കാര്‍ക്ക്‌ ചെന്നുപറ്റാനുള്ള മറ്റു ചില ഇടങ്ങള്‍ ഉണ്ട്‌ എന്നു വരുന്നു. ആ വിധത്തില്‍ സാഹിത്യത്തെ, കലയെ ഉപേക്ഷിച്ചു പോകുന്ന ചെറുപ്പക്കാര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവര്‍ കര പറ്റുന്ന സര്‍ഗാത്മകതയുടെ പുതിയ ദ്വീപുകള്‍ ഏതൊക്കെയാണ്‌ ?

ഇതിനൊന്നും സുവ്യക്തമായ ഉത്തരങ്ങള്‍ നമ്മുടെയാരുടേയും കൈവശമില്ല. ആ വഴിക്കു കൂടി ആലോചിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമാണുള്ളത്‌. എന്നാല്‍ അത്തരം ആലോചനകളില്‍ക്കൂടി ക്ഷയോന്മുഖമായ ഒരു വ്യവസ്ഥയെ -ശരിക്കും അങ്ങനെയാണ്‌ കാര്യങ്ങളെങ്കില്‍ - രക്ഷിച്ചെടുക്കാമെന്ന വിശ്വാസത്തിലല്ല ആരും. കാരണം നല്ല സാഹിത്യം, അതിന്റെ സ്വഭാവം കൊണ്ടു തന്നെ ആരെങ്കിലും പ്രോത്സാഹിപ്പിച്ചാല്‍ ഉണ്ടാവുന്ന, വളരുന്ന ഒന്നല്ല. പരമാവധി അതിലേക്കുള്ള ഒരുക്കങ്ങളോ സാഹചര്യങ്ങളോ സൃഷ്ടിക്കാന്‍ സാധിച്ചേക്കാമെന്നു മാത്രം. ഭാഷയുടെ കാര്യം വേറെയാണ്‌. ഭാഷകളുടെ മരണത്തേക്കുറിച്ചുള്ള ഇരുണ്ട പ്രവചനങ്ങള്‍ ഓര്‍മ്മിക്കുമ്പോഴും, മൂന്നുകോടി ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷ അതിന്റെ വ്യാവഹാരികമായ തലത്തില്‍ തീര്‍ച്ചയായും നില നില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കാമെന്നു വയ്ക്കുക. ഒരു പക്ഷേ, അത്‌ ഇന്നത്തേക്കാള്‍ക്കൂടുതല്‍ കലര്‍പ്പുള്ളതായിരിക്കാം. ടെലിവിഷനിലെ ആങ്കര്‍മാരായ പെണ്‍കുട്ടികളുടേതുപോലെ ഉച്ചാരണം മാറിത്തീര്‍ന്നേക്കാം. എങ്കിലും നടപ്പു നൂറ്റാണ്ടില്‍ മണ്ണടിയാന്‍ പോകുന്ന ഭാഷകളുടെ പട്ടികയില്‍ മലയാളം കാണില്ലെന്നു തന്നെ നിശ്ചയമായും വിചാരിക്കാം. പക്ഷേ, പക്ഷേ, സാഹിത്യം ?

ഗദ്യത്തിന്റെ കാര്യമെടുത്താല്‍, നാമിപ്പോള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള രചനകള്‍ക്ക്‌ ഒരു എഴുപതോ എണ്‍പതോ വര്‍ഷത്തില്‍ക്കൂടുതല്‍ പ്രായമുണ്ടാവില്ലെന്നാണ്‌ തോന്നുന്നത്‌. ഏതായാലും ഒരു നൂറ്റാണ്ടിനപ്പുറമല്ല അത്‌. അതിന്റെയര്‍ത്ഥം ഏതാണ്ട്‌ ഒരു നൂറ്റാണ്ടുകൊണ്ടു തന്നെ ഈ ഗദ്യം അവസാനിക്കാന്‍ പോകുകയാണെന്നാണോ ? മുമ്പുള്ളവര്‍ ഒരു പക്ഷേ, പറഞ്ഞേക്കാം - ഇപ്പോള്‍ ഇറങ്ങുന്ന സൃഷ്ടികളുടെ പോരായ്മയാണ്‌ ഇതിനു കാരണമെന്ന്‌. അങ്ങനെയും തോന്നുന്നില്ല. ഇപ്പോഴത്തെ കൃതികളൊന്നും വിശ്വ സാഹിത്യമാനദണ്ഡങ്ങള്‍ വച്ച്‌ ഉദാത്തമല്ലായിരിക്കാം. പക്ഷേ, കുറച്ചു മുമ്പുള്ള സാഹിത്യത്തിനും നേരു പറഞ്ഞാല്‍ അത്രമേല്‍ വലിയ ഭാരമൊന്നും ഉണ്ടായിരുന്നിട്ടില്ല. നാലുകെട്ട്‌ ഏറ്റവും പ്രചാരം സിദ്ധിച്ച രചനയാണെന്നു വരികിലും അതു മഹത്തായ ഒന്നാണെന്ന്‌ അങ്ങനെ പറയാമോ ? സ്വന്തം വായനയെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന എം.ടി എന്തായാലും അങ്ങനെ പറയാന്‍ ഇടയില്ല. നമ്മുടെ സാഹിത്യത്തിന്റെ ഒരു നാഴികക്കല്ല്‌ എന്നു പറയാം.

ഭാഷകളുടെ മരണത്തേക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ലേഖനത്തില്‍ പറയുന്നത്‌, ഒരു ഭാഷയുടെ മരണത്തിനു മുന്നോടിയായി വ്യാവഹാരിക തലത്തില്‍ മറ്റൊരു ഭാഷ അതിന്റെ ആവശ്യങ്ങളെല്ലാം നിര്‍വ്വഹിക്കും എന്നാണ്‌. സാമ്പത്തികമായ പിന്‍ബലമുള്ളതുകൊണ്ട്‌ ആഗോളതലത്തില്‍ത്തന്നെ ഇംഗ്ലീഷ്‌ പല ഭാഷകളുടേയും സ്ഥാനം ഏറ്റെടുക്കാന്‍ പോവുകയാണെന്നു നമുക്കറിയാം. ആഫ്രിക്കയില്‍ നിന്നും അടുത്ത കാലത്തു ആഗോള ശ്രദ്ധ നേടിയ കറുത്തവരുടേതായ ചില രചനകള്‍ മുറിഞ്ഞ ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുള്ളവയാണെന്ന്‌ നാം അറിഞ്ഞിട്ടുണ്ട്‌. പ്രാകൃതമായ അവരുടെ ഭാഷകള്‍, ഇല്ലാതായിരിക്കുന്നു. അതല്ലെങ്കില്‍ സ്വന്തം ജീവിതത്തെ ആവിഷ്ക്കരിക്കാന്‍ അവ പോരെന്നായിരിക്കുന്നു. അതു പോലെ വരും കാലത്ത്‌ നമ്മുടെ കുട്ടികള്‍ അവരുടെ സര്‍ഗാത്മകമായ ആവശ്യങ്ങള്‍ ഇംഗ്ലീഷില്‍ നിര്‍വ്വഹിക്കും എന്നു വരുമോ? എന്തു തന്നെയായാലും സൃഷ്ടിപരമായ ചില തുറസ്സുകള്‍ ഏതു കാലത്തിനും ജനതയ്ക്കും ഇല്ലാതെ പറ്റില്ല എന്നുള്ളത്‌ ഉറപ്പാണ്‌. ഇന്നത്തെ രീതികള്‍ ആഖ്യാനത്തിലും മാറും. ഒരു നൂറ്റാണ്ടു മുമ്പുള്ള മലയാളത്തില്‍ ചെറുകഥയും നോവലും ഒരു ആവിഷ്ക്കാര രീതിയായിരുന്നിട്ടുണ്ടോ?

അങ്ങനെ വരുമ്പോള്‍ ക്ഷീണിച്ചു വരുന്ന ഈ സാഹിത്യ സദസ്സുകള്‍ നമ്മുടെ മാത്രം ഉല്‍ക്കണ്ഠയാണെന്നു തോന്നുന്നില്ലേ ? വരും കാലത്തിനുവേണ്ടി നാം ചില കരുതലുകളോ എതിര്‍പ്പുകളോ ഇപ്പോള്‍ത്തന്നെ സ്വരൂപിക്കുന്നതില്‍ കാര്യമുണ്ടോ? ഭാവിയിലെ കാറ്റും കോളിനും നമ്മുടെ പായ്മരങ്ങള്‍ മതിയാവുകയില്ല. ലോകത്തെ അപ്പാടെ വിഴുങ്ങാന്‍ പോന്ന കൂറ്റന്‍ സ്രാവുകള്‍ വരികയാണെങ്കില്‍ അവയ്ക്കെതിരെ നില്‍ക്കാന്‍ പോകുന്നതും ഭാവിയുടെ പ്രതിരോധരീതികളായിരിക്കും. അവരുടെ കുതിപ്പുകളെക്കുറിച്ചോ സഹനത്തേക്കുറിച്ചോ നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ ഉപകരണങ്ങള്‍ കൊണ്ട്‌ അഴിക്കാവുന്നവയാവില്ല അക്കാലത്തെ കുരുക്കുകള്‍.

Subscribe Tharjani |
Submitted by K.R .HARI (not verified) on Fri, 2008-05-02 12:57.

GOOD . I AM ALSO SHARE THE SAME CONCERN

BY

K..R.HARI