തര്‍ജ്ജനി

ഫോക്കസ്

കലയും സംസ്കാരവും കേരളത്തിന്റെ നവോത്ഥാനഭൂപടത്തില്‍

കേരളീയ സമൂഹത്തിന്റെ നവരൂപകങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അവയുടെ രൂപാന്തരത്തില്‍ ചരിത്രവും കാലവും വഹിച്ച പങ്ക്‌ നമ്മുടെ ജീവിത സ്വരൂപത്തോടു തന്നെ തുല്യമായി നില്‍കൂന്നതാണ്‌. പ്രാചീനകേരളത്തിന്റെ രൂപഘടനയില്‍ നിന്ന്‌ ആധുനീക സമൂഹസ്വത്വത്തിലേക്കുള്ള പരിണാമം നിരവധി ഘടകങ്ങളുടെ പ്രവര്‍ത്തനത്തിന്റേയും പ്രതിപ്രവര്‍ത്തനത്തിന്റേയും ഫലമായാണ്‌. അതുകൊണ്ടുതന്നെ അതിവിശാലമായ ഒരു ചരിത്ര പരിണാമ പ്രക്രിയയെ ഒരു കൊച്ചു ചിമിഴിലുള്ളിലൊതുക്കി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്‌ ഏറെ ശ്രമകരമായിരിക്കും.

കേരളത്തിന്റെ വര്‍ത്തമാനത്തില്‍ കല, സാഹിത്യം, സംസ്കാരം, നവോത്ഥാന മൂല്യങ്ങള്‍ എന്നിവയ്ക്കു സംഭവിക്കുന്ന ഗുണ ഘടന മാറ്റങ്ങളെന്തെന്ന്‌ അന്വേഷിക്കുമ്പോള്‍ നമ്മള്‍ പ്രാഥമികമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്‌. വിശകലന ഉപകരണങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ആശ്രയിക്കുന്ന പദങ്ങളുടെ സാമാന്യ സാരം എന്തെന്ന്‌ ആരായുന്നത്‌ നന്നായിരിക്കും. നിയതമായ നിര്‍വ്വചനങ്ങള്‍ സാമൂഹിക സങ്കേതങ്ങളില്‍ അത്ര സുഖകരമല്ല എന്ന സത്യവും നമുക്കറിയാവുന്നതാണല്ലോ.

എന്താണ്‌ കല?

കല എന്നാല്‍ അനുകരണമാണെന്ന്‌ (arts are mimetic or imitative) പ്ലാറ്റോ "റിപ്പബ്ലിക്ക്‌"ല്‍ പറയുന്നു. ഇമ്മാനുവല്‍ കാന്റിന്റെ അഭിപ്രായത്തില്‍ കല ലക്ഷ്യരഹിതവും എന്നാല്‍ സ്വയം കൃതാര്‍ത്ഥവുമായ ഒരു സവിശേഷ ആവിഷ്കാരമാണ്‌. എങ്കിലുമത്‌ സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിച്ചേക്കാം. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന്‌ ആര്‍ണോള്‍ഡ്‌ ഹൊയ്സര്‍ അടിവരയിടുന്നു. അങ്ങനെ വരുമ്പോള്‍ കലയെ വിലയിരുത്താനുള്ള ഒരു ന്യൂനപക്ഷത്തിന്റെ കുത്തകയെ തടഞ്ഞേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും പറയുന്നതില്‍ നിന്ന്‌ കലയെ സംബന്ധിച്ച്‌ വളരെ ആപേക്ഷികമായ നിലപാടുകള്‍ നിലനില്‍ക്കുന്നതായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. ചുരുക്കത്തില്‍ സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല. ഇതുതന്നെയാണ്‌ വരമൊഴി മാധ്യമത്തിലും വളരെ പണ്ട്‌ വാമൊഴി മാധ്യമത്തിലും സാഹിത്യ രൂപത്തില്‍ ആവിഷ്കരിക്കപ്പെട്ടത്‌.

എന്താണ്‌ സംസ്കാരം?

എല്ലാ നിര്‍വ്വചനങ്ങള്‍ക്കും അപ്പുറത്ത്‌ എന്നാല്‍ എല്ലാ നിര്‍വ്വചനങ്ങള്‍ക്കുമുള്ളില്‍ വളരെ വ്യക്തമായ ചില സങ്കല്‍പ്പങ്ങളുടെ സഹായത്താല്‍ നമുക്ക്‌ സംസ്കാരത്തെ നോക്കിക്കാണാനാവും. മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ നന്മകളുടെയും അതിന്റെ ഉപലബ്ധിയായി വന്നിട്ടുള്ള വീഴ്ച്ചകളുടെയും ആകത്തുകയാവണം സംസ്കാരം. ഭാഷ, കലയും ശാസ്ത്രവും, ചിന്ത, ആത്മീയത സാമൂഹ്യപ്രവര്‍ത്തനം, പ്രതിപ്രവര്‍ത്തനം എന്നിവയുടെയെല്ലാം സമ്മേളനത്തിലൂടെ മനുഷ്യജീവിതത്തില്‍ രൂപം കൊള്ളുന്ന യഥാര്‍ത്ഥ്യമാണ്‌ സംസ്കാരം.

എന്താണ്‌ നവോത്ഥാനം?

renaissance എന്ന ഫ്രഞ്ച്‌ പദത്തിന്റെ re-birth എന്ന ഇംഗ്ലീഷ്‌ തര്‍ജ്ജമയില്‍ നിന്നാണ്‌ നമ്മള്‍ നവോത്ഥാനം എന്ന പദം രൂപപ്പെടുത്തിയത്‌. ഒരിക്കല്‍ നിലനിന്നുരുന്ന സാമൂഹ്യ വൈയ്യക്തിക ജീവിതോല്‍ക്കര്‍ഷത്തിന്റെ പുനര്‍ജ്ജനനമാണ്‌ സാമൂഹിക നവോത്ഥാനം. യൂറോപ്യന്‍ നവോത്ഥാനം എന്നത്‌ ഗ്രീക്കോ റോമന്‍ സംസ്കാരത്തിന്റെ അനുഭവമായ സാംസ്കാരിക വൈജ്ഞാനികമായ മൂല്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുഥാരണമാണ്‌. കേരളീയ നവോത്ഥാനം മുന്‍പ്‌ നിലനിന്നിരുന്ന ഏതൊന്നിന്റെ വരവാണ്‌ കാണിക്കുന്നത്‌? തിരിഞ്ഞു നോക്കുമ്പോള്‍ നാം കാണുന്നത്‌ സംഘകാല സംസ്കൃതിയുടെ വര്‍ണ്ണശബളമായ വാഴ്‌വാണ്‌. എന്നാല്‍ സംഘകാല കൃതികള്‍ പ്രാചീന തമിഴകത്തിന്റെ നേര്‍ക്കുപിടിച്ച ദര്‍പ്പണങ്ങളാണെന്ന്‌ പറയാം. പുരാതന തമിഴ്‌ സാഹിത്യത്തിന്റെ അതിമനോഹരമായ വൈവിധ്യത്തെ പരാമര്‍ശിക്കുമ്പോള്‍ തന്നെ സംഘകാല സാഹിത്യത്തില്‍ പ്രതിഫലിച്ച സാമൂഹിക ജീവിതത്തിന്റെ ധര്‍മ്മാധര്‍മ്മ നിലപാടുകള്‍ ചോദ്യം ചെയ്യപ്പേടേണ്ടതുണ്ട്‌. അതിനാല്‍ മറ്റുപല യൂറോപ്യന്‍ വിവക്ഷകളും ഒരു പൗരസ്ത്യ സമൂഹത്തിലേക്ക്‌ പരാവര്‍ത്തനം ചെയ്യുമ്പോള്‍ നമ്മള്‍ സ്വീകരിക്കുന്ന അടവുകള്‍ ഇവിടെയും സാധ്യമാക്കേണ്ടതുണ്ട്‌. കേരളീയ ഭൂതകാലത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മാനുഷിക മൂല്യങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായി കേരളീയ നവോത്ഥാനത്തെ കണക്കാക്കവുന്നതാണ്‌.

സരസനായ ഒരു വിമര്‍ശകന്‍ കേരള ചരിത്ര രചനയെ നിര്‍വ്വചിച്ചത്‌ "തെളിവില്ലായ്മയുടെ കഷണ്ടിയില്‍ കവിതകൊണ്ടുള്ള ചരിത്ര രചന" എന്നാണ്‌. എന്നാല്‍ ഈ വിമര്‍ശനത്തിന്റെ കാതലിലേക്കു കടന്നാല്‍ കേരളചരിത്ര രചനയി;ല്‍ കാവ്യാത്മകമായ ഒരു വശമുണ്ടെന്ന്‌ കാണാനാകും. പരശുരാമന്‍ മഴുവേറിഞ്ഞാണ്‌ കേരളം ഉണ്ടായതെന്ന കേരള മഹാത്മ്യത്തിലെ നിലാപാടിനെ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള-ദീര്‍ഘാകൃതിയിലുള്ള വിസ്തൃതി, പശ്ചിമഘട്ട മലനിരകള്‍, അറബി കടലിന്റെ സ്വാധീനം,മണ്‍സൂണ്‍ കാറ്റിന്റെ ആഭിമുഖ്യം, ഇന്ത്യാസമുദ്രത്തിലെ സുപ്രധാനമായ സ്ഥാനം,വനവിഭവങ്ങുളുടേയും മലഞ്ചരക്കുകളുടെയും ലഭ്യതയും അവയുടെ അനുഗുണമായ മണ്ണും വിണ്ണും-കേരളത്തിന്റെ സാംസ്കാരിക സാമൂഹിക സൃഷ്ടിയില്‍ തികച്ചും കാവ്യാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്‌. അതിനാല്‍ കേരളചരിത്രം അതിന്റെ സാമൂഹിക സാമ്പത്തിക വിശകലനോപാധികളുടെ സഹായത്താല്‍ പഠിക്കുന്ന ഒരാള്‍ക്ക്‌ കാവ്യാത്മകമായ ഒരനുഭവമുണ്ടാകുന്നത്‌ അതിശയകരമല്ല. ഈ ഭൂമികയില്‍ നിന്നുകൊണ്ട്‌ കേരളത്തിന്റെ കലാസാംസ്കാരിക പരികല്‍പ്പനകള്‍ എങ്ങനെ രൂപപ്പെട്ടുവന്നു അവയ്ക്ക്‌ എങ്ങനെ രൂപാന്തരം സംഭവിച്ചുവെന്നും വളരെ സംക്ഷിപ്തമായി അന്വേഷിക്കാം.

തമിഴകത്തിന്റെ സാമൂഹിക പാരമ്പര്യമാണ്‌ കേരളത്തിനുമുണ്ടായിരുന്നത്‌. പ്രാചീനകാലത്തെ രാജ്യാന്തരീയവും നഗരാന്തരീയവുമായ ദേശഗമനങ്ങളും സംസര്‍ഗ്ഗവും പ്രഫുല്ലമായ ഒരു സാംസ്കാരിക ഭൂപടം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിവര്‍ത്തിയെടുത്തെങ്കില്‍ മധ്യകാലത്തേയും ആധുനിക കാലത്തെയും അധിനിവേശങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ആന്തരീകസത്തയെ നശിപ്പിക്കുകയാണ്‌ ചെയ്തത്‌. സംഘകാല സാഹിത്യത്തിന്റെ കാല്‍പ്പനിക സൗന്ദര്യം പിന്നീട്‌ തുടര്‍ച്ചയില്ലാതെ പോവുകയും അവ്യക്തമായ ചരിത്ര ദശകളില്‍ നമ്മുടെ അന്വേഷണങ്ങള്‍ തടഞ്ഞു പോവുകയും ചെയ്തു. മലയാള ഭാഷയുടെ ശക്തിപ്പെടല്‍ തമിഴ്‌ സംസ്കൃതം ഭൂപ്രകൃതി ദേശാന്തരീയ കച്ചവടബന്ധങ്ങള്‍ എന്നിവയില്‍ നിന്ന്‌ ഉല്‍ഭൂതമായിട്ടുള്ളതാണ്‌.

കാവ്യഭാഷയിലുള്ള അതിന്റെ പുഷ്ടിപ്പെടല്‍ ആദികാല മലയാള കൃതികളില്‍ കാണാം. ചേറുശ്ശേരി കൃതികള്‍, ചമ്പുക്കള്‍, സന്ദേശകാവ്യങ്ങള്‍, നിരണം കൃതികള്‍ എന്നിവയില്‍ നിന്നും മധ്യകാലചമ്പുക്കളിലേക്കും എഴുത്തച്ഛന്റേയും പൂന്താനത്തിന്റേയും ഭക്തിസാന്ദ്രങ്ങളായ കാവ്യസൃഷ്ടികളിലേക്കും നമ്മുടെ ഭാഷാ സാഹിത്യം വളര്‍ന്നു. (ഷേക്സ്പിയര്‍ ജീവിച്ചിരുന്നു എന്നത്‌ സംശയത്തിന്റെ നിഴലിലാണങ്കിലും ഇംഗ്ലീഷില്‍ അതൊരു ചര്‍ച്ചയേ അല്ല. ഇന്ന്‌ പൂന്താനത്തിന്റെ സര്‍വ്വജനീന സ്വഭാവമുള്ള കാവ്യപ്രമേയങ്ങള്‍ വിസ്മരിക്കുകയും അദ്ദേഹം ജീവിച്ചിരുന്നോ എന്ന്‌ സംശയിക്കുകയും ചെയ്യുന്ന വിരോധാഭാസത്തിന്‌ സാക്ഷികളാണ്‌ നമ്മള്‍)

തിര്‍വിതാംകൂര്‍ ദേശത്ത്‌ വളര്‍ന്നു വന്ന ആട്ടക്കഥാ സാഹിത്യവും മലബാറില്‍ ജനകീയ ബദലായി രൂപപ്പെട്ട കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ സാഹിത്യവും ഭാഷയുടെ നവനീത സംശുദ്ധിയേയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. ഭാഷയുടെയും സാഹിത്യത്ത്യന്റെയും വളര്‍ച്ചയില്‍ ഇംഗ്ലീഷ്‌ ഭാഷയുടെ സ്വാധീനവും മിഷണറി പ്രവര്‍ത്തനവും വിസ്മരിക്കാവുന്നതല്ല. എന്നാല്‍ അധിനിവേശകാലത്തെ മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്കു പുറകില്‍ ആഗോലസാമ്രാജ്യത്വത്തിന്റെയും റോമന്‍ കാത്തോലിക്ക ചര്‍ച്ചിന്റെയും ഗൂഢ തന്ത്രങ്ങളുണ്ടായിരുന്നു. ആഫ്രിക്കയിലെ മിഷണറിമാരെപ്പറ്റി പറയാറുള്ളത്‌, "മിഷണറിമാര്‍ വരുന്നതിനുമുന്‍പ്‌ ആഫ്രിക്കാര്‍ക്ക്‌ ഭൂമിയുണ്ടായിരുന്നു. എന്നാല്‍ ബൈബിളില്ലായിരുന്നു. ഇന്നവര്‍ക്ക്‌ ഭൂമിയില്ല ബൈബിളൂണ്ട്‌" എന്നാണ്‌. കേരളത്തിന്റെ പശ്ചാത്തലത്തിലും ഈ നിരീക്ഷണത്തിന്റെ നിഴല്‍ പതിയാതിരിക്കുന്നില്ല. ഇന്നത്തെ മിഷിണറി പ്രവര്‍ത്തനത്തിന്റെ ലക്ഷ്യവും അധികാരവും ധനവും മാത്രമാണെന്ന്‌ പറയേണ്ടതില്ല. എന്നാല്‍ ഇതിനിടയിലും എത്തിച്ചേര്‍ന്ന ദേശത്തെ സംസ്കൃതിയെ സമ്പന്നമാക്കുന്നതിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച വൈദികരേയും മിഷിണറിമാരേയും പ്രകീര്‍ത്തിക്കെണ്ടതുണ്ട്‌. ഒരു ഭാഷാ നിഘണ്ടുവിന്റെ നിര്‍മ്മാണത്തിനുതന്നെ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെ ഒരു പാശ്ചാത്യപണ്ഡിതന്‍ വേണ്ടിവന്നു എന്നുള്ളത്‌ എടുത്തുപറയേണ്ടതാണ്‌. തുടര്‍ന്ന്‌ മലയാളസാഹിത്യഭാഷ വൈവിധ്യമായി വളരുന്നതില്‍ ബിബ്ലിക്കല്‍ ലാംഗ്വേജിന്റെ സ്വാധീനവും നമുക്ക്‌ ദര്‍ശിക്കാനാവും.

ആധുനീക മലയാള സാഹിത്യം ശക്തിപ്പെടുന്നത്‌ ഉള്ളൂര്‍ ആശാന്‍ വള്ളത്തോള്‍ കവിത്രയത്തിലൂടെയും സമകാലികനായ വി.സി.ബാലകൃഷ്ണപ്പണിക്കരിലൂടെയുമാണ്‌. ആശാന്‍ സാമൂഹിക ദുരവസ്ഥയുടെയും ധാര്‍മ്മികച്യുതിയുടെയും കലുഷമായ ലോകത്തെ അനാവൃതമാക്കിയപ്പോള്‍ വള്ളത്തോള്‍ ദേശേീയവിമോചനരാഷ്ട്രീയത്തിന്റെ സ്വപ്നങ്ങളാണ്‌ കവിതയില്‍ പകര്‍ത്തിയത്‌. ഉള്ളൂര്‍ കഠിനമായ പദങ്ങളിലൂടെ ധാര്‍മ്മികമൂല്യങ്ങളുടെ ഭാവഭംഗി ആവിഷ്കരിക്കുമ്പോള്‍ തന്നെ പുരാണകഥാപത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും തെളിഞ്ഞമലയാളത്തില്‍ നമുക്കായി സമ്മാനിച്ചു. പിന്നീടുവരുന്ന ചങ്ങമ്പുഴ ഇടപ്പള്ളി പി കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ജി, എന്നീകവികള്‍ ആധുനിക കാവ്യപ്രമേയങ്ങളില്‍ സാമൂഹികവും സാമ്പത്തികവുമായ അര്‍ത്ഥതലങ്ങളെ ഇഴചേര്‍ക്കുകയാണ്‌ ചെയ്തത്‌. ഈ കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെ ഒരു നിര്‍മ്മല ജലാശയത്തിലെന്നപോലെ പ്രസ്തുതകവികളുടെ രചനകളില്‍ കാണാനാവും. പിന്നീടുവരുന്ന എം.ഗോവിന്ദന്‍ എന്‍.വി കൃഷ്ണവാരിയര്‍ എന്‍.എന്‍ കക്കാട്‌ അയ്യപ്പ പണിക്കര്‍ തുടങ്ങിയ കവികള്‍ മലയാള കവിതയില്‍ തികച്ചും വ്യത്യസ്തമായ കൈവഴിയാണ്‌ വെട്ടിയെടുത്തത്‌. പാരമ്പര്യ സങ്കല്‍പ്പങ്ങളെ രൂപത്തിലും ഭാവത്തിലും ഈ കവികള്‍ പൊളിച്ചെഴുതി. കവിത അതിന്റെ നിശ്ചിത വ്യാകരണവഴി വിട്ട്‌ പദ്യശാഠ്യങ്ങളില്‍ നിന്നകന്ന്‌ കാവ്യനീതിയിലേക്ക്‌ പ്രവേശിക്കുന്നത്‌ ഇവിടെയാണെന്നു പറയാം. കേസരി, മുണ്ടശ്ശേരി എന്നിവരെപ്പോലുള്ള പാശ്ചാത്യ സഹിത്യത്തില്‍ നിപുണരായ വിമര്‍ശകരും കുട്ടികൃഷ്ണമാരാരെ പോലെ ഭാരതീയ വിമര്‍ശനസങ്കേതത്തെ ആശ്രയിക്കുന്ന ദാര്‍ശനീകരും പുതിയ സര്‍ഗ്ഗാത്മക രചനകള്‍ക്ക്‌ വെണ്ണിലാവ്‌ പകര്‍ന്നു. ഇതോടൊപ്പം തന്നെ ഒരു പക്ഷെ നമ്മള വിസ്മരിച്ചുപോകുന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിട്ടുകളയുന്നതോ ആയ കാവ്യശാഖയാണ്‌ അറബിമലയാളത്തില്‍ രൂപപ്പെട്ട മാപ്പിളപ്പാട്ടൂകള്‍. മോയിന്‍കുട്ടി വൈദ്യര്‍ ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ മാപ്പിളപ്പാട്ട്‌ രചയിതാക്കള്‍ മലയാളഭാഷ പാട്ടുസാഹിത്യത്തില്‍ വിലപ്പെട്ട സംഭാവനയാണ്‌ നല്‍കിയത്‌. മതശാഠ്യങ്ങളോടുള്ള വിയോജിപ്പും ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരായുള്ള പോരാട്ടവീര്യവും പ്രണയത്തിന്റെ കാല്‍പ്പനിക ഭംഗിയും മാപ്പിളപ്പാട്ടുകളില്‍ മായാത്ത മറയാത്ത ഇശല്‍ മാധുര്യം പരത്തുന്നു.

ആധുനിക കാവ്യപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി-എന്‍.വികൃഷ്ണവാരിയരുടെ നക്സല്‍ ബാരി, എം.ഗോവിന്ദന്റെ കുഞ്ഞാലി മരക്കാര്‍, എന്‍.എന്‍ കക്കാടിന്റെ പോത്ത്‌ എന്നിവ ഓര്‍മ്മിക്കാം- കടന്നുവരുന്ന സച്ചിദാനന്ദന്‍, കെ. ജി.എസ്സ്‌, ചുള്ളിക്കാട്‌,കടമ്മനിട്ട തുടങ്ങിയവിരിലൂടെ വളര്‍ച്ച പ്രാപിച്ച മലയാളകാവ്യശാഖ ഇന്ന്‌ പി.പി രാമചന്ദ്രനിലും റഫീഖ്‌ അഹമ്മദിലും മോഹനകൃഷ്ണന്‍ കാലടിയിലും എസ്‌. ജോസഫിലും എത്തി നില്‍ക്കുന്നു. ലോകത്തെ കാണുന്നതിലും നിര്‍വ്വചിക്കുന്നതിലും കുറേകൂടി സ്വത്വാധിഷ്ഠിതമായ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ കാവ്യസൃഷ്ടി നടത്തുന്ന ഈ പുത്തന്‍ തലമുറ എന്തുതരം പരീക്ഷണങ്ങളാണ്‌ നമ്മുടെ സര്‍ഗ്ഗാത്മകസാഹിത്യത്തില്‍ നടത്താന്‍ പൊകുന്നതെന്ന്‌ നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരുന്നുകാണാം.

ഗദ്യലോകത്തെ ഉയര്‍ച്ചകള്‍-ഗദ്യ സാഹിത്യം താരതമ്യേന സമീപകാലത്തെ ഭാഷാവികാസമാണ്‌ എന്ന നിലയില്‍-നമുക്ക്‌ കുറെക്കൂടി പരിചിതമാണ്‌. ടി.എം അപ്പുനെടുങ്ങാടിയുടെ കുന്ദലതയില്‍ തുടങ്ങി ഒ. ചന്തുമേനോന്റെ ലക്ഷണമൊത്ത ആഖ്യായികയായ ഇന്ദുലേഖയിലൂടെ വളര്‍ന്ന്‌ സി വി രാമന്‍ പിള്ളയുടെ ചരിത്രാഖ്യായികളുടെ സൗന്ദര്യ പ്രതലത്തില്‍ മലയാളഗദ്യ സാഹിത്യം സുപ്രധാനമായ ഒരു ഇടം നേടിയെടുത്തു. എന്നാല്‍ ആഖ്യായികസാഹിത്യത്തെ പൊതുജീവിതത്തിന്റെ ആഴത്തിലെക്കും പരപ്പിലേക്കും അത്ഭുതകരമായി നയിക്കുന്നത്‌ കേശവദേവ്‌, തകഴി, ബഷീര്‍, എസ്‌.കെ പൊറ്റക്കാട്‌, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്‌, കോവിലന്‍ തുടങ്ങിയവരാണ്‌. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ എഴുത്തുകാര്‍ക്ക്‌ സാധിച്ചു. കൂടാതെ ഇവരെല്ലാം വ്യവസ്ഥാപിത സമൂഹത്തിന്റെ യാഥാസ്ഥിതികത്തോട്‌ അനുസ്യൂതം കലഹിക്കുകയും ചെയ്തു. ഇപ്പറഞ്ഞുവരുടെ എഴുത്ത്‌ നോവല്‍ സാഹിത്യത്തില്‍ മാത്രമല്ല ഭാവാത്മകാമയ ചെറുകഥാ സഹിത്യത്തിലും ചരിത്രപരമായ കയ്യൊപ്പുകള്‍ പതിപ്പിച്ചു. അധ്വാനിക്കുന്നവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും വേശ്യകളും സ്വവര്‍ഗ്ഗഭോഗികളും യുദ്ധത്തിന്റെ ഇരകളും അങ്ങനെ കഥാലോകത്ത്‌ ഇടം നേടിയെടുത്തു. എം.ടി വാസുദേവന്‍ നായര്‍ എന്‍.പി മുഹമ്മദ്‌ തുടങ്ങിയവര്‍ ചരിത്രത്തില്‍ ഇടം നേടാനാവാതെ പോയവരുടെ അകത്തളങ്ങളും നാലുകെട്ടുകളിലെ ദുരന്തങ്ങളും മലയാളിക്കായി പരിചയപ്പെടുത്തി. തികഞ്ഞ ഒരു ന്യൂനപക്ഷത്തിന്റെ (നായര്‍ സമുദായം) ദുരന്താനുഭവങ്ങളെ കേരളീയ ഗദ്യാസ്വകരുടെ മുഴുവന്‍ വ്യഥകളാക്കി മാറ്റുന്ന സാര്‍വ്വജനീനമായ രചനാവൈദഗ്‌ധ്യം എം.ടി പ്രകടിപ്പിച്ചു.

അധുനികതയുടെ സൃഷ്ടിയായി രൂപപ്പെട്ട അസ്ഥിത്വദുഃഖവും നിരാശ്രയത്വവും സാഹിത്യത്തിന്റെ രൂപവും ഭാവവും ആകുന്നത്‌ ഒ.വി വിജയന്‍, എം.മുകുന്ദന്‍, സേതു, കാക്കനാടന്‍, എം.പി നാരയണപ്പിള്ള, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ കൃതികളിലാണ്‌. ഈ തലമുറയില്‍ തന്നെ വ്യത്യസ്തമായ രചാനാസങ്കേതങ്ങള്‍ കൊണ്ടും സാമൂഹ്യകാഴ്ച്ചപ്പാടുകള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്നത്‌ മാധവികുട്ടിയും ആനന്ദുമാണ്‌. നഗരവത്കൃത സമൂഹത്തിന്റെ ആള്‍ക്കൂട്ട സ്വത്വത്തിനുമേല്‍ ഭരണകൂടം നടത്തുന്ന നായാട്ടുകള്‍ ആനന്ദിന്റെ എഴുത്തിനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തമാക്കി നിര്‍ത്തുന്നു. തികച്ചും അതിശയകരമായ ഭാഷകൊണ്ടും പ്രമേയം കൊണ്ടും വിജയന്‍ ഖസ്സാക്കിന്റെ ഇതിഹാസം നമ്മുടെ നോവല്‍ സാഹിത്യത്തിലെ ഒരു ഘട്ടത്തെ അടയാളപ്പെടുത്തിയപ്പോള്‍ അനാഥമാക്കപ്പെടുന്ന സമൂഹത്തിന്റെ നിസ്സംഗതയില്‍ നിന്ന്‌ ഒളിച്ചോടാനവാത്ത കുന്ദന്റെ മാനവികത ആനന്ദ്‌ മരുഭൂമികള്‍ ഉണ്ടാകുന്നത്‌ എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഈ കാലഘട്ടത്തിലെ നോവല്‍ കഥാസാഹിത്യത്തിന്റെ പ്രധാന മുഖച്ഛായയി നമ്മള്‍ കാണുന്നത്‌ അരാജകത്വത്തിന്റെയും മൂല്യ നിരാസത്തതിന്റെയും വേവലാതികളാണ്‌. കഥാലോകത്ത്‌ ടി പദ്മനാഭനും സക്കറിയയും ടി.രാമചന്ദ്രനും വിട്ടുകളായാനാവാത്ത കണ്ണികളാണ്‌ എന്നതു പോലെ ഒരു സുപ്രഭാതം കാത്തുനിന്ന ജനതയുടെ നിരാശയെ അതിശക്തമായി ആവിഷ്കരിച്ച പ്രകൃതിനിയമത്തിന്റെ കര്‍ത്താവ്‌ സി.ആര്‍ പരമേശ്വരനും പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്ത എഴുത്തുകാരനാണ്‌.

ടി.വികൊച്ചുബാവയും സി.വി ബാലകൃഷ്ണനും അതിമനോഹരമായി മുദ്രവെച്ച അടുത്ത ഘട്ടം മലയാളകഥാസാഹിത്യത്തിന്‌ വലിയ പ്രതീക്ഷയാണ്‌ തന്നത്‌. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകവും കൊച്ചുബാവയുടെ വൃദ്ധസദനവും തികച്ചും വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഒരു ബിബ്ലിക്കല്‍ ലോകത്തെ മലയാള സാഹിത്യത്തില്‍ അസൂയവഹമായ രീതിയില്‍ പുനസൃഷ്ടിക്കുകയാണ്‌ ചെയ്തത്‌. കഥാസഹിത്യത്തില്‍ വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ച വരാണെങ്കിലും എന്‍.മോഹനന്‍,എം.സുകുമാരന്‍,സാറ ജോസഫ്‌,സി.വി ശ്രീരാമന്‍ എന്നിവരുടെ രചനകള്‍ നമ്മുടെ ഭാവുകത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഇന്ന്‌ കഥാസഹിത്യം എന്‍.എസ്‌ മാധവന്‍,പി.സുരേന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌, എന്നിവരിലൂടെ വളര്‍ന്ന്‌ ഇ.സന്തോഷ്കുമാര്‍, സന്തോഷ്‌ എച്ചിക്കാനം, സുഭാഷ്‌ ചന്ദ്രന്‍, ധന്യ രാജ്‌, എന്നിവരില്‍ എത്തിനില്‍ക്കുന്നു. ഇവരുടെ രചനകള്‍ മലയാള സാഹിത്യത്തെ ഇക്കാലമത്രയും ധന്യമാക്കിയ ചെറുകഥാപ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

നാടകരംഗത്തിന്റെ അടുത്തകാലത്തെ ഏതാനും തിരയിളക്കങ്ങള്‍ കാണാതെ പോകുന്നത്‌ അനുചിതമായിരിക്കും. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ ചെയ്ത്‌ അരങ്ങിലെത്തിച്ചത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌, എം.പി ഭട്ടതിരിപ്പാടിന്റെ ഋതുമതി കെ. ദാമോദരന്റെ പാട്ടബാക്കി, ഇടശ്ശേരിയുടെ കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങള്‍ പുരോഗമന രാഷ്ട്രീയത്തിന്റെ മുന്‍കയ്യില്‍ കേരളീയ സാമൂഹ്യരാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ജൈവ വേദികളായി മാറി. കേരളീയ നാടകവേദികളില്‍ പ്രൊഫഷണല്‍ നാടകത്തിന്റെ അപചയത്തിനിടയിലും കെ.ടിമുഹമ്മദ്‌, തിക്കോടിയന്‍ തോപ്പില്‍ ഭാസി,ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സാമൂഹ്യോന്മുഖമായ ഒരു ദൃശ്യഭാഷ അരങ്ങില്‍ ആവിഷ്കരിക്കുയുണ്ടായി. നാടകരംഗത്ത്‌ മലബാറിന്റെ സംഭാവന അന്വേഷിക്കുമ്പോള്‍ ഉസ്മാന്‍ കോയ, അയമു, നിലമ്പൂര്‍ ബാലന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ നിലനിന്നിരുന്ന വ്യവസ്ഥിതിക്ക്‌ എതിരായുള്ള ഒരു ഒഴുക്കായി മാറിയത്‌ ചരിത്രമാണ്‌. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണ ശ്രമങ്ങള്‍ ആശാവഹമായിരുന്നെങ്കിലും പിന്നീടതിന്‌ തുടര്‍ച്ചയില്ലാതെ പോയത്‌ എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടതുണ്ട്‌. കാവാലം നാരായണപ്പണിക്കാരുടെ തനത്‌ നാടക പരീക്ഷണങ്ങള്‍ സത്യത്തില്‍ ജനങ്ങളുടെ രംഗഭാഷാബോധത്തിന്‌ ഒരിക്കലും ദഹിക്കായ്കയാല്‍ നമ്മുടെ കലാരംഗത്ത്‌ കാര്യമായ ഇടം കിട്ടാതെ പോകുകയുണാണുണ്ടായത്‌.

മലയാളസിനിമാരംഗത്ത്‌ രാമുകാര്യാട്ടും പി.എന്‍ മേനോനും ഉല്‍ഘാടനം ചെയ്ത ജീവിതഗന്ധിയായ ചലച്ചിത്ര സങ്കല്‍പ്പം പിന്നീട്‌ തിടം വെക്കുന്നത്‌ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന്‌ പുറത്തുവന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലാണ്‌. അതുവരെ മിക്കവാറും കെട്ടിയുയര്‍ത്തപ്പെട്ട സ്റ്റുഡിയോകളിലും ജീവിതബന്ധമില്ലാത്ത അതിനാടകീയതയിലും കുരുങ്ങിക്കിടന്ന മലയാള സിനിമ പിന്നീട്‌ മനുഷ്യനോട്‌ സംവദിക്കാന്‍ തുടങ്ങി. ഇതിഹാസ കഥാപാത്രങ്ങളെപ്പോലും ഗോത്രവര്‍ഗ്ഗ ജീവിതവ്യവഹാരങ്ങളിലേക്ക്‌ ദൃശ്യാനുഭവമായി പരിഭാഷപൊപെടുത്തിയ ജി.അരവിന്ദന്‍ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഒരു സുവര്‍ണ്ണപ്രതിഭാസമാണ്‌. "ഇനി ഇന്ത്യന്‍ സിനിമ ലോകത്ത്‌ അറിയപ്പെടുക ഇവനിലൂടെയായിരിക്കും" എന്ന്‌ ഒരിക്കല്‍ ഋത്വിക്ക്‌ ഘട്ടക്ക്‌ വിശേഷിപ്പിച്ച ജോണ്‍ എബ്രഹാം രചിച്ച അഗ്രഹാരത്തില്‍ കഴുതൈ ഒരു തമിഴ്‌ ചിത്രമായിരുന്നിട്ടും മലയാളിയുടെ സെന്‍സിബിലിറ്റിയിലാണ്‌ വന്നു പതിച്ചത്‌. പുതിയ ചലച്ചിത്രപ്രവര്‍ത്തകരില്‍ വേറിട്ട ദൃശ്യഭാഷ രചിക്കാന്‍ കെല്‍പ്പുള്ളവരായി എത്രപേരുണ്ട്‌ എന്നുള്ളത്‌ ഇന്ന്‌ മലയാള സിനിമ ലോകസിനിമ രംഗത്ത്‌ നേരിടുന്ന വിലയിരുത്തല്‍ മനസ്സിലാക്കിയാല്‍ വെളിവാകുന്നതാണ്‌. സിനിമ വെറുമൊരു സാങ്കേതിക കലാരൂപം എന്നോ വമ്പിച്ച മുതല്‍മുടക്ക്‌ ആവശ്യമുള്ളതിനാല്‍ നിര്‍മ്മാതാവിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള ഒരു വ്യവസായ സംരഭമെന്നോ വ്യഖ്യാനിക്കാവുന്ന രീതിയില്‍ നിലവാരം താഴ്‌ന്നുപോകുന്നുവെന്നുള്ളത്‌ ആശങ്കാകരമാണ്‌. അത്കൊണ്ടുതന്നെ ചലച്ചിത രംഗത്ത്‌ പുതിയ അന്വേഷണങ്ങളും സാക്ഷാത്ക്കാരങ്ങാളും അനിവാര്യമായിരിക്കുന്നു.

കേരളീയ സംഗീതവും നൃത്തവും പ്രധാനമായും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട്‌ വളര്‍ന്നുവന്നതാണ്‌. പതിനഞ്ചാം നൂറ്റാണ്ടില്‍ വേരറ്റുപൊയെങ്കിലും ദേവദാസി സമ്പ്രദായം ക്ഷേത്രാങ്കണത്തില്‍ അവശേഷിപ്പിച്ച നൃത്തരൂപം വികസിച്ച്‌ ദക്ഷിണഭാരത്തില്‍ ഒരു പുതിയ നൃത്തസംസ്കാരം പ്രബലപ്പെട്ടു. വള്ളത്തോള്‍ സ്ഥാപിച്ച കേരള കലാമണ്ഡലം മോഹിനിയാട്ടം കഥകളി തുടങ്ങിയ നൃത്തരൂപങ്ങള്‍ക്ക്‌ നല്‍കിയ പ്രോത്സാഹനം വിലമതിക്കാനാവത്തതാണ്‌. ക്ഷേത്ര സോപാനത്തില്‍ നിന്ന്‌ ജനകീയ സദസ്സുകളിലെക്ക്‌ സോപാനസംഗീതത്തെ ഉയര്‍ത്തിക്കൊണ്ടുവരികയും അതിനെ കേരളീയ സംഗീതമായി ഗണിക്കുകയും ചെയ്ത ഞരളത്ത്‌ രാമപ്പൊതുവാള്‍ സത്യത്തില്‍ മലയാളത്തിനുസ്വന്തമായ സംഗീതത്തെ ആണ്‌ സംഭാവന ചെയ്തത്‌. എന്നാല്‍ തിരിവിതാംകൂര്‍ ദേശത്ത്‌ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാളിലൂടെ കൂടുതല്‍ പ്രചാരത്തില്‍ വന്ന കര്‍ണ്ണാടക സംഗീതം തമിഴ്‌ പാരമ്പര്യത്തിന്റെ കൈവഴിയായി നിലനില്‍ക്കുന്നതായി കാണാം.

ശില്‍പനിര്‍മ്മിതിയില്‍ കേരളീയമായ ശൈലി ആദ്യകാലത്ത്‌ രൂപപ്പെട്ടില്ലെങ്കിലും തച്ചുശാസ്ത്ര രംഗത്ത്‌ വളരെ ഗണനീയമായ ഒരു സ്ഥാനം കേരളത്തിനുണ്ട്‌. കേരളത്തിലെ ക്ഷേത്രങ്ങളുടെ വാസ്തുശില്‍പ ശാസ്ത്രം രൂപപ്പെടുന്നത്‌ നിരവധി വാസ്തുവിദ്യ ശൈലികളുടെ കൂടിച്ചേരലിന്റെ ഭാഗമായാണ്‌. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ അനിവാര്യതയായ ബൃഹദ്ഭവനങ്ങളുടെ രൂപവും സ്ഥലവ്യാപ്തിയും പിന്നീട്‌ ക്ഷേത്ര നിര്‍മ്മിതിയിലേക്കും വ്യാപിക്കുകയുണ്ടായി. ഹൈന്ദവക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച തച്ചന്മാര്‍ തന്നെയാണ്‌ ആദ്യകാലത്തെ മുസ്ലീം ക്രൈസ്തവ പള്ളികളും നിര്‍മ്മിച്ചത്‌ എന്നുള്ളതുകൊണ്ട്‌ ഹൈന്ദവേതരമായ ആരാധനാലയങ്ങള്‍ക്കും കേരളീയമായ രൂപഘടനയുണ്ടായിട്ടുണ്ട്‌.

ചിത്രകലയില്‍ പ്രാചീന കേരളത്തിന്റെ ജീവിതസന്ദര്‍ഭങ്ങളെ ആവാഹിക്കുന്ന ചുമര്‍ ചിത്രങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. പ്രാചീനമനുഷ്യരുടെ ജീവിതായോധനത്തിന്റെയും അനുഷ്ഠാനത്തിന്റെയും ചിത്രാവിഷ്കാരങ്ങളാണ്‌ അവ. പിന്നീട്‌ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്കകത്തേക്ക്‌ ചിത്ര കല കടന്നുവരുമ്പോള്‍ അതിന്‌ പുരാണകഥാസന്ദര്‍ഭങ്ങളുടെയും ഭക്തി സാന്ദ്രതയുടെയും ഒരു തലം കൈവരുന്നു. ആധുനിക ചിത്രകല രവിവര്‍മ്മക്കു ശേഷം കേരളത്തിന്റെ മണ്ണില്‍ പ്രബലപ്പെടാതെ പോയതിനുകാരണം മലയാളിയില്‍ എവിടെയോ നഷ്ടപ്പെട്ട ചിത്രാസ്വാദനബോധമാണ്‌. കേസരിയെപ്പോലുള്ളവര്‍ ചിത്രകാലാരംഗത്തെ പുതിയ പ്രവണതകളെ മലയാളിക്ക്‌ പരിചയപ്പെടുഥിക്കൊടുത്തെങ്കിലും കെ.സി.എസ്സ്‌ പണിക്കരെപ്പോലും ഉള്‍ക്കൊള്ളാനാവാതെ മലയാളി ചിത്രകലക്കുമുന്നില്‍ നിസ്സംഗനായി. ഇന്ന്‌ ചിത്രകാലാരംഗത്ത്‌ അറിയപ്പെടുന്നവര്‍ പോലും അവരുടെ രചന നിര്‍വ്വഹിക്കുന്നത്‌ പ്രധാനമായും പാരിസ്‌ നഗരത്തിന്റെ മണ്ണിലാണ്‌. യൂസഫ്‌ അറക്കല്‍ പോലും ചിത്രരചനക്കുവേണ്ടി തെരഞ്ഞെടുത്തത്‌ ഒരു കാലത്ത്‌ ബാംഗളൂരിന്റെ വഴിയോരങ്ങളായിരുന്നു. എന്നാല്‍ പുതിയ തലമുറയിലെ ചിത്രകാരന്മാര്‍ ഇത്തരത്തിലുള്ള ദേശാടനങ്ങള്‍ നടത്താതെ കേരളീയമായ സാഹചര്യത്തില്‍ അവരുടെ രചനപ്രക്രിയ സധൈര്യം തുടരുന്നുവെന്നുള്ളത്‌ ആശാവഹമാണ്‌.

കേരളീയ മൂല്യങ്ങളുടെ ഒരു സംക്ഷിപ്ത വിചാരണ തയ്യാറാക്കുമ്പോള്‍ സാമൂഹ്യ പരിഷ്കരണത്തില്‍ അത്‌ എന്തുതരം മുന്നേറ്റമാണ്‌ നടത്തിയത്‌ എന്ന്‌ കൂടെ നമുക്ക്‌ ആരായേണ്ടിവരും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട മതനവീകരണ ശ്രമങ്ങള്‍ പിന്നീട്‌ സാമൂഹ്യപരിഷകരണ പ്രസ്ഥാനങ്ങളായി മാറുന്നത്‌ നമുക്ക്‌ കാണാനവും. ഏതാണ്ട്‌ ഇതേകാലത്തുതന്നെ ബംഗാളില്‍ ഉടലെടുത്ത നവോത്ഥാനപ്രസ്ഥാനം പാശ്ചാത്യ ലിബറല്‍ ചിന്തകളെ ആഗിരണം ചെയ്യുകയും ഇന്ത്യന്‍ അവസ്ഥയില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഇന്ത്യയിലെ രണ്ട്‌ ആരാധകര്‍ ബംഗാളിലെ രാജാറാം മോഹന്‍റായിയും മൈസൂറിലെ ടിപ്പുസുല്‍ത്താനുമായിരുന്നു. എന്നാല്‍ കേരളത്തില്‍ സാമൂഹ്യനവോത്ഥാനരംഗത്ത്‌ പാശ്ചാത്യസ്വാധീനം വരുന്നത്‌ പിന്നീടാണ്‌. ശ്രീനാരായണഗുരുവിനെ പോലെ ഒരാള്‍ കീഴാളവര്‍ഗ്ഗത്തില്‍ നിന്ന്‌ ഉയര്‍ന്നുവരുകയും ദേവാരാധന ബ്രാഹ്മണന്റെ മാത്രം അവകാശമല്ലെന്നും അത്‌ അധസ്ഥിതന്റെ കൂടെ അവകാശമാണെന്നും സ്ഥാപിക്കുന്നുണ്ട്‌. അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്ഠനടത്തി ബ്രാഹ്മണപൗരോഹിത്വത്തെ വെല്ലുവിളിച്ച ഗുരു പിന്നീട്‌ ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്കും മത ചട്ടക്കൂടുകള്‍ക്കും അപ്പുറത്ത്‌ സമ്പൂര്‍ണ്ണ മാനവീകത എന്ന മഹദ്‌ ദര്‍ശനത്തിലേക്ക്‌ ഉയര്‍ന്നു. അത്മീയമോക്ഷത്തിന്‌ സനാതനഹിന്ദുത്വമല്ലേ നല്ലത്‌ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്‌ ഹിന്ദുമതമായാലും മതി എന്ന വളരെ സാര്‍ത്ഥകമായ മറുപടിയാണ്‌ ഗുരു നല്‍കുന്നതെന്ന്‌ ശ്രീ പി.കെ ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. അയ്യങ്കാളി, കെ.പി കറുപ്പന്‍ എന്നിവര്‍ വെറും സമുദായപരിഷ്കര്‍ത്തക്കള്‍ക്കപ്പുറത്ത്‌ മലയാളിയുടെ സാമൂഹ്യബോധത്തിന്റെ ഇരുള്‍ വീണ പ്രതലത്തിന്‌ ആഘാതമേല്‍പിച്ചവരാണ്‌. സഹോദരന്‍ അയ്യപ്പനിലേക്കുവരുമ്പോള്‍ മതപരവും ആത്മീയവുമായ ചുറ്റുപാടുകളില്‍ നിന്ന്‌ നിരീശരത്വത്തിന്റേയും യുക്തി ചിന്തയുടെയും മറ്റൊരു തലത്തിലേക്ക്‌ മലയാളി ഉയരുന്നുണ്ട്‌. ഇവിടെ വ്യവസ്ഥാപിത ചിന്തകളുടെ പുനരുദ്ധാരണത്തെ നവോത്ഥാനമായി പരിഗണിക്കുന്നത്‌ അപകടകരമാണ്‌ എന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ദയാനന്ദസരസ്വതിയുടേയും ശങ്കരാചാര്യരുടെയും സംഭാവനകളെ ഉദാഹരിക്കേണ്ടി വരും. ഏതെങ്കിലും തരത്തില്‍ ഇവരുടെ സംഭാവനകള്‍ സമൂഹത്തിന്‌ അനുഗുണമാണ്‌ എന്നുസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ പോലും ആത്യന്തികമായ അര്‍ത്ഥത്തില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ഇടുങ്ങിയ മതിലുകളേയും മലീമസമായ കാഴ്ച്ചപ്പാടുകളെയും തിരികെ കൊണ്ടുവരാനുള്ള ഒരുശ്രമം കൂടിയായേ അതിനെ കാണാന്‍ കഴിയൂ. മതം മാറിയാലും ജാതീയമായ നീചാവസ്ഥ വിട്ട്പോകുന്നില്ല എന്ന്‌ പൊയ്കയില്‍ യോഹന്നാന്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ദളിതന്‍ കൃസ്ത്യാനി ആകുമ്പോള്‍ അവന്‍ ദളിത്‌ ക്രൈസ്തവനാകുന്നു എന്ന ദുര്യോഗം പൊയ്കയില്‍ യോഹന്നാന്‍ തിരിച്ചറിയുന്നുണ്ട്‌. അംബേദ്കറിസ്റ്റുകള്‍ മഹര്‍ ജാതി വിട്ട്‌ ബുദ്ധമതം സ്വീകരിച്ചപ്പോള്‍ നിയോബുദ്ധിസ്റ്റുകളായതുപോലെ, തീരദേശ ധീവരര്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ പുതിയ ഇസ്ലാമുകള്‍ ആയതുപോലെ ജാതീയത മതം മാറ്റം കൊണ്ട്‌ ദൂരീകരിക്കാവുന്നതല്ല എന്ന്‌ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌.

മുസ്ലീം ക്രൈസ്തവസമൂഹങ്ങളില്‍ കാര്യമായ നവോത്ഥാനശ്രമങ്ങള്‍ നടക്കാതെ പോയത്‌ അവയുടെ സിമറ്റിക്ക്‌ സ്വഭാവം കൊണ്ടുകൂടെയാണ്‌. ഈ സമൂഹങ്ങളില്‍ വിദ്യഭ്യാസപരവും സാംസ്കാരികവുമായ ഉത്ഥാനം സാധ്യമാക്കേണ്ടതുണ്ട്‌.

ഇങ്ങനെ കേരളീയ സംസ്കാരത്തിന്റെ നവോത്ഥാന കുതിപ്പില്‍ കലകളും സംസ്കാരവും നിര്‍വ്വഹിച്ച അനിഷേധ്യമായ പങ്ക്‌ വിവരണങ്ങള്‍ക്കപ്പുറത്ത്‌ നീണ്ടുപോകുന്നതാണ്‌ .അത്‌ കൂടുതല്‍ അന്വേഷണവും സംവാദവും സാധ്യമാക്കും. ഇന്ന്‌ നാം എവിടെ നില്‍ക്കുന്നു എന്നത്‌ സുപ്രധാനമായ ഒരു ചോദ്യമാണ്‌ . ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല അത്‌ തീര്‍ത്തും ചലനാത്മകമാണ്‌ .എന്നാല്‍ അത്‌ ഏത്‌ ദിശയില്‍ ചലിക്കുന്നു എന്നത്‌ അതിനേക്കാള്‍ മര്‍മ്മ പ്രധാനമാണ്‌. സാംസ്കാരികവും ഭൗതികവുമായ കൊള്ളകൂടുക്കലുകളുടെ ഒരു കാലഘട്ടത്തുനിന്ന്‌ തന്ത്രപരമായ അധിനിവേശത്തിന്റെ ആഗോളീകൃത സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്ക്‌ നമ്മള്‍ അനുദിനം "വളരുമ്പോള്‍" നമ്മള്‍ പഴയ ദുരാചാരങ്ങളെ വീണ്ടും മാടി വിളിക്കുന്നു. മാനവിക മൂല്യങ്ങളെ നിരാകരിക്കുന്നു. അനാചാരങ്ങാള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി ഉയര്‍ന്നു വന്ന ചിന്തകളുടെ ഉപോല്‍പ്പന്നമായ ശാസ്ത്രസാങ്കേതികനേട്ടങ്ങള്‍ നമ്മള്‍ അത്തരം അനാചാരങ്ങളുടെ തന്നെ പ്രചാരത്തിനായി ഉപയോഗിക്കുന്നു. എവിടെയാണ്‌ നമുക്ക്‌ പിഴച്ചുപൊയത്‌? നമ്പൂതിരിയെ മനുഷ്യനാക്കിയ നാട്ടില്‍ ഇപ്പോള്‍ മനുഷ്യനെ നമ്പൂതിരിയാക്കുന്നു. ജാതിയിലേക്കും മതത്തിലേക്കും തൊലിനിറത്തിലേക്കും നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ ഗതികെട്ട പിന്‍യാത്രയിലേക്ക്‌ നമ്മെ തള്ളിവിടുന്നത്‌ ഇന്ന്‌ നിലനില്‍ക്കുന്ന ഏതെല്ലാം ഘടകങ്ങളാണ്‌? ചര്‍ച്ചകളിലൂടെയും അന്വേഷങ്ങളിലൂടെയും നമുക്ക്‌ കണ്ടെത്താം.

എം. ഫൈസല്‍‌
Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2008-04-15 07:13.

സംക്സാരവും എന്നത് സംസ്കാരം എന്ന്തിരുത്തുക

Submitted by chinthaadmin on Tue, 2008-04-15 09:53.

Corrected. thank you for pointing this out.