തര്‍ജ്ജനി

ഫോക്കസ്

വികസനവും പരിസ്ഥിതിയും

കേരളത്തിന്റെ മനുഷ്യവികസന സൂചകങ്ങളെ പലപ്പോഴും വികസിതരാജ്യങ്ങളുമായിട്ടാണ്‌ താരതമ്യപ്പെടുത്താറുള്ളത്‌. ഇത്രകുറഞ്ഞ ചെലവില്‍ അവരുടേതിനോട്‌ കിടപിടിക്കുന്ന ആരോഗ്യസൂചികകള്‍ എങ്ങനെ തരപ്പെടുത്തി എന്നതാണ്‌ പലപ്പോഴും ഉയര്‍ത്തപ്പെടുന്ന ചോദ്യം. കേരള വികസന അനുഭവത്തിന്റെ സവിശേഷമായ ചാലകശക്തി, തുല്യതയിലും സാമൂഹികനീതിയിലുമുള്ള ശക്തമായ ഊന്നലും പ്രതിബദ്ധതയുമാണ്‌. നവോഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം, അടിച്ചമര്‍ത്തപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്ത തൊഴിലാളികര്‍ഷകാദി വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സാമൂഹികവും സാംസ്കരികവും സാമ്പത്തികവുമായ ഈ പോരാട്ടങ്ങളുടെ വിജയമാണ്‌ 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭ.

കേരളമാതൃക

ഈ നയങ്ങളിലൂടെ കേരളം നേടിയ നേട്ടങ്ങള്‍ നിസ്സാരമല്ല. ജനനനിരക്ക്‌, ശിശുമരണ നിരക്ക്‌, മാതൃമരണ നിരക്ക്‌, മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ കുറവും വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്നതുമാണ്‌. ജനന നിരക്ക്‌ നാടകീയമായി കുറഞ്ഞ്‌ ഏതാണ്ട്‌ സ്ഥിരനിലവാരത്തില്‍ എത്തിയിരിക്കുന്നു. കുട്ടികളിലെ പോഷണക്കുറവ്‌ ഇന്തയിലേറ്റവും കുറവ്‌ കേരളത്തിലാണ്‌. ആനുപാതികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സ്കൂളുകളില്‍ പോകുന്നത്‌ കേരളത്തിലാണ്‌. ഉന്നതവിദ്യഭ്യാസരംഗത്തും കേരളമാണ്‌ മുന്നില്‍. ഏറ്റവും മെച്ചപ്പെട്ട ഡോക്ടര്‍-ജനസംഖ്യ അനുപാതം, ആശുപത്രി കിടക്ക-ജനസംഖ്യ അനുപാതം, ഏറ്റവും കൂടുതല്‍ റോഡ്‌ സാന്ദ്രത എന്നിവയും കേരളത്തില്‍ ആണ്‌. ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും സമൂഹത്തിന്റെ ഉപരിതലങ്ങളിലേക്ക്‌ ഉണ്ടായ മേല്‍ഗതിയുടെ തോതും മോശമല്ല.

ഭൗതികജീവിത ഗുണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതശെയിലിയിലും സാംസ്കാരിക ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. വൃത്താന്ത പത്രങ്ങളുടെയും മാസികകളുടെയും വായനയില്‍ ഒന്നാമതാണ്‌ കേരളീയര്‍. കലാസാഹിത്യ രംഗങ്ങളിലും ഉണര്‍വ്വും വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്‌. സിനിമയും നാടകവും സാഹിത്യവും ജനകീയമായി. അവയില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു. രാജ്യത്ത്‌ പൊതുവേ അസ്വസ്ഥതകള്‍ പടര്‍ന്നപ്പോഴും കേരളസമൂഹം മതേതരമൂല്യങ്ങളുടെയും സാമൂഹിക നീതിയുടേയും നിലപാടുകളില്‍ ഉറച്ചു നിന്നു. ഇന്ത്യയിലെ മറ്റേതൊരു സമൂഹത്തേക്കാള്‍ കൂടുതല്‍ ആയി മലയാളി പഴമയുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുകയും വിശാലമായ ലോകത്തേക്ക്‌ കടന്നു ചെല്ലുകയും ചെയ്തു.

1957-ലെ ഇ.എം.എസ്‌ മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരളീയ സമൂഹത്തില്‍ വന്‍ സാമൂഹിക മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഭൂപരിഷ്കരണ ബില്‍ പാട്ടവ്യവസ്ഥ ഇല്ലാതാക്കി. ഭൂപരിധി നിശ്ചയിക്കല്‍ കുടിക്കിടപ്പുകാരന്‌ മൂന്നുമുതല്‍ പത്തുസെന്റുവരെ ഭൂമിക്ക്‌ കൈവശാവകാശം പാട്ടക്കാര്‍ക്ക്‌ കൈവശഭൂമി എന്നിവ നടപ്പാക്കി. ഫ്യൂഡല്‍ കെട്ടുപാടുകളെ ഒരു പരിധി വരെ ഇല്ലാതാക്കാനും ന്യായമായ കൂലി നിരക്ക്‌ നിലവില്‍ വരാനും മൊത്തം സമൂഹത്തെ ചലനാത്മകമാക്കാനും ഭൂപരിഷകരണനിയമത്തിന്‌ കഴിഞ്ഞു. എന്നാല്‍ പിന്നീട്‌ വന്ന ഭരണകൂടങ്ങള്‍ ഭൂപരിഷകരണത്തിന്റെ യഥാര്‍ത്ഥ അന്തസത്ത അട്ടിമറിക്കുകയും ചെയ്തു.

തോട്ടങ്ങള്‍ മതചാരിറ്റബിള്‍ സംഘടനകളുടെ ഭൂമി എന്നിവയെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കി ബില്ലിന്റെ സത്തയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പിന്നേയും തുടര്‍ന്നു. ഇത്തരം ഒഴിവാക്കലുകള്‍ ഭൂപരിഷകരണത്തെ ഒരു പരിധി വരെ പരാജയപ്പെടുത്തിയതായി എ.കെ.ജി തന്നെ വിമര്‍ശിച്ചിട്ടുണ്ട്‌. ദളിത്‌ ആദിവാസി വിഭാഗങ്ങള്‍ക്ക്‌ ഭൂപരിഷ്കരണം വേണ്ടാ വിധത്തില്‍ ഉപകാരപ്പെട്ടില്ല. പത്തുസെന്റിലും മൂന്നുസെന്റിലുമായി ഈ വിഭാഗങ്ങളെ തളച്ചിടപ്പെട്ടു. ഇവരില്‍ തന്നെ കൂടുതല്‍ ഭൂമി ഉണ്ടായിരുന്നവരുടെ ഭൂമി പിന്നീട്‌ നഷ്ടപ്പെടുന്നതായി ആണ്‌ കാണുന്നത്‌. 1980-1981-ല്‍  രണ്ട് ഏക്കറിലധികം ഭൂമി ഉണ്ടായിരുന്ന ദളിത്‌ കുടുംബങ്ങള്‍ 1.5% ആയിരുന്നെങ്കില്‍ 1985-1986ല്‍ തന്നെ ഇവര്‍ 1%ല്‍ താഴെ ആയി. ഏകദേശം 30% ആദിവാസികള്‍ക്കും 16% വരുന്ന തീരദേശജനതക്കും വീട്‌ വക്കാന്‍ ഒരു തുണ്ട്‌ ഭൂമിപോലുമില്ലാത്ത അവസ്ഥയാണ്‌. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയുടെ വര്‍ദ്ധിച്ച ഉപയോഗം ഭൂകേന്ദ്രീകരണം ഭക്ഷ്യവിളകളുടെ ഉല്‍പ്പാദനത്തില്‍ നിന്നും നാണ്യവിളകളുടെ ഉല്‍പ്പാദനത്തിലേക്കുള്ള മാറ്റം പാട്ടസമ്പ്രദായത്തിന്റെ തിരിച്ചുവരവ്‌, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെ വ്യാപനം ഇവയൊക്കെ ഭൂപരിഷകരണത്തിന്റെ അന്തസത്തയെ തല്ലിക്കെടുത്തിക്കൊണ്ട്‌ മുന്നോട്ട്‌ പോകുന്ന കാഴ്ച്ചയാണ്‌ കാണുന്നത്‌.

1959ല്‍ വിമോചനസമരത്തെ തുടര്‍ന്ന്‌ ഇ.എം. എസ്സ്‌ മന്ത്രിയസഭ പിരിച്ചുവിടപ്പെട്ടെങ്കിലും ഇടതുപക്ഷാഭിമുഖ്യമുള്ള വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും ജനങ്ങളുടെ മൊത്തതിലുള്ള അവകാശബോധവും കേരളത്തെ സംബന്ധിച്ച്‌ സജീവമായി തുടര്‍ന്നു. തന്നിമിത്തം 1990കള്‍ വരെ കേരളം ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക്‌ അവരുടെ രാഷ്ട്രീയനിലപാട്‌ എന്തുതന്നെ ആയിരുന്നാലും ജനകീയ താല്‍പ്പര്യങ്ങളെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. 1964ല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സ്ഥാപിതമായത്‌ ഇതിന്റെ ഒന്നാംതരം തെളിവാണ്‌. മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യഭ്യാസബില്ലിന്റെ പേരിലാണ്‌ ലെ മന്ത്രിസഭ അട്ടിമറിക്കപ്പെട്ടതെങ്കിലും അത്‌ മുന്നോട്ടുവെച്ച വിദ്യഭ്യാസത്തിന്റെ ജനകീയവല്‍ക്കരണമെന്ന ആശയം പ്രായോഗികമാക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്‌. ഇത്‌ സാധ്യമാക്കുന്ന ഒരു സാര്‍വ്വദേശീയ-ദേശീയ സാഹചര്യം കൂടി ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കണം.

നെഹ്രുവിന്റെ ക്ഷേമരാഷ്ട്രപരിപ്രേക്ഷ്യത്തിന്റെ അന്ത്യം അതിനകത്ത്‌ ഇടം കണ്ടെത്തിയ കേരളമോഡലിനും ക്ഷതം സംഭവിപ്പിച്ചു. സാമൂഹികക്ഷേമവും സാമ്പത്തിക വളര്‍ച്ചയും തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ലെന്നും ഒരേ വികസനപ്രക്രിയയുടെ ഇരുവശങ്ങളാണെന്നുമുള്ള മുന്‍നിലപാട്‌ കയ്യൊഴിയുകയും സാമ്പത്തിക വികസനവും സാമൂഹിക ക്ഷേമവും ജനാധിപത്യ അവകാശങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന നവലിബറല്‍ ആശയം മുന്നോട്ട്‌ വെക്കുകയും ചെയ്തു. സര്‍ക്കാറിന്റെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ വികസനത്തിന്‌ വിലങ്ങു തടിയാണെന്നു പ്രഖ്യാപിച്ച കമ്പോള മൗലിക വാദികള്‍ ക്രമസമാധാന പാലനം മാത്രമായി സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ പരിമിതപ്പെടുത്താനും സാമ്പത്തിക വളര്‍ച്ചയുടെ ഉത്തരവാദിത്വങ്ങള്‍ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കും സാമൂഹികസേവനങ്ങളുടെ ബാദ്ധ്യത എന്‍.ജി.ഒ-കള്‍ നയിക്കുന്ന പങ്കാളിത്ത വികസനശാക്തീകരണ പദ്ധതികള്‍ക്കുമായി വിട്ടുകൊടുക്കാനും തീരുമാനിച്ചു. അതോടൊപ്പം സര്‍ക്കാരിന്റെ സമ്പദ്ഘടനയിലെ പങ്ക്‌ കുറക്കാനുള്ള നടപടി ക്രമങ്ങളും നിലവില്‍ വന്നു. തല്‍ഫലമായി കോര്‍പ്പറേറ്റ്‌ സമ്പന്നവിഭാഗങ്ങള്‍ക്ക്‌ വന്‍തോതില്‍ നികുതി ഇളവുകളും പ്രത്യക്ഷ പരോക്ഷ സബ്സിഡികളും ഉറപ്പാക്കിയും ലാഭത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും കയ്യൊഴിഞ്ഞും സര്‍ക്കാരിന്റെ വിഭവസമാഹരണ പ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി. വലതുപക്ഷ കേന്ദ്രങ്ങളുടേയും അക്കാദമക്ക്‌ സാമ്പത്തികശാസ്ത്രജ്ഞന്മാരുടേയും മുന്‍കയ്യില്‍ കേരളത്തിനടക്കം 1990-കളുടെ ആരംഭം മുതല്‍ ധനപ്രതിസന്ധി സമ്പന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായത്‌ ഈ പശ്ചാത്തലത്തിലാണ്‌. കേരളത്തെ സമ്പന്ധിച്ച്‌ പറയുകയാണെങ്കില്‍ പ്രതിസന്ധിയുടെ അടിയന്തര കാരണം ആഗോളവല്‍ക്കരണനയങ്ങളാണെന്ന വസ്തുത അവഗണിച്ച്‌ ആരോഗ്യ,വിദ്യഭ്യാസ,സാമൂഹിക സേവനരംഗത്ത്‌ വരവില്‍ കൂടുതല്‍ ചെലവുചെയ്ത്‌ കേരളാമോഡല്‍ നിലനിര്‍ത്തുന്നതിന്റെ പരിണതിയായിട്ടാണ്‌ കാര്യങ്ങള്‍ അവതരിക്കപ്പെട്ടത്‌. ചുരുക്കത്തില്‍ ധനപ്രതിസന്ധിയുടെ മറവില്‍ സാര്‍വത്രികമായ പൊതുവിദ്യഭ്യാസവും പൊതുജനാരോഗ്യവും പൊതുവിതരണസംവിധാനവും ജനാധിപത്യാവകാശങ്ങളെല്ലാം അടങ്ങുന്ന കേരളാമോഡല്‍ നിലനിര്‍ത്തത്തക്കതല്ലെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. തീര്‍ച്ചയായും സുദീര്‍ഘമായ പുരോഗമനമുന്നേറ്റങ്ങളുടെ ചരിത്ര പാശ്ചാത്തലം നിമിത്തം ക്ഷേമരാഷ്ട്രങ്ങളുടെ താരതമ്യേന മെച്ചപ്പെട്ട പരിച്ഛേദം സൃഷ്ടിക്കാന്‍ കഴിഞ്ഞ കേരളത്തെ സംബന്ധിച്ചിടത്തോളം 9കള്‍ മുതല്‍ ശക്തിപ്പെട്ട നവലിബറല്‍ നയങ്ങള്‍ വിനാശകരമായ പ്രത്യാഘാതങ്ങളാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌.

പുതിയ കേരളം

1990-കള്‍ മുതല്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണസാമ്പത്തിക നയങ്ങള്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള വിടവ്‌ വളരെ അധികം വര്‍ദ്ധിപ്പിക്കുകയും ദരിദ്രരുടെ എണ്ണം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ആണ്‌. മൊത്തം ഭൂമിയുടെ 60%, പത്തുശതമാനം വരുന്ന ഉയര്‍ന്ന വരുമാനക്കാരുടെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. മൊത്തം വരുമാനത്തിന്റെ 40% ഈ പറഞ്ഞ ഉയര്‍ന്നവരുമാനക്കാരായ 10%ന്റെ കയ്യിലാണ്‌. താഴെ തട്ടിലുള്ള 60%ത്തിന്‌ മൊത്തം സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 17% മാത്രമാണ്‌ കൈമുതലായുള്ളത്‌.

2005-2006-ല്‍‌ ദാരിദ്രരേഖക്ക്‌ താഴെയുള്ളവരുടെ എണ്ണം

1500 രൂപയില്‍ താഴെ പ്രതിമാസവരുമാനമുള്ളവര്‍ ആകെമൊത്ത ജനസംഖ്യയുടെ 15%
3500 രൂപയില്‍ താഴെ പ്രതിമാസവരുമാനമുള്ളവര്‍ ജനസംഖ്യയുടെ 34%
തൊഴില്‍മേഖലയില്‍ 5000 രൂപക്കുതാഴെ മാസവരുമാനമുള്ളവര്‍ 85%
പുറമെനിന്നുള്ള പണവരവിനെ ആശ്രയിച്ച്‌ കഴിയുന്ന കുടുംബങ്ങളില്‍ 19.8% പരമദരിദ്രരാണ്‌ (അതായത്‌  1500 രൂപയില്‍ താഴെ മാസവരുമാനമുള്ളവര്‍ ആണ്‌)
ഏറ്റവും ദരിദ്രരുള്ള ജില്ല - പാലക്കാട്‌
കുറവുള്ള ജില്ല - പത്തനംതിട്ട

കേരളത്തില്‍ നവലിബറല്‍ മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി

സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ്‌
മോശമായിക്കൊണ്ടിരിക്കുന്ന ധന സ്ഥിതി
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയം
കാര്‍ഷികവളര്‍ച്ചയുടെ തഴോട്ടുള്ള പോക്ക്‌
വ്യവസായരംഗവും മുരടിപ്പില്‍.
സംസ്ഥാനത്തിന്റെ വളര്‍ച്ച മിക്കവാറും സേവനരംഗത്ത്‌ ഒതുങ്ങി.

കാര്‍ഷികമേഖലയിലെ തൊഴില്‍ പങ്കാളിത്തം 62.5%ല്‍ നിന്നും 28.6% ആയി കുറഞ്ഞു.

ആഗോളവല്‍ക്കരണനയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാറിന്റെ ഘടനാപരമായ ക്രമീകരണങ്ങള്‍ കൂനിന്മേല്‍ കുരുവായി. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും പൊതുവിതരണസംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തിയതും ഉദാഹരണങ്ങള്‍. തത്വത്തിലല്ലെങ്കിലും പ്രയോഗത്തില്‍ സാമൂഹ്യനീതിയില്‍ ഊന്നുന്ന രാഷ്ട്രീയ സമീപനങ്ങള്‍ക്കു പകരം വ്യക്തിഗത പരിഹാരങ്ങളിലേക്കു നീങ്ങുന്ന അരാഷ്ട്രീയതക്ക്‌ മാന്യത കൈവന്നിരിക്കുനു. ഇത്‌ വിപണിവല്‍ക്കരണത്തിന്റെ സാധൂകരണമാകുന്നു. കാശുകൊടുക്കാന്‍ കഴിയുന്നവര്‍ക്ക്‌ മെച്ചപ്പെട്ടസേവനം ലഭ്യമാക്കുന്നതിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുകയാണ്‌ സര്‍ക്കാറിന്റെ ധര്‍മ്മം എന്നും സര്‍ക്കാര്‍ സേവനദാദാവാകേണ്ടതില്ല എന്നുമുള്ളനയം നവലിബറല്‍ രാഷ്ട്രീയമാണെന്നു പോലും തിരിച്ചറിയപ്പെടുന്നില്ല. ജിമ്മും എക്സ്പ്രസ്സ്‌ വേയും ഷോപ്പിംഗ്‌ മാളുകളും ടൂറിസ്റ്റ്‌ വില്ലേജുകളും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകളുമാണ്‌ വികസനത്തിന്റെ ലക്ഷണങ്ങളെന്ന്‌ അവിടെയെത്തി നോക്കാന്‍ കഴിയാത്തവര്‍ പോലും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരൊക്കെ വികസനവിരുദ്ധരായി മുദ്ര കുത്തപ്പെടുന്നു. വികസനമെന്ന പേരില്‍ രാജ്യത്തിന്റെ പ്രകൃതി സമ്പത്തിനെ വര്‍ദ്ധിച്ച രീതിയില്‍ ചൂഷണം ചെയ്ത്‌ സ്വകാര്യസ്വത്ത്‌ കുന്നുകൂട്ടുകയാണ്‌ ഒരു കൂട്ടര്‍ ചെയ്യുന്നത്‌.

പരമ്പരാഗത തൊഴിലാളികളുടെ അവസ്ഥ പരമദയനീയമാണ്‌. കയര്‍ കശുവണ്ടി മേഘലയിലെ മുതലാളിമാര്‍ സമ്പത്ത്‌ കുന്നുകൂട്ടുമ്പോള്‍ മുപ്പത്തഞ്ചിനും എഴുപതിനും ഇടയിലാണ്‌ ഈ മേഖലയിലെ ദിവസവരുമാനം. കൈത്തറി ബീഡി ചെത്ത്‌ മത്സ്യബന്ധനം എന്നീ മേഖലകളിലെ സ്ഥിതിയും ഏറെ മെച്ചമല്ല.

ഇത്തരം ഒരു സാമൂഹ്യാവസ്ഥയില്‍ നിന്നുംകൊണ്ടുവേണം കേരളത്തിലെ വികസനത്തെ കുറിച്ച്‌ ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍. ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍ ക്ഷേമരാഷ്ട്രത്തില്‍ നിന്നും നവലിബറല്‍ ആഗോളവല്‍ക്കരണത്തിലെക്കുള്ള മാറ്റം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ്‌ കേരളത്തില്‍ കാണുന്നത്‌. മുഖ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഇത്തരം നടപ്പാക്കലുകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ്‌ അതിനുള്ളിലും പുറത്തും ശക്തമാണ്‌. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യഭ്യാസം ആരോഗ്യം കുടിവെള്ളം തുടങ്ങിയവയുടെ നിര്‍വ്വഹണ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോഴുണ്ടാകുന്ന ശൂന്യത നികത്തുന്നത്‌ ഈ ചുമതലകള്‍ ജനങ്ങളുടെ ചുമലില്‍ ഏല്‍പ്പിച്ചുകൊടുക്കുന്ന പങ്കാളിത്ത വികസനം എന്ന പരികല്‍പ്പനയിലൂടെയാണ്‌. ക്ഷേമരാഷ്ട്രത്തിന്റെ തകര്‍ച്ചയോടെ നിലവില്‍ വന്ന ആഗോളവല്‍ക്കരണ നയങ്ങളുടെ അവിഭാജ്യഘടകമായി ലോകബാങ്കും ഫണ്ടിംഗ്‌ ഏജന്‍സികളും പങ്കാളിത്ത വികസന പദ്ധതികള്‍ പോസ്റ്റ്‌ മോഡേണ്‍ ആശയങ്ങളുടെ പിന്‍ബലത്തോടെ ലോകവ്യാപകമായി പ്രചരിപ്പിക്കുവാന്‍ മുന്നോട്ട്‌ വന്നു. സംഘടിത വര്‍ഗ്ഗപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെ അഥവാ മൂലധനശക്തികള്‍ക്കെതിരായ സമരങ്ങളിലൂടെ മുന്‍കാലത്ത്‌ നേടിയെടുത്ത ക്ഷേമനടപടികളും ജനാധിപത്യാവകശങ്ങളും ഇനിമേല്‍ എന്‍.ജിഒ-കളും സ്വയം സഹായ സംഘങ്ങളും മൈക്രോക്രെഡിറ്റുകളും നയിക്കുന്ന പങ്കാളിത്തവികസന പദ്ധതികളിലൂടെ സാധ്യമാക്കേണ്ടതാണെന്ന്‌ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. ആഗോള്‍വല്‍ക്കരണവുമായി പൊരുത്തപ്പെടുന്ന വര്‍ഗ്ഗേതരവും പൊതുസമൂഹത്തിലൂന്നുതുമായ ഒരു ബദലിനുവേണ്ടിയുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഘടിത പ്രസ്ഥാനങ്ങളുടെ അവകാശത്തിലൂന്നുന്ന രാഷ്ട്രീയസമരങ്ങളുടെ സ്ഥാനത്ത്‌ സമ്പദ്ഘടനയുടെ സിവില്‍ സമൂഹ ഇടപെടലുകള്‍ വളര്‍ത്തിക്കൊണ്ട്‌ വരേണ്ടതാണെന്ന കാഴ്ച്ചപ്പാട്‌ മുന്നോട്ട്‌ വെച്ചു.

പുനര്‍വിതരണത്തിലധിഷ്ഠിതമായ മുന്‍കാല നയങ്ങളുടെ സ്ഥാനത്ത്‌ സാമ്പത്തിക വളര്‍ച്ചക്ക്‌ ഊന്നല്‍ നല്‍കി. ഭക്ഷണവും പാര്‍പ്പിടവും ചികിത്സയും വിദ്യഭ്യാസവും അടക്കം അത്യാവാശ്യകാര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത ദരിദ്രര്‍ യാചകസമാനരായി കഴിയുന്നു. 15% പരമദരിദ്രരടക്കം കേരളം ഇന്ത്യയിലെ ഏറ്റവും അസമത്വം നിറഞ്ഞ പ്രദേശങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്‌.

കണക്കുകള്‍

കുടിവെള്ളം പോലും സാധാരണക്കാരന്‌ അന്യമാകുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌. പുതിയ ജലനയത്തില്‍ കൃഷിക്ക്‌ ഉപയോഗിക്കുന്ന ജലത്തിനുപോലും നികുതി കൊടുക്കണമെന്ന വ്യവസ്ഥയുണ്ട്‌.

പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂമിയുടെ വില 1500% വര്‍ദ്ധിച്ചിട്ടുണ്ട്‌. ഭൂമിക്കുള്ള ഈ ഡിമാന്റ്‌ ആണ്‌ കയ്യേറ്റങ്ങള്‍ക്ക്‌ ആക്കം കൂട്ടിയതിനുപ്രധാന കാരണം. മിച്ച ഭൂമിയും വനഭൂമിയും കായലും പുറമ്പോക്കുഭൂമിയും കയ്യേറി കൊണ്ടിരിക്കുകയാണ്‌.

ഇവിടെ ഞങ്ങള്‍ക്ക്‌ വികസനത്തെ കുറിച്ച്‌ വ്യത്യസ്തമായ നിലപാടുകളാണ്‌ വെക്കാനുള്ളത്‌. ദരിദ്രപക്ഷത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള സമഗ്രവികസനത്തിനുവേണ്ടി ആയിരിക്കണമത്‌. വികസനസമീപനത്തിന്റെ അടിത്തറ നമ്മുടെ ഉല്‍പ്പാദനമേഖലയുടെ ശക്തമായ വളര്‍ച്ചയാണ്‌. മേലെത്തട്ടിലുള്ള കുറച്ചുപേരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചകൊണ്ട്‌ സ്ഥായി ആയ വികസനം സാധ്യമല്ല. ദരിദ്രവിഭാഗങ്ങള്‍ മുഖ്യമായി പണിയെടുക്കുന്ന കാര്‍ഷിക വ്യവസയിക മേഖലയിലെ വരുമാനം വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മാത്രമേ അസമത്വവും തൊഴിലില്ലായ്മയും അതില്‍ നിന്നുണ്ടാകുന്ന സാമൂഹിക സംഘര്‍ഷങ്ങളും ഇല്ലാതാക്കാന്‍ കഴിയൂ. ഈ അവസ്ഥയില്‍ വികസനം ഉല്‍പ്പാദനാധിഷ്ഠിതമാകേണ്ടതുണ്ട്‌. ഇന്നത്തെ രീതി ഉപഭോഗാധിഷ്ഠിതമാണ്‌. എവിടെയെങ്കിലും ഉല്‍പ്പാദിപ്പിച്ച്‌ കേരളത്തില്‍ വില്‍ക്കുക എന്നതില്‍ നിന്ന്‌ വ്യത്യ്സതമായി ഇവടത്തെ വിഭവങ്ങളേയും അധ്വാനത്തേയും ഉപയോഗിച്ച്‌ ഉണ്ടാക്കാനാവുന്നത്‌ ഇവിടെ ഉണ്ടാക്കണം. സംസ്ഥാനത്ത്‌ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളുടെ മുഖ്യസംഘാടകന്‍ സര്‍ക്കാര്‍ ആയിരിക്കണം. വിതരണ പ്രക്രിയ സാമൂഹ്യനീതിയില്‍ അധിഷ്ടിതമായിരിക്കണം. ഉല്‍പാദനവിതരണ പ്രക്രിയയുടെ ലക്ഷ്യം സധാരണ ജനങ്ങളുടെ അതിജീവനത്തിനുള്ള എല്ലാ വിധത്തിലുള്ള വളര്‍ച്ചക്കും വേണ്ടിയുള്ളതാവണം. എങ്കില്‍ മാത്രമേ ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പുതിയ ഒരു തലത്തില്‍ നിന്നുകൊണ്ടുള്ള ഉടച്ചുവാര്‍ക്കല്‍ കേരളത്തിലെ പ്രധാമേഖലകളിലെല്ലാം തന്നെ ആവശ്യമായി വരുന്നു. പ്രായോഗികവും യഥാര്‍ത്ഥ്യബോധത്തിലൂന്നിയതുമായ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിച്ചിടുക്കേണ്ടതുണ്ട്‌. വിട്ടുവീഴ്ച്ചയില്ലാത്ത നിര്‍ബന്ധം ചില കാര്യങ്ങളില്‍ വേണ്ടതുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നവലിബറല്‍ അജണ്ടക്ക്‌ പ്രോത്സഹനം ആകരുത്‌. മറിച്ച്‌ അതിനോടുള്ള പോരാട്ടം ആയിരിക്കണം. അസമത്വം കുറക്കുന്നതിനും അധസ്ഥിതരുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുനന്തിനുമുള്ള നടപടികള്‍ ആയിരിക്കണം.

ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന്റെ പ്രത്യേകിച്ചും ദരിദ്രരുടെ മുഖ്യ ഉപജീവന മേഖല ഇന്നും കൃഷിയാണ്‌ എന്ന ഒറ്റക്കാര്യം തന്നെ ആ മേഖലയെ സമോയോചിതമായി പരിഷ്കരിക്കുന്നതിനും പിന്തുണക്കുന്നതിനും സാധൂകരണം നല്‍കുന്നു. ഭൂപരിഷ്കരണത്തിന്റെ പോരായ്മകള്‍ തൊട്ട്‌ വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ വരെ പുനഃപരിശോധിച്ചുകൊണ്ടുള്ള നയരൂപീകരണവും അതിന്റെ അടിസ്ഥാനത്തില്‍ നെല്ല്‌ തെങ്ങ്‌ ഇടവിളകള്‍ നാണ്യവിളകള്‍ മത്സ്യം മൃഗസമ്പത്ത്‌ എന്നിവയിലെല്ലാം ഉല്‍പ്പാദനവളര്‍ച്ചയും സുസ്ഥിരതയും സാധ്യമാക്കുന്ന സാങ്കേതികനവീകരണങ്ങളും സംഘടനാസംവിധാനങ്ങളുമാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. വൈവിദ്ധ്യവല്‍ക്കരണത്തിന്റെയും ആധുനീകരണത്തിന്റെയും പ്രശ്നങ്ങള്‍ നേരിടുന്ന പരമ്പരാഗത മേഖലകള്‍ അസംസ്കൃത ദൗര്‍ലഭ്യം നേരിടുന്ന കയര്‍ കശുവണ്ടി മേഖലകള്‍ തുടങ്ങിയവയിലും പുതിയ പോംവഴി നിര്‍ദ്ദേശങ്ങള്‍ ഉരുത്തിര്‍ഞ്ഞു വരേണ്ടതുണ്ട്‌. ഈ മെഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവരാണ്‌.

കാര്‍ഷികബന്ധം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വന്‍ശൃംഘലകളുടെ സാദ്ധ്യതകള്‍ സഹകരണവിപുലമായ സംഘടനാശേഷി ഇവക്കെല്ലാം അനുയോജ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ സൃഷ്ടി തുടങ്ങിയ കാര്യങ്ങളിലും ചാരം മൂടിക്കിടക്കുന്ന കേരളീയ സാധ്യതകള്‍ ഈ അടുത്ത കാലത്ത്‌ വികസന ചര്‍ച്ചകളില്‍ ധാരാളമായി ഉയര്‍ന്നുവന്നിട്ടുണ്ട്‌. സ്കൂള്‍ തലത്തില്‍ തൊഴിലാഭിമുഖ്യം വളര്‍ത്തിയെടുക്കയും പന്ത്രണ്ടാം ക്ലാസ്സ്‌ കഴിയുമ്പോഴെക്കും ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ വൈദഗ്ധ്യം നല്‍കുകയും ചെയ്യുന്ന പാഠ്യപദ്ധതി പരിഷ്കരണം അടിയന്തരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിനാവശ്യമായ എല്ലാ തൊഴില്‍ മേഖലകളും വ്യവസ്ഥാപിത പരിശീലനസംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരണം. ഇതിലൂടെയാണ്‌ നമ്മുടെ പരമ്പരാഗത മേഖലയുടെ ആധുനിക വല്‍ക്കരണം നടക്കേണ്ടത്‌. അവക്ക്‌ ജാതീയമായ കെട്ടുപാടുകള്‍ പൊട്ടിച്ചുമാറ്റേണ്ടതുണ്ട്‌. എല്ലാതൊഴിലുകള്‍ക്കും മാന്യതയും ന്യായമായ വേതനവും കിട്ടേണ്ടതുണ്ട്‌. എല്ലാവര്‍ക്കും അവരവരുടെ കഴിവും വാസനയും അനുസരിച്ചുള്ള ഏതുതൊഴിലും ചെയ്ത്‌ തൃപ്തികരമായി ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്‌. ഉല്‍പ്പാദനാധിഷ്ഠിത വികസനം എന്ന ലക്ഷ്യത്തിന്‌ അനുപക്ഷേണീയമായ മുന്‍ ഉപാധിയാണിത്‌.

കേരളത്തിന്റെ അടിസ്ഥാനവികസനത്തിനാവശ്യമായ ഫണ്ട്‌ കേരളത്തില്‍ നിന്നുതന്നെ പിരിച്ചെടുക്കേണ്ടതുണ്ട്‌. മുപ്പത്തിമൂന്ന്‌ ലക്ഷം കോടി രൂപ നമ്മുടെ ദേശസാല്‍കൃതബാങ്കുകളില്‍ കെട്ടിക്കിടക്കുന്നു. സഹകരണ ബാങ്കുകളില്‍ ആറായിരം കോടിയും. പാട്ട റവന്യൂ കുടിശ്ശിക പതിനൊന്നായിരം കോടി രൂപയാണ്‌. കേരളത്തിലെ ബാങ്കുകളിലേക്ക്‌ പ്രവാസികള്‍ അയക്കുന്ന പൈസ കൊല്ലം തോറും പത്തൊമ്പതിനായിരം കോടി രൂപയാണ്‌. കോര്‍പ്പറേഷനുകളില്‍ നിന്നും പിരിഞ്ഞു കിട്ടേണ്ടത്‌ മുന്നൂറു കോടി രൂപയാണ്‌. ഈ കണക്ക്‌ നീളുന്നതാണ്‌. ഇങ്ങനെ പിരിഞ്ഞു കിട്ടേണ്ട വന്‍തുക കൃത്യമായും നിര്‍ബന്ധബുദ്ധിയോടേയും പിരിച്ചെടുക്കാനുള്ള ഇച്ഛാശക്തി കാട്ടേണ്ടതുണ്ട്‌. മൂന്ന്‌ സെന്റുകാരന്റേയും അഞ്ച്‌ സെന്റുകാരന്റേയും ഭൂമി ഒഴിപ്പിക്കുന്നതില്‍ കാണിക്കുന്നതിന്റെ പകുതി വാശിയെങ്കിലും മുകളില്‍ പറഞ്ഞ കോടികള്‍ പിരിച്ചെടുക്കാന്‍ കാണിക്കെണ്ടതുണ്ട്‌. 8. കോടി രൂപ ലോട്ടറിയില്‍ നിന്നും പിരിഞ്ഞുകിട്ടാനുണ്ട്‌. ഇതൊന്നും പിരിച്ചെടുക്കാതെയാണ്‌ എ.ഡി.ബിയുടെയും ലോകബാങ്കിന്റേയും പിന്നാലെ നടന്ന്‌ കേരളത്തെ പണയം വെക്കുന്ന കരാറുകളില്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഏര്‍പ്പെടുന്നത്‌.

പരിസ്ഥിതി പ്രശ്നങ്ങള്‍

ലോകം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ്‌ പരിസ്ഥിതിപ്രശ്നം. ഭൗമ ഉച്ചകോടികളില്‍ പലതുകഴിഞ്ഞെങ്കിലും പരിസ്ത്ഥിതിയെ സംരക്ഷിക്കാനുള്ള കരാറുകളില്‍ ഒപ്പിടാന്‍ പോലും അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. പ്രകൃതിയെ വലിയ പരിക്കില്ലാത്ത രീതിയില്‍ ഉപയോഗിച്ച്‌ അടുത്ത തലമുറയിലേക്ക്‌ കൈമാറുന്ന സങ്കല്‍പ്പത്തില്‍ നിന്നും വ്യതിചലിച്ച്‌ മണ്ണിനേയും വെള്ളത്തേയും പരമാവധി ഉപയോഗിച്ചും മലിനപ്പെടുത്തിയും എങ്ങിനേയും സമ്പത്ത്‌ കുന്നുകൂട്ടാമെന്ന അമിതചൂഷണത്തിലൂന്നിയ നവലിബറല്‍ വികസനനയങ്ങള്‍ പ്രകൃതിയുടെ താളം തെറ്റിച്ചിരിക്കുന്നു.

നാം ഇന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളുടെയും സുനാമി പോലുള്ള ദുരന്തങ്ങളുടേയും അമിതോഷ്ണത്തിന്റേയും കാരണങ്ങള്‍ ചെന്നു നില്‍ക്കുന്നത്‌ പ്രകൃതിയുടെ അമിതമായ ചൂഷണം എന്നിടത്താണ്‌.

കേരളീയ അവസ്ഥയിലെ ചില ഉദാഹരണങ്ങള്‍:
പ്ലാസ്റ്റിക്ക്‌ ഉല്‍പ്പന്നങ്ങള്‍

കനം കുറഞ്ഞ പ്ലാസ്റ്റിക്ക്‌ കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ്‌ പ്ലാസ്റ്റിക്ക്‌ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ വലിയ മാറ്റം വന്നിട്ടില്ല. കനം കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ മാത്രമാണോ അപകടകാരികള്‍ എന്നുചോദിച്ചാല്‍ കനമല്ല പ്ലാസ്റ്റിക്കാണ്‌ പ്രശ്നം എന്ന്‌ ഒറ്റവാക്കില്‍ പറയേണ്ടിവരും. മനുഷ്യന്റെ നിത്യോപയോഗ ആവശ്യത്തിനനുസരിച്ച്‌ രൊപ്പപ്പെടുത്തിയെടുക്കുന്ന പ്ലാസ്റ്റിക്ക്‌ ഉല്‍പ്പന്നങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാമെല്ലാം വേണ്ട വിധത്തില്‍ ബോധവാന്മരല്ല. ആകാരഭംഗികൊണ്ടും വര്‍ണ്ണവൈവിധ്യം കൊണ്ടും ഉപഭോക്ത്താക്കളുടെ മനം കവര്‍ന്ന പ്ലാസ്റ്റിക്കുകളില്‍ അപകടകാരികളായ നിരവധി രാസപദാര്‍ത്ഥങ്ങളുണ്ട്‌. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ പ്രസ്തുത അപകടത്തെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ലോകാരോഗ്യ സംഘടനയും ഈ അപകടത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പ്‌ തന്നിട്ടുണ്ട്‌. റീസൈക്ലിംഗ്‌ നടത്താന്‍ കഴിയില്ലെന്ന പ്രധാനകാരണത്താലാണല്ലോ കനം കുറഞ്ഞ പ്ലാസ്റ്റിക്കിനെ നിരോധിക്കാന്‍ അധികൃതര്‍ തുനിഞ്ഞത്‌. പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളായ പ്ലാസ്റ്റിക്കുകളെ ചൂടാക്കി രൂപമാറ്റം നടത്തുമ്പോഴും കത്തിച്ചുകളയുമ്പോഴും വമിക്കുന്ന വിഷവാതകങ്ങള്‍ പ്രകൃതിയെ മലിനപ്പെടുത്തുന്നതോടൊപ്പം മനുഷ്യനുനിരവധിരോഗങ്ങളേയും സമ്മാനിക്കുന്നു. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിന്‍ എന്ന വിഷവാതകം കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മറ്റേതൊരു വിഷവാതകത്തേക്കാള്‍ മുന്നിലാണെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

പ്ലാസ്റ്റിക്കും മനുഷ്യനും തമ്മിലുള്ള ബന്ധമറിയണമെങ്കില്‍ വേറെ എങ്ങും പോകേണ്ട ആവശ്യമില്ല. സ്വന്തം വീടിനകത്തേക്ക്‌ കണ്ണോടിച്ചാല്‍ മതിയാകും നിത്യാവശ്യങ്ങള്‍ക്കും അലങ്കാരത്തിനും ആനന്ദത്തിനും എന്നുവേണ്ട സകലതിനും നമുക്ക്‌ പ്ലാസ്റ്റിക്ക്‌ ഉല്‍പ്പന്നങ്ങള്‍ കൂടിയേതീരൂ. പ്ലാസ്റ്റിക്കില്ലാത്ത ലോകത്ത്‌ക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. പ്ലാസ്റ്റിക്ക്‌ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തണമെന്നല്ല, അവയോടുള്ള ഭ്രമം കുറക്കണമെന്നുമാത്രം. നമ്മുടെ രാജ്യത്ത്‌ പ്രതിവര്‍ഷം ഏകദേശം എണ്‍പതുലക്ഷം ടണ്‍ പ്ലാസ്റ്റിക്ക്‌ ഉപയോഗിക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഉപയോഗശേഷം വലിച്ചെറിയാന്‍ നമുക്ക്‌ ഒരോരു ഭൂമിയേ ഉള്ളൂ എന്നും വലിച്ചെറിയുന്നവ ദ്രവിച്ച്‌ മണ്ണോട്‌ ചേരാന്‍ നൂറ്റാണ്ടുകളെടുക്കുമെന്നും നാം മനസ്സിലാക്കണം. അജ്ഞതകൊണ്ടും അനാസ്ഥകൊണ്ടും അശ്രദ്ധകൊണ്ടും എന്തുമാത്രം ദുരിതമാണ്‌ നാം ഭൂമിയിലേക്ക്‌ ചൊരിഞ്ഞതും ചൊരിഞ്ഞുകൊണ്ടിരിക്കുന്നതും! പ്ലാസ്റ്റിക്കേതര ഉല്‍പ്പന്നങ്ങളെ കുറിച്ച്‌ നാം ചിന്തിക്കണം. ചണം, തുണി, ചൂരല്‍ വാഴനാര്‌, കടലാസ്‌, ചിരട്ട,കമുകിന്‍ പാള പനയോല നൂല്‌ എന്നിവകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ മനുഷ്യന്റെ നിരവധി ആവശ്യങ്ങള്‍ നിരവേറ്റാന്‍ കഴിയും. പ്ലാസ്റ്റിക്ക്‌ കണ്ടൈനറുകള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രം ഉപയോഗിക്കുക. കുട്ടികള്‍ക്ക്‌ പ്ലാസ്റ്റിക്കേതര കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുക. അങ്ങനെ ബദല്‍ പരിപാടികളിലൂടെ പരമവധി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണം.

കീടനാശിനികളും വ്യവസായ മാലിന്യവും
കേരളത്തിന്റെ വടക്കെ അറ്റത്ത്‌ കര്‍ണ്ണാടക സംസ്ഥാനത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന ചെറിയൊരു ഗ്രാമം "പഡ്രെ". എഡോസല്‍ഫാനിന്റെ ഉപയോഗം കൊണ്ട്‌ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ മരിക്കുകയും നിരവധി പേര്‍ മരിച്ചുജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രകൃതിക്കും മനുഷ്യനും അപകടമാകുന്ന ഏതുകീടനാശിനിയും 1957ലെ കീടനാശിനി നിരോധന നിയമം മൂലം നിര്‍ത്തല്‍ ചെയ്യേണ്ടതാണ്‌. എന്നാല്‍ ലോകത്തുനിരവധി രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ആണ്‌ എന്‍ഡോസല്‍ഫാന്റെ പ്രധാന ഉല്‍പ്പാദകര്‍.

കേരളത്തിന്റെ പ്രധാന വ്യവസായ മേഘലയായ ഏലൂര്‍ അമ്പത്തിയഞ്ചുവര്‍ഷമായി തുടരുന്ന മലിനീകരണം കൊണ്ട്‌ രോഗങ്ങളുടെ ഉത്സവപ്പറമ്പായി മാറിയിരിക്കുന്നു. ഇവിടുത്തുകാരുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നഷ്ടമായിരിക്കുന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും വിഷമാലിന്യങ്ങളുടെ കെടുതികള്‍ അനുഭവിക്കുകയാണ്‌. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നടത്തിയ ആരോഗ്യസര്‍വ്വേ പ്രകാരം (ഏലൂര്‍ പഞ്ചായത്തിലെ കുഴിക്കണ്ടം തോടിനോട്‌ ചേര്‍ന്ന്‌ ജീവികുന്ന മുന്നൂറ്റി ഇരുപത്തിയേഴ്‌ കുടുംബത്തിലെ ആയിരത്തിമുന്നൂറ്റി എണ്‍പത്തി രണ്ട്‌ പേരിലണ്‌ സര്‍വ്വേ നടത്തിയത്‌)9% ശതമാനം പേരും രോഗാവസ്ഥയിലാണ്‌ എന്ന കണ്ടെത്തലില്‍ പൊതുസമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്‌. പൊല്ലൊഷന്‍ കണ്ട്രോള്‍ ബോര്‍ഡ്‌ എന്നും നോക്കുകുത്തികളാണെന്ന്‌ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

നദികള്‍ മരിക്കുന്നു കുടിവെള്ളം മലിനീകരിക്കപ്പെടുന്നു.

കൊല്ലത്തില്‍ നാലഞ്ചുമാസം മഴ പെയ്യുകയും നാല്‍പ്പത്താറോളം നദികള്‍ ഒഴുകുകയും ചെയ്യുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ കുടിവെള്ള ക്ഷാമവും ജലമലിനീകരണവും ഒരു പ്രധാനപ്രശനമായി മാറിയിരിക്കുന്നു. മഴവെള്ളം ശേഖരിക്കപ്പെട്ടിരുന്ന കുളങ്ങള്‍ വയലുകള്‍ തടാകങ്ങള്‍ തോടുകള്‍ എന്നിവയെല്ലാം തന്നെ ദിനം പ്രതി മണ്ണിട്ട്‌ നികത്തിക്കൊണ്ടിരിക്കുന്നു. ഇതുമൂലം മഴവെള്ള സംഭരണികള്‍ നഷ്ടമാകുകയും ആവാസയവസ്ഥയില്‍ ഗുരുതരമായ പ്രശങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പെയ്യുന്ന മഴയുടെ ഭൂരിഭാഗവും കടലിലേക്ക്‌ ഒലിച്ചുപോകുന്നു.

നമ്മുടെ നദികളും കായലുകളും ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. ഭാരതപ്പുഴയെ പുഴയെന്ന്‌ വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌. പുഴയില്‍ നിന്നും ഓരോദിവസവും കയറ്റിപ്പോകുന്ന മണല്‍ ലോറികളുടെ കണക്ക്‌ ഞെട്ടിക്കുന്നതാണ്‌. പെരിയാര്‍ മലിനീകരണത്തിന്റെ മൂര്‍ത്തീഭാവമായി നില്‍ക്കുന്നു. ഏലൂരിന്റെ വ്യവാസിയിക മലിനീകരണം മുഴുവന്‍ ഏറ്റുവാങ്ങുന്നത്‌ പെരിയാറാണ്‌. പെറിയാറില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ മണല്‍ വാരുന്നത്‌. ചാലിയാറിന്‌ പുതുജീവന്‍ കിട്ടിയിട്ടുണ്ടെങ്കിലും മണല്‍ വാരല്‍ രൂക്ഷമാണ്‌. കേരളത്തിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണല്ലോ വേമ്പനാട്ടുകായലും അതിന്റെ പരിസരവും. ആയിരത്തി ഇരുനൂറില്‍ പരം ഹൗസ്‌ ബോട്ടുകളാണ്‌ വേമ്പനാട്ടുകായലിലൂടെ ദിനം പ്രതി പാറി നടക്കുന്നത്‌. കായലില്‍ ഒമ്പതുമീറ്റര്‍ ആണ്‌ ഏറ്റവും ആഴം കൂടിയ സ്ഥലമായി കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ മനുഷ്യവിസര്‍ജ്ജനവും ഭക്ഷണബാക്കിയും പ്ലാസ്റ്റിക്കും കൂടിവീണ്‌ കായലിന്റെ കൂടിയ ആഴം അഞ്ചുമീറ്റര്‍ ആയി കുറഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മൂന്ന്‌ മീറ്റര്‍ ആഴം മാത്രമേ ഉള്ളൂ. ടൂറിസം കടന്നു വരുമ്പോള്‍ ഒരു കായല്‍ എങ്ങനെ ഇല്ലാതാകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ വേമ്പനാട്ടുകായല്‍. കണ്ണീര്‍ പോലെ ശുദ്ധമായിരുന്ന വേമ്പനാട്ടുകായലിലെ ജലമിന്ന്‌ ഡീസല്‍ വീണുവീണ്‌ കരിഓയില്‍ ആയിരിക്കുന്നു. മത്സ്യസമ്പത്തിന്റെ വന്‍ നാശമാണ്‌ കായലില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. കായലില്‍ നിന്നും കിട്ടുന്ന മത്സ്യത്തിന്‌ ഡീസലിന്റെ മണവുമാണ്‌. ഇതേസമയത്തുന്നെയാണ്‌ ബഹുരാഷ്ട്ര ഭീകരന്മാര്‍ നമ്മുടെ പെരിയാറടക്കമുള്ള നദികള്‍ക്ക്‌ വിലപറഞ്ഞുകൊണ്ടിരിക്കുന്നത്‌ എന്നുകൂടെ ഓര്‍ക്കണം.

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ മുപ്പത്തിഴായിരം ആളുകളാണ്‌ താമസിക്കുന്നത്‌. മൂന്നുകോടി തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. ഇവരുടെയെല്ലാം മാലിന്യങ്ങളും വന്നുചേരുന്നത്‌ കനോലി കനാലിലും. ചുരുക്കത്തില്‍ മലിനമകാത്ത ഒരു നദിയും കേരളത്തില്‍ ഇല്ല.

കേരളത്തിലെ റോഡുകള്‍ക്ക്‌ ഉള്‍ക്കൊള്ളാവുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങളാണ്‌ നമ്മുടെ റോഡുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ഇതുണ്ടാക്കുന്ന വായുമലിനീകരണമാണ്‌ ഒസോണ്‍ പാളികളുടെ നാശത്തിനും വിവിധ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും പ്രധാനകാരണം.

കാട്‌ ദിനം പ്രതി നാടായിക്കൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. ഭൂമിയോടുള്ള ഈ അമിത ചൂഷണവും സമ്പത്തുണ്ടാക്കാന്‍ പ്രകൃതിയെ എങ്ങനെ ചൂഷണം ചെയ്താലും തെറ്റില്ല എന്ന നമ്മുടെ ബോധവും നമുക്ക്‌ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളത്തെ തലമുറക്ക്‌ കൈമാറാന്‍ ഈ ഭൂമി നിലനില്‍ക്കുമോ എന്ന ചോദ്യമാണ്‌ ഏറ്റവും പ്രസക്തമാകുന്നത്‌.

ഇക്ബാല്‍ കൊടുങ്ങല്ലൂര്‍
Subscribe Tharjani |