തര്‍ജ്ജനി

എ.പി അഹമ്മദ്‌

ഇ-മെയില്‍: apahammed@hotmail.com

Visit Home Page ...

ഫോക്കസ്

രാഷ്ട്രീയ കേരളം: ആശകള്‍ ആശങ്കകള്‍

രാഷ്ട്രീയം എന്ന പ്രയോഗത്തിന്റെ നിര്‍വ്വചനം അന്വേഷിക്കുന്നവര്‍ അതിവേഗത്തില്‍ എത്തിച്ചേരുന്ന സമഗ്ര ലളിതമായ ഒരുത്തരം ഇതാണ്‌- രാഷ്ട്രത്തെ നിര്‍മ്മിക്കുന്ന ചാലക ശക്തിയാണ്‌ രാഷ്ട്രീയം. സ്വതന്ത്ര ഭാരതം എന്ന ജനാധിപത്യ രാജ്യത്തെ നിര്‍മ്മിച്ചത്‌ ആര്‌ എന്ന ചോദ്യത്തിന്‌ മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം എന്ന്‌ ഉത്തരം കിട്ടുന്നത്‌ അങ്ങനെയാണ്‌. നവഭാരത ശില്‍പി എന്ന്‌ ജവഹര്‍ ലാല്‍ നെഹ്രുവിനും നവ കേരള ശില്‍പി എന്ന്‌ ഇ.എം എസ്സിനും പേരു കിട്ടിയതും രാഷ്ട്രനിര്‍മ്മാണത്തിന്‌ ലഭിച്ച അംഗീകാരം തന്നെ. കേരളമുണ്ടായത്‌ പരശുരാമന്റെ മഴുവിലൂടെയല്ല, ഏലംകുളം മനയുടെ പടിവരമ്പിലൂടെയാണെന്ന്‌ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനെന്ന്‌ അറിയപ്പെട്ട സി.ജെ തോമസ്‌ പ്രസ്താവിച്ചതും ഈ അര്‍ത്ഥത്തിലാണ്‌.

രാഷ്ട്രത്തെ നിര്‍മ്മിക്കാനും നിര്‍ണ്ണയിക്കാനും മാറ്റിമറിക്കാനും മുന്നോട്ട്‌ നയിക്കാനും കെല്‍പ്പുള്ള ജനകീയോര്‍ജ്ജമാണ്‌ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചൈതന്യം. ജനമനസ്സില്‍ പരിക്കും പരിവര്‍ത്തനങ്ങളും സൃഷ്ടിക്കുന്ന സാഹിത്യാദി കലകള്‍ സാമൂഹ്യവിപ്ലവത്തില്‍ രാഷ്ട്രീയരഥത്തിന്റെ പിന്നണിപ്പടകള്‍ മാത്രമാണ്‌. രാഷ്ട്രീയ ജീവിതത്തിന്റെ കാവല്‍പ്പട്ടികളാണ്‌ ബുദ്ധിജീവികള്‍ എന്ന പ്രൊഫ. എം. എന്‍ വിജയന്റെ പ്രയോഗം അത്യന്തം അന്വര്‍ത്ഥമാണെന്ന്‌ ചുരുക്കം.

ഒരു ജനാധിപത്യ രാജ്യത്ത്‌ ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത്‌ പൊക്കിള്‍ കൊടി ബന്ധമാണെന്നിരിക്കേ, രാഷ്ട്രീയ രംഗത്തെ ജീര്‍ണ്ണത രാഷ്ട്രത്തെ തന്നെ നാശത്തിലേക്ക്‌ നയിക്കുമെന്നും വ്യക്തമാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസം കലാസഹിത്യം തുടങ്ങിയ മേഖലകളില്‍ വേണ്ടതിനേക്കാള്‍ പതിന്മടങ്ങ്‌ സാമൂഹിക ജാഗ്രത രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നത്‌.കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ്‌ ലോക ഭൂപടത്തില്‍ ഈ കൊച്ചുനാടിനെ വേറിട്ടു നിര്‍ത്തിയത്‌. പ്രകൃതി ഭംഗി കാലാവസ്ഥ വ്യാപാര സാധ്യത തുടങ്ങിയ ഘടകങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പു തന്നെ കേരളത്തെ ലോകത്തിനു പരിചയപ്പെടുത്തിയെങ്കിലും ചരിത്രത്തിലെ വിസ്മയമായി നമ്മുടെ നാട്ടിനെ മാറ്റിയത്‌ അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌ .മത സാമുദായിക ശക്തികള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിന്റെ മണ്ണില്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയയത്‌ ചരിത്രത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.യഥാര്‍ത്ഥത്തില്‍ സമുദായങ്ങള്‍ക്ക്‌ അകത്തു നടന്ന നവോഥാന സംരഭങ്ങളുടെ അനിവാര്യവും അനുയോജ്യവുമായ തുടര്‍ച്ചയായിരുന്നു ഇവിടെയുണ്ടായ ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവുമെന്ന്‌ കാണാം 1498 മുതല്‍ 1921 വരെ മലബാറില്‍ നടന്ന സാമ്രാജ്യത്വ വിരുദ്ധകലാപങ്ങളുടെ പിന്തുടര്‍ച്ചയായി കേരളത്തില്‍ രൂപപ്പെട്ടുവന്ന നവോഥാന രാഷ്ട്രീയത്തിന്‌ കൃത്യവും വ്യക്തവുമായ രണ്ട്‌ പ്രഖ്യാപിത ലക്ഷ്യങ്ങളുണ്ടായിരുന്നു.ഒന്ന്‌ അതാത്‌ സമുദായങ്ങള്‍ക്ക്‌ കാലത്തിനും ലോകത്തിനും ചേര്‍ന്ന മട്ടിലുള്ള ഭൗതീകമായ വിമോചനം സാധ്യമാക്കുക.രണ്ട്‌ നാടിന്റെ പ്രത്യക്ഷ ശത്രുവായ അധിനിവേശ ശക്തികളെ തുരത്തുക.ഈ രണ്ട്‌ ലക്ഷ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന്‌ മുന്‍ഗണന നല്‍കിയതും രണ്ടിലും ഊന്നിയതുമായ നവോഥാന സംരംഭങ്ങളെ പ്രത്യേകം കളം തിരിച്ചു നിര്‍ത്താന്‍ സഹായിക്കും.

അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും,വി.ടി.ഭട്ടതിരിപ്പാടും സഹോദരന്‍ അയ്യപ്പനും എം.ആര്‍.ബിയും,പ്രേംജിയും സയ്യിദ്‌ സനാവുള്ള മക്തി തങ്ങളും സ്വന്തം ജനതയെ കാലത്തോടൊപ്പം ഉയര്‍ത്താനാണ്‌ പാടു പെട്ടതെങ്കില്‍ കെ.കേളപ്പനും വക്കം മൗലവിയും സ്വദേശാഭിമാനിയും മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങള്‍ക്കാണ്‌ പ്രാമുഖ്യം നല്‍കിയത്‌.തുടര്‍ന്നു വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം തീര്‍ച്ചയായും സാമ്രാജ്യവിരുദ്ധപോരാട്ടമായിരുന്നു.സ്വാതന്ത്ര്യലബ്ധിക്കു ശേഷം പോലും മറ്റൊരു ഉള്ളടക്കം ആവിഷ്കരിക്കുന്നതില്‍ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതാണ്‌ ദേശീയപ്രസ്ഥാനം എന്ന സ്ഥാനവും സങ്കല്‍പ്പവും അന്യം നിന്നുപോവാന്‍ കാരണമായത്‌.മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഒരു പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കാട്ടാന്‍ വാക്യത്തിലല്ലാതെ പ്രയോഗത്തില്‍ കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞതുമില്ല.'അന്ത്യോദയ' വും 'ക്ഷേമരാഷ്ട്രവും' ഭരണനടപടികളുടെ സാങ്കേതിക സംജ്ഞകളായി ഒതുങ്ങി 'ഭൂദാനം' പോലുള്ള പദ്ധതികള്‍ ഭൂസ്വാമിമാരുടെ ദയാവായ്പ്പിനെ ആശ്രയിച്ചതിനാല്‍ രാഷ്ട്രത്തെ ഗണ്യമായി സ്വാധീനിക്കാത്ത ഒറ്റപ്പെട്ട പരീക്ഷണങ്ങളായി ഒടുങ്ങി.ചുരുക്കത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രത്യശാസ്ത്രപരമായ ച്ര്ച്ചകളില്‍ കാഴ്ചക്കാര്‍ മാത്രമായി ഏറെ വൈകാതെ കോണ്‍ഗ്രസ്സ്‌ മാറി ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കായി ജീവിതമര്‍പ്പിച്ച ദേശസ്നേഹികളുടെ പരമ്പര കാലക്രമേണ മരിച്ചു തീരുകയും ചെയ്തു

നവോഥാന രാഷ്ട്രീയത്തിന്റേ രണ്ടുലക്ഷ്യങ്ങളും ഒരേ പ്രാധാന്യത്തോടെ ഏറ്റെടുത്തതാണ്‌ കേരളത്തില്‍ ഇറ്റതുപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കിയത്‌ . സഹോദരന്റെ മനസ്സും സാഹിബിന്റെ കരളുമാണ്‌ സഖാവിനെന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപകനായ പി കൃഷ്ണപിള്ളയെക്കുറിച്ച്‌ ഇ.എം.എസ്സ്‌ രേഖപ്പെടുത്തിയതില്‍ ഈ ചരിത്രധാരകളുടെ സംഗമമുണ്ട്‌. അധഃസ്ഥിത ജനതയുടെ ഉന്നമനവും അധിനിവേശശക്തികളുടെ ഉച്ഛാടനവും കമ്യൂണിസ്റ്റുകാര്‍ക്ക്‌ രണ്ട്‌ ലക്ഷ്യങ്ങളായിരുന്നില്ല. ജാതി-ജന്മി-നാടുവാഴി വ്യവസ്ഥതക്കെതിരായ സമരങ്ങള്‍, പുന്നപ്ര, വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ ചരിത്ര രേഖകളായി വികസിച്ചത്‌ അങ്ങനെയാണ്‌.

കേരളത്തിന്റെ നവോത്ഥാന ദാഹങ്ങളുടെ പൂര്‍ത്തീകരണമായി കമ്യൂണിസ്റ്റുകാരെ കേരളം കണ്ടതിന്റെ സാക്ഷ്യപത്രമായിരുന്നു. 1957ലെ ഇ.എമ്മെസ്സ്‌ ഗവണ്‍മന്റ്‌. ആ ഗവണ്മെന്റിന്റെ ധീരമായ ഭരണപരിഷ്കാരങ്ങളാണ്‌ നവകേരളം രൂപപ്പ്ടുത്തുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചതെന്ന കാര്യം നിസ്തര്‍ക്കമാണ്‌. മനുഷ്യനായി ജീവിക്കാനുള്ള നിര്‍ഭയത്വമാണ്‌ നവകേരളം എല്ലാ മലയാളികള്‍ക്കും പ്രദാനം ചെയ്തത്‌.തുടര്‍ന്നിങ്ങോട്ട്‌ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്മെന്റുകള്‍ ആവുന്നത്ര ജനോപകാര നടപടികള്‍ സ്വീകരിച്ചു.അതിലേറെ വലതുപക്ഷ ഗവണ്മെന്റുകളെ നിലക്കു നിര്‍ത്തിയ സമരശക്തിയായി വര്‍ത്തിച്ചു.

അമ്പതുവര്‍ഷം പിന്നിട്ടകേരളത്തില്‍ ഇന്ന്‌ രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക്‌ കൗതുകം നല്‍കുന്ന ഒരറിവുണ്ട്‌.-'രാഷ്ട്രീയം' എന്ന പദം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാത്രം പര്യായമായി മാറിയിരിക്കുന്നു എന്നാതാണത്‌.കേരളത്തില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം എന്ന ആക്ഷേപമുന്നയിക്കുന്നവരെ അലോസരപ്പെടുത്തുന്നത്‌ കമ്യൂണിസ്റ്റ്‌ രാഷ്ട്രീയം തന്നെയാണ്‌..വിദ്യാര്‍ത്ഥിരാഷ്ട്രീയം അവസാനിപ്പിക്കണം എന്ന്‌ ആവശ്യം ഉയരുമ്പോഴും പണിമുടക്കും ഹര്‍ത്താലും അനാവശ്യം എന്ന്‌ ആര്‍ത്ത്‌ വിളിക്കുമ്പോഴും ഉന്നം വയ്ക്കുന്നത്‌ ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ.രാഷ്ട്രീയമില്ലാത്ത പാഠശാലയിലും പണിയിടങ്ങളിലും സാംസ്കാരികമേഖലയില്‍പ്പോലും വര്‍ഗ്ഗീയവിധ്വംസക ശക്തികള്‍ ഗണ്യമായ ഇടം നേടുന്നത്‌ ഈ രാഷ്ട്രീയവിരോധികളെ തെല്ലും അസ്വസ്ഥരാക്കുന്നില്ല താനും.

രാഷ്ട്രീയം എന്ന പദം പ്രയോഗത്തിലെങ്കിലും ഇടതുപക്ഷത്തിന്റെ പര്യായമാകുമ്പോള്‍,രാഷ്ട്രീയവിമര്‍ശനങ്ങള്‍ക്ക്‌ ക്രിയാത്മകമായ ഒരു തലം കൈവരുന്നു.കമ്യൂണിസ്റ്റുകാരെ സംഘടിതമായി ആക്രമിച്ചുതകര്‍ക്കുന്ന ബൂര്‍ഷ്വാമാധ്യമ തന്ത്രങ്ങളൊക്കെ ചരിത്രത്തില്‍ തകര്‍ന്ന്‌ പോയിരിക്കുന്നു.ഇന്ന്‌ കേരളത്തിന്റെ ഭാവിയെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതി വിഗതികള്‍ നേരിട്ട്‌ ബാധിക്കുമെന്ന്‌ തീര്‍ച്ചയുള്ളതിനാലാണ്‌ കമ്യൂണിസ്റ്റുകാര്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക്‌ ഇരയാകുന്നത്‌.വലതു പക്ഷ രാഷ്ട്രീയം ഗൗരവമായ വിമര്‍ശനം പോലും അര്‍ഹിക്കാത്തവിധം അവഗണിക്കപ്പെടുന്നത്‌ അവരുടെ ആശയപരമായ ശൂന്യതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.അങ്ങനെ വരുമ്പോള്‍ ഇടതുപക്ഷത്തിനു നേരേ ഗൗരവമായി വിമര്‍ശനമുന്നയിക്കുന്ന മാധ്യമങ്ങളും സാംസ്കാരികപ്രവര്‍ത്തകരും കാലഘട്ടത്തിന്റെ ആവശ്യമാണ്‌ നിറവേറ്റുന്നത്‌.അവര്‍ക്ക്‌ നേരെ 'മാധ്യമ സിന്‍ഡിക്കേറ്റ്‌'പോലുള്ള ആക്ഷേപങ്ങളുന്നയിക്കുന്നതിന്‌ പകരം,വിമര്‍ശനങ്ങളെ ചര്‍ച്ചകള്‍ക്കും വീഴ്ചകളെ തിരുത്തലുകള്‍ക്കും വിധേയമാക്കുകയാണ്‌ വേണ്ടത്‌.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ നേരെ പരക്കെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഗൗരവമായ ഏതാനും ആരോപണങ്ങളെ,രാഷ്ട്രീയ കേരളം നേരിടുന്ന കടുത്ത ആശങ്കകളായി ഇവിടെ പങ്കിടുന്നു.
ഒന്ന്‌: നവോധാനരാഷ്ട്രീയത്തിന്റെ മുഖ്യധര്‍മ്മമായിരുന്ന,ജാതി മത സമുദായങ്ങളോടുള്ള സംവാദാത്മക ബന്ധം ഇടതുപക്ഷം അവസാനിപ്പിച്ചിരിക്കുന്നു.പാവങ്ങളുടെ മോചനം എന്ന ലക്ഷ്യവും 'മനുഷ്യ സമുദായം'എന്ന സങ്കല്‍പ്പവും ഊതിക്കാച്ചിയെടുക്കാന്‍ എല്ലാ വിശ്വസസംഹിതകള്‍ക്കകത്തുമുള്ള സാധ്യതകള്‍ വികസിപ്പിച്ചെടുക്കുന്ന ധര്‍മ്മം സമീപകാലം വരെ കമ്യൂണിസ്റ്റുകാര്‍ നിര്‍വ്വഹിച്ചിരുന്നു.ഗുരുവായൂര്‍ സത്യാഗ്രഹം തൊട്ട്‌ ശരീ അത്ത്‌ വിവാദം വരെ അത്തരം സംവാദ സമരങ്ങള്‍ കേരളത്തിന്‌ നല്‍കിയ സംഭാവനകള്‍ ചെറുതല്ല.വിശ്വാസപരമായ അവകാശങ്ങള്‍ക്ക്‌ പോലും,അവിശ്വാസികളായ കമ്യൂണിസ്റ്റു നേതാക്കളെതേടി മനുഷ്യരെത്തിയത്‌ തെളിമയുമുള്ള ജീവിതമാതൃകയുടെ വെളിച്ചത്തിലാണ്‌.വിശ്വാസികളോട്‌ പ്രത്യേകമായ പ്രീണനമോ വിരോധമോ ഇല്ലാത്ത വിധം മനുഷ്യര്‍ക്ക്‌ പൊതുവേ ബാധകമായ നയ പരിപാടികളുമായാണ്‌ അന്ന്‌ കമ്യൂണിസ്റ്റു പാര്‍ട്ടി മുന്നേറിയത്‌.തിരഞ്ഞെടുപ്പുകള്‍ തോറും വ്യത്യസ്ത ജാതിമത ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ടാക്കുന്ന ഇന്നത്തെ രീതി,വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണത്തെ ചെറുക്കുന്നതില്‍ നിന്ന്‌ കമ്യൂണിസ്റ്റുകാരെ പിന്തിരിപ്പിച്ചു.പാര്‍ട്ടി നേതാക്കള്‍ മത്മേധാവികളെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാരെ 'കപടന്മാര്‍'എന്ന്‌ വിളിച്ച്‌ നിര്‍വീര്യമാക്കാനും ഇക്കൂട്ടര്‍ക്ക്‌ സാധിക്കുന്നു.ചുരുക്കത്തില്‍ മതവിരുദ്ധര്‍,കമ്യൂണിസ്റ്റു വിരുദ്ധര്‍ എന്നീ രണ്ട്‌ അയഥാര്‍ത്ഥ സങ്കേതങ്ങള്‍ കേരളത്തില്‍ രൂപപ്പെടുകയും ,ഈ വ്യാജ ധ്രുവീകരണം സമൂഹമുന്നേറ്റത്തെ ബാധിക്കുകയും ചെയ്യുന്നു.മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും പരസ്പരം ശത്രുക്കളാണെന്ന്‌ വരുത്തുന്നത്‌ ഇരുകൂട്ടരുടേയും പൊതുശത്രുവിന്റെ ആവശ്യമാണെന്ന്‌ പലരും മറന്നു പോകുന്നു.

രണ്ട്‌:നവോത്ഥാന രാഷ്ട്രീയത്തിന്റെ രണ്ടാമത്തെ മുഖമുദ്രയായ അധിനിവേശ വിരുദ്ധതയും ഇടതുപക്ഷം കൈവിട്ടു എന്ന തോന്നല്‍ ജനങ്ങളില്‍ വ്യാപകമായിരിക്കുന്നു.സാമ്രാജ്യശക്തികളില്‍ നിന്ന്‌ കടുത്ത നിബന്ധനകള്‍ക്ക്‌ വിധേയമായി വായ്പ്പ സ്വീകരിക്കുന്ന ഇടതുപക്ഷ ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രഖ്യാപിത രാഷ്ട്രീയ മുദ്രാവാക്യങ്ങളെ അട്ടിമറിക്കുകയാണ്‌.ആഗോളവല്‍ക്കരണകാലഘട്ടത്തിലെ നവലിബറല്‍ ആശയങ്ങള്‍ ഗവേഷണത്തിലും വികസനത്തിലും ആയി സന്നദ്ധസംഘങ്ങളിലേക്കും ഭരണകൂടങ്ങളിലേക്കും കടന്നു കയറുമ്പോള്‍ അധിനിവേശശക്തികളെ ചെറുക്കേണ്ടവര്‍ അതിനെ വരവേല്‍ക്കുന്നുവെന്ന തോന്നലാണ്‌ ജനങ്ങളിലുണ്ടാക്കുന്നത്‌.ജനകീയാസൂത്രണം,മാരാരിക്കുളം മോഡല്‍,കുടുംബശ്രീ,ജലനിധി തുടങ്ങിയ പദ്ധതികള്‍ നവസാമ്രാജ്യത്തിന്റെ കൊടിയടയാളങ്ങളാണെന്ന്‌ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല.

മൂന്ന്‌: കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അതിന്റെ വര്‍ഗ്ഗ സ്വഭാവം കൈവിട്ടിരിക്കുന്നു എന്ന ധാരണ സമൂഹത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു.അടിസ്ഥാനവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പൊരുതിയിരുന്നവര്‍,ഇന്ന്‌ മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്നു എന്ന തോന്നലാണ്‌ അത്‌.പാര്‍ട്ടി മാധ്യമങ്ങള്‍ പ്രക്ഷേപിക്കുന്ന സംസ്കാരമായാലും ,പാര്‍ട്ടിക്കു വേണ്ടി പണം സ്വരൂപിക്കുന്ന സ്രോതസ്സുകളായാലും,പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വീതം വെയ്പ്പിലായാലും പാര്‍ട്ടി നടത്തുന്ന സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളായാലും പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന ജീവിത മാതൃകയായാലും പട്ടിണിപ്പാവങ്ങള്‍ക്ക്‌ അഗമ്യവും അപരിചിതവും ആണെന്ന്‌ വന്നിരിക്കുന്നു.പുതിയ ലോകക്രമത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ആസ്തിയിലും എണ്ണത്തിലുമുള്ള അന്തരം അതിവേഗം വര്‍ദ്ധിക്കുന്ന കാലത്ത്‌ ശബ്ദം നഷ്ടപ്പെടുന്നവന്റെ ശബ്ദമായിത്തീരാന്‍ കഴിയാത്ത കക്ഷികളില്‍ നിന്ന്‌ ഇടതു പക്ഷം എന്ന വിശേഷണം കൊഴിഞ്ഞുപോകുക തന്നെ ചെയ്യും.

നാല്‌:ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തികളായി വര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ വീഴ്ചവരുത്തുന്നത്‌ കേരള രാഷ്ട്രീയത്തിലെ പതിവു കാഴ്ചയായിരിക്കുന്നു.ഇടത്‌-വലത്‌ ഗവണ്മെന്റുകള്‍ മാറി മാറി വരുമ്പോഴും ഒരേ നയപരിപാടികള്‍ നടപ്പാക്കുന്നതും ഭരണ-പ്രതിപക്ഷ നേതാക്കളുടെ കുറ്റ കൃത്യങ്ങള്‍ പരസ്പരം രക്ഷിക്കുന്നതും സ്ഥിരം അനുഭവങ്ങളാണ്‌.എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും കരാറുകാരോ ഭൂമി ദലാളുകളോ ആയി മാറുകയും,വിരുദ്ധരാഷ്ട്രീയക്കാര്‍ കൂട്ടാളികളായി കച്ചവടം നടത്തുകയും ചെയ്യുന്ന കാഴ്ച നാട്ടിലെങ്ങുമുണ്ട്‌ .ഭൂമാഫിയ,ഗുണ്ടാമാഫിയ(ക്വട്ടേഷന്‍)ബ്ലെയ്ഡ്‌ മാഫിയ,പെണ്‍വാണിഭമാഫിയ,കിഡ്നിമാഫിയ,മദ്യമാഫിയ,വാഹനക്കടത്ത്‌ മാഫിയ തുടങ്ങിയ അധോലോക സംഘങ്ങള്‍ കേരളത്തിന്റെ ജനജീവിതത്തില്‍ ഭീകര സാന്നിദ്ധ്യമായി മാറുമ്പോള്‍,ഇവരുടെയൊക്കെ കൂട്ടാളികളോ കങ്കാണിമാരോ ആയി മാറുന്ന'രാഷ്ട്രീയ മാഫിയ'ക്ക്‌ ചരിത്രം മാപ്പു നല്‍കുകയില്ല.

അഞ്ച്‌: ഉദാരവല്‍ക്കരണ കാലത്തിന്റെ ചരിത്ര സന്തതികളായ സ്വത്വരാഷ്ട്രീയ മുന്നേറ്റങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷ രാഷ്ട്രീയം വേണ്ടവിധം വിജയിച്ചിട്ടില്ല.പരിസ്ഥിതിവാദം,ദളിത്‌ മുന്നേറ്റം,സ്ത്രീവാദം,ആദിവാസി മുന്നേറ്റം തുടങ്ങിയ രാഷ്ട്രീയാവശ്യങ്ങള്‍,ഇടതുപക്ഷത്തിന്‌ പുറത്ത്‌ വേറിട്ട ശബ്ദങ്ങളായി രൂപപ്പെട്ടു വന്നത്‌,ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ വരുത്തിയ വീഴ്ചയുടെ ഫലമായിട്ടാണ്‌.'മനുഷ്യന്റെ അജൈവ ശരീരമാണ്‌ പ്രകൃതി' എന്ന മാര്‍ക്സിന്റെ പ്രഖ്യാപനം,മനുഷ്യന്റെ രക്ഷയും പ്രകൃതി സംരക്ഷണവും വേറിട്ട മുദ്രാവാക്യങ്ങളല്ല എന്ന്‌ വിളിച്ചോതുന്നു,കീഴാളനേയും നമ്പൂതിരിയേയും മനുഷ്യനാക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല.സ്ത്രീ പുരുഷ സമത്വവും ആദിവാസി ക്ഷേമവും ഇടതുപക്ഷത്തിന്റെ മുഖ്യ അജണ്ടകളായി എന്നും പരിഗണിക്കേണ്ട പ്രശ്നങ്ങളാണ്‌.കമ്യൂണിസ്റ്റുകാര്‍ വഴിയില്‍ കൈവിട്ട അജണ്ടകളാണ്‌,ഇന്ന്‌ വേറിട്ട മുന്നേറ്റങ്ങളായി,കമ്യൂണിസ്റ്റു വിരുദ്ധ ഭാവത്തോടെ നാട്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌.

ആറ്‌ : കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ആശയസമരം വ്യക്തിപരമായ വിഭാഗീയതയായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.അതോടെ ഭൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുക വഴി കമ്യൂണിസ്റ്റു പാര്‍ടിയുടെ പതനം പൂര്‍ണമായിരിക്കുന്നു എന്ന്‌ വ്യംഗ്യം.അതോടൊപ്പം പാര്‍ട്ടി നേതാക്കള്‍ക്ക്‌ നേരെ ചരിത്രത്തില്‍ ഇല്ലാത്തവിധം അഴിമതി ആരോപണങ്ങളും ഉയര്‍ത്താന്‍ എതിരാളികള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തിരുത്തുകയും തുണയ്ക്കുകയും ചെയ്യുക എന്ന ഇരുതല ദൗത്യമാണ്‌ കേരളത്തെ സ്നേഹിക്കുന്നവര്‍ക്ക്‌ ചെയ്യാനുള്ളത്‌.തന്റെ രക്ഷയോടൊപ്പം പട്ടിണിപ്പാവങ്ങളായ സഹജീവികളുടെ മോചനം കൂടി എന്നെന്നും ലക്ഷ്യമിടുകയും കേരളത്തിന്റെ മതേതര സ്വഭാവത്തിന്‌ പരിക്കേല്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന്‌ പ്രതിജ്ഞയെടുക്കുകയുമാണ്‌ അടിയന്തിരമായി വേണ്ടത്‌.

Subscribe Tharjani |