തര്‍ജ്ജനി

ഫോക്കസ്

ആനുകാലിക കേരള സാമ്പത്തികഘടന ഇന്ത്യന്‍ പശ്ചാത്തലത്തില്‍

സ്വതന്ത്രഭാരതത്തിന്റെ ഭരണകൂടം നെഹ്രുവിയന്‍ സാമ്പത്തിക വീക്ഷണം എന്ന പരികല്‍പനയില്‍ സാമ്പത്തികവ്യവസ്ഥയുടെ ഇന്ത്യന്‍ പ്രയോഗരൂപത്തെ പ്രഖ്യാപിച്ചതു്‌ അര്‍ദ്ധസോഷ്യലിസ്റ്റ്‌ സാമ്പത്തിക വ്യവസ്ഥയെന്നാണു്‌. സോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥയുടേയും, മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടേയും മിശ്രിതരൂപത്തെയാണു്‌ അര്‍ദ്ധസോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥയായി പരികല്‍പന ചെയ്യപ്പെട്ടതു്‌. സ്വകാര്യമൂലധന സംഭരണവും അതിന്റെ ഉപയോഗവും എന്നപോലെതന്നെ, പൊതുമൂലധന സംഭരണവും അതിന്റെ ഉപയോഗവും അനുവദിയ്ക്കുന്ന ഈ നയപ്രഖ്യാപനത്തെ അര്‍ദ്ധസോഷ്യലിസ്റ്റു്‌ സാമ്പത്തിക വ്യവസ്ഥയെന്നു്‌ പരികല്‍പനപ്പെടുത്തിയതോടെ നെഹ്രു ഒരു സോഷ്യലിസ്റ്റായിത്തീരുകയും, ഭാരതം അര്‍ദ്ധസോഷ്യലിസ്റ്റ്‌ രാജ്യമായി കണക്കാക്കപ്പെടുകയും ചെയ്തു. എന്നാല്‍ മുതലാളിത്തസാമ്പത്തിക വ്യവസ്ഥയുടേയും, സോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥയുടേയും മിശ്രിതത്തെ അതിന്റെ സോഷ്യലിസ്റ്റ്‌ കാഴ്ച്ചയിലൂന്നി അര്‍ദ്ധസോഷ്യലിസ്റ്റ്‌ വ്യവസ്ഥ എന്നുവിളിയ്ക്കുന്നതുപോലെതന്നെ മുതലാളിത്തകാഴ്ച്ചയിലൂന്നികൊണ്ടു്‌ അര്‍ദ്ധമുതലാളിത്ത സാമ്പത്തികവ്യവസ്ഥയെന്നും വിളിയ്ക്കാവുന്നതാണു്‌. പൊതുമൂലധനത്തെ പൂര്‍ണ്ണമായി മാറ്റിനിറുത്തി സ്വകാര്യമൂലധനം കൊണ്ടുമാത്രം മുന്നോട്ടുപോകാന്‍ സാധിയ്ക്കുംവിധം കൊളോണിയലിസത്തില്‍നിന്നു്‌ വിടുതല്‍നേടിയ ഭാരതത്തിന്റെ സാമ്പത്തികസാഹചര്യം വളര്‍ന്നിരുന്നില്ലാത്തതുകൊണ്ടും ഭാരതത്തിന്റെ ഫ്യൂഡല്‍മൂലധനം വ്യവസായമൂലധനമായി പരിണമിയ്ക്കുകയോ, മുതലാളിത്തവല്‍ക്കരണത്തിനു്‌ ആവശ്യമായത്ര മൂലധനം ഇന്ത്യന്‍ മുതലാളിത്തം സ്വയം ആര്‍ജജിക്കുകയോ ചെയ്തിരുന്നില്ല എന്നതുകൊണ്ടുമാണു്‌ പൊതുമൂലധന ഉപയോഗത്തേയും, സ്വകാര്യമൂലധന ഉപയോഗത്തേയും ഒരുപോലെ അംഗീകരിച്ചുകൊണ്ടു്‌ ഇന്ത്യന്‍ സാമ്പത്തികനയം പ്രഖ്യാപിയ്ക്കാന്‍ കാരണമായതു്‌. ഭീമമായ മൂലധന നിക്ഷേപം ആവശ്യപ്പെടുന്ന ഗതാഗതം, വൈദ്യുതി, ഇരുമ്പുരുക്കുവ്യവസായം, ഖാനനം, വ്യോമ,നാവിക ഗതാഗതവികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ളവയില്‍ പൊതുമൂലധ സമാഹരണത്തിലൂടെ നിക്ഷേപം നടത്തിക്കൊണ്ടു്‌ വ്യവസായമുതലാളിത്തത്തിനു്‌ വളരാനുള്ള സാഹചര്യം ഒരുക്കുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും അഭ്യന്തരമായും, ആഗോളമായും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശക്തമായ വളര്‍ച്ചയും, മുതലാളിത്ത സാമ്പത്തികവ്യവസ്ഥയ്ക്കുപകരമായി സോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പവും ഒക്കെച്ചേര്‍ന്നു്‌ ഭാരതത്തിന്റെ ഭാവിലക്ഷ്യം സോഷ്യലിസമാണെന്നു്‌ ഇന്ത്യന്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുപോലും പ്രഖ്യാപിയ്ക്കേണ്ടിവന്നു എന്നതാണു്‌ വാസ്തവം. ഇന്നു്‌ ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും സോഷ്യലിസത്തെ ഒരു സ്വപ്നമായിപ്പോലും കൊണ്ടുനടക്കേണ്ടതില്ല എന്നുതീരുമാനിയ്ക്കുമ്പോള്‍, സ്വതന്ത്രഭാരതം കഴിഞ്ഞ ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടശേഷം എത്തിപ്പെട്ടുനില്‍ക്കുന്ന സാമ്പത്തികവ്യവസ്ഥ ഉദാരവല്‍ക്കരണവും, ആഗോളവല്‍ക്കരണവും മുദ്രാവാക്യമാക്കുന്ന ആഗോളമുതലാളിത്തത്തിന്റേതാണു്‌ എന്നുവരുംമ്പോള്‍, നഹ്രുപ്രഖ്യാപിച്ച അര്‍ദ്ധസോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥ പ്രഛന്നമായി ലക്ഷ്യമാക്കിയിരുന്നതെന്തു്‌ എന്നുവ്യക്തമാകുന്നു. പൊതുമൂലധനം ഉപയോഗപ്പെടുത്തി കെട്ടിപ്പടുത്തതെല്ലാം സാമ്പത്തിക ഉദാരവല്‍കരണത്തിലൂടെ കുത്തകകള്‍ക്കു്‌ കൈമാറുകയും, വളര്‍ച്ചപ്രാപിച്ച ഇന്ത്യന്‍മുതലാളിത്തം ഭരണകൂടപ്രയോഗത്തിലൂടെ സ്വരൂപിച്ചെടുത്ത പൊതുമൂലധനത്തെ ഭരണകൂടങ്ങളെതന്നെ പിടിച്ചെടുത്തുകൊണ്ടു്‌ കൊള്ളയടിയ്ക്കുകയും, കൊള്ളയടിയ്ക്കപ്പെട്ട ഭാരതത്തിന്റെ പൊതുമൂലധനവും ആര്‍ജജിത ഇന്ത്യന്‍മുതലാളിത്തമൂലധനവും ആഗോളമുതലാളിത്തവുമായി പങ്കുവെച്ചുകൊണ്ടു്‌ ഇന്ത്യന്‍മുതലാളിവര്‍ഗ്ഗം ആഗോളമുതലാളിത്തവുമായി ചങ്ങാത്തത്തിലാകുകയും, മൂലധനത്തിന്റെ അനിയന്ത്രിത ഒഴുക്കിനുവേണ്ടി ഉദാരവല്‍ക്കരണ, ആഗോളവല്‍ക്കരണ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ടു്‌ ഉദാരവല്‍കരണമെന്നതു്‌ ഇതുവരെ ഇന്ത്യന്‍സാമ്പത്തികനയത്തിലടങ്ങിയിരുന്ന സോഷ്യലിസ്റ്റ്‌ സാമ്പത്തികവ്യവസ്ഥയിലെ പൊതുമൂലധന ഉപയോഗം എന്ന ഉള്ളടക്കത്തെ നീക്കുകയെന്ന പ്രക്രിയയുടെ സൂചകമാകുന്നതുപോലെ, ആഗോളവല്‍ക്കരണമെന്നതു്‌ മൂലധനത്തിന്റെ അനിയന്ത്രിതമായ പ്രവാഹത്തിന്റെ സൂചകമാണു്‌. മൂലധനം എല്ലാകെട്ടുപാടുകളേയും ഭേദിച്ചുകൊണ്ടു്‌ സര്‍വ്വതന്ത്ര സ്വതന്ത്രമാകുകയാണു്‌. ദേശരാഷ്ട്രങ്ങളുടെ നിര്‍മ്മിതിയിലൂടെ അധികാരം ആരംഭിച്ച വ്യവസായമുതലാളിത്തം ദേശരാഷ്ട്രങ്ങളെ ഇല്ലായ്മചെയ്തുകൊണ്ടു്‌ പണമുതലാളിത്തമായി വികസിച്ചിരിക്കുന്നു. മുടക്കുമുതലിനേക്കാള്‍ കൂടുതല്‍ തിരികെ സമ്പാദിയ്ക്കാന്‍ എന്തെങ്കിലും വാങ്ങി വില്‍ക്കുകയോ, എന്തെങ്കിലും ഉല്‍പാദിപ്പിച്ചുവില്‍ക്കുകയോ ചെയ്യുകയെന്ന ഇടതലപ്രക്രിയില്ലാതെ കൊടുത്തതില്‍കൂടുതല്‍ തിരികെപിടിയ്ക്കുന്ന പലിശക്കാരന്റെ ചുരുങ്ങിയ പ്രയോഗത്തിലേയ്ക്കു്‌ ആധുനിക മുതലാളിത്തം വികസിച്ചിരിയ്ക്കുന്നു. മുതലാളിത്തത്തിന്റെ വികസനപടികളായ വ്യാപാര,വ്യവസായ മുതലാളിത്തപടികളെ കടന്നു്‌ പണമുതലാളിത്തത്തിലെത്തിച്ചേര്‍ന്നിരിയ്ക്കുന്ന മുതലാളിത്തം എല്ലാപണികളും കീഴ്‌വര്‍ഗ്ഗത്തെ ഏല്‍പിച്ചു്‌ പണംകടംകൊടുക്കുകയും കൂടുതല്‍പണം തിരികെവാങ്ങുകയും ചെയ്യുകയെന്ന മിനിമം പരിപാടിയിലെത്തിയിരിയ്ക്കുന്നു. നമുക്കെല്ലാം അറിയാവുന്നതുപോലെ കൊടുത്തമുതല്‍ കൂടുതലായി എത്രയുംവേഗത്തില്‍ തിരിച്ചുപിടിച്ചു്‌ വീണ്ടും കൊടുത്തുപെരുപ്പിയ്ക്കാന്‍ ചാക്രികതയിലെ ത്വരണവേഗം ഉയര്‍ത്തി കൂടുതല്‍ കൂടുതല്‍ പെരുപ്പിയ്ക്കാന്‍ സാധാരണ നാംകാണുന്ന പലിശക്കാര്‍ക്കെന്നപോലെ മസില്‍പവ്വറും ആയുധബലവുമാണു്‌ വേണ്ടതു്‌. അതുകൊണ്ടുതന്നെ പണമുതലാളിത്തം അതിന്റെ ഏറ്റവും ഭീഭല്‍സരൂപത്തെയാണു്‌ പുറത്തെടുത്തിരിയ്ക്കുന്നതു്‌. ഈ ചരിത്ര പശ്ഛാത്തലത്തില്‍ ഇന്ത്യന്‍ സാമ്പത്തികരൂപത്തെ പൊതുവായും, കേരളത്തിലെ സാമ്പത്തികരൂപത്തെ സൂഷ്മായും സംക്ഷിപ്തമായി പരിശോധിയ്ക്കുവാനാണു്‌ ഇവിടെ ശ്രമിയ്ക്കുന്നതു്‌.
വ്യാവപാരമുതലാളിത്തം വളര്‍ന്നതു്‌ കോളനികള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു എന്നതുകൊണ്ടു്‌ വ്യാപാരമുതലാളിത്തം കൊളോണിയല്‍ കാലഘട്ടത്തെ പ്രധിനിധീകരിയ്ക്കുന്നു. ഇന്ത്യയില്‍ വ്യാപാരികളുടെ കൂട്ടായ്മയായ ഈസ്റ്റു്‌ ഇന്ത്യ കമ്പനിയായിരുന്നു കോളനീവല്‍ക്കരണത്തിനു്‌ തുടക്കമിട്ടതു്‌. അതുപോലെ വ്യവസായ മുതലാളിത്തത്തിന്റെ ഒരുഘട്ടം സ്വതന്ത്രദേശരാഷ്ട്രങ്ങള്‍ക്കകത്തു്‌ നടക്കുന്ന ഉല്‍പാദനവിതരണ പ്രക്രിയിലൂടെയാകയാല്‍ ദേശരാഷ്ട്രങ്ങളുടെ ഉല്‍ഭവവും നിലനില്‍പും ചരിത്രപരമായ ആവശ്യമായിത്തീരുന്നു, എന്നതുകൊണ്ടുകൂടിയാണു്‌ ഭാരതം കോളനിമുക്തമാവുകയും സ്വതന്ത്ര പരമാധികാര രാജ്യമായിത്തീരുകയും ചെയ്തതു്‌. മുന്‍മ്പുസൂചിപ്പിച്ചതുപോലെ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടുന്ന സാഹചര്യമൊരുക്കുക എന്നതായിരുന്നു ഇന്ത്യന്‍ സാമ്പത്തികനയത്തിന്റെ ലക്ഷ്യമെങ്കിലും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, സോഷ്യലിസ്റ്റു്‌ സങ്കല്‍പവും തീര്‍ച്ചയായും ഇന്ത്യന്‍ നയസമീപനത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. അതുപോലെതന്നെ ജാതിവ്യവസഥയിലടങ്ങിയ ഫ്യൂഡല്‍മൂലധനത്തിന്റെ മരവിപ്പു്‌ ഈ മൂലധനത്തിന്റെ വ്യവസായത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തെ തടയുകയും, റ്റാറ്റയേയും, ബിര്‍ളയേയും പോലെ ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം ഒരേസമയം ഫ്യൂഡല്‍പ്രഭുക്കളും, വ്യവസായമുതലാളിയുമായി ദ്വിമുഖഭാവമണിഞ്ഞതു്‌ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്തു. ഫ്യൂഡലിസത്തില്‍ നിന്നു്‌ മുതലാളിത്തത്തിലേയ്ക്കുള്ള പരിവര്‍ത്തനം യൂറോപ്പിലെന്നപോലെ ഭാരതത്തില്‍ ഫ്യൂഡല്‍വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ടു്‌ വിപ്ലവകരമായി സംഭവിയ്ക്കുകയായിരുന്നില്ല. യൂറോപ്പില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു്‌ വളമായതു്‌ ശാസ്ത്രചിന്തയും ശാസ്ത്രപുരോഗതിയുമായിരുന്നുവെങ്കില്‍ ഇന്ത്യയിലേതു്‌ മതനവീകരണ ചിന്തകളായിരുന്നു. പള്ളിയ്ക്കും പട്ടക്കാര്‍ക്കുമെതിരെ വിപ്ലവകരമായി ആഞ്ഞടിച്ചുകൊണ്ടു്‌ യൂറോപ്പു്‌ പരിവര്‍ത്തനത്തിന്റെ രക്തമൊഴുക്കിയപ്പോള്‍ നാം അഹിംസയിലൂടെ വ്യവസ്ഥിതികളോടു്‌ സന്ധിചെയ്തു്‌ വ്യവസ്ഥിതികളെ സമന്വയിപ്പിയ്ക്കുകയായിരുന്നു. അതുകൊണ്ടു്‌ ഫ്യൂഡലിസത്തില്‍ നിന്നു്‌ മുതലാളിത്തത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ അടസ്ഥാനമായ ഫ്യൂഡല്‍ ഉല്‍പാദനക്രമത്തിലെ ഭൂമിയുടെ പുനര്‍വിതരണം തടയപ്പെടുകമാത്രമല്ല, ഉല്‍പ്പാദന ഉപാദികളില്‍ ഫ്യൂഡല്‍പ്രഭുക്കളുടെ ആധിപത്യം തുടരുകയും ചെയ്തു.
ഈ സാഹചര്യങ്ങളെകൂടി കണക്കിലെടുത്തുകൊണ്ടുവേണം സ്വതന്ത്രഭാരത്തിലെ ഭരണകൂടത്തിന്റെ സ്വഭാവവും സാമ്പത്തികനയവും വിലയിരുത്താന്‍.

വിദേശരാഷ്ട്രങ്ങള്‍ക്കകത്തു്‌ മുതലാളിത്തവളര്‍ച്ച സാദ്ധ്യമാക്കുക, ഫ്യൂഡല്‍ഉല്‍പാദനക്രമത്തെ അപ്പാടെ തകര്‍ക്കാതിരിയ്ക്കുക, എന്നീ രണ്ടുകാര്യങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു സ്വതന്ത്രഭാരതത്തിന്റെ സാമ്പത്തികനയം രൂപപ്പെടുത്തിയതു്‌. മുമ്പു്‌ സൂചിപ്പിച്ചതുപോലെ അഭ്യന്തര വ്യവസായമുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടുന്ന കനത്തമൂലധനം ആവശ്യമുള്ള എല്ലാ മേഖലകളിലും പൊതുമൂലധന നിക്ഷേപം സാദ്ധ്യമാക്കിക്കൊണ്ടായിരുന്നു വ്യവസായമുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കു്‌ കളമൊരുക്കിയതു്‌. അതുപോലെതന്നെ വിദേശ ഉല്‍പന്നളെ തടഞ്ഞും, നിയന്ത്രിച്ചും, തീരുവകളേര്‍പ്പെടുത്തിയും അഭ്യന്തരവിപണി ഇന്ത്യന്‍ വ്യവസായമുതലാളിത്തത്തിനുമാത്രമായി ക്രമീകരിക്കുകയും ചെയ്തു. ദേശസ്നേഹവും, സ്വദേശി മുദ്രാവക്യവും, സോഷ്യലിസ്റ്റു്‌ ലക്ഷ്യപ്രഖ്യാപനവും ആശയമണ്‍ഡലത്തില്‍ വ്യവഹാരമാക്കുകയും ചെയ്തതോടെ ഭാരതത്തിന്റെ ഇടതുപക്ഷഛായ പൂര്‍ണ്ണമാകുകയും ചെയ്തു. ഗ്രാമസ്വരാജു്‌, കൈത്തറി, ഖാദി, കൈത്തൊഴില്‍ എന്നീ മുദ്രാവാക്യങ്ങള്‍കൂടി ചേര്‍ത്തു്‌ സാംസ്കാരിക മണ്ഡലത്തെ കൊഴുപ്പിയ്ക്കുന്നതോടെ ചിത്രം പൂര്‍ത്തിയാവുന്നു. എന്നാല്‍ അറുപതാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നാം എത്തിനില്‍ക്കുന്നതെവിടെയാണു്‌? പൊതുമേഖലകള്‍ സ്വകാര്യവല്‍കരിയ്ക്കപ്പെടുന്നു. പൊതുമൂലധന സംഭരണവും ഉപയോഗവും ഉദാരവല്‍ക്കരിയ്ക്കുന്നു. വ്യാപാരവാണിജ്യമേഖലകള്‍ പൂര്‍ണ്ണമായും തുറന്നിടുന്നു. രാജ്യവും രാജ്യാതിര്‍ത്തിയും ഇല്ലാതാവുന്നു. ഭരണകൂടങ്ങള്‍ ദുര്‍ബ്ബലമാവുകയും മുതലാളിത്ത ധനകാര്യസ്ഥാപനങ്ങള്‍ എല്ലാ അധികാരങ്ങളും ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തില്‍ ഉദാരവല്‍ക്കരണവും ആഗോളീകരണവും മുദ്രാവാക്യമാകുന്നു. എന്തുകൊണ്ടു്‌?

വ്യാപാരമുതലാളിത്തവും, വ്യവസായമുതലാളിത്തവും കടന്നു്‌ ആഗോളമുതലാളിത്തം പണമുതലാളിത്തമായി വളര്‍ന്നിരിയ്ക്കുന്നു എന്നതാണു്‌ ഒരുകാരണം. രണ്ടാമതായി ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗം ആഗോള മുതലാളിത്തത്തിനൊപ്പം വളര്‍ന്നിരിയ്ക്കുന്നു എന്നതും. ഇന്നു്‌ റ്റാറ്റയ്ക്കും, ബിര്‍ളയ്ക്കും, റിലയന്‍സിനും, വിപ്രോയ്ക്കുമെല്ലാം ആഗോളമായി സംരക്ഷിയ്ക്കപ്പെടേണ്ടുന്ന അതിര്‍ത്തികളില്ലാത്ത ഫൈനാന്‍സ്‌ മൂലധനമുണ്ടു്‌. പണമൂലധനത്തിന്റെ അനിയന്ത്രിതമായ ഒഴുക്കു്‌ ദേശരാഷ്ട്രങ്ങളെ മറികടന്ന ഇന്ത്യന്‍ മുതലാളിത്തത്തിന്റേയും അവരെ പ്രതിനിധീകരിയ്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റേയും ആവശ്യമാണു്‌. ഈ ആവശ്യം നടപ്പാക്കാന്‍ ആഗോളമായും അഭ്യന്തരമായും നടത്തുന്ന പരസ്യവും, രഹസ്യവും, ഗൂഢവുമായ പദ്ധതികളെ തിരിച്ചറിയുക എന്നതാണു്‌ ഇക്കാലഘട്ടത്തിന്റെ ജാഗ്രത ആവശ്യപ്പെടുന്നതു്‌.

മേല്‍വിവരിച്ച സാഹചര്യങ്ങളെ സമൂലമായി കേരളത്തിന്റെ പശ്ഛാത്തലത്തില്‍ പരിശോധിയ്ക്കുമ്പോള്‍, കേരളത്തിന്റെ സവിശേഷമായ സാമൂഹ്യവും, ഭൂമിശാസ്ത്രപരവും, സമ്പത്തികവുമായ സാഹചര്യങ്ങളെ പരിഗണിയ്ക്കേണ്ടതുണ്ടു്‌. കേരളത്തില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ ഭരണകൂടം നടപ്പാക്കിയ ഭൂപരിഷ്കരണനിയമം ഫ്യൂഡല്‍വ്യവസ്ഥിതിയില്‍ കേന്ദ്രീകരിയ്ക്കപ്പെട്ട ഭൂമിയെ മുക്തമാക്കുകയും ഭൂമി വികേന്ദ്രീകരിയ്ക്കപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തവിധം കേരളത്തില്‍ മാത്രം ഫ്യൂഡല്‍വ്യവസ്ഥിതിയെ തകര്‍ത്തതു്‌ ഈ ഭൂവികേന്ദ്രീകരണമാണു്‌. ഭൂപരിഷ്കരണത്തിലൂടെ ഭൂമി തുണ്ടുകളായിപ്പോകുകയും കാര്‍ഷികമേഖല തകരാന്‍ കാരണമാകുകയും ചെയ്തു എന്നൊരുപക്ഷമുണ്ടു്‌. ഇതിനുകാരണം കൃഷിയെ വ്യവസായവല്‍കരിയ്ക്കപ്പെട്ടില്ല എന്നതാണു്‌. ഭൂനയത്തിലൂടെ ഫ്യൂഡല്‍ കേന്ദ്രീകൃത ഭൂമിയെ പിടിച്ചെടുത്തു്‌ കാര്‍ഷിക മേഖലയെ വ്യവസായവല്‍കരിച്ചുകൊണ്ടു്‌ വ്യവസായികമായി ഭൂമിയെ പുനഃകേന്ദ്രീകരിയ്ക്കുക എന്നതിനുപകരം ഭൂവിതരണം നടപ്പാക്കുകയാണുണ്ടായതു്‌. എന്നാല്‍ തോട്ടം മേഖലയെ ഭൂപരിഷ്കരണനിയമത്തില്‍ നിന്നു്‌ ഒഴിവാക്കി ഫ്യൂഡല്‍ക്രമത്തിനകത്തുതന്നെ നിറുത്തിയതുകൊണ്ടു്‌, തോട്ടം മേഖല വ്യവസായ വല്‍ക്കരിയ്ക്കപ്പെടാതിരിയ്ക്കാന്‍ കാരണമായി. ഇതു്‌ ഉത്തരേന്ത്യയ്ക്ക്‌ സമാനമായിതന്നെ കേരളത്തിന്റെ തോട്ടംമേഖയില്‍ വന്‍തോതില്‍ ഭൂമി ഫ്യൂഡല്‍പ്രഭുക്കളായ വ്യവസായ മുതലാളിമാര്‍ കൈവശം വെയ്ക്കുന്നതിനു്‌ കാരണമാകുകയും ചെയ്തു. ഹാരിസന്‍ മലയാളവും, റ്റാറ്റയും ഇത്തരത്തില്‍ മലയോരമേഖലയും വനമേഖയുമെല്ലാം കൈവശംവെച്ചനുഭവിയ്ക്കുകയും മാറിയസാഹചര്യത്തില്‍ മുറിച്ചുവിറ്റു്‌ പണമാക്കുകയും ചെയ്യുന്നു. ഫ്യൂഡല്‍വ്യവസ്ഥിതിയിലെ ഉല്‍പാദനോപാദികളെ പിടിച്ചെടുക്കുന്നതു്‌ മുതലാളിത്തവ്യവസഥിതിയിലേയ്ക്കു്‌ പരിവര്‍ത്തനപ്പെടുത്താനാണങ്കിലും സാമ്പത്തിക പരിവര്‍ത്തനത്തേക്കാള്‍ സാമൂഹിക പരിവര്‍ത്തനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്തു്‌ ഭൂവിതരണം നടപ്പാക്കുകയായിരുന്നു കേരളത്തില്‍ ചെയ്തതു്‌. പരിമതമായഭൂമി, ജനസാന്ദ്രതയിലുള്ള ആധിക്യം എന്നിവയും ഭുമിയെ വ്യവസായവല്‍കരിക്കുന്നതില്‍നിന്നു്‌ തടയാന്‍ കാരണമായിട്ടുണ്ടു്‌. വന്‍കിടവ്യവസായങ്ങള്‍ക്കുവേണ്ടുന്ന ഭൂമിയുടെ ദൗര്‍ലഭ്യം, അസംസ്കൃതപദാര്‍ത്ഥങ്ങളുടെ അലഭ്യത, പാരിസഥിക പ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധകാരണങ്ങള്‍ കേരളത്തിന്റെ വ്യവസായവികസനത്തെ തടഞ്ഞിട്ടുണ്ടു്‌. കേരളത്തില്‍നിന്നു്‌ അതുകൊണ്ടുതന്നെ വ്യവസായമുതലാളിമാര്‍ കാര്യമായി വളര്‍ന്നുവന്നില്ല. തോട്ടംമേഖലയില്‍ നിന്നു്‌ ഒരു എ.വി.ടി ഒഴിച്ചാല്‍ വ്യവസായമുതലാളിത്തത്തില്‍ മലയാളിയുടെ പങ്കു്‌ ചൂണ്ടികാണിക്കാനത്രയില്ല. കേരളത്തിലെ മറ്റു്‌ വ്യവസായ സംരംഭങ്ങളൊക്കെയും പൊതുമേഖലയിലായിരുന്നു. എഫ്‌.എ.സി.റ്റി- എച്ചു്‌.എംടി.- ഇന്ത്യന്‍ അലോമിനിയം, ടൈറ്റാനിയം എന്നിങ്ങനെ. സ്വകാര്യമേഖലയില്‍ ഓട്ടുകമ്പനികളും, കശുവണ്ടി കമ്പനികളുമാണധികമുണ്ടായിരുന്നതു്‌. ഇതാവട്ടേ ഉല്‍പാദനത്തിന്റെ എന്റ്‌ പ്രോടക്റ്റുകളായിരുന്നു. അതായതു്‌ വ്യവസായ ഉല്‍പാദനത്തിന്റെ അവസാന ഉല്‍പന്നത്തിലേയ്ക്കെത്തുന്ന തുടര്‍ച്ചയായ പരസ്പരപൂരിത ഉല്‍പാദനശൃംഖല കേരളത്തില്‍ രൂപപ്പെട്ടില്ല. ഇക്കാരണത്താല്‍ കേരളത്തില്‍ സംഭരിയ്ക്കപ്പെട്ട മൂലധനം തോട്ടംമേഖലയില്‍നിന്നും, നാണ്യവിളകളില്‍നിന്നും, മറ്റിതരകാര്‍ഷിക മേഖലയില്‍ നിന്നുമാണു്‌. ചുരുക്കത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നുസംഭരിച്ച കേരളത്തിന്റെ മൂലധനം ഫ്യൂഡല്‍വ്യവസഥയില്‍നിന്നു്‌ പരിണമിച്ചഭൂമി വ്യവസായവല്‍കരിയ്ക്കപ്പെടാതിരിന്നതുകൊണ്ടു്‌ വ്യവസായമൂലധനമാകാതെ മരവിക്കുകയാണുണ്ടായതു്‌. സംഭരിയ്ക്കപ്പെട്ട മരവിച്ച ഈ മൂലധനം ഒരു ചെറുവിഭാഗത്തിന്റെ കൈവശം നിഗൂഢമാക്കപ്പെട്ടു. പൊതുമേഖലയിലെ വ്യവസായവളര്‍ച്ച, വ്യവസായവളര്‍ച്ചയില്‍ സ്വകാര്യമൂലധനത്തിന്റെ അഭാവം, സാമൂഹ്യമായ ഭൂമിവിതരണം, പൊതുവിദ്യാഭ്യാസം, പൊതുമേഖലയിലൂടെ ആരോഗ്യപരിപാലനം, ഭവനനിര്‍മ്മാണം, സഹകരണ ബാങ്കിങ്ങ്‌, എന്നിങ്ങനെ കേരളത്തിന്റെ സൂമുദ്രപതിപ്പിച്ച ജനകീയവികസനം തകര്‍ത്തെറിഞ്ഞതു്‌ വിമോചനസമരമായിരുന്നു. കൂട്ടനാട്ടിലേതുപോലെ കൂട്ടുകൃഷിക്കളങ്ങള്‍ വ്യാപിപ്പിച്ചു്‌ കൃഷിയെ വ്യവസായവല്‍കരിക്കുകയും സഹകരണ കമ്യൂണുകളിലൂടെ സാമൂഹ്യജീവിതം ജനകീയമാക്കുകയും മാത്രമായിരുന്നു ബാക്കിനിന്നതു്‌. ഇന്ത്യയുടെ ഇതരയിടങ്ങളില്‍നിന്നു്‌ വ്യത്യസ്ഥമായി കേരളത്തിനുമാത്രമായി ഇത്തരമൊരു സാമൂഹ്യസാമ്പത്തിക പരിവര്‍ത്തനം സാദ്ധ്യമല്ല എന്ന അവസ്ഥ നിലനില്‍ക്കെതന്നെ മേറ്റ്ന്തൊക്കെ കാരണങ്ങള്‍ ഈ കേരളാമോഡല്‍ വികസനത്തെ തടയാന്‍ കാരണമായി എന്നുകൂടി പരിശോധിക്കേണ്ടതുണ്ടു്‌. ഇതില്‍പ്രധാനം നിഗൂഢമാക്കപ്പെട്ട ഫ്യൂഡല്‍മൂലധനത്തിന്റെ പ്രയോഗമാണു്‌. യൂറോപ്പിനുസമാനമായ രീതിയില്‍തന്നെ കേരളത്തില്‍ ഫ്യൂഡല്‍മൂലധനം മതസ്ഥാപനങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യയിലെ നവോത്ഥാനപ്രസ്ഥാനം മതനവീകര പ്രസ്ഥാനമായി തുടര്‍ന്നതുകൊണ്ടു്‌, മതസ്ഥാപനങ്ങളില്‍ കേന്ദ്രീകരിച്ച മൂലധനത്തെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. മതസ്ഥാപനങ്ങളുടെ സേവനമുഖം മൂലധനകേന്ദ്രീകരണത്തെ മറച്ചുപിടിയ്ക്കുന്നതിനു്‌ സഹായിച്ചു. മലയോര, തോട്ടംമേഖലയെ ഭൂനിയമപരിധിയില്‍ നിന്നൊഴിവക്കിയതു്‌ ഫ്യൂഡല്‍ക്രമത്തിനകത്തെന്നപോലെ വ്യക്തികള്‍ക്കു്‌ കേരളത്തിന്റെ പരിമിതമായ ഭൂമിയില്‍ ഭൂരിഭാഗവും കൈവശംവെച്ചനുഭവിക്കുവാന്‍ കാരണമായി. സംഘടിത മതസ്ഥാപനങ്ങളും, മന്നവും, മാമന്‍മാപ്പിളയും മറ്റും ചേര്‍ന്നാണു്‌ വിമോചനസമരം നയിച്ചതു്‌ എന്ന യാഥാര്‍ത്ഥ്യത്തെകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നുണ്ടു്‌. വിമോചനസമരത്തെത്തുടര്‍ന്നു്‌ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിരിച്ചുവിടപ്പെടുമ്പോള്‍ നഹ്രുവിന്റെ സോഷ്യലിസ്റ്റ്‌ പ്രഛന്നവും വെളിപ്പെടുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, അവശ്യസാധനങ്ങളുടെ പൊതുവിതരണം എന്നീ അവശ്യമേഖലയിലെ പൊതുമൂലധനമുടക്കാണു്‌ കേരളാമോഡലിന്റെ അടിസ്ഥാനം. ഇന്നു്‌ വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട, പെതുവിതരണ മേഖലയില്‍നിന്നു്‌ പൊതുമൂലധനത്തെ പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടു്‌ സ്വകാര്യവല്‍കരിയ്ക്കുമ്പോള്‍, പൊതുമൂലധനം സാമ്പത്തിക ഉദാരവല്‍കരണത്തിലൂടെ സ്വകാര്യവല്‍കരിയ്ക്കുമ്പോള്‍, നിഗൂഢമാക്കപ്പെട്ട സ്വകാര്യമൂലധനം വെളിപ്പെടുമ്പോള്‍, ആഗോളീകരണത്തിലൂടെ പരിമിതമായ കേരളത്തിന്റെഭൂമി വികസനത്തിന്റേയും വ്യവസായവല്‍കരണത്തിന്റേയും മറവില്‍ പണമുതലാളിത്തം കയ്യടക്കുമ്പോള്‍, സോഷ്യലിസം ഒരുസങ്കല്‍പമായിപ്പോലും കൊണ്ടുനടക്കേണ്ടതില്ലയെന്നു്‌ വ്യവസ്ഥാപിത ഇടതുപക്ഷം പ്രഖ്യാപിയ്ക്കുമ്പോള്‍ പിടിവിട്ടുപോകുന്ന ജീവിതങ്ങള്‍ക്കു്‌ അത്താണികള്‍ ഇല്ലാതാവുകയാണു്‌. വ്യവസായമെന്നതു്‌ െ‍എ.ടി.വ്യവസായം എന്നുമാത്രമാകുകയും, െ‍എ.ടി. വ്യവസായമെന്നതുതന്നെ റിയലെസ്റ്റേറ്റ്‌ വ്യവസായം എന്നാവുകയും, വരുമാനമെന്നതു്‌ കടമെടുപ്പാണു്‌ എന്നുവരുത്തിത്തീര്‍ക്കുകയും ചെയ്തുകൊണ്ടു്‌ ധനകാര്യസ്ഥാപനങ്ങള്‍ കേരളത്തിന്റെ സര്‍വ്വസ്വവും കൈക്കലാക്കുകയാണു്‌. ഇതിനുസമാനമായി ലോകചരിത്രത്തിലിപ്പോള്‍ ഫലസ്തീന്‍ മാത്രമാണുള്ളതു്‌. സൊസൈറ്റി ഓഫ്‌ ജൂസ്‌ എന്ന ഹെര്‍സല്‍ ഉണ്ടാക്കിയ സംഘടനയെ ജൂവിഷ്‌ കൊളോണിയല്‍ ട്രസ്റ്റാക്കുകയും ജൂവിഷ്‌ കമ്യൂണിറ്റിയില്‍ നിന്നും ബ്രിട്ടീഷ്‌ ഭരണകൂടത്തില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചു്‌ ജൂവിഷ്‌ കമ്പനി രൂപീകരിയ്ക്കുകയും ഈ മൂലധനം വ്യവസായിക കാര്‍ഷികവികസനത്തിനു്‌ എന്ന വ്യാജേന സാമ്പത്തികമായി തകര്‍ന്ന ഫലസ്തീനില്‍ ടര്‍ക്കിഷ്‌ ഭരണകൂടത്തിന്റെ ഒത്താശയോടെ മുതലിറക്കുകയും ചെയ്തുകൊണ്ടാണു്‌ ഫലസ്ഥീന്‍ കോളനീകരണത്തിന്റെ തുടക്കം.

വ്യവസായമുതലാളിത്ത വളര്‍ച്ചയ്ക്കുപകരം കേരളത്തിന്റെ പ്രത്യേകസാഹചര്യങ്ങളാല്‍, വ്യാപാരമുതലാളിത്തവും, ധനകാര്യമുതലാളിത്തവുമാണു്‌ കേരളത്തില്‍ വളര്‍ന്നുവന്നതു്‌. മൂത്തൂറ്റും, ഫെഡറലും, പണമുതലാളിത്തിന്റെ സൂചകങ്ങള്‍. അലൂക്കാസും, അലപ്പാട്ടുമൊക്കെ വ്യാപാരമൂലധന സൂചകങ്ങള്‍. ഇതു്‌ പണത്തിനുപകരം സ്വര്‍ണ്ണമെന്ന സംജ്ഞയിലെത്തുമ്പോള്‍ പണമുതലാളിത്തത്തിന്റെ വകഭേദംമാത്രം. പിന്നെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ സേവനമേഖലകളാണു്്‌. ഇതാവട്ടേ നിഗൂഢമാക്കപ്പെട്ട ഫ്യൂഡല്‍മൂലധനത്തിന്റെ തുടര്‍ച്ചയാണു്‌. തോട്ടംമേഖലയില്‍നിന്നും നാണ്യവിളകളില്‍നിന്നുമുള്ള മൂലധന സംഭരണത്തിനുദാഹരണങ്ങളാണു്‌ ഹാരിസന്‍ മലയാളവും, എ.വി.ടിയും. പിന്നെ നാമിപ്പോള്‍കാണുന്ന െ‍എ.ടി. ടൂറിസം. രണ്ടും റിയലെസ്റ്റേറ്റ്‌ വ്യവസായവുമായി അവിഹിതത്തിലും. പണമുതലാളിത്തത്തിലേക്കു്‌ കുതിയ്ക്കാന്‍ പാകപ്പെട്ട മൂലധനസ്വരൂപങ്ങളാണിവയൊക്കെയും. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും പൊതുമൂലധന സംഭരണസ്ഥാപനങ്ങളായ ഇന്‍ഷ്യൂറന്‍സ്‌, പെന്‍ഷ്യന്‍ഫണ്ടു്‌ എന്നിവകളുടെ നിയന്ത്രണം സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കു്‌ കൈമാറുന്നതും, സ്വകാര്യധനകാര്യസ്ഥാപനങ്ങള്‍ പൊതുമൂലധനം സംഭരിക്കുന്നതിലുള്ള നിയന്ത്രണം ഇല്ലാതാക്കലും എല്ലാംചേര്‍ന്നു്‌ കേരളം പണമൂതലാളിത്ത വ്യവഹാരത്തിനുള്ള വിളഭൂമിയാവുമ്പോള്‍, സേവനമേഖലയിലേക്കുമാത്രമായി വാര്‍ത്തെടുക്കുന്ന അദ്ധ്വാനപരിചയവുമായി മലയാളി പരക്കംപായുകയാണിപ്പോള്‍. അവന്റെ മുമ്പില്‍ സേവനം എന്ന ഒറ്റമാര്‍ഗ്ഗമേയുള്ളൂ. രഹസ്യവും പരസ്യവുമായ സേവനങ്ങള്‍ മാത്രം.

നാസര്‍ തൊലക്കര
Subscribe Tharjani |