തര്‍ജ്ജനി

ഫോക്കസ്

ജനപ്രിയതയുടെ പിന്‍‌കാഴ്ചകള്‍

ദരിദ്രന്റെ കുപ്പായമിട്ട സമ്പന്നനെ പോലെയാണ്‌ കേന്ദ്ര ധനകാര്യ മന്ത്രി പളനിയപ്പന്‍ ചിദംബരം ഫെബ്രുവറി 29ന്‌ പാര്‍ലമെന്റിലവതരിപ്പിച്ച ബഡ്ജറ്റ്‌ ഒറ്റ വാചകത്തില്‍ പറയാവുന്നതാണ്‌. അമേരിക്കയുമായുള്ള ആണവ കരാര്‍ നടപ്പാക്കാന്‍ വാശിപിടിക്കുന്ന കോണ്‍ഗ്രസ്സിനും സര്‍ക്കാറിനും നിലവിലുള്ള സാഹചര്യത്തില്‍ ഇടതുപക്ഷ കക്ഷികളുടെ എതിര്‍പ്പ്‌ മറികടന്നുകൊണ്ട്‌ അത്‌ സാധിക്കില്ലെന്നറിയാം. സാധാരണക്കാരേയും ഇടത്തരക്കാരേയും കയ്യിലെടുക്കുന്നതിന്‌ ഒരു ജനപ്രിയ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുകയും ലോക്‍സഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നടത്തുകയും ഒറ്റയ്ക്ക്‌ ഭൂരിപക്ഷം നേടി എത്രിപ്പുകള്‍ അതിജീവിക്കുകയും ചെയ്യുകയെന്നതാണ്‌ കോണ്‍ഗ്രസ്സിന്റെ ഉള്ളിലിരുപ്പ്‌ എക്കാലവും സമ്പന്നതാല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍ കീഴടങ്ങിയ ചരിത്രമുള്ള ചിദംബരത്തിന്‌ തോന്നിയ പുതിയ സാധുജന പ്രേമമല്ല ബഡ്‌ജറ്റിനെ ജനപ്രിയമാക്കാന്‍ നിര്‍ദ്ദേശിച്ച ക്ഷേമ പരിപാടികളുടെ അടിസ്ഥാനകാരണം. രാഷ്ട്രീയ കാരണങ്ങളാല്‍ ചില വിട്ടുവീഴ്ച്ചകള്‍ ചെയ്യാന്‍ ചിദംബരം നിര്‍ബന്ധതിനായെങ്കില്‍ പോലും ബഡ്‌ജറ്റിന്റെ അടിസ്ഥാന സമീപനം സമ്പന്നവര്‍ഗ്ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണെന്ന്‌ സൂക്ഷ്മനിരീക്ഷണത്തില്‍ കാണാനാകും.

ഇന്ത്യന്‍ സാമൂഹ്യവവസ്ഥയാകെ കാര്‍ന്നു തിന്നുന്ന തൊഴിലില്ലായ്മ പരിഹരിക്കുനതിനോ വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ കാര്‍ഷിക രംഗത്തെ പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകള്‍ക്കും സാശ്വതപരിഹാരം ഉണ്ടാക്കുന്നതിനോ ബഡ്‌ജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല.

ചിദംബരത്തിന്‍ ഏറെ കയ്യടി വാങ്ങിക്കൊടുത്ത അറുപതിനായിരം കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുന്ന നടപടി പോലും കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌ കാലത്തെ കോണ്‍ഗ്രസ്സ്‌-ബി.ജെ.പി സര്‍ക്കാറുകളുടെ ആഗോള വല്‍ക്കരണ നടപടികള്‍ മൂലമുണ്ടായ കാര്‍ഷികപ്രതിസന്ധിയുടെ ഒരു ചെറിയ പരിഹാരമേ ആകുന്നുള്ളൂ. കടം എഴുതിത്തള്ളുന്ന നടപടി വാണിജ്യ സഹകരണ ഡേശസാല്‍കൃത ബാങ്കുകളില്‍ നിന്ന്‌ കടമെടുത്ത ചെറുകിടക്കാരില്‍ മാത്രമാണൊതുക്കി നിറുത്തിയത്‌. ഗ്രാമങ്ങളില്‍ സ്വകാര്യ പണമിടപാടുകാരെയും വട്ടിപ്പലിശക്കാരെയും ആശ്രയിച്ചാണ്‌ ചെറുകിടകര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്‌. ശതകോടികകണക്കിന്‌ ദരിദ്ര കര്‍ഷകര്‍ ചിദംബരത്തിന്റെ ആശ്വാസനടപടികള്‍ക്ക്‌ പുറത്തണെന്നതാണ്‌ വാസ്തവം. മാത്രമല്ല ആനുകൂല്യം ലഭിക്കുന്നതിന്‌ 2 ഹെക്ടര്‍ ഭൂമി പരിധിവെച്ചതുവഴി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ 2 ഹെക്ടര്‍ കൂറ്റുതല്‍ നിലങ്ങള്‍ കൈവശമുള്ള കോടിക്കണക്കിന്‌ കര്‍ഷകര്‍ ഒഴിവാക്കപ്പെടുകയാണ്‌.

ഇതിന്‌ പുറമേ ചിദംബരത്തിന്റെ ആശ്വാസനടപറ്റികള്‍ ബാങ്കുകളെ എങ്ങനെ ബാധിക്കുമന്നത്‌ ഇനിയും പഠനവിധേയമാക്കിയിട്ടില്ല. അധിക നികുതി വരുമാനത്തില്‍ നിന്നല്ല, മറിച്ച്‌ ബഡ്ജറ്റിതര മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ടാണ്‌ കടാശ്വാസം നല്‍കുന്ന ബാധ്യത വാനിജ്യസഹകരണ ബാങ്കുകളുടെ മേല്‍ കെട്ടിവെയ്ക്കാനാണ്‌ സാധ്യത.

ചെറുകിട കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ തുനിഞ്ഞ ധനമന്ത്രി, പക്ഷേ കാര്‍ഷികമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജലസേചനപദ്ധതികളുടെ വികസനം ലോകബാങ്കുവഴി നടപ്പാക്കണമെന്ന സമീപനം തന്നെയാണ്‌ ബഡ്‌ജറ്റിലുള്ളത്‌.

ഭക്ഷണസാധനങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള സബ്‌സിഡി വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ പണപ്പെരുപ്പത്തിന്റെ തോത്‌ കുറക്കുന്നതിനുള്ള ക്രിയാത്മക നടപടികള്‍ ബഡ്‌ജറ്റിലില്ല. 6 ശതമാനം പണപ്പെരുപ്പം ചെറുകുന്നതിനുള്ള സബ്‌സിഡിയാകട്ടെ 3.5 ശതമാനവും!

രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിച്ചുവെന്ന്‌ അവകാശപ്പെടുന്ന ധനമന്ത്രി ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനോ നീതിപൂര്‍വകമായി വിതരണം ചെയ്യുന്നതിന്‌ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനോ ഒരു നടപടിയും നിര്‍ദ്ദേശിച്ചിട്ടില്ല.

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ട്‌ റവന്യൂ കമ്മി മുന്‍വര്‍ഷത്തേതില്‍ നിന്ന് (3.1 ശതമാനം) ഗണ്യമായി കുറവുചെയ്യാന്‍ (2.5 ശതമാനം) ചിദംബരം തീരുമാനിച്ചത്‌ വികസനപദ്ധതികള്‍ക്കുള്ള മൂല്‍ധനസമാഹരണത്തിന്‌ വിഘാതമാകുന്നതാണ്‌. ഇത്‌ രാജ്യത്തിന്റെ പൊതുമേഖലയെ തകര്‍ക്കുന്നതിനും അടിസ്ഥാന സൗകര്യവികസനം മുരടിപ്പിക്കുന്നതിനുമാണ്‌ ഉപകരിക്കുക.

ഇടത്തരക്കാരെയും സമ്പന്നരേയും അതിസമ്പന്നരെയും താലോലിക്കുന്ന ബഡ്‌ജറ്റ്‌ ആദായ നികുതി രംഗത്തും വാഹനങ്ങളുടെ എക്സൈസ്‌ തീരുവയിലും ഗണ്യമായ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. ഓഹരി വിപണിയിലെ ഹ്രസ്വകാല മൂല്യവര്‍ദ്ധനക്കുള്ള നികുതി 10 ശതമാനത്തില്‍ നിന്ന്‌ 15 ശതമാനമാക്കിയതൊഴിച്ചാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്നവര്‍ക്കും ഒഹ്ഹക്കച്ചവടങ്ങള്‍ വഴികോറ്റികള്‍ സമ്പ്പാദിക്കുന്നവര്‍ക്കും പ്രത്യക്ഷ നികുതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നുള്ളത്‌ ചിദംബരത്തിന്റെ സമ്പന്നവര്‍ഗ്ഗ നിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌.

പ്രത്യക്ഷ നികുതി വരുമാനത്തില്‍ കൂറ്റുതലോ കുറവോ വരുത്താത്ത നികുതി പരിഷ്കാരം പിരിച്ചെടുക്കാനുള്ള എണ്‍പതിനായിരം കോടിയെപ്പറ്റിയോ രാജ്യത്തെ കുത്തകകള്‍ കുടിശ്ശിഖ വരുത്തിയിട്ടുള്ള ഒന്നരലക്ഷം കോടിയെപ്പറ്റിയോ ഒന്നും പറയുന്നില്ല.

ധനകാര്യമന്ത്രി 60,000 കോടി രൂപ കാര്‍ഷികകടാശ്വാസം പ്രഖ്യാപിച്ചത്‌ വന്‍ വാര്‍ത്താപ്രാധാന്യമാണ്‌ നേടിയത്‌. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേ മന്ത്രി രാജ്യത്തെ വന്‍കിടക്കാര്‍ക്ക്‌ നികുതിയിളവുകള്‍ നല്‍കിയതും എഴുതിത്തള്ളിയതുമായ തുക മൊത്തത്തില്‍ രണ്ട്‌ ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയാണ്‌! ഇത്‌ കര്‍ഷകര്‍ക്ക്‌ നല്‍കിയ ആനുകൂല്യത്തിന്റെ നാലര ഇരട്ടിയിലേറെയാണ്‌. രാജ്യത്തിന്റെ പൊതുഖജനാവിന്‌ വരുത്തി വച്ച ഈ ഭീമമായ നഷ്ടം ഒട്ടും വാര്‍ത്താപ്രാധാന്യം നേടിയില്ലെന്നുള്ളത്‌ അതിശയമാണ്‌.

എപ്പോഴും അമേരിക്കന്‍ ആയുധവ്യാപാരികളെ സഹായിക്കുന്ന നിലപാടെടുക്കുന്ന ധനമന്ത്രി ഇപ്പോഴും ആ പതിവിന്‌ മുടക്കം വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 96000 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം അത്‌ 105600 കോടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്‌.

വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമാണ്‌ ബഡ്‌ജറ്റ്‌. ഗള്‍ഫ്‌ നാടുകളില്‍ കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന്‌ ഒരു പ്രത്യെക ഫണ്ട്‌ രൂപീകരിക്കണമെന്ന കേന്ദ്രപ്രവാസികാര്യ മന്ത്രിയുടെ നിര്‍ദ്ദേശം ചിദംബരം നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുകയാണ്‌. ഇത്‌ രണ്ടാം തവണയാണ്‌ രവി ഇത്തരമൊരഭ്യര്‍ത്ഥനയുമായി ധനകാര്യമന്ത്രിയെ സമീപിക്കുന്നത്‌.

വിദേശ ഇന്ത്യക്കാരുടെ സാങ്കേതിക മികവോ നിക്ഷെപമോ ആകര്‍ഷിക്കുന്നതിനുള്ള ഒറ്റപദ്ധതി പോലും ബഡ്‌ജറ്റിലില്ല. ചൈന വ്യവസായിക രംഗത്ത്‌ നേടിയിട്ടുള്ള വന്‍പുരോഗതിയുടെ 80 ശതമാനവും വിദേശ ചൈനക്കാരുടേതാണെന്നാണ്‌ വാസ്തവം. ഈ മാതൃക പിന്‍തുടര്‍ന്നു കൊണ്ട്‌ ഭാവനാപൂര്‍ണമായ പദ്ധതികള്‍ വഴി വിദേശ ഇന്ത്യക്കാരുടെ അതിബൃഹത്തായ ആസ്തി സമാഹരിച്ച്‌ വ്യവസയ വികസനവും നാടിന്റെ വികസനവും നടത്തുന്നതിന്‌ ധനമന്ത്രിക്ക്‌ കഴിയാത്തത്‌ അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള സമീപനം വ്യക്തമാക്കുന്നു.

ആര്‍. മുരളീധരന്‍
Subscribe Tharjani |